പട്ടിണി മാറ്റാന്‍ രാജ്യത്തിന്റെ കയ്യിലെന്തുണ്ട്?

പട്ടിണി മാറ്റാന്‍ രാജ്യത്തിന്റെ കയ്യിലെന്തുണ്ട്?

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്ത് കേരളം വേറിട്ടുനിന്നത്, രോഗ വ്യാപനം നിയന്ത്രിച്ചുനിര്‍ത്താന്‍ സ്വീകരിച്ച നടപടികളിലൂടെ മാത്രമായിരുന്നില്ല. ഇക്കാലത്ത് ആരും പട്ടിണികിടക്കരുത് എന്ന ഉദ്ദേശ്യത്തില്‍ സ്വീകരിച്ച നടപടികളിലൂടെ കൂടിയായിരുന്നു. പൊതുവിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്തതും (അരിയും ഗോതമ്പും തിരഞ്ഞെടുത്ത പയറുവര്‍ഗങ്ങളും ചില വിഭാഗങ്ങള്‍ക്കെങ്കിലും സൗജന്യമായി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരും നടപടി സ്വീകരിച്ചിരുന്നു) സമൂഹഅടുക്കള ആരംഭിച്ച് പാകംചെയ്ത ഭക്ഷണം എത്തിച്ചും അതിഥി തൊഴിലാളികള്‍ക്ക് അവരുടേതായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയുമൊക്കെ കേരളം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സഹായം എത്തിച്ചിരുന്നു. ലോക്ഡൗണ്‍ പടിപടിയായി പിന്‍വലിച്ചതിന് ശേഷവും അവശ്യവസ്തുക്കളടങ്ങിയ കിറ്റ് സൗജന്യമായി വിതരണംചെയ്തിരുന്നു കേരളം. തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ കിറ്റ് വിതരണം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന വിമര്‍ശനമുണ്ടായി. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിറകെ സൗജന്യ കിറ്റ് വിതരണം തുടരാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇത് വോട്ട് ലക്ഷ്യമിട്ടാണെന്ന വിമര്‍ശനത്തിന് ശക്തി കൂടി.

അതേസമയം, ലോക്ഡൗണും ഇപ്പോഴും തുടരുന്ന കൊവിഡ് വ്യാപനവും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഭക്ഷ്യകിറ്റുകളുടെ വിതരണം നീട്ടിയതെന്ന വിശദീകരണമുണ്ട്. നമ്മുടെ രാജ്യത്തിന്റെ പൊതുസ്ഥിതി പരിഗണിക്കുമ്പോഴാണ് കേരളം സ്വീകരിച്ച നടപടികള്‍ എത്രത്തോളം സമയോചിതമായിരുന്നുവെന്ന് മനസ്സിലാകുക. ലോക്ഡൗണ്‍, ദിവസവേതനക്കാരായ കോടിക്കണക്കിനാളുകളുടെ വരുമാനമാണ് ഏതാണ്ട് മൂന്ന് മാസത്തോളം ഇല്ലാതാക്കിയത്. ലോക്ഡൗണ്‍ പന്‍വലിച്ചിട്ടും ഇവരില്‍ വലിയൊരു വിഭാഗത്തിന് ഇപ്പോഴും അവരുടെ പഴയ തൊഴിലുകളിലേക്ക് തിരികെവരാനായിട്ടില്ല. ഉപജീവനത്തിന് മാര്‍ഗം തേടി തൊഴിലുകളിലേക്ക് മടങ്ങിയെത്തിയ ഇവര്‍ക്ക് കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നുമില്ല. വിപണിയിലെ വിലക്കയറ്റമാണ് ഇവരുടെ കുടുംബബജറ്റിനെയാകെ താളംതെറ്റിക്കുന്നത്.

ഡല്‍ഹിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഗൗരവ് കുമാര്‍ ശര്‍മയുടെ കഥ ഉദാഹരണമായി എടുക്കാം. ലോക്ഡൗണിന് ശേഷം കടകളും ചന്തകളുമൊക്കെ തുറക്കുകയും ജനം പുറത്തിറങ്ങാന്‍ തുടങ്ങുകയും ചെയ്തതോടെ ഗൗരവ് തന്റെ ഓട്ടോറിക്ഷയുമായി നിരത്തിലെത്തി. ”രാവിലെ മുതല്‍ ഏതാണ്ട് അര്‍ധരാത്രി വരെ ഓട്ടോ ഓടിക്കുന്നുണ്ട്. റിക്ഷയുടെ വാടകയും ഇന്ധനച്ചെലവും കഴിച്ച് ഒരു ദിവസം 200 മുതല്‍ 250 രൂപ വരെ സമ്പാദിക്കും. ഈ സമ്പാദ്യം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല” – ഗൗരവ് കുമാര്‍ ശര്‍മ പറയുന്നു. ”തക്കാളിക്ക് കിലോ 80 രൂപയാണ് വില. പയറുവര്‍ഗങ്ങളുള്‍പ്പെടെയുള്ളവയ്ക്കും വില കൂടിയിരിക്കുന്നു. അവയൊന്നും ഇപ്പോള്‍ വാങ്ങാറില്ല. പച്ചക്കറിയും ഇപ്പോള്‍ വാങ്ങാറില്ല. ചോറ് മാത്രം കഴിക്കും. ചിലപ്പോള്‍ ഉപ്പ് കൂട്ടി ചപ്പാത്തി തിന്നും. സാധനങ്ങളുടെ വില വൈകാതെ കുറയുമെന്നാണ് കരുതുന്നത്. ഇല്ലെങ്കില്‍ ഉപ്പും ചോറും മാത്രമേ, ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് മാര്‍ഗമുള്ളൂ. ഞങ്ങളൊക്കെ വൈകാതെ ഇല്ലാതാകും. നാല് പെണ്‍മക്കളടങ്ങുന്ന കുടുംബത്തെയാണ് എനിക്ക് പോറ്റേണ്ടത്” – ഗൗരവ് പറഞ്ഞുനിര്‍ത്തി.

ഇത് ഗൗരവ് ശര്‍മയുടെ മാത്രം കഥയല്ല. ചെറിയ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന കോടിക്കണക്കിനാളുകളുടെ ജീവിത യാഥാര്‍ത്ഥ്യമാണ്. കൊവിഡ് രാജ്യത്തിന്റെ സമ്പദ്്വ്യവസ്ഥയെ സ്തംഭനത്തിലാക്കിയപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. തൊഴിലുള്ളവരുടെ തന്നെ വേതനം വെട്ടിക്കുറക്കപ്പെട്ടു. ഇതിനൊപ്പമാണ് ഭക്ഷ്യവസ്തുക്കളുടെ വില വന്‍തോതില്‍ ഉയര്‍ന്നത്. ഭക്ഷ്യവസ്തുക്കള്‍ക്ക് വേണ്ടിയുള്ള ചെലവ് വെട്ടിക്കുറക്കാന്‍ ദരിദ്രകുടുംബങ്ങള്‍ തീരുമാനിക്കുമ്പോള്‍, ഇപ്പോള്‍ തന്നെ പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങള്‍ നേരിടുന്ന മനുഷ്യര്‍ കൂടുതല്‍ പ്രയാസങ്ങളിലേക്കാകും എത്തിപ്പെടുക. പ്രത്യേകിച്ച് കുട്ടികള്‍.
ദിനേന ലഭിക്കുന്ന വരുമാനം ചെലവുകള്‍ക്ക് തികയാതെ വരുമ്പോള്‍, അതുവരെ സമ്പാദിച്ചുവെച്ചതിലേക്ക് അവരുടെ കൈകളെത്തും. കുടുംബങ്ങളുടെ സമ്പാദ്യം ഇല്ലാതാകുന്നത്, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമ്പാദ്യം തീരുകയും ദൈനംദിന വരുമാനം കുറയുകയും ചെയ്യുമ്പോള്‍ ചെലവ് വീണ്ടും കുറയ്ക്കുകയാകും ഈ കുടുംബങ്ങള്‍ ചെയ്യുക. വിപണിയിലേക്ക് എത്തുന്ന പണം കൂടുതല്‍ കുറയുന്നതോടെ, ഉല്പന്നങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങും. അതോടെ ഉത്പാദനം കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. സജീവമല്ലാത്ത വിപണിയിലേക്ക് നിക്ഷേപം നടത്താന്‍ ആഗോളതലത്തില്‍ നിക്ഷേപം നടത്തുന്നവരും മടിക്കും. ഇത് ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുകയാകും ചെയ്യുക. പുതിയ തൊഴിലവസരങ്ങളുണ്ടാകില്ല. നിലവിലുള്ള തൊഴിലുകള്‍ പോലും നഷ്ടമാകുകയും ചെയ്യും.

2020 ഒക്ടോബറില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് (ഉത്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ടത്) പതിനൊന്ന് ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. നവംബറിലത് 9.43 ശതമാനത്തിലേക്ക് കുറഞ്ഞു. കൊവിഡും ലോക്ഡൗണുമൊന്നുമില്ലാത്ത കാലത്ത് പണപ്പെരുപ്പ നിരക്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിരുന്ന പരിധി ആറ് ശതമാനമാണെന്നത് കണക്കിലെടുക്കുമ്പോഴാണ് ഈ കണക്കുകളുടെ ഗൗരവം മനസ്സിലാകുക. കൊവിഡ് വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും പ്രത്യേകിച്ച് മുന്‍കരുതലുകളൊന്നും കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കോടിക്കണക്കിനാളുകളുടെ ജോലി നഷ്ടപ്പെടുക മാത്രമല്ല ഉണ്ടായത്, ഉത്പന്നങ്ങളുടെ വിതരണ ശൃംഖല മുറിക്കപ്പെടുക കൂടിയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെട്ടത്, വില കുത്തനെ ഉയരാന്‍ കാരണമായി. ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷവും അത് സാധാരണനിലയിലേക്ക് എത്തിയിട്ടില്ല. അതാണ് വില കയറാന്‍ പ്രധാന കാരണം. ഈ സാഹചര്യം രാജ്യത്തെ വലിയൊരു വിഭാഗത്തെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് ഇക്കണോമിക്സ് അസോസിയേറ്റ്സിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ ജയതി ഘോഷ് ഈ അവസ്ഥയെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ് – ”മഹാമാരിയുടെ കാലത്ത് പലയാളുകള്‍ക്കും ജോലി നഷ്ടപ്പെട്ടു. മഹാമാരിയുടെ തുടക്കത്തിന് മുമ്പേ തന്നെ സാമ്പത്തിക മാന്ദ്യം ഗ്രസിച്ചതിനാല്‍ ജോലി നഷ്ടപ്പെട്ടവരും ധാരാളം. ഇവരില്‍ ഭൂരിഭാഗത്തിനും പകരം ജോലി കണ്ടെത്താന്‍ ഇപ്പോഴുമായിട്ടില്ല. ജോലിയുള്ളവര്‍ തന്നെ തീരെ കുറഞ്ഞ വേതനത്തിലാണ് പണിയെടുക്കുന്നത്. സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കും ആദായം കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ പട്ടിണിയും ദാരിദ്ര്യവും രാജ്യത്ത് വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്.”

ഉത്പന്നങ്ങളുടെ വില വലിയതോതില്‍ കൂടിക്കൊണ്ടിരിക്കെ, അതിന് ആക്കംകൂട്ടും വിധത്തില്‍ മോഡി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. വിവിധ രാഷ്ട്രങ്ങള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ധനങ്ങളുടെ ആവശ്യം കുറഞ്ഞു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു. അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ, നികുതി വര്‍ധിപ്പിച്ച് ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കടത്തുകൂലി കൂടിയതോടെ ഉത്പന്നങ്ങളുടെ വിലയും കൂടി. നിലവില്‍ തന്നെ പ്രതിസന്ധിയിലായിരുന്ന ചെറുകിട – ഇടത്തരം വ്യവസായങ്ങളെയൊക്കെ ഇന്ധന വില വര്‍ധന കൂടുതല്‍ ദുരിതത്തിലാക്കി.
കൊവിഡ് സൃഷ്ടിച്ച പ്രയാസം നേരിടുന്നതിന് സര്‍ക്കാരിന് കുടുതല്‍ ചെലവ് ചെയ്യേണ്ടിവരും. അതുകൊണ്ട് വരുമാനം വര്‍ധിപ്പിക്കുക എന്നത് പ്രധാനമാണ്. പക്ഷേ, അതിനുള്ള വഴി ഇന്ധനനികുതി വര്‍ധിപ്പക്കലായിരുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ”മഹാമാരി വന്നതുകൊണ്ട് മാത്രമല്ല, സര്‍ക്കാരിന്റെ വരുമാനം കുറഞ്ഞത്. സമ്പദ്്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ സര്‍ക്കാരിന്റെ വരുമാനം കുറയാന്‍ തുടങ്ങിയിരുന്നു. അതിന് പരിഹാരം കാണാന്‍ അപ്പോഴൊന്നും സര്‍ക്കാര്‍ ശ്രമിച്ചില്ല. വരുമാനം കൂട്ടാന്‍ സര്‍ക്കാര്‍ ആശ്രയിച്ചത് ഇന്ധനങ്ങളുടെ നികുതി കൂട്ടുക എന്നതിനെ മാത്രമാണ്. ഇത് വില വന്‍തോതില്‍ ഉയരാന്‍ കാരണമായി” – ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ അധ്യാപകന്‍ കൂടിയായ സന്തോഷ് മെഹ്റോത്ര പറയുന്നു.

ഇന്ധന നികുതി വര്‍ധിപ്പിച്ചത് രാജ്യത്തെ ഗതാഗതമേഖലയെ ഏത് വിധത്തിലാണ് ബാധിക്കുക എന്നത് കൂടി പരിശോധിക്കാം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും ഒന്നോ രണ്ടോ ട്രക്ക് സ്വന്തമായുള്ളവരാണ്. സ്വയംതൊഴില്‍ കണ്ടെത്തുന്നവര്‍. ചെറിയ ലാഭത്തിലാണ് ഇവരൊക്കെ മുന്നോട്ടുപോകുന്നത്. ഇന്ധനവില കൂടുമ്പോള്‍ ഇവരാകെ ഞെരുങ്ങും. കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തിറങ്ങിയ പഠനം പറഞ്ഞത്, ഇന്ത്യയിലെ ഗതാഗത മേഖല 20 ശതമാനം ചുരുങ്ങുമെന്നാണ്. ലോക്ഡൗണിന് ശേഷം ഈ മേഖല തിരിച്ചുവരവിന്റെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയപ്പോഴാണ് ഇന്ധന വില കൂട്ടിയത്. ഇപ്പോഴും അത് കൂടിക്കൊണ്ടിരിക്കുന്നു. ചെറുകിടക്കാരൊക്കെ ഗതാഗതമേഖലയില്‍ നിന്ന് പിന്‍മാറാന്‍ ഇത് വഴിവെക്കുമെന്ന് സന്തോഷ് മെഹ്റോത്ര പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ എത്ര പേര്‍ക്കാകും തൊഴില്‍ നഷ്ടപ്പെടുക!

ഇന്ധനവില കുറയ്ക്കുകയും സര്‍ക്കാര്‍ ചെലവ് കൂട്ടുകയും ചെയ്യുക എന്നതാണ് ഈ പ്രതിസന്ധിയെ നേരിടാനുള്ള മാര്‍ഗം. ദൗര്‍ഭാഗ്യവശാല്‍ രണ്ടിനും നരേന്ദ്ര മോഡി സര്‍ക്കാര്‍ തയാറല്ല. ധനക്കമ്മി വലിയതോതില്‍ ഉയരുമെന്നതിനാല്‍ ചെലവ് കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രധനമന്ത്രാലയം പറഞ്ഞത്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തില്‍ സര്‍ക്കാര്‍ ചെലവ് 22 ശതമാനം കുറച്ചതിനെ അവര്‍ ന്യായീകരിക്കുകയും ചെയ്തു. ഖജനാവില്‍ നിന്ന് കൂടുതല്‍ പണം ചെലവിട്ട്, ജനങ്ങളുടെ കൈവശം പണമുണ്ടാകുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാറിന് സാധിക്കാതിരുന്നതാണ്, രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് വലിയ തോതില്‍ താഴേയ്ക്ക് പോകാനുള്ള പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ചെലവ് ചുരുക്കുക മാത്രമല്ല, വില കൂടുതല്‍ കൂടുതല്‍ ഉയരുകയും കൂടുതലാളുകള്‍ക്ക് തൊഴിലില്ലാതാകുകയും ചെയ്തപ്പോഴും പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴിയുള്ള സൗജന്യ ധാന്യവിതരണം നവംബറിനപ്പുറം തുടരേണ്ടതില്ലെന്നാണ് കേന്ദ്രം തീരുമാനിച്ചത്. വിലക്കയറ്റമോ അത് പാവപ്പെട്ട കുടുംബങ്ങളിലുണ്ടാക്കുന്ന പട്ടിണിയോ കേന്ദ്രഭരണകൂടത്തിന്റെ പരിഗണനാവിഷയമേയായില്ല. ”പൊതുചെലവ് കൂട്ടുക, ധാന്യങ്ങളുടെയും പയറു വര്‍ഗങ്ങളുടെയും സൗജന്യ വിതരണം തുടരുക എന്നീ കാര്യങ്ങളില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ പ്രതികൂല നിലപാട് അദ്ഭുതം ജനിപ്പിക്കുന്നതാണ്. മഹാമാരിയുടെയും ലോക്ഡൗണിന്റെയുമൊക്കെ കാലത്ത് സര്‍ക്കാരിന് മാത്രമാണ് പരിധികളില്ലാതെ ചെലവിടാന്‍ സാധിക്കുക. ഇന്ത്യാ ഗവണ്‍മെന്റ് അവരുടെ ചെലവുകള്‍ കൂട്ടണമെന്ന് അന്താരാഷ്ട്ര നാണയനിധി തന്നെ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ഒന്നും ചെയ്യുന്നില്ല നരേന്ദ്ര മോഡി സര്‍ക്കാര്‍” – ജയതി ഘോഷ് കൂട്ടിച്ചേര്‍ത്തു.

അര്‍ധപട്ടിണിയും മുഴുപ്പട്ടിണിയും ദാരിദ്ര്യവും ഗ്രസിക്കുന്ന രാജ്യത്തെ കാണുമ്പോഴാണ് കേരളത്തില്‍ ഭക്ഷ്യക്കിറ്റുകളുടെ വിതരണം തുടരാനുള്ള തീരുമാനത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. അതുവഴി പൊതുവിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളിലൊരു ഭാഗം സൗജന്യമായി ലഭിക്കുമ്പോള്‍ മറ്റ് വസ്തുക്കള്‍ക്കായി (പച്ചക്കറിക്കും മത്സ്യമാംസാദികള്‍ക്കുമായി) ചെലവിടാന്‍ ആളുകളുടെ കൈവശം പണമുണ്ടാകും. അത് പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് വലിയൊരളവ് ജനങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ഇതിനൊപ്പം പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചും നിലവിലുള്ളവയുടെ പ്രവൃത്തികള്‍ വേഗത്തിലാക്കിയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള ചെലവ് കൂട്ടാനും കേരളത്തിലെ സര്‍ക്കാരിന് സാധിച്ചു, ബജറ്റിന് പുറത്ത് കടമെടുത്തിട്ടാണെങ്കില്‍ കൂടി. കിറ്റ് വിതരണം തുടരുന്നതും വികസന പദ്ധതികളുടെ നടപ്പാക്കലും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യത ഇടതുമുന്നണിയും സര്‍ക്കാരും മുന്നില്‍ കാണുന്നുണ്ടാകും. പക്ഷേ, അത്തരം നടപടികള്‍, രാജ്യത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ജനങ്ങള്‍ക്കുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. ഒപ്പം വളര്‍ച്ചയുടെ പാതയിലേക്ക് വേഗത്തില്‍ തിരിച്ചെത്താനും ഇത് സഹായിച്ചേക്കും, കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയത് മൂലവും കമ്പനികള്‍ ദിനേന വില കൂട്ടുന്നത് മൂലവും ഇന്ധന വില ഉയരുന്നത് സൃഷ്ടിക്കുന്ന പ്രയാസം ഉണ്ടെങ്കില്‍ക്കൂടി.

വി എസ് ദീപ

You must be logged in to post a comment Login