മുസ്ലിംകള്‍ക്ക് വെണ്ണീറും വെറുതെ കളയാനുള്ളതല്ല

മുസ്ലിംകള്‍ക്ക് വെണ്ണീറും വെറുതെ കളയാനുള്ളതല്ല

കഅ്ബലായത്തിന്റെ ഓരത്ത് സംസം ടവറിനോട് ചേര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുന്ന ക്ളോക് ടവറും നാല് ദിക്കുകളിലും സമയമറിയിക്കുന്ന കൂറ്റന്‍ ഘടികാരങ്ങളും സ്ഥാപിച്ചതുമുതല്‍ എന്തോ ഒരസ്വസ്ഥത ഉള്ളിന്റെയുള്ളില്‍ ഉണ്ടാകാറുണ്ട്. ഗോത്തിക് മാതൃകയിലുള്ള ആ ടവറും ഘടികാരങ്ങളും പെട്ടെന്ന് കാണുന്നവര്‍ക്ക് ക്രിസ്ത്യന്‍ നാഗരികതയുടെ മുദ്രയായി അനുഭവപ്പെട്ടേക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമെത്തുന്ന വിശ്വാസിസമൂഹത്തിന്റെ ശ്രദ്ധയും കണ്ണും കവരേണ്ടത് ഭൂമുഖത്തെ അല്ലാഹുവിന്റെ പ്രഥമ ഭവനമായ കഅ്ബ തന്നെയായിരിക്കണം. ക്ളോക് ടവറിനു മുന്നില്‍ കഅ്ബാലയം ശ്രദ്ധിക്കപ്പെടാതെ പോവുകയോ, അല്ലെങ്കില്‍ കഅ്ബാലയത്തില്‍നിന്ന് ശ്രദ്ധ വ്യതിചലിക്കാന്‍ ആ ഘടികാരവും സ്തൂപവും കാരണമാകുകയോ ചെയ്യുന്നില്ലേ എന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്. എന്നാല്‍, കൊറോണകാലത്തെ ഒരു വെള്ളിയാഴ്ച ഘടികാരത്തിനുമുകളില്‍ ഘടിപ്പിച്ച സൗണ്ട്ബോക്സില്‍നിന്ന് പുറത്തേക്കുവന്ന ഇമാമിന്റെ ഗദ്ഗദനിര്‍ഭരമായ പ്രാര്‍ഥനകളും പൊട്ടിക്കരച്ചിലിലേക്ക് വഴുതിവീണ കേണപേക്ഷകളും മുസ്ലിംലോകത്തെ കൂട്ടക്കരച്ചിലിലേക്ക് കൊണ്ടുപോയി. ആളൊഴിഞ്ഞ മത്വാഫും വിജനമായ മസ്ജിദുല്‍ഹറാമും ഒരന്ത്യനാളിന്റെ പ്രതീതി മനസ്സുകളില്‍ താനേ സൃഷ്ടിച്ചത് പറഞ്ഞറിയിക്കാനാവാത്ത വിഹ്വലത മനസ്സുകളില്‍ നിറച്ചു. ഏതോ വലിയൊരു ദുരന്തമുഖത്തുനിന്നാണ് ഇമാമിന്റെ നിലവിളി ഉയരുന്നതെന്നും സ്രഷ്ടാവിന്റെ നിശ്ചയമാണിതെല്ലാമെന്നും തിരിച്ചറിഞ്ഞിട്ടും കൊറോണ എന്ന ഭീകരവൈറസിനു മുന്നില്‍ വിറങ്ങലിച്ചുനിന്ന വിശ്വാസിക്കൂട്ടങ്ങള്‍ ആരൊക്കെയോ ശപിക്കുകയും എതൊക്കെയോ ശക്തികളെ പ്രതിക്കൂട്ടില്‍ നിറുത്തുകയും ചെയ്തു. ഹറമുകളില്‍ ഇതിനു മുമ്പും ജമാഅത്തും ജുമുഅയും മുടങ്ങിയ അനുഭവമുണ്ട്. നാമമാത്ര ഹജ്ജിലൂടെ മുസ്ലിംലോകം കടന്നുപോയ പ്ലേഗ് കാലഘട്ടം ചരിത്രത്തിലുണ്ട്. രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ട 1940കളുടെ തുടക്കത്തില്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായി അവിഭക്ത ഇന്ത്യയില്‍നിന്ന് ആര്‍ക്കും തീര്‍ഥാടനത്തിന് സാധിച്ചിട്ടില്ലെന്ന് വായിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാരെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ഒരു വിഭാഗം തദ്ദേശീയര്‍ ആ കാലത്ത് പട്ടിണിയിലായിരുന്നുവെന്നും കേട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍1979 നവംബര്‍ 20ന് പുലര്‍ച്ചെ, ജുഹൈമാന്‍ എന്ന തീവ്രസലഫിയുടെ നേതൃത്വത്തില്‍ മസ്ജിദുല്‍ഹറാമില്‍ നടത്തിയ സായുധകലാപത്തെ തുടര്‍ന്ന് 22ദിവസം പള്ളിയില്‍ പ്രാര്‍ഥനകളൊന്നും നടന്നില്ല. 2000ത്തോളംപേര്‍ പങ്കെടുത്ത അട്ടിമറി ശ്രമത്തിന് അന്ത്യം കണ്ടത് പാക്, ഫ്രഞ്ച് കമാന്‍ഡോകളുടെ സഹായത്തോടെ നടത്തിയ അനിതരസാധാരണമായ ഒരു ഓപ്പറേഷനിലൂടെയാണ്. ജുഹൈമാന്‍ അടക്കം 87പേരെ ജീവനോടെ പിടികൂടുകയും ബാക്കിയുള്ളവരുടെ കഥ കഴിക്കുകയും ചെയ്തുവെന്നാണ് ദുരൂഹത മാറാത്ത ഹറം കലാപത്തിന്റെ ബാക്കിപത്രത്തില്‍ പറയുന്നത്.

ഇസ്ലാമിന്റെ 1500 വര്‍ഷത്തെ നാഗരിക പ്രയാണത്തിനിടയില്‍ യുദ്ധവും മഹാമാരിയും പ്രകൃതിപ്രതിഭാസങ്ങളും വിശ്വാസിസമൂഹത്തെ പരീക്ഷണത്തിന് വിട്ടുകൊടുത്തപ്പോള്‍ വ്രതാനുഷ്ഠാനവും ഹജ്ജ്കര്‍മങ്ങളുമൊക്കെ അതിന്റെ പരമ്പരാഗതശൈലി വിട്ട് പ്രതീകങ്ങളിലേക്ക് ചുരുങ്ങിയ കാലഘട്ടങ്ങളുണ്ടായിട്ടുണ്ട്. 13ാം നൂറ്റാണ്ടില്‍ ചെങ്കിസ്ഖാന്റെ നേതൃത്വത്തിലുള്ള മംഗോളിപ്പട അന്നറിയപ്പെടുന്ന ഇസ്ലാമിക കേന്ദ്രങ്ങളിലൂടെ പടയോട്ടം നടത്തിയപ്പോള്‍ ആദ്യമായി ലക്ഷ്യമിട്ടതും തകര്‍ത്തെറിയപ്പെട്ടതും പള്ളികളായിരുന്നു. ബുഖാറ, സമര്‍ഖന്ത്, അലപ്പോ, നിഷാപൂര്‍… ഇസ്ലാമിന്റെ ധൈഷണികാസ്ഥാനങ്ങളും സമ്പല്‍സമൃദ്ധമായ തെരുവുകളുമാണ് താര്‍ത്താരികളുടെ വാളിനു മുന്നില്‍ വിറങ്ങലിച്ചുപോയത്.
ശവക്കൂനകളുടെ മുകളിലൂടെ നൃത്തംചെയ്തു മടങ്ങുന്ന ചെങ്കിസ്ഖാനും പടയണികളും പള്ളികളോടും പണ്ഡിതന്മാരോടും കലാകാരന്മാരോടും വല്ലാത്തൊരു മമത കാട്ടിയിരുന്നതായി ചരിത്രത്തില്‍ വായിക്കാം. ബുഖാറയിലെ ഒരു പള്ളിയില്‍ കയറിയ ഉടന്‍ മിമ്പറില്‍ കയറിനിന്ന് ഈ പീഠത്തിന്റെ ഉപയോഗമെന്താണെന്ന് ചെങ്കിസ്ഖാന്‍ (അയാള്‍ അവിശ്വാസിയാണ്; പലരും തെറ്റിദ്ധരിച്ചതുപോലെ മുസ്ലിമല്ല) ബന്ദികളോട് ചോദിച്ചത്രെ. ഇസ്ലാമിനെ കുറിച്ചും ഹജ്ജ്കര്‍മത്തെ കുറിച്ചും കൂടുതല്‍ അറിഞ്ഞുതുടങ്ങിയപ്പോള്‍ ഈ ‘ മതം തരക്കേടില്ലല്ലോ ‘ എന്ന സ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങി. സംഭാഷണത്തിനൊടുവില്‍ മിമ്പറില്‍ കയറിനിന്ന് ഒരു പ്രസംഗം നടത്തി. എന്നെപ്പോലെ നാശകാരിയായ ഒരു അക്രമിയെ നിങ്ങള്‍ക്കുനേരെ ദൈവം അയച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ദൈവത്തോട് എന്തോ കൊടുംഅപരാധം ചെയ്തിട്ടുണ്ട് എന്നുറപ്പാണ്. പണ്ഡിതന്മാരെ തടവിലാക്കി ചെങ്കിസ്ഖാന്‍ മംഗോളിയയിലേക്ക് കൊണ്ടുപോയി.അധികം വൈകുന്നതിനു മുമ്പ്, ചെങ്കിസ്ഖാന്റെ അനന്തിരവന്മാര്‍ ഇസ്ലാമിന്റെ പതാക വാഹകരായ പോരാളികളായി മാറി. ‘ഇമാം തൈമൂര്‍’ മധ്യേഷ്യയില്‍ ഒരു മുസ്ലിം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്നുള്ള മുഗിളന്മാര്‍ ബാബര്‍ മുതല്‍ ബഹദൂര്‍ഷാ സഫര്‍ വരെയുള്ളവര്‍ ഡല്‍ഹി ആസ്ഥാനമായി ഇന്ത്യാ മഹാ ഉപഭൂഖണ്ഠം ഭരിക്കുന്നതും, ദുരന്തങ്ങള്‍ക്കൊടുവില്‍ പ്രകാശമയമായ അധ്യായങ്ങളാണ് കാലം കുറിച്ചിടാറുള്ളത് എന്ന പാഠമാണ് പകര്‍ത്തിയത്.

ദുരന്തങ്ങള്‍ മാറ്റിയെഴുതുന്ന ചരിത്രവഴികളിലൂടെ
ദുരന്തങ്ങള്‍, യുദ്ധമാവട്ടെ പ്രകൃതിപ്രതിഭാസങ്ങളാവട്ടെ, ഒടുവില്‍ ബാക്കിയാക്കുന്നത് പുനഃസംവിധാനിക്കപ്പെട്ട സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയായിരിക്കുമെന്നതിന് പോയകാലത്ത് നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്നീ കാണുന്ന യൂറോപ്പ്, കുരിശുയുദ്ധത്തിന്റെ അവശിഷ്ടമാണ്. തങ്ങള്‍ വ്യത്യസ്തമായ ഉയര്‍ന്ന സാംസ്‌കാരിക പാരമ്പര്യമുള്ള ഒരു ജനതയാണെന്ന് ആ ഭൂഖണ്ഡത്തിലെ ക്രിസ്ത്യാനികളെ കൊണ്ട് ചിന്തിപ്പിച്ചത് കൊടിയ അജ്ഞതയും മുസ്ലിംലോകവുമായി മൂന്നുപതിറ്റാണ്ട് നിരന്തരമായി ചെയ്ത യുദ്ധങ്ങളിലെ കയ്പറേിയ അനുഭവങ്ങളുമാണ്. പരമ്പരാഗതമായി കൈമാറ്റപ്പെട്ട വികലമായൊരു സാമൂഹ്യസങ്കല്‍പവും ശത്രുതയുടെയും വിദ്വേഷത്തിന്റെയും ഗതകാല അനുഭവങ്ങളും അവിശ്വാസത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തി. വിഖ്യാത എഴുത്തുകാരന്‍ മുഹമ്മദ് അസദ് ഇസ്ലാമും യൂറോപ്പും തമ്മിലുള്ള സമ്പര്‍ക്കത്തിന്റെയും പരസ്പരബന്ധത്തിന്റെയും ആഴങ്ങളിലേക്ക് അന്വേഷിച്ചിറങ്ങുമ്പോള്‍ എടുത്തുകാട്ടുന്ന ചില അടിസ്ഥാന പരമാര്‍ഥങ്ങളുണ്ട്. ജനതയെ ‘ഗ്രീക്കു-റോമന്‍’ എന്നും ‘സംസ്‌കാരശൂന്യര്‍’ എന്നും രണ്ടായി പകുത്ത ആ പഴയ ഗ്രീക്ക്-റോമന്‍ സങ്കല്‍പം സ്വന്തം സാംസ്‌കാരികവൃത്തത്തിനു പുറത്തുള്ള ഒന്നിന്റെയും ക്രിയാത്മകമൂല്യത്തെ താത്ത്വികമായി പ്പോലും അംഗീകരിക്കാന്‍ അനുവദിക്കാത്തമട്ടില്‍ ഇന്നും രൂഢമൂലമായിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യരുടെ ഇസ്ലാമിനോടുള്ള കയ്പ് വേരാഴ്ത്തിനില്‍ക്കുന്നത് കുരിശുയുദ്ധകാലത്തെ അനുഭവങ്ങളിലും മനോഭാവങ്ങളിലുമാണ്. സംശയമില്ല, ഒരിക്കലും യൂറോപ്പിന് ഇസ്ലാമിനെ കെട്ടിപ്പുണരാന്‍ സാധിക്കാത്തതും ഇന്നും മുന്‍വിധികളോടെ മാത്രം കാണാന്‍ ശ്രമിക്കുന്നതും ‘ക്രൂസേഡി’ന്റെ ഓര്‍മകളാണ്. ജിഹാദ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഞെട്ടിത്തെറിക്കുന്നതും ഇസ്ലാമില്‍ ഹിംസയുടെ വിളയാട്ടം അടിച്ചേല്‍പിച്ച് കാപാലികത മതത്തിന്റെ സത്തയായി സങ്കല്‍പിക്കുന്നതും പൈതൃകമായി കിട്ടിയ ഈ മനോഭാവത്തിന്റെ ഫലമാണ്.

എന്നാല്‍ കുരിശുയുദ്ധം ഇസ്ലാമിന്റെ മാനവ സ്നേഹസങ്കല്‍പം ഉയര്‍ത്തിപ്പിടിക്കാനും ക്ഷമയും സഹിഷ്ണുതയും ആ കാലത്തിനു മുന്നില്‍ അവതരിപ്പിക്കാനുമാണ് അവസരമൊരുക്കിക്കൊടുത്തതെന്ന് നിഷ്പക്ഷബുദ്ധ്യാ ചിന്തിച്ചാല്‍ മനസ്സിലാവും. സ്വലാഹുദ്ദീന്‍ അയ്യൂബി എന്ന ചരിത്രപുരുഷന്‍ സ്വജീവിതത്തിലൂടെ ഉയര്‍ത്തിക്കാട്ടിയ മാനുഷിക മൂല്യങ്ങളും ഐതിഹാസിക പോരാട്ടവീര്യവും ഇസ്ലാമിന്റെ മാത്രമല്ല, മനുഷ്യകുലത്തിന്റെ തന്നെ ഔജ്ജല്യം തലമുറകള്‍ക്ക് തീക്ഷ്ണാനുഭവവും മാര്‍ഗദര്‍ശനവുമായിട്ടുണ്ട്. മതഭ്രാന്തുമായി ഇരച്ചുകയറിയ ക്രിസ്ത്യന്‍ സൈന്യത്തോട് മനുഷ്യത്വം കൈവിടാതെ പെരുമാറിയതും പരാജയമടഞ്ഞ ശത്രുക്കളെ കീഴ്പ്പെടുത്തിയ ശേഷം പ്രതികാരത്തിന്റെ ഭാഷയിലല്ലാതെ, സ്നേഹത്തോടെ തിരിച്ചയച്ചതും ലോകത്തിനു പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. 88വര്‍ഷത്തിനു ശേഷമാണ് ജറൂസലമും മസ്ജിദുല്‍അഖ്സയും മുസ്ലിംകളുടെ അധീനതയിലേക്ക് തിരിച്ചുപിടിക്കുന്നത്. 1187 ഒക്ടോബര്‍ ഒമ്പത് ജറൂസലം മോചിപ്പിച്ചതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായിരുന്നു. ലോകം തുറിച്ചുനോക്കുന്ന ആ ദിനത്തില്‍ ഖുതുബ നടത്താന്‍ ആര്‍ക്കായിരിക്കും സൗഭാഗ്യം ലഭിക്കുക എന്ന ചോദ്യം വിശ്വാസിസമൂഹത്തിനിടയില്‍ ആകാംക്ഷ പരത്തി. ഖലീഫ അല്‍ നസര്‍ കൊടുത്തയച്ച നീണ്ട ആ കറുത്ത ഷാള്‍ ആരുടെ കഴുത്തിലാണ് അണിയാന്‍ പോകുന്നത്? സ്വലാഹുദ്ദീന്‍ ബുദ്ധിപൂര്‍വമേ അത്തരം ഘട്ടത്തില്‍ ഒരു തീരുമാനത്തിലെത്തുകയുള്ളൂവെന്ന് എല്ലാവര്‍ക്കുമറിയാം. നീതിയും ഇസ്ലാമിന്റെ പ്രഭാവവും ഉയര്‍ന്നുനില്‍ക്കണമെന്നേ ആ ചരിത്രപുരുഷന്‍ ആഗ്രഹിക്കുകയുള്ളൂ. അങ്ങനെ അലപ്പോയുടെ മുഖ്യ ഖാളിയായ മുഹ്്യിദ്ദീന്‍ ബിന്‍ അല്‍സക്കിയുടെ നേരെ സ്വലാഹുദ്ദീന്‍ തിരിഞ്ഞു. ഇസ്ലാമിന്റെ ആദ്യ ഖിബ്‌ല(Qibla)ക്കു നിദാനമായ ചരിത്രമുറങ്ങുന്ന ആ പള്ളിയില്‍ ഖുതുബ നടത്താന്‍ ഏറ്റവും യോഗ്യന്‍ താങ്കളാണ് എന്ന സാക്ഷ്യപ്പെടുത്തലോടെ.

വിറച്ചുകൊണ്ടാണ് സക്കി മിമ്പറില്‍ കയറിയത്. ഫ്രഞ്ച് അധമന്മാരെ തുരത്തി ബൈത്തുല്‍ മുഖദ്ദിസിനെ മോചിപ്പിച്ച ഖലീഫക്കും സലാഹുദ്ദീനും നന്ദി പറഞ്ഞ്, ഇബ്രാഹീം നബിയുടെ മണ്ണ് വിമലീകരിക്കപ്പെട്ടതിന് ദൈവത്തിന് സ്തോത്രങ്ങള്‍ ചൊരിഞ്ഞ് നിറഞ്ഞൊഴുകിയ കണ്ണുമായി ഖുതുബ നിര്‍ത്തിയപ്പോള്‍, ഇതുവരെ അനുഭവിച്ചുതീര്‍ത്ത നിന്ദയും നിരാശയും ഈയൊരു മഹത്തായ നിമിഷത്തിനുവേണ്ടിയാണെന്ന് ഓര്‍മപ്പെടുത്തി. അതുകേട്ട് സ്വലാഹുദ്ദീന്റെയും കണ്ണ്നിറഞ്ഞു. അതിജീവനത്തിന്റെ അഗ്രിമസ്ഥാനത്ത് ദൈവത്തെ കണ്ടുമുട്ടിയ സന്തോഷത്തിന്റെ അശ്രുവായിരുന്നു അത്.

ചരിത്രകാരനായ എഡ്വേഡ് ഗിബ്ബണ്‍ കുരിശുയുദ്ധക്കളത്തിലൂടെ കണ്ണും കാതും കൂര്‍പ്പിച്ച് സഞ്ചരിച്ചശേഷം റോമാസാമ്രാജ്യത്തിന്റെ ഉത്ഥാനപതനങ്ങള്‍ (‘Raise and Fall of Roman Empire’) വിവരിക്കുന്നിടത്ത് ചൂണ്ടിക്കാട്ടുന്ന ഒരു വസ്തുതയുണ്ട്: 1098ലെ ആദ്യ കുരിശുയുദ്ധത്തില്‍ മുസ്ലിംകള്‍ തിരിച്ചടി ഏറ്റുവാങ്ങിയത് അവസാനനിമിഷം വരെ പോരാടിയാണ്. എന്നാല്‍, 1187ലെ നിര്‍ണായക യുദ്ധത്തില്‍ സ്വലാഹുദ്ദീന്‍ പോരാട്ടം അവസാനിപ്പിച്ചത് സന്ധിവ്യവസ്ഥകള്‍ അംഗീകരിച്ചാണ്. രക്തച്ചൊരിച്ചിലോ കൂട്ടക്കൊലയോ അല്ല, സമാധാനവും മനുഷ്യത്വവുമാണ് സ്വലാഹുദ്ദീനിലൂടെ ഇസ്ലാം ക്രൈസ്തവയൂറോപ്പിനെ പഠിപ്പിച്ചത്. അതുകൊണ്ട്തന്നെ ക്രിസ്ത്യന്‍ ലോകം പിന്നീട് സ്വലാഹുദ്ദീനെ ഏറ്റവും ആദരിക്കപ്പെടുന്ന ധീരനായകനായി കണ്ടു. ഗിബ്ബന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ: ‘ Justice is indeed due to the fidelity with which the Turkish conqueror fulfilled the condition of the treaty; and he may be deservedly praised for the glance of pity which has cast on the misery of the vanquished…… In these acts of mercy, the virtue of Saladin deserves our admiration and our love’.

ബയ്ത്തുല്‍മുഖദ്ദിസിനകത്ത് കാല്‍മുട്ട് വരെ രക്തം തളംകെട്ടും വിധം മുസ്ലിംകളെയും യഹൂദരെയും ഒരുവേള കൂട്ടക്കൊല ചെയ്ത യൂറോപ്യന്‍ കിങ്കരന്മാര്‍ക്കാണ് എല്ലാത്തിനുമൊടുവില്‍ സ്വലാഹുദ്ദീന്‍ മാപ്പ്കൊടുത്തത്. ലോകത്ത് ഏതെങ്കിലുമൊരു ആരാധനാലയത്തിന്റെ പേരില്‍ ഇത്രയേറെ ചോരപ്പുഴ ഒഴുക്കിയിട്ടുണ്ടെങ്കില്‍ അത് ബയ്ത്തുല്‍മുഖദ്ദിസിന്റെ പേരില്‍ മാത്രമാണ്. മൂന്ന് സെമിറ്റിക് മതങ്ങളും ആ വിശുദ്ധഗേഹത്തില്‍ പുണ്യം ദര്‍ശിക്കുമ്പോള്‍ അത് അധീനപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംഘര്‍ഷത്തിന്റെ വാതിലുകള്‍ തുറന്നിടുന്നു. ഇന്നും ഫലസ്തീന്‍ തര്‍ക്കത്തില്‍ കീറാമുട്ടിയായി ജറൂസലമിനെ സയണിസ്റ്റുകളും അവരുടെ യജമാനന്മാരും മാറ്റിയെടുത്തത് ചരിത്രത്തോട് പ്രതികാരം ചെയ്യുന്നതിനു വേണ്ടി മാത്രമാണ്.

യമുനയുടെ തീരത്തൂടെ ഒഴുക്കിയ ചോരച്ചാലുകള്‍
ഇസ്ലാമിന്റെ സുവര്‍ണ കാലഘട്ടത്തിന് അന്ത്യമുണ്ടാവുന്നത് താര്‍ത്താരികളുടെ മുന്നില്‍ ബഗ്ദാദും അബ്ബാസിയ ഖലീഫമാരുടെ കോട്ടകൊത്തളങ്ങളും തകര്‍ന്നുതരിപ്പണമാവുന്നതോടെയാണ്. മധ്യേഷ്യയും പശ്ചിമേഷ്യയും കൈവിട്ട മുസ്ലിം നാഗരികത പിന്നീട് തളിരിടുന്നതും വളര്‍ന്നുപന്തലിക്കുന്നതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ്. അതോടെ, പേര്‍ഷ്യയില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഖുറാസാനില്‍നിന്നും മധ്യേഷ്യയില്‍നിന്നും ധിഷണാശാലികളും കലാകാരന്മാരും പണ്ഡിതന്മാരും സൂഫിവര്യന്മാരും ഡല്‍ഹിയിലേക്ക് ഒഴുകി. പുതിയൊരു സാമ്രാജ്യത്തിന്റെ അടിത്തറ പാകാനും അതുവരെ തീര്‍ത്തും അപരിചിതമായ ഭൂതലത്തില്‍ പുതിയ സാംസ്‌കാരിക ചക്രവാളങ്ങള്‍ പണിയാനും അതു നിമിത്തമായി. സുല്‍ത്താന്മാരുടെ ഭരണം ആരംഭിച്ചത് എളിയരൂപത്തിലാണെങ്കിലും അടിമവംശജരും ഖില്‍ജിമാരും തുഗ്ളക്കുമാരും ലോധിമാരും നാല് നൂറ്റാണ്ടുകൊണ്ട് ഇന്ത്യന്‍മണ്ണ് പുതിയൊരു നാഗരികസമൂഹത്തെ ഏറ്റുവാങ്ങാന്‍ പാകത്തില്‍ കിളച്ചുമറിച്ചു. ആ മണ്ണിലാണ് തൈമൂറിന്റെ പൈതൃകം പേറുന്ന ബാബര്‍ ചക്രവര്‍ത്തി കടന്നുവരുന്നത്. മുഗിള ഭരണകര്‍ത്താക്കള്‍ ഇവിടെ അത്ഭുതങ്ങള്‍ കാണിച്ചു. രണ്ടര നൂറ്റാണ്ടുകൊണ്ട് പുതിയൊരു ഇന്ത്യ സൃഷ്ടിച്ചു. ഡല്‍ഹി, ബഗ്ദാദിനെക്കാള്‍ തിളങ്ങുന്ന മഹാനഗരമായി വളര്‍ന്നു. സമ്പല്‍ സമൃദ്ധിയും രാഷ്ട്രനിര്‍മിതിയും രാജ്യതന്ത്രജ്ഞതയും സാംസ്‌കാരിക വൈവിധ്യവും വാസ്തുശില്‍പവും മാത്രമല്ല, കലയും സാഹിത്യവും സര്‍ഗാത്മകതയും സകല സീമകളും കടന്ന് വളര്‍ന്നു പുഷ്‌ക്കലിച്ചു.ഇന്ത്യ ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രമായിരുന്നു മുഗിള, ഭരണത്തിന്റെ അസ്തമയ ശോഭയില്‍ പോലും.

ഇസ്ലാമും ക്രിസ്ത്യാനിറ്റിയും വീണ്ടും കണ്ടുമുട്ടുന്നത് മുഗിളകൊട്ടാരത്തില്‍വെച്ചാണ്; അതും വളരെ സൗഹൃദാന്തരീക്ഷത്തില്‍. ജെസ്യൂട്ട് പാതിരിമാര്‍ സുവിശേഷത്തിന് അനുമതിതേടിയപ്പോള്‍ മുസ്ലിം ഭരണകര്‍ത്താക്കള്‍ അത് നിരസിച്ചില്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി പല കരാറുകളിലുമേര്‍പ്പെട്ടു. കച്ചവടം പൊടിപൊടിച്ചു. ഇന്ത്യന്‍ വിഭവങ്ങള്‍ ലണ്ടനിലേക്കും മാഞ്ചസ്റ്ററിലേക്കും കപ്പലിലേറ്റികൊണ്ടുപോയി. അധികം വൈകിയില്ല. പ്ലാസിയുദ്ധത്തില്‍ തദ്ദേശീയരായ വര്‍ഗീയവാദികളുമായി കൈകോര്‍ത്തു സിറാജുദ്ദൗള എന്ന മുഗിള ഗവര്‍ണറെ ബ്രിട്ടീഷ്സൈന്യം തോല്‍പിച്ചു. മീര്‍ജാഫറിനെ കുറിച്ച് മാത്രമേ ചരിത്രത്തില്‍ നാം പഠിച്ചിട്ടുള്ളൂ. പക്ഷേ, കൊടുംചതി ചെയ്തത് മുഗിളഭരണത്തിന് അന്ത്യം കാണാന്‍ കൊതിച്ച ബംഗാളി സവര്‍ണ മാടമ്പിമാരും ജന്മിമാരുമായിരുന്നു. പിടിച്ചെടുക്കലിന്റെയും അധിനിവേശത്തിന്റെയും തുടക്കമായിരുന്നു അത്. അവസാനത്തെ മുഗിള ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ ദയാര്‍ഹമായ നിഷ്‌കാസനത്തിലേക്കാണ് അത് നയിച്ചത്. എത്രയോ വിദേശ ശക്തികള്‍ ചരിത്രത്തിന്റെ ശപ്തയാമങ്ങളില്‍ ഡല്‍ഹിയിലേക്ക് ഇരച്ചുകയറി യമുനയുടെ വെള്ളം ചോരയാക്കി ചുവപ്പിച്ചിട്ടുണ്ടെങ്കിലും ചെങ്കോട്ട പിടിച്ചെടുത്ത് ഡല്‍ഹി സിംഹാസനത്തില്‍നിന്ന് സഫറിനെ പുറംതള്ളാന്‍ വെള്ളക്കിങ്കരന്മാര്‍ ചെയ്ത ക്രൂരതകള്‍ സമാനതയില്ലാത്തതാണ്. ബ്രിട്ടീഷ് സൈന്യം പടയോട്ടം നടത്തിയത് ജുമാമസ്ജിദിനും കശ്മീര്‍ഗെയ്റ്റിനും ഇടയില്‍, ചാന്ദ്നീ ചൗക്കിലൂടെയായിരുന്നു. ജുമാമസ്ജിദില്‍ പ്രാര്‍ഥിച്ചിരുന്ന മനുഷ്യരെ പലതവണ പള്ളിക്കകത്ത് കയറി കൂട്ടക്കശാപ്പ് നടത്തി. പട്ടാളം പള്ളിയങ്കണം ചവിട്ടിയരച്ചു. എത്രയോ ദിവസങ്ങള്‍ പട്ടാളത്താവളമായി ജുമാമസ്ജിദ് മാറി. വെള്ളിയാഴ്ച ജുമുഅ നടക്കാത്ത അനുഭവങ്ങള്‍ കണ്ണീരിന്റെ കവിതകളായും ഗസലുകളായും ഇന്ന് നശിക്കാതെ ബാക്കിയുണ്ട്. കണ്ണില്‍ കണ്ട മനുഷ്യരെമുഴുവന്‍ തോക്കിന്നിരയാക്കിയപ്പോള്‍ യമുന ജഡങ്ങള്‍ കൊണ്ട് ഒഴുക്കുനിലച്ച മട്ടായി. കടുംചുവപ്പില്‍ യമുനയിലെ വെള്ളം മാസങ്ങളോളം ഉപയോഗയോഗ്യമല്ലാതായ ദുരന്തം എല്ലാറ്റിനും ദൃക്സാക്ഷികളായ ഹതഭാഗ്യര്‍ കുറിച്ചുവെച്ചിട്ടുണ്ട്.

എല്ലാം നഷ്ടപ്പെട്ടിട്ടും കൂരിരുട്ട് വെളിച്ചത്തിന് വഴിമാറിയപ്പോള്‍ പലരും ഡല്‍ഹിയിലേക്ക് മടങ്ങി. ഇന്നും ജുമാമസ്ജിദിന്റെ ഓരങ്ങളും ചാന്ദ്നിചൗക്കിന്റെ ജനനിബിഢമായ തെരുവുകളും ചെങ്കോട്ടയുടെ പരിസരവും കടന്നുപോയ ഒരു നാഗരികതയുടെ നിശ്വാസവും നെടുവീര്‍പ്പും പേറുന്നുണ്ട്. ജനാധിപത്യത്തിന്റെ പുതിയ സരണിയിലും നശിക്കാത്ത വിത്തുകളാണ് തങ്ങള്‍ പാകിയതെന്ന് സമര്‍ഥിക്കപ്പെടുമ്പോള്‍, പ്രതിസന്ധിയുടെ കനല്‍പഥങ്ങള്‍ക്കൊടുവില്‍ ആശ്വാസത്തിന്റെ കിളിവാതില്‍ തുറക്കപ്പെടുമെന്ന പ്രതീക്ഷ വരുംതലമറുയിലേക്കും കൈമാറുകയാണ്!

KASIM IRIKKOR

You must be logged in to post a comment Login