ഇസ് ലാം ഭീതിയുടെ മറ്റൊരു ഘട്ടമാണ് കൊറോണ വൈറസ്

ഇസ് ലാം ഭീതിയുടെ മറ്റൊരു ഘട്ടമാണ് കൊറോണ വൈറസ്

ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ മേല്‍ തെറ്റായി ചുമത്തപ്പെട്ടിട്ടുള്ളതും അവാസ്തവവും വികാരവിക്ഷുബ്ധവുമായ ജല്പനം കേട്ടതിനു ശേഷമാണ് ഈ ആഴ്ച ഞാന്‍ ഒരു കുടുംബ വാട്‌സപ്പ് കൂട്ടായ്മയില്‍ നിന്ന് ഇറങ്ങിപ്പോന്നത്. (കഴിഞ്ഞ വര്‍ഷം തന്നെ ഈ വാര്‍ത്തയുടെ കളവു വെളിവായതാണ്) ഹിന്ദുക്കള്‍ എങ്ങനെയാണ് ‘അപഹസിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും കൂട്ടക്കൊല ചെയ്യപ്പെടുകയും’ ചെയ്യുന്നത് എന്നതിനെക്കുറിച്ചായിരുന്നു ആ സംസാരം. ഹിന്ദുക്കള്‍ക്കു വേണ്ടി നിലകൊള്ളുന്നതു കൊണ്ട് നരേന്ദ്ര മോഡി തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതെങ്ങനെയെന്നും മതേതരത്വം ഇന്ത്യയ്ക്ക് പാകമാകാത്തതെന്തു കൊണ്ടാണെന്നും (രാജ്യം മതേതരമാണോ എന്നാരു ഗൗനിക്കുന്നു? ബ്രിട്ടന്‍ മതേതരരാജ്യമല്ല, വികസിത രാജ്യമാണ്) അത് വിശകലനം ചെയ്യുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളോളം നാം ‘കൊള്ളക്കാരാല്‍’ ഭരിക്കപ്പെട്ടതിനെ കുറിച്ചുള്ള പൊട്ടിത്തെറിയാണത്!

ഞാന്‍ ഇത്തരം വ്യാജവാര്‍ത്തകളെയും വസ്തുതപ്പിശകുകളെയും എടുത്തുകാട്ടാറുണ്ട്. നിയമവാഴ്ചയിലുള്ള എന്റെ വിശ്വാസത്തെക്കുറിച്ചും ഇന്ത്യയുടെ അനുതാപപൂര്‍വവും മറ്റുള്ളവര്‍ക്കു കൂടി ഇടം കൊടുക്കുന്നതുമായ ജീവിതരീതിയെക്കുറിച്ചും ഞാന്‍ വാചാലനാകാറുണ്ട്. കുടുംബകൂട്ടായ്മയിലെ ചില മതഭ്രാന്തന്മാര്‍ക്ക് അതൊന്നും ബോധ്യപ്പെടാറില്ല. എന്റെ അത്തരം ശ്രമങ്ങള്‍ ഇന്ന് വിചിത്രവും ബാലിശവും പഴഞ്ചനുമായി തോന്നുന്നുണ്ട്.

കുപിതരായ ഹിന്ദുക്കള്‍ എല്ലായിടത്തുമുണ്ട്. ഞാനെന്തായാലും അവരിലൊരാളല്ല. എനിക്ക് ദേഷ്യമുണ്ടെങ്കിലത് എന്റെ സഹഹിന്ദുക്കളുടെ മാറ്റത്തിലാണ്: അവര്‍ സുരക്ഷിതത്വബോധമില്ലാത്തവരും മറ്റുള്ളവരെ വെറുക്കുന്നവരും ഇരട്ടത്താപ്പുകാരും മുസ്ലിംവിരുദ്ധ വിഷത്തെ സ്വാംശീകരിക്കുന്നവരുമാണ്. ആ വിഷത്തിന്റെ തുള്ളികള്‍ ഇപ്പോള്‍ വെള്ളപ്പൊക്കമായി മാറിയിരിക്കുന്നു. നമ്മുടെ മുമ്പിലുള്ള മഹാമാരിയുടെ ഗുരുതരാവസ്ഥ പോലും അതിനു തടസ്സമുണ്ടാക്കുന്നില്ലെന്നു മാത്രമല്ല, ജീവന്മരണ പോരാട്ടങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയുമാണ്.

ഇന്ത്യയിലെ മുസ്ലിംകള്‍ വിധേയരായിക്കൊണ്ടിരിക്കുന്ന വാക്കുകള്‍ കൊണ്ടും നേരിട്ടുമുള്ള ആക്രമണങ്ങളോടും സാമൂഹ്യ ഭ്രഷ്ടിനോടും മറ്റു തരത്തിലുള്ള വിവേചനങ്ങളോടും അപ്പപ്പോള്‍ പ്രതികരിക്കുന്നതു പോലും ദുഷ്‌ക്കരമായിരിക്കുകയാണ്. നിരാശയുടെയും അശാന്തിയുടെയുമാണ് പൊതുവെയുള്ള വികാരം.

ഭരണപാര്‍ട്ടിയുടെ ആഹ്വാനവും ഭൂരിപക്ഷവര്‍ഗീയതക്കെതിരെ പ്രവര്‍ത്തിക്കേണ്ട സുപ്രീം കോടതിയുടെ മൗനാനുവാദവും വിദ്വേഷമുണര്‍ത്തി വിടുന്ന മാധ്യമങ്ങളും ഇന്ത്യയില്‍ ഇസ്ലാംപേടി അതിവേഗത്തില്‍ പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
മഹാമാരിയുടെ അവസാനം കൂടുതല്‍ മോശം കാര്യങ്ങള്‍ വരാനിരിക്കുന്നുണ്ടെന്നാണ് മിക്കവാറും മുസ്ലിംകളും, ഹിന്ദുക്കളിലേക്ക് അടിച്ചുകയറുന്ന ഇസ്ലാംപേടിയുടെ തിരയില്‍ പെട്ടുപോകാത്തവരും പേടിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തെ തുടര്‍ന്നുണ്ടായ കൊറോണാവ്യാധിയുടെ വ്യാപനം മുസ്ലിംകളെ പിശാചുവല്‍കരിക്കാന്‍ വര്‍ഗീയവാദികള്‍ ഉപയോഗിച്ചല്ലോ. സാഹചര്യങ്ങള്‍ ഗൗരവതരമാണെങ്കില്‍ പോലും മുസ്ലിംകളെ ഉപദ്രവിക്കാനുള്ള അവസരങ്ങള്‍ പാഴാക്കപ്പെടുന്നില്ല.

ഡല്‍ഹിയില്‍ മഹാമാരിയെ കുറിച്ചുള്ള ദൈനംദിന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ പൊതുവേ ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞു മാറുന്ന സര്‍ക്കാര്‍ വക്താവ് തബ്‌ലീഗു സമ്മേളനത്തില്‍ നിന്ന് രോഗം ബാധിച്ചവരുടെ വിശദാംശങ്ങള്‍ നിരത്താന്‍ മറക്കുന്നില്ല. മതത്തിലൂന്നിയ ഇത്തരം റിപ്പോര്‍ട്ടുകളോട് ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാം ഡയറക്ടര്‍ അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്.

‘തബ്‌ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരോഗ്യമന്ത്രാലയം സുരക്ഷാകിറ്റുകളുടെ കുറവും കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥയും സൗജന്യ ചികിത്സാ ക്രമീകരണങ്ങളും പോലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനേക്കാള്‍ മുസ്ലിംകളെ അപലപിക്കാനാണ് പ്രയത്‌നിച്ചത്’-ആരോഗ്യ റിപ്പോര്‍ട്ടറായ വിദ്യാ കൃഷ്ണന്‍ ട്വിറ്ററില്‍ എഴുതി. സര്‍ക്കാരിന്റെ കുറവുകളും വീഴ്ചകളും ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം തന്നെ സഹഹിന്ദുക്കളില്‍ നിന്ന് ഏറെ വിമര്‍ശനമേറ്റു വാങ്ങുന്നയാളാണ് വിദ്യ.
വിവേചനത്തിന് കുപ്രസിദ്ധമായ ഉത്തര്‍പ്രദേശ് പൊലീസു പോലും തബ്‌ലീഗ് സമ്മേളനത്തെ ഉപയോഗിച്ച് മുസ്ലിംകള്‍ക്കെതിരെ സാമൂഹ്യഭ്രഷ്ട് കല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരുപിടി വാര്‍ത്തകളെ ഈ ആഴ്ച പരസ്യമായി തള്ളിപ്പറഞ്ഞു. തബ്‌ലീഗ് സമ്മേളനത്തിനു പോയവരില്‍ ഏറെ പേരെ പരിശോധനയ്ക്കു വിധേയമാക്കിയതു കൊണ്ടാണ് ഏറെ പേര്‍ക്ക് രോഗബാധയുണ്ടെന്നു തെളിഞ്ഞത്. ഇന്ത്യയില്‍ ഇപ്പോഴും രോഗപരിശോധന വ്യാപകമല്ല. അങ്ങിനെ ചെയ്താല്‍ തബ്‌ലീഗ് സമ്മേളനം മൂലമുണ്ടായ രോഗബാധ അപ്രസക്തമായിത്തീരൂം. മുസ്ലിംകളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള ഒരു അവസരവും ഹിന്ദു ഇന്ത്യയും മോഡിസര്‍ക്കാരും പാഴാക്കാറില്ല.

‘എല്ലാവരും തുല്യരല്ല,’ വൈസ് ന്യൂസിനു വേണ്ടി ചെയ്ത ഒരു ഡോക്യുമെന്ററിയില്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ‘മുസ്ലിംകള്‍ തുല്യത അവകാശപ്പെടാവുന്ന വിഭാഗത്തില്‍ പെട്ടവരല്ല.’ സുബ്രഹ്മണ്യം സ്വാമി മോഡി സര്‍ക്കാരില്‍ നിന് പുറത്താക്കപ്പെട്ടിട്ടുണ്ടാകാം, എന്നാല്‍ ഒരിക്കല്‍ ഹൈന്ദവ തീവ്രവാദത്തെ പ്രതിനിധീകരിച്ചിരുന്ന ഒരാളുടെ ചിന്തകള്‍ ഇപ്പോള്‍ മുഖ്യധാരയില്‍ ഇടം നേടുകയാണ്. ഇന്ത്യയിലെ 200 ദശലക്ഷം വരുന്ന മുസ്ലിംകളോടുള്ള ഭാരതീയ ജനതാപാര്‍ട്ടിയുടെ മനോഭാവമാണ് അയാളുടെ കാഴ്ചപ്പാടുകള്‍ പ്രതിനിധീകരിക്കുന്നത്: ‘അവര്‍ ന്യൂനപക്ഷമാകാന്‍ കഴിയാത്തവിധത്തില്‍ എണ്ണത്തില്‍ കൂടുതലാണ്, അവര്‍ നൂറ്റാണ്ടുകള്‍ നമ്മെ അടിച്ചമര്‍ത്തിയവരാണ്, അവര്‍ക്ക് 1947 ല്‍ തന്നെ പാക്കിസ്ഥാനിലേക്ക് പോകാമായിരുന്നു, അവരുടെ നേരായ സ്ഥാനമെന്താണെന്ന് അവരെ കാണിച്ചു കൊടുക്കേണ്ടതുണ്ട്!’

2014 ല്‍ അധികാരത്തില്‍ വന്നതു മുതല്‍ മോഡി സര്‍ക്കാര്‍ മുസ്ലിംവിരുദ്ധ നിലപാട് വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ മന്ത്രിമാരും ജനപ്രതിനിധികളും ആ നിലപാട് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. മുസ്ലിംകളോടുള്ള വിരോധം വിവേചനപരമായ നിയമനിര്‍മാണത്തിലൂടെയും അവര്‍ക്കെതിരെയുള്ള അക്രമങ്ങളോടുള്ള തന്ത്രപരമായ നിശ്ശബ്ദതയിലൂടെയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈന്ദവ സമൂഹത്തില്‍ അങ്ങോളമിങ്ങോളം പ്രചരിപ്പിക്കപ്പെടുന്ന കെട്ടുകഥകളും വ്യാജവാര്‍ത്തകളും മുസ്ലിംവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
പശുവിനെ കൊന്നെന്ന പേരില്‍ മുസ്ലിംകളെ കൊലപ്പെടുത്തുന്ന ആള്‍ക്കൂട്ടവും മുത്തലാഖിനെ കുറ്റമാക്കുന്ന നിയമവും കശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്ത തീരുമാനവും വ്യാപകമായ പ്രതിഷേധത്തിന് കാരണമാകാത്തത് ഇതെല്ലാം കൊണ്ടാണ്. മഹാമാരി ആര്‍ത്തിരമ്പുമ്പോഴും കശ്മീരില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ല. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സംശയാസ്പദമായ വഴികളിലൂടെ അനുമതി നല്‍കിയതും പൗരാവകാശ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന മുസ്ലിംകളെ തല്ലിച്ചതക്കുന്നതും വ്യക്തമാക്കുന്നത് ഇന്ത്യയുടെ സിരകളിലൂടെ പടരുന്ന മുസ്ലിംവിദ്വേഷമെന്ന വിഷത്തെ തന്നെ. ഇന്ത്യയിലെ മുസ്ലിംകളുടെ അരികുവത്കരണത്തിലേക്കുള്ള ഒരു ഘട്ടം മാത്രമാണ് കൊറോണാ വൈറസ്.

കടപ്പാട്: ദി സ്‌ക്രോള്‍.ഇന്‍

സമര്‍ ഹലാങ്കര്‍

You must be logged in to post a comment Login