ഒറ്റക്കുത്ത്: ജനവിധിയുടെ നെഞ്ചിനും ജനാധിപത്യത്തിന്റെ നെഞ്ചിനും

ഒറ്റക്കുത്ത്: ജനവിധിയുടെ നെഞ്ചിനും ജനാധിപത്യത്തിന്റെ നെഞ്ചിനും

2017 ഫെബ്രുവരി ഒന്നിനായിരുന്നു ഇ അഹമ്മദിന്റെ മരണം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ദേശീയ അധ്യക്ഷനായിരുന്നു. യു പി എ സര്‍ക്കാരില്‍ മന്ത്രി ആയിരുന്നു. കേന്ദ്രമന്ത്രി ആയിരുന്നു എന്നത് ഒഴുക്കനായി പറഞ്ഞുപോകേണ്ട ഒരു ചരിത്രഘട്ടമല്ല ഇ അഹമ്മദിനെയും മുസ്ലിംലീഗിനെയും സംബന്ധിച്ച്. അദ്ദേഹം പ്രാഗല്‍ഭ്യം പലകുറി തെളിയിച്ച കേന്ദ്രമന്ത്രി ആയിരുന്നു. അന്താരാഷ്ട്ര വേദികളില്‍ അഹമ്മദിന് അംഗീകാരമുണ്ടായിരുന്നു. രാജ്യത്ത് മുസ്ലിംലീഗിന്റെ ശബ്ദമായി പലപ്പോഴും മാറാന്‍ അഹമ്മദിന് കഴിഞ്ഞിരുന്നു. പരിമിതികളും പരാജയങ്ങളും ഇല്ലേയില്ല എന്നല്ല. പക്ഷേ, അവയെ മറികടക്കുന്ന വിജയങ്ങള്‍ ധാരാളമുണ്ടായിരുന്നു. പാര്‍ലമെന്റില്‍ അഹമ്മദ് പരിണിതപ്രജ്ഞനായിരുന്നു. അക്കാലങ്ങളില്‍ മുസ്ലിംലീഗിന്റെ ദേശീയ മുഖമായി മാറാന്‍ കഴിഞ്ഞിരുന്നു. ഓര്‍ക്കണം, ഒന്നാം മോഡി സര്‍ക്കാരിന്റെ കാലമാണ്. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷം പലതരം ഭയാശങ്കകളിലേക്ക് നിലം പൊത്താന്‍ തുടങ്ങുന്ന കാലമാണ്. അത്തരം ഭയാശങ്കകളെ മുഴുവനായി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന കണക്കെടുപ്പിന് ഇപ്പോള്‍ വലിയ പ്രസക്തി ഇല്ല. അത്തരം ഒരു സാഹചര്യം രാജ്യത്തിനും വിശിഷ്യാ മുസ്ലിംലീഗിനും അന്നോളം പരിചിതമായ ഒന്നായിരുന്നില്ലല്ലോ? പക്ഷേ, മുസ്ലിംലീഗ് എന്ന പാര്‍ട്ടി ഒരു ദേശീയ സ്വഭാവമുള്ള, പ്രാദേശികമായി വേരുകളുള്ള പാര്‍ട്ടിയാണെന്ന സന്ദേശം നല്‍കാന്‍ അഹമ്മദിന്റെ പദവിക്ക്, പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. അഹമ്മദിനെ ദേശീയ രാഷ്ട്രീയം ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളില്‍ സ്വന്തം ആരോഗ്യനിലയെ കൂസാതെ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഓര്‍ക്കുക. കേന്ദ്രഭരണകൂടം അവരെ തടയാന്‍ ശ്രമിച്ചത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്ത ആയിരുന്നു. അന്താരാഷ്ട്രതലത്തില്‍ വലിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു കണ്ണൂര്‍ക്കാരനായ ആ ബിരുദധാരിക്ക്. ഇബ്‌റാഹീം സുലൈമാന്‍ സേട്ടുവിന് ശേഷം ദേശീയ രാഷ്ട്രീയം മുസ്ലിംലീഗ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞത് അഹമ്മദിനെ മുന്‍നിര്‍ത്തി ആയിരുന്നു. സേട്ടുവിനോളം പ്രബലത ഇല്ലായിരുന്നു എന്നത് വസ്തുതയാണ്. പക്ഷേ, പരിമിതികള്‍ക്കുള്ളിലും ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലിംലീഗ് എന്ന് ആവര്‍ത്തിക്കപ്പെടാന്‍ അഹമ്മദ് കാരണക്കാരനായി.

ഇ അഹമ്മദ് മരിച്ചു. കേരളത്തില്‍ അന്ന് മുസ്ലിംലീഗിന്റെ പ്രബലന്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ്. കേരളഘടകമാണ് അന്ന് ദേശീയ ഘടകത്തെ നിയന്ത്രിച്ചിരുന്നത് എന്നുപോലും പറയാം. രണ്ടുവര്‍ഷം കൂടി ബാക്കിയുണ്ടായിരുന്നു പാര്‍ലമെന്റില്‍ അഹമ്മദിന്. ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി. അഹമ്മദിന് ഒരു പകരക്കാരന്‍ വേണം. അക്കാലത്ത് നിയമസഭാംഗമാണ് കുഞ്ഞാലിക്കുട്ടി. അഹമ്മദിന്റെ മണ്ഡലത്തില്‍, മലപ്പുറത്ത് ലീഗ് വിജയം സുനിശ്ചിതമാണ്. വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ചര്‍ച്ചകള്‍ ഒന്നുമുണ്ടായില്ല. ഡല്‍ഹിയിലേക്ക് പോകാന്‍ പി കെ കുഞ്ഞാലിക്കുട്ടി തീരുമാനിക്കുന്നു. വേണ്ടതാണെന്ന് നിരീക്ഷകര്‍. ഡല്‍ഹിയില്‍ മുസ്ലിംലീഗിന്റെ മുഖമാണല്ലോ അഹമ്മദ്. ഒരു പ്രബലന്‍ തന്നെ അതിന്റെ പിന്തുടര്‍ച്ചയില്‍ വേണം. അന്ന് വേങ്ങര മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ആണ് കുഞ്ഞാലിക്കുട്ടി. 60.01 ശതമാനം വോട്ട് നല്‍കിയാണ് വേങ്ങരക്കാര്‍ തങ്ങളുടെ അഞ്ചുവര്‍ഷത്തേക്കുള്ള ജനപ്രതിനിധിയായി കുഞ്ഞാലിക്കുട്ടിയെ ജയിപ്പിച്ചത്. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയാണല്ലോ മുസ്ലിംലീഗ്. സ്വാഭാവികമായും കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവാണ്. പക്ഷേ, ഇ അഹമ്മദിന്റെ വിയോഗം സൃഷ്ടിച്ച ദേശീയ ശൂന്യത നികത്തണം. ആ നിയോഗം കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. മലപ്പുറത്ത് നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചു. മലപ്പുറത്തുകാര്‍ അഹമ്മദിനെക്കാള്‍ വോട്ട് വിഹിതം കൂടുതല്‍ നല്‍കി അദ്ദേഹത്തെ വിജയിപ്പിച്ചു. വേങ്ങരക്കാരും ലീഗിനെ കൈവിട്ടില്ല. വലിയ നിയോഗവുമായി ഡല്‍ഹിയിലേക്ക് പോവുകയാണ് പ്രിയനേതാവ്. ദേശീയതലത്തില്‍ മുസ്ലിംലീഗ് സാന്നിധ്യം രാഷ്ട്രീയ അനിവാര്യതയാണ്. മോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാരിന്റെ കീഴില്‍ മുസ്ലിം അപരവല്‍കരണം അതിന്റെ പാരമ്യത്തിലാണ്. ആള്‍ക്കൂട്ടക്കൊലകള്‍ പതിവാകുന്നു. എതിര്‍ക്കപ്പെടണം. പാര്‍ലമെന്റില്‍ ഇന്ത്യന്‍ മുസല്‍മാന്റെ രാഷ്ട്രീയ പ്രാതിനിധ്യം എന്ന ചരിത്രപരമായ കടമ പൂര്‍ത്തിയാക്കണം. വേങ്ങരക്കാര്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിച്ചു. ഉപതിരഞ്ഞെടുപ്പില്‍ പിന്‍ഗാമിയായി വന്ന കെ എന്‍ എ ഖാദറെ വിജയിപ്പിച്ചു.
ജനാധിപത്യത്തിലെ അന്തിമസ്വഭാവമുള്ളതും അതിപ്രധാനവുമായ കരാറാണ് തിരഞ്ഞെടുപ്പ്. അഞ്ചുവര്‍ഷം ഞാന്‍ നിങ്ങളെ സഭയില്‍ പ്രതിനിധീകരിക്കാം എന്ന ഉപാധികളില്ലാത്ത വാഗ്ദാനമാണ് ആ കരാറിന്റെ പ്രാരംഭം. മരണം പോലുള്ള ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ മാത്രമേ ആ കരാര്‍ സാധാരണനിലയില്‍ ലംഘിക്കപ്പെടാറുള്ളൂ. ജനാധിപത്യത്തിനകത്തെ തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായ രാജിയും മരണം പോലുള്ള അനിവാര്യതയാണ്. അല്ലാത്ത ഘട്ടങ്ങളിലെല്ലാം ഒരു പ്രതിനിധി കരാര്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്. കാരണം തിരഞ്ഞെടുപ്പ് കുട്ടിക്കളിയല്ല. വലിയ ജനകീയ പ്രക്രിയയാണ്. അതിന്റെ സാമ്പത്തിക ചെലവ് അല്ല വലിപ്പത്തിന്റെ മാനദണ്ഡം. അത് ജനതയുടെ വലിയ അധ്വാനത്തെ ആവശ്യപ്പെടുന്നു. അവരുടെ നിര്‍ണയാധികാരം എന്നത് പണത്തിന്റെ മൂല്യത്താല്‍ അളക്കാവതല്ല. അവരുടെ തീരുമാനത്തെ ബഹുമാനിക്കുക എന്നതാണ് ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് കരാറിന്റെ കേന്ദ്രബലം. ഇടയ്ക്കുവെച്ച് മുന്‍പറഞ്ഞ അനിവാര്യതകള്‍ ഇല്ലാതെ, ജനതയുമായി ബന്ധമില്ലാത്തതും സ്വതാല്‍പര്യത്താല്‍ പ്രചോദിതവുമായ കരാര്‍ലംഘനം അക്ഷന്തവ്യമായ ജനാധിപത്യ കുറ്റകൃത്യമാണ്. പക്ഷേ, വേങ്ങരയിലെ ജനത അത് ക്ഷമിച്ചു. കാരണം ഇ അഹമ്മദ് ഇല്ലാത്തിടത്ത് അത്രത്തോളം കരുത്തുള്ള ഒരാള്‍ വേണം. ദേശീയ രാഷ്ട്രീയം ഇന്ത്യന്‍ മുസല്‍മാനെ സംബന്ധിച്ച് ഈ വര്‍ഷങ്ങളില്‍ സമാനതകള്‍ ഇല്ലാത്ത വണ്ണം നിര്‍ണായകവുമാണല്ലോ?
പക്ഷേ, അഹമ്മദിന് പകരക്കാരനാവാന്‍ ആദ്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. മലപ്പുറത്തെ പഴയ നഗരസഭാധ്യക്ഷന് ദേശീയമായ വളര്‍ച്ച സാധ്യമായില്ല. അധികാരത്തിന്റെ അപാരമായ മത്തുകളില്‍ പൂണ്ടുവിളയാടാന്‍ അവസരമുള്ള കേരളം പോലുള്ള ഒരിടമായിരുന്നില്ല കുഞ്ഞാലിക്കുട്ടിക്ക് ദേശീയ രാഷ്ട്രീയം. അവിടെ ഒച്ച വേറിട്ടുകേള്‍പ്പിക്കാന്‍ കേരളത്തിലെ തായംകളിയുടെ തമ്പേറുകള്‍ പോരാ. അവിടം സ്വത്വരാഷ്ട്രീയത്താല്‍ പ്രചോദിതമായി പോര്‍മുഖം തെളിക്കുന്ന ഉവൈസിമാരുള്ള തട്ടകമാണ്. അവരുടെ ഒച്ചകള്‍ക്കാണ് കേന്ദ്രം വാഴുന്ന സംഘപരിവാരം ഒലിപ്പെരുക്കികള്‍ നല്‍കുക. അതിനിടയില്‍ വേറിട്ട് കേള്‍പ്പിക്കാവുന്ന ഒരൊച്ചയെ കണ്ടെത്താന്‍ ആദ്യ നാളുകളില്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. കേരളത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി പയറ്റിത്തെളിഞ്ഞ അടവുകള്‍ പുറത്തെടുക്കാനാവാത്ത വിധം വിശാലമാണല്ലോ കേന്ദ്രത്തിന്റെ കളരി. പരിണിതപ്രജ്ഞത കൊണ്ടായിരുന്നു ബനാത് വാലയും സേട്ടുവും പിന്നീട് സേട്ടുവിന്റെ നിഴലായിരുന്നെങ്കിലും അഹമ്മദും പയറ്റിയത്. ഫലം സഭയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി പലപ്പോഴും ഒളിച്ചോടി. വേറിട്ട ഒച്ച പോയിട്ട് സംഘഗാനത്തിന്റെ കൂടെപ്പാട്ടുകാരനാവാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. സാരമില്ല എന്ന് മലപ്പുറം. പരിചയമാണല്ലോ പയറ്റിലെ മഹാഗുരു.

2019-ല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാജ്യം മറ്റൊന്നായി മാറിയിരുന്നു. കോണ്‍ഗ്രസ് ബദലാവുമെന്ന പ്രതീക്ഷ കനത്തുനിന്നു. രാജ്യത്തിന്റെ പൊതുവികാരം അസ്വസ്ഥതയായിരുന്നു. ജനത വിഭജിക്കപ്പെടുകയും ഭരണഘടന അവമതിക്കപ്പെടുകയും ചെയ്യുന്നു. വീണ്ടും ഡല്‍ഹിക്ക് വണ്ടികയറാന്‍ കുഞ്ഞാലിക്കുട്ടി തീരുമാനിക്കുന്നു. യുവരക്തമായ വി പി സാനുവായിരുന്നു എതിരാളി. 57 ശതമാനം വോട്ട് നല്‍കി മലപ്പുറം കുഞ്ഞാലിക്കുട്ടിയെ യാത്രയാക്കി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുസ്ലിംലീഗിന്റെ ശബ്ദമുയര്‍ത്താന്‍ വമ്പന്മാരെ ജയിപ്പിച്ചു വിട്ട പാരമ്പര്യം എക്കാലത്തുമുണ്ടല്ലോ മലപ്പുറം മണ്ഡലത്തിന്. പാര്‍ലമെന്റിനെയും ദേശീയ രാഷ്ട്രീയത്തെയും പഠിച്ച് ജ്വലിച്ചു വരുന്ന കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തുകാര്‍ കിനാവുകണ്ടിരിക്കണം. 2024 വരെ ലോക് സഭയില്‍ മലപ്പുറത്തെ പ്രതിനിധീകരിക്കാം എന്ന കരാറില്‍ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലെത്തി. രാഷ്ട്രീയവശാല്‍ കോണ്‍ഗ്രസ് ബദല്‍ എന്ന സ്വപ്നം ഫലവത്തായില്ല. അവരുടെ ദേശീയ നേതാവായ രാഹുല്‍ പോലും സ്വന്തം തട്ടകത്തില്‍ തുന്നംപാടി. പക്ഷേ, അതൊന്നും ലോക് സഭയില്‍ ഒരംഗത്തിന്റെ പ്രാതിനിധ്യപരമായ പ്രാധാന്യത്തെ തെല്ലും കുറക്കില്ല. താന്‍ പ്രതിനിധീകരിക്കുന്ന ജനതയുടെ, താന്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ പ്രകാശനവേദിയാണല്ലോ ഏതൊരു അംഗത്തിനും ലോക് സഭ. തന്റെ ജനതയുടെ അധികാര പങ്കാളിത്തത്തിന്റെ അടയാളമായാണല്ലോ ഒരംഗം തന്റെ പ്രാതിനിധ്യത്തെ പരിഗണിക്കേണ്ടത്. അവരുടെ ഒച്ചകളുടെ ആംപ്ലിഫയറായാണല്ലോ ഒരംഗം തന്നെ സ്ഥാനപ്പെടുത്തേണ്ടത്. അതിനുള്ള അക്ഷീണ പരിശ്രമമാണല്ലോ അയാള്‍ നടത്തേണ്ടത്. അതിന് ജനത അയാള്‍ക്ക് നല്‍കുന്ന പ്രതിഫലമാണല്ലോ തങ്ങളെ ഭരിക്കാനുള്ള അവകാശം അഥവാ അധികാരം. ഉദാഹരണങ്ങളെ കുട്ടുപിടിക്കാം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രതിനിധിയാണല്ലോ പി കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്നാട്ടിലെ മുസ്ലിംകളെ അപരവല്‍കരിക്കാന്‍ ലക്ഷ്യംവെച്ച്, അതുവഴിയുള്ള ഹിന്ദു ധ്രുവീകരണത്തെ ശാശ്വതമായ വോട്ടുബാങ്കാക്കാന്‍ ലക്ഷ്യംവെച്ച് പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് മുസ്ലിം ജനതയെ ലക്ഷ്യം വെച്ച് മുത്തലാഖ് നിയമം കൊണ്ടു വരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ഇത്തരം നിരവധിയായ നിയമങ്ങളുടെ അവതരണവേദിയാവുന്നു. മഹാഭൂരിപക്ഷമുണ്ട് സര്‍ക്കാരിന്. പക്ഷേ, സര്‍ക്കാരിന്റെ ഭൂരിപക്ഷ പിത്തലാട്ടങ്ങളുടെ വേദിയായി അല്ല ഇന്ത്യന്‍ ഭരണഘടന പാര്‍ലമെന്റിനെ, അതിന്റെ സഭകളെ വിഭാവനം ചെയ്തിട്ടുള്ളത്. അത് വിയോജനങ്ങളുടെ വേദികൂടി ആയിട്ടാണ്. പാര്‍ലമെന്റിനെ സംബന്ധിച്ച് വിയോജിക്കുക എന്നാല്‍ ഒരു ജനതയുടെ അഭിപ്രായത്തെ ശാശ്വതമായി രേഖപ്പെടുത്തുക എന്നതാണ്. അവതരിപ്പിക്കപ്പെടുന്ന, പാസാക്കപ്പെടുന്ന നിയമങ്ങളിന്‍മേലുള്ള അഭിപ്രായം പ്രധാനപ്പെട്ടതാണ്. അതൊരു ശബ്ദമാണ്. ആ ശബ്ദത്തിനുള്ള അന്തിമ വേദിയാണ് പാര്‍ലമെന്റ്. അപ്പോള്‍ കുഞ്ഞാലിക്കുട്ടി എന്താണ് ചെയ്യേണ്ടത്? താന്‍ പ്രതിനിധീകരിക്കുന്ന, അല്ലെങ്കില്‍ പ്രതിനിധീകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കൊണ്ട് തന്റെ ജനതയുമായി ഏര്‍പ്പെട്ട ജനാധിപത്യക്കരാറിനെ മുന്‍നിര്‍ത്തി അവരുടെ ശബ്ദമായി മാറാന്‍ ശ്രമിക്കുക. തുടക്കത്തില്‍ പരാജയപ്പെട്ടാലും പിന്നെയും ശ്രമിക്കുക. അത് കുഞ്ഞാലിക്കുട്ടി ചെയ്തില്ല.

ഇപ്പോഴിതാ എല്ലാ നെറികളെയും എല്ലാ ജനാധിപത്യ മര്യാദകളെയും കീറിയെറിഞ്ഞ് ജനാധിപത്യത്തിലെ ആ വിശുദ്ധകരാറിനെ കുഞ്ഞാലിക്കുട്ടി ലംഘിക്കാന്‍ പോകുന്നു. കേവലം ഒരു വര്‍ഷം മാത്രമായ തന്റെ പാര്‍ലമെന്റ് അംഗത്വം ഒരു അനിവാര്യതയുമില്ലാത്ത ഘട്ടത്തില്‍ അദ്ദേഹം ഉപേക്ഷിക്കുകയാണ്. ഇന്ത്യന്‍ മുസല്‍മാന്റെ ജീവിതത്തിനുമേല്‍ കരിനിയമങ്ങളുടെ കരിമ്പടം പുതപ്പിക്കപ്പെടുന്ന അതിനിര്‍ണായകമായ ചരിത്രഘട്ടത്തില്‍ മുസ്ലിംലീഗിന്റെ ആ മുതിര്‍ന്ന നേതാവ് പാര്‍ലമെന്റില്‍ നിന്ന് തടിയൂരുകയാണ്. കണ്ണൂരിലെ പ്രാദേശിക സര്‍ക്കാരിലും സംസ്ഥാന നിയമസഭയിലും പിന്നീട് ലോക് സഭയിലും എല്ലാം ലീഗിന്റെ പതാകയേന്തിയ ഇ അഹമ്മദിന്റെ പിന്‍ഗാമിയായി പാര്‍ലമെന്റിലേക്ക് മലപ്പുറം പറഞ്ഞയച്ച കുഞ്ഞാലിക്കുട്ടി പാതിവഴിയില്‍ അവരുടെ പ്രാതിനിധ്യം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. നിയമനിര്‍മാണ സഭകളിലെ അംഗത്വമെന്നാല്‍ ജനതയുടെ അധികാര പങ്കാളിത്തമാണെന്നും അത് വ്യക്തിപരമായ അധികാര ആരോഹണമല്ല എന്നുമുള്ള തിരിച്ചറിവാണ് ജനാധിപത്യം ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ പഠിപ്പിക്കേണ്ടത്. ആ പാഠം കുഞ്ഞാലിക്കുട്ടി ക്രൂരമായി നിരാകരിക്കുകയാണ്. സംസ്ഥാനത്തിന്റെ ‘ഠ’ വട്ടത്തില്‍ തന്നെ കാത്തിരിക്കുന്ന ലോലുപതകളിലേക്ക് അയാള്‍ തിടുക്കപ്പെട്ട് മടങ്ങുകയാണ്. ഫലം മലപ്പുറത്തെ 60 ശതമാനം ജനതയുടെ രാഷ്ട്രീയ പ്രയോഗം വഞ്ചിതമാവുന്നു. മുസ്ലിംലീഗിന്റെ ദേശീയ രാഷ്ട്രീയജീവിതത്തെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ജനാധിപത്യത്തോടും അതിലെ വിശുദ്ധമായ കരാറിനോടും ജനേച്ഛയോടും ഒരു കൂറുമില്ലാത്ത അധികാര തായംകളിക്കാര്‍ മാത്രമാണ് തങ്ങളെന്ന സംഘപരിവാര്‍ ആക്ഷേപങ്ങളുടെ ഗില്ലറ്റിനുകളിലേക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് തലവെച്ചു നീട്ടുന്നു. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു ജനാധിപത്യ വിരുദ്ധവും മുസ്ലിം താല്‍പര്യ വിരുദ്ധവുമായ മുച്ചീട്ട് കളിക്ക് ലീഗ് തയാറായത്?

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന സംഘടനക്ക് സത്താപരമായി സംഭവിച്ച പടുകൂറ്റന്‍ മാറ്റത്തിലാണ് ഇത്തരമൊരു തീരുമാനത്തിന്റെ വേരുകളുള്ളത്. വിഭജനത്തോടെ സംഘടനാസംവിധാനങ്ങള്‍ അടിമുടിയുലഞ്ഞുപോയ മുസ്ലിംലീഗ് ഇന്ത്യയില്‍ വേരുറപ്പിച്ചത് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിലാണെന്നത് ചരിത്രമാണ്. അതിനൊരുകാരണം നേതൃത്വത്തിന്റെ ആഴത്തിലുള്ള പ്രാദേശികവേരുകളാണ്. രണ്ടാം കാരണം ദക്ഷിണേന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ മുസ്ലിം അവസ്ഥയാണ്. വിഭജനത്തിന്റ കെടുതികള്‍ അത്രയൊന്നും മലയാളി മുസ്ലിമിനെ സ്പര്‍ശിച്ചില്ല. ഭൂമിശാസ്ത്രപരമായ കാരണങ്ങളും അതിനുണ്ട്. ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ വിഭജനകാലത്ത് അനുഭവിച്ച പാര്‍ശ്വവല്‍കരണം കേരളത്തില്‍ സംഭവിച്ചതുമില്ല. പല നിലകളിലുള്ള വികാസങ്ങളിലൂടെ കേരള രാഷ്ട്രീയത്തില്‍ ലീഗ് നിലയുറപ്പിച്ചു. ഭരണഘടനയോടുള്ള അചഞ്ചലമായ കൂറും സ്വത്വ-തീവ്രവാദ നിലകളോടുള്ള സുഭദ്രമായ അകലവുമാണ് ലീഗിന് അത് സാധ്യമാക്കിയത്. ഒരു ബഹുസ്വര സമൂഹത്തിലെ രാഷ്ട്രീയത്തെ, പേരില്‍ മതത്തെ വഹിച്ചുകൊണ്ട് തന്നെ ലീഗ് സ്വാംശീകരിച്ചു.

ലീഗ് രാഷ്ട്രീയത്തില്‍ ചരിത്രപരമായ പിളര്‍പ്പുണ്ടാകുന്നത് ബാബരി മസ്ജിദിന്റെ തകര്‍ക്കലോടെയാണ്. മുസ്ലിം താല്പര്യം, അധികാര പങ്കാളിത്തം എന്ന രണ്ടിലൊന്ന് ലീഗിന് സ്വീകരിക്കേണ്ടിവന്നു. കോണ്‍ഗ്രസിനൊപ്പം നിന്ന് രണ്ടാം താല്പര്യത്തെ ലീഗ് സ്വീകരിച്ചു. ബാബരി ധ്വംസന കാലത്ത് കേരളം ശാന്തമായിരുന്നതിന്റെ ക്രെഡിറ്റ് അനര്‍ഹമായി ലീഗിന് പലപ്പോഴും ചാര്‍ത്തിക്കിട്ടുകയും ചെയ്തു. ബഹുസ്വരതയോട് കൂറുള്ള, ഭരണഘടനാ പ്രതിബദ്ധരായ, മതത്തെ ആത്മീയ പ്രവര്‍ത്തനമായി പരിഗണിക്കുന്ന മലയാളി മുസ്ലിമിന്റെ ജനാധിപത്യ ജീവിതമാണ് ആ ശാന്തതയുടെ കാരണമെങ്കിലും അന്നത്തെ ലീഗിന്റെ നിലപാട് ആ ശാന്തതക്ക് വലിയ കാരണമായി തീര്‍ന്നു എന്ന് പറയാവുന്നതാണ്. ആ ലീഗല്ല പക്ഷേ, ഇന്ന് അവശേഷിക്കുന്നത്. ആ ലീഗിന് അതിനിര്‍ണായക സന്ദര്‍ഭത്തില്‍ അവരുടെ പ്രധാന നേതാവിനെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ലോക് സഭയില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയില്ല. ജനാധിപത്യത്തിലെ നിന്ദ്യമായ കരാര്‍ലംഘനത്തിലൂടെ ഒരു ലോക് സഭാ മണ്ഡലത്തിലെ ജനേച്ഛയെ വഞ്ചിക്കാനാവില്ല.

പിന്നേത് ലീഗാണ് ഇപ്പോള്‍ അവശേഷിക്കുന്നത്? നിശ്ചയമായും അത് ഐസ്‌ക്രീം കേസ് എന്ന ആരോപണം വന്നതിന് ശേഷമുള്ള ലീഗാണ്. കുഞ്ഞാലിക്കുട്ടിക്ക് എതിരെ നിരവധി ഘട്ടങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു ഒരു ആരോപണമാണത്. നമുക്കതിന്റെ മെറിറ്റോ മറ്റോ ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. പക്ഷേ, ആ കേസ് ലീഗിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. ലീഗിന്റെ മഹാരൂപങ്ങളില്‍ ഒരാളായ സി എച്ച് മുഹമ്മദ് കോയയുടെ മകനും ലീഗ് നേതാവുമായ എം കെ മുനീര്‍ ഉടമസ്ഥനും നടത്തിപ്പുകാരനുമായിരുന്ന ഇന്ത്യാവിഷന്‍ ചാനലാണ് ഈ കേസ് ആളിപ്പിടിപ്പിച്ചത്. കുഞ്ഞാലിക്കുട്ടി അപഹാസ്യനായി. അക്കാലം പാണക്കാട് തങ്ങളുള്ള കാലമാണ്. പാര്‍ട്ടിയില്‍ മേധാവിത്തത്തിനായുള്ള എം കെ മുനീറിന്റെ (പേര് പറഞ്ഞില്ല) കളിയാണ് ഇന്ത്യാവിഷന്‍ ഉയര്‍ത്തിയ സംഗതികള്‍ക്ക് പിന്നില്‍ എന്ന് മനോരമയോട് കുഞ്ഞാലിക്കുട്ടി. ഒടുവില്‍ അദ്ദേഹം ശിരസ്സ് താഴ്ത്തി. കുറ്റിപ്പുറത്ത് ഇളമുറക്കാരനോട് തോറ്റു. അതെ, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റു. ആ തോല്‍വിക്ക് മുസ്ലിംലീഗ് നല്‍കേണ്ടിവന്ന, മുസ്ലിംലീഗിന് വോട്ടുചെയ്യുന്ന മനുഷ്യര്‍ നല്‍കേണ്ടി വന്ന വിലയാണ് ജനാധിപത്യത്തോട് പ്രതിബദ്ധമല്ലാത്ത, ഒറ്റക്കുത്തിന് ആളെക്കൊല്ലുന്ന (കാഞ്ഞങ്ങാട് ഔഫിനെ ഇല്ലാതാക്കിയത് ഒറ്റക്കുത്തിനാണ്, പരിശീലനം ലഭിച്ച ഒരാള്‍ക്ക് മാത്രം സാധ്യമാവുന്ന ഒന്ന്, കൊലപാതകി ലീഗുകാരനാണ് എന്ന് റിപ്പോര്‍ട്ട്) പ്രവര്‍ത്തകരുള്ള, മുന്‍കാല ലീഗ് എക്കാലവും അകറ്റിനിര്‍ത്തിയിരുന്ന മതരാഷ്ട്ര വാദികള്‍ക്ക്, ജമാഅത്തെ ഇസ്ലാമിക്ക് പൊതുരാഷ്ട്രീയത്തിലേക്ക് പരവതാനി വിരിക്കുന്ന ഇപ്പോഴത്തെ മുസ്ലിംലീഗ്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി നിര്‍ലജ്ജം ഇസ്ലാം മതത്തെ, അതിന്റെ കോടിക്കണക്കായ വിശ്വാസികളെ പരിചയാക്കുന്ന മുസ്ലിംലീഗ്. അതെങ്ങനെയെന്നോ? പറയാം.

കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം മറികടക്കാന്‍ നടന്നതായി പറയപ്പെടുന്ന കാര്യങ്ങള്‍ അപസര്‍പ്പക സാഹിത്യത്തെ വെല്ലുന്നതാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ മാധ്യമങ്ങളും സമൂഹത്തിലെ വലിയ വിഭാഗവും രംഗത്തുവന്ന നാളുകള്‍. അവസാന പരിചയായി മുസ്ലിംലീഗ് മതത്തെ ഉപയോഗിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കങ്ങള്‍ മുസ്ലിം വേട്ടയാണെന്ന് പ്രചരിപ്പിച്ചു. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു എന്ന മട്ടിലായി കാര്യങ്ങള്‍. അദ്ദേഹം വ്യക്തിപരമായി തകര്‍ന്നു. പണവും അധികാരവും ഒന്നുമാത്രം ഉപയോഗിച്ചാണ് പിന്നീട് തിരിച്ചുവന്നത്. പാണക്കാട് തങ്ങളെ കരുവാക്കി കുഞ്ഞാലിക്കുട്ടി ലീഗിനെ വരുതിയിലാക്കി. ആ കളിക്ക് സാധ്യമാകാവുന്ന എല്ലാ അറ്റത്തും അദ്ദേഹം പോയി. ഫലം ലീഗ് കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയായി. അത് മുസ്ലിംലീഗിന്റെ രാഷ്ട്രീയ മരണമായിരുന്നു. ലീഗ് വ്യക്തികേന്ദ്രിതമായി. അങ്ങനെയാണ് കുഞ്ഞാലിക്കുട്ടിക്ക് തോന്നുമ്പോള്‍ കളംമാറാന്‍ കളമൊരുങ്ങിയത്.

ഇത്രയുമാണ് കാര്യങ്ങള്‍. എന്തിനിതൊക്കെ പറയുന്നു എന്ന ചോദ്യമുയരാം. അതെല്ലാം ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമല്ലേ എന്ന് ചോദിക്കാം. ഉത്തരമിതാണ്. ആ പാര്‍ട്ടിയുടെ പേരിലെ ആദ്യഭാഗം കോടിക്കണക്കിന് മനുഷ്യരുടെ ആത്മീയാഭയമായ ഒരു മതമാണ്. ആ പാര്‍ട്ടി സകലതിനും പരിചയാക്കുന്നതും ആ മതത്തെയാണ്. അതിനാല്‍ ഒരു സ്വകാര്യ സംഘടനയാവുക മുസ്ലിം ലീഗിന് സാധ്യമല്ല. അവര്‍ സ്വയംതിരുത്തിയില്ലെങ്കില്‍ അവരെ വിശ്വാസികള്‍ തിരുത്തും.
കാഞ്ഞങ്ങാട്ടെ അബ്ദുറഹ്മാന്‍ ഔഫ് ഒരു വിശ്വാസി മുസ്ലിമായിരുന്നു. ജനാധിപത്യത്തിലും ബഹുസ്വരതയിലും വിശ്വസിച്ചിരുന്നു. അധികാരവും പണവും അതിനായുള്ള ദല്ലാള്‍ പണിയുമാണ് രാഷ്ട്രീയമെന്ന തീര്‍പ്പിലേക്ക് ഐസ്‌ക്രീം അനന്തര ലീഗ് നിലംപൊത്തിയിരുന്നല്ലോ? ഒരു തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി പോലും അവര്‍ക്ക് താങ്ങാനാവില്ല. അത് അവരുടെ സാമ്പത്തിക അധികാര അച്ചുതണ്ടിനെ പൊളിക്കും. അതവര്‍ക്ക് സഹിക്കില്ല. അസഹ്യതയാണ് പകയായി മാറുക. ഔഫ് തിരഞ്ഞെടുപ്പില്‍ അവരെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചു. അതിനാല്‍ അവര്‍ ആ യുവാവിനെ ഒറ്റക്കുത്തിന് കൊന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകം മാറലും അതേവിധത്തില്‍ ഒരു കുത്തലാണ്. ജനാധിപത്യത്തിന്റെ നെഞ്ചിലേക്കുള്ള കുത്ത്.

കെ കെ ജോഷി

You must be logged in to post a comment Login