രിസാലത്തിന്റെ സൗന്ദര്യം

രിസാലത്തിന്റെ സൗന്ദര്യം

യാ റസൂലല്ലാഹ്… എന്ന വിളി കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലോടിയെത്തുക തിരുനബിയായിരിക്കും. ദൂതന്‍ എന്ന അര്‍ഥത്തെ പ്രകാശിപ്പിക്കുന്ന റസൂല്‍, ദൂത്/സന്ദേശം എന്നീ അര്‍ഥങ്ങളെ കുറിക്കുന്ന രിസാലത്ത് ഇത്യാദി സ്വരങ്ങള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറയുമ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍/ദൈവദൂതന്‍, ദൈവദൂത് എന്നിങ്ങനെയായി അതിന്റെ രൂപവും ഭാവവും മാറുന്നുണ്ട്. രിസാലത്തുല്ലാഹി എന്നത് മനുഷ്യാനുഭവത്തിലെ ഏറ്റവും അമൂല്യമായ സന്ദേശമാണ്. സൃഷ്ടിയെയും സ്രഷ്ടാവിനെയും തമ്മില്‍ ചേര്‍ക്കുന്ന അറ്റുപോകാത്ത പാശം. ലോകം അജ്ഞതകൊണ്ട് പാപത്തിന്റെ ആഴക്കയങ്ങളില്‍ മുങ്ങുമ്പോഴൊക്കെ ആ പാശം അതില്‍നിന്നും കരകയറ്റുകയായിരുന്നു.

മനുഷ്യന് സംസ്‌കാരവും ജീവിതമാര്‍ഗവും കാഴ്ചപ്പാടും രൂപപ്പെടുത്തുന്ന നാഥനില്‍ നിന്നുള്ള പ്രബോധന പാഠമാണ് രിസാലത്. അജ്ഞരായ ജനതയെ അത് ഉല്‍കൃഷ്ടരാക്കി. ജീവിതത്തിന് ലക്ഷ്യങ്ങളുടെ ചിറകുകളും ആത്മാവിന് വിജയത്തിന്റെ വീര്യവും പകര്‍ന്നു. ഇത്രയും മഹോന്നതമായ ഇലാഹീ ദൂതിനെ ഏറ്റുവാങ്ങിയവരത്രേ മുര്‍സലുകള്‍. ആ മഹദ് സന്ദേശങ്ങള്‍ അവര്‍ സ്വകാര്യമാക്കിയില്ല. തങ്ങളുടെ ജനതയിലേക്കു കൈമാറി, പ്രപഞ്ച താളങ്ങള്‍ക്ക് കാതോര്‍ക്കുന്ന നാഗരികതകളുടെ കളിത്തൊട്ടിലുകള്‍ പണിതുയര്‍ത്തി. മനുഷ്യന് അവരില്‍ ഒരു ഉത്തമമാതൃക(paradigm) ഉണ്ടായിരുന്നു. ഏതാവശ്യത്തിനും മറിച്ചുനോക്കേണ്ട വിജ്ഞാനകോശമാണെന്നു ചുരുക്കം. പ്രാപഞ്ചിക നിലനില്‍പ്പില്‍/ചര്യയില്‍ അവര്‍ അവിഭാജ്യ (historical inevitability) ഘടകമായിരുന്നു. അങ്ങനെ മനുഷ്യോല്‍പ്പത്തി മുതല്‍ സാഹചര്യാനുസാരം അല്ലാഹു ദൂതന്മാരെ നിയോഗിച്ചു. അവര്‍ നാഥനില്‍ നിന്ന് ജനങ്ങളിലേക്ക് എത്തേണ്ട ദൗത്യവുമായി മുന്നോട്ടുപോയി. അവരില്‍ അതി വിശിഷ്ടരായ തിരുനബിയിലൂടെ(സ) ദൈവദൂതരുടെ പരമ്പരക്ക് പരിസമാപ്തി കുറിക്കപ്പെട്ടു. ഇക്കാരണത്താലാവാം റസൂല്‍, റസൂലുല്ലാഹി എന്നീ ശബ്ദങ്ങള്‍ തിരുനബിയില്‍ ചെന്നുചേരുന്നത്.

റസൂല്‍/റസൂലുല്ലാഹി എന്ന പ്രവാചകപ്പേരിനുള്ളില്‍ ഒളിഞ്ഞിരിപ്പുള്ള ചില ആശയങ്ങളെ നമുക്ക് വായിക്കാന്‍ ശ്രമിക്കാം. തിരുനബിയെ(സ) ദൂതനായി അയച്ചതിനെ കുറിച്ച് അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നു തന്നെ ഒരു ദൂതനെ നാം അയക്കുന്നു'(ബഖറ 151). ‘അവന്‍ അവന്റെ അദൃശ്യ കാര്യങ്ങളിലേക്ക് ആരെയും വെളിപ്പെടുത്തുന്നതല്ല. അവന്‍ ഇഷ്ടപ്പെടുന്ന റസൂലിനെയല്ലാതെ'(ജിന്ന് 26). ഉപരി സൂചിത സൂക്തങ്ങളെ മുന്‍നിറുത്തി ആലോചിക്കുമ്പോള്‍ തിരുനബി വ്യക്തിത്വം മൂന്നു തലങ്ങളിലേക്ക് വികസിക്കുന്നതായി കാണാനാകും.
1. ഇലാഹീ സാമീപ്യപരം/ലാഹൂത്തിയ്യ്
2. മാലാഖികം/മലകൂത്തിയ്യ്
3. മാനുഷികം/ നാസൂത്തിയ്യ്

ലാഹൂത്തിയ്യ്
‘നാം അയച്ചു’ എന്ന സൂക്താംശം ദ്യോതിപ്പിക്കുന്ന ആശയമാണ് തിരുനബിയുടെ ഇലാഹീസാമീപ്യപരമായ പ്രകൃതം. അല്ലാഹു അവനോട് ചേര്‍ത്തിപ്പറയുന്നതിലൂടെ നബിയും അല്ലാഹുവും തമ്മിലുള്ള അടുപ്പം കൂടുതല്‍ വ്യക്തമാകും. ഒരാളുടെ ദൂതനാവുക എന്നതിന് നമ്മുടെ സാമൂഹികവ്യവസ്ഥിതിയില്‍ അയാളുടെ വിശ്വസ്തനാവുക എന്നൊരര്‍ഥം കൂടിയുണ്ടല്ലോ. അങ്ങനെ അല്ലാഹുവിലുള്ള വിശ്വാസ്യതയെയാണ് ഈ പ്രയോഗം പ്രകാശിപ്പിക്കുന്നത്. കാരണം വിശ്വാസ്യതയില്ലായിരുന്നെങ്കില്‍ ഒരിക്കലും ചേര്‍ത്തിപ്പറയുമായിരുന്നില്ല. അല്ലാഹുവിന്റെയടുക്കല്‍ മറ്റാര്‍ക്കുമില്ലാത്ത ഒരിടം നബി(സ) ക്കുണ്ടത്രെ. പ്രമാണങ്ങളിലൂടെ ആ ഇടത്തെ മനസ്സിലാക്കാം. ‘അവന്‍ അവന്റെ അദൃശ്യകാര്യങ്ങളിലേക്ക് ആരെയും വെളിപ്പെടുത്തുന്നതല്ല. അവന്‍ ഇഷ്ടപ്പെടുന്ന റസൂലിനെയല്ലാതെ'(ജിന്ന് 26). ഈ വചനം ആ വിശ്വാസ്യതയുടെ/അടുപ്പത്തിന്റെ ഉറപ്പിനെയാണ് സൂചിപ്പിക്കുന്നത്. മിഅ്‌റാജിന്റെ അവസരത്തില്‍ ജിബ്്രീലിന്(അ) കടന്നുചെല്ലാനാവാത്ത ഒരിടത്തേക്ക് തിരുനബി കടന്നുചെല്ലുന്നുണ്ടല്ലോ. അവിടുന്ന് രണ്ട് വില്ലുകള്‍ക്കിടയിലുള്ള ഒരു വാര്‍ എന്നപോലെ അല്ല, അതിലും അടുത്തായി (53:9). അല്ലാഹുവും തിരുദൂതരും തമ്മില്‍ അന്ന് ഇത്രത്തോളം അടുത്തിരുന്നുവല്ലോ. അങ്ങനെ അല്ലാഹുവുമായി മുനാജാത്ത് നടത്തുകയും ചെയ്തു. അല്ലാഹുവിനോട് നേരിട്ട് നടത്തിയ ഈ സംഭാഷണത്തില്‍ നബിവ്യക്തിത്വത്തിന്റെ അഭൗമികമായ സൗന്ദര്യം കുടികൊള്ളുന്നുണ്ട്. ‘അന അഹ്മദുന്‍ ബിലാ മീമിന്‍’ ഞാന്‍ ‘മീം’ എന്ന അക്ഷരമില്ലാത്ത അഹ്മദാകുന്നു എന്ന് അല്ലാഹു പറഞ്ഞതായി ഖുദ്‌സിയായ ഹദീസില്‍ നമുക്ക് വായിക്കാനാകും. അഹ്മദ് തിരുനബിയാണ്(സ). അതില്‍ നിന്ന് മകാരം ഒഴിവാക്കുമ്പോള്‍ അഹദ് എന്ന അല്ലാഹുവിന്റെ ഏകത്വത്തെ കുറിക്കുന്ന വിശുദ്ധ നാമം ലഭിക്കും. മകാരം അമ്പിനും വില്ലിനുമിടയിലുള്ള വാറിനേക്കാള്‍ അടുത്ത ആ വിടവിനെയായിരിക്കാം സൂചിപ്പിക്കുന്നത്.

മലകൂത്തിയ്യ്
‘റസൂലന്‍’ അഥവാ മഹാദൂതനായി അല്ലാഹു നിയോഗിച്ച നബിയുടെ(സ) വ്യക്തിത്വം മലക്കുകളുടെ തലങ്ങളിലേക്കും വികസിക്കുന്നുണ്ട്. നബി(സ) വഹ്്യ് സ്വീകരിക്കുന്ന വേളയിലാണീ വികാസം പൊതുവെ പ്രകടമാവാറുള്ളത്. ജിബ്്രീലിലൂടെയാണല്ലോ സാധാരണ വഹ്്യ് അവതരിക്കാറുള്ളത്. മലക്കും മനുഷ്യനും തമ്മിലാണ് ഇവിടെ ആശയവിനിമയം നടക്കുന്നത്. രണ്ടുപേരും വ്യത്യസ്ത പ്രകൃതമുള്ളവരാണ്. പദാര്‍ഥിക സ്ഥൂലമാനമുള്ള പഞ്ചഭൂത നിര്‍മിതമായ ശരീരമുള്ള മനുഷ്യപ്രകൃതവും ആത്മപ്രധാനമായ, പ്രകാശമാനമുള്ള അഭൗതിക സൃഷ്ടിയായ മലക്കിന്റെ പ്രകൃതവും. ഈ അവസരത്തില്‍ മാനുഷിക ഭാവത്തില്‍ നിന്നും ഉയര്‍ന്ന് തിരുനബി(സ) മലക്കുകളുടെ ഭാവമായ റൂഹാനിയ്യത്തിലേക്ക് അഥവാ, നൂറാനിയ്യത്തിലേക്ക് വികസിക്കും. വിഖ്യാത പണ്ഡിതന്‍ ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി ഈ ഭാവമാറ്റത്തെ ഫത്ഹുല്‍ ബാരിയില്‍ കുറിച്ചിടുന്നുണ്ട്. മലക്കുകളോട് നബി(സ) നടത്തിയ സംഭാഷണങ്ങളത്രയും വെളിപ്പെടുത്തുന്നത് നബിയുടെ(സ) വ്യക്തിത്വത്തിന്റെ മലകൂത്തിയ്യായ തലത്തിലേക്കുള്ള വികാസത്തെയാണ്.

നാസൂത്തിയ്യ്
നബി വ്യക്തിത്വത്തിന് മാനവീയമായ ഒരു തലം കൂടിയുണ്ട്. ഈ തലത്തിലേക്കു കൂടി വികസിക്കുമ്പോള്‍ റസൂല്‍ എന്ന ശബ്ദം എത്ര ആശയ സമ്പുഷ്ടമാണ്! ഒരേ സമയം പടച്ചവനോടും മലക്കുകളോടും മനുഷ്യരോടും ബന്ധപ്പെടാനുള്ള വിശുദ്ധാവസ്ഥ! ‘നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന്’ എന്ന ഭാഗം നബിയുടെ ജനകീയതയെ വിളിച്ചോതുന്നു. അവിടുന്ന് മനുഷ്യനാണ് മലക്കല്ല എന്നു ചുരുക്കം. ‘നാം അയച്ചിരിക്കുന്നു’ എന്നതില്‍ അല്ലാഹുവിങ്കലുള്ള നബിയുടെ വിശ്വാസ്യതയും സ്വീകാര്യതയും വെളിപ്പെടുന്നുവെങ്കില്‍ ‘നിങ്ങളില്‍ നിന്ന്’ എന്ന പ്രയോഗത്തില്‍ ജനതക്കിടയിലുള്ള നബിയുടെ സത്യസന്ധത, വിശ്വാസ്യത, അടുപ്പം എന്നിവയാണ് വെളിപ്പെടുന്നത്. നബി(സ) ജീവിച്ചത് അവരോടൊപ്പമാണല്ലോ. കുട്ടിക്കാലവും കൗമാരവും യുവത്വവും അവര്‍ നേരിട്ടനുഭവിച്ചതാണ്. സ്വഭാവമഹിമയെ അവര്‍ തന്നെ വാഴ്ത്തിപ്പറഞ്ഞിരുന്നു. അവര്‍ക്കിടയില്‍ വിശ്വാസ്യതയും പൊതുജനസമ്മിതിയും നബിക്ക്(സ) ഉണ്ടായിരുന്നു. ഇത് അഭൗമികമായി താന്‍ അറിഞ്ഞ വസതുതകളെ പ്രബോധനം നടത്തുക എന്ന ദൗത്യത്തെ എളുപ്പമാക്കി. മാത്രമല്ല നബി(സ) അവരുടെ ഇടയില്‍ ജീവിച്ച് അവരോടൊട്ടിച്ചേര്‍ന്ന് അവരുടെ ജീവിതസ്പന്ദനങ്ങളെ തിരിച്ചറിഞ്ഞ വ്യക്തിത്വം കൂടിയായിരുന്നു. സമൂഹത്തിന്റെ നാഡീ മിടിപ്പുകള്‍ തിരിച്ചറിഞ്ഞ ഒരാളാകണം പ്രബോധകന്‍ എന്ന ആശയം ഒളിഞ്ഞിരിപ്പുണ്ടിവിടെ. മാനവീയമായ ഈ ഒരു തലത്തിനു പുറമേ ജന്തുജാലങ്ങളോടും സസ്യലതാദികളോടും ബന്ധപ്പെടാനുള്ള പ്രകൃതവും തിരുനബിയില്‍(സ) നിലീനമായി കിടപ്പുണ്ട്. ഇങ്ങനെ നബി വ്യക്തിത്വം ചില്ലകള്‍ നിറഞ്ഞ മരം പോലെയാണ്. ആ ചില്ലകള്‍ ആകാശഭുവനങ്ങളാകെ! അല്ല പ്രപഞ്ചമാകെ നിറഞ്ഞുനില്‍ക്കുന്നു. അതിന്റെ പൂവും കായും ഫലവുമെല്ലാം മണ്ണും വിണ്ണും മാലോകരാകെയും ആസ്വദിക്കുന്നു, നുണയുന്നു.

മുഹമ്മദ് സിനാന്‍ കെ പടിഞ്ഞാറത്തറ

You must be logged in to post a comment Login