ചാനല്‍ റേറ്റിംഗ്: വസ്തുതകളെ തോല്പിക്കാന്‍ ശേഷിയുണ്ട് ഈ മത്സരത്തിന്

ചാനല്‍ റേറ്റിംഗ്: വസ്തുതകളെ തോല്പിക്കാന്‍ ശേഷിയുണ്ട് ഈ മത്സരത്തിന്

വിഷയം സ്വര്‍ണക്കടത്താണ്. ഇതിനകം അറസ്റ്റിലായ ചെറുപ്പക്കാരന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഈ സ്ത്രീയെക്കുറിച്ച് (പേര് ഒഴിവാക്കുകയാണ്) പരാമര്‍ശിക്കുന്നുണ്ടെന്നും സ്ത്രീയുടെ പങ്കിനെക്കുറിച്ച് ചെറുപ്പക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ബി ജെ പി നേതാവിന്റെ ഘോരവാദം. അതെ, റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഈ സ്ത്രീയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് മതനിരപേക്ഷ പ്ലാറ്റ്ഫോമാണെന്ന് പൊതുവില്‍ (തെറ്റി)ധരിക്കപ്പെടുന്ന പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് മതനിരപേക്ഷ – പുരോഗമന നിലപാടുകാരനെന്ന പ്രതിച്ഛായ നിലനിര്‍ത്തുന്ന അവതാരകന്‍ ആവര്‍ത്തിക്കുന്നു. സ്ത്രീയെക്കുറിച്ച് എന്നല്ല, കുഴപ്പക്കാരിയായ സ്ത്രീയെക്കുറിച്ച് എന്നാണ് (അവരുടെ പേര് പലകുറി പറയുന്നുണ്ട്) അവതാരകന്‍ ആവര്‍ത്തിക്കുന്നത്.

ബി ജെ പി നേതാവ് സൂചിപ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഈ സ്ത്രീയെക്കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. പ്രസ്തുത റിപ്പോര്‍ട്ട് പൊതുരേഖയായിട്ടുള്ളതാണ്. ഏതാണ്ടെല്ലാ ടെലിവിഷന്‍ ചാനലുകളും പകര്‍പ്പ് കൈവശമുണ്ട് എന്ന് ഘോഷിച്ചതുമാണ്(ഈ ചര്‍ച്ച നടക്കുന്ന സമയത്തുള്ള റിപ്പോര്‍ട്ടിനെക്കുറിച്ചാണ് പറയുന്നത്, പരാമര്‍ശിക്കപ്പെട്ട സ്ത്രീ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതൊക്കെ അന്വേഷണത്തിലൂടെ അറിയേണ്ടതുമാണ്). അതാണിപ്പോള്‍ മലയാള ടെലിവിഷന്‍ ചാനലുകളുടെ മുഖ്യആയുധം. രേഖ കൈവശമുണ്ട് എന്ന് പറയുക. നാലഞ്ച് ദിവസമായി പൊതുഇടത്തില്‍ (സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ) ഉള്ളതാണെങ്കിലും രേഖ കൈവശമുണ്ട് എന്ന് വലിയക്ഷരത്തില്‍ എഴുതിക്കാട്ടാനും വലിയവായില്‍ പറയാനുമുള്ള ‘ചങ്കൂറ്റം’ മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ ആര്‍ജിച്ചിരിക്കുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിലേക്ക് തന്നെ വരാം. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറയുകയോ ഉള്ളകാര്യങ്ങള്‍ ഇല്ലെന്ന് പറയുകയോ ചെയ്യുക എന്നത് ബി ജെ പി നേതാക്കളെ സംബന്ധിച്ചോ സംഘപരിവാരത്തിലെ നേതാക്കളെ സംബന്ധിച്ചോ പുതുമയുള്ള കാര്യമല്ല. നുണകള്‍ നിര്‍മിക്കുകയും അത് സംഘടിതമായി പ്രചരിപ്പിച്ച് വസ്തുതയാണെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്യുക എന്നതാണ് അവരുടെ മുഖ്യ ജോലി. അതിന്റെ ഉച്ചഭാഷിണിയാകാന്‍ പ്രമുഖ അവതാരകന്‍ തയാറാകുമ്പോള്‍ അതില്‍ അന്തര്‍ലീനമായുള്ള രാഷ്ട്രീയത്തെ കാണാതിരുന്നുകൂടാ.
അവാസ്തവങ്ങളോ അര്‍ധസത്യങ്ങളോ കള്ളങ്ങളോ പ്രചരിപ്പിക്കാനും ദുസ്സൂചനയോടെ പ്രയോഗങ്ങള്‍ നടത്താനും സാധ്യതയുള്ള കേസായി സ്വര്‍ണക്കടത്ത് മാറിയിരിക്കുന്നത് കൊണ്ടും സെന്‍സേഷണലിസമാണ് കച്ചവടത്തിന്റെ ഏറ്റവും മികച്ച മാര്‍ഗമെന്ന് തിരിച്ചറിവുണ്ടായതുകൊണ്ടും കൂടിയാകണം ബി ജെ പി നേതാവ് പറയുന്നത് അവാസ്തവമാണെന്ന് അറിഞ്ഞുകൊണ്ട് അതിനെ പ്രതിധ്വനിപ്പിക്കാന്‍ അവതാരകന്‍ തയാറായത്. മലയാളത്തിലെ ഏതാണ്ടെല്ലാ ടെലിവിഷന്‍ ചാനലുകളും എത്തിപ്പെട്ടിരിക്കുന്ന സ്ഥിതിയാണിത്. വലിയ അവതാരകരും പേരെടുത്ത റിപ്പോര്‍ട്ടര്‍മാരുമൊക്കെയാകുമ്പോള്‍ പ്രതിധ്വനിക്ക് മുഴക്കം കൂടും. മറ്റുള്ളവരാകുമ്പോള്‍ കുറയുമെന്ന വ്യത്യാസമേയുള്ളൂ. സംപ്രേഷണം ചെയ്യുന്നത് വസ്തുതയാകണമെന്ന നിര്‍ബന്ധം സ്ഥാപനത്തിനോ അതില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കോ ഇല്ലാതായിരിക്കുന്നു. മത്സരത്തില്‍ മുന്നിലെത്തുക, അതിന് അജണ്ടകളുടെ, പ്രത്യേകിച്ച്, ഹിന്ദുത്വ അജണ്ടകളുടെ ചാലക ശക്തിയാകുകയാണ് വേണ്ടതെങ്കില്‍ അത് ചെയ്യുക എന്നതിലേക്ക് എത്തിയിരിക്കുന്നു മുഖ്യധാരാ ചാനലുകള്‍. ശബരിമല സമരവേദിയായി മാറിയ കാലത്ത് സംഘ്പരിവാര്‍ ചാനലിന്റെ റേറ്റിംഗ് കുത്തനെ കുതിച്ചുയര്‍ന്നത്, നേരത്തെ മുതല്‍ ആരംഭിച്ചിരുന്ന ഹിന്ദുത്വചായ്വിന് ആക്കം കൂട്ടുകയും ചെയ്തു. ഇപ്പോള്‍ സ്വീകരിക്കുന്ന പ്രതിപക്ഷ നിലാടുകള്‍, ആത്യന്തികമായി ബി ജെ പിയുടെ ഖജാനയിലേക്ക് മുതല്‍ക്കൂട്ടാകണമെന്ന് ചിന്തിക്കുന്നവരാകണം ഭൂരിഭാഗം ചാനലുകളും. എന്നാല്‍ ഹിന്ദുത്വശക്തികള്‍ക്ക് സ്വാധീനമുള്ള കമ്പോളമായി കേരളം പൂര്‍ണമായി മാറിയിട്ടില്ലാത്തതിനാല്‍ നിഷ്പക്ഷ മുഖംമൂടിയുടെ മിന്നലാട്ടങ്ങള്‍ ഇവരുടെ സ്‌ക്രീനുകളിലുണ്ടാകുകയും ചെയ്യും.

ഈ അന്തരീക്ഷത്തിലാണ് മലയാളത്തിലെ ഏറ്റവും പുതിയ ചാനലായ 24 ന്യൂസ് പ്രേക്ഷക പ്രീതിയില്‍ മുന്നിലേക്ക് കുതിക്കുന്നത്. നാല് കോടിയോളം ജനങ്ങള്‍ക്ക് എട്ട് വാര്‍ത്താ ചാനലുകള്‍! കമ്പോളത്തിലെ വിഹിതത്തിന് വേണ്ടിയുള്ള കനത്ത മത്സരത്തില്‍ ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ (ബാര്‍ക്) ആഴ്ചയ്ക്ക് നല്‍കുന്ന കണക്ക് വളരെ പ്രധാനമാണ്. റേറ്റിംഗ് ചാര്‍ട്ടില്‍ വലിയ ചലനമൊന്നും തുടക്കത്തില്‍ പ്രകടിപ്പിക്കാതിരുന്ന 24 ആറ് മാസം മുമ്പാണ് ഓട്ടത്തിന് വേഗം കൂട്ടുന്നത്. മൂന്ന് മാസത്തിനിടെ അവര്‍ റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. മനോരമയും മാതൃഭൂമിയും മാറിമാറി കൈവശം വെച്ചിരുന്ന രണ്ടാം സ്ഥാനം അത്രയെളുപ്പത്തില്‍ അവര്‍ക്ക് തിരികെപ്പിടിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. (ബാര്‍ക് പരസ്യപ്പെടുത്തിയിരിക്കുന്ന ആദ്യ അഞ്ച് സ്ഥാനക്കാരെ സംബന്ധിച്ച ചാര്‍ട്ട് പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും) ഇന്ത്യാവിഷന്‍ ന്യൂസ് ചാനല്‍ തീര്‍ത്തും ക്ഷീണാവസ്ഥയിലായതിന് ശേഷം ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് ചെറുതല്ലാത്ത വെല്ലുവിളി 24 ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.
ആകെ പ്രേക്ഷകരില്‍ 28 മുതല്‍ 32 വരെ ശതമാനത്തിന്റെ പിന്തുണ ഇപ്പോഴും ഏഷ്യാനെറ്റിനുണ്ട്. 18 മുതല്‍ 21 വരെ ശതമാനമാണ് ഇപ്പോള്‍ 24ന്റെ കൈമുതല്‍. കൊവിഡ് 19ന്റെ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലത്ത് ന്യൂസ് ചാനലുകളുടെ കാഴ്ച വര്‍ധിച്ചിരുന്നു. അത് മുതലെടുക്കാന്‍ 24ന് നന്നായി കഴിഞ്ഞു. അത് മുതലെടുക്കാന്‍ പാകത്തിലായിരുന്നു അവരുടെ പ്രവര്‍ത്തന പദ്ധതി, തുടക്കം മുതല്‍.

ടെലിവിഷന്‍ പൊതുവില്‍ റിപ്പോര്‍ട്ടര്‍മാരുടെ മാധ്യമമായാണ് കരുതപ്പെട്ടിരുന്നത്. മലയാളത്തിലാകട്ടെ, ഏഷ്യാനെറ്റില്‍ (വാര്‍ത്താ ചാനലാകുന്നതിന് മുമ്പ്) ആരംഭിച്ച ന്യൂസിന്റെ ചേരുവകളാണ് പിന്തുടരപ്പെട്ടത്. പിന്നീട് ഇന്ത്യാവിഷന്‍ 24 മണിക്കൂര്‍ വാര്‍ത്ത എന്ന സങ്കല്‍പ്പം മലയാളത്തിലേക്ക് പകര്‍ത്തിയപ്പോള്‍ ആവിഷ്‌കരിച്ചതൊക്കെയും ആവര്‍ത്തിക്കപ്പെട്ടു. അതിനുശേഷം ടെലിവിഷന്‍ സ്‌ക്രീനില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടത് മീഡിയവണായിരുന്നു. നാളെ മുതല്‍ നിങ്ങളുടെ ടെലിവിഷന്‍ സ്‌ക്രീന്‍ പഴയതുപോലെയായിരിക്കില്ലെന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയ അവര്‍ക്ക് പക്ഷേ പൊതുവിനോദ പരിപാടികളുടെ രംഗത്തുനിന്ന് തുടക്കത്തില്‍ തന്നെ പിന്മാറേണ്ടിവന്നു. പൊതുവിനോദത്തിനൊപ്പം നടത്തിയിരുന്ന വാര്‍ത്തയില്‍ കാണിച്ചിരുന്ന ജാഗ്രതയും വിശകലനത്തിന് എടുക്കുന്ന വിഷയങ്ങളിലെ വൈവിധ്യവും വാര്‍ത്താചാനല്‍ എന്ന നിലയിലേക്ക് മാറിയപ്പോള്‍ ഇല്ലാതാകുകയും ചെയ്തു. നടത്തിപ്പുകാരുടെ ജിഹ്വ എന്ന തോന്നല്‍ കൂടി സൃഷ്ടിക്കപ്പെട്ടതോടെ പൊതുമാധ്യമമെന്ന നിലയ്ക്ക് കരുത്തുകാട്ടുമെന്ന പ്രതീക്ഷ ഇല്ലാതാകുകയും ചെയ്തു.

ഇവിടെയാണ് 24 എന്ന ചാനല്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാട് ശ്രദ്ധേയമാകുന്നത്. പ്രശ്നങ്ങളെ കുറച്ചധികം വലുപ്പത്തില്‍ കാണിക്കുക (ക്ലോസ് അപ്) എന്നതാണ് ടെലിവിഷന്റെ ജന്മദൗത്യം എന്നത് മറക്കരുത് എന്നവര്‍ നിശ്ചയിച്ച് കാണണം. വാര്‍ത്തയ്ക്കൊപ്പം അത് കൂടിച്ചേരുന്ന കൗതുകത്തിനും സ്ഥാനമുണ്ട് എന്നും. അതുകൊണ്ട് തന്നെ ഗ്രൗണ്ടില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകളുടെ വലുപ്പത്തേക്കാള്‍ അതിനെ സ്‌ക്രീനില്‍ എങ്ങനെ അവതരിപ്പിക്കുന്നുവെന്നതിനാണ് പ്രാധാന്യം എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. ശ്രീകണ്ഠന്‍ നായരെന്ന മുഖ്യഗ്രഹത്തിലും ഡോ. അരുണ്‍കുമാര്‍, കെ ആര്‍ ഗോപീകൃഷ്ണന്‍, ഹര്‍ഷന്‍ എന്നീ ഉപഗ്രഹങ്ങളിലും കേന്ദ്രീകരിക്കുകയും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു തന്ത്രം. പുതിയ കാലത്തെ അടിസ്ഥാന സൗകര്യമെന്നത് സാങ്കേതികവിദ്യയാണെന്ന തിരിച്ചറിവ്, അത് ഉപയോഗിച്ചപ്പോഴുണ്ടായ പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് മുന്നേറാനുള്ള ഊര്‍ജം ഇതൊക്കെ ആ മുന്നേറ്റത്തിന് കാരണമാണ്. റിപ്പോര്‍ട്ടര്‍മാരെ കേന്ദ്രീകരിക്കുന്നതിന് പകരം ആങ്കര്‍മാരില്‍ കേന്ദ്രീകരിച്ചു (ന്യൂസ് ഡെസ്‌കില്‍ കേന്ദ്രീകരിച്ചുവെന്നാകും കുറച്ചുകൂടെ ശരി). ഇത് തുടക്കം മുതലുള്ള ശീലമാകയാല്‍ ലോക്ഡൗണ്‍ കാലത്തോട് പൊടുന്നനെ ഇണങ്ങി തന്ത്രങ്ങളാവിഷ്‌കരിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനം റേറ്റിംഗ് ചാര്‍ട്ടില്‍ കാണുകയും ചെയ്തു.

ന്യൂസ് ഡെസ്‌ക് കേന്ദ്രീകൃതമാകയാല്‍ ഓരോ സാഹചര്യത്തിനും ഉതകും വിധത്തില്‍ അല്ലെങ്കില്‍ ഓരോ അന്തരീക്ഷത്തിലും ജനത്തിന്റെ വികാരമെന്താണെന്നതിന് അനുസരിച്ച് വാര്‍ത്തകളെ ക്രമീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷം അതിരുകടന്ന് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിദേശീയതയില്‍ ഊന്നുകയാണ് ചെയ്തത്. രോഗത്തെ ഭയന്ന ജനം സര്‍ക്കാറിനൊപ്പമാണെന്ന് വേഗം മനസ്സിലാക്കി കൊവിഡ് കാലത്ത്, ഭരണത്തിനൊപ്പം നിന്നു. രോഗമാണ് ജനത്തിന്റെ വലിയ ശത്രുവെന്നും ബാക്കിയൊക്കെ അതിന് ശേഷമേ വരൂവെന്നും തിരിച്ചറിയാതെ, അജണ്ടകളാല്‍ നിയന്ത്രിക്കപ്പെട്ട് ഇതര ചാനലുകള്‍ പ്രവര്‍ത്തിക്കുക കൂടി ചെയ്തപ്പോള്‍ 24ന് മുന്നേറ്റം എളുപ്പവുമായി. കൊവിഡില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന കടന്നുകയറിയെന്ന വാര്‍ത്ത വന്നപ്പോള്‍ വീണ്ടും ദേശീയതയ്ക്കൊപ്പം നില്‍ക്കാന്‍ അവര്‍ മടി കാണിച്ചില്ല. കാര്‍ട്ടൂണ്‍ ചാനലാണോ എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പിക്കും വിധത്തിലുള്ള ഗ്രാഫിക്സ്, പക്ഷേ, ഒരേ മട്ടിലുള്ള വാര്‍ത്തകള്‍ കണ്ടുമടുത്ത സാധാരണ മലയാളിയെ പിടിച്ചിരുത്താന്‍ പോന്നതുമായി. ഏതെങ്കിലും മത വിഭാഗത്തിന്റെയോ പ്രസിദ്ധീകരണ വിഭാഗത്തിന്റെയോ പിന്തുണയില്ല എന്നതും 24ന് നേട്ടമാണ്. ഒരു മുന്‍വിധിയും പ്രേക്ഷകനില്‍ ഉണ്ടാക്കുന്നില്ല എന്നത് ചെറുതല്ലാത്ത ആശ്വാസമായിരിക്കും 24ന്റെ നടത്തിപ്പുകാര്‍ക്ക്.

ഇതിനൊപ്പം പ്രധാനമാണ് ശ്രീകണ്ഠന്‍ നായരുടെ സാന്നിധ്യം. വലിയ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയോ കവലപ്രസംഗങ്ങള്‍ നടത്തുകയോ ചെയ്യുക എന്നതാണ് ‘ചിരപ്രതിഷ്ഠ’രായ ആങ്കര്‍മാരുടെ പൊതുരീതി. അതില്‍ നിന്ന് മാറി ലളിതമായി സംസാരിക്കുകുയും ചോദിക്കേണ്ടത് എന്ന് ജനങ്ങള്‍ക്ക് തോന്നുന്ന ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന ഒരാള്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് എളുപ്പത്തില്‍ സാധിച്ചു. പ്രേക്ഷകരുടെ സംശയങ്ങളോട്, വിമര്‍ശനങ്ങളോട്, കളിയാക്കലുകളോട് ഒക്കെ പ്രതികരിക്കാന്‍ തയാറാകുകയും ചെയ്തു. ഈ മാധ്യമത്തിന്റെ പൈങ്കിളിത്തം (മോശമായല്ല പറയുന്നത്) ശരിയായി മനസ്സിലാക്കുകയും ഇനിയങ്ങോട്ട് മത്സരിക്കേണ്ടത് സാമൂഹിക മാധ്യമങ്ങളോടാണ് എന്ന് തിരിച്ചറിയുകയും ചെയ്തുവെന്നതാണ് ശ്രീകണ്ഠന്‍ നായരുടെയും ടീമിന്റെയും വിജയം. സാമൂഹിക മാധ്യമങ്ങളോട് മത്സരിക്കണമെങ്കില്‍ വേഗം ഘടകമാണ്, ഒന്നു തോണ്ടി താഴേക്ക് നീക്കുന്നതിനിടയില്‍ മനസ്സിലാക്കിപ്പോകാന്‍ പാകത്തിലാകണമെന്നത് ഘടകമാണ്. പൊതുവികാരത്തിന്റെ ഒഴുക്ക് ഏത് ദിശയിലാണെന്ന് മനസ്സിലാക്കാനും എളുപ്പമാണ് (പൊതുവികാരം എപ്പോഴും ശരിയാണെന്ന് ഇതിനര്‍ഥമില്ല. കച്ചവടത്തിന് ഗുണകരമാണെന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ).

തന്ത്രങ്ങളുടെ കരുത്തിലാണ് 24ന്റെ മുന്നേറ്റമെന്ന് ചുരുക്കം. അതിനോട് അനുകരണം കൊണ്ട് പൊരുതാനാണ് മറ്റ് ചാനലുകളൊക്കെ തീരുമാനിച്ചത്. ദീര്‍ഘകാലം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന, വെല്ലാനാരുമില്ലെന്ന് അഹങ്കരിച്ചിരുന്ന ഏഷ്യാനെറ്റ് ന്യൂസ് പോലും. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിച്ച പരിപാടിയുടെ വികലമായ അനുകരണം കൊണ്ട് പ്രഭാതം നിറയ്ക്കുന്നു ഏതാണ്ടെല്ലാ ചാനലുകളും. ചെറുമാറ്റം പോലുമില്ലാത്ത അനുകരണം. ഗ്രാഫിക്സാണ് മുന്നേറ്റത്തിന് കാരണമെന്ന് ധരിച്ച്, സ്‌ക്രീന്‍ മുഴുവന്‍ എഴുതി നിറയ്ക്കുന്നുമുണ്ട്. പുതിയ ഗ്രാഫിക്സുകള്‍ക്കായി മൂലധനച്ചെലവ് നടത്താനൊരുങ്ങുകയാണ് അവരെന്നും കേള്‍ക്കുന്നു. ഇത്തരം അനുകരണങ്ങള്‍ 24ന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുകയാണ്. അവര്‍ ചെയ്യുന്നത് മറ്റുള്ളവരൊക്കെ അനുകരിക്കുകയാണ് എന്ന് പറയുമ്പോള്‍ ഒറിജിനല്‍ കണ്ടാല്‍ മതിയല്ലോ എന്ന് ചിന്തിക്കുന്നവര്‍ കുറവാകില്ല. ഈ അനുകരണയജ്ഞത്തിലൂടെ സ്വന്തം വ്യക്തിത്വം ഇല്ലാതാക്കുന്നത് ഏതളവില്‍ മാരകമാകുമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? സാമൂഹിക മാധ്യമങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങളുടെ പ്രസക്തി ചോദ്യംചെയ്യുന്ന, അങ്ങനെ ചോദ്യംചെയ്യും വിധത്തിലേക്ക് സാമൂഹിക മാധ്യമങ്ങളെ ഹിന്ദുത്വ വര്‍ഗീയത വളര്‍ത്തിയെടുക്കുന്ന കാലത്ത് വ്യക്തിത്വത്തോടെ നിലനില്‍ക്കുക എന്നതും അതിജീവനത്തിന്റെ മാര്‍ഗമാണ് എന്ന് ആലോചിക്കുന്നുണ്ടോ? ഉണ്ടാകാന്‍ ഇടയില്ല.

അനുകരണയജ്ഞം തുടരുകയും അത് ഫലം കാണാതെ വരികയും ചെയ്യുമ്പോള്‍ ആദ്യം വിവരിച്ച രാഷ്ട്രീയം കൂടുതല്‍ പ്രസക്തമാകും. കച്ചവടത്തിന് ഏറ്റവും നല്ലത്, ഉറച്ച ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കുക എന്നതാണ്. ഹിന്ദുത്വ ക്ലസ്റ്ററിന്റെ സാധ്യത, ഇവിടെയും പരിശോധിക്കപ്പെട്ടേക്കാം. അതിനെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളെ ഇക്കാലമത്രയും ചെറുത്തുനിന്നത് നമ്മുടെ പൊതുവിടങ്ങളെ ഭരിച്ചിരുന്ന മതനിരപേക്ഷ ആശയങ്ങളാണ്. അതില്‍ വലിയ പങ്ക് മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. മത്സരത്തില്‍ പിന്നാക്കം പോകുകയും കച്ചവടം മുരടിക്കുകയും ചെയ്താല്‍ വര്‍ഗീയതയുടെ വക്താക്കളുടെ ആശയങ്ങളെ, അവാസ്തവമോ അബദ്ധമോ എന്തുമാകാം, ഒളിച്ചുകടത്തുകയോ പ്രതിധ്വനിപ്പിക്കുകയോ ചെയ്യുക എന്നത് സ്ഥിരം അജണ്ടയായി മാറാം. അത്, മതനിരപേക്ഷ ആശയങ്ങളെയാണ് ദുര്‍ബലപ്പെടുത്തുക. സ്‌ക്രീനിലെ മത്സരം, സമൂഹത്തെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന് ഗുണമാകാനുള്ള സാധ്യത എറെയാണ് എന്നതാണ് പരമാര്‍ത്ഥം.

ബിനോജ് സുകുമാരന്‍

You must be logged in to post a comment Login