രക്തദാഹികളുടെ മുഖംമൂടി

രക്തദാഹികളുടെ മുഖംമൂടി

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിനല്‍കാന്‍ പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മിന്നലാക്രമണം നടത്തുന്നത് 2019 ഫെബ്രുവരി 26ന് പുലര്‍ച്ചെ 3.45നാണ്. സൈന്യത്തിലെയും നരേന്ദ്രമോഡി സര്‍ക്കാറിലെയും ഉന്നതനേതൃത്വത്തിനു മാത്രമേ അതിരഹസ്യമായി നടത്തിയ ഈ സൈനിക നടപടിയെക്കുറിച്ച് മുന്‍കൂട്ടി അറിയുമായിരുന്നുള്ളൂ എന്നാണ് നമ്മളൊക്കെ ധരിച്ചത്.
എന്നാല്‍, ഈ ആക്രമണം നടക്കുന്നതിന് മൂന്നു ദിവസം മുമ്പ് 2019 ഫെബ്രുവരി 23ന് രാത്രി 10.31ന് ‘വലിയ മറ്റൊന്നുകൂടി സംഭവിക്കാന്‍ പോകുന്നു’ എന്നൊരു വാട്സാപ്പ് സന്ദേശം വന്നിരുന്നു. ‘ദാവൂദ്’ ആണോ എന്ന് മറുപുറത്തുനിന്നുള്ള ചോദ്യം. ‘അല്ല, പാകിസ്താന്‍. കാര്യമായി ചിലത് ഇത്തവണ ചെയ്തിരിക്കും’ എന്നു മറുപടി. അല്‍പം കഴിഞ്ഞ് ഒരു വിശദീകരണം കൂടി വരുന്നു. ‘സാധാരണ ആക്രമണത്തിലും വലുത്. കശ്മീരിലും ചില പ്രധാന കാര്യങ്ങള്‍ സംഭവിക്കും. ജനങ്ങളെ ഹര്‍ഷോന്‍മത്തരാക്കുന്ന ആക്രമണമാകും പാകിസ്താനില്‍ നടക്കുകയെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്.’
മാധ്യമപ്രവര്‍ത്തനത്തെ, കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിനുള്ള വിടുപണിയാക്കി മാറ്റിയ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും ടി ആര്‍ പി തട്ടിപ്പുകേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍(ബാര്‍ക്) മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സി ഇ ഒ) പാര്‍ഥോ ദാസ്ഗുപ്തയും തമ്മില്‍ നടന്നതായി പറയുന്ന വാട്സാപ്പ് ചാറ്റിലെ സംഭാഷണങ്ങളാണിവ. മോഡി ഭരണകൂടത്തിലെ ഉന്നതരെല്ലാം തന്റെ സ്വന്തക്കാരാണെന്ന് വീമ്പുപറയുന്ന അര്‍ണബിന് ബാലാക്കോട്ടിലെ മിന്നലാക്രമണം പോലുള്ള ദേശീയ രഹസ്യങ്ങള്‍പോലും ചോര്‍ന്നുകിട്ടുന്നുണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാട്സാപ്പ് രേഖകള്‍ സൂചിപ്പിക്കുന്നത്.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരുന്നത് 2019 ആഗസ്ത് അഞ്ചിനാണ്. കേന്ദ്ര തീരുമാനം വരുന്നതിന് രണ്ടു ദിവസം മുമ്പുതന്നെ അര്‍ണബിന്റെ ചാനല്‍പ്പട ശ്രീനഗറിലെത്തിയിരുന്നു. ‘ഒരാഴ്ചക്കുള്ളില്‍ ഉത്തരവ് ഇറങ്ങും. അതിന് രണ്ടു ദിവസം മുമ്പ് കര്‍ഫ്യൂ പ്രഖ്യാപിക്കും. ഭരണഘടനയുടെ 370, 35 എ വകുപ്പുകള്‍ റദ്ദാകും’- അതിനും മുമ്പ് അര്‍ണബ് വാട്സാപ്പില്‍ കുറിച്ചു. ഈ വാര്‍ത്ത ആദ്യമെത്തിക്കാനായത് തന്റെ ചാനലിനാണെന്ന് അദ്ദേഹം അഭിമാനംകൊള്ളുന്നുണ്ട്. ഈ സന്ദേശങ്ങള്‍ അയക്കുന്നതിനുമുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അര്‍ണബ് കൂടിക്കാഴ്ച നടത്തിയിരുന്നെന്നും സൂചനയുണ്ട്.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി ആഹ്ലാദത്തോടെയാണ് അര്‍ണബും പാര്‍ഥോ ദാസ്ഗുപ്തയും ചര്‍ച്ച ചെയ്യുന്നത്. ‘ഈ ആക്രമണത്തില്‍ നമ്മള്‍ ജയിച്ചുകഴിഞ്ഞു’ എന്നാണ് ഭീകരാക്രമണമുണ്ടായ ഉടനെ അയച്ച വാട്സാപ്പ് സന്ദേശത്തില്‍ അര്‍ണബ് പറയുന്നത്. ഇത് വലിയ ആള്‍ക്ക് ഗുണം ചെയ്യുമെന്നും തിരഞ്ഞെടുപ്പില്‍ അദ്ദേഹം വന്‍ വിജയം നേടുമെന്നും പാര്‍ഥോ മറുപടി നല്‍കുന്നു. പുല്‍വാമ ആക്രമണ വാര്‍ത്ത മറ്റു ചാനലുകളില്‍ വരുന്നതിന് 20 മിനിറ്റു മുമ്പു നല്‍കാന്‍ റിപ്പബ്ലിക് ടി വിക്ക് കഴിഞ്ഞെന്ന് അര്‍ണബ് ആഹ്ലാദം പ്രകടിപ്പിക്കുന്നു.

ടെലിവിഷന്‍ ചാനലിലിരുന്ന് ഭാരത മാതാവിന്റെ സംരക്ഷണത്തിനായി ഉറഞ്ഞുതുള്ളുന്ന കപട രാജ്യസ്നേഹികളുടെ രക്തദാഹമാണ് ഇവിടെ വെളിപ്പെടുന്നതെന്ന് മറ്റു മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി ഈ വാട്സാപ്പ് ചാറ്റുകള്‍ മുഖ്യവാര്‍ത്തയാക്കിയ ‘ടെലിഗ്രാഫ്’ ദിനപത്രം അഭിപ്രായപ്പെടുന്നു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്കുള്ള സ്വധീനം ഉപയോഗിച്ച് അര്‍ണബ് ഗോസ്വാമി നടത്തിയ അധികാരദുര്‍വിനിയോഗത്തിന്റെ തെളിവുകളാണ് ഇവയെന്നും നീതിന്യായ സംവിധാനം നിലവിലുള്ള ഏതൊരു രാജ്യത്തും വര്‍ഷങ്ങളോളം ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണതെന്നും പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യസ്നേഹിയെന്ന് സ്വയം അവകാശപ്പെടുന്നയാള്‍ 40 പട്ടാളക്കാരുടെ മരണം ആഘോഷിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറയുന്നു.

ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി ആര്‍ പി കണക്കെടുപ്പില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പാര്‍ഥോ ദാസ്ഗുപ്തക്കെതിരെ മുംബൈ പൊലീസ് മുംബൈയിലെ എസ്പ്ലനേഡ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച 3,400ഓളം പേജുള്ള അനുബന്ധ കുറ്റപത്രത്തിനൊപ്പം ആയിരത്തോളം പേജുവരുന്ന വാട്സാപ്പ് സംഭാഷണ രേഖകള്‍കൂടി സമര്‍പ്പിച്ചിരുന്നു. ടി ആര്‍ പി തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ പാര്‍ഥോ ദാസ്ഗുപ്തയാണെന്നും അദ്ദേഹവുമായി അര്‍ണബ് നടത്തിയ ഗൂഢാലോചനയ്ക്ക് തെളിവു ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിനു തെളിവായാണ് ദാസ്ഗുപ്തയും അര്‍ണബ് ഗോസ്വാമിയും തമ്മില്‍ നടത്തിയ വാട്സാപ്പ് ആശയവിനിമയങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിച്ചത്. ഈ രേഖയാണ് ചോര്‍ന്നത് എന്നാണ് കരുതുന്നത്.

ടി ആര്‍ പി തട്ടിപ്പു കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമിയും റിപ്പബ്ലിക് ടി വിയും നല്‍കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് തട്ടിപ്പില്‍ അര്‍ണബിന് പങ്കുണ്ടെന്നതിന്റെ സൂചന നല്‍കുന്ന വാട്സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നത്. കേന്ദ്രസര്‍ക്കാരിലെ ഉന്നതരുമായി അര്‍ണബിന് അടുത്ത ബന്ധമുണ്ടെന്ന കാര്യം സന്ദേശങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ടി ആര്‍ പി തട്ടിപ്പു കേസ് ഒതുക്കുന്നതിന് ജഡ്ജിക്ക് കോഴ നല്‍കാന്‍ അര്‍ണബിനെ ദാസ്ഗുപ്ത ഉപദേശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമനം നേടിത്തരാന്‍ അദ്ദേഹം അര്‍ണബിനോട് അപേക്ഷിക്കുന്നുമുണ്ട്. സെറ്റ് ടോപ് ബോക്സുകളില്‍ പ്രത്യേക സോഫ്റ്റ്വെയര്‍ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് പാര്‍ഥോ ദാസ് അര്‍ണബിനോട് അഭ്യര്‍ഥിക്കുന്നുണ്ട്. ട്രായ് പദ്ധതി നടപ്പായാല്‍ റിപ്പബ്ലിക് ചാനലിനും ബി ജെ പിക്കും തിരിച്ചടിയാകുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

റിപ്പബ്ലിക് ടി വിയുടെ ടി ആര്‍ പി ഉയര്‍ത്തുന്നതിനായി ബാര്‍ക്കിലെ ഉന്നതര്‍ കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു എന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. റിപ്പബ്ലിക് ടി വിയുടെ കാര്യം മാത്രമല്ല, കേരളത്തിലെ ജനം ടി വിയുടെ ടി ആര്‍ പി പോലും അവരുടെ ചര്‍ച്ചാ വിഷയമായിരുന്നെന്ന് വാട്സാപ് രേഖകള്‍ സൂചിപ്പിക്കുന്നു. ശബരിമല സമരത്തോടെ ജനം ടി വിയുടെ ടി ആര്‍ പിയില്‍ നൂറു ശതമാനം വര്‍ധനയുണ്ടായെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രദ്ധിച്ചിട്ടുണ്ടെന്നും പാര്‍ഥോ ദാസിനെ ഇതേ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ബാര്‍ക് മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ റോമില്‍ രാംഗഢിയ അറിയിക്കുന്നുണ്ട്. ആര്‍ എസ് എസ് ബന്ധമുള്ള ചാനലാണ് ജനം എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

ബാലാക്കോട്ടിലെ മിന്നലാക്രമണവും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതും ഒരു ടെലിവിഷന്‍ അവതാരകനെ കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി അറിയിച്ചു എന്നത് ഗുരുതരമായ വിഷയമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. രാജ്യരക്ഷയെ ബാധിക്കുന്ന വിഷയമായതില്‍ ഇതേക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യദ്രോഹി അര്‍ണബിനെ അറസ്റ്റു ചെയ്യുകയെന്ന് സമൂഹമാധ്യമങ്ങളില്‍ മുറവിളി ഉയര്‍ന്നിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണം ഇന്ത്യയുടെ ഗൂഢാലോചനയായിരുന്നെന്ന തങ്ങളുടെ ആരോപണം ശരിയെന്നു തെളിഞ്ഞിരിക്കുന്നുവെന്നാണ് പാകിസ്താന്റെ പ്രതികരണം. വാട്സാപ്പ് സന്ദേശങ്ങള്‍ തന്റേതല്ലെന്ന് ഇതുവരെ അര്‍ണബ് പറഞ്ഞിട്ടില്ല. റിപ്പബ്ലിക് ടി വിക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ ഗൂഢാലോചനയാണ് ഇതെന്നാണ് അര്‍ണബിന്റെ പ്രതികരണം.

പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ട് മിന്നലാക്രമണവും തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം ലഭിക്കാന്‍ ബി ജെ പി ഉപയോഗപ്പെടുത്തി എന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. സൈനിക ലക്ഷ്യമെന്നതിലുപരി ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു ബാലാക്കോട്ട് മിന്നലാക്രമണം എന്നാണ് അര്‍ണബ് പറയാതെപറയുന്നത്. ജനങ്ങളെ ഹര്‍ഷോന്‍മത്തരാക്കുന്ന ആക്രമണമാകും പാകിസ്താനില്‍ നടക്കുകയെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട് എന്നത് തന്റെ വാക്കുകളല്ലെന്നും സര്‍ക്കാരിലെ ഉന്നതരാരോ തന്നോട് പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ചതാണെന്നും വാട്സാപ് ചാറ്റില്‍ അര്‍ണബ് സൂചിപ്പിക്കുന്നുണ്ട്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട രഹസ്യം ചോര്‍ന്നു എന്നതുമാത്രമല്ല ഇവിടത്തെ വിഷയം. രാജ്യസ്നേഹവും രാജ്യസുരക്ഷയുമെല്ലാം ഭരണവര്‍ഗത്തിന് അധികാരത്തിനുവേണ്ടിയുള്ള കുരുതികളില്‍ ധരിക്കാനുള്ള മുഖംമൂടികള്‍ മാത്രമാണെന്ന വസ്തുതയാണ് ഒരിക്കല്‍ക്കൂടി വെളിപ്പെടുന്നത്.

എസ് കുമാര്‍

You must be logged in to post a comment Login