സാമൂതിരിയും മുസ്ലിംകളും സൗഹൃദരാഷ്ട്രീയത്തിന്റെ സുവര്‍ണകാലം

സാമൂതിരിയും മുസ്ലിംകളും സൗഹൃദരാഷ്ട്രീയത്തിന്റെ സുവര്‍ണകാലം

1442ല്‍ പേര്‍ഷ്യന്‍ രാജാവ് ഷാറൂഖിന്റെ പ്രതിനിധിയായി അബ്ദുറസാഖ് സാമൂതിരിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം കോഴിക്കോട്ട് സ്ഥിരതാമസക്കാരായ ധാരാളം മുസ്ലിംകളെ കണ്ടു. അവര്‍ അവിടെ രണ്ടു പള്ളികള്‍ നിര്‍മിച്ചിരുന്നു. അഞ്ചു നേരവും അവിടെ അവര്‍ നിസ്‌കരിക്കാനെത്തും. അവര്‍ക്ക് ഒരു ഖാളിയുണ്ട്. ഇസ്ലാമിലെ ശാഫി കര്‍മങ്ങളാണ് അവര്‍ അനുധാവനം ചെയ്തിരുന്നത്. ഷാറൂഖിന് പ്രതിനിധി മുഖേന അയച്ച സന്ദേശത്തില്‍ സാമൂതിരി ഇപ്രകാരം പറഞ്ഞതായി അബ്ദുറസാഖ് തന്നെ രേഖപ്പെടുത്തുന്നു: ‘ഈ തുറമുഖത്ത് എല്ലാ വെള്ളിയാഴ്ചകളിലും പെരുന്നാള്‍ ദിനങ്ങളിലും ഇസ്ലാമികമായി ഖുതുബ (പള്ളി പ്രസംഗം) നടക്കാറുണ്ട്. നിങ്ങളുടെ മഹനീയ സമ്മതത്താല്‍ ഈ പ്രാര്‍ഥനയില്‍ താങ്കളുടെ പേരും സവിശേഷമായ പദവികളും പരാമര്‍ശിക്കാന്‍ സമ്മതം വേണം.’ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മഅ്ബരി മലബാറിലെത്തിയപ്പോള്‍ സാമൂതിരി അദ്ദേഹത്തെ ആദരിക്കുകയും മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു. പൊന്നാനിയിലെ നാടുവാഴി തിരുമനശേരി തമ്പുരാന്‍ ദാനം നല്‍കിയ ഭൂമിയിലാണ് അദ്ദേഹം പള്ളി നിര്‍മിച്ചത്. ഈ പള്ളി മലബാറിലെ ഇസ്ലാമിക വിജ്ഞാനത്തിന്റെ കേന്ദ്രമായി മാറുകയായിരുന്നു. സി ഗോപാലന്‍ നായര്‍ രേഖപ്പെടുത്തുന്നു: അദ്ദേഹത്തിന്റെ(മഖ്ദൂം) ആഗമന ശേഷം കേരളത്തിലെ ഭരണാധികാരികള്‍ക്ക് വിശിഷ്യാ സാമൂതിരിക്ക് പിന്തുണ തേടി വിവിധ അറബ് നാടുകളിലേക്ക് ഗ്രന്ഥങ്ങളും കത്തുകളും അദ്ദേഹം അയക്കാറുണ്ടായിരുന്നു. തല്‍ഫലമായി, അറബ് നാടുകളില്‍ നിന്ന് ആളുകളും കപ്പലുകളും ഇവിടെയെത്തിത്തുടങ്ങി. അവര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പടപൊരുതുകയും ഇസ്ലാമിക സന്ദേശം പ്രബോധനം നടത്തുകയും ചെയ്തു. ഇവയെല്ലാം തെക്കേ മലയാളത്തിലെ രാജാക്കന്മാരുടെ വിശിഷ്യാ സാമൂതിരിയുടെ പൂര്‍ണ സഹായത്തോടെയായിരുന്നു. ആത്മീയ നേതാവായിരുന്ന ശൈഖ് മാമുക്കോയ (മരണം 1572) കോഴിക്കോട്ട് എത്തിയ വേളയില്‍ സാമൂതിരി അദ്ദേഹത്തെ സന്ദര്‍ശിച്ച് മുസ്ലിംകള്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളെക്കുറിച്ച് ഉപദേശം തേടിയിരുന്നു. ചാലിയത്ത് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന യുദ്ധത്തില്‍ മാപ്പിള സൈന്യത്തെ നയിച്ചത് ശൈഖ് തന്നെയായിരുന്നു. യുദ്ധത്തില്‍ തന്റെ മകന്റെ വിജയത്തിനായി പ്രാര്‍ഥിക്കണമെന്ന് ശൈഖിനോട് സാമൂതിരിയുടെ അമ്മ അഭ്യര്‍ഥിക്കുകയും ചെയ്തു. സാമൂതിരിയുടെ കോടതിയില്‍ ചാലിയത്തെയും കോഴിക്കോട്ടെയും ഖാളിമാര്‍ക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ പിന്‍ഗാമിയായിരുന്ന മുഹമ്മദ് എന്ന മമ്മിക്കുട്ടി ഖാളിക്ക് (മരണം 1217/ഹി.1801) കോട്ടയത്തെ സാമന്തനില്‍ നിന്ന് കുട്ടാടന്‍ നിലം എന്നറിയപ്പെടുന്ന ഭൂമിയും സാമൂതിരിയുടെ വകയായി തങ്ങള്‍ നമ്പുറം എന്ന തെങ്ങിന്‍ തോപ്പും ദാനമായി കിട്ടിയിരുന്നു. സാമൂതിരി കുടുംബത്തിലെ ഒരു സാമന്തനായിരുന്ന പാറനമ്പിയായിരുന്നു മലപ്പുറത്തെ പള്ളി നിര്‍മിക്കാന്‍ ഭൂമി നല്‍കിയത്. ആളും അര്‍ഥവുമായി അതിന്റെ നിര്‍മാണത്തിന് അദ്ദേഹം സഹായിക്കുകയും ചെയ്തിരുന്നു. തന്റെ ശത്രുക്കള്‍ക്കെതിരെ നടന്ന യുദ്ധത്തില്‍ സഹായിച്ചതിന് മുസ്ലിംകള്‍ക്ക് പ്രത്യുപകാരമെന്ന നിലയിലായിരുന്നു 1731ല്‍ അദ്ദേഹം ഇത് ചെയ്തത്. പള്ളിയുടെയും സമീപത്തെ മുസ്ലിം ഗ്രാമങ്ങളുടെയും നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഖാളി ഹസന്‍ കുട്ടിയെ മുസ്ലിംകളുടെ നേതൃത്വം അദ്ദേഹം ഏല്‍പ്പിക്കുകയും ചെയ്തു. പള്ളി നവീകരണത്തിനുവേണ്ട ഗ്രാന്റ് നല്‍കുന്ന പതിവും ഇവിടെ നിലനിന്നിരുന്നു. ഇപ്രകാരം ഗ്രാന്റ് നല്‍കിയതിന്റെ വിവരണം കോഴിക്കോട്ടെ മുച്ചുന്തി പള്ളിയിലെ ചുമരെഴുത്തിലുള്ളത് എം ജി എസ് ഉദ്ധരിക്കുന്നു.

മുസ്ലിംകളോട് സാമൂതിരി കാണിച്ച സഹിഷ്ണുതയും ആദരവുമാണ് ദക്ഷിണ അറേബ്യയിലെ ഹളര്‍മൗത്തില്‍നിന്നുള്ള പ്രമുഖ സൂഫി ശൈഖ് സയ്യിദ് ജിഫ്രിയെ കോഴിക്കോട്ടേക്ക് ആകര്‍ഷിച്ചത്. എ ഡി 1746ല്‍ അദ്ദേഹം കോഴിക്കോട്ടെത്തി താമസം തുടങ്ങി. അന്നത്തെ സാമൂതിരി മാനവിക്രമനും കോഴിക്കോട്ടെ ഖാളി മുഹ്്യിദ്ദീന്‍ ബിന്‍ അബ്ദുസ്സലാമുമായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്. കോഴിക്കോട്ടു തന്നെ താമസിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ച സാമൂതിരി കല്ലായി പുഴയോരത്ത് ഒരു തെങ്ങിന്‍ തോട്ടവും കുറ്റിച്ചിറക്ക് സമീപം ഭൂമിയും വീടും ദാനമായി അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. അദ്ദേഹത്തില്‍ നിന്ന് ഒരു നികുതിയും ഈടാക്കിയിരുന്നില്ല. അദ്ദേഹത്തിനു ശേഷം സഹോദരന്‍ ഹസന്‍ ജിഫ്രിയും  എ ഡി 1754ല്‍ കോഴിക്കോട്ടെത്തി. തിരൂരങ്ങാടിയിലാണ്  ഇദ്ദേഹം പിന്നീട് താമസിച്ചത്. ജിഫ്രി ഉള്‍പ്പെടെ അനേകം സയ്യിദ് കുടുംബങ്ങള്‍ മലബാറിലേക്ക് കുടിയേറുകയും വിവിധ ഭാഗങ്ങളില്‍ താമസമാരംഭിക്കുകയും ചെയ്തു. കൊയിലാണ്ടി, ഹളര്‍മൗത്തില്‍നിന്നുള്ള സയ്യിദ് കുടുംബങ്ങളുടെ കേന്ദ്രമായി മാറി. ശൈഖ് ജിഫ്രിയുടെ ആത്മീയ ശിഷ്യന്‍ കൂടിയായ  ശൈഖ് അലി ബറാമി ഹളര്‍മൗത്തില്‍ നിന്ന് 1797ല്‍ കോഴിക്കോട്ടെത്തിയപ്പോള്‍ കച്ചവട ആവശ്യങ്ങള്‍ക്കായി സാമൂതിരി അവര്‍ക്ക് തീരപ്രദേശത്ത് സ്ഥലം നല്‍കി. കോഴിക്കോട്ടെ ഖാളിമാരെ നിയമിച്ചതും ശമ്പളം നല്‍കിയതും സാമൂതിരിയായിരുന്നു. തന്റെ ദര്‍ബാറില്‍ ഖാളിമാര്‍ക്ക് പ്രത്യേക ഇരിപ്പിടവും അദ്ദേഹം ഒരുക്കി. രാജ്യത്ത് ശരീഅത് നിയമം കണിശമായി നടപ്പാക്കപ്പെട്ടിരുന്നു. ജുമുഅ നിസ്‌കാരം ഒഴിവാക്കുന്നവര്‍ക്ക് പിഴയീടാക്കും. ശരീഅത് പ്രകാരമായിരുന്നു മുസ്ലിം കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്.

ഈ സൗഹൃദപൂര്‍ണമായ ഇടപെടലുകള്‍ക്കപ്പുറം തന്റെ സാമ്പത്തിക നേട്ടങ്ങള്‍ സുരക്ഷിതമാക്കാന്‍ സാമൂതിരിയും ഉദ്യോഗസ്ഥരും മതം മാറ്റത്തെ പ്രോത്സാഹിപ്പിച്ചു. കോഴിക്കോട്ടെ രാജാക്കന്മാരുടെ ശക്തിയെക്കുറിച്ചും മലബാറില്‍ മുസ്ലിംകളുടെ എണ്ണം പെരുകാന്‍ അവര്‍ സഹായിച്ച രീതികളെക്കുറിച്ചും ബാര്‍ബോസ നമ്മോടുപറയുന്നുണ്ട്: ‘ഈ ഗവര്‍ണര്‍ ഏതെങ്കിലും അലഞ്ഞുതിരിയുന്ന, പണിയൊന്നുമില്ലാത്ത, മാതാപിതാക്കളോ ഒന്നുമില്ലാത്ത യുവാവിനെയോ യുവാക്കളെയോ കണ്ടുമുട്ടിയാല്‍ അവരെ മൂന്നോ അഞ്ചോ നാണയങ്ങള്‍ക്ക് വാങ്ങാന്‍ താല്‍പര്യമുള്ള മൂറുകള്‍ക്കോ (മുസ്ലിംകള്‍) മറ്റേതെങ്കിലും ആളുകള്‍ക്കോ അടിമകളാക്കി വില്‍ക്കും. ഈ അടിമകള്‍ പിന്നീട് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തും.’ വില്യം ലോഗനെ ഉദ്ധരിക്കാം: ‘ഈ വംശം (മുസ്ലിംകള്‍) അതിവേഗം എണ്ണത്തില്‍ പെരുകുകയാണ്. ഒരു പരിധി വരെ സ്വാഭാവികമായ കാരണങ്ങളാലാവാം. ഹിന്ദുക്കളെപ്പോലെ അവര്‍ സന്താനപ്പെരുപ്പം ഉള്ളവരായിരുന്നില്ല. താഴ്ന്ന ജാതി ഹിന്ദുക്കളില്‍ നിന്നുള്ള മതംമാറ്റമാണ് മറ്റൊരു പ്രധാന കാരണം. തങ്ങളുടെ നാവികസേനയിലെ ആളുകളെ നിലനിര്‍ത്താന്‍ ഹിന്ദു മുക്കുവ കുടുംബത്തില്‍പ്പെട്ട ഒന്നോ അതിലധികമോ പേരെ മുസ്ലിംകളാക്കണമെന്ന് സാമൂതിരി ഉത്തരവിട്ടു. ഈ ആചാരം പുതിയ കാലത്തും തുടര്‍ന്നിരുന്നു.’

 

മറ്റു രാജാക്കന്‍മാര്‍

മുസ്ലിംകളെ സഹായിക്കാന്‍ വെള്ളാട്ടിരി (വള്ളുവനാട്) രാജാവും പിന്നിലായില്ല, പരമ്പരാഗതമായി അവര്‍ സാമൂതിരിമാരുടെ ശത്രുക്കളായിരുന്നു. മുഹമ്മദന്‍ പ്രജകളിലൂടെ സാമൂതിരി നേടിയ സ്വാധീനം ചെറുക്കാന്‍ വെള്ളാട്ടിരി രാജാവ് മാപ്പിളമാരുടെ സഹായം തേടി. അവരെ തന്റെ പ്രദേശത്ത് താമസിപ്പിച്ചു.  മുസ്ലിം കുടിയേറ്റക്കാര്‍ കുറഞ്ഞതിനാല്‍ ചെറുമരില്‍നിന്നോ മറ്റ് അധഃസ്ഥിത  വിഭാഗത്തില്‍ നിന്നോ ആളുകളെ നിര്‍ബന്ധപൂര്‍വം മതം മാറ്റി മാപ്പിളമാരായി നിലനിര്‍ത്തുകയായിരുന്നു. വളപട്ടണത്തെ ഇസ്ലാമിക പ്രബോധനത്തിന് സയ്യിദ് അബൂബക്കര്‍, സയ്യിദ് മുഹമ്മദ്, സയ്യിദ് ഹസന്‍ എന്നിവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കിയത് കോലത്തിരി രാജാക്കന്മാരായിരുന്നു. രാജാവിന്റെ സഹായത്തോടെ സയ്യിദ് മുഹമ്മദാണ് വളപട്ടണം കക്കുളങ്ങര പള്ളി പണിതതെന്ന് പറയപ്പെടുന്നു.

 

 

ഹുസൈന്‍ രണ്ടത്താണി

 

 

(തുടരും)

 

 

 

 

You must be logged in to post a comment Login