പക്ഷേ, 1921-ല്‍ ഗാന്ധി മലബാറില്‍ വന്നില്ല

പക്ഷേ, 1921-ല്‍ ഗാന്ധി മലബാറില്‍ വന്നില്ല

1920 ജൂണ്‍. അന്നാണ് അലഹബാദില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അതിനിര്‍ണായകമായ ഒരു യോഗം നടക്കുന്നത്. അക്കാല ഇന്ത്യയില്‍ സജീവമായിരുന്ന ഖിലാഫത്ത് കമ്മിറ്റി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച. ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവുമായുള്ള കൈകോര്‍ക്കല്‍ ഗാന്ധിയുടെ പദ്ധതിയായിരുന്നു. മോത്തിലാല്‍ നെഹ്‌റുവും മദന്‍മോഹന്‍ മാളവ്യയും യോഗത്തിലുണ്ട്. ഖിലാഫത്ത് പ്രസ്ഥാനം ഒരു മുന്നേറ്റമായി ബ്രിട്ടീഷ് ഇന്ത്യയില്‍ പടരുന്ന കാലം. മൗലാന ഷൗക്കത്ത് അലി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. അദ്ദേഹവും യോഗത്തിലുണ്ട്. പില്‍ക്കാല ചരിത്രം സൗവര്‍ണമെന്ന് രേഖപ്പെടുത്തിയ നിസ്സഹകരണപ്രസ്ഥാനത്തിന് ഗാന്ധി തീകൊളുത്തിയ ഉജ്ജ്വലനാളുകള്‍ കൂടിയാണത്. റൗലത്ത് ആക്ടും ജാലിയന്‍ വാലബാഗും ചേര്‍ന്നുണ്ടാക്കിയ സാമ്രാജ്യത്വവിരുദ്ധ വികാരമായിരുന്നല്ലോ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അടിവേര്. അക്കാലമായപ്പോഴേക്കും ദേശീയപ്രസ്ഥാനത്തിന്റെ അമരത്തുണ്ടായിരുന്ന ബാലഗംഗാധര തിലകന്‍ രോഗശയ്യയിലുമായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തെ ദേശവ്യാപകമാക്കാന്‍ ഖിലാഫത്തും വഴിയാണെന്നു വിശ്വസിച്ചു ഗാന്ധി. ഖിലാഫത്തിന് അക്കാല മുസ്‌ലിം ജനസാമാന്യത്തിനിടയിലുള്ള സ്വാധീനം ഗാന്ധിയിലെ സൂക്ഷ്മദൃക്കായ സ്റ്റേറ്റ്‌സ്മാന്‍ തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും നിസ്സഹകരണ പ്രസ്ഥാനത്തെ സംബന്ധിച്ചും അതില്‍ ഉള്ളടങ്ങിയ അഹിംസാപരമായ ഹിംസയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഗാന്ധിക്ക് പക്ഷേ, ആ മുന്നേറ്റത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. അത്രമാത്രം സുചിന്തിതവും ഗൃഹപാഠപൂര്‍ണവുമായിരുന്നു ഗാന്ധിയെ സംബന്ധിച്ച് നിസ്സഹകരണപ്രസ്ഥാനം.
അലഹാബാദിലെ നിര്‍ണായക യോഗത്തിലേക്ക് വരാം. മോത്തിലാലും മദന്‍മോഹന്‍ മാളവ്യയും നിസ്സഹകരണപ്രസ്ഥാനം സംബന്ധിച്ച ആശങ്കകളും കുറച്ചുകൂടി കാത്തിരിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഗാന്ധി അക്ഷോഭ്യനായി-അക്കാല ഗാന്ധി കോണ്‍ഗ്രസ് യോഗങ്ങളില്‍ ഒട്ടും അക്ഷോഭ്യനായിരുന്നില്ല- വാദങ്ങള്‍ കേട്ടു. ഷൗക്കത്ത് ക്ഷുഭിതനായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകള്‍ ബ്രിട്ടനാല്‍ വഞ്ചിക്കപ്പെട്ടു എന്ന നിലപാടായിരുന്നു ഷൗക്കത്തിന്റേത്. യോഗത്തില്‍ പങ്കെടുത്ത മൗലാന അബ്ദുല്‍ബാരി സ്വരം കടുപ്പിച്ചു. രാജ്യത്തെ മുഴുവന്‍ മുസല്‍മാന്റെയും ജീവിതത്തെ അപകടപ്പെടുത്തുന്ന നിലപാടിനോട് ഹിന്ദുക്കള്‍ ചേര്‍ന്ന് നില്‍ക്കരുത് എന്ന് ഉറപ്പിച്ച് പറഞ്ഞു. ഖിലാഫത്ത് പ്രസ്ഥാനത്തിനുള്ള സമ്പൂര്‍ണ പിന്തുണ ആ യോഗത്തില്‍ ഗാന്ധി വാഗ്ദാനം ചെയ്തു. ഒരേയൊരു നിബന്ധനയാണ് ആ പിന്തുണയ്ക്ക് ഗാന്ധി മുന്നോട്ടുവെച്ചത്; അത് അഹിംസയോടുള്ള ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രതിബദ്ധതയാണ്. തുടര്‍ന്ന് ഗാന്ധി നിസ്സഹകരണപ്രസ്ഥാനത്തിന്റെ പുരോയാനം സംബന്ധിച്ച തന്റെ ചതുര്‍മുഖ സമീപനം അവതരിപ്പിച്ചു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച്-ഖിലാഫത്തും ദേശീയപ്രസ്ഥാനവും സംബന്ധിച്ച്- വിശദമായ ചര്‍ച്ച സെപ്തംബറില്‍ കല്‍ക്കത്തയില്‍ ചേരുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്നും തീരുമാനിച്ചു. മുസ്‌ലിം നേതാക്കള്‍ അതിനോട് ഐക്യപ്പെട്ടു. അലഹബാദില്‍ മോത്തിലാല്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ ‘കാത്തിരിക്കാം’ എന്ന നിലപാട് തള്ളപ്പെട്ടു. ഗാന്ധി ദേശീയപ്രസ്ഥാനത്തിന്റെ അമരത്തേക്കുള്ള ചുവടുകള്‍ അസന്നിഗ്ധമായി ഉറപ്പിച്ചു. ആ യോഗത്തിന്റെ ഏറ്റവും വലിയ സവിശേഷത ഗാന്ധിയുടെ നേതൃത്വാരോഹണം മാത്രമായിരുന്നില്ല, മുസ്‌ലിം നേതൃത്വത്തില്‍ അദ്ദേഹം നേടിയ സ്വീകാര്യതയുമായിരുന്നു. ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ മുഹമ്മദീയര്‍ ഒരുങ്ങിയെന്ന് ഷൗക്കത്ത് അലി.

ഖിലാഫത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസല്‍മാന്‍മാര്‍ കടന്നുപോകുന്ന മനോനിലയെ സംബന്ധിച്ച് രൂക്ഷമായ ഭാഷയില്‍ വൈസ്രോയിക്ക് പിന്നീട് കത്തെഴുതുന്നുണ്ട് ഗാന്ധി. ഒന്നുകില്‍ അക്രമം അല്ലെങ്കില്‍ പലായനം അതുമല്ലെങ്കില്‍ നിസ്സഹകരണം, ഈ മൂന്നുവഴികളേ ബ്രിട്ടന്‍ തുര്‍ക്കിയില്‍ നടത്തിയ കൃത്യത്തിന് ബദലായി ഇന്ത്യന്‍ മുസല്‍മാന് ഉള്ളൂ എന്നും അവസാനത്തേതാണ് എറ്റവും നിയമാനുസാരിയും അന്തസാര്‍ന്നതുമായ രീതി എന്നും ഗാന്ധി.
ഖിലാഫത്തിനെ മുന്‍നിര്‍ത്തി ഗാന്ധിയെക്കുറിച്ച്, ഗാന്ധിയും ഇന്ത്യന്‍ മുസല്‍മാനും തമ്മിലെ വിനിമയത്തെക്കുറിച്ച് ആമുഖമായി പറഞ്ഞത് ഗാന്ധിയുടെ കേരള സന്ദര്‍ശനങ്ങളെയും ആ സന്ദര്‍ശനങ്ങളുടെ ഓര്‍മയെ പുനരാനയിക്കുന്നതിന്റെ രാഷ്ട്രീയത്തെയും ഓര്‍ക്കാനാണ്. ഗാന്ധി ആദ്യമായി കേരളത്തില്‍ വന്നത് 1920 ആഗസ്ത് 18 നാണ്. ആഗസ്ത് ഒന്നിന് ഖിലാഫത്ത് ദിനമായിരുന്നു. അന്നായിരുന്നു ബാലഗംഗാധര തിലകിന്റെ മരണവും. തിലകന്‍ മറഞ്ഞതോടെ കോണ്‍ഗ്രസിലെ രണ്ട് ധാരകളുടെയും, മിതവാദികളുടെയും തീവ്രവാദികളുടെയും നക്ഷത്രം ഗാന്ധി മാത്രമായി. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ ഹിന്ദു മുസ്‌ലിം ഐക്യം അനിവാര്യമാണെന്ന് ഉറച്ച തിരിച്ചറിവുണ്ടായിരുന്നത് ഗാന്ധിക്കാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന് അഹിംസയുടെ ഉറപ്പിന്‍മേല്‍ ഗാന്ധി നല്‍കിയ പിന്തുണ, അതുവഴി കോണ്‍ഗ്രസ് നല്‍കിയ പിന്തുണ അക്കാല മുസ്‌ലിം നേതൃത്വത്തെ സംബന്ധിച്ച് വിലപ്പെട്ടതായിരുന്നു. വിശാലമായ അര്‍ഥത്തില്‍ ഇന്ത്യന്‍ സ്വതന്ത്ര്യസമര പ്രസ്ഥാനത്തെ ഹിന്ദു- മുസ്‌ലിം ഐക്യപ്രസ്ഥാനമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത് ഖിലാഫത്തും ഗാന്ധിയുമാണ്. ഗാന്ധി ആദ്യമായി കേരളത്തില്‍ വന്നത് ഖിലാഫത്തിന്റെ ഭാഗമായാണ്. അതിനാല്‍ ഗാന്ധിയെ, ഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തെ ഓര്‍ക്കേണ്ടത് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ അതിവിപുലമായിരുന്ന ബഹുസ്വരതയുടെ ഓര്‍മകളെ പുനരാനയിച്ചുകൊണ്ടാണ്. ഗാന്ധിയും അന്നത്തെ മുസ്‌ലിം നേതൃത്വവും തമ്മില്‍ സൃഷ്ടിച്ച അഹിംസാത്മകതയെ ആ ഓര്‍മകളില്‍ ഉറപ്പിച്ചുകൊണ്ടാണ്. ഇന്ത്യയിലെ ഖിലാഫത്ത് മുന്നേറ്റം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗവും അഹിംസയില്‍ അടിയുറച്ചതുമായിരുന്നു എന്ന് ഓര്‍ത്തുകൊണ്ടാണ്. അല്ലാതുണ്ടായതെല്ലാം ഗാന്ധിതന്നെ പില്‍ക്കാലത്ത് നിരീക്ഷിച്ചതുപോലെ അപഭ്രംശമായിരുന്നു എന്ന് മനസിലാക്കിക്കൊണ്ടാണ്. മലബാര്‍ വിപ്ലവത്തിന്റെ, അഥവാ ഏറനാടന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തിന് കച്ചകള്‍ മുറുകുന്ന ഈ സന്ദര്‍ഭത്തില്‍ നാമത് ഓര്‍ക്കേണ്ടതുണ്ട്.

കോഴിക്കോട് കടപ്പുറത്തായിരുന്നു ഗാന്ധിയുടെ കേരളത്തിലെ ആദ്യ പൊതുയോഗം. കെ. മാധവന്‍ നായര്‍ പ്രസംഗം പരിഭാഷപ്പെടുത്തി. ഇന്ത്യയിലെ ഖിലാഫത്ത് മുന്നേറ്റത്തിന്റെ നേതാവ് മൗലാന ഷൗക്കത്തലിയും ഒപ്പമുണ്ടായിരുന്നു. ഉച്ചയോടെ കോഴിക്കോട് വണ്ടിയിറങ്ങിയ ഗാന്ധിയെ ഖാന്‍ ബഹാദൂര്‍ പി കെ മുത്തുക്കോയ തങ്ങള്‍ മാലയിട്ട് സ്വീകരിച്ചു. വൈകിട്ടായിരുന്നു ആയിരങ്ങളെ സാക്ഷിയാക്കിയുള്ള പ്രസംഗം.

”ഇന്ത്യാഗവണ്‍മെന്റും ബ്രിട്ടീഷ് ഗവണ്‍മെന്റും ഇന്ത്യയോട് ഇരട്ടത്തെറ്റ് കാണിച്ചിരിക്കുകയാണ്. തുര്‍ക്കി സുല്‍ത്താന്റെ മേല്‍ കെട്ടിവെച്ച സമാധാന ഉടമ്പടിയിലൂടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് സ്വന്തം സാമ്രാജ്യത്തിലെ മുസ്‌ലിം പൗരന്‍മാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെവരെ ബഹുമതിയായി കരുതപ്പെട്ടിരുന്ന ബിരുദങ്ങള്‍ ഇന്നുമുതല്‍ അപമാനത്തിന്റെ മുദ്രകളാണ്. അതുകൊണ്ട് എല്ലാ ബഹുമതി ബിരുദങ്ങളും എല്ലാ ഓണററി ഉദ്യോഗങ്ങളും ഉടന്‍ ഉപേക്ഷിക്കണം. സര്‍ക്കാരിന്റെ പ്രവൃത്തികളെ ജനനേതാക്കള്‍ അംഗീകരിക്കുന്നില്ല എന്നുള്ളതിന്റെ പ്രകടനമായിരിക്കും അത്. വക്കീലന്‍മാര്‍ കോടതിയില്‍ പോകുന്നത് നിര്‍ത്തണം. അങ്ങനെ അവര്‍ സര്‍ക്കാരിനെ എതിര്‍ക്കണം. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് നമുക്ക് വിദ്യാഭ്യാസം ആവശ്യമില്ല. അങ്ങനെ നാം സ്‌കൂളുകള്‍ ബഹിഷ്‌കരിക്കുകയാണെങ്കില്‍ അത് ഇന്ത്യയിലെ ഇടത്തരം പൗരന്‍മാരുടെ അഭിപ്രായത്തിന്റെ പ്രകടനമായിരിക്കും. നിയമസഭകള്‍ പരിപൂര്‍ണമായും ബഹിഷ്‌കരിക്കണം. ഇന്ത്യന്‍ ജനതയുടെ നാലിലൊന്നുവരുന്ന ഒരു വിഭാഗത്തിന്റെ മതം അപകടത്തിലാവുകയും ഇന്ത്യയുടെ ആത്മാഭിമാനം തന്നെ ആപത്തിനെ നേരിടുകയും ചെയ്യുമ്പോള്‍ നമുക്ക് ജപ്പാന്‍ വസ്ത്രങ്ങളും ഫ്രഞ്ച് വസ്ത്രങ്ങളും കൊണ്ട് അണിഞ്ഞൊരുങ്ങാന്‍ സാധിക്കുകയില്ല. ഇന്ത്യയിലെ പാവപ്പെട്ട നെയ്ത്തുകാര്‍, സ്വന്തം സഹോദരിമാര്‍ നൂറ്റുണ്ടാക്കുന്ന നൂല് സ്വന്തം കുടിലുകളില്‍ ഇരുന്ന് നെയ്‌തെടുത്ത് ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ മതി നമുക്കെന്ന് നമ്മള്‍ തീരുമാനിക്കണം. ഇത് നിസ്സഹകരണത്തിന്റെ ആദ്യഘട്ടമാണ്. ഈ പരീക്ഷണത്തില്‍ കൂടി കടന്നുപോകുന്നതിന് വേണ്ടത്ര ധൈര്യവും വിവേകവും ക്ഷമാശീലവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നതിന് ഞാന്‍ ഈശ്വരനോട് പ്രാര്‍ഥിക്കുന്നു.” ( പരിഭാഷ കെ. മാധവന്‍ നായര്‍, പ്രസിദ്ധീകരിച്ചത് മാതൃഭൂമി).
1920 ലാണ് പ്രസംഗമെന്ന് ഓര്‍ക്കുമല്ലോ? 1920 എന്നാല്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം അതിന്റെ സമരോജ്ജ്വലതയുടെ ആദ്യഘട്ടത്തിലാണ്. ഗാന്ധി അതിന്റെ നേതൃബിംബത്തിലേക്കുള്ള യാത്രയിലുമാണ്. സ്വാതന്ത്ര്യം സംബന്ധിച്ച ഒരു വിപുല പദ്ധതി രൂപപ്പെടുന്നതേയുള്ളൂ. ആ പദ്ധതിയുടെ ആമുഖങ്ങളിലൊന്ന് ഈ പ്രസംഗത്തില്‍ ഗാന്ധി മുന്നോട്ടുവെച്ച ആശയമായിരുന്നു. നിസ്സഹകരിക്കാന്‍ ഗാന്ധി ആവശ്യപ്പെടുന്നത് ഇന്ത്യന്‍ മുസല്‍മാന്റെ ആത്മാഭിമാനത്തിന്റെ പേരിലാണ്. ഇസ്‌ലാം അപകടത്തിലാവുന്നത് ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യും എന്ന നിലപാടാണ് ഗാന്ധി ഉയര്‍ത്തുന്നത്. അതായിരുന്നു ദേശീയ പ്രസ്ഥാനത്തിന്റെ നിലപാട്. അതിലേക്ക് വരാം.

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ബ്രിട്ടന്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി നിസ്സഹകരണ പ്രസ്ഥാനമായിരുന്നു. ഗാന്ധി ബ്രിട്ടന്റെ നേര്‍ക്കുനേര്‍ എതിരാളിയായി മാറിയ കാലം. 1857-ല്‍ അന്നത്തെ സമരം പടരുകയോ പ്രചരിക്കുകയോ ചെയ്തില്ല. ഇന്ത്യന്‍ മാധ്യമലോകം തീരെ ശൈശവദശയില്‍ ആയിരുന്നല്ലോ? ഗാന്ധിയുടെ കാലം, നിസ്സഹകരണത്തിന്റെ കാലം അമ്പേ വ്യത്യസ്തമായിരുന്നു. നൂറ് കണക്കിന് പത്രങ്ങള്‍ വിവിധ ഭാഷകളിലായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. രാമചന്ദ്രഗുഹ നിരീക്ഷിക്കുന്നതുപോലെ തീവണ്ടിയുടെ വ്യാപനം മാധ്യമവ്യാപനത്തിന് വലിയ ചാലകമായി. ഗാന്ധിയും ഗാന്ധിസവും വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ബ്രിട്ടീഷ് അനുകൂലവും ഗാന്ധി-കോണ്‍ഗ്രസ് വിരുദ്ധവുമായ നിരവധി പത്രങ്ങളും ഈ ചര്‍ച്ചകള്‍ ഏറ്റുപിടിച്ചു. ഗാന്ധിയുടെ ആദ്യ സന്ദര്‍ശനത്തിന് കേരളത്തിലെ മലയാള മനോരമ വലിയ പ്രാധാന്യം നല്‍കിയില്ല. മിസ്റ്റര്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനം എന്ന ദുര്‍ബല തലക്കെട്ടില്‍ അത് ഉള്‍പ്പേജില്‍ ഒതുങ്ങി. അത്തരം ബ്രിട്ടീഷ് അനുകൂല മാധ്യമരീതിയും അക്കാലത്ത് സജീവമായിരുന്നു. അതിനിടയിലാണ് 1925-ല്‍ ഗാന്ധി വീണ്ടും കേരളത്തില്‍ വരുന്നത്. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നല്‍കാനായിരുന്നു അത്. ആ പിന്തുണയാകട്ടെ ഒരു ദേശീയ നിലപാടിന്റെ ഭാഗമായിരുന്നു. 1924 മാര്‍ച്ചില്‍ ഒരു ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന് നല്‍കിയ അഭിമുഖം ആ നിലപാടിന്റെ വെളിച്ചം കാട്ടിത്തരുന്നുണ്ട്. ബ്രിട്ടന്‍ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിന് വിസമ്മതിച്ചാല്‍ ഞാന്‍ സ്വയംഭരണത്തെ സ്വാഗതം ചെയ്യും എന്നതായിരുന്നു ഗാന്ധിയുടെ വാക്കുകള്‍. ജാതീയവും ഗോത്രപരവും മതപരവുമായ വൈജാത്യങ്ങള്‍ നിലനില്‍ക്കേ അതെങ്ങനെ സാധ്യമാവും എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു: ”തീര്‍ച്ചയായും വൈജാത്യങ്ങളുണ്ട്, വ്യത്യസ്തതകള്‍ ഉണ്ട്. ഒരു രാജ്യത്തും അതില്ലാതില്ല. പക്ഷേ, ആ വൈജാത്യങ്ങള്‍ക്കിടയിലും ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയും.”

ജാതീയമായ അസമത്വങ്ങളും മതപരമായ ഭിന്നതകളും ഒറ്റരാജ്യം, ഒറ്റ ലക്ഷ്യം എന്ന വിശാലാശയത്തിന് മുന്നില്‍ മങ്ങിപ്പോകും എന്ന് ഗാന്ധി വിശ്വസിച്ചു. അതിനാലായിരുന്നു ജാതീയ തീണ്ടായ്മക്കെതിരെ കേരളത്തില്‍ വൈക്കത്ത് നടന്ന സമരത്തിന് പിന്തുണയുമായി ഗാന്ധി എത്തിയത്. 1921-ല്‍ തിരുനെല്‍വേലയില്‍ വെച്ച് ടി.കെ മാധവന്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ഷേത്രപ്രവേശന സമരങ്ങളെക്കുറിച്ചുള്ള മാധവന്റെ വിശദീകരണങ്ങളോട് അന്ന് ഗാന്ധി പ്രതികരിച്ചത് നിങ്ങള്‍ കീഴാളര്‍ക്കുവേണ്ടി കിണറുകളും സ്‌കുളുകളും സ്ഥാപിക്കൂ എന്നാണ്. വൈക്കം സത്യാഗ്രഹത്തിന് ഗാന്ധിയുടെ പിന്തുണ ലഭിച്ചു. അതിനെ ഒരു വിശാല സമരമായി പരിവര്‍ത്തിപ്പിച്ച് ഗാന്ധി യങ് ഇന്ത്യയില്‍ ദീര്‍ഘലേഖനമെഴുതി. അയിത്തോച്ഛാടനം എന്നത്, ജാതീയതക്കെതിരായ സമരമെന്നത് ബഹുസ്വരസമരത്തിന്റെ ഭാഗമായി ഗാന്ധി കരുതി. അങ്ങനെയാണ് ഗാന്ധി വൈക്കത്ത് എത്തുന്നത്. സത്യാഗ്രഹത്തെ എതിര്‍ക്കുന്ന ഇണ്ടന്തുരുത്തി നമ്പൂതിരി ഉള്‍പ്പടെയുള്ളവരുമായി ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടുന്നതും ആ സന്ദര്‍ശനത്തിലാണ്. പ്രാദേശിക നവോത്ഥാനങ്ങളെ ദേശീയസമരവുമായി സമര്‍ഥമായി ബന്ധിപ്പിക്കുകയായിരുന്നു ഗാന്ധി. പിന്നീട് 1927 ഒക്ടോബറിലും 1934 ജനുവരിയിലും 1937-ലും ഗാന്ധി കേരളത്തിലെത്തുന്നുണ്ട്. അഞ്ചാം സന്ദര്‍ശനത്തില്‍ വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ കാണുന്നു. അക്കാലമാവുമ്പോഴേക്കും കേരളത്തിലെ അധസ്ഥിത മുന്നേറ്റത്തിന്റെ മഹത്തായ ആള്‍രൂപമായി അയ്യങ്കാളി മാറിത്തീര്‍ന്നിരുന്നു.

ഒന്നാം സന്ദര്‍ശനത്തിലേക്കും ഖിലാഫത്തിലേക്കും മടങ്ങി വരാം. ഇപ്പോള്‍ ശതാബ്ദിയായി കൊണ്ടാടിയ ആ വരവിന്റെ ചരിത്രപ്രാധാന്യം നേരത്തേ പറഞ്ഞതുപോലെ ഇന്ത്യന്‍ ദേശീയ മുന്നേറ്റത്തിന്റെ മതാത്മക ബഹുസ്വരതയുടെ പ്രഖ്യാപനമായിരുന്നു. പില്‍ക്കാലത്ത് മുസ്‌ലിം പക്ഷപാതിത്വമാരോപിച്ച് ഹിന്ദുത്വ ഗാന്ധിയെ കൊലപ്പെടുത്തുന്നതിന്റെ ഏക കാരണവും ദേശീയപ്രസ്ഥാനത്തിന്റെ അടിപ്രവാഹത്തിലെമ്പാടും ഗാന്ധി നിറക്കാന്‍ ശ്രമിച്ച ആ മതേതര ബഹുസ്വരത തന്നെയായിരുന്നു. ഖിലാഫത്തിന്റെ പേരില്‍ 1921-ല്‍ നടന്ന മലബാര്‍ വിപ്ലവത്തെ ഗാന്ധി പില്‍ക്കാലത്ത് തള്ളിക്കളഞ്ഞതിന് ഏകകാരണം അഹിംസയില്‍ നിന്നുള്ള അതിന്റെ വ്യതിചലനമായിരുന്നു. അത് ഒറ്റപ്പെട്ട ഒരു വ്യതിചലനമായാണ് നാം ഇന്ന് മനസിലാക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിമിന്റെ മഹാഭൂരിപക്ഷവും അഹിംസ, ബഹുസ്വരത, മതാത്മക മതേതരത തുടങ്ങി ദേശീയപ്രസ്ഥാനം ആവിഷ്‌കരിച്ച ബഹുമുഖമായ മുന്നേറ്റത്തിന്റെ ഭാഗമായി നിന്നു. അഥവാ ദേശീയ പ്രസ്ഥാനം അതുകൂടി ചേര്‍ന്നതായിരുന്നു.

അതിനാല്‍ നാം ഗാന്ധിയുടെ ഒന്നാംവരവിനെ ഇപ്പോള്‍ ഓര്‍ക്കേണ്ടത് ഒരു സമരമാതൃക എന്ന നിലയിലാണ്. ബഹുസ്വരവും മതേതരവുമായ ഒരു സമരമുഖമാണ് ഈ രാജ്യത്തിന്റെ സ്വാഭാവികത. ഹിംസാത്മകമായ ഒന്നിനും അതില്‍ ഇടമില്ല. ഒരു രാജ്യത്തിന്റെ സ്വാഭാവികതകളെ നിര്‍ണയിക്കുന്നത് അതിന്റെ ഭൂതകാലമാണ്. ആഴത്തില്‍ അടിവേരുള്ള ഇന്ത്യന്‍ ഭൂതകാലം ദേശീയപ്രസ്ഥാനമാണ്. അതിന്റെ മുഖം അഹിംസയും ബഹുസ്വരതയും ഉള്‍ക്കൊള്ളലുമാണ്. നിര്‍ഭാഗ്യവശാലും പ്രാദേശിക അനുഭവങ്ങളുടെ കാഠിന്യത്താലും 1921-ലെ മലബാര്‍ വിപ്ലവം പൂര്‍ണാര്‍ഥത്തില്‍ അങ്ങനെ ആയില്ല. അതിനാല്‍ അടുത്ത വര്‍ഷത്തെ ശതാബ്ദിയില്‍ നാം ആദ്യമോര്‍ക്കേണ്ടത് ഗാന്ധിയെയും ഷൗക്കത്തലിയെയുമാണ്. വിജയിച്ച ഒരു മഹാമാതൃക അതായിരുന്നു. പൗരത്വഭേദഗതിക്കെതിരായ സമരമുഖങ്ങളെ മറക്കരുത്. അത് നാം അടച്ചുകളഞ്ഞിട്ടില്ല. അവിടെയും ഗാന്ധിയില്‍ തന്നെയാണ് വഴി.


You must be logged in to post a comment Login