കേട്ടറിഞ്ഞതിനേക്കാള്‍ ദുരന്തമാണ് അമേരിക്ക

കേട്ടറിഞ്ഞതിനേക്കാള്‍ ദുരന്തമാണ് അമേരിക്ക

”We Americans are the peculiar, chosen people, the Israel of our time; we bear the ark of liberties of the world… Long enough have we been skeptics with regard to our selves,
and doubted whether, indeed, the political Messiah had come. But he has come in us, if we would but give utterences to his prompting”- Herman Melville

നാം, ഇന്ത്യക്കാര്‍ അന്ന് പാതിരാവിന്റെ ഗാഢനിദ്രയിലായിരുന്നു. 2021 ജനുവരി ഏഴ് വ്യാഴാഴ്ച (അമേരിക്കയില്‍ ബുധനാഴ്ച) നാം ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും അവിശ്വസനീയം. സൈന്യത്തെ ഉപയോഗിച്ച് ഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെട്ട എത്രയോ ചരിത്രകഥകള്‍ കേട്ടുപഠിച്ച ലോകം അന്ന് കണ്ടത് ജനാധിപത്യം എങ്ങനെ അട്ടിമറിക്കാന്‍ ഒരു ജനത ശ്രമിക്കുന്നുവെന്ന അതിവിചിത്രമായ ദൃശ്യങ്ങളായിരുന്നു. അതും ജനാധിപത്യത്തിന്റെ ‘മഹത്തായ’ പൈതൃകം പേറുന്ന, ലോകത്തെ ജനാധിപത്യം പഠിപ്പിക്കാന്‍ സായുധ പട്ടാളത്തെ അയക്കുന്ന അങ്കിള്‍സാമിന്റെ നാട്ടില്‍! അതും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കാലാവധി പൂര്‍ത്തിയാക്കി അധികാരത്തിന്റെ പടിയിറങ്ങി മറ്റൊരു പ്രസിഡന്റിന് ചെങ്കോല്‍ കൈമാറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ. നഷ്ടപ്പെടാന്‍ പോകുന്ന അധികാരം പിടിച്ചെടുക്കാന്‍ പൈശാചികമായ ആവേശത്തോടെ പതിനായിരങ്ങള്‍, അമേരിക്കന്‍ അധികാരകേന്ദ്രത്തിന്റെ പ്രതീകമായ വൈറ്റ് ഹൗസിനെ സാക്ഷിനിറുത്തി, ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്ന ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത ‘ഭീകരാക്രമണം’

നടത്തുകയായിരുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം സ്ഥിരീകരിക്കാനുള്ള സംയുക്തസമ്മേളനം ചേരവേയാണ്, കൈനിറയെ പ്ലക്കാര്‍ഡുകളും കൊടികളും പിടിച്ച്, വിവിധ വേഷത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ വേലിക്കെട്ട് ചാടിക്കടന്ന് സെനറ്റ് ഹാളിലേക്ക് ഇരച്ചുകയറി കോണ്‍ഗ്രസ് അംഗങ്ങളെ അക്രമിക്കുകയും മണിക്കൂറുകളോളം ക്യാപിറ്റോളിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തത്.

എളുപ്പത്തില്‍ വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ സാധ്യമല്ലാത്ത പ്രഹേളികയാണ് ക്യാപിറ്റോള്‍ കെട്ടിടത്തില്‍ അന്ന് അരങ്ങേറിയത്. ലോകം ഏറെ കൊട്ടിഘോഷിക്കാറുള്ള അമേരിക്കന്‍ ജനാധിപത്യത്തിന്റെ പതനം ഇമ്മട്ടില്‍ കാണേണ്ടിവരുമെന്ന് സ്വപ്‌നേപി ആരും നിനച്ചതായിരുന്നില്ല. ലോകത്തിന്റെ കാവലാളുകളായി എണ്ണമറ്റ സൈനികകേന്ദ്രങ്ങള്‍ ഭൂഖണ്ഡാന്തരങ്ങളില്‍ സ്ഥാപിച്ച് കേമത്തം ചമയുന്ന യാങ്കികള്‍ക്ക്, പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ രാക്ഷസന്മാരെ തടഞ്ഞുനിറുത്താന്‍ സാധിച്ചില്ല എന്ന നാണക്കേട് ചരിത്രത്തില്‍ കുറിക്കപ്പെട്ടുകഴിഞ്ഞു. ലോകത്തിന്റെ മുഴുവന്‍ രഹസ്യവും ചോര്‍ത്തുന്ന യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൂറ്റന്‍ അതിക്രമസംഘം പാര്‍ലമെന്റ് പിടിച്ചെടുക്കാന്‍ വരുന്നുണ്ട് എന്ന വിവരം കിട്ടിയില്ല എന്ന് കരുതാന്‍ ഏത് മന്ദബുദ്ധിക്കാണ് സാധിക്കുക? യഥാര്‍ത്ഥത്തില്‍ അന്ന് അമേരിക്കയില്‍ സംഭവിച്ചതെന്താണെന്ന് ആഴത്തില്‍ പഠിക്കാന്‍ ഇറങ്ങുമ്പോഴാണ് ലോകം അസൂയയോടെ നോക്കിക്കാണാറുള്ള ഒരു ജനതയുടെ രാഷ്ട്രീയവും സാംസ്‌കാരികവും മതപരവുമായ വികൃതികളും അരുതായ്മകളും ആ സമൂഹത്തെ എമ്മട്ടില്‍ ഭ്രാന്തരാക്കി മാറ്റിയിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നത്. അതോടൊപ്പം തന്നെ, ചിത്തരോഗിയായ ഒരു അധികാരമോഹിയുടെ അടങ്ങാത്ത ദുര, അനുയായികളിലേക്ക് സന്നിവേശിപ്പിച്ച ജനാധിപത്യവിരുദ്ധവും ഭ്രാന്തവുമായ ചോദനകള്‍ അവരെ എങ്ങനെ തീവ്രഫാഷിസ്റ്റുകളാക്കി മാറ്റുന്നുവെന്ന പാഠങ്ങളും. വംശീയതയും വര്‍ണവെറിയും അധികാരപ്രമത്തതയും എങ്ങനെ ജനാധിപത്യമൂല്യങ്ങളെ കൊന്നുതിന്നുമെന്ന് നമ്മുടെ കണ്‍മുമ്പില്‍ അനാവൃതമാവുകയായിരുന്നു കൂരിരുട്ട് പരത്തിയ ആ ദുരന്തത്തിലൂടെ. ഡൊണാള്‍ഡ് ട്രംപ് നാലുവര്‍ഷം മുമ്പ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തപ്പോള്‍ തന്നെ അന്നാട്ടില്‍ മനോരോഗവിദഗ്ധര്‍ക്കിടയില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ട്രംപിന്റെ ഭ്രാന്ത് പിറവിയിലേ ഉള്ളതാണോ അതല്ല പിന്നീട് പിടിപെട്ടതോ എന്ന്. അദ്ദേഹത്തിന്റെ ഭ്രാന്തമായ നയങ്ങളും തീരുമാനങ്ങളും പ്രസ്താവനകളും ലോകത്തിനു വരുത്തിവെച്ച വിന നിസ്സാരമായിരുന്നില്ല. പരജനവിദ്വേഷം ഉല്പാദിപ്പിക്കുന്ന (സീനോഫോബിക്ക്) ഒട്ടേറെ തീരുമാനങ്ങളെടുത്ത കൂട്ടത്തിലാണ് മെക്‌സിക്കോവിന്റെ അതിരുകള്‍ അടച്ചിട്ടതും ഏഴു അറബ് ഇസ്ലാമിക രാജ്യത്തുനിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരെ യു എസ് കവാടങ്ങള്‍ കൊട്ടിയടച്ചതും. ട്രംപിസത്തിന്റെ കാതല്‍ അധികാര പ്രമത്തതയാണ്, വര്‍ണമേല്‍ക്കോയ്മയുടെ അശ്ലീലകരമായ പ്രയോഗവത്കരണമാണ്. കഴിഞ്ഞ നാലു വര്‍ഷം പ്രസരിപ്പിച്ച ആസുരചിന്തകളും വൈകാരിക വിക്ഷോഭങ്ങളും വളര്‍ത്തിയെടുത്ത വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പകയുടെയും വിചാരങ്ങളാണ് ജനുവരി ഏഴിന് തെരുവില്‍ അണപൊട്ടിയൊഴുകിയത്. എന്തു തെമ്മാടിത്തം ചെയ്യാനും ട്രംപ് അനുയായികള്‍ അപ്പോഴേക്കും പാകപ്പെട്ടുകഴിഞ്ഞിരുന്നു. വര്‍ണവെറിയന്മാരാണ് (White Supermacist) പ്രതിഷേധ റാലിക്ക് നേതൃത്വം കൊടുത്തത്. 2017ല്‍ വെര്‍ജീനിയയില്‍ അക്രമം അഴിച്ചുവിട്ട ടിം ജിയോനെറ്റും നിക്ക് ഫൂവെന്റസും ക്യാപിറ്റോളിലേക്കുള്ള റാലിയില്‍ ഇടംപിടിച്ചിരുന്നു. താന്‍ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ലെന്നും ജോ ബൈഡന്‍ കൃത്രിമം നടത്തി ജയം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള പച്ചക്കള്ളം ഓണ്‍ലൈനിലൂടെയും മറ്റും ട്രംപ് ആവര്‍ത്തിച്ചപ്പോള്‍ അനുയായികള്‍ അത് വേദവാക്യമായെടുത്ത് വിശ്വസിച്ചു. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് ‘അട്ടിമറിക്കു’ പിന്നില്‍ ചൈനയും കമ്യൂണിസ്റ്റുകാരുമാണെന്ന ആരോപണം പോലും വംശീയതയാല്‍ ബുദ്ധിനാശം സംഭവിച്ച ഈ ജനത വിശ്വസിച്ചു. തന്റെ വിജയം അപഹരിക്കപ്പെട്ടുവെന്ന ആവര്‍ത്തിച്ചുള്ള നുണപറച്ചിലില്‍ അനുയായികള്‍ വീണു എന്നതാണ് രസാവഹം. ട്രംപ് അധികാരത്തില്‍നിന്ന് പുറത്തായാല്‍ അമേരിക്കക്ക് പിന്നെ നിലനില്‍പില്ല എന്ന പ്രചാരണമാണ് സെപ്തംബര്‍ തിരഞ്ഞെടുപ്പിന് ശേഷം എല്ലാ മാര്‍ഗേണയും പ്രസരിപ്പിച്ചത്. അതിനായി ഗൂഢസംഘങ്ങളെ സൃഷ്ടിച്ചു.
സ്വന്തം അനുയായികളെ അക്രമത്തിന് പ്രേരിപ്പിക്കുക വഴി ട്രംപ് ആ രാജ്യത്തോട് ചെയ്ത അപരാധം ചെറുതായിരുന്നില്ല. വൈറ്റ് ഹൗസിനു മുന്നില്‍ തടിച്ചുകൂടിയ അനുയായികളോട് അദ്ദേഹം നടത്തിയ ആഹ്വാനം അമേരിക്കക്ക് ഒരിക്കലും മറക്കാനാവില്ല. ”നമ്മുടെ ജനാധിപത്യത്തിന് എതിരായ ഈ വഷളന്‍ ആക്രമണത്തെ നേരിടാന്‍ ഇനി കോണ്‍ഗ്രസിന് നേരെ തിരിയുകയാണ്. നമ്മളൊന്നായി മുന്നോട്ട് നീങ്ങും; ഞാനും ഒപ്പമുണ്ടാകും. ക്യാപിറ്റോളിനെ ലക്ഷ്യമിട്ടാണ് നാം നീങ്ങുന്നത്. നമ്മുടെ ഈ പ്രയാണം ചിലര്‍ക്കെങ്കിലും അലോസരപ്പാടുണ്ടാക്കും. നിങ്ങള്‍ക്ക് കരുത്ത് കാണിക്കാനുള്ള അവസരമാണിത്. കരുത്താര്‍ജിച്ച് നമ്മുടെ ശക്തി കാണിച്ചുകൊടുക്കണം”- പ്രത്യേകവേഷം ധരിച്ചായിരുന്നു ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളിലേക്ക് നീങ്ങിയത്. വഴിയില്‍ കന്യാമറിയം സ്‌തോത്രം ഉരുവിട്ട് ട്രംപിന്റെ പടം ആലേഖനം ചെയ്ത കൊടിയുമായി സംഘങ്ങള്‍ നില്‍പുണ്ടായിരുന്നുവെത്ര. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ക്യാപിറ്റോളിലേക്ക് കടന്ന അക്രമികള്‍ കാണിച്ച പേക്കൂത്തുകള്‍ ഇതാണല്ലേ അമേരിക്ക എന്ന് കുഞ്ഞുങ്ങളെ പോലും നാണിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ചീറിയടുത്ത ഇക്കൂട്ടരുടെ ജനാധിപത്യബോധം ലോകം ലൈവായി കാമറയില്‍ പകര്‍ത്തി. ജനാധിപത്യത്തിന്റെ ആസ്ഥാനത്തേക്ക് ഇരച്ചുകയറി മുഴക്കിയ മുദ്രാവാക്യങ്ങള്‍ നാസികളെയും ഫാഷിസ്റ്റുകളെയും ഓര്‍മിപ്പിക്കുന്നതായിരുന്നു. ‘അമേരിക്കയെ സ്വന്തമാക്കാന്‍ ചൈനയെ അനുവദിക്കില്ല, സ്പീക്കര്‍ നാന്‍സി പെലോസിയെ കഴുമരത്തിലേറ്റുക’ തുടങ്ങിയ ആക്രോശങ്ങള്‍ ട്രംപിന്റെ യഥാര്‍ത്ഥ അനുയായികളാണിവരെന്ന് തെളിയിച്ചു. സ്പീക്കറുടെ ചേംബറിലെത്തി ഒരു മൊരടന്‍ ആ കസേരയില്‍ കയറിയിരിക്കുന്ന ചിത്രം കണ്ട് ലോകം ഇവര്‍ക്ക് എളുപ്പത്തില്‍ മാര്‍ക്കിട്ടു.

ട്രംപ് പട എവിടുന്ന്?
തീവ്രവലതുപക്ഷം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഈ ട്രംപ് അനുയായികള്‍ യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ ഗ്രൂപ്പാണോ? അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥിതിയെ കുറിച്ചുള്ള നമ്മുടെ ധാരണപ്പിശക് ചെറുതല്ല. അവിടെ മതവും രാഷ്ട്രീയവും തമ്മിലുള്ള അതിര്‍വരമ്പ് വളരെ ലോലമാണ്. ‘കാലഘട്ടത്തിന്റെ പുതിയ വ്യവസ്ഥിതി’യെ കുറിച്ച് ഡൊണാള്‍ഡ് ജര്‍വിസ് അടിവരയിടുന്ന ഒരു യാഥാര്‍ത്ഥ്യം ഇതാണ്: ” Religion has always been a major force in U.S politics, policy, identity, and culture. Religion shaped the nation’s character, helps form American’s idea about the world, and influences the ways the Americans respond to events beyond their borders. Religion explains both Americans’ sense of themselves as a chosen people and their belief that they have a duty of spread their values throughtout the world”-അമേരിക്കയുടെ രാഷ്ട്രീയത്തിലും നയത്തിലും സ്വത്വത്തിലും സംസ്‌കാരത്തിലും മതം എപ്പോഴും നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. മതമാണ് രാജ്യത്തിന്റെ സ്വഭാവം രൂപപ്പെടുത്തുന്നതും ലോകത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് നിര്‍ണയിക്കുന്നതില്‍ സഹായിക്കുന്നതും. തങ്ങള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനതയാണെന്നും തങ്ങളുടെ മൂല്യങ്ങള്‍ ഭൂഗോളാസകലം വ്യാപിപ്പിക്കേണ്ട ബാധ്യതയുണ്ടെന്നുമുള്ള വിചാരഗതി മതമാണ് അവരെ പഠിപ്പിച്ചത്. ഉപരിപ്ലവമായ മതപഠനം അമേരിക്കക്കാരെ അന്ധവിശ്വാസങ്ങളിലേക്ക് എളുപ്പത്തില്‍ ആനയിക്കുന്നു. 1930കളില്‍ 50 ഫണ്ടമെന്റലിസ്റ്റ് ബൈബിള്‍ കോളജുകള്‍ ഉണ്ടായിരുന്നു അവിടെ. പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിസ്റ്റുകള്‍ തീവ്രവലതുചിന്തകളുടെ വിളനിലമായിരുന്നു. ടെലിവിഷന്റെ വരവോടെ, ടെലിഇവാഞ്ചലിസ്റ്റുകള്‍ മതമൗലികവാദത്തിന്റെ ഏറ്റവും വലിയ പ്രചാരകരായി. അമേരിക്കന്‍ ജീവിതരീതി പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ മതപരമായ ബാധ്യതയായി ഇക്കൂട്ടര്‍ കാണുന്നു. ഈ തീവ്രചിന്താഗതിക്കാരാണ് ഡൊണാള്‍ഡ് ട്രംപില്‍ രക്ഷകനെ കാണുന്നതും ജനാധിപത്യത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്നത് പുണ്യകര്‍മമായി കാണുന്നതും. ഒരു സമൂഹം അകപ്പെട്ട പ്രതിസന്ധിയാണിത്. തീവ്രസലഫിസം ഉല്‍പാദിപ്പിക്കുന്ന മാരകമായ ചിന്തക്ക് സമാനമാണിത്. തന്റെ വിജയം അട്ടിമറിക്കപ്പെട്ടുവെന്നും ഇതിനു പിന്നില്‍ കമ്യൂണിസ്റ്റുകാരാണെന്നും ജോ ബൈഡന്‍ തന്റെ വിജയം കവര്‍ന്നെടുത്തുവെന്നുമൊക്കെ ഡൊണാള്‍ഡ് ട്രംപ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ദുഷ്പ്രചാരണം നടത്താനും തുടങ്ങിയപ്പോള്‍ അധികമൊന്നും കേള്‍ക്കാത്ത ഒരു കൂട്ടായ്മ അതിന് നേതൃത്വം കൊടുത്തു. QAnon എന്നാണ് ഈ പ്രസ്ഥാനത്തിന്റെ പേര്. ലോകത്തിലെ എല്ലാ തിന്മകള്‍ക്കും കാരണം പൈശാചിക പ്രമാണിവര്‍ഗമാണെന്നും ഇവര്‍ അദൃശ്യമായൊരു ചാരവലയമാണെന്നും ട്രംപിന്റെ പതനത്തിനു വേണ്ടിയാണ് ഇവര്‍ ഗൂഢമായി പ്രവര്‍ത്തിക്കുന്നുവെന്നുമൊക്കെയാണ് ഇവര്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഗൂഢാലോചനാ സിദ്ധാന്തങ്ങളും പാളിപ്പോയ പ്രവചനങ്ങളും നടത്തുന്ന ഈ സംഘം പല നിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. QAnon ഒരു മതരൂപം പ്രാപിച്ചിട്ടുണ്ടത്രെ. ‘ഹൈപര്‍ -റിയല്‍ റിലിജ്യന്‍’ എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ‘ദി അത്‌ലാന്തിക്’ മാസികയില്‍ (മേയ് 13) In the Name of Father, Son and Q: Why It’s Important To See QANON as a ‘Hyper Real’ Religion എന്ന ശീര്‍ഷകത്തില്‍ എഴുതിയ നീണ്ട കുറിപ്പില്‍, ഈ വിഭാഗത്തെക്കുറിച്ച് ആഴത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പോപ്പ് സംസ്‌കാരത്തില്‍ വേരൂന്നിയ, തങ്ങളല്ലാത്തവരില്‍ രാക്ഷസന്മാരെയും അസുരന്മാരെയും ദര്‍ശിക്കുന്ന, അമേരിക്കന്‍ വെളുത്ത വര്‍ഗത്തിന്റെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്ന ഒരു ഗ്രൂപ്പാണിത്. വിശ്വാസപരമായി ഏറെ വ്യതിചലിച്ച് നീങ്ങുന്ന ഈ ഇവാഞ്ചലിസ്റ്റ് സംഘം രാഷ്ട്രീയത്തെ ഇടുങ്ങിയ വിചാരഗതിയുടെ മൂശയിലിട്ട് തങ്ങളുടെ അബദ്ധചിന്തക്കനുസൃതമായി രൂപപ്പെടുത്തുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് പോലും ദൈവത്തിന്റെ സ്ഥാനത്ത് വന്നുനില്‍ക്കുന്നു. അതാണ് ക്യാപിറ്റോള്‍ ദുരന്തത്തിന്റെ അടിസ്ഥാന നിദാനം. ഒരു രാഷ്ട്രീയ വിഡ്ഢിയുടെ ആഹ്വാനം ശിരസാവഹിച്ച് പാര്‍ലമെന്റ് ആസ്ഥാനത്തേക്ക് സായുധരായി അതിക്രമിച്ചുകയറാന്‍ ട്രംപ് പട തുനിഞ്ഞതിനു പിന്നിലെ വൈകാരികാംശം ഇതില്‍നിന്ന് വായിച്ചെടുക്കാം.

അക്രമരാഷ്ട്രീയം കടന്നുവന്ന വഴികള്‍
അമേരിക്കയെ നാണംകെടുത്തിയ ക്യാപിറ്റോള്‍ ദുരന്തം ആ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അപവാദമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. വംശീയവും വര്‍ണവെറിയിലധിഷ്ഠിതവുമായ സാമൂഹികവ്യവസ്ഥ പലപ്പോഴായി ജനാധിപത്യ സംവിധാനങ്ങളെ തുരങ്കംവെക്കാന്‍ സായുധ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട്. രക്തപങ്കിലവും നാശകാരിയുമായ എത്രയോ സംഭവങ്ങള്‍ അമേരിക്കയില്‍ നടമാടിയിട്ടുണ്ടെന്ന് ക്യാപിറ്റോള്‍ ദുരന്തത്തിന് പിറ്റേന്ന് ‘ന്യൂയോര്‍ക്ക് ടൈംസില്‍’ ബ്രെന്റ് സ്റ്റാപിള്‍സ് എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. എത്രയോ രചനകള്‍ ഈ വിഷയത്തില്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ട്രംപിനെപോലുള്ള ഒരു രാഷ്ട്രീയ ഡിമാഗോഗിന് ഏതു സമയവും തീ കൊളുത്താന്‍ പറ്റിയ ഗ്യാസോലിന്‍ പ്രവാഹം യു എസ് രാഷ്ട്രീയത്തിന്റെ ഉപരിതലത്തിലൂടെ ഒഴുകുന്നുണ്ടെന്നതാണ് വാസ്തവം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ദക്ഷിണ അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ നടത്തിയ രാഷ്ട്രീയാസ്തിത്വ സ്ഥാപന ശ്രമങ്ങളെ ഹിംസാത്കമായ വംശീയത കൊണ്ടാണ് വെള്ളക്കാര്‍ പ്രതിരോധിച്ചത്. കറുത്തവര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ദക്ഷിണമേഖലയില്‍ വ്യാപകമായ കള്ളവോട്ട് നടക്കുമെന്ന് ട്രംപ് ഇത്തവണ ഓര്‍മിപ്പിച്ചത് തന്നെ തീവ്രവലതുപക്ഷത്തെ പ്രകോപിപ്പിച്ച് രംഗത്തിറക്കാനാണ്. 1876ലെ തിരഞ്ഞെടുപ്പില്‍ നടന്ന വ്യാപകമായ കൃത്രിമവും തുടര്‍ന്നുണ്ടായ രക്തച്ചൊരിച്ചിലും നവംബറിലെ തിരഞ്ഞെടുപ്പ് വേളയില്‍ പലരും ഓര്‍മിപ്പിച്ചത് വോട്ട് കൊണ്ട് മാത്രമല്ല ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതെന്നും അക്രമമാര്‍ഗം അവലംബിക്കാന്‍ തീവ്രചിന്താഗതിക്കാര്‍ രംഗത്തുവരുമെന്നും സൂചിപ്പിച്ചാണ്. ദക്ഷിണ കരോലിനയിലും തൊട്ടടുത്ത ജോര്‍ജിയയിലും നൂറുകണക്കിന് തോക്കേന്തിയ വെള്ളക്കാര്‍ ഇറങ്ങിവന്ന് കറുത്തവര്‍ഗക്കാരുടെ വീടുകളും ഷോപ്പുകളും തകര്‍ത്തതിനെക്കുറിച്ച് വാഷിങ് ടണ്‍ പോസ്റ്റ് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനിയും ഇത്തരം അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നതിന് ഇന്നത്തെ അമേരിക്കന്‍ വ്യവസ്ഥ ഒരു ഗ്യാരണ്ടിയും നല്‍കുന്നില്ല എന്നതാണ് ഏറ്റവും ഗൗരവതരമായ സംഗതി.
സത്യാനന്തര ലോകത്ത് ഹിംസ രാഷ്ട്രീയനേതൃത്വത്തിന്റെ കൈയിലെ ശക്തമായ ഒരായുധമാണ്. ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം പരാജയപ്പെട്ടത് പല കാരണങ്ങളാലാണ്. ഭരണത്തിന്റെ അസ്തമയ വേളയില്‍ പുറന്തള്ളപ്പെടാന്‍ പോകുന്ന പ്രസിഡന്റിനെ സഹായിക്കാന്‍ പൊലീസോ പട്ടാളമോ ഉദ്യോഗസ്ഥവൃന്ദമോ തയാറായിരുന്നില്ല. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു ഭരണാധികാരിയുടെ രക്ഷക്കായി മുന്നോട്ടുവരാന്‍ അതുവരെ ട്രംപിന്റെ ഉറ്റതോഴനായി നിലകൊണ്ട നരേന്ദ്രമോഡി പോലും ധൈര്യപ്പെട്ടില്ല. മോഡിക്ക് ട്രംപിനെ തള്ളിപ്പറയേണ്ടിവന്നു. പക്ഷേ, ഒരുകാര്യം മനസ്സിലിരുത്തുന്നത് നന്ന്; ട്രംപിനെക്കാള്‍ അപകടകാരിയാണ് മോഡി. രാജ്യത്തുടനീളം മോഡിയുടെ സംരക്ഷകരായി ആര്‍ എസ് എസുകാരുണ്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും പ്രതിനിധികളും പ്രദര്‍ശിപ്പിച്ച സംയമനം ആര്‍ എസ് എസിന്റെ ആക്രമണോല്‍സുക പ്രത്യയശാസ്ത്രത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്ന ബി ജെ പിക്കാരില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.

Kasim Irikkoor

You must be logged in to post a comment Login