മതംമാറ്റമല്ല മനംമാറ്റമാണ് ഇസ്‌ലാമിന്റെ വിഭാവന

മതംമാറ്റമല്ല മനംമാറ്റമാണ് ഇസ്‌ലാമിന്റെ വിഭാവന

വിശുദ്ധ ഖുര്‍ആനു ശേഷം മുസ്ലിം ലോകത്തിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥവും തിരുനബിയുടെ ഹദീസുകളുടെ ഏറ്റവും ശ്രേഷ്ഠമായ ക്രോഡീകരണവുമായ സ്വഹീഹുല്‍ ബുഖാരി തുടങ്ങുന്നതുതന്നെ വളരെ പ്രശസ്തമായ ഈ വചനം കൊണ്ടാണ്: ”എല്ലാ കര്‍മങ്ങളും ശരിയാകുന്നതും സ്വീകരിക്കപ്പെടുന്നതും ശുദ്ധ കരുത്തുണ്ടാകുമ്പോഴാണ്. ഓരോരുത്തര്‍ക്കും അവനുദ്ദേശിച്ചതു ലഭിക്കും. ഒരാളുടെ ഹിജ്‌റ (നബി ക്കൊപ്പം(സ്വ) മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനം) അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഉദ്ദേശിച്ചാണെങ്കില്‍ അവന്റെ ഹിജ്‌റ അതിനു വേണ്ടിയാണ്. മറിച്ച്, ഭൗതികമായ ലക്ഷ്യത്തോടെയാണെങ്കിലോ അല്ലെങ്കില്‍ ഒരു സ്ത്രീയെ കല്യാണം കഴിക്കുക എന്ന ലക്ഷ്യത്തിലാണെങ്കിലോ അവനതു മാത്രം ലഭിക്കുന്നു’.

മക്കയിലെ ശത്രുക്കളുടെ ആക്രമണം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചപ്പോഴായിരുന്നു നബിയും അനുചരരും തങ്ങളുടെ സമ്പത്തും നാടും വീടും വിട്ട് മദീനയിലേക്ക് പലായനം ചെയ്യാന്‍ തീരുമാനിച്ചത്. ഈ പലായന സമയത്ത് പക്ഷേ കൂട്ടത്തിലൊരാളുടെ ലക്ഷ്യം മദീനയിലുള്ള ഉമ്മു ഖൈസ് എന്ന സ്ത്രീയെ വിവാഹം ചെയ്യലായിരുന്നു. ഇതറിഞ്ഞ പ്രവാചകര്‍ ആ വ്യക്തിയുടെ പേരു പരാമര്‍ശിക്കാതെ അതിനെ നിരാകരിച്ചു. വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യത്തില്‍ ഇത്തരം സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും ഓരോ പ്രവൃത്തിയും ശരിയാകുന്നതും സ്വീകരിക്കപ്പെടുന്നതും ഇസ്ലാം അനുവദിക്കുന്നതും ആ കര്‍മം എന്ത് ഉദ്ദേശ്യത്തോടെ ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും അര്‍ഥശങ്കക്കിടമില്ലാത്ത വിധം വിശദീകരിച്ചു. ലോകത്തുള്ള എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും ഈ ഹദീസ് ഇടംപിടിച്ചു. ഇമാം ബുഖാരിയടക്കമുള്ള ധാരാളം നിവേദകര്‍ തങ്ങളുടെ ആദ്യ ഹദീസായിത്തന്നെ ഈ ഹദീസ് ഉദ്ധരിക്കുകയും ചെയ്തു.

ഇനി പ്രവാചകരുടെ കാലത്തുതന്നെ നടന്ന മറ്റൊരു സംഭവത്തിലേക്കുവരാം: മദീനയിലെ അന്‍സ്വാറുകളില്‍പെട്ട ഒരു സ്വഹാബിയുടെ രണ്ടു ആണ്‍മക്കള്‍ ശാമില്‍ നിന്നും വന്ന ഒരു ക്രിസ്ത്യന്‍ വ്യാപാരിയെ പരിചയപ്പെടുന്നു. എണ്ണക്കച്ചവടക്കാരനായിരുന്നു അയാള്‍. വ്യാപാരിയുടെ പ്രബോധനത്തില്‍ കുടുങ്ങിയ രണ്ടു മക്കളും ക്രൈസ്തവമതം സ്വീകരിക്കാന്‍ തയാറാകുകയും അദ്ദേഹത്തോടൊപ്പം പോകാന്‍ താല്പര്യപ്പെടുകയും ചെയ്യുന്നു. ഇതറിഞ്ഞ പിതാവ് ഓടിവന്ന് പ്രവാചകരോട് സങ്കടം പറയുകയും താന്‍ അവരെ നിര്‍ബന്ധിക്കട്ടെ എന്നാരായുകയും ചെയ്യുന്നു. അല്ലെങ്കില്‍ പ്രവാചകര്‍ തന്നെ ചിലയാളുകളെ പറഞ്ഞയച്ച് അവരെയോ ആ വ്യാപാരിയെയോ തടയണമെന്നായിരുന്നു അയാള്‍ അഭ്യര്‍ഥിച്ചത്. പക്ഷേ പ്രവാചകര്‍ അതിനു സമ്മതിച്ചില്ല. മാത്രവുമല്ല പരിശുദ്ധ ഖുര്‍ആനിലെ ഏറ്റവും പ്രശസ്തമായ വചനങ്ങളിലൊന്ന് അപ്പോഴാണ് അവതരിച്ചതും: ‘മതത്തില്‍ ഒരിക്കലും നിര്‍ബന്ധിക്കലില്ല; സത്യം അസത്യത്തില്‍ നിന്നും സ്പഷ്ടമായിരിക്കുന്നു’.
ഇസ്ലാം മതത്തിന്റെ വളരെ അടിസ്ഥാന ആശയങ്ങളാണ് ഈ രണ്ടു സംഭവങ്ങളില്‍നിന്നും അതിനോടനുബന്ധിച്ചിറങ്ങിയ വചനങ്ങളില്‍ നിന്നും വ്യക്തമാക്കിത്തരുന്നത്. സ്ത്രീയെ മനസ്സില്‍ കരുതി ഹിജ്‌റ നടത്തുന്ന പ്രവണത ഇസ്ലാം അംഗീകരിച്ചില്ല. കാരണം ഹിജ്റക്കൊരു ഉദ്ദേശ്യവും ലക്ഷ്യവുമുണ്ട്. അതിന്നപവാദമായുള്ളത് ഒരിക്കലും പാടില്ല. പുതുകാല വായനയില്‍ ഇതിനെ ചിലരെങ്കിലും ‘ലൗ ഹിജ്‌റ’ എന്നു വിളിച്ചേക്കും. സ്ത്രീയെയോ മറ്റുവല്ല ഭൗതികമായ ഉദ്ദേശ്യത്തോടെയോ ഹിജ്‌റ പാടില്ലെന്ന ശക്തമായ താക്കീതിനോട് കൂട്ടിവായിക്കേണ്ട പദപ്രയോഗം തന്നെയാണ് ലൗ ജിഹാദും. ഒരു സ്ത്രീയെ കല്യാണം കഴിക്കാന്‍ ജിഹാദ് നടത്തുന്നതോ അല്ലെങ്കില്‍ അതിനുവേണ്ടിനിര്‍ബന്ധിച്ചു മതം മാറ്റുന്നതോ ഇസ്ലാം ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നു മാത്രമല്ല അത് ഇസ്ലാം വിരുദ്ധവുമാണ്. ഇസ്ലാമിക ചരിത്രത്തില്‍ അങ്ങനെ ഒരധ്യായം കാണാനുമാവില്ല.

മറ്റു മതങ്ങളില്‍നിന്നും വിഭിന്നമായി ഇസ്ലാം മതം ‘വിശ്വാസം അഥവാ ഈമാന്‍’ എന്ന സംജ്ഞയെ വളരെ വിശദമായും വ്യക്തമായും നിര്‍വചിച്ചിട്ടുണ്ട്. നാവുകൊണ്ട് ഒരാള്‍ ആയിരം തവണ ഖുര്‍ആന്‍ പാരായണം ചെയ്താലും അല്ലാഹു ഏകനാണെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും പറഞ്ഞാലും പതിറ്റാണ്ടുകള്‍ നിസ്‌കരിച്ചാലും മറ്റെല്ലാ കര്‍മങ്ങള്‍ ചെയ്താലും അയാളുടെ ഹൃദയത്തിനുള്ളില്‍ വിശ്വാസമില്ലെങ്കില്‍ അയാള്‍ വിശ്വാസിയല്ല; മുസ്ലിമുമല്ല. പുറംലോകത്ത് അയാള്‍ വിശ്വാസിയായി നടക്കുന്നതുകൊണ്ടും ഒരാളുടെ ഹൃദയത്തിലുള്ളത് മനസ്സിലാക്കാന്‍ മനുഷ്യന്‍ അശക്തനായതുകൊണ്ടും അയാളെക്കുറിച്ച് പുറംലോകത്ത് മുസ്ലിം എന്ന് പറയാമെങ്കിലും അയാളൊരിക്കലും മുസ്ലിം ആയിട്ടില്ല. ഇത്തരം ‘വിശ്വാസികളെ’ ഇസ്ലാം വിശേഷിപ്പിക്കുന്നത് മുനാഫിഖുകള്‍ അഥവാ കപടവിശ്വാസികള്‍ എന്നാണ്. കപടവിശ്വാസികളാണ് നരകത്തിലെ ഏറ്റവും അടിത്തട്ടിലെന്നു ഖുര്‍ആന്‍ ആവര്‍ത്തിച്ചുണര്‍ത്തുകയും ചെയ്തു. ഇത്തരം കപടന്മാരെയും കപടന്മാരെ സൃഷ്ടിക്കുന്ന പ്രവണതയെയും ഖുര്‍ആനും പ്രവാചകരും നൂറുശതമാനം വിലക്കുകയും ചെയ്തു.

ഇത് നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനത്തിനു മാത്രമല്ല ബാധകമാകുന്നത്. പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെയോ ഉള്ളില്‍ അഥവാ മനസ്സില്‍ വിശ്വാസമില്ലാതെ പുറത്ത് വിശ്വാസിയായി നടിക്കുന്ന എല്ലാവരും ഈ ഗണത്തില്‍പെട്ടവരാണ്. അത് കല്യാണത്തിന്റെ പേരിലായാലും ജോലിക്കുവേണ്ടിയായാലും മറ്റെന്തിനു വേണ്ടിയാണെങ്കിലും. ഒരു സ്ത്രീ/പുരുഷന്‍ ഒരു മുസ്ലിം പുരുഷനെയോ/സ്ത്രീയെയോ കല്യാണം കഴിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഇസ്ലാം മതവും അതിന്റെ അടിസ്ഥാന സര്‍വാംഗീകൃത ആശയങ്ങളും സത്യമാണെന്നു മനസ്സുകൊണ്ട് വിശ്വസിക്കാതെ, കേവലം നാവുകൊണ്ട് വിശ്വാസ പ്രതിജ്ഞ എടുക്കുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ അവനും/അവളും ഈ കപടവിശ്വാസികളുടെ കൂട്ടത്തിലാണ് കരുതപ്പെടുക. ഒരിക്കലും യഥാര്‍ത്ഥ മുസ്ലിമല്ല. പക്ഷേ നേരത്തെ പറഞ്ഞതുപോലെ മനുഷ്യരുടെ ഹൃദയം വായിക്കാന്‍ മനുഷ്യര്‍ക്ക് കഴിവില്ലാത്തതുകൊണ്ട് അത്തരമൊരു വ്യക്തിയുടെ വിശ്വാസത്തെ നമുക്ക് പുറത്തുനിന്നു വിലയിരുത്താനാവില്ലെന്നു മാത്രം. സ്വാഭാവികമായും നാം മുസ്ലിമായി അവനെ/അവളെ പരിഗണിക്കേണ്ടിവരുമെങ്കിലും ഇവരൊന്നും ഇസ്‌ലാമിനെ ഉള്‍ക്കൊണ്ട മുസ്ലിമല്ല. ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഇസ്ലാമിക ലോകത്ത് ഒരാള്‍ പോലും എതിരഭിപ്രായം പറഞ്ഞിട്ടുമില്ല. അഥവാ വിശ്വാസം പൂര്‍ണമായും ഹൃദയബന്ധിതമാണെന്നതില്‍ മുസ്ലിം ലോകം ഏകാഭിപ്രായക്കാരാണ്.
ഇക്കാര്യം ധാരാളം സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്: ‘ഈ മതത്തില്‍ ഒരിക്കലും നിര്‍ബന്ധിക്കലില്ല. സത്യസരണി അസത്യത്തില്‍ നിന്നും വളരെ സ്പഷ്ടമായിരിക്കുന്നു'(അല്‍ബഖറ/ 256). സത്യവും അസത്യവും ഇവിടെ വ്യക്തമായിരിക്കെ/ വ്യക്തമാക്കിയിരിക്കെ ഒരാളെയും നിര്‍ബന്ധിച്ചു മതത്തിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്നുതന്നെയാണ് ഈ വചനം പറയുന്നത്. വിശ്വാസം ഒരാളുടെ ഇഷ്ടാനിഷ്ടത്തിനു വിടേണ്ടതാണെന്നു ഖുര്‍ആന്‍ പലവുരു പറഞ്ഞു: ‘താങ്കള്‍ പ്രഖ്യാപിക്കണം; സത്യം താങ്കളുടെ നാഥനില്‍ നിന്നും സ്പഷ്ടമായിട്ടുണ്ട്. അതുകൊണ്ട് ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അവന്‍ വിശ്വസിക്കട്ടെ. തിരിച്ചാണ് ആരുടെയെങ്കിലും ഉദ്ദേശ്യമെങ്കില്‍ അവന്‍ അവിശ്വസിക്കുകയും ചെയ്യട്ടെ'( അല്‍കഹ്ഫ്/29). ഇസ്ലാം മതത്തിലേക്ക് ഒരാളെ നിര്‍ബന്ധിച്ചു കൊണ്ടുവരുന്നത് ഖുര്‍ആന്‍ കഠിനമായി വിലക്കുന്നു: ‘തീര്‍ച്ചയായും താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ള സകല മനുഷ്യരെയും വിശ്വാസികളാക്കുമായിരുന്നു-എന്നിട്ടും അവര്‍ വിശ്വസിക്കാന്‍ വേണ്ടി അവരെ നിര്‍ബന്ധിക്കുകയാണോ?’ (യൂനുസ്/ 99). വളരെ കൃത്യവും കഠിനവുമായ സ്വരത്തിലാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്.

ഒരു സത്യപ്രസ്ഥാനത്തിന്റെ അധിപനെന്ന നിലയില്‍ എല്ലാവരും വിശ്വാസികളാകുക നബിയുടെ(സ്വ) അങ്ങേയറ്റത്തെ ആഗ്രഹമായിരുന്നു. അത്തരമൊരു ആഗ്രഹം സ്വാഭാവികവുമാണ്. ആ ആഗ്രഹം തീക്ഷ്ണവുമായിരുന്നു; പ്രവാചകരുടെ ജീവനുപോലും ഭീഷണിയാകുമോ എന്ന സംശയമുണ്ടാകുമാറ്. പക്ഷേ വിശാലമായ അറേബ്യന്‍ നാഗരികതയുടെ അധികാരമുണ്ടായിട്ടും, നിര്‍ബന്ധിച്ചു മതം മാറ്റാന്‍ നബി തങ്ങള്‍ സമ്മതിച്ചില്ലെന്നു മാത്രമല്ല കഠിനമായി വിലക്കുകയും ചെയ്തു. ഖുര്‍ആന്‍ ഈ വസ്തുത ഒന്നിലധികം സ്ഥലങ്ങളില്‍ പറയുന്നുണ്ട്: ‘അവര്‍ വിശ്വാസികളാകാത്തതിന്റെ പേരില്‍ താങ്കളുടെ ജീവനുപോലും ക്ഷതം വന്നേക്കാം. പക്ഷേ നാം ഉദ്ദേശിക്കുന്ന പക്ഷം അവരുടെമേല്‍ ആകാശത്ത് നിന്ന് ഒരു ദൃഷ്ടാന്തം ഇറക്കിക്കൊടുക്കുകയും അന്നേരം അവരുടെ പിരടികള്‍ അതിന്ന് കീഴൊതുങ്ങുന്നതായിത്തീരുകയും വിശ്വാസികളാകുകയും ചെയ്യുമായിരുന്നു'(അശ്ശുഅ്‌റാ/ 3,4). നിര്‍ബന്ധിക്കരുതെന്നു ഖുര്‍ആന്‍ താക്കീതുചെയ്യുന്ന ധാരാളം വചനങ്ങള്‍ ഇനിയുമുണ്ട്. ചിലത് ഇങ്ങനെ വായിക്കാം: ‘അതിനാല്‍ താങ്കള്‍ ഉല്‍ബോധനം നടത്തുക; താങ്കള്‍ ഉല്‍ബോധകന്‍ മാത്രമാകുന്നു. താങ്കള്‍ അവരുടെമേല്‍ നിര്‍ബന്ധം ചെലുത്തേണ്ടവനല്ല’ (ഗാഷിയ/ 21,22). ‘അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. താങ്കള്‍ അവരുടെമേല്‍ നിര്‍ബന്ധാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന താങ്കള്‍ ഉദ്‌ബോധിപ്പിക്കുക’ (ഖാഫ്/45).
ഇനിയാണ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മുസ്ലിംകളെ ഉന്നം വെച്ചുമാത്രം കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിയമത്തെ വിലയിരുത്തേണ്ടത്. നിര്‍ബന്ധിച്ചോ മറ്റെന്തെങ്കിലും ഭൗതികലക്ഷ്യങ്ങള്‍ക്കോ മനസ്സില്‍ വിശ്വാസമില്ലാതെ ഇസ്ലാമിലേക്ക് വന്നൊരാള്‍ മുസ്ലിം തന്നെയല്ല എന്ന് നൂറുശതമാനം വിശ്വസിക്കുന്ന ഒരു മതത്തിനു ഈ നിയമം ഭീഷണിയാകുമെന്ന് വിശ്വസിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ വിഡ്ഢിത്തം. അതുകൊണ്ടുതന്നെ ഈ നിയമം മറ്റു മതങ്ങളെ മാത്രമേ ബാധിക്കൂ. മറ്റു മതങ്ങളില്‍ മെമ്പറാകാന്‍ ഇത്തരം ഒരു നിയമവും ഇല്ലെന്നിരിക്കെ മുസ്ലിംകളെ അപ്പുറത്തേക്ക് മതം മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഒരു പരിധിവരെ കടിഞ്ഞാണിടാന്‍ ഈ നിയമം കൊണ്ട് സാധിക്കും. അഥവാ ചക്കിനു വെച്ചത് കൊക്കിനുകൊണ്ടു(നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കാണാതിരിക്കുന്നില്ല. ആര് പ്രയോഗിക്കുന്നു എന്നത് കൂടിയാണ് ഒരു നിയമത്തിന്റെ സാധുതയെ നിര്‍ണയിക്കുന്നത്).
ഇസ്ലാം ഒരു ആധികാരിക മതമാണ്. അതിനാല്‍ ആളുകള്‍ പഠിച്ചുകൊണ്ടും അറിഞ്ഞുകൊണ്ടുമാണ് ഇതിലേക്ക് വരേണ്ടതും വരുന്നതും. ലക്ഷക്കണക്കിന് പേജുകളിലും പുസ്തകങ്ങളിലും ഈ മതത്തിന്റെ സൗന്ദര്യം വരച്ചിട്ടുണ്ട്. അതുകൊണ്ടു ഓരോ ദിവസവും ആയിരക്കണക്കിന് ആളുകള്‍ ഇസ്ലാമിലേക്ക് അറിഞ്ഞുകൊണ്ടുതന്നെ വരുന്നുമുണ്ട്. ഇത്തരമൊരു മതത്തിന് പ്രണയിച്ച് ആളെക്കൂട്ടേണ്ട ഗതികേടൊന്നും ഇന്ത്യയിലോ ലോകത്ത് മറ്റൊരിടത്തോ ഇല്ല. മുഴുവന്‍ മുസ്ലിംവിരുദ്ധ ബില്ലുകളെന്നു വിശ്വസിക്കപ്പെടുന്ന ബില്ലുകള്‍ക്ക് പിന്നിലും ഇസ്‌ലാമിക മുന്നേറ്റത്തെ തടയിടുക എന്നതാണ് ലക്ഷ്യം. പക്ഷേ അതിനുവേണ്ടിയത് കോടിക്കണക്കിനു മുസ്ലിംകളുടെ മനസ്സുകളിലും താളുകളിലുമുള്ള ഇസ്ലാമിന്റെ സൗന്ദര്യത്തെയും മഹിമയെയും കത്തിച്ചുകളയുകയാണ്. അതൊരിക്കലും സാധ്യമാകില്ല.

ഇന്ത്യയിലെ പല കോണുകളിലും മുസ്ലിംകളെക്കൊണ്ട് ഹേ റാം എന്നുവിളിപ്പിക്കുന്ന അവസ്ഥ നിലവിലുണ്ട്. എന്നാല്‍ മുസ്ലിംകളില്‍ നിന്നും തിരിച്ച് മറ്റൊരു മതക്കാരനെ അല്ലാഹു എന്ന് പറയിപ്പിക്കുന്ന അവസ്ഥ ഇതുവരെ കേട്ടിട്ടില്ല താനും. കാരണം മുസ്ലിംകള്‍ക്കറിയാം, ഇസ്ലാമിലേക്കുള്ള പ്രവേശനം കേവലം നാവുകൊണ്ട് സാധ്യമല്ലെന്ന്. ഒരു വിശ്വാസസംഹിതയെന്ന നിലയില്‍ മറ്റു മതങ്ങളും ഈ ആശയം തന്നെ മുറുകെപ്പിടിക്കണം. പ്രകോപിപ്പിച്ചോ പ്രലോഭിപ്പിച്ചോ നാവുകൊണ്ടുമാത്രം വിശ്വാസിയായാല്‍ മതിയെന്ന ആശയം മറ്റെല്ലാ മതങ്ങളും ഉപേക്ഷിക്കാന്‍ തയാറായാല്‍ ഈ ബില്ലിന്റെ ആവശ്യമോ അല്ലെങ്കില്‍ മതപരിവര്‍ത്തനത്തില്‍ ആശങ്കയോ ആവശ്യമുണ്ടാവില്ല. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ പൊതുസമൂഹം കൂടുതല്‍ ജാഗ്രത കാണിച്ച് ഈ ആശയത്തിന് പ്രസക്തി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും വേണം.

ചുരുക്കത്തില്‍ ഈ ബില്ലും നിയമവും ഫാഷിസ്റ്റ് സര്‍ക്കാരുകള്‍ ഇസ്ലാം വിരുദ്ധതയുടെ ആഴം വര്‍ധിപ്പിക്കാന്‍വേണ്ടി കൊണ്ടുവന്നതാണെങ്കിലും യഥാവിധി പ്രയോഗിക്കപ്പെടുകയാണെങ്കില്‍ ഇതൊരിക്കലും ഇസ്ലാം വിരുദ്ധമാകുന്നില്ല. അതേസമയം ഏതുനിലക്കുള്ള മതപരിവര്‍ത്തനവും തടയണമെന്ന ദുരാഗ്രഹം സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടക്കുകയുമില്ല. കാരണം ഒരാള്‍ അല്ലാഹുവിന്റെയടുത്ത് മുസ്ലിമാകാന്‍ അയാള്‍ക്ക് ശക്തമായ വിശ്വാസം മനസ്സിലുണ്ടാവേണ്ട ആവശ്യമേയുള്ളൂ. അത് ഒരിക്കലും ഒരു സര്‍ക്കാരിനും തല്ലിത്തകര്‍ക്കാനാവില്ല. കാരണം ഇസ്ലാം അത്രയും അജയ്യമാണ്. അതിനെ മര്യാദക്ക് പഠിച്ചവര്‍ തീര്‍ച്ചയായും ഹൃദയത്തില്‍ വിശ്വാസവും ബഹുമാനവും സൂക്ഷിക്കും. ‘അവര്‍ അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താന്‍ ശ്രമിക്കുന്നു. അല്ലാഹു അവന്റെ പ്രകാശം ഇവിടെ നിലനിറുത്തുകതന്നെ ചെയ്യും’ എന്ന ഖുര്‍ആന്‍ വചനം മതി മുസ്ലിംകള്‍ക്ക് ആത്മസന്തോഷത്തിനായി. ഇസ്ലാമിന്റെ വളര്‍ച്ച തടയാന്‍ നിയമങ്ങള്‍ക്ക് പിറകെ നിയമങ്ങളെ കൊണ്ടുവരുന്നവരോട് നമുക്ക് സഹതപിക്കാമെന്നല്ലാതെ ഇസ്ലാമിന് ഇക്കാര്യത്തില്‍ ഭയക്കാന്‍ ഒന്നുമില്ല.

ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login