അതുകൊണ്ടാണ് അഹമ്മദ് പട്ടേല്‍ നികത്താനാകാത്ത വിടവാകുന്നത്

അതുകൊണ്ടാണ് അഹമ്മദ് പട്ടേല്‍ നികത്താനാകാത്ത വിടവാകുന്നത്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) അതിന്റെ തകര്‍ച്ചയിലേക്ക് നടക്കാന്‍ തുടങ്ങിയിട്ട് മൂന്നുദശകമാകുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ നടപ്പാക്കാന്‍ വി പി സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചതോടെ, അക്കാലം വരെ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പിന്നാക്ക വിഭാഗങ്ങളില്‍ വലിയൊരളവ് അവരെ കൈയൊഴിഞ്ഞു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ മുസ്ലിം ന്യൂനപക്ഷവും കോണ്‍ഗ്രസില്‍ നിന്ന് അകന്നു. സവര്‍ണ വിഭാഗങ്ങളേതാണ്ട് പൂര്‍ണമായി ബി ജെ പിയിലേക്ക് മാറുകയും ഹിന്ദുത്വ അജണ്ടയുടെ വേരുകള്‍ പിന്നാക്ക – ദളിത് വിഭാഗങ്ങളിലേക്ക് ആഴ്ത്താന്‍ സംഘപരിവാരത്തിന് സാധിക്കുകയും ചെയ്തതോടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായി. 2004 മുതല്‍ 2014 വരെ യു പി എ സഖ്യത്തെ നയിച്ച് രാജ്യാധികാരം നിയന്ത്രിക്കാന്‍ സാധിച്ചുവെങ്കിലും സംഘടന എന്ന നിലയ്ക്ക് അക്കാലത്തും കോണ്‍ഗ്രസ് ദുര്‍ബലമാകുകയാണ് ഉണ്ടായത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും നാമം മാത്രം ശേഷിക്കുന്ന സ്ഥിതി. സ്വാധീനം ഇപ്പോഴും നിലനിര്‍ത്തുന്ന സംസ്ഥാനങ്ങളില്‍പോലും കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്കുള്ള പ്രവര്‍ത്തകരുടെ, നേതാക്കളുടെ, ജനപ്രതിനിധികളുടെ ഒഴുക്ക് ശക്തമാണ്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ പാര്‍ട്ടി, പിന്നീടുള്ള അഞ്ചു വര്‍ഷം തിരിച്ചുവരവിനുള്ള ശ്രമങ്ങളൊന്നും കാര്യമായി നടത്തിയില്ല. 2019ലെ പൊതുതിരഞ്ഞെടുപ്പിലെ തോല്‍വിയോടെ ഐ എന്‍ സി (ഐ) യ്ക്ക് ഇനി പ്രസക്തിയുണ്ടോ എന്ന ചോദ്യംപോലും ഉയര്‍ന്നു. എതിര്‍ രാഷ്ട്രീയത്തിന്റെയും ഹിന്ദുത്വ വര്‍ഗീയതയുടെയും വളര്‍ച്ചയാണ് ഇക്കാലം വരെ കോണ്‍ഗ്രസിനെ ഉലച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആഭ്യന്തര കലഹങ്ങളിലും അത് ആടിയുലയുന്നു. പാര്‍ട്ടിക്ക് സ്ഥിരതയുള്ള നേതൃത്വവും ഹിന്ദുത്വ വര്‍ഗീയതയെ അധികാരത്തിന് പുറത്തുനിര്‍ത്താന്‍ പാകത്തിലുള്ള ബദല്‍നയങ്ങളും വേണമെന്ന ആവശ്യം ഗുലാം നബി ആസാദ് മുതല്‍ ശശി തരൂര്‍ വരെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്നു. ബിഹാറിലെ മഹാസഖ്യത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് കാണിച്ച അനാവശ്യവാശിയാണെന്ന് പി ചിദംബരത്തെപ്പോലുള്ളവര്‍ പരോക്ഷമായി സൂചിപ്പിക്കുന്നു. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ഗാന്ധി മടിക്കുകയും നെഹ്റുകുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ ശേഷിക്കുന്ന പാര്‍ട്ടിസംവിധാനം പോലും തകരുമോ എന്ന് സംശയിക്കുന്ന വിഭാഗം, ആഭ്യന്തരനവീകരണത്തിനുള്ള ശ്രമങ്ങളെ ചെറുക്കുകയും ചെയ്യുമ്പോള്‍ നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടുന്ന, രാജ്യത്താകെ ഇപ്പോഴും സാന്നിധ്യം നിലനിര്‍ത്തുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് (ഇന്ദിര) തിരിച്ചുവരവ് അത്രയെളുപ്പമല്ല തന്നെ.

അതിനിര്‍ണായകമായ ഈ ഘട്ടത്തിലാണ് അഹമ്മദ് പട്ടേല്‍ എന്ന ഗുജറാത്തുകാരന്‍ തന്റെ എഴുപത്തിയൊന്നാം വയസ്സില്‍ കൊവിഡ് ബാധിതനായി അരങ്ങൊഴിയുന്നത്. മൂന്നുവട്ടം ലോക്സഭയിലും ആറു വട്ടം രാജ്യസഭയിലും അംഗമായിരുന്നിട്ടും ഒരിക്കല്‍പോലും അധികാരത്തിന്റെ ഭാഗമാകാതിരുന്ന, രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കാതിരുന്ന, ഒരിയ്ക്കലും വാചാലനാകാതിരുന്ന ഒരാള്‍. അതുകൊണ്ടുതന്നെ ആ വിയോഗം, ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് സാധാരണക്കാരന് തോന്നാന്‍ ഇടയില്ല. നികത്താനാകാത്ത വിടവായി അനുഭവപ്പെടുകയുമില്ല. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചും ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചും അതങ്ങനെയാണ് – ഒരു യുഗത്തിന്റെ അവസാനവും പരിഹരിക്കാനാകാത്ത നഷ്ടവുമാണ്.

1977ല്‍ ഗുജറാത്തിലെ ബറൂച്ചില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ അഹമ്മദ് പട്ടേലിന്റെ പേര് ഇന്ദിരാഗാന്ധി നിര്‍ദേശിക്കുമ്പോള്‍, പാര്‍ലിമെന്റംഗമാകാന്‍ മാത്രമുള്ള യാത്രയുടെ തുടക്കമായിരുന്നില്ല അത്. 1984ല്‍ പ്രധാനമന്ത്രിയായ രാജീവ്ഗാന്ധി തന്റെ പാര്‍ലിമെന്ററി സെക്രട്ടറിയായി അഹമ്മദ് പട്ടേലിനെ നിശ്ചയിക്കുമ്പോള്‍ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായി, ശിഷ്ടകാലം മുഴുവന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനുള്ള ചുമതലയേല്‍പ്പിക്കലായിരുന്നു. അന്നു മുതല്‍ മരിക്കുവോളം ആ ചുമതല വിശ്വസ്തതയോടെ നിറവേറ്റി അഹമ്മദ് പട്ടേല്‍. കൂറിലൊരു ചോദ്യം ആര്‍ക്കും ഉന്നയിക്കാന്‍ സാധിക്കാതെ!
രാജീവ്ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വം നെഹ്റു കുടുംബത്തിന് പുറത്തേക്കുപോയ കാലത്തും കരുത്തനായിരുന്നു അഹമ്മദ് പട്ടേല്‍. പി വി നരസിംഹറാവു പാര്‍ട്ടി പ്രസിഡന്റായിരിക്കെ ജനറല്‍ സെക്രട്ടറി, സീതാറാം കേസരി അധ്യക്ഷസ്ഥാനത്തെത്തിയപ്പോള്‍ ട്രഷറര്‍. അവരോട് വിശ്വസ്തത പുലര്‍ത്തുമ്പോഴും സോണിയാഗാന്ധിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താതെ കാത്തു. സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോള്‍ അവരുടെ രാഷ്ട്രീയ സെക്രട്ടറിയായി. പിന്നീട് രാഹുല്‍ അധ്യക്ഷനായപ്പോള്‍ വീണ്ടും പാര്‍ട്ടിയുടെ ഖജാന്‍ജി സ്ഥാനത്ത്.

അധികാരരാഷ്ട്രീയത്തിന്റെ പിന്നാമ്പുറ ചര്‍ച്ചകളില്‍ അനിവാര്യമായ ഘടകമായിരുന്നു കോണ്‍ഗ്രസിനെ സംബന്ധിച്ച് അഹമ്മദ് പട്ടേല്‍. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളിലെ പരിഹാരത്തിന് ഒഴിവാക്കാനാകാത്ത കുറുന്തോട്ടിയും. ആ മൃദുഭാഷണം പലരുടെയും മുറിവുണക്കി, വിമതശബ്ദങ്ങളെ മെരുക്കി, അവശ്യം വേണ്ടപ്പോള്‍ ചിലര്‍ക്കൊക്കെ, അവരുടെ വലുപ്പം നോക്കാതെ, പുറത്തേക്കുള്ള വഴി കാട്ടി. പാര്‍ട്ടിയുടെ ശരീരത്തെ നിര്‍ണയിക്കുന്ന സങ്കീര്‍ണമായ ബന്ധങ്ങള്‍ സ്വന്തം കൈത്തലത്തിലെന്ന പോലെ പരിചിതമായിരുന്നു അഹമ്മദ് പട്ടെലിനെന്ന് സല്‍മാന്‍ ഖുര്‍ഷിദ് അനുസ്മരണക്കുറിപ്പില്‍ പറഞ്ഞത് ശ്രദ്ധേയമാണ്. സഹായിക്കാനും ആശ്വസിപ്പിക്കാനും ഊര്‍ജം പകരാനുമൊക്കെ എത്രതവണ അഹമ്മദ് പട്ടേലുണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് മാത്രം അറിയാവുന്നതാണെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടുന്നുണ്ട്.

നെഹ്റു കുടുംബത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കോണ്‍ഗ്രസിലെ ഉയര്‍ച്ചതാഴ്ചകളില്‍ നിര്‍ണായകമാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ശക്തിമാനായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി, രാജീവ് ഗാന്ധിയുടെ കാലത്ത് തഴയപ്പെട്ടത് ഉദാഹരണം. പാര്‍ട്ടിയില്‍ തനിക്കൊരു വെല്ലുവിളിയാണ് പ്രണബെന്ന പാര്‍ശ്വവര്‍ത്തികളുടെ ആവര്‍ത്തനങ്ങളില്‍ അകപ്പെട്ടതാണ് രാജീവ്ഗാന്ധിയെന്ന് പറയുന്നവരുണ്ട്. പക്ഷേ, പ്രണബ് ഇടക്കാലത്ത് കോണ്‍ഗ്രസില്‍ വിസ്മരിക്കപ്പെട്ടു, സ്വന്തം പാര്‍ട്ടിയുമായി അദ്ദേഹം ഇറങ്ങിപ്പോയി. പില്‍ക്കാലത്ത് കോണ്‍ഗ്രസിലേക്ക് മടങ്ങിവന്ന അദ്ദേഹത്തിന്, പി വി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ നിര്‍ണായകസ്ഥാനങ്ങള്‍ ലഭിച്ചതിന് പിറകില്‍ അഹമ്മദ് പട്ടേലിന്റെ കരങ്ങളുമുണ്ടായിരുന്നു. നെഹ്റുകുടുംബവുമായുള്ള പ്രണബിന്റെ അകല്‍ച്ച മാറ്റി, യു പി എയുടെ സൃഷ്ടിയിലേക്കും ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ സ്ഥിരതയുള്ള നിലനില്‍പ്പിലേക്കും സുപ്രധാന സംഭാവന നല്‍കാന്‍ പാകത്തിലേക്ക് അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തുന്നതില്‍ പട്ടേല്‍ കാണിച്ച കൈയടക്കം ആരുമറിയാത്തതാണ്.
2004ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ തിരിച്ചെത്താന്‍ മത്സരിച്ച എ ബി വാജ്പയിയുടെയും എല്‍ കെ അദ്വാനിയുടെയും നേതൃത്വത്തിലുള്ള ബി ജെ പി സഖ്യത്തെ പിന്തള്ളി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിന് ശേഷം യു പി എ രൂപീകരിക്കുന്നതിലുള്ള ചര്‍ച്ചകളില്‍ അഹമ്മദ് പട്ടേലിന്റെ പങ്ക് പ്രധാനമായിരുന്നു. വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് പുറത്തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന ഇടതു പാര്‍ട്ടികളുടെ പ്രഖ്യാപനം ഈ വഴിയില്‍ സുപ്രധാനമായിരുന്നുവെങ്കിലും ഇതര ഘടകകക്ഷികളെ ഒരുമിപ്പിക്കുന്നതില്‍, ഓരോ കക്ഷിക്കും അര്‍ഹമായ വിഹിതം അധികാരത്തില്‍ ഉറപ്പാക്കി മുന്നണി അസ്വാരസ്യങ്ങളില്ലാതെ മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ഒക്കെ അണിയറയില്‍ പട്ടേലുണ്ടായിരുന്നു. പ്രധാനമന്ത്രിസ്ഥാനം സോണിയ വേണ്ടെന്നുവെക്കുമ്പോള്‍, മന്‍മോഹന്‍ സിംഗ് എന്ന തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി എത്തുന്നത്, നെഹ്റു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരിക്കലും രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തില്ലെന്ന ഉറപ്പിലായിരുന്നു. അവിടെയും സോണിയയുടെ രാഷ്ട്രീയ ഉപദേഷ്ടാവിന്റെ ബുദ്ധികൂര്‍മത കണ്ടു. പിന്തുടര്‍ച്ച ഉറപ്പിക്കുന്നതിനൊപ്പം ആ തുടര്‍ച്ചയിലാണ് കോണ്‍ഗ്രസിലെ ഐക്യമെന്ന ബോധ്യവും അഹമ്മദ് പട്ടേലിനെ നയിച്ചിട്ടുണ്ടാകണം. ഇടത് പിന്തുണയോടെയും അല്ലാതെയും പത്താണ്ട് യു പി എ ഭരിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് പറയത്തക്ക വിമതശബ്ദങ്ങളൊന്നുമുണ്ടായില്ലെന്നതില്‍ സോണിയയുടെ നേതൃശേഷിക്കൊപ്പം അഹമ്മദ് പട്ടേലിന്റെ അനുനയങ്ങള്‍ക്കും സ്ഥാനമുണ്ട്.

ഇത്രയും സ്വാധീനമുണ്ടായിരുന്ന ഒരാള്‍ എന്തുകൊണ്ട് അധികാര സ്ഥാനങ്ങളിലൊന്നുമുണ്ടായില്ല എന്നത് കൗതുകമുള്ള ചോദ്യമാണ്. 1985ല്‍ മാധവ് സിംഗ് സോളങ്കിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുമ്പോള്‍, രാജീവ്ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലൊരു സ്വാഭാവിക സാധ്യതയായിരുന്നു. പക്ഷേ, അതുണ്ടായില്ല. അഹമ്മദ് പട്ടേല്‍ അതിന് ശ്രമിച്ചിട്ടില്ലെന്നാണ് അന്ന് കോണ്‍ഗ്രസിലുണ്ടായിരുന്നവര്‍ പറയുന്നത്. ശ്രമിച്ചാലും ഗുജറാത്തിലൊരു മുസ്ലിം മുഖ്യമന്ത്രിയെന്നത് കോണ്‍ഗ്രസിന് അനുവദിക്കാനാകാത്തതായിരുന്നുവെന്നും. 2004ല്‍ സോണിയ പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്നുവെക്കുമ്പോള്‍ പകരക്കാരന്‍ വിശ്വസ്തനായ അഹമ്മദ് പട്ടേലല്ലാതെ മറ്റാരുമല്ലെന്ന് വിശ്വസിച്ചവരുമുണ്ടായിരുന്നു. പക്ഷേ, ക്യാബിനറ്റിലെ ഒന്നാം സ്ഥാനക്കാരനാകാനുള്ള ഓട്ടത്തില്‍ പട്ടേലുണ്ടായിരുന്നില്ല. വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം സ്വീകരിച്ചതുമില്ല. അരങ്ങിലുള്ളവരെ നിയിന്ത്രിക്കാന്‍ കരുത്തുള്ള അണിയറക്കാരനായി. ആ അധികാരം അദ്ദേഹം ആസ്വദിച്ചിട്ടുമുണ്ടാകണം.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അഹമ്മദ് പട്ടേല്‍ തീരുമാനിക്കാനുള്ള കാരണം, ഒരു മുസ്ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുക എന്നതില്‍ രാഷ്ട്രീയ അഭിപ്രായഐക്യം ഉണ്ടാകില്ലെന്ന തിരിച്ചറിവാകണം. ഹിന്ദി സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാതിരുന്നത് എന്ന് പ്രണബ് മുഖര്‍ജി തുറന്നുപറഞ്ഞിട്ടുണ്ട്. മുസ്ലിമായതുകൊണ്ടാണ് താന്‍ പ്രധാനമന്ത്രിയാകാതിരുന്നത് എന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞിട്ടില്ല. പക്ഷേ, കറുത്ത യാഥാര്‍ത്ഥ്യം അതു മാത്രമാണ്. പ്രധാനമന്ത്രിപദം മാത്രമല്ല, മുഖ്യമന്ത്രിപദത്തിലേക്ക് പോലും മുസ്ലിംകളെ പരിഗണിക്കുക സമകാലിക ഇന്ത്യയില്‍ അത്രയെളുപ്പമല്ല. ജമ്മു കശ്മീരൊഴികെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു മുസ്ലിം മുഖ്യമന്ത്രിയായത് അസമിലും മഹാരാഷ്ട്രയിലും മാത്രമാണ്. അതും 1980കളില്‍.

മുഖ്യമന്ത്രി സ്ഥാനത്തേക്കോ പ്രധാനമന്ത്രി സ്ഥാനത്തേക്കോ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ യൂണിയനിലെ തികച്ചും പിന്തിരിപ്പനായ രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടിട്ടുണ്ടാകണം അഹമ്മദ് പട്ടേല്‍. അതുകൊണ്ടാകണം അരങ്ങിനെ നിയന്ത്രിക്കുന്ന അണിയറക്കാരനില്‍ അദ്ദേഹം സന്തോഷം കണ്ടെത്തിയിട്ടുണ്ടാകുക.

ഇത്രയൊക്കെ കരുത്തനായി, കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെയും അധ്യക്ഷയുടെയും വിശ്വസ്തനായി ഇരിക്കുമ്പോഴും താഴേത്തട്ടില്‍ പാര്‍ട്ടിയുടെ വേരറ്റുകൊണ്ടിരിക്കുകയാണെന്ന വസ്തുത ബോധ്യപ്പെടുത്തി, ശാക്തീകരിക്കുന്നതിനുള്ള നടപടികളിലേക്ക് പ്രേരിപ്പിക്കാന്‍ സാധിച്ചില്ലെന്നത് പട്ടേലിന്റെ പോരായ്മയായി കാണേണ്ടിവരും. ഹിതകരമല്ലാത്ത വാര്‍ത്തകളെക്കൊണ്ട് നേതൃത്വത്തെ അലോസരപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചിരുന്നോ അദ്ദേഹം. അതോ ഇറക്കത്തിനപ്പുറത്തുള്ള സ്വാഭാവികമായ കയറ്റം കോണ്‍ഗ്രസിനുണ്ടാകുമെന്ന മുന്‍വിധിയില്‍ കുടുങ്ങിക്കിടന്നതാണോ?

കോണ്‍ഗ്രസിന്റെ ക്ഷീണകാലത്ത് അതിന്റെ ഖജനാവ് കാക്കാനുള്ള ചുമതലയാണ് രാഹുല്‍ ഗാന്ധി അഹമ്മദ് പട്ടേലിനെ ഏല്‍പ്പിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്തെ അണിയറനീക്കങ്ങളിലൂടെ കുത്തകമുതലാളിമാരുമായും മറ്റുമുണ്ടാക്കിയ ബന്ധം അദ്ദേഹം നന്നായി ഉപയോഗിച്ചുവെന്ന് തന്നെ കരുതണം. സാമ്പത്തികപ്രയാസങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അല്‍പ്പം കരകയറി. ഇനിയങ്ങോട്ട് ഈ ദൗത്യം ആരേല്‍ക്കുമെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉത്തരമില്ലാത്ത ചോദ്യമാണ്. നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തുമ്പോള്‍, നേതൃതലത്തിലും താഴേതലത്തിലും, സൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പം ചെറുതല്ല. അവിടെ അനുനയത്തിന്റെ മൃദുഭാഷണം എവിടെ നിന്നുണ്ടാകുമെന്നത് അതിലും വലിയ ചോദ്യമാണ്. ഉണ്ടായാല്‍ തന്നെ, ഇടയുന്ന കൊമ്പന്‍മാരെ മെരുക്കാനുള്ള വലുപ്പം ആ മൃദുഭാഷണത്തിന്റെ ഉടമയ്ക്കുണ്ടാകുകമോ എന്നതും.
പാര്‍ട്ടിയുടെ ശരീരത്തെ നിര്‍ണയിക്കുന്ന സങ്കീര്‍ണമായ ബന്ധങ്ങളെക്കുറിച്ച് അഹമ്മദ് പട്ടേലിനെപ്പോലെ അറിവുള്ള ഒരാളെ കോണ്‍ഗ്രസിന് ഇനി എവിടെ നിന്ന് കിട്ടും? അത്തരമൊരാളില്ലാതെ എങ്ങനെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര വൈരുധ്യങ്ങളെ അനുനയിപ്പിക്കും? അതുകൊണ്ടാണ് അഹമ്മദ് പട്ടേല്‍ നികത്തനാകാത്ത വിടവാകുന്നത്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ തുടര്‍ന്നാല്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെക്കൂടി നിര്‍ണായകമായി സ്വാധീനിക്കും. അതുകൊണ്ടാണ് അഹമ്മദ് പട്ടേല്‍ ഒരു യുഗത്തിന്റെ അന്ത്യമാകുന്നത്.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login