സര്‍വാധികാരത്തിന്റെ താക്കോല്‍ സര്‍ക്കാറിന് നല്‍കുകയാണോ കോടതി?

സര്‍വാധികാരത്തിന്റെ താക്കോല്‍ സര്‍ക്കാറിന് നല്‍കുകയാണോ കോടതി?

രാജ്യത്തെ പരമോന്നത നീതിന്യായ സംവിധാനത്തെയും അതിന്റെ പരമാധികാരിയായ ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ചതിലൂടെ പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യക്കുറ്റം ചെയ്തുവെന്നാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി പ്രശാന്ത് ഭൂഷണെന്ന വ്യക്തിയെ മാത്രമല്ല, വിയോജിക്കാനുള്ള സ്വാതന്ത്ര്യം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന, ഭരണഘടന അനുവദിച്ച അഭിപ്രായപ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് കരുതുന്നവരെയൊക്കെ ബാധിക്കുന്നതാണ്. വിയോജിക്കാനുള്ള അവകാശത്തെ അംഗീകരിക്കാത്ത, ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ ആക്രമിക്കാനും ഇല്ലാതാക്കാനും മടിക്കാത്ത കാലത്താണ്, പരമോന്നത കോടതി കോടതിയലക്ഷ്യത്തിന്റെ വാളുപയോഗിക്കുന്നത് എന്നതും പ്രധാനമാണ്.

പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയ രണ്ട് അഭിപ്രായങ്ങളാണ് കോടതിയലക്ഷ്യക്കേസിന് ആധാരം. ”ബി ജെ പി നേതാവിന്റെ 50 ലക്ഷം വിലയുള്ള മോട്ടോര്‍ സൈക്കിള്‍, ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ ഓടിക്കുന്ന ചീഫ് ജസ്റ്റിസ്. സുപ്രീം കോടതി ലോക് ഡൗണ്‍ ചെയ്ത്, നീതി എന്ന പൗരന്റെ മൗലികാവകാശം നിഷേധിച്ച സമയത്താണിത്” എന്നതായിരുന്നു ഒന്ന്. ”അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ ആറ് വര്‍ഷം കൊണ്ട് ജനാധിപത്യത്തെ തകര്‍ത്തത് എങ്ങനെ എന്നതാണ് ഭാവിയില്‍ ചരിത്രകാരന്മാര്‍ വലിയിരുത്തുക. ഇങ്ങനെ തകര്‍ക്കുന്നതില്‍ സുപ്രീം കോടതി, പ്രത്യേകിച്ച് സ്ഥാനമൊഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാര്‍ വഹിച്ച പങ്ക് അവര്‍ പ്രത്യേകം രേഖപ്പെടുത്തും” എന്നതായിരുന്നു രണ്ടാമത്തേത്.

രണ്ട് അഭിപ്രായങ്ങളുടെയും രണ്ടാം പാതി കോടതിയലക്ഷ്യമാണെന്ന് വിലയിരുത്തുന്ന സുപ്രീം കോടതി ഈ അഭിപ്രായം ഭരണഘടനാ ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ ഇളക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നീതി ഉറപ്പാക്കാനുള്ള പൗരന്റെ മൗലികാവകാശം നിഷേധിച്ച് സുപ്രീം കോടതി ലോക് ഡൗണിലാക്കി എന്നതും ജനാധിപത്യത്തെ തകര്‍ക്കുന്നതില്‍ സ്ഥാനമൊഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരും വഹിച്ച പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നതും നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് പൊതുവിലുള്ള വിശ്വാസത്തെ തകര്‍ക്കുകയും നീതിനിര്‍വഹണത്തിന്റെ ആധികാരികതയെ അട്ടിമറിക്കുകയും ചെയ്യുന്നതാണെന്ന് കോടതി പറയുന്നു.

സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസുമാരുടെയും അന്തസിനെയും ആധികാരികതയെയും ഇല്ലാതാക്കുക എന്നാല്‍ ഭരണഘടനാ ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ ഇല്ലാതാക്കലാണെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തുന്നത്. തീര്‍ത്തും ശരിയാണ് ഈ വിലയിരുത്തലെന്ന് നിസ്സംശയം പറയാം. ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് നീതിന്യായ സംവിധാനത്തിന്റെ പരമപ്രധാനമായ ചുമതല. നിയമ നിര്‍മാണ സഭകളും ഭരണ നിര്‍വഹണ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമായാണെന്ന് ഉറപ്പാക്കുകയും പരമോന്നത നീതിപീഠത്തിന്റെ ചുമതലയാണ്. അതിലൂടെയാണ് ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി രാജ്യം പുലരുന്നുവെന്ന് ഉറപ്പുവരുത്തുക. അവ്വിധമുള്ള സ്ഥാപനവും അതിന്റെ പരമാധികാരികളായി ഇരുന്നവരും ജനാധിപത്യത്തെ തകര്‍ക്കാന്‍ വഹിച്ച പങ്ക് ചരിത്രം രേഖപ്പെടുത്തുമെന്ന് പറയുമ്പോള്‍ അത് ഭരണഘടനാ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന പരാമര്‍ശമാണെന്ന് നിസ്സംശയം പറയാം.

അങ്ങനെ വിലയിരുത്തി പ്രശാന്ത് ഭൂഷണെ കുറ്റക്കാരനെന്ന് വിധിക്കുമ്പോള്‍ ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ പുറത്തിറങ്ങി രാജ്യത്തോട് പറഞ്ഞത് കോടതിയലക്ഷ്യമായി കണക്കാക്കേണ്ടതായിരുന്നില്ലേ എന്ന ചോദ്യമുയരും. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മറ്റൊരു ഭാഷയില്‍ അന്ന് അവര്‍ പറഞ്ഞത്. ജസ്റ്റിസുമാര്‍ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി മുറിക്ക് പുറത്തിറങ്ങി ജനങ്ങളോട് സംസാരിച്ചത്. നീതിയുടെ വിതരണം ഉറപ്പാക്കും വിധത്തിലാണോ സുപ്രീം കോടതിയുടെ പ്രവര്‍ത്തനം എന്ന സംശയം ഉറക്കെ ഉന്നയിച്ച ഇവര്‍ അടുത്തിടെ സുപ്രീം കോടതിയില്‍ നിന്നുണ്ടായ പല വിധികളും നീതിനിര്‍വണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞു. ഈ അട്ടിമറിയുടെ അധ്യക്ഷന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണെന്നും അവര്‍ ആരോപിച്ചിരുന്നു.
സുഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന പ്രത്യേക കോടതിയുടെ ജഡ്ജി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി, ചില താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തിലുള്ള ജഡ്ജിമാരടങ്ങുന്ന ബെഞ്ചിന് കൈമാറിയതും അന്നവര്‍ ചോദ്യംചെയ്തിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെയും ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമാരുടെയും നിയമനത്തിനുള്ള സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാറിന് സ്വാധീനമുറപ്പിക്കാന്‍ പാകത്തില്‍ ചീഫ് ജസ്റ്റിസ് (ജസ്റ്റിസ് ദീപക് മിശ്ര) മൗനം തുടരുന്നതും അവര്‍ ചോദ്യംചെയ്തു. രാജ്യത്തെ നീതിന്യായ സംവിധാനം പുറമെ നിന്നുള്ള ശക്തികളാല്‍ നിയന്ത്രിക്കപ്പെടുകയാണോ എന്ന സംശയമാണ് അന്നവര്‍ ഉന്നയിച്ചത്. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും ഹനിക്കുന്നത് ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിരുന്നു. ജനങ്ങള്‍ കാര്യങ്ങള്‍ അറിയണമെന്നതുകൊണ്ടാണ് കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താസമ്മേളനം നടത്തുന്നത് എന്നും വ്യക്തമാക്കി.

ഇങ്ങനെ വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസായിരുന്ന കാലത്ത്, രാജ്യത്തെ നീതിനിര്‍വഹണ സംവിധാനത്തിന്റെ അന്തസ്സ് കുറേക്കൂടി താഴേക്ക് പോകുന്നത് രാജ്യം കണ്ടു. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നപ്പോള്‍, ആ പരാതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തന്നെ പരിഗണിച്ച് തള്ളിക്കളയുന്ന കാഴ്ച. ലൈംഗിക പീഡന പരാതി ഉയര്‍ന്നാല്‍, പ്രത്യേകിച്ച് തൊഴിലിടത്തിലെ ലൈംഗിക പീഡനം സംബന്ധിച്ച പരാതി, ഏത് വിധത്തിലാണ് അന്വേഷണം നടത്തേണ്ടത് എന്നതില്‍ സുപ്രീം കോടതി തന്നെ മുന്‍കാലത്ത് നിര്‍ണയിച്ച മാര്‍ഗങ്ങളുണ്ട്. അതെല്ലാം ലംഘിച്ച് ആരോപണവിധേയ സ്ഥാനത്തു തന്നെ നില്‍ക്കുന്ന വ്യക്തി തീര്‍പ്പ് കല്‍പ്പിക്കുന്ന സ്ഥിതി, ലോകത്തെ തന്നെ നീതിന്യായ ചരിത്രത്തില്‍ അപൂര്‍വമായിരിക്കും.
ഇതേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടസ്ഥാവകാശം ഹിന്ദുക്കള്‍ക്കാണെന്ന് വിധിച്ചത്. ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കോടതി, ശ്രീരാമന്റെ ജന്മസ്ഥലം മസ്ജിദ് നിലനിന്ന പ്രദേശമാണെന്ന വിശ്വാസത്തിന് തെളിവുണ്ടെന്നാണ് പറഞ്ഞത്. തെളിവുകളും രേഖകളും വിലയിരുത്തി ന്യായാന്യായങ്ങള്‍ നിശ്ചയിക്കേണ്ട കോടതി വിശ്വാസത്തിന് പ്രാമുഖ്യം കല്‍പ്പിക്കുകയും വിശ്വാസത്തിന് തെളിവുണ്ടെന്ന് രേഖപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഭരണഘടനാ മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ്. മതനിരപേക്ഷ ജനാധിപത്യമെന്ന ഭരണഘടനാസങ്കല്പത്തിന് വിരുദ്ധവും.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, അതിനെ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചത് അവിടെ ഏതാണ്ട് പട്ടാള ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടാണ്. ഈ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ്, എതിരഭിപ്രായം പ്രകടിപ്പിക്കാന്‍ ഇടയുള്ള രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ തടവിലാക്കുകയും ആശയവിനിമയത്തിനുള്ള സംവിധാനങ്ങള്‍ ഏതാണ്ട് ഇല്ലാതാക്കുകയും ചെയ്തിരുന്നു നരേന്ദ്രമോഡി സര്‍ക്കാര്‍. ആ സമയത്ത് ഒരു ഹേബിയസ് കോര്‍പസ് ഹരജി പരമോന്നത കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു. തടവിലാക്കപ്പെട്ട സി പി ഐ (എം) നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് വേണ്ടി സീതാറാം യെച്ചൂരി സമര്‍പ്പിച്ച ഹരജി. സാധാരണനിലയ്ക്ക് ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിക്കപ്പെട്ടാല്‍ അതില്‍ പരാമര്‍ശിക്കുന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കാനും വേണ്ടിവന്നാല്‍ കോടതിക്ക് മുമ്പാകെ ഹാരജാക്കാനും ഭരണകൂടത്തോടാണ് കോടതി ആവശ്യപ്പെടുക. എന്നാല്‍ ഇവിടെ, തരിഗാമിയെ കശ്മീരില്‍ ചെന്ന് കണ്ട് സുഖവിവരങ്ങള്‍ അന്വേഷിച്ച് വരാന്‍ ഹരജിക്കാരന് അനുവാദം നല്‍കുകയാണ് കോടതി ചെയ്തത്.
ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് നിഷേധിച്ചത് ചോദ്യംചെയ്തുള്ള ഹരജിയും കോടതിക്ക് മുമ്പാകെ എത്തി. ഇന്റര്‍നെറ്റ് സൗകര്യമെന്നത് അടിസ്ഥാന അവകാശമാണെന്ന് വിധിച്ച കോടതിക്ക് മുമ്പാകെ ഇത്തരമൊരു ഹരജി വന്നപ്പോള്‍ കേന്ദ്രസര്‍ക്കാറിന് വേണ്ട സാവകാശം അനുവദിക്കും വിധത്തിലാണ് നമ്മുടെ പരമോന്നത കോടതി പെരുമാറിയത്. ഘട്ടംഘട്ടമായി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാമെന്ന കേന്ദ്രനിര്‍ദേശം കോടതി അംഗീകരിച്ചു. ഘട്ടംഘട്ടമായി പുനസ്ഥാപിക്കുക എന്ന നിര്‍ദേശം നടപ്പാക്കുന്നത് കേന്ദ്രം വൈകിപ്പിച്ചപ്പോള്‍ അതിലൊരു കോടതിയലക്ഷ്യം പരമോന്നത നീതിപീഠം കണ്ടതുമില്ല.

സ്വതന്ത്രമായി ജിവിക്കാനും സ്വതന്ത്രമായി അഭിപ്രായം പറയാനം ഭരണഘടന പൗരന് നല്‍കുന്ന അവകാശമാണ് ജമ്മു കശ്മീരില്‍ ലംഘിക്കപ്പെട്ടത്. അത് ചോദ്യംചെയ്തുള്ള ഹരജികളില്‍ പരമോന്ന നീതിപീഠം ഭരണകൂടത്തിന്റെ ഭാഗത്ത് നില്‍ക്കുമ്പോള്‍ ഇളകുന്നത് ഭരണഘടനാ ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഇത്തരം പല നടപടികള്‍ കോടതിയില്‍ നിന്ന് സമീപകാലത്തുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളില്‍ എടുത്ത തീരുമാനവും ശ്രദ്ധേയമായിരുന്നു. ആചാരങ്ങളിലും വിശ്വാസങ്ങളിലും കോടതിക്ക് ഏതളവ് വരെ ഇടപെടാമെന്നത് വിശാലമായി പരിശോധിക്കാന്‍ പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്നായിരുന്നു വിധി. മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഇതിനൊപ്പം കൂട്ടിക്കെട്ടുകയും ചെയ്തു. ഒരു ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയ സംഗതി, പുനപ്പരിശോധനാ ഹരജികള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട കീഴ്വഴക്കങ്ങളൊക്കെ ലംഘിച്ച്, മറ്റൊരു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിക്കുകയും അതില്‍ മറ്റ് പ്രശ്നങ്ങളെക്കൂടി ബന്ധിപ്പിക്കുകയും ചെയ്യുമ്പോള്‍ നീതിനിര്‍വഹണത്തിന് അപ്പുറത്ത്, രാഷ്ട്രീയം പരിഗണിക്കപ്പെടുന്നുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്. ഭരണാധികാരത്തിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ചുള്ള നീതിനിര്‍വഹണമാണോ രാജ്യത്ത് നടക്കുന്നത് എന്ന സംശയം. അങ്ങനെ നടക്കുന്നുവെങ്കില്‍ അത് നീതിന്യായ സംവിധാനം സ്വതന്ത്രവും നിഷ്പക്ഷവുമായല്ല പ്രവര്‍ത്തിക്കുന്നത് എന്നാണ് അര്‍ഥം. അതാണ് നാല് ജഡ്ജിമാര്‍ കോടതിക്ക് പുറത്തിറങ്ങി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്റെ പൊരുളും. നീതിന്യായ സംവിധാനം തകരുന്നത് ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്കാണ് കാരണമാകുക എന്ന് അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. അതിലൊരു ജഡ്ജിയാണ് പിന്നീട് ചീഫ് ജസ്റ്റിസായിരിക്കേ, ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള നീതിനിര്‍വഹണമെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ഉത്തരവുകള്‍ക്ക് കാരണഭൂതനായത് എന്നത് വൈരുദ്ധ്യമാണ്.
പരമോന്നത നീതിപീഠം ഇവ്വിധം പെരുമാറുമ്പോള്‍ അത് ജനാധിപത്യത്തെ തകര്‍ക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് ചൂട്ടുപിടിക്കല്‍ തന്നെയാണ്. പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയിലും ഇതുപോലെ പരമോന്നത ന്യായാസനം ചൂട്ടുപിടിച്ചിട്ടുണ്ട് എന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. അടിയന്തരാവസ്ഥയില്‍ പൗരന്റെ മൗലികാവകാശങ്ങള്‍ റദ്ദുചെയ്യാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് 1976ല്‍ ഭൂരിപക്ഷ വിധിയിലൂടെ പറഞ്ഞത് ഇതേ കോടതിയാണ്. അന്ന് വിയോജിച്ച് വിധിയെഴുതിയ ജസ്റ്റിസ് ഹന്‍സ് രാജ് ഖന്നയുടെ നിരീക്ഷണങ്ങളായിരുന്നു ശരിയെന്ന് പില്‍ക്കാലത്ത് ഇതേ കോടതി പറയുകയും ചെയ്തു. അടിയന്തരാവസ്ഥയിലെ വിധി സുപ്രീംകോടതി തന്നെ തിരുത്തിയത് പിന്തിരിഞ്ഞുനോക്കിയപ്പോള്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ പരമോന്നത കോടതി കൂട്ടുനിന്നുവെന്ന തിരിച്ചറിവിലായിരിക്കുമല്ലോ?
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത നീതിപീഠത്തിനുണ്ട്. അതില്‍ നിന്ന് മാറിനില്‍ക്കുകയും ഭരണകൂടത്തിന് അവരുടെ അജണ്ട നടപ്പാക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുമ്പോള്‍ അപ്രസക്തമാകുന്നത് ഭരണഘടനയാണ്. ഭരണഘടന അപ്രസക്തമാകുമ്പോള്‍ അപകടത്തിലാകുന്ന ജനാധിപത്യത്തെ വീണ്ടെടുക്കുന്നതില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ സ്ഥാനമുണ്ട്. അത് കൂടി നിയന്ത്രിച്ച്, ഭരണകൂടത്തിന് സര്‍വാധികാരം നല്‍കുകയാണോ കോടതി എന്ന സന്ദേഹമാണ് പ്രശാന്ത് ഭൂഷണെ കുറ്റക്കാരനാക്കുന്ന സുപ്രീം കോടതി വിധി സൃഷ്ടിക്കുന്നത്.

രാജീവ് ശങ്കര്‍

You must be logged in to post a comment Login