വൈവിധ്യങ്ങള്‍ക്കിടയിലെ ആ ഏകതയെക്കുറിച്ചുതന്നെ

വൈവിധ്യങ്ങള്‍ക്കിടയിലെ ആ ഏകതയെക്കുറിച്ചുതന്നെ

ഹംസ യൂസുഫ്: ഈ സംസാരം അനുവദിച്ചതിന് ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ലക്ക് നന്ദി. ‘എല്ലാവരും ജനിക്കുന്നത് ഫിത്വ്റയില്‍, മൗലിക പ്രകൃതത്തിലാണ്. പിന്നെ മാതാപിതാക്കളാണ് അവരെ ക്രൈസ്തവനും ജൂതനുമൊക്കെ ആക്കുന്നത്’ എന്ന നബിവചനമുണ്ടല്ലോ. ‘മൃഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പൂര്‍ണമായും അവയുടെ പ്രകൃതത്തില്‍ ആണ്. അതില്‍ കുറവുകള്‍ ഉള്ളതൊന്നും കാണുന്നില്ലല്ലോ ‘ എന്നും മുഹമ്മദ് റസൂല്‍(സ്വ) പിന്നീട് ചോദിക്കുന്നുണ്ട്. പ്രകൃതിയിലെ പൂര്‍ണതയാണ് ഫിത്വ്റ എന്നല്ലേ ഇപ്പറയുന്നത്? പക്ഷേ ഈ നൈസര്‍ഗിക/മൗലിക പ്രകൃതത്തിന് വേറെയും സാധ്യതകള്‍ ഉണ്ട് എന്നല്ലേ ഹദീസിന്റെ ധ്വനി? നരവംശ ശാസ്ത്രജ്ഞരും സമൂഹ ശാസ്ത്രജ്ഞരുമെല്ലാം ലോകത്ത് ഒരുപാട് വൈജാത്യങ്ങളും വൈവിധ്യങ്ങളും ഉണ്ടെന്ന് പറയുന്നു. അതിനെല്ലാമിടയില്‍ ഈ പ്രവാചകാധ്യാപനം വ്യക്തമാക്കുന്നപോലെ നമ്മെയെല്ലാം ഒന്നിപ്പിക്കുന്ന ഒരു മനുഷ്യപ്രകൃതം സാധ്യമല്ല എന്നല്ലേ ഉപര്യുക്ത ശാസ്ത്രങ്ങള്‍ പറയുന്നത്?

ബി സി അഞ്ചാം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസിന്റെ ചരിത്രത്തില്‍ വളരെ രസകരമായ ഒരു ഭാഗമുണ്ട്. പിതാക്കന്മാരെ കരിച്ചു കളഞ്ഞുകൊണ്ട് ആദരിക്കുന്ന ഗ്രീക്കുകാരിലെ ഒരു വിഭാഗത്തെ സംബന്ധിച്ച് ദാരിയൂസ് ചക്രവര്‍ത്തി ചോദിക്കുന്ന സംഭവമാണത്.
‘എത്ര സമ്പത്ത് നല്‍കിയാലാണ് അവരെ നിങ്ങള്‍ ഭക്ഷിച്ചു കൊണ്ട് ആദരിക്കുക?’- ദാരിയൂസ് രാജന്‍ ചോദിച്ചു.

ഹെറോഡോട്ടസ് പറഞ്ഞു: ‘നിങ്ങള്‍ ലോകത്തുള്ള മുഴുവന്‍ സ്വത്തും നല്‍കിയാലും ഞങ്ങളതിന് തയാറാകില്ല. അതങ്ങേയറ്റം ഭീതിജനകമാണ്.’
പിന്നീട് ബഹുമാന പൂര്‍വം പിതാക്കന്മാരെ തിന്നുകളയുന്ന പ്രാചീന ഭാരതീയരെ ഹാജരാക്കുന്നു. എന്നിട്ട് അവരോട് ചോദിച്ചു: ‘ഇവരെ കത്തിച്ചുകളയാന്‍ നിങ്ങള്‍ക്കെത്ര പണം തരണം?’ അതു കേട്ടപ്പോള്‍ അവരും ഞെട്ടി. രണ്ടു കൂട്ടരും പൂര്‍വികരെ പൂജിക്കുക എന്ന ഒരേ പ്രവൃത്തിയാണ് ചെയ്യുന്നതെങ്കില്‍ പോലും അവരുടെ സംസ്‌കാരങ്ങള്‍ എത്ര മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കാണിക്കാനാണ് ഹെറോഡോട്ടസ് ഇത് പറയുന്നത്. അപ്പോള്‍ എങ്ങനെയാണ് താങ്കള്‍ മനുഷ്യാവിഷ്‌കാരങ്ങളുടെ ഈ വന്‍ വ്യത്യാസങ്ങളെ നമ്മള്‍ പറഞ്ഞതു പോലുള്ള ഒരു സാര്‍വലൗകിക പ്രകൃതം എന്ന ആശയത്തിലേക്ക് ചേര്‍ത്തുവായിക്കുന്നത്?

ഉമറുല്‍ ഫാറൂഖ് അബ്ദുല്ല: ഫിത്വ്‌റയെകുറിച്ച് വളരെ പ്രാധാന്യത്തോടെ സംസാരിക്കുന്ന സൂറത്തുശ്ശംസ്, സൂറത്തുത്തീന്‍ എന്നിവ പരിശോധിച്ചു തുടങ്ങേണ്ടി വരും.
‘അത്തിപ്പഴവും ഒലീവ് മരവും തന്നെയാണ് സത്യം’, ‘സൂര്യനും അതിന്റെ മധ്യാഹ്നവുമാണ് സത്യം’ ഇങ്ങനെയെല്ലാം പറഞ്ഞതിന് ശേഷം മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഉത്തമരൂപത്തിലാണ്, അവര്‍ക്കൊരു ന്യൂനതകളുമില്ല എന്നെല്ലാമാണ് പറയുന്നത്. ചില വ്യാഖ്യാതാക്കള്‍ പറയുന്നത് ഇവിടെ സത്യം ചെയ്തു പറഞ്ഞതിനര്‍ഥം അത് അക്ഷരാര്‍ഥത്തില്‍ ഉള്ള സത്യമാണ് എന്നാണ്. അറബി ഭാഷയില്‍ അങ്ങനെയാണ്. അഥവാ ഇപ്പറഞ്ഞത് ആലങ്കാരികമല്ലെന്നര്‍ഥം. ഇതിത്രയും തറപ്പിച്ചു പറയേണ്ടതുണ്ട്. അല്ലെങ്കില്‍ ആരുമത് വിശ്വസിക്കില്ല.

നിങ്ങള്‍ ആളുകളുടെ പ്രവര്‍ത്തനങ്ങള്‍ നോക്കൂ-പ്രത്യേകിച്ചു മോശം പ്രവര്‍ത്തനങ്ങള്‍. പല രൂപത്തിലുണ്ടാകുമവ. ഇവ മനസ്സിലാക്കാന്‍ പ്രയാസമാണ്. അത്രയേറെ ബഹുരൂപങ്ങള്‍. പക്ഷേ എല്ലാത്തിനുമുപരി പൈശാചികതയാണ് മനുഷ്യനെ ഇങ്ങനെ ആക്കുന്നത് എന്ന ബോധ്യവും വ്യക്തമായി ഉണ്ടല്ലോ. ഇതെല്ലാം ഫിത്വ്റ മൂലമാണ്.
ഫിത്വ്റയുടെ തെളിവുകള്‍ നാം അന്വേഷിക്കുകയാണെങ്കില്‍ വലിയൊരു തെളിവായി ഓസ്ട്രിയന്‍ നരവംശ ശാസ്ത്രജ്ഞനായ വില്‍ഹെം ഷ്മിതിന്റെ the origin of the idea of god (der usprung der gottesidee) എന്ന പുസ്തകമുണ്ട്. 12 വാല്യങ്ങള്‍ ഉള്ള ഈ പുസ്തകം ജര്‍മന്‍ ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഇതുവരെ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്തിട്ടില്ല. അത്ഭുതകരമായ ഈ പുസ്തകത്തിന്റെ രചനക്കായി അദ്ദേഹം നമ്മള്‍ പ്രാചീന മതങ്ങള്‍ എന്നു വിളിക്കുന്ന സമൂഹങ്ങള്‍ക്കിടയില്‍ വലിയൊരുകാലം ചെലവഴിച്ചിട്ടുണ്ട്. രാഷ്ട്രീയ ഘടനകള്‍ ഏതുമില്ലാത്ത കുടുംബ സമൂഹങ്ങള്‍ ആണവ. അവിടെ കാര്യങ്ങളെല്ലാം കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്.

പലപ്പോഴും ഒറ്റപ്പെട്ട സമൂഹമായാണ് അവര്‍ ജീവിച്ചിരുന്നത്. ഇവര്‍ക്കെല്ലാം ഏകദൈവം എന്ന വിശ്വാസമാണ് ഉണ്ടായിരുന്നത് എന്ന് പുസ്തകം പറയുന്നു. അവരാരും ബഹുദൈവരാധകര്‍ ആയിരുന്നില്ല. നരവംശ ശാസ്ത്രജ്ഞര്‍ ആയിരുന്ന ജോണ്‍ ലബോക്കിന്റെയും എഡ്വേഡ് ബര്‍ണറ്റ് ടയ്ലറുടെയുമെല്ലാം വാദങ്ങള്‍ തെറ്റാണെന്ന് കാണിക്കാന്‍ വേണ്ടി കൂടിയാണ് അദ്ദേഹം ഇതെഴുതുന്നത്. മതം ആരംഭിക്കുന്നത് സര്‍വജീവത്വവാദത്തോട് (animism) കൂടെയാണ് എന്നായിരുന്നു അവര്‍ വാദിച്ചത്. ഇത് തീര്‍ത്തും തെറ്റാണെന്ന് വില്‍ഹെം തെളിയിച്ചു. ജനങ്ങള്‍ വളരെ ഒറ്റതിരിഞ്ഞവരാണ്. എങ്കിലും അവര്‍ക്കിടയില്‍ വിസ്മയാവഹമായ സാമ്യങ്ങള്‍ ഉണ്ട്. അവര്‍ മനോഹരമായ, വിവിധ പേരുകളിട്ടു വിളിക്കുന്ന ഏകദൈവ വിശ്വാസത്തിന്റെ ഭാഗമായിരിക്കുക എന്നതിനോടൊപ്പം അവര്‍ ധാര്‍മികതയില്‍ വിശ്വസിക്കുന്നു എന്നത് കൂടി അവരുടെ ഒന്നിപ്പുകളിലൊന്നാണ്. ഇതിനെ ഫിത്വ്റയുടെ മാനിഫെസ്റ്റേഷന്‍ എന്നല്ലാതെ എന്താണ് വിളിക്കുക! നിങ്ങള്‍ പറഞ്ഞതുപോലെ, മനുഷ്യരിലുള്ളതിനെക്കാള്‍ വലിയ കഴിവുകളുടെ മഴവില്‍ വേറെ കാണാനാവില്ല. നല്ലതായാലും ചീത്തയായാലുമതേ. എങ്കിലും അവരെ ഒന്നിപ്പിക്കുന്ന പലതുമുണ്ട്. ഫിത്വ്റയാണ് അവക്കു കാരണം.

ഹംസ യൂസുഫ്: ആദാമിക പ്രകൃതത്തെ(Adamic nature) പറ്റിയുള്ള നിങ്ങളുടെ സംസാരം വളരെ മനോഹരമായി തോന്നിയിരുന്നു. ഖുര്‍ആനില്‍ അല്‍ ഇന്‍സാന്‍ എന്നൊരു ആശയമുണ്ടല്ലോ, വിവര്‍ത്തനം ചെയ്യാന്‍ പ്രയാസമാണത്. വളരെ അഗാധമായ, സത്തയെ തന്നെ പ്രതിനിധീകരിക്കുന്ന ഒരു ഉണ്മയാണത്. തിരക്കു പിടിച്ചവനും ക്രൂരനുമാണവന്‍ എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ മാനുഷികതയുടെ നെഗറ്റീവ് വശങ്ങളും ഇങ്ങനെ ഖുര്‍ആനില്‍ പറയുന്നുണ്ട്. ക്രൈസ്തവ പാരമ്പര്യവും ചിലയിടത്ത് മനുഷ്യനെ അധഃപതിച്ച വര്‍ഗമായി കാണിക്കുന്നു. മാനുഷികോണ്മയുടെ ഈ തലത്തെ താങ്കള്‍ എങ്ങനെ കാണുന്നു?

ഉമറുല്‍ ഫാറൂഖ് അബ്ദുല്ലാഹ്: ഇതും ഫിത്വ്റയുടെ ഭാഗം തന്നെയാണ്. അതിന് നെഗറ്റീവ് വശങ്ങളുമുണ്ട്. ജീവിതത്തിന്റെ കാര്യമെടുത്തു നോക്കാം. പക്വതയുടെ പ്രായമെത്തുന്നത് വരെ കുട്ടികളെ നാം പുണ്യാളരായാണ് കാണുന്നത്. കാരണം അവര്‍ക്ക് ഈ ഫിത്വ്റയുണ്ട്. മാത്രമല്ല, അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ക്ക് ധാര്‍മിക ഉത്തരവാദിത്വങ്ങളുമില്ല. ധാര്‍മികതയുടെ കൈകാര്യകര്‍ത്താക്കള്‍ ആയല്ലല്ലോ നാം അവരെ കാണുന്നത്. പക്ഷേ പിന്നീട് മനുഷ്യനില്‍ വികാരങ്ങള്‍ വളര്‍ന്നുവരുന്നു. ആ വികാരങ്ങളാണ്- അവ മൃഗങ്ങളുടെയോ, ദേഷ്യത്തിന്റെയോ ആസക്തിയുടെയോ ഒക്കെയാവാം- നമ്മെ നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തില്‍ നിന്ന് മറച്ചുവെക്കുന്നത്.

ഫിത്വ്റയിലേക്ക് തന്നെ നമുക്ക് തിരിച്ചു പോകാനും സാധിക്കും എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഫിത്വ്റയില്‍ ചില മാറ്റങ്ങളൊക്കെ വരും. പക്ഷേ അതിനെ പൂര്‍ണമായും ഇല്ലാതാക്കി വേറെയെന്തെങ്കിലും പകരം വെക്കാന്‍ കഴിയില്ല എന്ന് നമ്മള്‍ പറയാറുണ്ടല്ലോ. ഞാനും എന്റെ ഭാര്യയും മിഷിഗണില്‍ ആയിരുന്ന സമയത്ത് ഒരു സ്ത്രീയെ ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു. ഒരു ഫെമിനിസ്റ്റാണ് അവര്‍. വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. അവര്‍ക്ക് ഞങ്ങളോടും ഞങ്ങള്‍ക്ക് തിരിച്ചും സ്‌നേഹമുണ്ടായിരുന്നു. പലപ്പോഴും ഞങ്ങള്‍ തമ്മില്‍ വാദപ്രതിവാദങ്ങളും നടക്കാറുണ്ട്. ഒരിക്കല്‍ സംസാരത്തിനിടെ അവര്‍, മതം സ്ത്രീകളോട് എത്രമാത്രം ഭയാനകമായ രീതിയിലാണ് പെരുമാറുന്നത്, മതത്തിനോട് അടുത്തവര്‍ സ്ത്രീകളാണെന്ന് നാം പറയുമ്പോഴും മതം സ്ത്രീകളോട് തീരെ അടുക്കുന്നില്ല എന്നൊക്കെ പറഞ്ഞു. ഒരു തുറസ്സായ സ്ഥലത്തായിരുന്നു ഞങ്ങള്‍ ഇരുന്നിരുന്നത്. മൂന്നു വയസ്സുള്ള അവരുടെ മകനുമുണ്ടവിടെ. അവന്‍ നടന്നങ്ങനെ തെരുവില്‍ കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നിടത്തേക്ക് പോയി. അതിലൂടെയാണെങ്കില്‍ ഒരു കാര്‍ ചീറിപ്പാഞ്ഞു വരുന്നുമുണ്ട്. ഈ വാഹനത്തിന്റെ നേരെ മുന്നിലേക്കാണ് ആ കുട്ടി പോകുന്നത്. അവസാന നിമിഷത്തില്‍ ഇത് ശ്രദ്ധയില്‍ പെട്ട ആ സ്ത്രീ അലറി: ‘ഓഹ് മൈ ഗോഡ്…!’ പൊടുന്നനെ കാര്‍ ഞെരങ്ങി ബ്രേക്കിട്ടു നിന്നു. അവിടെയാകെ കരച്ചിലും ബഹളവുമൊക്കെയായി. കഷ്ടിച്ച് ഒരിഞ്ച് വ്യത്യാസത്തിലാണ് ആ കുട്ടി രക്ഷപ്പെട്ടത്. നോക്കൂ, ഇതു തന്നെയല്ലേ ഖുര്‍ആന്‍ പറഞ്ഞത്: അവശ്യഘട്ടങ്ങളില്‍ പടച്ചവനെ വിളിച്ചാല്‍ അവനുത്തരം നല്‍കുമെന്ന്. അവര്‍ അപ്പോള്‍ ചെയ്തതാണ് ദൈവ സഹായാഭ്യര്‍ഥന. എവിടെനിന്നാണത് വന്നത്? തീര്‍ച്ചയായും അവരുടെ ഫിത്വ്റയില്‍ നിന്ന് തന്നെ. അത് മറഞ്ഞു കിടക്കുകയായിരുന്നു. വലിയ പേടികളുടെ സമയത്തും വന്‍ സന്തോഷങ്ങളുടെ നേരത്തുമെല്ലാം അത് മറനീക്കി പുറത്തുവരാറുണ്ട്. ഒളിത്താവളങ്ങളില്‍ അവിശ്വാസികള്‍ ഉണ്ടാവില്ലെന്ന ഒരു ചൊല്ലുണ്ട്. ഇവയൊക്കെ ഫിത്വ്റയിലേക്ക് നമുക്ക് തിരിച്ചു നടക്കാന്‍ കഴിയുമെന്ന പ്രതീക്ഷ നല്കുന്നില്ലേ. ഇവ്വിഷയകമായ പഠനത്തിലെ ഒരു പ്രധാനസംഗതിയാണിത്. ആളുകള്‍ ഫിത്വ്റയില്‍ നിന്ന് ഒരുപാട് ദൂരം പോകും. ആയിരം വഴികളിലൂടെ നാം അതില്‍ നിന്നകന്നാലും അതിലേക്ക് തിരിച്ചു വരാന്‍ നമുക്കൊരു നിമിഷാര്‍ദ്ധം മതി.

വിവര്‍ത്തനം: എ മുഹമ്മദ് ത്വാഹിര്‍, പയ്യനടം
(അവസാനിക്കുന്നില്ല)

ഉമറുല്‍ ഫാറൂഖ് അബ്ദുല്ല/ ഹംസ യൂസുഫ്

You must be logged in to post a comment Login