മനുഷ്യനെ പരിഷ്‌കൃതനാക്കുന്ന വ്രതമൂല്യങ്ങള്‍

മനുഷ്യനെ പരിഷ്‌കൃതനാക്കുന്ന വ്രതമൂല്യങ്ങള്‍

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായും, നേര്‍വഴിയുടെയും സത്യാസത്യവിവേചനത്തിന്റെയും സുവ്യക്തദൃഷ്ടാന്തമായും വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമളാന്‍ (2: 185).
ഇസ്ലാമിന്റെ അഞ്ച് തൂണുകളിലൊന്നാണ് വിശുദ്ധ വ്രതം. റമളാനിലെ നോമ്പ്. അതിലുപരി ഇസ്ലാമിന്റെ പ്രകടിതാടയാളമുള്ള അനുഷ്ഠാനങ്ങളില്‍ മഹത്തരമാണ് വ്രതം. സര്‍വശക്തനായ അല്ലാഹുവിന്റെ ആധിപത്യം, മനുഷ്യന്റെ സാമൂഹികവും സ്വകാര്യവുമായ ജീവിതം, മനുഷ്യ ശരീരത്തിന്റെ പരിശീലനം, ദൈവാനുഗ്രഹങ്ങളോടുള്ള നന്ദിപ്രകാശനം തുടങ്ങി വിവിധ അടരുകളിലേക്ക് ആഴ്ന്നിറങ്ങുന്ന അനേക ലക്ഷ്യങ്ങളും, പൊരുളുകളും(ഹിക്മത്) നോമ്പില്‍ അന്തര്‍ലീനമായിട്ടുണ്ട്.

അല്ലാഹുവിന്റെ സര്‍വാധിപത്യത്തെ അംഗീകരിക്കുന്നതിന് പിറകിലുള്ള പൊരുള്‍ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
ഭൂമുഖത്തെ കണക്കറ്റ ഔദാര്യങ്ങള്‍ നിറച്ച ഒരു മേശ പോലെ അല്ലാഹു സൃഷ്ടിച്ചു. ‘അപ്രതീക്ഷിത രൂപത്തില്‍ അല്ലാഹു നല്‍കും’ എന്ന അവന്റെ വചനത്തിന്റെ ആവിഷ്‌കാരമായി എല്ലാതരം ഔദാര്യത്തെയും അവന്‍ ആ മേശക്ക് പുറത്ത് ക്രമീകരിച്ചു. തന്റെ പരിപൂര്‍ണമായ ആധിപത്യം, കാരുണ്യം, ആര്‍ദ്രത എന്നിവയാണ് ഇതിലൂടെയെല്ലാം ദൈവം ബോധ്യപ്പെടുത്തുന്നത്. എന്നാല്‍ അശ്രദ്ധയുടെ ദാവണിയണിഞ്ഞ, കാര്യകാരണങ്ങളുടെ വലയിലകപ്പെട്ട മനുഷ്യര്‍ക്ക് ഈ സത്യം നേരെ ഊഹിക്കാന്‍ പോലുമാകുന്നില്ല. എന്നല്ല, പലപ്പോഴും അവരത് മറന്ന് പോവുകയും ചെയ്യുന്നു.

എന്തുമാവട്ടെ, റമളാനില്‍ വിശ്വാസികള്‍ വ്യത്യസ്തരാണ്.നല്ല അനുസരണയുള്ള സൈന്യത്തെ പോലെ അവര്‍ പ്രത്യക്ഷരാകുന്നു. സൂര്യാസ്തമയ നേരത്ത് അനശ്വരനായ ചക്രവര്‍ത്തിയുടെ അതിഥികളാണെങ്കില്‍ പോലും അവരില്‍ ആരാധനയുടെ വെളിച്ചം തെളിയുന്നു. ‘നിങ്ങള്‍ ഭക്ഷിക്കുവിന്‍, നിങ്ങളെ രക്ഷിക്കുവിന്‍’ എന്ന ആഹ്വാനത്തിനായി അവര്‍ ക്ഷമയോടെ കാത്തിരിക്കുന്നു.
സമഗ്രവും, ഉദാത്തവും, മുറപ്രകാരവുമുള്ള ആരാധന നിര്‍വഹിച്ച്, ആര്‍ദ്രവും സാര്‍വലൗകികവുമായ അല്ലാഹുവിന്റെ കാരുണ്യത്തിന് അവര്‍ പ്രത്യുത്തരം നല്‍കുന്നു. സമുന്നതമായ ആരാധനയിലും, നീതിയുക്തമായ ഔദാര്യത്തിലും പങ്കുകൊള്ളുന്ന ഇവരല്ലേ നല്ല മനുഷ്യര്‍?

അനുഗ്രഹങ്ങള്‍ക്ക് നന്ദിയായി നോമ്പനുഷ്ടിക്കുന്നതിന് പിറകിലുള്ള അസംഖ്യം പൊരുളുകളില്‍ ഒന്ന് വിശദമാക്കാം.
ഒരു രാജകീയ ഭോജ്യശാലയിലെ അടുക്കളയില്‍ നിന്ന് പരിചാരകന്‍ കൊണ്ടു വരുന്ന ഭക്ഷണത്തിന്ന് ഒരു നിശ്ചിതവിലയുണ്ട്. അത് കൊണ്ടുവന്ന പരിചാരകന് നാം പാരിതോഷികം നല്‍കുന്നു. അത് കൊടുത്തയച്ചയാളെ നാം മറന്നുകളയുന്നു. ധിക്കാരം നിറഞ്ഞ അവിവേകമാണിത്.
എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളാണ് ഭൂമുഖത്ത് അല്ലാഹു ചെയ്തിട്ടുള്ളത്. അവയ്ക്ക് വിലയായി അവര്‍ നന്ദി ചെയ്യണമെന്ന് അല്ലാഹു കാംക്ഷിക്കുന്നു. നാം നന്ദി ചെയ്യുന്നില്ല.

ഈ അനുഗഹങ്ങള്‍ക്ക് നാം കാണുന്ന ബാഹ്യകാരണങ്ങളും അവ നമുക്ക് എത്തിച്ചു തരുന്നവരും നേരത്തേ പറഞ്ഞ ഭോജ്യശാലയിലെ പരിചാരകനെപ്പോലെയാണ്. നാമവര്‍ക്ക് വിലനല്‍കുന്നു, അവരോട് കടപ്പാടുള്ളവരുമാകുന്നു. അനര്‍ഹമായ നന്ദിയും ആദരവും പ്രകടിപ്പിക്കുന്നു. എന്നാല്‍, ഈ അനുഗ്രഹങ്ങളുടെയെല്ലാം യഥാര്‍ത്ഥ ദാതാവായ അല്ലാഹുവാണ് വെറും മാധ്യമങ്ങള്‍ മാത്രമായ ഈ കാരണങ്ങളേക്കാള്‍ കൃതജ്ഞയര്‍ഹിക്കുന്നത്.
അവന് നന്ദിയുള്ളവരാകണം. മുഴുവന്‍ അനുഗ്രഹങ്ങളും അല്ലാഹുവില്‍ നിന്ന് നേരിട്ട് വരുന്നതാണെന്ന തിരിച്ചറിവു വേണം, അവയുടെ മൂല്യത്തെ വിലമതിക്കണം. അവയുടെ ആവശ്യം മനസ്സിലാക്കണം.
പ്രാപഞ്ചികവും, ആത്മാര്‍ഥവും, യഥാര്‍ത്ഥവുമായ നന്ദി പ്രകടനത്തിലേക്കുള്ള വാതായനമാണ് വ്രതം.

റമളാനൊഴികെയുളള മാസങ്ങളില്‍, പ്രയാസ സാഹചര്യങ്ങളില്ലാത്തവര്‍ യഥാര്‍ത്ഥ വിശപ്പെന്തെന്ന് അറിയുന്നില്ല. അനുഗ്രഹങ്ങളുടെ മൂല്യമവര്‍ തിരിച്ചറിയുന്നില്ല. അവര്‍ വയറ് നിറഞ്ഞവരും, വിഭവസമ്പന്നരുമാണെങ്കില്‍ ഒരു ഉണങ്ങിയ റൊട്ടിക്കഷ്ണത്തിലടങ്ങിയ ഔദാര്യത്തിന്റെ അളവെത്രയെന്ന് അവര്‍ക്കറിയുന്നില്ല.
നോമ്പ് തുറക്കുമ്പോള്‍, ഉണങ്ങിയ റൊട്ടി അല്ലാഹുവിന്റെ അമൂല്യമായ ഔദാര്യമാണെന്ന് വിശ്വാസിയുടെ രുചിബോധം സാക്ഷ്യപ്പെടുത്തുന്നു. ചക്രവര്‍ത്തിമുതല്‍ പരമദരിദ്രന്‍വരെ ഈ മാസത്തില്‍ അനുഗ്രങ്ങളുടെ വിലയറിയുന്നു. നന്ദി പ്രകടിപ്പിക്കുന്നു.

പകല്‍ മുഴുവനും ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ അവനോര്‍ത്തു പറയും: ‘ഈ ഔദാര്യങ്ങളുടെയൊന്നും ഉടമസ്ഥന്‍ ഞാനല്ല. അവ ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യമെനിക്കില്ല. അത് മറ്റൊരാളുടേതാണ്. എനിക്കത് ദാനമായി കിട്ടിയതാണ് ‘.
‘അവര്‍ ഔദാര്യങ്ങളെ ഔദാര്യമായിത്തന്നെ അംഗീകരിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു’എന്ന പ്രഖ്യാപനത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്.
ഇങ്ങനെ അനേകം പൊരുളുകളുള്ള വ്രതം അവാച്യമായ നന്ദിബോധത്തിന്റെ താക്കോലാണ്. സാമൂഹിക ജീവിയെന്ന നിലയില്‍ നോക്കുമ്പോള്‍ വ്രതത്തിന്റെ മറ്റൊരു പൊരുളും വ്യക്തമാണ്. മനുഷ്യര്‍ അവരുടെ സമ്പദ് സ്ഥിതി നോക്കിയാല്‍ വ്യത്യസ്തരായാണ് സൃഷ്ടിക്കപ്പെട്ടിട്ടുളളത്. അനന്തരം, അല്ലാഹു സമ്പന്നരോട് ദരിദ്രരെ സഹായിക്കാന്‍ താല്പര്യപ്പെടുന്നു. വ്രതം മൂലമുണ്ടായിത്തീര്‍ന്ന വിശപ്പിലൂടെ ദരിദ്രരായ ജനങ്ങള്‍ അനുഭവിക്കുന്ന വിശപ്പും വേദനകളും അവര്‍ മനസ്സിലാക്കുന്നു.
വ്രതം ഇല്ലായിരുന്നെങ്കില്‍, സ്വന്തം ആഗ്രഹങ്ങള്‍ക്ക് കീഴ്പ്പെടുന്ന ഒരു പാട് സമ്പന്നര്‍ക്ക് വിശപ്പും ദാരിദ്ര്യവും എത്രത്തോളം ദുഷ്‌കരമാണെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്തുമാത്രം ദയ അര്‍ഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ല.

സഹമനുഷ്യരോടുള്ള അനുകമ്പ അത്യന്താപേക്ഷികമായ ഒന്നാണ്. ഏതൊരാള്‍ക്കും ചില കാര്യങ്ങളില്‍ തന്നേക്കാള്‍ ദരിദ്രനായ ഒരാളുണ്ടാകും. അത്തരമൊരാളോട് അനുകമ്പയുള്ളവനാകാന്‍ അവന്‍ പഠിപ്പിക്കപ്പെടുന്നു. സ്വയം വിശപ്പ് സഹിക്കാന്‍ നിര്‍ബന്ധിതനായില്ലെങ്കില്‍ താന്‍ വാഗ്ദാനം നല്‍കാന്‍ കടമപ്പെട്ട സഹായം അനുകമ്പയോടെ നല്‍കാന്‍ അവന് സാധ്യല്ല. ഇനി സാധിച്ചാല്‍ തന്നെയും അതത്ര നന്നാവില്ല. യഥാര്‍ത്ഥ വിശപ്പ് എന്തെന്ന് അവനറിഞ്ഞിട്ടില്ലല്ലോ.
ശരീരത്തെ പരിശീലിപ്പിക്കുന്ന ഒരു പൊരുളും വ്രതത്തിലുണ്ട്. ശരീരം എല്ലായ്പ്പോഴും സ്വതന്ത്രമായിക്കഴിയാന്‍ ആഗ്രഹിക്കുന്നു. സ്വതന്ത്രമാണെന്ന് സ്വയം കരുതുകയും ചെയ്യുന്നു. സഹജഗുണമായ അതിന്റെ പ്രേരണകളനുസരിച്ച്, സാങ്കല്‍പികമായ ഒരു ആധിപത്യത്തെ അത് മോഹിക്കുന്നു. സ്വന്തം ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു.
അസംഖ്യം ഔദാര്യങ്ങള്‍ മുഖേനയാണ് അത് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല. വിശേഷിച്ചും, ഐഹികമായ സമൃദ്ധിയും അധികാരവും കൈവരിക്കുമ്പോള്‍ അതിന് ഒന്നും അറിയാനാവുന്നില്ല. അശ്രദ്ധ ഒരു പ്രേരണയായി വര്‍ത്തിക്കുമ്പോള്‍,

ബലം പ്രയോഗിച്ച് കൊള്ളയടിക്കുന്ന മൃഗത്തെ പോലെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അത് ആര്‍ത്തിയോടെ തിന്നുതീര്‍ക്കുന്നു.
എന്നാല്‍ വ്രതനാളുകളില്‍ അവിടെയും വ്യത്യസ്തതയുണ്ട്. കുബേര, കുചേല ശരീരങ്ങള്‍ തനിക്ക് ഉടമസ്ഥനുണ്ടെന്ന് തിരിച്ചറിയുന്നു. മറ്റൊരാളുടെ അടിമയാണെന്ന ബോധം അതിനുണ്ടാകുന്നു. ആ ഒരു നിയന്ത്രണമില്ലെങ്കില്‍ കുടിവെള്ളത്തിനു കൈ നീട്ടാന്‍ പോലും തനിക്കാവില്ലെന്ന് അത് മനസ്സിലാക്കുന്നു. അതിന്റെ സാങ്കല്‍പിക ആധിപത്യം തകരുന്നു. ആരാധനയിലൂടെ അത് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

വിവ: അഹ്മദ് സഈദ് മാട്ടായ.

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

You must be logged in to post a comment Login