കോര്‍പ്പറേറ്റുകള്‍ക്ക് പരിസ്ഥിതിയിലേക്ക് തുറന്നിട്ട വാതില്‍

കോര്‍പ്പറേറ്റുകള്‍ക്ക് പരിസ്ഥിതിയിലേക്ക് തുറന്നിട്ട വാതില്‍

കൊവിഡ് 19 ലോകത്തിന്റെ ഗതിയും ഭാവിയുമെല്ലാം മാറ്റിനിര്‍ണയിക്കുകയാണ്. കൊവിഡാനന്തരകാലത്തെ ജീവിതം എന്നതിനെ കോവിഡിനൊപ്പം ജീവിക്കുക എന്നതിലേക്ക് ചുരുക്കിവിവരിക്കാനുള്ള ശ്രമങ്ങളാണിന്ന് നടക്കുന്നത്. മനുഷ്യരാശി മുഴുവന്‍ ഒരുഭാഗത്തും വൈറസ് മറുഭാഗത്തും നിന്നുകൊണ്ടുള്ള മൂന്നാം ലോകയുദ്ധം തന്നെയാണ് കൊവിഡുമായുള്ള പോരാട്ടം. ഭൂമിയിലെ ഓരോ വസ്തുക്കളും വിവിധ രൂപത്തിലും ഭാവത്തിലും കൊവിഡിന്റെ ഫലം ദീര്‍ഘകാലം അനുഭവിക്കും എന്നതില്‍ സംശയമില്ല. അത്രമാത്രം അപകടങ്ങളാണ് കൊവിഡ് മഹാമാരി ലോകത്ത് വിതച്ചത്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് താങ്ങാനാകുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യനെക്കുറിച്ചും അവന്റെ ചുറ്റുവട്ടത്തെക്കുറിച്ചുമുള്ള രാഷ്ട്രീയം കൂടുതല്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരിക്കേണ്ട ഭീതിദമായ ഒരു സമയത്താണ് കേന്ദ്ര പരിസ്ഥിതി-വനം കാലാവസ്ഥാവ്യതിയാന മന്ത്രാലയം, പരിസ്ഥിതി ആഘാത പഠനത്തില്‍ (ഇ ഐ എ) തീര്‍ത്തും പരിസ്ഥിതി വിരുദ്ധമായ പുതിയ മാറ്റങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

പരിസ്ഥിതിയോട് മനുഷ്യനുയര്‍ത്തുന്ന കടുത്ത വെല്ലുവിളികളില്‍ നിന്നും രക്ഷപ്പെടാനുള്ള ഉപാധിയായി കൊവിഡ് കാലം മാറുന്നു എന്ന നിരീക്ഷണങ്ങളും പഠനങ്ങളും ധാരാളമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ പരിസ്ഥിതി നിയമങ്ങളെ കൂടുതല്‍ കര്‍ക്കശമാക്കാനും അതിന്റെ സ്വാഭാവിക നിലനല്‍പ്പിന് ആവശ്യമായ പദ്ധതികള്‍ നിരന്തരമായി ആവിഷ്‌കരിക്കാനുമുള്ള ശ്രമങ്ങളാണ് ഒരു ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉയര്‍ന്നുവരേണ്ടത്. എന്നാല്‍ കൂടുതല്‍ കൂടുതല്‍ പരിസ്ഥിതിയെ ചൂഷണം ചെയ്യാനുള്ള അവസരമായി ഈ ദുരിത കാലത്തെ, കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണ്. പരിസ്ഥിതിയെ കോര്‍പ്പറേറ്റുകളുടെ കച്ചവട താത്പര്യത്തിന് വിട്ടുകൊടുക്കുന്നതാണ് അടുത്ത കാലത്തായി സര്‍ക്കാര്‍ കൊണ്ടുവന്ന പരിസ്ഥിതി സംബന്ധമായ നിയമങ്ങളിലെല്ലാം നിഴലിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ പരിസരങ്ങളിലെല്ലാം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഇന്ന് ബോധ്യപ്പെടുന്നത്. പ്രളയം, കടല്‍ക്ഷോഭം, ഭൂചലനം, കൊടുങ്കാറ്റ്, ഉരുള്‍പൊട്ടല്‍, പകര്‍ച്ചവ്യാധി തുടങ്ങി എല്ലാം ഒന്നിനു പിറകെ ഒന്നായി മനുഷ്യനെ തേടിവരുന്നു. നമ്മള്‍ അത്ര സുരക്ഷിതരല്ലെന്നാണ് മനസ്സിലാക്കേണ്ടത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഭയപ്പാടുകളും ജാഗ്രതയും ഉണ്ടാകുന്നതോടൊപ്പം പ്രകൃതിദുരന്തങ്ങളെ വിളിച്ചുവരുത്തുന്ന ചൂഷണങ്ങളെയും കൃത്യമായി തിരിച്ചറിയണം.
മനുഷ്യന്‍ മാത്രം ബാക്കിയാകുന്ന വികസന സ്വപ്നങ്ങള്‍ക്കായി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുമ്പോള്‍ പ്രകൃതി ചൂഷണങ്ങള്‍ വര്‍ധിക്കുക സ്വാഭാവികമാണ്. ഇത്തരം ചൂഷകര്‍ക്കായി നിയമങ്ങള്‍ സുതാര്യപ്പെടുത്തിക്കൊടുക്കുന്നത് വലിയ ദുരന്തങ്ങളെ വിളിച്ചുവരുത്തും. ഇ ഐ എ 2020 വിജ്ഞാപനത്തിലൂടെ സംഭവിക്കാനിരിക്കുന്നതും ഇതുതന്നെയാണ്.

എന്താണ് ഇ ഐ എ വിജ്ഞാപനം?
ഒരു വികസന/ നിര്‍മാണ പ്രൊജക്ടിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യുന്നതിനായി രൂപപ്പെടുത്തിയ ഒരു കൂട്ടം ചട്ടങ്ങളാണ് പരിസ്ഥിതി ആഘാത പഠനം (EIA – ENVIRONMENTAL IMPACT ASSESSMENT). സര്‍ക്കാര്‍ സ്വകാര്യവ്യക്തികളുടെ പദ്ധതിയുടെ ഗുണ-ദോഷങ്ങള്‍ പരിശോധിച്ച് ഏതെങ്കിലും തരത്തിലുള്ള മലിനീകരണത്തിന് കാരണമാകുന്നതോ പ്രകൃതിയിലെ ആവാസവ്യവസ്ഥ നശിപ്പിക്കുകയോ പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കുകയോ ചെയ്യുന്നുണ്ടോ എന്ന് ഈ പഠനത്തിലൂടെ വിശകലനം നടത്തുന്നു. നിര്‍മാണ പ്രവൃത്തികള്‍ ഏതെങ്കിലും രൂപത്തില്‍ പ്രാദേശിക പരിസ്ഥിതിയെ ബാധിക്കും എന്ന് ഈ പഠനത്തിലൂടെ ബോധ്യപ്പെടുന്ന പക്ഷം അത്തരം പദ്ധതികള്‍ക്കുള്ള പാരിസ്ഥിതിക അനുമതി നിഷേധിക്കാനുള്ള ഏക ഉപാധികൂടിയാണ് ഇ ഐ എ. പരിസ്ഥിതി ജനകീയ സമരങ്ങള്‍ നിരവധി നടന്നിട്ടുള്ള കേരളത്തില്‍ സൈലന്റ് വാലി, മാവൂര്‍ ഗോളിയോര്‍ റയോണ്‍സ്, എന്‍ഡോസള്‍ഫാന്‍, വിളപ്പില്‍ശാല, ആറന്മുള തുടങ്ങിയ ജനകീയ സമരങ്ങളിലെല്ലാം പാരിസ്ഥിതികവും ജനകീയവുമായ പക്ഷത്ത് നിന്നുകൊണ്ടുള്ള വിജയം കണ്ടെത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച ഒന്നായിരുന്നു ഇ ഐ എ വിജ്ഞാപനം.

ഇ ഐ എ കരടു വിജ്ഞാപനം 2020
1962ല്‍ റേച്ചല്‍ കേഴ്സണിന്റെ ‘നിശബ്ദ വസന്തം’ എന്ന പുസ്തകം പുറത്തുവന്നതോടെയാണ് അന്താരാഷ്ട്ര ചര്‍ച്ചകളില്‍ പരിസ്ഥിതി ഇടംപിടിക്കുന്നത്. 1972 സ്റ്റോക്ഹോം സമ്മേളനം പാരിസ്ഥിതിക ഇടപെടലുകള്‍ ആഗോളാടിസ്ഥാനത്തില്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയെ കൂടുതല്‍ ബോധ്യപ്പെടുത്തി. ഇതിനു ശേഷമാണ് 1974ല്‍ ഇന്ത്യയില്‍ ജല മലിനീകരണ നിയമവും, 1981ല്‍ വായു മലിനീകരണ നിയമവും നിലവില്‍ വരുന്നത്. 1984ല്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബെഡ് കമ്പനിയില്‍ നിന്നും മീഥൈല്‍ ഐസോ സയനൈഡ് ഗ്യാസ് ചോര്‍ച്ചയോടെ രാജ്യത്തെ വലിയ ദുരന്തങ്ങളിലൊന്നായി ഭോപ്പാല്‍ അടയാളപ്പെട്ടു. മാത്രവുമല്ല, സുരക്ഷാ മാനദണ്ഡം പാലിക്കപ്പെടാത്തതിനെയും ജനവാസകേന്ദ്രത്തില്‍ ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിനെയും വിമര്‍ശിച്ചുകൊണ്ട് വലിയ രൂപത്തിലുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്നു. ഇതിനെത്തുടര്‍ന്നാണ് 1986ല്‍ കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണ നിയമം (ഇ പി എ) കൊണ്ടുവരുന്നത്. ഇ പി എ ആക്ടിന് കീഴില്‍ 1994ലാണ് ആദ്യമായി പരിസ്ഥിതി ആഘാത പഠനത്തിനുളള പെരുമാറ്റചട്ടം പുറത്തുവരുന്നത്. ഇതിനു ശേഷം രാജ്യത്ത് ആരംഭിക്കാനിരിക്കുന്ന എല്ലാ പദ്ധതികളും ഇ ഐ എക്ക് അനുസൃതമായി മാത്രമേ ആരംഭിക്കാനാകുകയുള്ളൂ. പരിസ്ഥിതി വരുദ്ധമായ പദ്ധതികള്‍ക്ക് പരമാവധി തടയിടാന്‍ ഈ നിയമം പാകപ്പെട്ടതായിരുന്നു എന്ന് സാരം. 2006ലാണ് ആദ്യമായി ഇ ഐ എ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. പരിസ്ഥിതി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കേണ്ട പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ ലഘൂകരണങ്ങളും സുതാര്യതയും വരുത്തിക്കൊണ്ട് 2020ല്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഇ ഐ എ ഭേദഗതി ചെയ്യാന്‍ ഒരുങ്ങുകയാണ്. 2020 മാര്‍ച്ച് 23ന് ഒരു കൂടിയാലോചനയുമില്ലാതെ തയാറാക്കി പുറത്തുവിട്ട വിജ്ഞാപനം സുപ്രീം കോടതിയുടെ ഇടപെടലുകളെ തുടര്‍ന്നാണ് പൊതുജനാഭിപ്രായത്തിന് ആഗസ്ത് 11 വരെയെങ്കിലും തീയതി നീട്ടി നല്‍കിയത്.

വിജ്ഞാപനത്തില്‍ പതിയിരിക്കുന്ന ഒളിയജണ്ടകള്‍
പരിസ്ഥിതി നിയമത്തിന്റെ മുഴുവന്‍ ചട്ടക്കൂടുകളും തകര്‍ക്കും വിധം ഇ ഐ എ മാറ്റിയെഴുതുകയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. വികസനത്തിന്റെ മറപിടിച്ച് ജനകീയ പ്രതിരോധങ്ങളെ ഇല്ലാതാക്കാനും ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താനും ഭേദഗതി എന്ന പേരില്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളോട് നടത്തുന്ന കൊടുംചതി എന്നാണ് ഇതിനെ വിശേഷിപ്പിക്കാവുന്നത്. ഒരു സ്ഥാപനം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങുകയും അതിനു ചുറ്റിലും താമസിക്കുന്ന മനുഷ്യര്‍ക്കും പ്രകൃതിക്കും യാതൊരു പ്രയാസങ്ങളും സൃഷ്ടിക്കുന്നില്ല എന്ന എന്‍വിറോണ്‍മെന്റല്‍ ക്ലിയറന്‍സ് ലഭിക്കുകയും വേണമായിരുന്നു. എന്നാല്‍ ഒരു പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കേവലം ഒരു അപേക്ഷ കൊടുക്കുക എന്നത് മാത്രമാണ് പുതിയ ഭേദഗതി പ്രകാരം വേണ്ടത്. ഒരു പഠനമോ പരിശോധനയോ ഇല്ലാതെ വെബ്സൈറ്റില്‍ നിന്നും അനുമതി ലഭ്യമാക്കാനാകും. ലാഭക്കണ്ണുകളോടെ മാത്രം പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഏതു പരിസ്ഥിതി ലോല പ്രദേശങ്ങളിലും എത്രവലിയ സ്ഥാപനങ്ങളും കെട്ടിപ്പൊക്കാമെന്നും ഒരു ജനകീയ പ്രതിരോധങ്ങളെയും ഭയപ്പെടേണ്ടതില്ലെന്നും വരുന്നത് ഏറെ അപകടകരമാണ്. കണ്‍മുന്നില്‍ വായുവും മണ്ണും ജലവുമെല്ലാം മലിനപ്പെടുമ്പോഴും നിശബ്ദമായി സഹിച്ചുകഴിയേണ്ടി വരുന്ന അവസ്ഥയോളം ഭീകരമായ മറ്റൊരു ദുരന്തമില്ല. അടുത്തിടെ വിശാഖപട്ടണത്ത് ദുരന്തം വിതച്ച എല്‍ ജി പോളിമറിന് പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നില്ല എന്നതും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്.

20,000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ ചുറ്റളവുള്ള മുഴുവന്‍ കെട്ടിടങ്ങളും പാരിസ്ഥിതിക അനുമതിക്കായി സമര്‍പ്പിക്കണം എന്ന ചട്ടത്തെ 1,50,000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങളായി ഉയര്‍ത്തിയതും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങളെ അമ്പത് ശതമാനത്തോളം മടങ്ങ് വീണ്ടും വര്‍ധിപ്പിച്ചാലും പാരിസ്ഥിതിക അനുമതിക്കായി നല്‍കേണ്ടതില്ലെന്നതു കൂട്ടിച്ചേര്‍ത്തതും കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ മാത്രമാണെന്ന് ആര്‍ക്കും മനസ്സിലാകും. സ്വസ്ഥമായി ജീവിക്കാനുള്ള എല്ലാ ഇടങ്ങളും കോര്‍പ്പറേറ്റുകളാല്‍ കയ്യേറ്റം ചെയ്യപ്പെട്ട് പ്രകൃതിദുരന്തങ്ങളെ കാത്തിരിക്കുമ്പോഴും നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ജനതയായി മനുഷ്യര്‍ മാറുന്നു.
നാല്‍പതിലേറെ പദ്ധതികള്‍ പാരിസ്ഥിതിക അനുമതി ആവശ്യമില്ലാത്ത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബി 2 എന്ന ഒരു വിഭാഗം കൂടെ പുതിയ വിജ്ഞാപനത്തിലുണ്ട്. പുഴകളിലെ ഡ്രഡ്ജിംഗ്, 5 ഹെക്ടര്‍ വരെയുള്ള ക്വാറികള്‍, വലിയ കെട്ടിടങ്ങള്‍, ഹൈവേകള്‍, സിമന്റ് നിര്‍മാണ ശാലകള്‍, വലിയ ഡാമുകളുടെ നിര്‍മാണം, ദേശീയ പാത വിപുലീകരണം, ജലസേചന പദ്ധതി തുടങ്ങിവയെല്ലാം ഇതിലുള്‍പ്പെടുന്നു. നയതന്ത്ര പദ്ധതികള്‍ എന്ന് പേരിട്ടുവിളിച്ചാണ് പല പദ്ധതികളെയും പ്രൊജക്ടിനെയും പരിസ്ഥിതി ആഘാത പഠനത്തില്‍ നിന്നും പൊതുതെളിവെടുപ്പില്‍ നിന്നും രക്ഷിച്ചെടുക്കുന്നത്.
ഏറെ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട മറ്റൊരു ഭേദഗതി, ഒരു നിര്‍മാണ പ്രവര്‍ത്തനത്തെക്കുറിച്ചും അത് പ്രവര്‍ത്തനമാരംഭിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക സാമൂഹിക പ്രതിസന്ധികളെക്കുറിച്ചും പ്രദേശത്തെ സാധാരണക്കാര്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ നിലവിലുള്ള പബ്ലിക് ഹിയറിംഗുകള്‍ ഇല്ലാതാകുന്നു എന്നതാണ്. പ്രശ്നം അവതരിപ്പിക്കാനുള്ള സമയം മുപ്പതില്‍ നിന്നും ഇരുപതു ദിവസമാക്കി ചുരുക്കുകയും വീഡിയോ കോണ്‍ഫറന്‍സ് വഴി പബ്ലിക് ഹിയറിംഗ് സാധ്യമാക്കുകയും ചെയ്യുമെന്ന് പറയുന്നത് പദ്ധതിക്കെതിരെ ഉയര്‍ന്നുവരുന്ന എല്ലാ ശബ്ദങ്ങളെയും ഇല്ലാതാക്കുന്നതിനാണ്. വലിയ പ്രൊജക്ടുകള്‍ വരുമ്പോള്‍ അതിനെതിരില്‍ ജനങ്ങള്‍ക്ക് സംസാരിക്കാന്‍ കിട്ടുന്ന ഏക അവസരമാണ് പബ്ലിക് ഹിയറിംഗ്. ഇ ഐ എ പഠനത്തിലൂടെ മാത്രമാണ് ശാസ്ത്രീയമായി, അവിടെ രൂപപ്പെടാനുള്ള പ്രശ്നം എന്താണെന്നും അതിന്റെ പരിഹാരം എന്താണെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നത്. തെറ്റായ വികസന നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ജനകീയ സമരങ്ങളും ആലോചനകളും തന്നെയാണ് ഇത്രയെങ്കിലും പരിസ്ഥിതിയെ സുരക്ഷിതമായി പിടിച്ചുനിര്‍ത്തുന്നത്. പദ്ധതിയെ അറിഞ്ഞുവരുമ്പോഴേക്കും എല്ലാം കഴിയുന്ന അവസ്ഥയുണ്ടാകും. അപ്പോള്‍ തെരുവിലിറങ്ങുന്ന ജനതയെ ക്രൂരമായി അടിച്ചമര്‍ത്താന്‍ നിയമത്തിന്റെ പിന്‍ബലം കൊണ്ടുതന്നെ സാധിക്കും എന്നത് പരിസ്ഥിതി വിരുദ്ധം എന്നതിനപ്പുറം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂട കൈകടത്തലായിത്തീരുന്നു കരട് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍. മാത്രമല്ല ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ സര്‍ക്കാരിനോ പ്രൊജക്ട് അംഗങ്ങള്‍ക്കോ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാനാകൂ എന്നും വിജ്ഞാപനത്തില്‍ വ്യവസ്ഥയുണ്ട്.

പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രയോഗം
കേവലം നിര്‍ജീവമായ ആഖ്യാനങ്ങളെകൊണ്ട് പരിസ്ഥിതി സംരക്ഷണം സാധ്യമല്ല. സജീവമായ പാരിസ്ഥിതിക രാഷ്ട്രീയമാണ് ഇനി മുന്നോട്ട് വെക്കേണ്ടത്. കാടും മലയും നശിപ്പിച്ചും തോടും പുഴയും മണ്ണിട്ടു നികത്തിയും പരിസരങ്ങളെ മലിനപ്പെടുത്തിയും നടത്തുന്ന വികസനങ്ങള്‍ പരിസ്ഥിതിയുെട നട്ടെല്ലൊടിക്കാന്‍ അധികനാള്‍ വേണ്ടിവരില്ല. ഒഴുകാന്‍ ഇടമില്ലാത്ത അതിരപ്പിള്ളിയും ക്വാറികളാല്‍ ഭൂമിയിടെ ഹൃദയം കവരുന്ന പശ്ചിമഘട്ട മലനിരകളും മാലിന്യക്കുപ്പയായ പെരിയാറും വരണ്ടുണങ്ങുന്ന കായലുകളും തണ്ണീര്‍ത്തടങ്ങളും കരയെടുക്കുന്ന അറബിക്കടലുമെല്ലാം പ്രകൃതി കനിഞ്ഞുനല്‍കിയതെന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ മുറിവുകളായി തുടരുന്നുണ്ട്. ഒപ്പം വികസനത്തിന്റെ പേരില്‍ കിടപ്പാടവും കുടിവെള്ളവും നഷ്ടപ്പെട്ട് തെരുവിലേക്ക് എടുത്തെറിയപ്പെട്ട പാരിസ്ഥിതിക അഭയാര്‍ഥികളായ മനുഷ്യരും. ഇരകളോടൊപ്പം നില്‍ക്കാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനുമാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് പറയുന്ന മാധ്യമങ്ങള്‍ ഇതറിഞ്ഞ മട്ടില്ല. അറിയാന്‍ സാധ്യതയുമില്ല. പരസ്യങ്ങളുടെ പിന്‍ബലത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ക്ക് കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് അപ്പുറം നിന്നുകൊണ്ടുള്ള വാര്‍ത്താ നിര്‍മാണം സാധ്യമല്ല എന്നതു തന്നെയാണ് കാരണം. എങ്കില്‍ ജനകീയ പ്രതിഷേധങ്ങള്‍ തന്നെയാണ് ഇനിയും ഉയര്‍ന്നുവരേണ്ടത്. ആലോചനകളും ചര്‍ച്ചകളും വ്യവസ്ഥകളുമില്ലാതെ കോര്‍പ്പറേറ്റുകള്‍ക്ക് പരിസ്ഥിതി വിട്ടുകൊടുക്കുന്നതിനെതിരെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ സംഭവിക്കേണ്ടതുണ്ട്.

(മലയാള സര്‍വകലാശാലയില്‍ പരിസ്ഥിതി പഠനവിഭാഗം ഗവേഷകനാണ് ലേഖകന്‍)

നജ്മുദ്ധീന്‍ CK

You must be logged in to post a comment Login