ഉള്ളിലുള്ളതിന്റെ ഓര്‍മകള്‍

ഉള്ളിലുള്ളതിന്റെ ഓര്‍മകള്‍

നമ്മുടെ ഉണ്മയെ മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഫിത്വ്റ. നിവര്‍ന്ന് നില്‍ക്കലും ഇരു പാദങ്ങളില്‍ നടക്കലും പ്രത്യേക രീതിയില്‍ ഭക്ഷണം കഴിക്കലും എല്ലാം നമ്മുടെ പ്രകൃതമാണ്. ഇവക്കൊന്നും നമുക്ക് പ്രയാസമില്ല. എന്നാല്‍ ഫിത്വ്റ ഇവ മാത്രമല്ല. നമ്മുടെ ഹൃദയത്തെയും തലച്ചോറിനെയും സംബന്ധിക്കുന്ന ചിലത് കൂടി ഉള്‍ക്കൊള്ളുന്നുണ്ടത്. വളരെ സമഗ്രമായ ഒരു അറിവാണത്. ഇത് ദൈവിക കരുണയുടെ ഒരു മാനിഫെസ്റ്റേഷന്‍ കൂടിയായാണ് നാം വിശ്വസിക്കുന്നത്. മനുഷ്യ വംശത്തിന് വളരെ പ്രധാനമായ ഒരു ദൗത്യം നല്കപ്പെട്ടതായും നാം വിശ്വസിക്കുന്നു. ഈ ഭൂമിയുടെ മേല്‍നോട്ടമാണത്. ഈ പ്രപഞ്ചം ഒരു മനുഷ്യോദ്യാനമല്ല. ജീവജാലങ്ങളുടെ, മരങ്ങളുടെ, ജലധാരകളുടെയെല്ലാം ഉദ്യാനമാണ്. ഇവിടെ മേല്‍നോട്ടക്കാരാണ് നാം. പക്ഷേ ഈ മേല്‍നോട്ടത്തിന്റെ കരാറുകള്‍ പാലിക്കുക എന്നത് അല്പം പ്രയാസകരമാണ്. നാം നന്നായാല്‍ എല്ലാം നന്നാകും. നമ്മള്‍ നശിച്ചാല്‍ എല്ലാം നശിക്കും. അതിനുള്ളതെല്ലാം പടച്ചവന്‍ നല്‍കുന്നുമുണ്ട്. പലപ്പോഴും ആവശ്യത്തിലേറെയും നല്‍കുന്നു. വിശ്വാസവും ഫിത്വ്റയില്‍ തന്നെ രൂഢമൂലമാണ്. അപ്പോള്‍ ആ ആദി സ്വത്വത്തെ പുറത്തു കൊണ്ടു വരേണ്ട ആവശ്യം മാത്രമേ നമുക്കുള്ളൂ. ഇങ്ങനെ നോക്കിയാല്‍ രണ്ടു വിധം ആളുകള്‍ ഉണ്ടെന്ന് മനസ്സിലാക്കാം. ഒന്ന്, ഫിത്വ്റക്കെതിരെ പുറം തിരിയുകയും അതിനെ കുറിച്ച് മറന്നു പോവുകയും ചെയ്തവര്‍. രണ്ട്, ഫിത്വ്റയെ ആഴങ്ങളില്‍ അറിയുകയും പഠിക്കുകയും ചെയ്യുന്നവര്‍. ഇവരെയാണ് ‘അല്‍ബാബ് – ശരിയായ ചിന്തയുള്ളവര്‍’ എന്നു വിളിക്കുന്നത്. നമ്മുടെ മേലുള്ള ദൈവാനുഗ്രഹങ്ങളും ഉടമ്പടികളും ഓര്‍ക്കാന്‍ അവന്‍ പലപ്പോഴും പറയുന്നു. ഓര്‍ക്കാനുള്ള, ചിന്തിക്കാനുള്ള ഒരുപാട് ആഹ്വാനങ്ങള്‍ ഖുര്‍ആനിലുണ്ട്. നമുക്ക് അറിയുന്ന ഒന്നിനെയാണല്ലോ നാം ഓര്‍ക്കുക. സകല പ്രവാചകരും വന്നത് നമ്മുടെ ഉള്ളിലുള്ളതിനെ പുറത്തു കൊണ്ടുവരാനും ഓര്‍മിപ്പിക്കാനുമാണ്. ഇതിനെല്ലാം അര്‍ഥം നമ്മുടെ ഉള്ളില്‍ ആദ്യമേ ഇവയെല്ലാം ഉണ്ട് എന്നതാണ്.

അല്ലാഹു ഖുര്‍ആനില്‍ നമ്മെ രണ്ടു കൈകള്‍ കൊണ്ട് സൃഷ്ടിച്ചു എന്ന് പറയുന്നുണ്ട്. ഞാന്‍ എന്റെ കരങ്ങള്‍ കൊണ്ടു സൃഷ്ടിച്ച ഒന്നിനെ വണങ്ങാന്‍ നിനക്ക് എന്താണ് തടസം എന്ന് അവന്‍ പിശാചിനോട് ചോദിക്കുന്നുണ്ട്. നീ അഹങ്കാരിയും വിസമ്മതിക്കുന്നവനും ആയോ എന്നും ചോദിക്കുന്നു. പിശാച് പറഞ്ഞത് ഞാന്‍ അവനെക്കാള്‍ ഉയര്‍ന്നവനാണ്, അവനെ മണ്ണില്‍ നിന്നും എന്നെ തീയില്‍ നിന്നുമാണ് നീ സൃഷ്ടിച്ചത് എന്നായിരുന്നു. ഇവിടെയുള്ള ചോദ്യത്തെ ശരിക്കും നീ ചിന്തിക്കും പോലെ തന്നെയാണോ, എന്റെ രണ്ടു കരങ്ങള്‍ കൊണ്ടു സൃഷ്ടിച്ച ഈ ആദമിക ഉണ്മയെക്കാള്‍ മഹത്വം ഉള്ളവനാണോ നീ എന്നും വായിക്കാം. ഇതു പോലെ വേറെ ഒന്നും ഞാന്‍ ഉണ്ടാക്കിയിട്ടില്ല എന്നും പടച്ചവന്‍ പറയുന്നുണ്ട്. എല്ലാം അല്ലാഹു സൃഷ്ടിച്ചത് തന്നെയാണെങ്കിലും മനുഷ്യ സൃഷ്ടിപ്പ് വളരെ അതുല്യവും പ്രത്യേകവുമായ ഒന്നാണ് എന്നാണ് ഇവിടെനിന്നും ഗ്രഹിക്കാനാവുക. ആദം നബിക്കുള്ള ബഹുമാനം കൂടിയാണിത്. കാരണം, സൃഷ്ടിപ്പിന്റെ ആദ്യം മുതല്‍ അന്ത്യം വരെ വേറൊന്നും ഇങ്ങനെ ഇരുകരങ്ങള്‍ കൊണ്ട് സൃഷ്ടിച്ചു എന്നു പറഞ്ഞിട്ടില്ല. മറ്റുള്ളവയെല്ലാം ദൈവിക കല്പന കൊണ്ടായിരിക്കും സൃഷ്ടിച്ചിട്ടുണ്ടാവുക.

എല്ലാ സൃഷ്ടികള്‍ക്കും ഓരോ സ്ഥാനം(station) ഉണ്ട്. മലക്കുകള്‍ക്കും മറ്റു ജീവികള്‍ക്കുമെല്ലാം പ്രത്യേകം സ്ഥാനം ഉണ്ട്. എന്നാല്‍ മനുഷ്യരുടെ സ്ഥാനം അവര്‍ സ്വയം കണ്ടെത്തണമെന്നാണ്. നിലവിലെ അവസ്ഥയില്‍ നിന്നും എത്ര ഉയരങ്ങളിലേക്കും പോകാം. എത്രയോ താഴുകയുമാവാം.
അതുകൊണ്ടാണ് മനുഷ്യനെ ഭൂമിയില്‍ പടച്ചവന്റെ പ്രതിനിധി എന്നു പറയുന്നത്. മനുഷ്യന് നന്മയും തിന്മയും അറിയാം. ഒരുപക്ഷേ പിശാചിന് പോലും മനുഷ്യനെക്കാള്‍ തിന്മ അറിയില്ലായിരിക്കും. പക്ഷേ തിന്മകള്‍ ചെയ്യാനല്ല, അവയെ തടയാനാണ് നാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത് പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് അറിയണം. അതാണ് ലോകം ആവശ്യപ്പെടുന്നത്.

നമുക്ക് ദൈവിക നാമങ്ങള്‍ അറിയാം. ആദം നബിക്കാണ് അല്ലാഹു അത് പഠിപ്പിച്ചു കൊടുത്തത്. ആദം നബിയുടെ സൃഷ്ടിപ്പോടെയാണ് ലോകം പൂര്‍ണത കൈവരിക്കുന്നത്. എന്നാല്‍ ആദം നബിയാകട്ടെ, സ്വയമേ പൂര്‍ണന്‍ ആണ് താനും. മനുഷ്യന്‍ ശരിയാകുമ്പോഴാണ് ലോകവും ശരിയാകുന്നത് എന്നു പറഞ്ഞല്ലോ. മനുഷ്യനില്ലാതെ ലോകം അപൂര്‍ണമാണ്. ഒരു മധ്യവര്‍ത്തിയെയും വെക്കാതെയാണ് പടച്ചവന്‍ ആദം നബിയെ പടച്ചത്. ഒരു പിതാവോ മാതാവോ ഒന്നും ഉണ്ടായിരുന്നില്ല. അല്ലാഹു ആദമില്‍ നിക്ഷേപിച്ചത് വേറെ ഒരു സൃഷ്ടിയിലോ കാണാന്‍ സാധിക്കില്ല എന്ന് സൂഫികളും പണ്ഡിതരുമെല്ലാം പറയാറുണ്ട്. പ്രത്യേകമായ അനുഗ്രഹങ്ങളും സവിശേഷതകളും പദവികളുമാണ് ആദം നബിയിലും സന്താനങ്ങളിലും അല്ലാഹു നല്‍കിയത്. പൈശാചിക ഉണ്മ ആദമിക ഉണ്മയോട് വൈരുധ്യമാണ്. സര്‍വസൃഷ്ടികളുടെയും ഏകത്വത്തിന്റെ മാനിഫെസ്റ്റേഷന്‍ ആണ് ആദമിക ഉണ്മ എന്ന് പണ്ഡിതര്‍ പറയുന്നത് കാണാം. മനുഷ്യ സ്വത്വം സന്തുലിതാവസ്ഥയും/ സ്ഥിരതയും(ഇഅ്തിദാല്‍) വേണ്ട ഒന്നാണ് എന്നതുകൊണ്ടാണ് പടച്ചവന്‍ രണ്ടു കരങ്ങളെയും ഉപയോഗിച്ചു എന്ന് പറയുന്നത്. എന്നാല്‍ പിശാചിന്റെ സ്വത്വം അസന്തുലിതമാണ്. തന്റെ അഹംഭാവം കൊണ്ടാണ് ഇബ്‌ലീസ് അറിയപ്പെടുന്നത്. സത്യമെന്ന(ഹഖ്) യാഥാര്‍ത്ഥ്യത്തിനെതിരെ തന്റെ സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ഔന്നത്യം ആവശ്യപ്പെട്ട് അഹങ്കാരം കാണിച്ചത് കൊണ്ടാണ് ഇബ്‌ലീസിന് ശാപം ഏല്‍ക്കേണ്ടി വന്നത്.

ദൈവിക കരങ്ങളാണ് സകല ഒന്നിപ്പുകളെയും ഭിന്നിപ്പുകളെയും പ്രപഞ്ചത്തിന്റെ ഉണ്മയെയുമെല്ലാം നമ്മില്‍ ഉള്‍ച്ചേര്‍ത്തത്. അതില്‍ അത്യുന്നതമായതും അധമമായതും ഉണ്ട്.

ഉപസംഹരിക്കട്ടെ, നാം ഈ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നു. Transcendental humanism എന്നാണ് ഇതിനെ ചിലര്‍ വിളിക്കാറുള്ളത്. ജോര്‍ജ് മഖ്ദിസി എന്ന ഒരു പ്രശസ്ത അറബ് ക്രിസ്ത്യന്‍ പണ്ഡിതനുണ്ട്. പടിഞ്ഞാറില്‍ മാനവികതയുടെ ഉയര്‍ച്ചക്ക് ഗ്രീക്ക്, ഹെലനിക് ട്രഡീഷനുകളോടല്ല, മറിച്ച് ഇസ്ലാമിനോടാണ് കടപ്പാട് എന്ന് അദ്ദേഹം പറയുന്നുണ്ട്. പിക്കോ ഡോല മിറന്‍ഡോള എന്നയാള്‍ നവോത്ഥാന ചിന്തയുടെ പ്രമുഖ വക്താക്കളില്‍ ഒരാളാണ്. മാനിഫെസ്റ്റോ ഓഫ് റിനൈസന്‍സ് എന്ന് വിളിക്കപ്പെടുന്ന ഒരു പുസ്തകം അദ്ദേഹം എഴുതുകയുണ്ടായി. അതില്‍ അദ്ദേഹം അഭിസംബോധന ചെയ്യുന്നത് കത്തോലിക്ക പുരോഹിതന്മാരോടാണ്. അബ്ദുല്ലാഹ് എന്ന സാരസന്‍ അഥവാ അറബ് ആണ്(അബ്ദുല്ല ഇബ്നു ഖുതൈബ) നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹ്യൂമനിസത്തെ കുറിച്ച് എഴുതിയത് എന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം. അറബിയിലും ഹീബ്രുവിലുമെല്ലാം നൈപുണ്യമുണ്ടായിരുന്നു ആള്‍ കൂടിയായിരുന്നു പിക്കോ.

മനുഷ്യ സ്വത്വം ഒന്നുകില്‍ എല്ലാമാണ് അല്ലെങ്കില്‍ ഒന്നുമല്ല എന്ന് വേണമെങ്കില്‍ പറയാം. എല്ലാം ആകാന്‍ വേണ്ടി നമുക്ക് ഉദ്യമിക്കാം. അങ്ങനെ ചെയ്തില്ലെങ്കില്‍ നാം ഒന്നുമല്ലാതായി പോകും. ശരിക്കും നമ്മില്‍ പലരും ഒന്നുമാകാതെ പോവുകയല്ലേ എന്നു കൂടി ചിന്തിക്കേണ്ട ഇടമാണിത്.

മനുഷ്യ ശരീരം വളരെ താഴ്ന്നതാണ്. എന്നാല്‍ മനുഷ്യാത്മാവ് ഉന്നതമാണ്. ഇതിലെ ഹിക്മത് മനുഷ്യന്‍ വിശ്വാസത്തിന്റെയും ഉടമ്പടിയുടെയും പടച്ചവനെ അറിയുന്നതിന്റെയുമെല്ലാം ഭാരം ചുമക്കേണ്ടവനാണ് എന്നതാണ്. മനുഷ്യന്‍ ഭൂമിയിലെ മേല്‍നോട്ടക്കാരനുമാണല്ലോ, ഇരു ലോകങ്ങളുടെയും ഗുണങ്ങള്‍ അവന്‍ വശത്താക്കുകയും വേണം. രൂപത്തില്‍ അല്ല, ജീവന്‍, അറിവ്, ശക്തി, ഇച്ഛ, കാഴ്ച, കേള്‍വി, സംസാരം എന്നിങ്ങനെയുള്ള ഗുണങ്ങളിലൂടെയാണല്ലോ മനുഷ്യന്റെ യഥാര്‍ത്ഥ ശക്തി. മനുഷ്യാത്മാവ് ഏറ്റവും ഉന്നതമാണെന്ന് പറഞ്ഞല്ലോ. ആത്മാവുകളുടെ ലോകത്തെ വേറൊന്നിനും- മലക്കുകളുടേതിന് പോലും മനുഷ്യാത്മാവിനോളം ശക്തികള്‍ ഉണ്ടാവില്ല.

ചുരുക്കത്തില്‍ സന്തുലിതാവസ്ഥയും ഒരുമയുമാണ് മനുഷ്യ ലക്ഷ്യങ്ങള്‍. മികവും ഒരുമയും സന്തുലിതത്വവുമാണ് മനുഷ്യോണ്മയുടെ ലക്ഷ്യങ്ങള്‍ എന്ന് ഗ്രീക്ക് ട്രെഡീഷനിലും ഉണ്ട്. നാം ഉയരുകയും അല്‍ ഇന്‍സാനുല്‍ കാമില്‍ എന്ന സ്ഥാനത്തേക്ക് എത്താന്‍ ശ്രമിക്കുകയും വേണം. ഇന്‍സാനുല്‍ ഹയവാന്‍ എന്നതില്‍ നിന്ന് മുന്നോട്ട് പോയേ പറ്റൂ. പൂര്‍ണ വിധേയത്തിലൂടെ, ഇബാദത്തിലൂടെ മാത്രമേ നമുക്കീ മികവ് ആര്‍ജ്ജിക്കാനാവൂ. പടച്ചവനില്‍ നിന്ന് വരുന്നത് മാത്രമാണ് യഥാര്‍ത്ഥം. അവന്‍ മാത്രമാണ് യാഥാര്‍ഥ്യം. അവന്‍ സൗന്ദര്യവും സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവനുമാണ്. അപ്പോള്‍ അവനിലേക്ക് അടുക്കുമ്പോള്‍ നമ്മളും ആന്തരികമായി സൗന്ദര്യമുള്ളവരാകുന്നു. അത് സന്തുലിതവും ചേര്‍ച്ചയുള്ളതും നീതി പൂര്‍വവും ധാര്‍മികവും ആയിരിക്കും. പിന്നീട് നാം സൗന്ദര്യം പ്രസരിപ്പിക്കുന്നവരാകും. ഇത്തരം വിശേഷങ്ങള്‍ കൊണ്ടാണ് എല്ലാ നല്ല സംസ്‌കാരങ്ങളിലും നാഗരികതകളിലും മനുഷ്യന്‍ ഏറ്റവും സുന്ദരമായ ഒന്നായി കാണുന്നത്.

(ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ല 2018 ല്‍ കാലിഫോര്‍ണിയയിലെ സൈതൂന കോളേജില്‍ നടത്തിയ Primordial nature of human beings എന്ന പ്രഭാഷണത്തിന്റെ ആശയസംഗ്രഹം.)
വിവ. ത്വാഹിര്‍ പയ്യനടം

ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ലാഹ്

You must be logged in to post a comment Login