കോര്‍പറേറ്റ് ഭരണത്തിന് കര്‍ഷകരാണ് മറുപടി

കോര്‍പറേറ്റ് ഭരണത്തിന് കര്‍ഷകരാണ് മറുപടി

രാജ്യം ഡല്‍ഹിയെ വലയം ചെയ്തിരിക്കുന്നു. ഇരുമ്പുമറയ്ക്കുള്ളിലിരുന്ന് കല്‍പ്പനകള്‍ പുറപ്പെടുവിച്ചിരുന്ന അധികാരകേന്ദ്രത്തിന് വിറയല്‍ ബാധിച്ചിരിക്കുന്നു. ചമ്പാരന്‍ സമരത്തിന്റെ ആവര്‍ത്തനമെന്ന് ചലോ ദില്ലി പ്രക്ഷോഭത്തിനെ വിശേഷിപ്പിക്കാമെങ്കിലും കാതലായ ഒരു വ്യത്യാസം കാണാതിരുന്നുകൂടാ. അന്ന് ഗാന്ധിയെന്ന നേതൃത്വമുണ്ടായിരുന്നു. ഇന്ന് ജനത അവരുടെ ജീവിതാനുഭവങ്ങളെ നേതൃസ്വരൂപമായി മാറ്റിയിരിക്കുകയാണ്. അതാണ് ഈ സമരത്തിന്റെ പ്രധാന്യവും.
മൂന്ന് നിയമങ്ങള്‍ അപ്പം ചുട്ടെടുക്കുന്നത് പോലെയാണ് സര്‍ക്കാര്‍ പാസാക്കിയത്. കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും നേട്ടമുണ്ടാക്കുന്നത് എന്ന അവകാശവാദത്തോടെ കൊണ്ടുവന്ന നിയമത്തെ സംബന്ധിച്ച് പാര്‍ലമെന്റിലോ രാജ്യസഭയിലോ വലിയ ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. കൃഷി കണ്‍കറണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരുമായോ കര്‍ഷകരെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ കര്‍ഷക സംഘടനകളുമായോ കൂടിയാലോചന നടത്താനും കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞില്ല. ആദ്യം ഓര്‍ഡിനന്‍സുകള്‍ ഇറക്കി. പിന്നെ ഹ്രസ്വകാല പാര്‍ലമെന്റ് വിളിച്ചുകൂട്ടി തങ്ങളുടെ അംഗബലം ഉപയോഗിച്ച് 2020 സെപ്തംബര്‍ 20ന് ബില്ല് ലോകസഭയും കടത്തി. ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും രാജ്യസഭയിലും ബില്ലുകള്‍ പാസായി. വോട്ടെടുപ്പിനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ രാജ്യസഭാ ഉപാധ്യക്ഷന്‍ ശബ്ദവോട്ടെടുപ്പ് നടത്തി ബില്ല് പാസാക്കാനുള്ള ഒത്താശ ചെയ്തു. പാര്‍ലമെന്ററി സംവിധാനത്തെ അട്ടിമറിക്കുക എന്ന ബനാന റിപ്പബ്ലിക്കിന്റെ സ്വഭാവം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ഒടുവില്‍ സെപ്തംബര്‍ 27ന് 3 ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു.
കാര്‍ഷികോല്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (പ്രോത്സാഹനവും സൗകര്യമൊരുക്കലും) സംബന്ധിച്ച നിയമം, വിലയുറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാര്‍ (ശാക്തീകരണവും സംരക്ഷണവും) നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നിവയാണ് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമങ്ങള്‍. കാര്‍ഷികരംഗത്തെ സമ്പൂര്‍ണ ഉദാരവത്കരണമാണ് ലക്ഷ്യം. അംബാനി, അദാനിയടക്കമുള്ള ഭരണകൂടത്തിന്റെ പരിലാളനയില്‍ വളരുന്ന കോര്‍പ്പറേറ്റുകള്‍ക്ക് പരമാധികാരമുള്ള വിപണി സൃഷ്ടിക്കുക. സ്വതന്ത്രമായി വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന ഇത്തരം മാര്‍ക്കറ്റുകളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറുകയും മൂലധന ശക്തികള്‍ക്ക് ചൂഷണത്തിന് വഴിയൊരുക്കുകയും ചെയ്യുക. കര്‍ഷകരുടെ നട്ടെല്ലായ താങ്ങുവില സംവിധാനവും ഗ്രാമീണ കര്‍ഷകന്‍ ആശ്രയമായ കാര്‍ഷികോല്‍പന്ന വിപണന സമിതികള്‍(എ പി എം സി), ഗ്രാമചന്തകള്‍ എന്നിവയും ഇല്ലാതാക്കുക. അതിലൂടെ സര്‍ക്കാര്‍ കൂടെയുണ്ടെന്ന ധൈര്യത്തില്‍ കൃഷിയിറക്കുകയും വിപണിയില്‍ ഭാഗികമായെങ്കിലും ഇടപെടുകയും ചെയ്യുന്ന കര്‍ഷകരെ നിരായുധരാക്കുന്നു എന്നതാണ് ഈ നിയമങ്ങളുടെ ഫലശ്രുതി.
കര്‍ഷക വിരുദ്ധ സമീപനം മോഡി ഗവണ്‍മെന്റിന്റെ ആരംഭകാലത്ത് തന്നെ തലപൊക്കിയിട്ടുണ്ട്. 2014ല്‍ ഒന്നാം മോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. കര്‍ഷകരുടെ ശക്തമായ ചെറുത്തുനില്‍പ്പില്‍ ആ ശ്രമം വിജയിക്കാതെ പോയി. എങ്കിലും വിവിധ രൂപത്തില്‍ കര്‍ഷകദ്രോഹം ഗവണ്‍മെന്റ് തുടര്‍ന്നുകൊണ്ടേയിരുന്നു. 2018ല്‍ മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കിസാന്‍ റാലിയും സമരങ്ങളും ഉണ്ടാവുന്നത് അങ്ങനെയാണ്. അന്നും ഇന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നത് സമാന കാര്യങ്ങളാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശമായ C2+50 എന്ന രൂപത്തിലുള്ള മിനിമം സപ്പോര്‍ട്ട് പ്രൈസ് (താങ്ങുവില) ഉറപ്പുവരുത്തുക, ഗവണ്‍മെന്റ് വാഗ്ദാനമായ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളല്‍ നടപ്പിലാക്കുക, വിള ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുക തുടങ്ങി കാര്‍ഷികരംഗത്ത് നിലനിന്നുപോകാന്‍ അനിവാര്യമായ കാര്യങ്ങളാണത്. 2018 ല്‍ ജലസേചനത്തിന്റെ അഭാവവും വൈദ്യുതിക്കും വിത്തിനും രാസവളത്തിനുമുള്ള വിലക്കയറ്റവും കൃഷി ചെലവേറിയതാക്കിയതാണ് സമരത്തിന് ഹേതുവെങ്കില്‍ ഇന്ന് നിലനില്‍പ് തന്നെയാണ് പ്രശ്‌നം.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകള്‍ കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് തയാറാക്കിയതാണെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറും താങ്ങുവില സംവിധാനം തുടരുമെന്നും കര്‍ഷകരാണ് പരിഗണനയെന്നും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ലോകസഭയിലും അല്ലാതെയും ന്യായീകരിക്കുന്നുണ്ട്. എന്നാല്‍ അത് വാസ്തവമല്ലെന്ന് പാര്‍ലമെന്റിലെ ചര്‍ച്ച തീരും മുമ്പ് തന്നെ തെളിഞ്ഞു. ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബില്ല് ലോകസഭയില്‍ പാസായെങ്കിലും എന്‍ ഡി എയുടെ ഘടകകക്ഷിയും പഞ്ചാബിലെ പ്രമുഖ പാര്‍ട്ടിയുമായ അകാലിദള്‍ ബില്ലിനെ എതിര്‍ക്കുകയും ചര്‍ച്ച പൂര്‍ത്തിയാകും മുന്നേ മന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെക്കുകയും ചെയ്തു. ബില്ല് എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുമെന്ന് ബോധ്യമായിട്ടും കോര്‍പ്പറേറ്റ് മൂലധനത്തിന് സമ്പൂര്‍ണമായി വിധേയപ്പെട്ട സര്‍ക്കാരിന് സഖ്യകക്ഷികളുടെ പ്രതിഷേധം പോലും കണക്കിലെടുക്കാന്‍ തോന്നിയില്ല. ജനസംഖ്യയുടെ 74 ശതമാനം കര്‍ഷകരായിരിക്കുന്ന രാജ്യത്ത്, തീര്‍ത്തും കര്‍ഷകദ്രോഹപരമായി ബില്ല് സഭയില്‍ പാസാക്കപ്പെട്ടത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. ഗ്രാമവീഥികളില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍. പട്ടണങ്ങളെ ഇളക്കിമറിച്ച ട്രാക്ടര്‍ റാലികള്‍. മോഡിയുടെ കോലം കത്തിക്കല്‍. പ്രതിഷേധ സംഗമങ്ങള്‍. പക്ഷെ, മാധ്യമങ്ങളുടെ കണ്ണുകളില്‍ ഇതൊന്നും പതിഞ്ഞില്ല. ഭരണകൂട ശ്രദ്ധയിലേക്ക് ഈ പ്രക്ഷോഭങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട ജനപ്രതിനിധികളും വിഷയം ഗൗരവത്തോടെ പരിഗണിച്ചില്ല. ജനരോഷം അണപൊട്ടി. അപ്പോഴും ഭരണസിരാ കേന്ദ്രങ്ങളും മാധ്യമങ്ങളും വാഴ്ത്തുപാട്ടുകളുമായി നടന്നു. നിയമം കൊണ്ടുവന്നതിനു ശേഷം ദില്ലി ചലോ മാര്‍ച്ച് തുടങ്ങുന്ന ദിവസം വരെ പഞ്ചാബില്‍ മാത്രം 13 കര്‍ഷകരുടെ ജീവനാണ് നഷ്ടമായത്. പക്ഷേ, അതും പുറംലോകം അറിഞ്ഞില്ല. അനന്തരമാണ് അഖിലേന്ത്യ കര്‍ഷക കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിക്കുന്നത്. 32 കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ആയിരക്കണക്കിന് ട്രാക്ടറുകളിലും കാര്‍ഷികാനുബന്ധ വാഹനങ്ങളിലും കാല്‍നടയായും ഒഴുകി. ‘കാലെ കാനൂന്‍ വാപസ് ലെ'(കരിനിയമങ്ങള്‍ പിന്‍വലിക്കുക) എന്നവര്‍ മുദ്രാവാക്യം മുഴക്കി. ‘മൂന്നു ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. മൂന്നും കര്‍ഷകവിരുദ്ധമാണ്. ഞങ്ങള്‍ക്ക് ഈ ബില്ലുകള്‍ വേണ്ട. പിന്നെ എന്തിനാണ് സര്‍ക്കാര്‍ ഇതു കൊണ്ടുവരുന്നത്?’ കര്‍ഷകര്‍ വ്യക്തമായ ബോധ്യത്തോടെ അധികാരികളോട് ചോദ്യമുയര്‍ത്തിക്കൊണ്ടാണ് പ്രതിഷേധത്തിറങ്ങിയത്.

പഞ്ചാബിലെ കര്‍ഷകരാണ് ആദ്യം ഡല്‍ഹി ലക്ഷ്യംവെച്ച് ഇറങ്ങിയത്. തങ്ങളെ ഹരിയാനയിലേക്ക് കടക്കാന്‍ വിസമ്മതിച്ച പൊലീസ് സേനയെ മറികടന്ന് പഞ്ചാബികള്‍ ഹരിയാനയെയും പ്രതിഷേധത്തിന്റെ ഭാഗമാക്കി. ഹരിയാനയിലെ കര്‍ഷകര്‍ക്ക് യാതൊരു പരാതിയും ഇല്ലെന്ന് ബിജെപി നേതാവ് കൂടിയായ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ നടത്തിയ പ്രസ്താവനയുടെ അലയൊലി കെട്ടടങ്ങും മുമ്പ് തന്നെ സംസ്ഥാനത്ത് പ്രതിഷേധം കനപ്പെട്ടു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ പ്രതിഷേധത്തിലണിചേര്‍ന്നു. പഞ്ചാബി കര്‍ഷകര്‍ ഡല്‍ഹിയുടെ വാതില്‍ക്കല്‍ എത്തുമ്പോള്‍ ചുറ്റുവട്ടത്തുള്ള ഞങ്ങളെങ്ങനെ കയ്യുംകെട്ടി നോക്കി നില്‍ക്കുമെന്നാണ് ഈ ദേശങ്ങളിലെ കര്‍ഷകരുടെ ചോദ്യം. തലസ്ഥാനത്തേക്കുള്ള അവരുടെ പ്രയാണം തടസ്സപ്പെടുത്താന്‍ ഭരണകൂടം കഴിവതും ശ്രമിച്ചു. അതിര്‍ത്തികള്‍ അടച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ് നടത്തി. ജലപീരങ്കി ഉപയോഗിച്ചു. രാജ്യത്തെ നാണിപ്പിച്ചുകൊണ്ട് ദേശീയപാതകള്‍ വെട്ടിമുറിച്ചു. കിടങ്ങുകള്‍ തീര്‍ത്തു. വലിയ കണ്ടെയ്‌നര്‍ ലോറികളും ട്രെയിലറുകളും റോഡിന് കുറുകെയിട്ടു. ‘എപ്പോഴാണ് ഈ കരിനിയമങ്ങള്‍ പിന്‍വലിക്കുന്നത്, അതുവരെ ഞങ്ങള്‍ സമരത്തില്‍ ആയിരിക്കും’ എന്ന്, ആത്മവിശ്വാസത്തോടെയും അര്‍പ്പണബോധത്തോടെയും പറയുന്ന കര്‍ഷക സമൂഹത്തിന്റെ മുന്നില്‍ തടസ്സങ്ങള്‍ തകര്‍ന്നുവീണു. അവര്‍ ഡല്‍ഹി ലക്ഷ്യമാക്കി പ്രയാണം തുടര്‍ന്നു. എങ്കിലും ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ വെച്ച് കര്‍ഷകര്‍ അക്ഷരാര്‍ഥത്തില്‍ തടയപ്പെട്ടു. ഡല്‍ഹി പൊലീസ് കോണ്‍ക്രീറ്റ് മതിലുകളും മുള്‍കമ്പികളും സ്ഥാപിച്ച് കടമ്പ തീര്‍ത്തു. കര്‍ഷകര്‍ സിംഘുവില്‍ സമരപന്തല്‍ പണിതു. അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്തു. മുദ്രാവാക്യം വിളിച്ചു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകരുടെ പോരാട്ടവീര്യം തകര്‍ന്നില്ല. ദേശീയപാതയില്‍ തടയപ്പെട്ട സംഘം ഡല്‍ഹിയുടെ ബാക്കി അതിര്‍ത്തികളില്‍ കൂടി വ്യാപിച്ചു. സിംഘുവില്‍ നിന്ന് തുടങ്ങി 8 കിലോമീറ്ററോളം ദേശീയപാത കര്‍ഷകരുടെ സമരപ്പന്തല്‍ ആയിമാറി. എണ്‍പതുകളില്‍ മഹേന്ദ്ര സിംഗ് ടികായത്തിന്റെ നേതൃത്വത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തിന്റെ പുതിയ പതിപ്പിന്റെ ആരംഭമായിരുന്നുവത്. മൊഹാലിയിലെ ജിതാനയില്‍ നിന്നു വന്ന ഹര്‍ജീന്ദറും യു പിയിലെ രാജ് ഗഢില്‍ നിന്ന് വന്ന ജഗ്ബീര്‍ സിങ്ങും ഇന്ത്യ- പാക് അതിര്‍ത്തിയിലെ തരണ്‍തരണില്‍ നിന്നെത്തിയ ത്രിലോക് സിങ്ങും, രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് കര്‍ഷകരും സമാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സമരഭൂപടം തീര്‍ത്തു. അതിലവര്‍ പ്രതീക്ഷയുടെ ഇന്ത്യയെ തെളിച്ചു.
ഡല്‍ഹിയുടെ അതിര്‍ത്തി വിശാലമായ ഒരു വീടായി ആയി മാറി. ഇന്ത്യയിലെ ഏറ്റവും വലിയ ടെന്റ് സിറ്റിയായി മാറാനുള്ള ഒരുക്കത്തിലാണ് സമരഭൂമികളില്‍ ഒന്നായ ഷാജഹാന്‍പൂര്‍. തുടര്‍ച്ചയായ മഴയും തണുപ്പും കര്‍ഷകരെ വലയ്ക്കുന്നുണ്ടെങ്കിലും അവരുടെ ഇച്ഛാശക്തി അതിനെ അതിജയിച്ചു. ഇപ്പോഴും ഡല്‍ഹിയുടെ അതിര്‍ത്തിയിലേക്ക് ജനങ്ങള്‍ ഭക്ഷണവസ്തുക്കളും ടെന്റ്ഷീറ്റുകളുമായി നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ‘കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കാതെ ഞങ്ങള്‍ പിന്നോട്ടില്ല. സമരം എത്ര കാലം നീണ്ടാലും കുഴപ്പമില്ല. അതിനുള്ള തയാറെടുപ്പുകള്‍ ഞങ്ങള്‍ക്കുണ്ട്’. റോത്തക്കില്‍ നിന്നെത്തിയ നരേഷ് സ്വാംഗ്്വാന്റെ വാക്കുകളാണിത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും കര്‍ഷകരും അല്ലാത്തവരും ഡല്‍ഹിയില്‍ എത്തി സമരത്തിന്റെ ഭാഗമായി. കര്‍ഷകര്‍ സമരഭൂമിയില്‍ ജനങ്ങളെ ഊട്ടി.

അനുനയത്തിന്റെയോ നയതന്ത്രജ്ഞതയുടെയോ ശൈലി തീരെ ശീലമില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകസമരത്തെയും നേരിട്ടത് അക്രമത്തിലൂടെത്തന്നെയായിരുന്നു. ലാത്തിയും ജലപീരങ്കിയും ടിയര്‍ഗ്യാസും വ്യാപകമായി പ്രയോഗിക്കപ്പെട്ടു. വൃദ്ധരായ കര്‍ഷകര്‍ പോലും ക്രൂരതയ്ക്ക് ഇരയായി.സമരത്തെ പിന്തുണച്ച രാഷ്ട്രീയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണന്‍ അടക്കമുള്ളവര്‍ വീട്ടുതടങ്കലിലായി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ സമരക്കാരെ ഖലിസ്ഥാന്‍ തീവ്രവാദികളെന്ന് വിളിച്ചു. രാജ്യത്തിന്റെ പുരോഗതിയെ വെറുക്കുന്നവരാണ് സമരരംഗത്തെന്ന് പ്രധാനമന്ത്രിയടക്കം പറഞ്ഞുനോക്കി. കഠിനാധ്വാനികളായ പഞ്ചാബി കര്‍ഷകര്‍ അടിച്ചമര്‍ത്തലുകളെ അതിജയിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നു. ഡല്‍ഹിയില്‍ തുറന്ന ജയിലുകള്‍ ഒരുക്കി സമരക്കാരെ ഘട്ടംഘട്ടമായി അതിലേക്ക് മാറ്റാനും സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പക്ഷേ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി സര്‍ക്കാര്‍ സ്ഥലം വിട്ടുകൊടുക്കാത്തതിനാലും അത്തരം ജയിലുകള്‍ അനുവദിക്കാത്തതിനാലും ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.

മൂലധനത്തിന്റെയും മാധ്യമങ്ങളുടെയും സഹായത്താല്‍ പൊലിപ്പിച്ചു നിര്‍ത്തിയ മോഡി വ്യക്തിപ്രഭാവത്തെ കര്‍ഷകര്‍ തെരുവില്‍ ചോദ്യം ചെയ്തു. മാന്‍ കി ബാതിലൂടെയും വരാണസിയിലെ ഒരു പൊതു പരിപാടിയിലും സമരക്കാരെ വാക്കുകളാല്‍ കളങ്കപ്പെടുത്താന്‍ ശ്രമിച്ച പ്രധാനമന്ത്രിയെ സമാന്തര സംവിധാനം തീര്‍ത്ത് ആശയപരമായി കര്‍ഷകര്‍ നേരിട്ടു. മാന്‍ കി ബാത് കര്‍ഷകരും സ്ഥാപിച്ചു. മോഡി- അമിത്ഷാ ദ്വയങ്ങളുടെ കുതന്ത്രങ്ങളെ അവര്‍ ഒരു ചാണ്‍ മുന്നേ നേരിട്ടു. കൃഷിമന്ത്രിയുമായി മാത്രമേ സംസാരിക്കുകയുള്ളൂവെന്ന് അവര്‍ തുറന്നുപറഞ്ഞു. പ്രതിപക്ഷ മര്യാദ തൊട്ടുതീണ്ടിയിട്ടില്ലാത്ത ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യം ചര്‍ച്ചകളെ വഴി തിരിച്ചുവിടുമെന്ന് കര്‍ഷകര്‍ക്ക് അറിയാമായിരുന്നു.
ട്രേഡ് ഏരിയയെക്കുറിച്ചും വ്യാപാരികളെക്കുറിച്ചുമുള്ള നിര്‍വചനം, പ്രശ്‌നപരിഹാര സംവിധാനം, കമ്പോള ഫീസ്, താങ്ങുവില സംവിധാനം ഇല്ലാതാകുമോയെന്ന ഭയം എന്നിവയൊക്കെയാണ് കര്‍ഷകരില്‍ ആശങ്ക സൃഷ്ടിക്കുന്ന പുതിയ നിയമവ്യവസ്ഥകള്‍. നിലവിലുണ്ടായിരുന്ന നിയമപ്രകാരം കാര്‍ഷികോല്‍പന്ന കമ്പോള സമിതിയുടെ നേതൃത്വത്തിലുള്ള പ്രധാന കമ്പോളത്തിന്റെയോ ഉപകമ്പോളത്തിന്റെയോ പരിധിക്കുള്ളിലുള്ള പരിസരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയാണ് മണ്ഡികള്‍. പുതിയ നിയമപ്രകാരം കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നിടങ്ങളെല്ലാം കമ്പോളത്തിന്റെ നിര്‍വചനത്തില്‍ പെടും. ഇത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് റീട്ടെയില്‍ ശൃംഖല തുടങ്ങാന്‍ സഹായിക്കുമെന്നും പരമ്പരാഗത മണ്ഡികള്‍ ഒഴിവാക്കപ്പെടുമെന്നും കര്‍ഷകര്‍ ഭയപ്പെടുന്നു. മണ്ഡികളിലെ വില നിശ്ചയിക്കുന്നത് എ പി എം സി യാണ്. പ്രാദേശിക ഘടകങ്ങള്‍ പരിഗണിച്ച് താങ്ങുവിലയ്ക്ക് പുറമേ വില നിര്‍ണയിക്കുകയാണ് രീതി. എന്നാല്‍ കോര്‍പ്പറേറ്റ് നെറ്റ്്വര്‍ക്കുകള്‍ സംഭരണ ശൃംഖല കയ്യടക്കുന്നതോടുകൂടി അവരുടെ താല്പര്യത്തിന് അനുസരിച്ച് വിലയും വില്പനയും ക്രമീകരിക്കപ്പെടും. അത് കര്‍ഷകരുടെ നടുവൊടിക്കും .

എ പി എം സി യില്‍ നിന്ന് ലൈസന്‍സ് വാങ്ങുന്നവരെയാണ് നിലവിലുള്ള നിയമപ്രകാരം വ്യാപാരികളായി കണക്കാക്കുന്നത്. എന്നാല്‍ പുതിയ ചട്ടപ്രകാരം കയറ്റുമതിക്കാര്‍, മൊത്തവ്യാപാരികള്‍, മില്ലുടമകള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെല്ലാം വ്യാപാരികള്‍ എന്ന നിര്‍വചനത്തില്‍ പെടും. കമ്മീഷന്‍ ഏജന്റുമാര്‍ വ്യാപാരികള്‍ ആയി മാറുന്നതോടുകൂടി തങ്ങളുടെ സാമ്പത്തിക സ്രോതസ്സായി കര്‍ഷകര്‍ ആശ്രയിച്ചിരുന്ന ഈ വിഭാഗം തന്നെ ഇല്ലാതാവും. അതോടെ കര്‍ഷകരുടെ ചെറുകിട വായ്പയെന്ന സാമ്പത്തിക മാര്‍ഗം നിലയ്ക്കും. കാര്‍ഷികവൃത്തി തന്നെ ഇല്ലാതാവും. വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പരിമിതമാവുകയും സ്വതന്ത്ര വിപണി തുറക്കുകയുമാണല്ലോ ഈ നിയമങ്ങള്‍. വില, തര്‍ക്കപരിഹാരം, വ്യാപാര സംരംഭം തുടങ്ങിയവയിലെല്ലാം മൂലധന ശക്തികള്‍ക്ക് ചൂഷണത്തിനുള്ള അനന്ത സാധ്യതകളാണ് തുറക്കുന്നത്. വ്യാപാരിയും കര്‍ഷകരും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ഇരുകൂട്ടരും ചേര്‍ന്ന് പരിഹാരത്തിനായി സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് പരാതി നല്‍കണമെന്ന വ്യവസ്ഥയിലുമുണ്ട് വഞ്ചന. അഴിമതിയും ഉദ്യോഗസ്ഥ പ്രഭുത്വവും സുലഭമായി അരങ്ങേറാനും വകുപ്പുകള്‍ കര്‍ഷകര്‍ക്കെതിരെ ദുരുപയോഗം ചെയ്യാനുമാണ് കൂടുതല്‍ സാധ്യത. വിധിതീര്‍പ്പിലെ കാലതാമസവും കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണങ്ങളിലെ അടിവേരിനെ തൊട്ടുവെന്നതാണ് കര്‍ഷക സമരത്തിന്റെ മറ്റൊരു പ്രത്യേകത. കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് രാജ്യത്തെ സമ്പൂര്‍ണമായി പതിച്ചുനല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ അതിന്റെ ഭാഗമാണ്. അതിനാലാണ് കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധത്തെ കോര്‍പറേറ്റുകള്‍ക്കെതിരെയും തിരിച്ചുവിട്ടത്. അംബാനി – അദാനി കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക. റിലയന്‍സ് പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ നിറക്കരുത്, ജിയോ അടക്കമുള്ള അവരുടെ ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങളും മാളുകളും മറ്റു ഉല്പന്നങ്ങളും ബഹിഷ്‌കരിക്കണം, കാര്‍ഷിക വിപണന കേന്ദ്രവുമായി സഹകരിക്കരുത് എന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തു.

മോഡിയുടെ ഇന്ത്യയില്‍ കോര്‍പറേറ്റ് എന്നത് അംബാനി – അദാനി ദ്വയങ്ങളുടെ മറ്റൊരു നാമമാണ്. 2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ ദേശീയരാഷ്ട്രീയത്തിലേക്ക് നരേന്ദ്രമോഡിയുടെ യാത്ര അദാനിയുടെ സ്വകാര്യ വിമാനത്തില്‍ ആയിരുന്നു. ഒടുവിലത്തെ രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അദാനി- അംബാനിമാര്‍ നല്‍കിയ സാമ്പത്തികപിന്തുണ മോഡിയെ അധികാരത്തിലേറാന്‍ വല്ലാതെ സഹായിച്ചിട്ടുമുണ്ട്. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 55,000 കോടി രൂപയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ചെലവഴിച്ചത്. ഇതിലെ ഭീമമായ ഭാഗവും ബിജെപിയുടെ കേന്ദ്രങ്ങളില്‍ നിന്നാണ് ഒഴുകിയത്. സ്രോതസ്സ് അജ്ഞാതമായ ആയ ഈ പണത്തിന്റെ സ്രോതസ്സ് അങ്ങാടിപ്പാട്ടാണ്.

1990 കളില്‍ അഹമ്മദാബാദ് നഗരത്തിലെ ചെറുകിട വ്യവസായി ആയിരുന്ന ഗൗതം അദാനി ഇന്ന് കല്‍ക്കരി, ഷിപ്പിംഗ്, എയര്‍പോര്‍ട്ട്, വൈദ്യുതി, ഗ്യാസ് വിതരണം, ലോജിസ്റ്റിക് തുടങ്ങിയ വിവിധ മേഖലകളിലായി 99 പദ്ധതികളുള്ള ഇന്ത്യയിലെ ഏറ്റവും ശക്തനായ വ്യവസായി ആയി മാറിയിരിക്കുന്നു. ബിജെപി അധികാരത്തിലേറിയതിനുശേഷം പതിന്മടങ്ങ് വികാസമാണ് അദാനിയുടെ ഗ്രാഫിലുള്ളത്. 2013 ല്‍ ഇന്ത്യയിലൊട്ടാകെ 44 സംരംഭങ്ങള്‍ മാത്രമുണ്ടായിരുന്ന അദാനി നൂറിലേക്കെത്തിയത് കേവലം ഏഴ് വര്‍ഷങ്ങള്‍ കൊണ്ടാണ്. അതും ബി ജെ പി അധികാരത്തിലിരുന്ന വര്‍ഷങ്ങളില്‍.

ചരിത്രത്തില്‍ തന്നെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇക്കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ കടന്നുപോയിരുന്നത്. ധനമന്ത്രിയും പ്രധാനമന്ത്രിയും രാജ്യം സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങുകയാണെന്ന് ആവര്‍ത്തിച്ചുപറയുന്നുണ്ടെങ്കിലും കണക്കുകള്‍ അവയെ നിരാകരിക്കുകയാണ്. 23 ശതമാനത്തിലേക്ക് സമ്പദ്്വ്യവസ്ഥ താഴ്ന്നു. ആഭ്യന്തര മൊത്ത ഉല്‍പാദനം 7.5 ശതമാനമായി തുടരുന്നു. എന്നാല്‍ കൊറോണ പ്രതിസന്ധി തീര്‍ത്ത ജൂണ്‍ തൊട്ടുള്ള കാലയളവില്‍ അദാനിയുടെ സ്വത്തില്‍ 3.5 മടങ്ങും അംബാനിയുടെ സ്വത്തില്‍ 1.3 മടങ്ങും വര്‍ധനവുണ്ടായി.

ഇതിന്റെ തുടര്‍ച്ചയാണ് കാര്‍ഷികരംഗത്തും കാണുന്നത്. കാര്‍ഷികരംഗത്ത് സ്വത്തില്‍ നടപ്പാക്കാന്‍ ഇരിക്കുന്ന പരിഷ്‌കാരങ്ങളെ സംബന്ധിച്ച് നേരത്തെ അറിവ് ലഭിച്ച അദാനി തന്റെ ബിസിനസ് കാര്‍ഷിക മേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 2007ല്‍ ആരംഭിച്ച അദാനി അഗ്രി ലോജിസ്റ്റിക് ലിമിറ്റഡ് വിവിധ സംസ്ഥാനങ്ങളിലായി പത്തു കമ്പനികളാണ് അടുത്തകാലത്തായി രജിസ്റ്റര്‍ ചെയ്തത്. അതുപോലെ ഭക്ഷ്യധാന്യ സംഭരണത്തിനും വിതരണത്തിനും വേണ്ടി 1999ല്‍ ആരംഭിച്ച അദാനി വില്‍മാര്‍ ലിമിറ്റഡ് കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപമാണ് 2015 ന് ശേഷം നടത്തിയത്. മോഡി ഉറ്റ സുഹ്യദ്ബന്ധം സൂക്ഷിക്കുന്ന അംബാനിയുടെ വളര്‍ച്ച ഇതിനേക്കാള്‍ ഉയരത്തിലാണ്. പെട്രോളിയം, ഗ്യാസ്, വാര്‍ത്താവിനിമയം, സൈനികം, തുടങ്ങിയ മര്‍മപ്രധാനമേഖലകള്‍വരെ അംബാനിയുടെ മുന്നില്‍ തുറന്നു വെക്കപ്പെട്ടു. റിലയന്‍സ് ഡിഫന്‍സ് എന്ന കടലാസു കമ്പനിക്ക് റഫാല്‍ പദ്ധതിയില്‍ ഭാഗധേയത്വം നല്‍കി. ഇന്ത്യയിലെമ്പാടും അംബാനിയുടെ കമ്പനി 625 ഓളം റിലയന്‍സ് ഫ്രഷ് ഔട്ട്ലെറ്റുകള്‍ തുറന്നു. ജിയോ മാര്‍ട്ട് എന്ന നെറ്റ്്വര്‍ക്ക് സംവിധാനത്തിലൂടെ 12കോടി കര്‍ഷകരെയും ആറുകോടി ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും മൂന്ന് കോടി ചെറുകിട വ്യാപാരികളെയും ലക്ഷ്യമിട്ട് പദ്ധതികള്‍ ആരംഭിക്കുമെന്നാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. കാര്‍ഷികരംഗം അദാനി, അംബാനിമാര്‍ക്ക് തീറെഴുതി നല്‍കുമെന്നു വ്യക്തമായി മനസ്സിലാക്കിയതിനാലാണ് കര്‍ഷകര്‍ക്ക് We Are Not For Khalisthan. We Save India From Adanisthan Or Ambanisthan മുദ്രാവാക്യം വിളിക്കാന്‍ കഴിയുന്നത്.

എ പി മുഹമ്മദ് അശ്ഹര്‍

(എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

You must be logged in to post a comment Login