വികാസ് ദുബേ: മരിച്ചിട്ടും മരിക്കാത്ത ജാതി

വികാസ് ദുബേ: മരിച്ചിട്ടും മരിക്കാത്ത ജാതി

ഇന്നത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കേയാണ് സഹമന്ത്രി പദവിയുണ്ടായിരുന്ന ബി ജെ പി നേതാവ് സന്തോഷ് ശുക്ലയെ വികാസ് ദുബേ വെടിവെച്ചുകൊല്ലുന്നത്. പട്ടാപ്പകല്‍ ശിവ്‌ലി പൊലീസ് സ്റ്റേഷന് ഉള്ളില്‍വെച്ചു നടന്ന കൊലപാതകത്തിന് ചുരുങ്ങിയത് 25 പൊലീസുകാരെങ്കിലും ദൃക്‌സാക്ഷികളായിരുന്നു. നേരില്‍കണ്ട കാര്യം കോടതിയില്‍ പറയാന്‍ ഒരാളുപോലുമുണ്ടായില്ല. തെളിവില്ലെന്നു പറഞ്ഞ് കോടതി ദുബേയെ വെറുതെവിട്ടു.

കൊടും കുറ്റവാളിയായി മുപ്പതുവര്‍ഷക്കാലം ഉത്തര്‍പ്രദേശിനെ വിറപ്പിച്ച ദുബേയ്ക്ക് കൊലപാതകങ്ങളുള്‍പ്പെടെ 60 ക്രിമിനല്‍ക്കേസുകളെങ്കിലും നേരിടേണ്ടിവന്നെങ്കിലും, ഇടയ്ക്ക് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും, വലിയ പോറലൊന്നും ഏറ്റിരുന്നില്ല. പൊലീസിന്റെ തലപ്പത്തുള്ള സവര്‍ണരുടെ പിന്തുണയോടെ അയാള്‍ നിയമനടപടികളെ മറികടന്നു. ഏറ്റവുമൊടുവില്‍, എട്ടു പൊലീസുകാരുടെ മരണത്തിലേക്കു നയിച്ച കാന്‍പൂരിലെ റെയ്ഡിനെക്കുറിച്ച് ദുബേയ്ക്ക് മുന്‍കൂട്ടി വിവരം നല്‍കിയതും പൊലീസിലെ സ്വജാതിക്കാരാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. യോഗി ആദിത്യനാഥിന്റെ പോലീസ് വെടിവെച്ചുകൊന്നെങ്കിലും വികാസ് ദുബേയുടെ സ്വാധീനം ഇല്ലാതാകുന്നില്ല. ഉത്തര്‍പ്രദേശിലെ ജാതി രാഷ്ട്രീയത്തില്‍ അയാള്‍ പുതിയ സമവാക്യങ്ങള്‍ രചിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് കുറ്റവാളികള്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്നതിനെക്കുറിച്ചോ വ്യാജഏറ്റുമുട്ടലുകളിലൂടെ കുറ്റവാളികളെ നേരിടുന്നതിന് പോലീസുകാരെത്തന്നെ കൊലയാളി സംഘങ്ങളാക്കി മാറ്റുന്നതിന്റെ നൈതികതയെക്കുറിച്ചോ അല്ല. കൊല്ലപ്പെട്ടവരുടെയും കൊല നടത്തിയവരുടെയും ജാതിയാണ് വിഷയം. ഒന്നരവര്‍ഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജാതിസമവാക്യങ്ങള്‍ തിരുത്തിക്കുറിക്കാന്‍ പോന്നതാണ് വികാസ് ദുബേയുടെ അന്ത്യമെന്ന് ‘ദ ട്രിബ്യൂണി’ലെ ലേഖനത്തില്‍ വിഭാ ശര്‍മ്മ പറയുന്നു. പ്രഭാവകാലത്ത് ബി എസ് പിയെയും ബി ജെ പിയെയും മാറിമാറി പിന്തുണച്ചിട്ടുള്ളയാളാണ് വികാസ് ദുബേ. സമാജ് വാദി പാര്‍ട്ടിയും പലപ്പോഴും അയാളുടെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ട ദാദയെ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ മുന്നിലുള്ളത് കോണ്‍ഗ്രസാണ്. എട്ടു പൊലീസുകാരെ കൊന്ന വികാസ് ദുബേ ഒളിവില്‍ പോയപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണരുടെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള ‘ബ്രാഹ്മിന്‍ ചേതന പരിഷത്തി’ന് തുടക്കം കുറിച്ചിരുന്നു. വികാസ് ദുബേയും കൂട്ടാളികളും ദരിദ്ര ബ്രാഹ്മണരുടെ മക്കളാണെന്നാണ് കോണ്‍ഗ്രസിന്റെ ആചാര്യ പ്രമോദ് കൃഷ്ണ പറഞ്ഞത്. പത്തു ശതമാനത്തോളം ബ്രാഹ്മണ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി പദം ബ്രാഹ്മണരിലേക്ക് തിരിച്ചെത്തിക്കാന്‍ സമയമായെന്ന് കോണ്‍ഗ്രസിലെ ബ്രാഹ്മണ നേതാക്കള്‍ കരുതുന്നു.

ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ യുവാക്കളുടെ വീരപുരുഷനായിരുന്നു വികാസ് ദുബേ. ടിക് ടോക്കിലൂടെ അവര്‍ അയാളെ താരമാക്കി. ടിക് ടോക് നിരോധിച്ചപ്പോള്‍ ജയ് പരശുറാം വിളികളുമായി ഫേസ്ബുക്കിലെത്തി. രജപുത്രരെ അഥവാ ഠാക്കൂറുകളെ 21 തവണ ഉന്‍മൂലനം ചെയ്തയാളാണ് പരശുരാമന്‍ എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. നവാബുമാരുടെയും ബ്രിട്ടീഷുകാരുടെയും കാലം മുതലേയുള്ള ബ്രാഹ്മണ-ഠാക്കൂര്‍ പോരിനെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശിലെ നേതാക്കളെന്ന് കമലേഷ് സിങ് ഡെയ്ലി ഓ-യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഭരണം നടത്തുന്നത് ആരായാലും സ്വാതന്ത്ര്യത്തിനു ശേഷവും ഇവിടത്തെ യഥാര്‍ത്ഥ അധികാരം ബ്രാഹ്മണരുടെയും ഠാക്കൂറുകളുടെയും കൈയിലായിരുന്നു. കോണ്‍ഗ്രസിനെ പുറന്തള്ളി, പിന്നാക്ക-ദളിത് ശാക്തീകരണ മുദ്രാവാക്യമുയര്‍ത്തി സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും ഉത്തര്‍പ്രദേശ് കയ്യടക്കിയപ്പോഴാണ് ബ്രാഹ്മണ-ഠാക്കൂര്‍ വാഴ്ചയ്ക്ക് താത്ക്കാലിക വിരാമമായത്. ബി എസ് പിയെയും എസ് പിയെയും തകര്‍ത്ത് ബി ജെ പിയുടെ യോഗി ആദിത്യനാഥ് എന്ന ഠാക്കൂര്‍ മുഖ്യമന്ത്രി പദത്തിലെത്തിയപ്പോള്‍ ഇരുസമുദായങ്ങളും വീണ്ടും കരുത്താര്‍ജ്ജിച്ചു.

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പുകളില്‍ തുടക്കം മുതലേ മേല്‍ജാതിക്കാര്‍ക്കായിരുന്നു വിജയം. ന്യൂനപക്ഷമാണെങ്കിലും ബ്രാഹ്മണരായിരുന്നു, എന്നും അധികാരസ്ഥാനങ്ങളില്‍. ഏറെക്കാലം അവര്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. ദളിതരുടെയും പിന്നാക്കക്കാരുടെയും മുസ് ലിംകളുടെയുമെല്ലാം പിന്തുണയോടെ സവര്‍ണരുടെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ജയിപ്പിച്ചു. 1967ല്‍ ജാട്ടുനേതാവ് ചരണ്‍സിങ്ങിനൊപ്പം പിന്നാക്കക്കാര്‍ കോണ്‍ഗ്രസില്‍ നിന്നിറങ്ങിപ്പോയതോടെയാണ് ആ സ്ഥിതി മാറിയത്. ചരണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ യു പിയില്‍ ആദ്യത്തെ കോണ്‍ഗ്രസ് ഇതര മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്തു. പിന്നെ കോണ്‍ഗ്രസ് യു പി തിരിച്ചുപിടിച്ചെങ്കിലും എണ്‍പതുകളില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മേല്‍ജാതിക്കാര്‍ക്ക് അതിനോടുള്ള എതിര്‍പ്പും പിന്നാക്കക്കാരുടെ രാഷ്ട്രീയമുന്നേറ്റത്തിനു വഴിയൊരുക്കി. 1989-ല്‍ മുലായം മുഖ്യമന്ത്രിയായത് അതിന്റെ തുടര്‍ച്ചയായിരുന്നു. അത് ഒരു പടികൂടി കടന്ന് 1996ല്‍ മായാവതി അധികാരത്തില്‍ വന്നു. സവര്‍ണ മേല്‍ക്കോയ്മയുള്ള ബി ജെ പിക്കുപോലും കല്യാണ്‍ സിങ് എന്ന പിന്നാക്കക്കാരനെ മുഖ്യമന്ത്രിയാക്കേണ്ടിവന്നു. പിന്നാക്കക്കാര്‍ക്കും ഒരു പരിധി വരെ ദളിതര്‍ക്കും അധികാരത്തില്‍ മേല്‍കൈ ലഭിക്കുന്ന സ്ഥിതിവന്നു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട രഥയാത്രകളുടെ കാലത്ത് കുറച്ചുകാലം വര്‍ഗീയതയിലേക്കു മാറിയെങ്കിലും ഉത്തര്‍പ്രദേശുകാര്‍ മതം വിട്ട് ജാതിയിലേക്കു തിരിച്ചെത്തി. ഇടയ്ക്ക് മായാവതി ബ്രാഹ്മണരെയും മുലായം ഠാക്കൂറുകളെയും ആകര്‍ഷിച്ചെങ്കിലും ബി ജെ പിയുടെ വരവോടെ സ്ഥിതി മാറി. ഹിന്ദുത്വത്തിന്റെ രണ്ടാം വരവില്‍ സവര്‍ണര്‍ ഉണര്‍ന്നെണീറ്റു. ബി ജെ പിയുടെ വന്‍വിജയത്തോടെ തങ്ങളുടെ നല്ല ദിനങ്ങള്‍ തിരിച്ചെത്തിയെന്ന് ബ്രാഹ്മണര്‍ കരുതി. എന്നാല്‍ ജന്‍മംകൊണ്ട് ഠാക്കൂറും കര്‍മം കൊണ്ട് പുരോഹിതനുമായ യോഗി ആദിത്യനാഥിനെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തേക്കു കൊണ്ടുവന്നതോടെ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ഠാക്കൂറായ ആദിത്യനാഥ് മഠാധിപതിയായതുതന്നെ ബ്രാഹ്മണര്‍ക്കു പിടിച്ചിരുന്നില്ല. മുഖ്യമന്ത്രികൂടിയായതോടെ അവരുടെ ആശങ്കകള്‍ വര്‍ധിച്ചു.

സംസ്ഥാനത്തിന്റെ അധികാരം യാദവരും ദളിതരും ഉള്‍പ്പെട്ട പിന്നാക്ക കീഴ് ജാതി വിഭാഗങ്ങളിലേക്ക് മാറിയപ്പോഴാണ് സവര്‍ണ വിഭാഗക്കാര്‍ സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറിയതെന്ന് ‘ദ പ്രിന്റി’ല്‍ ശേഖര്‍ ഗുപ്ത എഴുതുന്നു. യാദവവിഭാഗത്തിലെ അച്ഛനോ മകനോ അധികാരത്തുമ്പോള്‍ അവര്‍ ഠാക്കൂര്‍ വിഭാഗവുമായോ മുസ്ലിം നേതാക്കളുമായോ ധാരണയിലെത്തും. അധികാരത്തിലും വികസന പദ്ധതികളിലും അവര്‍ കണ്ണിചേര്‍ക്കപ്പെടും. ഇതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങള്‍ മാഫിയ നേതാക്കളുടെ സഹായം തേടും. അധികാരത്തിലില്ലാത്ത ജാതിവിഭാഗങ്ങളുള്‍പ്പെട്ടതാവും ഏറ്റവും സജീവമായ മാഫിയ സംഘം. 1980 വരെ സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ക്രിമിനല്‍ മാഫിയ സംഘങ്ങള്‍ പലതും പിന്നാക്ക വിഭാഗത്തില്‍പെട്ടവരായിരുന്നു. അന്ന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ഇരകളാക്കപ്പെട്ടവര്‍ ഏറെയും പിന്നാക്ക ജാതി വിഭാഗങ്ങളില്‍പെട്ടവരായിരുന്നു. ഗോവിന്ദ് വല്ലഭ് പന്ത് മുതല്‍ കമലാപതി ത്രിപാഠി വരെയുള്ള ശക്തര്‍ക്ക് ശേഷം 31 കൊല്ലമായി ഉത്തര്‍ പ്രദേശില്‍ ബ്രാഹ്മണ സമുദായത്തിന് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. ബ്രാഹ്മണനായ വികാസ് ദുബേയുടെ കുറ്റവാളിസംഘം പശ്ചിമ യു പിയില്‍ പിടിമുറുക്കുന്നതിന്റെ പശ്ചാത്തലമിതാണ്. വികാസ് ദുബൈ റോബിന്‍ ഹുഡായി മാറിയപ്പോള്‍ കാന്‍പൂര്‍ നിയമരാഹിത്യത്തിന്റെ തലസ്ഥാനമായി. ഠാക്കൂറായ യോഗിക്ക് നേരിടാനുള്ള ഏറ്റവും വലിയ മാഫിയ സംഘം ബ്രാഹ്മണരുടേതായി.

യോഗി ആദിത്യനാഥിന്റെ വരവോടെ പൊലീസിലെ ഏറ്റുമുട്ടല്‍ സംസ്‌കാരം തിരിച്ചുവന്നപ്പോള്‍ ഠാക്കൂര്‍-ബ്രാഹ്മണപോരാട്ടം അക്ഷരാര്‍ഥത്തില്‍ പുനരാരംഭിച്ചു. ഉത്തര്‍പ്രദേശ് പൊലീസില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കൊണ്ടുവന്നത് 1981-82 കാലത്ത് വി പി സിങ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 299 കുറ്റവാളികളെയാണ് അദ്ദേഹത്തിന്റെ ഭരണകാലത്ത് കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സഹോദരനും അലഹബാദ് ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ചന്ദ്രശേഖര്‍ പ്രസാദ് സിങ്ങും മകനും പ്രതികാരമെന്നോണം കൊല്ലപ്പെട്ടപ്പോഴാണ് അത് അവസാനിച്ചത്. ഗുസ്തിക്കാരനായിരുന്ന മുലായം സിങ് യാദവ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയപ്പോള്‍ കുറ്റവാളിസംഘങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. കുറ്റവാളികളും രാഷ്ട്രീയക്കാരും ഇടകലര്‍ന്നതായിരുന്നു പിന്നീടുള്ള ഉത്തര്‍പ്രദേശ് ഭരണസംവിധാനം. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് കുറ്റവാളികളുടെ സഹായം തേടുന്ന പദ്ധതി ഇന്ദിരാഗാന്ധിയുടെ കാലത്തേ തുടങ്ങിയതാണ്. തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതിന് രാഷ്ട്രീയ നേതാക്കളെ സഹായിച്ചുപോന്ന കുറ്റവാളികള്‍ പിന്നെ നേരിട്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ തുടങ്ങുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ സുനിത ആരോണ്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോകാതെ ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ചവര്‍ എത്രയോ ഉണ്ട്.

തിരഞ്ഞെടുപ്പിലൊന്നും മത്സരിച്ചിട്ടില്ലെങ്കിലും ഒരിക്കല്‍ ബി എസ് പിയില്‍ അംഗത്വം സ്വീകരിച്ചിട്ടുള്ളയാണ് വികാസ് ദുബേ. കഴിഞ്ഞ 30 വര്‍ഷക്കാലവും കുറ്റകൃത്യങ്ങളുടെ ലോകത്തായിരുന്നു വികാസ്. സമൂഹത്തില്‍ ഉന്നതരായി കണക്കാക്കപ്പെടുന്ന ആളുകളെ കൊലപ്പെടുത്തുന്നത് അയാള്‍ക്കൊരു വിനോദമായിരുന്നു. കുറ്റംചെയ്യുമ്പോഴൊക്കെ തെളിവുകളില്ലാതിരിക്കാന്‍ വികാസ് ശ്രദ്ധിച്ചു. ഉത്തര്‍പ്രദേശില്‍ ബി ജെ പി അധികാരത്തില്‍ വന്നതുമുതല്‍ ആ പാര്‍ട്ടിയില്‍ ചേരാന്‍ അയാള്‍ ശ്രമിച്ചുവരികയായിരുന്നെന്നാണ് പറയുന്നത്. ദുബേ വെടിവെച്ചുകൊന്ന സന്തോഷ് ശുക്ലയുടെ അനുയായികളും ബന്ധുക്കളുമാണത്രേ ആ നീക്കത്തിന് തടയിട്ടത്. കീഴടങ്ങാത്ത കുറ്റവാളികളെ കൊന്നൊടുക്കാന്‍ ആദിത്യനാഥ് പൊലീസിന് പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും ആദ്യ പട്ടികയിലൊന്നും വികാസ് ദുബേ ഉള്‍പ്പെട്ടിരുന്നില്ല. യോഗിയുടെ പൊലീസ് ഇതിനകം 120ല്‍ ഏറെപ്പേരെ കൊന്നുകഴിഞ്ഞു. അതില്‍ ബ്രാഹ്മണരുടെ മാത്രം കണക്കെടുക്കുകയാണ് കോണ്‍ഗ്രസ്.
എന്തായാലും വികാസ് ദുബേയുടെ ഏറ്റുമുട്ടല്‍ കൊലപാതകം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ ഇളക്കിമറിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പു തോല്‍വിക്കുശേഷം നിശബ്ദനായിരുന്ന അഖിലേഷ് യാദവും ഒരിക്കല്‍ ബ്രാഹ്മണരെ ചേര്‍ത്ത് മഴവില്‍ മുന്നണിയുണ്ടാക്കിയ മായാവതിയും ബ്രാഹ്മണര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ചര്‍ച്ചാവിഷയമാക്കിക്കഴിഞ്ഞു. ഒന്നര വര്‍ഷം കഴിഞ്ഞു നടക്കുന്ന തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ പ്രചാരണത്തിന്റെ അരങ്ങുണര്‍ത്താന്‍ ഈ സംഭവം വഴിയൊരുക്കുമെന്നാണ് സൈനബ് സിക്കന്ദര്‍ ‘ദ പ്രിന്റി’ല്‍ എഴുതിയത്. ഉത്തര്‍പ്രദേശിലെ സാമുദായിക ധ്രുവീകരണത്തിന്റെ ഫലം എന്തായാലും ഈ സംഭവത്തോടെ ദേശീയരാഷ്ട്രീയത്തില്‍ അമിത് ഷായെ പിന്തള്ളി മോഡിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായി ആദിത്യനാഥ് മാറുകയാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഹരീഷ് ഖരേ ‘ദ വയറി’ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

എസ് കുമാര്‍

You must be logged in to post a comment Login