രാജ്യം മതേതരത്വത്തിന് മരണക്കുറിപ്പെഴുതുകയാണ് !

രാജ്യം മതേതരത്വത്തിന് മരണക്കുറിപ്പെഴുതുകയാണ് !

1959ല്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു: ”ഒരുകാര്യം നിങ്ങള്‍ എഴുതിവെക്കുക! ഇന്ത്യക്ക് നേരെയുള്ള അപകടം കമ്മ്യൂണിസമല്ല; മറിച്ച് ഹൈന്ദവ വലതുപക്ഷത്തിന്റെ വര്‍ഗീയതയാണ്.’ 55 വര്‍ഷത്തിനുശേഷം, നരേന്ദ്രമോഡി സര്‍ക്കാര്‍ 2014ല്‍ കേന്ദ്രഭരണത്തിലേറിയപ്പോള്‍, ഹൈദരബാദില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഐ ടി വിദഗ്ധനായ കാരി ശ്രീറാം ഒരുസത്യം വെളിപ്പെടുത്തി. മോഡി സര്‍ക്കാരിന്റെ ലോഗിന്‍ നെയിം ഡെവലപ്‌മെന്റ് ( വികസനം) എന്നതാണ്. പാസ്്വേഡ് ഹിന്ദു എന്നുമാണ്. ആറ് വര്‍ഷം കൊണ്ട് ആ പാസ്്വേഡിലുടെ മോഡി ഹിന്ദുരാഷ്ട്രം സ്ഥാപിച്ചെടുത്തു. ആ വസ്തുത ഇതുവരെ ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ല. വി ഡി സവര്‍ക്കറുടെ സ്വപ്നം പ്രായോഗികതലത്തില്‍ സാക്ഷാത്കരിക്കപ്പെട്ടുകഴിഞ്ഞു. അതോടെ, കാലഹരണപ്പെട്ടിരിക്കുന്നത് സെക്കുലറിസം ( മതേതരത്വം) എന്ന പദമാണ്. പരമോന്നത നീതിപീഠം സമീപകാലത്ത് രാജ്യത്തിന്റെ ആപദ്കരമായ പോക്കിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിങ്ങനെ: ”ഇതുവരെ ഇന്ത്യ ഒരു മതേതര രാജ്യമാണ്. അങ്ങനെ മതേതരരാജ്യമായി എത്രനാള്‍ തുടരും എന്ന് ഞങ്ങള്‍ക്ക് പറയാനാവില്ല. സിവില്‍ നിയമത്തില്‍നിന്ന് മതത്തെ തൂത്തുവാരിയെറിയണം. അത്യാവശ്യമാണത്. ഇതിനകം നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.” ഇന്ന് ബുദ്ധിജീവി തലത്തിലോ രാഷ്ട്രീയ വ്യവഹാര ഭാഷയിലോ സെക്കുലറിസം എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ മതേതരവാദികള്‍ പോലും മനഃപൂര്‍വം ശ്രമിക്കുകയാണ്. ആ യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്ന് നടിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ മനോഘടനക്ക് സംഭവിച്ച ഈ പരിണാമം ന്യൂനപക്ഷങ്ങളെ, വിശിഷ്യാ മുസ്‌ലിംകളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇതുവരെ കല്‍പിച്ച പ്രസക്തി പോലും നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇന്ന് മുസ്‌ലിംകള്‍ എവിടെയെങ്കിലും കൂട്ടക്കൊല ചെയ്യപ്പെട്ടാല്‍ അത് 24മണിക്കൂര്‍ മാത്രം ആയുസ്സുള്ള വാര്‍ത്താശകലമായി മൂല്യം ഇടിഞ്ഞിരിക്കുന്നു. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗക്കാരന്‍ വംശവെറിയുടെ ഇരയായി ദാരുണമാംവിധം കൊല്ലപ്പെട്ടപ്പോള്‍ ലോകം മുഴുവന്‍ പ്രതിഷേധമിരമ്പി. കറുത്തവന്റെ ജീവിതവും വിലപ്പെട്ടതാണെന്ന മുദ്രാവാക്യം എങ്ങും പ്രതിധ്വനിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി അന്ത്യത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 45ലേറെ മുസ്‌ലിംകള്‍ ഹിന്ദുത്വ വര്‍ഗീയവാദികളുടെ കത്തിക്കും തോക്കിനും ഇരയായ സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ആര്‍ക്കും ഒരു കുലുക്കവുമില്ല. യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രാജ്യം സന്ദര്‍ശിക്കുന്ന വേളയില്‍ തലസ്ഥാന നഗരിയില്‍ നടമാടിയ കൂട്ടക്കൊലയുടെ ഞെട്ടിപ്പിക്കുന്ന വിവരണങ്ങള്‍ ആരിലും ആകുലത വളര്‍ത്തുന്നില്ലെങ്കില്‍ അതിന്റെ അര്‍ഥം ന്യൂനപക്ഷങ്ങള്‍ സഹിക്കേണ്ടിവരുന്ന എല്ലാ ദുരന്തങ്ങളോടും രാജിയാവാന്‍ രാജ്യം മാനസികമായി ‘പാകപ്പെട്ടിരിക്കുന്നു’എന്നുതന്നെയാണ്. ഡല്‍ഹി കലാപത്തിന്റെ പേരില്‍ യുവതികളടക്കം നിരവധി വിദ്യാര്‍ഥികളും അധ്യാപകരും ആക്ടിവിസ്റ്റുകളും ജാമ്യംപോലും ലഭിക്കാതെ, തുറുങ്കിലടക്കപ്പെട്ട ശേഷമാണ്, കലാപത്തിന്റെ യഥാര്‍ത്ഥ ആസൂത്രകര്‍ ആരാണെന്നും ഏത് രീതിയിലാണ് കൊലകളും നശീകരണവും പൂര്‍ത്തിയാക്കിയതെന്നും അഖണ്ഡനീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ജൂണ്‍ 29ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിക്കു മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വളരെ ഏകോപനത്തോടെ ആസൂത്രിതമായിരുന്നു കൊലപാതകങ്ങളെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ‘ഖട്ടര്‍ ഹിന്ദുത് ഏക്ത’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് അക്രമികള്‍ സന്ദേശങ്ങള്‍ പരസ്പരം കൈമാറിയതും വംശഹത്യാ പദ്ധതി പൂര്‍ത്തിയാക്കിയതും. ഗ്രൂപ്പുണ്ടാക്കി 36മണിക്കൂറിനുള്ളില്‍ ഭഗീരഥി വിഹാറില്‍ ഒമ്പതുപേരെ കൊന്ന് അഴുക്കുചാലില്‍ മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞത്രെ. ആരെയാണ് കൊല്ലേണ്ടതെന്ന് തീരുമാനിച്ചത് അവരുടെ ഐ ഡി പരിശോധിച്ചും ‘ജയ്ശ്രീറാം’ വിളിക്കാന്‍ ആവേശം കാട്ടുന്നുണ്ടോ എന്ന് നോക്കിയുമാണ്. പൗരത്വത്തിന്റെ അടയാളം ശ്രീരാമനോടുള്ള ആദരവും കൂറുമാണെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ആര്‍ എസ് എസുകാര്‍ വേട്ടക്കിറങ്ങിയത്. ആര് ജയ്ശ്രീറാം വിളിക്കാന്‍ വൈമനസ്യം കാണിച്ചോ അവരെയെല്ലാം വകവരുത്തി. ഉടന്‍ വാട്‌സ്ആപ്പിലുടെ കൈമാറിയ സന്ദേശമിങ്ങനെ: ” ഭഗീരഥിവിഹാറില്‍ രണ്ടുമണിക്കൂര്‍ മുമ്പ് രണ്ടു മൊല്ലമാരുടെ കഥ കഴിച്ചു ഞങ്ങള്‍”. ഇതുപോലെ എത്രയെത്ര വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വിദ്വേഷപ്രചാരണത്തിനായി ഇവര്‍ ഉപയോഗിച്ചെന്നോ? ഹിന്ദു ഏകത സിന്ദാബാദ്, ഹിന്ദുയൂണിറ്റി, ഹിന്ദു ഏകത ഗ്രൂപ്പ് തുടങ്ങിയ പേരുകളില്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ച് കലാപകാരികളെ ഏകോപിപ്പിച്ചു. ഏത് തരത്തിലുള്ള ആയുധങ്ങളാണ് വേണ്ടതെന്നും കൊലപാതകങ്ങള്‍ക്കാവശ്യമായ എന്തും എത്തിച്ചുതരാമെന്നും സന്ദേശം കൈമാറി. മുസ്‌ലിംകള്‍ വ്യാപകമായി കൊല തുടരുന്നുണ്ടെന്നും നമ്മുടെ സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുന്നുണ്ടെന്നും കല്ലുവച്ചനുണ പ്രചരിപ്പിച്ചു. ബദല്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന നടുക്കുന്ന സത്യങ്ങള്‍ മുഖ്യധാര ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല, രാജ്യത്തിന്റെ അത്യന്തം ആപദ്കരമായ ഗമനത്തെ കുറിച്ച് ആര്‍ക്കും ഒരുത്കണ്ഠയുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി നില്‍ക്കുകയുമാണ്.

ധൈഷണിക ലോകത്തെ പ്രതിസന്ധികള്‍
ഇതിനുമുമ്പും ആര്‍ എസ് എസിന്റെ കൃപാശിസ്സുകളോടെ രാജ്യത്തിന്റെ പല ദിക്കുകളിലും എത്രയോ കൂട്ട ന്യൂനപക്ഷഹത്യകള്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ പ്രകടമായ മാറ്റം ഇത്തരം കൂട്ടക്കശാപ്പിനോടുള്ള പൊതുസമൂഹത്തിന്റെ നിസ്സംഗതാമനോഭാവമാണ്. മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഇത്തരം സംഭവങ്ങളൊന്നും വാര്‍ത്തയാവുന്നില്ല. പ്രൈംടൈം ചാനല്‍ ചര്‍ച്ചകളില്‍ ഒരിക്കലും ഇത്തരം ഗൗരവതരമായ വിഷയങ്ങള്‍ കറയിവരുന്നേയില്ല. ന്യൂനപക്ഷ സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശം പച്ചയായി പിച്ചിച്ചീന്തുമ്പോള്‍, അതില്‍ അദ്ഭുതമോ അപാകതയോ കാണാത്ത പൊതുമനസ്സ് വല്ലാതെ മാറിയിരിക്കുന്നു. ഇത് നമ്മുടെ രാഷ്ട്രസങ്കപത്തിന്റെ കടയ്ക്ക് കത്തിവെക്കപ്പെട്ടതുകൊണ്ടാണ്. ഇവിടുത്തെ വ്യവസ്ഥിതിയില്‍ മുസ്‌ലിംകളും തുല്യപൗരന്മാരാണെന്നും മറ്റേത് പൗരനെയും പോലെ അവരുടെ ജീവനും സ്വത്തിനും പരിരക്ഷ നല്‍കാന്‍ ഭരണകൂടവും സമൂഹവും ബാധ്യസ്ഥമാണെന്നുമുള്ള മതേതര കാഴ്ചപ്പാടാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. 1990കളില്‍ ബാബരി ധ്വംസനത്തിനുശേഷം സകല ചര്‍ച്ചകളുടെയും ഊന്നല്‍ മതേതരവ്യവസ്ഥയുടെ നൈരന്തര്യവും അതിനെതിരായ പ്രവണതകള്‍ നേരിടാനുള്ള പ്രതിരോധ തന്ത്രങ്ങളുമായിരുന്നു. അത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ വിവിധ ചിന്താമേഖലകളില്‍ പ്രഗല്‍ഭരുണ്ടായിരുന്നു. അവരുടെ വീക്ഷണങ്ങള്‍ പൊതുസമൂഹത്തെ സ്വാധീനിക്കുകയും വര്‍ഗീയതയുടെ വേലിയേറ്റത്തെ തടഞ്ഞുനിറുത്തുകയും ചെയ്തു. 2002ലെ ഗുജറാത്ത് കലാപം തുറന്നുവിട്ട മതേതരചേരിയുടെ ഹിന്ദുത്വവിരുദ്ധ പ്രത്യാക്രമണമാണ് 2004ല്‍ വാജ്‌പേയി സര്‍ക്കാരിനെ തൂത്തെറിഞ്ഞത്. 1996ലെ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലേറിയ വാജ്‌പേയി മന്ത്രിസഭക്ക് 13ദിവസത്തിനുശേഷം പരിഹാസ്യനായി ഇറങ്ങിപ്പോവേണ്ടിവന്നത് ഹിന്ദുത്വ അജണ്ടയെ അംഗീകരിക്കാന്‍ ഒരുപാര്‍ട്ടിയും മുന്നോട്ടുവരാത്തതുകൊണ്ടായിരുന്നു. അന്ന് ഇന്ത്യന്‍ രാഷ്ട്രീയമനസ്സ് വര്‍ഗീയതയെ ആത്മാര്‍ത്ഥമായി വെറുത്തിരുന്നു. സെക്കുലറിസം അസ്തമിക്കുന്നതോടെ ഇക്കാണുന്ന ഇന്ത്യ തകരുമെന്ന് ഭയപ്പെട്ടിരുന്നു. മതേതര കാഴ്ചപ്പാടുകള്‍ക്ക് ബലമേകാന്‍ എത്രയെത്ര ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരുമാണ് അന്ന് തൂലിക ചലിപ്പിച്ചത്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം മുന്നോട്ടുവെച്ച കണ്ടെത്തലുകള്‍ ഇന്ത്യന്‍ മനഃസാക്ഷിയെ പിടിച്ചുകുലുക്കി. ‘രാജധര്‍മം ‘ പാലിക്കാന്‍ വാജ്‌പേയി മോഡിയോട് ആജ്ഞാപിച്ചത് ലോകം കേട്ടു.

മുസ്‌ലിംകളുടെ അന്യവത്കരത്തിനും ഹിന്ദുത്വയുടെ അംഗീകാരത്തിനും ഇറങ്ങിത്തിരിച്ച വലതുപക്ഷ എഴുത്തുകാരെയും ചരിത്രകാരന്മാരെയും ധൈഷണിക ലോകത്ത് വിഹരിക്കുന്ന ഈ പ്രഗല്‍ഭര്‍ നേരിട്ടു. രാമചന്ദ്രഗുഹ, റൊമീല ഥാപര്‍, ഇര്‍ഫാന്‍ ഹബീബ്, ബിപിന്‍ ചന്ദ്ര,ആര്‍ എസ് ശര്‍മ, രഞ്ജിത് ഗുഹ,സുമിത് സര്‍ക്കാര്‍, സഭ്യചാരി ഭട്ടാചാര്യ തുടങ്ങിയ ‘മാര്‍ക്‌സിസ്റ്റ് ‘ചരിത്രകാരന്മാര്‍ ഹിന്ദുത്വ ആശയങ്ങളിലെ പൊള്ളത്തരങ്ങളും വൈരുധ്യങ്ങളും എടുത്തുകാട്ടി, മതേതര ചിന്തയുടെ ഔജ്വല്യത്തിനായി വാദിച്ചു. മുഷീറുല്‍ ഹസ്സന്‍, അഷിന്‍ ദാസ്ഗുപ്ത, ധര്‍മകുമാര്‍, തപന്റായ് ചൗധരി തുടങ്ങിയ ലിബറല്‍ ചിന്താഗതിക്കാരുടെ കിടയറ്റ രചനകള്‍, ആര്‍ എസ് എസ് താത്ത്വികന്മാരുടെ വലതുപക്ഷ വീക്ഷണഗതികളെ പോര്‍ക്കളത്തില്‍ അരിഞ്ഞുവീഴ്ത്തി. രജനി കോത്താരി, അശിഷ് നന്ദി, അമര്‍ത്യാ സെന്‍,അരുന്ധതി റോയ്, കെ എന്‍ രാജ് തുടങ്ങിയവരുടെ പുരോഗമന കാഴ്ചപ്പാട് ഹിന്ദുത്വ ആശയഗതിയെ എല്ലായ്‌പോഴും ചോദ്യം ചെയ്തു. ആര്‍ എസ് എസിന് അടിയുറപ്പുള്ള ബൗദ്ധികചിന്താമണ്ഡലത്തെ വികസിപ്പിച്ചെടുക്കാന്‍ സാധിക്കാതെപോയത് വലിയ ന്യൂനത തന്നെയായിരുന്നു. സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും അനിവാര്യമായി വരുമ്പോള്‍ സ്വാമി വിവേകാനന്ദനെയും ഉദ്ധരിക്കേണ്ടിവരുന്നത് ഒരു ഇന്റലിജെന്‍ഷ്യ ഗ്രൂപ്പിന്റെ പിന്‍ബലം കൊണ്ട് അനുഗ്രഹിക്കാത്തതിനാലാണ്. ആ പോരായ്മ നികത്തുന്നതിന് കോര്‍പ്പറേറ്റ് മീഡിയയെ വരുതിയില്‍ കൊണ്ടുവന്ന് സ്വയം മുഖംമിനുക്കാനും ഹിന്ദുത്വപദ്ധതികളുടെ പ്രചാരകരായി മാറ്റാനും തന്ത്രങ്ങളാവിഷ്‌കരിച്ചു. ഹിന്ദുത്വയെ അനുകൂലിക്കുന്ന, മധ്യകാല ഇന്ത്യയുടെ പ്രഭാവങ്ങളെ വിസ്മരിച്ച് പൗരാണിക ഭാരതത്തിന്റെ പൈതൃകങ്ങളില്‍ അഭിരമിക്കുന്ന ‘യാഥാസ്ഥിതിക’ ചരിത്രകാരന്മാരായി കൂടുതല്‍ പേരൊന്നും ഇവിടെ ഉണ്ടായിട്ടില്ല. രമേഷ് ചന്ദ്ര മജുംദാര്‍, രാധാകുമുദ് മുഖര്‍ജി, ജി എസ് ഗുരിയ തുടങ്ങിയ പ്രഗല്‍ഭരേ വലതുചേരിക്ക് തുണയായുള്ളൂ. ഉപര്യുക്ത സെക്കുലര്‍ ബുദ്ധിജീവികളെല്ലാം ജീവിതസായാഹ്നത്തില്‍ വിശ്രമജീവിതം നയിക്കുന്നത് തീവ്രവലതുപക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നു. രാമചന്ദ്രഗുഹ, അമര്‍ത്യാ സെന്‍, ഇഅ്ജാസ് അഹമ്മദ്, അശിഷ് നന്ദി തുടങ്ങിയവര്‍ മാത്രമാണ് അടുത്തകാലം വരെ അല്‍പം സജീവമായി ആശയപോരാട്ടത്തിന് ആവേശം കാണിച്ചത്.അതേസമയം, മതേതരപക്ഷത്തെ സൗമ്യമുഖമായിരുന്ന അസ്ഗറലി എഞ്ചിനിയര്‍ വിടവാങ്ങുകയും എ ജി നൂറാനി അക്കാദമികവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ മുസ്‌ലിം സമൂഹത്തിനകത്തെ സംവാദങ്ങള്‍ക്കും പകലറുതി വീണതുപോലെ.

മതേതരത്വത്തിന്റെ ബലപ്പെട്ട അടിത്തറ
മതേതര സംസ്‌കൃതി ഇവിടെ രൂപപ്പെട്ടത് ആധുനികതയുടെ ആഗമത്തോടെയാണെന്ന വാദം വസ്തുതാപരമായി തെറ്റാണ്. സല്‍ത്തനറ്റ്, മുഗിള കാലഘട്ടത്തില്‍ ഇവിടെ മതപരമായി ചേരിതിരിവുകളോ സംഘട്ടനങ്ങളോ ഉണ്ടായിരുന്നില്ല. 1853ലാണ് രാജ്യത്ത് ആദ്യമായി വര്‍ഗീയ സംഘര്‍ഷം ഉണ്ടാവുന്നതെന്ന് രേഖപ്പെടുത്തിയത് ആര്‍ എസ് എസുകാരനായ ഗുരുമൂര്‍ത്തിയാണ്. വിവിധ മത സമൂഹങ്ങള്‍ സൗഹാര്‍ദപരമായി ഇവിടെ ജീവിച്ചപ്പോള്‍ അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും വിത്ത് പാകിയത് ബ്രിട്ടീഷ് കോളനി ശക്തികളാണ്. മുസ്‌ലിം ഭരണാധികാരികള്‍ ഭൂരിപക്ഷസമൂഹത്തിന്റെ ദൈനംദിന ജീവിതത്തിലോ വിശ്വാസ-ആചാരാനുഷ്ഠാനങ്ങളിലോ ഇടപെട്ടിരുന്നില്ല എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വാതന്ത്ര്യപ്രസ്ഥാനങ്ങളുടെ ആന്തരിക സത്ത തന്നെ ഹിന്ദു-മുസ്‌ലിം-സിഖ് ഐക്യവും പാരസ്പര്യവുമാണ്. അതിനെതിരെ ആദ്യമായി രംഗത്തുവന്നത് വി ഡി സവര്‍ക്കറാണ്. ആര്യസമാജ് സ്ഥാപകന്‍ സ്വാമി ദയാനന്ദ സരസ്വതി വികസിപ്പിച്ചെടുത്ത സിദ്ധാന്തങ്ങള്‍, വേദങ്ങളാണ് എല്ലാ അറിവുകളുടെയും കേദാരമെന്നും ശ്രേഷ്ഠമതമായ ഹൈന്ദവതയിലേക്ക് ഇതര മതസ്ഥരെ ‘ശുദ്ധിപ്രസ്ഥാനത്തിലൂടെ ‘മാര്‍ഗം കൂട്ടണമെന്നും വാദിച്ചിട്ടുണ്ട്. സവര്‍ക്കര്‍ ദേശീയതയെ മതവുമായി കൂട്ടിക്കെട്ടി അവതരിപ്പിച്ചപ്പോഴാണ് ‘പിതൃഭൂമി’ ‘പുണ്യഭൂമി’ സങ്കല്‍പങ്ങള്‍ അടിച്ചേല്‍പിക്കുന്നത്. അതോടെ, ഹിന്ദുക്കളും സിഖുകാരും ഇന്ത്യക്കാരായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും പാര്‍സികളും പൗരത്വസങ്കല്‍പത്തില്‍നിന്ന് പുറത്ത് നിറുത്തപ്പെട്ടു. സനാതന ഹിന്ദുവായ ഗാന്ധിജി ഇതിനോട് വിയോജിച്ചു. തൊട്ടുകൂടായ്മക്കെതിരെ ഗാന്ധിജിയും ബി ആര്‍ അംബേദ്കറും തുടങ്ങിവെച്ച ധൈഷണികമായ പോരാട്ടം യാഥാസ്ഥിതിക ഹിന്ദുവ്യവസ്ഥിതിയുടെ അടിത്തറ സൈദ്ധാന്തികമായി തകര്‍ത്തു. പ്രായോഗിക ജീവിതത്തില്‍ തൊട്ടുകൂടായ്മ ഇന്നും നിലനില്‍ക്കുന്നുണ്ട്. സവര്‍ക്കര്‍ ബീജാവാപം നല്‍കിയ ഹിന്ദുമഹാസഭ ബഹുസ്വരതയെ തുടക്കത്തിലേ നിരാകരിച്ചു. ഹിന്ദുമഹാസഭയിലൂടെ ബി ജെ പിയുടെ ആദ്യരൂപമായ ജനസംഘത്തിന് നേതൃത്വംകൊടുത്ത ഡോ.ശ്യാമപ്രസാദ് മുഖര്‍ജി, ഹൈന്ദവതയിലൂടെ ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനു തന്നെ മാറ്റം വരുത്താന്‍ സാധിക്കുമെന്നും കോടിക്കണക്കിന് മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ കഴിയുമെന്നും വാദിച്ചു.
ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള പോരാട്ടം കൃത്രിമമാണെന്നും ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണെന്നും ഗാന്ധിജി ഉറച്ചുവിശ്വസിച്ചു. മധ്യകാല മുസ്‌ലിം ഭരണാധികാരികള്‍ ഈ രാജ്യത്തിന്റെ പ്രയാണപഥത്തില്‍ ഗണ്യമായി സംഭാവനകളര്‍പ്പിച്ചിട്ടുണ്ടെന്നും അവരും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും ഗാന്ധിജി വാദിച്ചു. 1910ല്‍ അദ്ദേഹം ഹിന്ദ്‌സ്വരാജില്‍ എഴുതി: ” India cannot cease to be a single nation because people belonging to different religions live in it. The introduction of foreigners does not necessarily destroy the nation, they merge it. A country is one nation only when such condition obtain in it India has been such a country. ഇവിടെ വിവിധ മതങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നത് കൊണ്ട് ഇന്ത്യ ഒരു നേഷന്‍ അല്ലാതാവുന്നില്ല. വിദേശികളുടെ വരവ് രാജ്യത്തെ നശിപ്പിക്കുന്നില്ല, അവര്‍ അതില്‍ ഉള്‍ച്ചേരുകയാണെന്നും ഗാന്ധിജി വാദിച്ചു. മഹാത്മയുടെ അരുമശിഷ്യന്‍ മൗലാന അബുല്‍ കലാം ആസാദ് ആ വിചാരധാരയെ കൂടുതല്‍ വികസിപ്പിച്ചു. ‘ഗംഗ യമുന തഹ്‌സീബ്’ എന്ന വിശേഷണത്തോടെ ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക സമന്വയത്തെ പോഷിപ്പിക്കുന്ന വിധം ഒരു രാഷ്ട്രീയവിചാരഗതിയെ അദ്ദേഹം ഊട്ടിയുറപ്പിച്ചു. 1940ല്‍ രാംഗഢില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ അധ്യക്ഷ പ്രസംഗം പാരസ്പര്യത്തിലൂന്നിയ മതേതരമൂല്യങ്ങളെ പൊലിപ്പിച്ചുനിറുത്തിയത് ഇങ്ങനെ: ”എത്രയേ മനുഷ്യവംശങ്ങളും സംസ്‌കാരങ്ങളും മതങ്ങളും ഇവിടുത്തേക്ക് ഒഴുകിയെത്താനും സൗഹാര്‍ദപരമായ മണ്ണില്‍ ആവാസം ഉറപ്പിക്കാനും സാര്‍ഥവാഹക സംഘങ്ങള്‍ക്ക് വിശ്രമയിടം നല്‍കാനുമുള്ളതാണ് ഇന്ത്യയുടെ ചരിത്രപരമായ നിയോഗം. ചരിത്രത്തിന്റെ പ്രഭാതങ്ങള്‍ക്ക് മുമ്പ് തന്നെ ഈ കാരവനുകള്‍ ഇവിടുത്തേക്ക് നടന്നടുക്കുകയും തരംഗത്തിന് പിന്നില്‍ മറ്റൊരു തരംഗമായി പുതിയവ ഇവിടെ എത്തിച്ചേരുകയും ചെയ്തു. പ്രവിശാലവും ഫലഭൂയിഷ്ഠവുമായ ഈ മണ്ണ് അവര്‍ക്കെല്ലാം സ്വാഗതമരുളുകയും മടിത്തട്ടിലേക്ക് വിളിച്ചടുപ്പിക്കുകയുമുണ്ടായി. ഈ കാരവനുകളിലെ അവസാനത്തേതിലൊന്നാണ് പൂര്‍വീകരെ പിന്തുടര്‍ന്നെത്തിയ ഇസ്‌ലാമിന്റെ അനുയായികള്‍. അവര്‍ ഇവിടെ വരുകയും നല്ലതിനായി കുടിയേറിപ്പാര്‍ക്കുകയും ചെയ്തു.” പതിനൊന്ന് നൂറ്റാണ്ടുകള്‍ അങ്ങനെ കഴിഞ്ഞു. പതിനൊന്ന് നൂറ്റാണ്ടിന്റെ പൊതുചരിത്രം ഇന്ത്യയുടെ പൊതുനേട്ടങ്ങള്‍ കൊണ്ട് രാജ്യത്തിന്റെ ചരിത്രത്തെ പോഷിപ്പിച്ചു. നമ്മുടെ ഭാഷ, സംഗീതം, നമ്മുടെ സാഹിത്യം, നമ്മുടെ സംസ്‌കാരം, നമ്മുടെ വേഷം, നമ്മുടെ ഭാവഹാവാദികള്‍ , നമ്മുടെ പാരമ്പര്യം എല്ലാം തളിര്‍ത്തുവളര്‍ന്നത് ഈ നീണ്ടകാലത്തെ കൂട്ടായ പരിശ്രമങ്ങള്‍ വഴിയാണ്. ഈ കൂട്ടായ ജീവിതപ്രയാണത്തെ സെക്കുലറിസം എന്ന ആംഗലേയപദം കൊണ്ടാണ് നാം പരികല്‍പന ചെയ്തത്. ഇന്ത്യ എന്ന മഹത്തായ ഒരു രാജ്യത്തിന്റെ ഉണ്‍മയും ആത്മാവും പാരസ്പര്യത്തിന്റെ ഈ ‘തഹ്‌സീബി’ലാണ് നാം ഭദ്രമായി സൂക്ഷിച്ചത്. എന്നാല്‍, ഇതിനു സമാന്തരമായി ഒഴുകിയ സങ്കുചിതത്വത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തിന് ഈ ഉദാത്തമൂല്യങ്ങളെ ഹനിക്കാന്‍ സാധിക്കുമെന്ന് രാഷ്ട്രശില്‍പികള്‍ സ്വപ്‌നേപി നിനച്ചിരുന്നില്ല. ഭരണകൂടം ഇന്ന് കാണുന്ന മട്ടില്‍ ആസുരരൂപം പ്രാപിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ സാധിച്ചിരുന്നില്ല.

ചീട്ടുകൊട്ടാരം പോലെ തകരുന്ന സ്വപ്നങ്ങള്‍
മതേതരത്വത്തിനു നേരെ ആര്‍ എസ് എസ് ഉയര്‍ത്തിയ വെല്ലുവിളി പോലെ ലോകചരിത്രത്തില്‍ ഏതെങ്കിലും രാഷ്ട്രീയദര്‍ശനത്തോട് ഏതെങ്കിലും വിചാരഗതി ശത്രുത പുലര്‍ത്തിയതായി കാണാന്‍ പ്രയാസമാണ്. സംഘടന പിറന്നത് തന്നെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതയുടെ പുറത്താണ്. എന്നാല്‍ അതിന്റെ വിഷലിപ്തമായ കാഴ്ചപ്പാടുകള്‍ സമൂഹവ്യാപനം നടത്തുന്നത് 1940കള്‍ തൊട്ടാണ്. 1940മുതല്‍ 73വരെ എം എസ് ഗോള്‍വാള്‍ക്കര്‍ സര്‍സംഘ്ചാലകായി അമരത്തിരുന്നപ്പോഴാണ് അതിന്റെ വിചാരധാര സൂക്ഷ്മാര്‍ഥത്തില്‍ മതേതരവിരുദ്ധ മുഖം മുഴുവന്‍ പുറത്തുകാണിച്ചത്. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിറകെ, ഗാന്ധിജിയെ വെടിവെച്ചുകൊല്ലുന്നതിന് നാളുകള്‍ക്ക് മുമ്പ്, ഡല്‍ഹിയില്‍ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ഗോള്‍വാള്‍ക്കര്‍ പറഞ്ഞു: ”ഭൂമുഖത്തെ ഒരു ശക്തിക്കും മുസ്‌ലിംകളെ ഹിന്ദുസ്ഥാനില്‍ നിലനിറുത്താന്‍ സാധിക്കില്ല. അവര്‍ രാജ്യം വിട്ടുപോകണം.” വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അദ്ദേഹം വിദ്വേഷധൂളികള്‍ വിതറിയതിങ്ങനെ: ” മുസ്‌ലിംകളെ കുറിച്ച് നമ്മള്‍ എന്തുവിശ്വസിച്ചാലും ശരി, അവര്‍ ഒന്നടങ്കം നമ്മോട് ശത്രുത വെച്ചുപുലര്‍ത്തുന്നു. നമ്മള്‍ ക്ഷേത്രത്തില്‍ ആരാധന നടത്തുമ്പോള്‍ അവര്‍ അത് അശുദ്ധമാക്കുന്നു. നമ്മള്‍ ഗോമാതാവിനെ ആരാധിക്കുമ്പോള്‍ അവര്‍ അതിനെ തിന്നാന്‍ ഇഷ്ടപ്പെടുന്നു. സ്ത്രീകളെ സമര്‍പ്പണത്തിന്റെ മാതൃത്വമായി നാം മഹത്വവത്കരിക്കുമ്പോള്‍ അവര്‍ അവരെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നു. എല്ലാ തലങ്ങളിലും, മതപരവും സാമൂഹികവും സാംസ്‌കാരികവുമായി അവര്‍ നമ്മുടെ ദൈനംദിന ജീവിതത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നു.” വിദ്വേഷജഢിലമായ ഇത്തരം അധ്യാപനങ്ങളാണ് നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മറ്റേത് സംഘ്പരിവാര്‍ പ്രവര്‍ത്തകന്റെയും ജീവിതകാഴ്ചപ്പാടുകള്‍ക്ക് ഊടും പാവും നല്‍കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഭൂമുഖത്തെ ഏറ്റവും മുഖ്യശത്രുക്കള്‍ മുസ്‌ലിംകളാണ്. മതേതര ചിന്ത ഒരിക്കലും സംഘ്പരിവാറിന്റെ മനസ്സിലേക്ക് കടന്നുവരില്ല. 70പതിറ്റാണ്ടിന്റെ മതേതര പൈതൃകത്തെക്കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് പോലും അവര്‍ക്ക് സഹിക്കില്ല. ഇവിടെയാണ് രാഷ്ട്രശില്‍പികളുടെ സ്വപ്നങ്ങള്‍ തകരുന്നത്. മോഡിഭരണകൂടം ഇപ്പോള്‍ നടപ്പാക്കുന്നത് ഹിന്ദുത്വ സങ്കല്‍പത്തിലുള്ള പദ്ധതികളാണ്. അത് അറിയാവുന്നത് കൊണ്ടാണ് ആരും മതേതരത്വത്തെക്കുറിച്ച് മിണ്ടാത്തത്. കാര്യമില്ലെന്ന് അറിയാം. പക്ഷേ ഒരുകാര്യം മറക്കരുത്; മതേതരത്വം അല്ലെങ്കില്‍ സെക്കുലറിസം എന്നത് കേവലമൊരു ആശയമോ മുദ്രാവാക്യമോ അല്ല. ഒരു ജീവിതസംസ്‌കാരമാണ്. അത് പൂര്‍ണമായി നിരാകരിക്കുന്നതോടെ എന്തു സംഭവിക്കുമെന്ന് തെളിയിച്ചതാണ് 2019ന്റെ പ്രത്യേകത. മുസ്‌ലിംകളുടെ അന്യവത്കരണം, പൗരത്വനിഷേധം, ആള്‍ക്കൂട്ടക്കൊല, ജുഡീഷ്യറി വഴിയുള്ള പ്രതികാരം, കരിനിയമങ്ങള്‍ കൊണ്ടുള്ള അടിച്ചമര്‍ത്തല്‍, മതകീയമായ വേര്‍തിരിവും കടുത്ത വിവേചനവും… ഇന്ത്യ എന്ന മഹത്തായ ആശയത്തിന്റെ മരണം ഈ രാജ്യത്തിന്റെ അന്ത്യമാണെന്ന് മനസ്സിലാക്കുന്ന ഒരുദിവസം വരാതിരിക്കില്ല; അപ്പോഴേക്കും പലതും നഷ്ടപ്പെട്ടിട്ടുണ്ടാവും.

KASIM IRIKKOOR

You must be logged in to post a comment Login