ഈ നിസ്‌കാരം പ്രകോപനമാകുന്നു ഇന്ത്യയില്‍

ഈ നിസ്‌കാരം പ്രകോപനമാകുന്നു ഇന്ത്യയില്‍

സര്‍വമതസമഭാവനയുടെ ഉദാത്തമാതൃകയായി വാഴ്ത്തപ്പെടേണ്ട ദൃശ്യമായിരുന്നൂ അത്. മതസൗഹാര്‍ദ്ദ സന്ദേശവുമായി ക്ഷേത്രത്തിലെത്തിയ ഇസ്ലാം മതവിശ്വാസി പൂജാരിയുടെ അനുമതിയോടെ ക്ഷേത്രാങ്കണത്തില്‍ നിസ്‌കരിക്കുന്നു. ക്ഷേത്രമുറ്റത്തെ നിസ്‌കാരത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. പക്ഷേ, പ്രശംസയും ആദരവുമല്ല, അറസ്റ്റും ജയില്‍വാസവുമാണ് ഫൈസല്‍ ഖാന്‍ എന്ന സാമൂഹികപ്രവര്‍ത്തകനെ തേടിയെത്തിയത്. മതതീവ്രവാദികളെയല്ല, മതസൗഹാര്‍ദ്ദത്തിന്റെ വക്താക്കളായ മുസ്ലിംകളെയാണ് സംഘപരിവാറിന്റെ നിയമപാലകര്‍ ഭീഷണിയായി കാണുന്നത് എന്നതിന് ഒരു തെളിവുകൂടി.
മഗ്സസേ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡേയോടൊപ്പം സാമൂഹികപ്രവര്‍ത്തനം തുടങ്ങിയയാളാണ് ഫൈസല്‍ ഖാന്‍. പാണ്ഡേയും ഖാനും അടിയുറച്ച ഗാന്ധിയന്‍മാരാണ്. പക്ഷേ, ഇന്നത്തെ ഇന്ത്യയില്‍ ഇരുവരും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പ്രശസ്ത ചലച്ചിത്രകാരന്‍ ആനന്ദ് പട്്വര്‍ധന്‍ ചൂണ്ടിക്കാണിക്കുന്നു. ഫൈസല്‍ഖാന്‍ മുസ്ലിമാണ് എന്നതാണ് ആ വ്യത്യാസം. അതൊരു ചെറിയ കാര്യമല്ല. അതിര്‍ത്തിഗാന്ധി ഖാന്‍ അബ്ദുല്‍ഗഫാര്‍ ഖാന്റെ അനുയായിയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ആധുനികകാലത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നയാളുമാണ് നാല്‍പ്പത്തഞ്ചുകാരനായ ഫൈസല്‍ ഖാന്‍. അതിര്‍ത്തിഗാന്ധി സ്ഥാപിച്ച ഖുദായ് ഖിദ്മത്ഗാര്‍ എന്ന പ്രസ്ഥാനത്തെ ആധുനിക ഇന്ത്യയില്‍ പുനരുജ്ജീവിപ്പിച്ചതാണ് അദ്ദേഹം ചെയ്ത യഥാര്‍ത്ഥ കുറ്റം.
അവിഭക്ത ഇന്ത്യയില്‍, ഇന്നത്തെ പാകിസ്ഥാനില്‍പെടുന്ന നോര്‍ത്ത് വെസ്റ്റ് ഫ്രണ്ടിയര്‍ പ്രവിശ്യയിലെ, യോറില്‍ 90 വര്‍ഷം മുമ്പാണ് ഖുദായ് ഖിദ്മത്ഗാര്‍ സ്ഥാപിതമായത്. സ്രഷ്ടാവിന്റെ സേവകര്‍ എന്നാണ് ആ വാക്കിന്റെ അര്‍ഥം. ലോകം സ്നേഹാദരങ്ങളോടെ ബാദ്ഷാ ഖാന്‍ എന്നും അതിര്‍ത്തിഗാന്ധി എന്നും വിളിച്ച ഖാന്‍ അബ്ദുല്‍ഗഫാര്‍ ഖാന്‍ ആയിരുന്നു സ്ഥാപകന്‍. ഇന്ത്യയുടെ സ്വാതന്ത്ര്യവും ഹിന്ദു- മുസ്ലിം സഹകരണവുമായിരുന്നു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കുന്നതിനെ അവര്‍ സമാധാനമാര്‍ഗത്തിലൂടെ എതിര്‍ത്തു. അതിര്‍ത്തി ഗാന്ധി ഉള്‍പ്പെടെ, സംഘടനയുടെ നേതാക്കളെല്ലാം ദീര്‍ഘകാലം ജയിലിലടയ്ക്കപ്പെട്ടു. 98 വയസ്സു വരെ ജീവിച്ച ബാദ്ഷാ ഖാന്‍ 37 വര്‍ഷവും ജയിലിലായിരുന്നു. 14 വര്‍ഷം ബ്രിട്ടീഷുകാരുടെ തടങ്കലില്‍. ബാക്കി സ്വതന്ത്ര പാകിസ്ഥാനിലെ തടങ്കലില്‍.

സാമൂഹികപ്രവര്‍ത്തന രംഗത്ത് സജീവസാന്നിധ്യമായിരുന്ന ഫൈസല്‍ ഖാന്‍ സര്‍വമത സമഭാവനയുടെ വക്താവായിരുന്നു. ഇസ്ലാംമത വിശ്വാസിയായിരിക്കേതന്നെ, ഖുര്‍ആനിനൊപ്പം തുളസീദാസിന്റെ രാമചരിത മാനസം അദ്ദേഹം ഹൃദയഹാരിയായി ആലപിക്കും. സന്ദീപ് പാണ്ഡേയുടെയും മറ്റുമൊപ്പമുണ്ടായിരുന്ന ഫൈസല്‍ ഖാന്‍ 2011ലെ മഹാത്മാഗാന്ധി ചരമദിനത്തില്‍ ഡല്‍ഹിയില്‍ ഖുദായ് ഖിദ്മത്ഗാറിനെ പുനരുജ്ജീവിപ്പിച്ചു. വര്‍ഗീയ സംഘര്‍ഷ മേഖലയില്‍ ആശ്വാസമെത്തിച്ചു. പരിശരഹിത വായ്പ നല്‍കാന്‍ പദ്ധതി തുടങ്ങി. ഹരിയാനയിലെ പാനിപ്പത്തിലുള്ള സൂഫി ദര്‍ഗയില്‍നിന്ന് ഉത്തരാഞ്ചലിലെ ഹരിദ്വാര്‍വരെ അദ്ദേഹം നടത്തിയ മതസൗഹാര്‍ദ്ദ യാത്ര പ്രശസ്തമായിരുന്നു. വര്‍ഗീയ കലാപത്തിലൂടെ മുസ്ലിംകള്‍ വേട്ടയാടപ്പെട്ട ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ അദ്ദേഹത്തിന്റെ സംഘടന ആശ്വാസവുമായെത്തി. ഹരിയാനയിലെ കര്‍ണാലില്‍ ഗോശാല പണിതു. തമിഴ്നാട്ടില്‍ മദ്യവിരുദ്ധ പദയാത്രകള്‍ സംഘടിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ വഴി ഹിന്ദു സംഘടനകളുടെയും മതപണ്ഡിതന്‍മാരുടെയും പ്രശംസ പിടിച്ചുപറ്റിയയാളാണ് ഫൈസല്‍ ഖാനെന്ന് നാഷനല്‍ ഹെറാള്‍ഡിലെ റിപ്പോര്‍ട്ടില്‍ അജ് പ്രബല്‍ വ്യക്തമാക്കുന്നു.

അക്കൂട്ടത്തില്‍ ഒടുവിലത്തേതായിരുന്നു, മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി ഹിന്ദു തീര്‍ഥാടനകേന്ദ്രങ്ങളിലൂടെ അദ്ദേഹവും അനുയായികളും നടത്തിയ 84 കിലോമീറ്റര്‍ യാത്ര. ഒക്ടോബര്‍ 29ന് മഥുരയിലെ നന്ദ് ബാബാ മന്ദിറിലായിരുന്നൂ അഞ്ചു ദിവസം നീണ്ട യാത്രയുടെ സമാപനം. സ്വീകരണച്ചടങ്ങിനുശേഷം നിസ്‌കാരത്തിനായി ക്ഷേത്ര പൂജാരിയോട് യാത്ര പറഞ്ഞതായിരുന്നു, അദ്ദേഹം. ഈ പുണ്യസ്ഥലമുള്ളപ്പോള്‍ പ്രാര്‍ഥനയ്ക്കായി വേറെവിടെയും പോകേണ്ടതില്ലെന്ന് ഒപ്പമുള്ളവര്‍ ഉപദേശിച്ചു. ക്ഷേത്ര ഭാരവാഹികളും പൂജാരിമാരും അതിനോട് യോജിച്ചു. ഫൈസല്‍ ഖാനും സുഹൃത്ത് ചാന്ദ് മുഹമ്മദും ക്ഷേത്രാങ്കണത്തില്‍ നിസ്‌കരിച്ചു. ഒപ്പമുണ്ടായിരുന്ന നിലേഷ് ഗുപ്തയും സാഗര്‍ രത്നയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി.
ഹിന്ദു ക്ഷേത്രത്തില്‍ ഇസ്ലാംമത വിശ്വാസികള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലിട്ടവര്‍ കരുതിയത് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി അതു സ്വീകരിക്കപ്പെടുമെന്നാണ്. പക്ഷേ ചര്‍ച്ച നീങ്ങിയത് എതിര്‍വശത്തേക്കാണ്. ക്ഷേത്രാങ്കണത്തിലെ നിസ്‌കാരത്തിനെതിരെ ചില ഹിന്ദുസംഘടനകള്‍ രംഗത്തുവന്നു. വിദ്വേഷ പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ടു. ഫൈസല്‍ ഖാനെ നിസ്‌കാരത്തിന് അനുവദിച്ച ക്ഷേത്രഭാരവാഹികള്‍തന്നെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസില്‍ പരാതി നല്‍കി. മതവികാരം വ്രണപ്പെടുത്തിയതിനും സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനു വഴിവെച്ചതിനും നവംബര്‍ രണ്ടിന് ഖാന്‍ അറസ്റ്റിലായി. ആര്‍ എസ് എസുകാര്‍ തിങ്ങി നിറഞ്ഞ കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിനുശേഷം കൊവിഡ്ബാധ സ്ഥിരീകരിച്ചിട്ടുപോലും അദ്ദേഹത്തിന് ജാമ്യം കിട്ടിയില്ല. ഒരു മാസം പിന്നിട്ടിട്ടും അദ്ദേഹം ജയിലിലാണ്. കൂടെയുണ്ടായിരുന്നവരെ തിരയുകയാണെന്നാണ് പൊലീസ് പറയുന്നത്.

മതസൗഹാര്‍ദ്ദ സന്ദേശം നല്‍കുക മാത്രമായിരുന്നു ക്ഷേത്രസന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെന്ന് ഫൈസല്‍ ഖാന്റെ സംഘടനയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തികൊണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു ഖാന്‍ എന്ന് പൊലീസും ഹിന്ദുത്വസംഘടനകളും ആരോപിക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്നയാളാണ് ഖാന്‍ എന്ന് അവര്‍ പറയുന്നു.

പഠാന്‍ വംശജരാണ് ഖാന്‍ അബ്ദുള്‍ ഗഫാര്‍ഖാനും ഫൈസല്‍ ഖാനും. ഇന്നത്തെ അഫ്ഗാനിസ്ഥാനില്‍, അതിര്‍ത്തിഗാന്ധി ജനിച്ച അതേ മേഖലയില്‍ നിന്നാണ് കൂട്ടക്കൊലകളുടെ പര്യായമായി മാറിയ താലിബാനും അല്‍ഖ്വയ്ദയും സാമ്രാജ്യത്വ ശക്തികളുടെ പിണിയാളുകളായി ജന്‍മമെടുത്തത്. പഠാന്‍ വംശജര്‍ക്കു മുന്‍തൂക്കമുള്ള ഖുദായ് ഖിദ്മത്ഗാര്‍ ഒരിക്കലും അക്രമപാത സ്വീകരിച്ചില്ല. എന്നിട്ടുമവര്‍ നിര്‍ദ്ദയം വേട്ടയാടപ്പെട്ടു. അക്രമം നടത്താത്ത പഠാന്‍ സംഘടനയാണ് അക്രമികളെക്കാള്‍ അപകടം എന്ന് ബ്രിട്ടീഷുകാര്‍ കരുതി എന്നാണ് അതിര്‍ത്തിഗാന്ധി ഇതേപ്പറ്റി മുമ്പു പറഞ്ഞത്. മതതീവ്രവാദികളല്ല, മതസൗഹാര്‍ദ്ദത്തിനുവേണ്ടി നിലകൊള്ളുന്ന മുസ്ലിംകളാണ് അപകടകാരികള്‍ എന്ന് സംഘപരിവാറിന്റെ ഇന്ത്യയും കരുതുന്നുണ്ടാവണം.

സ്വതന്ത്ര പാകിസ്ഥാന്‍ അതിര്‍ത്തിഗാന്ധിയോട് കാണിച്ച അതേ വഞ്ചനയാണ് ഫൈസല്‍ ഖാനോട് ഇന്ത്യ കാണിക്കുന്നതെന്ന് അതിര്‍ത്തിഗാന്ധിയുടെ ജീവചരിത്രമെഴുതിയ രാജ്‌മോഹന്‍ ഗാന്ധി പറയുന്നു. ഇരുവരുമായും വ്യക്തിബന്ധം പുലര്‍ത്തിയിട്ടുള്ള രാജ്മോഹന്‍ ഗാന്ധിക്ക് ഖാന്‍ അബ്ദുല്‍ഗഫാര്‍ ഖാന്റെയും ഫൈസല്‍ ഖാന്റെയും ആത്മാര്‍ഥതയില്‍ ഒരു സംശയവുമില്ല. സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായൊരു ഏടിന്റെ സ്രഷ്ടാവായ ഖാന്‍ അബ്ദുല്‍ഗഫാര്‍ ഖാന്റെ മൂല്യങ്ങള്‍ ആധുനിക ഇന്ത്യയില്‍ പുന:സൃഷ്ടിക്കാന്‍ ശ്രമിച്ചയാളെ മാതൃകാപരമായൊരു പ്രവൃത്തിയുടെ പേരില്‍ ജാമ്യം നിഷേധിച്ച് വിചാരണകൂടാതെ ജയിലിലിട്ടതു വഴി എന്തു സന്ദേശമാണ് നമ്മള്‍ നല്‍കുന്നതെന്ന് ചരിത്രകാരനും മഹാത്മാഗാന്ധിയുടെ ചെറുകനുമായ രാജ്മോഹന്‍ ഗാന്ധി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചോദിക്കുന്നു.

എസ് കുമാര്‍

You must be logged in to post a comment Login