കണ്ടുകെട്ടപ്പെടുന്ന നീതി

കണ്ടുകെട്ടപ്പെടുന്ന നീതി

‘ആദ്യം അവര്‍ സാമൂഹികപ്രവര്‍ത്തകരെ തേടിവന്നു; പിന്നെ വിദ്യാര്‍ഥികളെ തേടിവന്നു; അതിനുശേഷം കര്‍ഷകരെത്തേടിവന്നു; ഇപ്പോഴവര്‍ അവരുടെ അഭിഭാഷകരെ തേടിയെത്തിയിരിക്കുന്നു. അടുത്തതായി അവര്‍ നിങ്ങളെ തേടിയെത്തും. ‘ക്രിസ്തുമസ് തലേന്ന് പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ച ട്വിറ്റര്‍ സന്ദേശം ഇങ്ങനെയായിരുന്നു. ‘ഇതിനെയാണോ നിങ്ങള്‍ ജനാധിപത്യം എന്നു വിളിക്കുന്നത്? നമ്മള്‍ ഒത്തൊരുമിച്ച് ഇതിനെ ചെറുക്കേണ്ടതുണ്ട്,’ അദ്ദേഹം ആഹ്വാനം ചെയ്തു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇരകള്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ചയുടെ ഓഫീസില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നൂ അഭിഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. വ്യാജരേഖകള്‍ കണ്ടെത്താനെന്നു പറഞ്ഞാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ പ്രാച്ചയുടെ നിസാമുദ്ദീനിലെ ഓഫീസില്‍ രണ്ടു ദിവസങ്ങളിലായി 15 മണിക്കൂര്‍ നേരം തിരച്ചില്‍ നടത്തിയത്. പ്രാച്ചയുടെ ലാപ്ടോപ്പിന്റെയും ഇ-മെയിലിന്റെയും പാസ്്വേഡ് ആവശ്യപ്പെട്ട പൊലീസ് സുപ്രധാന വിവരങ്ങളടങ്ങിയ കമ്പ്യൂട്ടറുകള്‍ കണ്ടുകെട്ടുകയും ചെയ്തു.
ഭരണകൂടത്തിനെതിരെ നിയമയുദ്ധം നടത്തുന്ന അഭിഭാഷകന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തുകയും അയാളും പരാതിക്കാരും തമ്മിലുള്ള ആശയവിനിമയങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്താല്‍ തകരുന്നത് നീതിന്യായ വ്യവസ്ഥ തന്നെയാണെന്ന് ഒ പി ജിന്ദാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അനുജ് ഭുവാനിയ ചൂണ്ടിക്കാണിക്കുന്നു. അഭിഭാഷകനോട് കക്ഷി പറയുന്ന കാര്യങ്ങളുടെ സ്വകാര്യത ഉറപ്പാക്കേണ്ടതുണ്ട് എന്ന തത്ത്വമാണ് ഇവിടെ തകരുന്നത്. എതിര്‍ശബ്ദങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്ന ഈ കാലത്ത് ഇതുണ്ടാക്കുന്ന പ്രത്യാഘാതം കനത്തതായിരിക്കുമെന്ന ‘സ്‌ക്രോളി’ലെ റിപ്പോര്‍ട്ടില്‍ ഷുഹൈബ് ഡാനിയേല്‍ നിയമവിദഗ്ധരെ ഉദ്ധരിച്ച് മുന്നറിയിപ്പു നല്‍കുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കൂട്ടക്കൊലകളിലെ ഇരകള്‍ക്കായി നിയമയുദ്ധം നടത്തുന്നയാളാണ് പ്രാച്ച. ഭരണകൂടത്തിന്റെ പിന്തുണയോടെ ഹിന്ദുത്വസംഘടനകള്‍ ആസൂത്രണം ചെയ്ത കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും മുസ്‌ലിംകളാണ്. സ്വത്തുവകകള്‍ നഷ്ടപ്പെട്ടതും അവര്‍ക്കാണ്. എന്നാല്‍ ഏറ്റവുമധികം അറസ്റ്റു ചെയ്യപ്പെട്ടത് മുസ്‌ലിംകളാണ്. കേസില്‍ പ്രതികളാക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്‌ലിംകള്‍ തന്നെയാണ്. യു എ പി എ ചുമത്തി തടങ്കലിലടയ്ക്കപ്പെട്ട ജാമിഅ മില്ലിയ വിദ്യാര്‍ഥിനി ഗുല്‍ഫിഷ ഫാത്തിമയുള്‍പ്പെടെയുള്ളവരുടെ അഭിഭാഷകനാണ് പ്രാച്ച. കൊവിഡ് കാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവന്നെങ്കിലും ഗുല്‍ഫിഷ ഇപ്പോഴും പ്രതീക്ഷ കൈവിടാത്തത് അഭിഭാഷകാനായ പ്രാച്ച നല്‍കുന്ന പിന്തുണകൊണ്ടുകൂടിയാണ്.
നിശബ്ദനായി സ്വന്തം ജോലി മാത്രം ചെയ്യുന്ന അഭിഭാഷകനല്ല പ്രാച്ച. വാര്‍ത്തകളിലും വീഡിയോദൃശ്യങ്ങളിലും നിറഞ്ഞുനില്‍ക്കാന്‍ മടിയില്ലാത്തയാളാണ്. ഷഹീന്‍ബാഗിലെ സമരക്കാരെ അഭിസംബോധന ചെയ്തയാളാണ്. അംബേദ്കറിന്റെ അനുയായി എന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ്. പൗരത്വസമരക്കാലത്ത് ജയിലിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം നേടിക്കൊടുത്തത് പ്രാച്ചയാണ്. ഡല്‍ഹിയില്‍ നടന്നത് ഹിന്ദു-മുസ്‌ലിം സംഘര്‍ഷമല്ലെന്നും ഏകപക്ഷീയമായ അതിക്രമമാണെന്നും തെളിയിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി പൊലീസും ആര്‍ എസ്എസ് ഭാരവാഹികളും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് കൂട്ടക്കൊലകളെന്നും കള്ളക്കേസെടുത്ത പൊലീസ് ഓഫീസര്‍മാരെ ജയിലിലയക്കാന്‍ വേണ്ട തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞിരുന്നു. നീതി നിഷേധിക്കപ്പെടുന്ന മുസ്‌ലിംകള്‍ ഒടുവിലത്തെ അത്താണിയായി കാണുന്ന അഭിഭാഷകനാണ് പ്രാച്ചയെന്ന് ‘ദ വയറി’ല്‍ എഴുതിയ ലേഖനത്തില്‍ അപര്‍ണ കല്‍ര പറയുന്നു. പ്രാച്ചയുടെ ഓഫീസില്‍ നടന്ന റെയ്ഡ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ ഫലമാണെന്ന് കരുതാന്‍ കാരണവും ഇതൊക്കെത്തന്നെ.

ഡല്‍ഹി കലാപത്തില്‍ കുറ്റാരോപിതരായവര്‍ക്ക് കള്ളമൊഴി നല്‍കാന്‍ പ്രാച്ച പരിശീലനം നല്‍കി എന്നു കാണിച്ച് ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. തെളിവിനായി വ്യാജരേഖ ചമച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയുള്ള റെയ്ഡ്. പൊലീസ് നടപടിയെ ചോദ്യം ചെയ്ത് പ്രാച്ച പാട്യാല ഹൗസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കുമെന്ന് പൊലീസ് ഓഫീസര്‍മാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. പൊലീസ് നടത്തിയ തിരച്ചിലിന്റെ വീഡിയോദൃശ്യം നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. റെയ്ഡിനെത്തിയ പൊലീസുദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിന് പ്രാച്ചക്കെതിരെ മറ്റൊരു കേസുകൂടി എടുത്തുകൊണ്ടാണ് അധികൃതര്‍ അതിനോട് പ്രതികരിച്ചത്.

പ്രാച്ചയുടെ ഓഫീസില്‍ നടന്ന റെയ്ഡ് നിയമസഹായം ലഭിക്കുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് പ്രശസ്ത അഭിഭാഷക ഇന്ദിര ജയ്സിങ് പറയുന്നു. കുറ്റാരോപിതനായ വ്യക്തിയെ തനിക്കെതിരെത്തന്നെ തെളിവു നല്‍കാന്‍ നിര്‍ബന്ധിതനാക്കരുതെന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകന്റെ ഓഫീസിലെ രേഖകള്‍ പൊലീസിന്റെ കൈവശമെത്തുമ്പോള്‍ ഇത് ലംഘിക്കപ്പെടുകയാണ്. അഭിഭാഷകരുടെയും കക്ഷികളുടെയും അവകാശങ്ങളുടെ ലംഘനമാണിതെന്ന് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ കക്ഷികള്‍ അഭിഭാഷകനു മുന്നില്‍ സത്യം പറയാന്‍ ഭയക്കും. റെയ്ഡിന് അനുമതി നല്‍കിയ മജിസ്ട്രേറ്റിന്റെ നടപടിതന്നെ നീതി നിര്‍വഹണത്തിന് എതിരാണെന്ന് സുപ്രീംകോര്‍ട് ബാര്‍ അസോസിയേഷന്‍ പറയുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരെ സമാധാനപരമായി നടന്നുവരുന്ന സമരങ്ങളുടെ നേര്‍ക്ക് ഭരണപക്ഷത്തുള്ളവര്‍ കാണിച്ച അസഹിഷ്ണുതയാണ് ഡല്‍ഹിയിലെ കലാപത്തിനു വഴിവെച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമിത് ഷായുടെ പൊലീസ് കലാപം തടഞ്ഞില്ലെന്നു മാത്രമല്ല, ചിലയിടങ്ങളിലെങ്കിലും അക്രമികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെയാണ് ഡല്‍ഹിയില്‍ കലാപം നടത്തിയെന്നാരോപിച്ച് അറസ്റ്റു ചെയ്തത്. ഗര്‍ഭിണിയാണെന്ന പരിഗണനയില്‍ ജാമ്യം ലഭിച്ച സഫൂറ സര്‍ഗാര്‍ ഒഴികെയുള്ളവരെല്ലാം ഇപ്പോഴും ജയിലിലാണ്. എന്നാല്‍ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്ത കപില്‍ മിശ്രയെപ്പോലുള്ള ബി ജെ പി നേതാക്കള്‍ സ്വതന്ത്രരായി വിഹരിക്കുന്നു. പൊലീസില്‍നിന്നു കിട്ടാത്ത നീതി കോടതിയില്‍നിന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ കേസുമായി മുന്നോട്ടുപോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് മഹ്മൂദ് പ്രാച്ചയുടെ ഓഫീസിലെ റെയ്ഡ്.

എസ് കുമാര്‍

You must be logged in to post a comment Login