വ്രതം വ്യത്യസ്തമാണ് എന്തുകൊണ്ടെന്നാല്‍

വ്രതം വ്യത്യസ്തമാണ് എന്തുകൊണ്ടെന്നാല്‍

മനുഷ്യപുത്രന്റെ പ്രവര്‍ത്തനങ്ങള്‍ അഖിലവും അവനു തന്നെ. നോമ്പ് ഒഴിച്ച് അത് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്.’
വിശുദ്ധഗ്രന്ഥങ്ങളില്‍ പലതിലും ഉദ്ധരിക്കപ്പെട്ട ഖുദുസിയായ ഹദീസ് ആണ് ഇത്. നോമ്പിന്റെ രഹസ്യമാനത്തെ ഊന്നിപ്പറയുന്നുണ്ട് ഈ വചനങ്ങളില്‍. മറ്റുള്ള കര്‍മങ്ങള്‍ ഏതൊക്കെയോ നിലയില്‍ മനുഷ്യനോട് തന്നെ ചേര്‍ന്നുനില്‍ക്കുന്നതാണ്. എന്നാല്‍ നോമ്പ് അവയില്‍ നിന്ന് വ്യത്യസ്തമായി, അല്ലാഹുവുമായി മാത്രം സവിശേഷം ബന്ധപ്പെട്ടതാണ്. ഈ ആശയത്തെ നമുക്ക് എങ്ങനെയൊക്കെയാണ് മനസ്സിലാക്കാനാവുക? നോമ്പ് ഒരു ഉപാസകന് നല്‍കുന്ന ആത്മവിശുദ്ധി എന്തുമാത്രം സമുന്നതമാണ്? ഈ ചെറുനിബന്ധം അതെക്കുറിച്ചാണ്.

ഇസ്ലാമിലെ കര്‍മകാര്യങ്ങള്‍ അഞ്ചാണല്ലോ. അതിന്റെ മൂലാധാരം രണ്ടു സത്യസാക്ഷ്യങ്ങള്‍ ആണ്. അവയുടെ ഉള്ളടക്കം അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്നും മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദാസനും ദൂതനുമാകുന്നു എന്നതാണ്. കര്‍മകാര്യങ്ങള്‍ ഈ വിശ്വാസത്തെ സ്വജീവിതത്തില്‍ തെളിയിച്ചു സ്ഥാപിക്കുന്നതിനുവേണ്ടിയുള്ളതത്രെ. വിശ്വസിച്ചാല്‍ പോരാ അത് തെളിയിക്കപ്പെടണമെന്നര്‍ഥം. സ്വശരീരത്തിലും സ്വസമ്പത്തിലും വിശ്വാസത്തിന്റെ സ്വാധീനത്തെ വ്യക്തമാക്കണം. അതാകട്ടെ നിര്‍വഹിച്ചുകൊണ്ടും പരിത്യജിച്ചുകൊണ്ടുമാണ് നടക്കേണ്ടത്. ഒരാള്‍ നിസ്‌കരിക്കുമ്പോള്‍ അത് വിശ്വാസത്തിന്റെ നിര്‍വഹണപരമായ സംസ്ഥാപനമാണ്. സകാത് കൊടുക്കുമ്പോള്‍ സമ്പത്തിന്റെ ദാനം എന്ന വൃത്തി നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. ഹജ്ജ് ചെയ്യുമ്പോഴും തഥൈവ.എന്നാല്‍ നോമ്പെടുക്കുമ്പോള്‍ അത് നിര്‍വഹണപരമല്ല മറിച്ച്, ത്യജിക്കലാണ്. മനുഷ്യപ്രകൃതത്തിന്റെ ആവശ്യമായ അന്നപാനീയാദികളും ഭോഗതൃഷ്ണകളും ഒഴിവാക്കുന്നതാണ് നോമ്പ്. അതിലൂടെ ജഢികതാത്പര്യങ്ങളെയും പൈശാചികവിധേയത്വത്തെയുമാണ് ദൂരേയ്ക്കെറിയുന്നത്. വിശുദ്ധരായ മലാഇകത്തിന്റെ പ്രകൃതത്തിലേക്ക് ചിറകടിച്ചുയരാന്‍ അതോടെ പ്രാപ്തി കിട്ടുന്നു.
മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവനു തന്നെയാണന്നതിന്റെ അര്‍ഥമെന്താണ്? എല്ലാ ആരാധനാകര്‍മങ്ങളും നിര്‍വഹിക്കപ്പെടുന്നത് അല്ലാഹുവിന് വേണ്ടിയാണല്ലോ. പിന്നെയെങ്ങനെയാണ് അങ്ങനെ പറയുക? ആലോചനയര്‍ഹിക്കുന്ന ഒരു കാര്യമാണത്.

മനുഷ്യന്റെ ആരാധനാകര്‍മങ്ങള്‍ എന്നതിനെ മാറ്റിനിറുത്തി മറ്റെല്ലാ കര്‍മങ്ങളും എന്ന് വിവക്ഷിച്ചാല്‍ ആ പറയുന്നത് ശരിയാകും. ഭൗതികാവശ്യനിര്‍വഹണങ്ങള്‍ക്കു വേണ്ടിയുള്ള കര്‍ങ്ങളുടെ ഫലം നമ്മള്‍ ഇവിടെ വെച്ചു തന്നെ അനുഭവിക്കുന്നു. ജോലിയെടുത്തതിന്റെ കൂലി ഇവിടെ വെച്ചുതന്നെ നാം കൈപറ്റുന്നുണ്ട്. എന്നാല്‍ ഹദീസില്‍ പറഞ്ഞതുകൊണ്ടുള്ള വിവക്ഷ ആരാധനാകര്‍മങ്ങളാണ്.അങ്ങനെയാണെങ്കില്‍ അത് പ്രശ്നവത്കരിക്കുന്നത് നോമ്പ് ഒഴിച്ചുള്ള മുഴുവന്‍ ആരാധനാകര്‍മങ്ങളെയുമാണ്. അവ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണ് നിര്‍വഹിക്കുന്നത് എന്നാല്‍ തന്നെയും മനുഷ്യന് ഏതെങ്കിലും തരത്തിലുള്ള ഭൗതികനേട്ടം അവ മുഖേനയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവുകയില്ല. നിസ്‌കരിക്കുമ്പോഴും സകാത് കൊടുക്കുമ്പോഴും ഹജ്ജ് ചെയ്യുമ്പോഴുമെല്ലാം മറ്റുള്ളവര്‍ അറിയാതെ അവ ചെയ്യാന്‍ കഴിയുകയില്ല. ആ നിലയില്‍ അഹങ്കാര മോ ഉള്‍നാട്യമോ താന്‍പോരിമയോ കടന്നു വരാനുള്ള വാതിലുകള്‍ തുറന്നു കിടക്കുന്നുണ്ട്. മറ്റു മനുഷ്യര്‍ കാണുന്നത്കൊണ്ടുതന്നെ അവരില്‍ നിന്നുള്ള ആദരവും ബഹുമാനവും കിട്ടാനും കാരണമായേക്കാം. നോമ്പൊഴിച്ചുള്ള കര്‍മങ്ങള്‍ ഏതോ നിലയ്ക്കുള്ള ഭൗതികനേട്ടത്തിന്റെ സാധ്യതയില്‍ നിന്ന് മുക്തമല്ല എന്നര്‍ഥം.

മറ്റൊരു വായനയും സാധ്യമാണ്. മനുഷ്യന്റെ ആരാധനാകര്‍മങ്ങള്‍ അഖിലവും അവനു തന്നെയാണ് എന്നതിന്റെ വിവക്ഷ അവയുടെ പശ്ചാതലവുമായി ചേര്‍ത്ത് മനസ്സിലാക്കപ്പെടണം എന്നതത്രെ അത്. രണ്ടുസത്യസാക്ഷ്യങ്ങള്‍ മാനസികപ്രവര്‍ത്തനമാണല്ലോ. അല്ലാഹു മാത്രമാണ് ആരാധനയ്ക്ക് അര്‍ഹന്‍ എന്നതാണതിന്റെ അടിസ്ഥാനം.ഇത് അല്ലാഹുവില്‍ അന്യദൈവങ്ങളെ അധ്യാരോപിക്കുന്ന ബഹുദൈവത്വത്തില്‍ നിന്നുള്ള മോചനവും മുക്തിയുമാണ്. ആ നിലയ്ക്ക് മാനവികമായ വിമോചനത്തിന്റേതായ ഒരുതലം സത്യസാക്ഷ്യത്തിനുണ്ട്. ഈ പ്രപഞ്ചസൃഷ്ടിപ്പിന് പിന്നില്‍ അനേകം സ്രഷ്ടാക്കളുണ്ടെന്നും അവ ആരാധിക്കപ്പെടേണ്ടതാണ് എന്നുമുള്ള തെറ്റായ വിശ്വാസത്തില്‍ നിന്നുള്ള വിടുതലാണ് അത്.ഇനി നിസ്‌കാരത്തിന്റെ കാര്യമെടുക്കുക.പ്രകൃതിയിലെ വസ്തുക്കള്‍ -ആകാശത്തുള്ളതോ ഭൂമിയിലുള്ളതോ ജീവനുള്ളതോ ഇല്ലാത്തതോ അല്ലെങ്കില്‍ മറ്റെന്തുമാകട്ടെ – സ്വന്തം നിലയില്‍ ഉപകാര- ഉപദ്രവങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്ത ഒരുപാട് സൃഷ്ടികള്‍ക്കു മുമ്പില്‍ വിനയപ്പെട്ടതിന്റെ ചരിത്രമുണ്ട് മനുഷ്യന്. പ്രതിമകളുടെയും ബിംബങ്ങളുടെയും മുന്നില്‍ ആരാധനകള്‍ അര്‍പ്പിക്കുകയും അവയോട് സുഖ-ദു:ഖങ്ങള്‍ക്ക് വേണ്ടി അര്‍ഥിക്കുകയും പരിഹാരം ചോദിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയോടുള്ള വിസമ്മതമാണ് നിസ്‌കാരം. നിറുത്തം, ഇരുത്തം, സാഷ്ടാംഗം തുടങ്ങി എല്ലാം അല്ലാഹുവിന് മാത്രം എന്ന് തിരുത്തുന്നതിന്റെ കൂടി പ്രകടനമാണത്. മനുഷ്യസംബന്ധിയായ വിമോചനത്തിന്റെതായ ഒരര്‍ഥം നിസ്‌കാരത്തിനും ഉണ്ട്. സാമൂഹ്യപ്രശ്നങ്ങളുടെ പരിഹാരമെന്നതിനെ സകാത് ഉള്‍വഹിക്കുന്നുണ്ട്. സകാതിലൂടെ ഉള്ളവനോട് ഇല്ലാത്തവന് തോന്നാവുന്ന വൈരാഗ്യത്തില്‍ നിന്നും വിദ്വേഷത്തില്‍ നിന്നുമുള്ള മുക്തി സാധ്യമാക്കുന്നുണ്ട്. സാമൂഹ്യാസമത്വത്തിന്റെതും സാമ്പത്തികാസന്തുലിതത്വത്തിന്റെതുമായ പ്രശ്നങ്ങളെ പരിഹരിക്കുക എന്ന ഒരു വിവക്ഷ സകാത്തിന്റെ ഉള്ളില്‍ കാണാന്‍ കഴിയും. എന്നു വെച്ചാല്‍ നമ്മുടെ കര്‍മാനുഷ്ഠാനങ്ങളുടെ ഉള്ളില്‍ മറ്റൊരു വ്യവസ്ഥയുടെയും അതുല്പാദിപ്പിച്ച മാനവികപ്രതിസന്ധികളുടെയും നേര്‍ക്ക് തികഞ്ഞ വിസമ്മതമോ തിരുത്തോ കാണാവുന്നതാണ്. തന്‍മൂലം ആ ആരാധനാകര്‍മങ്ങള്‍ മനുഷ്യസംബസിയായ ചില നേട്ടങ്ങളിലേക്ക് തുറവിയുണ്ടാക്കുന്നുമുണ്ട്. എന്നാല്‍ നോമ്പ് ആ രീതിയില്‍ മറ്റൊരു വ്യവസ്ഥയെ അഭിമുഖീകരിച്ചു കൊണ്ടുള്ള ഒരു കര്‍മമെന്ന നിലയില്‍ സ്ഥാപിതമായതല്ല. ഭൗതികമായതോ ശരീര സംബന്ധിയായതോ ആയ പോഷണം അത് കൊണ്ട് കിട്ടുന്നതല്ല. മറിച്ച്, അത് ജഢത്തെ / ശരീരത്തെ ക്ഷീണിപ്പിച്ചു കൊണ്ടു ചെയ്യുന്ന ഒരു കര്‍മമാണ്. പരിത്യജിക്കുക എന്നതിനാണ് അതിന്റെ ഊന്നല്‍. ശാരീരികാവശ്യങ്ങളായ ഭോഗതൃഷ്ണയേയും ആഹാരത്തെയും വെടിയുന്നതിലൂടെ അല്ലാഹുവിന് വേണ്ടി ഒരടിമ ഏറ്റെടുക്കുന്ന ക്ലേശമാണ് നോമ്പിന്റെ ആത്മാവ് എന്നു കാണാം. ഈ പറഞ്ഞതടിസ്ഥാനത്തില്‍ ‘മനുഷ്യന്റെ കര്‍മങ്ങളഖിലവും അവനു തന്നെ നോമ്പൊഴിച്ച്’ എന്ന പ്രസ്താവനയ്ക്ക് കൂടുതല്‍ അര്‍ഥോത്കര്‍ഷം ഉണ്ടെന്ന് ഗ്രഹിക്കാവുന്നതാണ്.

‘നോമ്പ് എനിക്കുള്ളതാണ് ‘ എന്ന അല്ലാഹുവിന്റെ പ്രസ്താവനയെ നാം അടിവരയിട്ട് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മറ്റുള്ളവയില്‍ മാനുഷിക സംബന്ധിയായ എന്തോ ഒന്നുണ്ടെങ്കില്‍ നോമ്പില്‍ അത് ഇല്ല എന്നതിന്റെയും നോമ്പ് സവിശേഷം അല്ലാഹുവുമായി ബന്ധപ്പെട്ടതാണെന്നും ഇത് കാണിക്കുന്നുണ്ട്. എങ്ങനെയാണ് ഇക്കാര്യം മനസ്സിലാക്കപ്പെടേണ്ടത് ? ഒരാള്‍ നിസ്‌കരിച്ചിട്ടുണ്ടോ എന്നതിന് നിങ്ങള്‍ക്ക് ഒരു പക്ഷേ എളുപ്പത്തില്‍ ഉത്തരം പറയാം. എന്റെ അടുത്തായിരുന്നു നിസ്‌കരിച്ചത് എന്നോ ഞാന്‍ കണ്ടു എന്നോ പറയാന്‍ പറ്റും. സകാത്ത് കൊടുത്തോ എന്നതും പറയാം. ഞാന്‍ സകാത്ത് കൊടുക്കുന്നത് കണ്ടിട്ടുണ്ടെന്നോ ഇന്നയാള്‍ക്കാണ് കിട്ടിയത് എന്നോ ചൂണ്ടിക്കാണിച്ച് മറ്റൊരാള്‍ സകാത്ത് കൊടുത്തിട്ടുണ്ടെന്ന് പറയാം. ഹജ്ജ് ചെയ്തതിനെപ്പറ്റിയും എന്റെ കൂടെ, ഞാന്‍ കണ്ടിട്ടുണ്ട് എന്നിങ്ങനെ പറയാന്‍ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ മറ്റൊരാളുടെ നിസ്‌കാരം, സകാത്ത്, ഹജ്ജ് എന്നിവയ്‌ക്കൊക്കെ തെളിവു പറയാന്‍ മറ്റൊരാള്‍ക്ക് കഴിയും. എന്നാല്‍ മറ്റൊരാള്‍ നോമ്പെടുത്തിട്ടുണ്ടോ എന്നത് തെളിയിക്കാന്‍ ബാഹ്യമായ ഒരു തെളിവുമില്ല. മറ്റുള്ളവയെപ്പോലെ നോമ്പ് പരസ്യമല്ല എന്നതു തന്നെയാണ് കാര്യം. അത് അല്ലാഹുവിന് മാത്രമാണ് പരസ്യം എന്നര്‍ഥം. ഈ നിലയില്‍ നോമ്പ് എനിക്കുള്ളതാണ് എന്നതിന് അതിനെക്കുറിച്ചുള്ള അറിവ് എനിക്കാകുന്നു എന്ന ഒരു വായനയാണ് നമുക്ക് തരപ്പെട്ടു കിട്ടുന്നത്.
നോമ്പ് അല്ലാഹു മാത്രം അറിയുന്ന ഒരു കാര്യമാണ്. അത് ശാരീരികമായ / ജഢികമായ നേട്ടങ്ങളല്ല മറിച്ച് ക്ലേശകരമായ ചില കാര്യങ്ങളെ ഏറ്റെടുക്കലാണ്. ക്ഷമിക്കുക, സഹിക്കുക തുടങ്ങിയവയാണ് നോമ്പിന്റെ കാതല്‍. അന്നപാനീയങ്ങള്‍ ഒഴിവാക്കി തികച്ചും രഹസ്യ സ്വഭാവത്തോടെയാണ് അത് നിര്‍വഹിക്കുന്നത് എന്നത് കൊണ്ട് മറ്റൊരാള്‍ അറിയുന്നതല്ല. അറിയുന്നത് തന്‍മൂലം ഉണ്ടാകാവുന്ന മാനസിക ദൂഷ്യങ്ങള്‍ നോമ്പനുഷ്ഠിച്ചവര്‍ക്ക് ഉണ്ടാകുന്നതുമല്ല. നോമ്പിന്റെ പേരില്‍ അഹങ്കരിക്കാനോ മേന്‍മ നടിക്കാനോ അവസര മില്ല.

മറ്റൊരു കാര്യം കൂടിയുണ്ട്. ബിംബങ്ങള്‍ക്ക് വേണ്ടിയും പ്രതിമകള്‍ക്ക് വേണ്ടിയും തല കുനിച്ചിട്ടുണ്ട്. വിനയപൂര്‍വം നിന്നിട്ടുണ്ട്, ഇരുന്നിട്ടുണ്ട്, അവയ്ക്ക് വേണ്ടി സമ്പത്ത് വിനിയോഗിച്ചിട്ടുണ്ട്, മനുഷ്യരില്‍ ചിലര്‍. എന്നാല്‍ നോമ്പനുഷ്ഠിച്ചിട്ടില്ല. ഒരാളും മറ്റൊരാള്‍ക്ക് വേണ്ടി നോമ്പെടുത്ത് അന്നപാനീയങ്ങള്‍ വെടിഞ്ഞ് കാഴ്ച കേള്‍വി എന്നിവയെ നിയന്ത്രിച്ചിട്ടില്ല. ഈ തരത്തില്‍ നോമ്പിന് വ്യതിരിക്തതയുണ്ട്. അത് അല്ലാഹുവിന് വേണ്ടി മാത്രം നിശ്ചയിക്കപ്പെട്ട ഒരു കര്‍മമത്രെ.
‘ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത് ‘ എന്ന പ്രസ്താവന കൂടി വിശദീകരിക്കേണ്ടതുണ്ട്. പ്രതിഫലം നല്‍കുമെന്ന് അല്ലാഹു പ്രത്യേകം പറയുന്നതിന്റെ താത്പര്യം അത് കണക്കാക്കാന്‍ കഴിയില്ല എന്നതാണ്. കരുണാപരനും ദയാപരനുമായ അഖിലലോകാധിപതിയായ അല്ലാഹു താന്‍ നല്കുമെന്ന് പറഞ്ഞതിന്റെ അര്‍ഥം ആ കൊടുക്കല്‍ അല്ലാഹുവിന് ചേരും വിധം വലുതായിരിക്കും എന്നാണ്. നോമ്പെടുത്തവന്‍ അപരിമേയമായ ഈ പ്രതിഫലം അര്‍ഹിക്കാന്‍ മാത്രം ആത്മീയഔന്നത്യം കരസ്ഥമാക്കിയിട്ടുണ്ടാകുമെന്ന് ഇവിടെ വെച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. അത് സുവ്യക്തമായിത്തീരാന്‍ താഴെ കൊടുത്ത ഖുര്‍ആനിക വചനങ്ങള്‍ കൂടി നാം വായിക്കുക

‘മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗപ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍, ഇനിമുതല്‍ നിങ്ങളില്‍ ആര്‍ ആ മാസം ദര്‍ശിക്കുന്നുവോ അവന്‍ ആ മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാകുന്നു. രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ നോമ്പ് എണ്ണം തികക്കട്ടെ.അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിച്ഛിക്കുന്നത്, ഞെരുക്കമിച്ഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്ത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്.

പ്രവാചകരേ, എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍, അവര്‍ എന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. (താങ്കള്‍ഇതെല്ലാം അവരെ കേള്‍പ്പിക്കുക) അവര്‍ സന്മാര്‍ഗം ഗ്രഹിച്ചെങ്കിലോ’ (വിശുദ്ധ ഖുര്‍ആന്‍ ആശയം 2:185, 186)

നോക്കൂ, നോമ്പ് അനുഷ്ഠിക്കാന്‍ പറഞ്ഞതിന് തൊട്ടുശേഷം പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുമെന്ന് പറഞ്ഞിരിക്കുന്നു. സ്വന്തം അന്നപാനീയങ്ങളും വസ്ത്രാദികളും അവിഹിതവും നിഷിദ്ധവുമായ വഴിയ്ക്ക് സമ്പാദിച്ചവന്റെ പ്രാര്‍ഥനയ്ക്ക് ഉത്തരം കിട്ടുന്നതല്ല എന്ന് ഹദീസില്‍ കാണാം. അതായത് അര്‍ഹിക്കാത്തതും അന്യമായതുമായ അവിഹിതവിഭവങ്ങള്‍ ഒഴിവാക്കിയെങ്കില്‍ മാത്രമേ അല്ലാഹു പ്രാര്‍ഥന സ്വീകരിക്കുകയുള്ളൂ. എന്നാല്‍ അര്‍ഹിച്ചതും അനുവദിച്ചതുമായ അന്നപാനീയാദികളും ഭോഗാനന്ദങ്ങളുമാണ് നോമ്പനുഷ്ഠിക്കുന്നവന്‍ ഒഴിവാക്കുന്നത്. തനിക്കര്‍ഹിക്കുന്നവ തന്നെ പരിത്യജിക്കാന്‍ തയാറായവന്‍ പിന്നെങ്ങനെയാണ് അര്‍ഹിക്കാത്തവയ്ക്ക് നേരെ കൈ നീട്ടുക? നടന്നടുക്കുക? അത് ഒരിക്കലുമുണ്ടാകുന്നതല്ല. അതുകൊണ്ടുതന്നെയാണ് ഖുര്‍ആനില്‍ നോമ്പനുഷ്ഠിക്കാന്‍ പറഞ്ഞതിന് ശേഷം തൊട്ടുടനെ പ്രാര്‍ഥന സ്വീകരിക്കുന്നതിന്റെ കാര്യം പരാമര്‍ശിച്ചത്.പ്രാര്‍ഥന വിശുദ്ധരില്‍ നിന്ന് സ്വീകരിക്കുന്നു. പ്രാര്‍ഥിക്കാന്‍ മാത്രം വിശുദ്ധനാണ് നോമ്പനുഷ്ടിച്ചവന്‍. അല്ലാഹു, ‘ഞാനാണ് അതിന് പ്രതിഫലം നല്‍കുക ‘ എന്നു പറഞ്ഞതിന്റെ പൊരുള്‍ ഇതില്‍ നിന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.

ഇ എം എ ആരിഫ് ബുഖാരി

You must be logged in to post a comment Login