നല്ലവന്‍ പക്ഷേ, നേരറിഞ്ഞില്ല

നല്ലവന്‍ പക്ഷേ, നേരറിഞ്ഞില്ല

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അര്‍പ്പണമനസ്സോടെ ജീവിതം ഉഴിഞ്ഞു വെക്കുന്ന സാമൂഹിക പ്രവര്‍ത്തകരുണ്ട്. അവരില്‍ പലരും ഇസ്ലാംമത വിശ്വാസികളൊന്നുമായിരിക്കില്ല. ജീവിതകാലത്തു ചെയ്ത സാമൂഹിക സേവനങ്ങളിലൂടെ മരണാനന്തരവും അവര്‍ സ്മരിക്കപ്പെടുന്നു, തലമുറകള്‍ അവരോട് കടപ്പാടുള്ളവരായിത്തീരുന്നു. ഇസ്ലാം സ്വീകരിച്ചില്ലെന്ന കാരണം കൊണ്ട് അത്തരം സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് പാരത്രിക ലോകത്ത് പ്രതിഫലം നിഷേധിക്കുന്നത് എന്തുനീതിയാണ്? ‘അവിശ്വാസികള്‍ അനുവര്‍ത്തിച്ച കര്‍മങ്ങളിലേക്കു നാം തിരിയുന്നതും അവ വിതറപ്പെട്ട ധൂളിപോലെയാകുന്നതുമാണ്'(ഫുര്‍ഖാന്‍/23) എന്ന ഖുര്‍ആനിക ആശയത്തെ നാം എങ്ങനെ കാണും?

പ്രസക്തമായ ചോദ്യമാണിത്. ഒരു ഉദാഹരണത്തിലൂടെ വിശദമാക്കാം. സൈദ് മറ്റൊരാളെ ഒരു നിര്‍ണിത ജോലി ചെയ്തുതീര്‍ക്കാന്‍ കൂലിക്ക് വിളിക്കുന്നു. കൂലി എത്ര വേണമെന്ന് കൂലിപ്പണിക്കാരന്‍ തീരുമാനിക്കുന്നു, രണ്ടുപേരും യോജിക്കുന്നു. കൂലിപ്പണിക്കാരന്‍ തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ചു. ഇനി പറയുക, കൂലിപ്പണിക്കാരന്‍ ആദ്യമേ ആവശ്യപ്പെട്ട തുകയാണോ അവന് അവകാശപ്പെട്ടത്? അതല്ല, സൈദ് പുതുതായി തീരുമാനിക്കുന്ന വേതനമോ? നിയമവശങ്ങളിലേക്ക് പോകുമ്പോള്‍ എല്ലാ നിയമങ്ങളും തൊഴിലുടമയോട് കൂലിപ്പണിക്കാരന്‍ ആദ്യമേ നിര്‍ണയിച്ച വേതനം നല്‍കാനാണ് അനുശാസിക്കുക. ചര്‍ച്ചാ വിഷയം ഈ ഉദാഹരണത്തോട് ചേര്‍ത്ത് വായിച്ചു നോക്കൂ.

ഒന്നുകൂടി സ്പഷ്ടമായി പറയാം. സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി മരണാനന്തരം അല്ലാഹു സ്വര്‍ഗീയ സുഖങ്ങള്‍ നല്‍കുമെന്ന് പറഞ്ഞാല്‍ അല്ലാഹുവിനെ വിശ്വസിക്കാത്ത ഈ ജീവകാരുണ്യ പ്രവര്‍ത്തകന് അതിഷ്ടപ്പെടുമോ?
‘താങ്കളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി മരണാനന്തരം അല്ലാഹു സ്വര്‍ഗം തന്ന് അനുഗ്രഹിക്കട്ടെ’ എന്ന് അദ്ദേഹത്തോട് പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം? അല്ലാഹുവില്‍ വിശ്വസിക്കാത്തവന്‍ അല്ലാഹു നല്‍കുന്ന സ്വര്‍ഗീയ സുഖങ്ങള്‍ ആഗ്രഹിക്കുമോ! ആവശ്യപ്പെടുമോ! ഇല്ല. ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാത്ത പ്രതിഫലം അദ്ദേഹത്തിന് നല്‍കണമെന്നു പറയുന്നത് വിഡ്ഢിത്തമല്ലേ! അദ്ദേഹത്തോടുള്ള അനീതിയല്ലേ!

അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കാതെ സല്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നവരെ പറ്റിയാണ് ഖുര്‍ആന്‍ പറഞ്ഞത്: ‘സത്യനിഷേധികളുടെ അനുഷ്ഠാനങ്ങള്‍ മരുഭൂമിയിലെ മരീചികാതുല്യമത്രേ-ദാഹാര്‍ത്തന്‍ അത് വെള്ളമാണെന്നു വിചാരിക്കും. അങ്ങനെ അതിനു സമീപത്തേക്ക് ചെല്ലുമ്പോള്‍ അപ്രകാരമൊന്നുള്ളതായി അവനു കാണാനേ കഴിയില്ല; തന്റെയടുത്ത് അല്ലാഹുവിനെയവന്‍ കാണും. തത്സമയം കണക്കുതീര്‍ത്ത് അല്ലാഹു അവന് നല്‍കുന്നതാണ്! അതിദ്രുതം കണക്കുനോക്കുന്നവനത്രേ അല്ലാഹു'(സൂറത്തുന്നൂര്‍/ 39). ‘അവിശ്വാസികള്‍ അനുവര്‍ത്തിച്ച കര്‍മങ്ങളിലേക്കു നാം തിരിയുന്നതും അവ വിതറപ്പെട്ട ധൂളിപോലെയാകുന്നതുമാണ്.’ (അല്‍ ഫുര്‍ഖാന്‍/ 23)
ഇനി അവര്‍ ആഗ്രഹിക്കുന്ന പ്രതിഫലമെങ്കിലും അല്ലാഹു നല്‍കുമോ എന്ന് നോക്കാം. അല്ലാഹുവിലും പരലോക ജീവിതത്തിലും വിശ്വസിക്കാത്തവര്‍ നൈമിഷിക ജീവിതത്തിലെ നേട്ടങ്ങളായിരിക്കുമല്ലോ ആഗ്രഹിക്കുക. അല്ലാഹു അവര്‍ക്കത് നല്‍കുന്നുണ്ട്. ഇസ്ലാമിക ശരീഅത് അത് കൃത്യമായി അനുശാസിക്കുന്നുണ്ട്.
‘പണിക്കാരന്റെ വിയര്‍പ്പുണങ്ങും മുന്നേ നിങ്ങള്‍ വേതനം നല്‍കുക'(ഹദീസ്), ‘ജനങ്ങളോട് നന്ദി കാണിക്കാത്തവന്‍ അല്ലാഹുവിനോട് നന്ദി കാണിക്കാത്തവനാണ്'(ഹദീസ്). ഇവിടെ ജനങ്ങളോട് നന്ദി പ്രകാശിപ്പിക്കുക എന്നതിന്റെ വിവക്ഷ കേവലം നാവുകൊണ്ടുള്ള നന്ദി പറയല്‍ മാത്രമല്ല. പ്രത്യുത, അപരന്‍ നിര്‍വഹിച്ച സേവനത്തിനു നല്‍കേണ്ട പ്രതിഫലവും ഉള്‍പ്പെടും. അപ്പോള്‍, ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍, തന്റെ ഓര്‍മക്കായി ഒരു ഫ്‌ളക്സ് സ്ഥാപിക്കാനാണ് ആവശ്യപ്പെട്ടതെങ്കില്‍ അത് നിര്‍വഹിച്ചു കൊണ്ടാണ് നന്ദി പ്രകാശിപ്പിക്കേണ്ടത്. പണം ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ ഒരുപകാരം ചെയ്തു തന്നാല്‍ അത് കൃത്യമായി നല്‍കുക തന്നെ വേണം. ഇത്തരത്തില്‍, ഇതരമതസ്ഥനോടും മതമില്ലാത്തവനോടും ലോകമാന്യം നടിക്കുന്ന വിശ്വാസിയോടും നൈമിഷികലോകത്ത് മതം മുന്നോട്ടു വെക്കുന്ന നീതിയുക്തമായ സമീപനം അദ്വിതീയമാണ്.

ബാഹ്യമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിയ ചിലര്‍ അന്ത്യദിനത്തില്‍ വരും. വിശുദ്ധ സമരങ്ങളില്‍ (ജിഹാദ്) അവിസ്മരണീയ പോരാട്ടം കാഴ്ചവെച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ ‘ധീരന്‍’ എന്ന പ്രൊഫൈല്‍ നിര്‍മിക്കലായിരുന്നു ലക്ഷ്യം. അവരോട് പറയും: ‘നിന്നെപ്പറ്റി ‘ധീരന്‍’ എന്ന് ജനങ്ങള്‍ പ്രശംസിച്ചിട്ടുണ്ട്, നിന്റെ പ്രതിഫലം നല്‍കപ്പെട്ടു കഴിഞ്ഞു’. നേതൃസ്ഥാനം, പ്രശസ്തി, ജോലി തുടങ്ങിയ നേട്ടങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് സല്‍പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായവരോട് പറയും: ‘നീ ആഗ്രഹിച്ചത് ഭൗതിക ലോകത്ത് ലഭിച്ചു കഴിഞ്ഞു, അതാണ് നിന്റെ പ്രതിഫലം’. പ്രവാചകര്‍(സ്വ) പറഞ്ഞതായി സ്വീകാര്യയോഗ്യമായ നിവേദനങ്ങളില്‍ ഇവ കാണാം.
ഇവിടെ മറ്റൊരു ചോദ്യം ഉന്നയിക്കപ്പെടാം. പരലോകത്തു വെച്ച് സത്യനിഷേധികള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും സ്വര്‍ഗനരകങ്ങളിലും വിശ്വസിക്കുമല്ലോ. ആദ്യം നിഷേധിച്ചു തള്ളിയെങ്കിലും പുതിയ ചിന്തോദയത്തിലൂടെ പരമ യാഥാര്‍ത്ഥ്യത്തില്‍ വിശ്വസിച്ചുവല്ലോ. അതിന്റെ പ്രതിഫലമായി സ്വര്‍ഗം നല്‍കുന്നതല്ലേ ദൈവനീതി?
ഉത്തരമിതാണ്; പാരത്രിക ലോകത്തു വരാനിരിക്കുന്ന അദൃശ്യകാര്യങ്ങള്‍ വിശ്വസിച്ച് ഏകദൈവ വിശ്വാസിയായി ഇഹലോകവാസം വെടിയുന്നവനോട് -എത്ര തന്നെ പാപഭാരം ചുമന്നിട്ടുണ്ടെങ്കിലും- അല്ലാഹു വിട്ടുവീഴ്ച്ച ചെയ്തേക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വാഗ്ദാനം നല്‍കിക്കഴിഞ്ഞു. അതുപോലെ, മത പ്രബോധനം എത്തിയിട്ടും ദൈവനിന്ദയില്‍ ജീവിതം തുലക്കുന്നവന് പാപമോക്ഷമില്ലെന്നതും പ്രഖ്യാപിതമായിക്കഴിഞ്ഞു.

തനിക്കു പങ്കാളികളെ സ്ഥാപിക്കപ്പെടുന്നത് അല്ലാഹു പൊറുക്കുകയില്ല തന്നെ; മറ്റുപാപങ്ങള്‍ താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. അല്ലാഹുവിനോട് ആരെങ്കിലും പങ്കുചേര്‍ത്താല്‍ ഗുരുതരമായ പാതകം തന്നെയാണവന്‍ കെട്ടിച്ചമച്ചത്'(അന്നിസാഅ്/48). രണ്ടു പേരും നൈമിഷിക ലോകത്ത് വിശ്വസിച്ചതും പ്രവര്‍ത്തിച്ചതുമനുസരിച്ചായിരിക്കും വിധി തീര്‍പ്പു നാളിലെ പ്രതിഫലമുണ്ടാകുക. വിധിതീര്‍പ്പു നടക്കുമ്പോഴുള്ള ചിന്തോദയവും പശ്ചാത്താപവും ഫലം കാണില്ല. ലോകത്തെ ഏത് നീതിന്യായ വ്യവസ്ഥയും ഇപ്രകാരമാണ് അനുശാസിക്കുന്നത്.

ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയ ശേഷം നേരത്തെ പറഞ്ഞുറപ്പിച്ച വേതനമല്ലാതെ മറ്റൊരു പ്രതിഫലം തൊഴിലാളി ആവശ്യപ്പെട്ടാല്‍ തൊഴിലുടമ അതു നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് ഏതെങ്കിലും കോടതി അനുശാസിക്കുന്നുണ്ടോ?
സത്യം ബോധ്യപ്പെട്ടിട്ടും വിശ്വസിക്കാതെ അഹന്ത നടിക്കുന്നവനാണ് അല്ലാഹുവിന്റെ കരുണയും പാപമോക്ഷവും ലഭിക്കാത്ത അവിശ്വാസിയെന്നത് മേല്‍ വിശദീകരിച്ചതില്‍ നിന്നും വ്യക്തം.

‘സ്വമനസ്സാലെ ബോധ്യപ്പെട്ടിട്ടും അതിക്രമവും അഹന്തയും നിമിത്തം അവരത് നിഷേധിച്ചുതളളി. ആ നാശകാരികളുടെ ഭവിഷ്യത്ത് എങ്ങനെയായിരുന്നു എന്ന് താങ്കള്‍ ചിന്തിച്ചുനോക്കൂ'(അന്നംല്/ 14).

എന്നാല്‍, അജ്ഞത നിമിത്തം സത്യദൈവത്തെ അറിയാത്തവര്‍ താഴെ നല്‍കുന്ന വചനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും. ‘ഒരു ദൂതനെ നിയോഗിക്കുന്നതുവരെ ആരെയെങ്കിലും ശിക്ഷിക്കുന്ന രീതി നമുക്കില്ല'(അല്‍ ഇസ്റാഅ്/ 15). ‘ശുഭവാര്‍ത്തയറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായാണവര്‍ നിയുക്തരായത്. പിന്നീട് അല്ലാഹുവിനെതിരെ മനുഷ്യര്‍ക്ക് യാതൊരു മറുവാദവും (ഇത്ര അപകടകരമാണിവിടത്തെ അവസ്ഥയെങ്കില്‍ ഒരു മുന്നറിയിപ്പുകാരനെ അയച്ച് ഇക്കാര്യം ഞങ്ങളെ അറിയിച്ചു കൂടായിരുന്നോ) ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു'(അന്നിസാഅ്/ 165).
അല്ലാഹു അനുവദിച്ച ഈ ഇളവ് ലഭിച്ചേക്കാവുന്ന ധാരാളം ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നുമുണ്ട്. ‘ദൂതനെ നിയോഗിക്കാതെ നാം ആരെയും ശിക്ഷിക്കില്ല’ എന്ന വചന പ്രകാരം അവര്‍ക്ക് പാപമോക്ഷം ലഭിച്ചേക്കാം.

മൊഴിമാറ്റം: സിനാന്‍ ബഷീര്‍

സഈദ് റമളാന്‍ ബൂതി

You must be logged in to post a comment Login