ചിരിപ്പിച്ചാല്‍ ജയില്‍; ജാമ്യമുണ്ടാവില്ല

ചിരിപ്പിച്ചാല്‍ ജയില്‍; ജാമ്യമുണ്ടാവില്ല

ഇന്ദോറിലെ ആ കഫേയില്‍ ഹാസ്യകലാപ്രകടനം അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടുപോലുമില്ലായിരുന്നു, മുനവ്വര്‍ ഫാറൂഖി. അതിന് മുമ്പ് മധ്യപ്രദേശ് പൊലീസ് ആ യുവാവിനെ അറസ്റ്റു ചെയ്തു. മതവിശ്വാസത്തെ അവഹേളിച്ചെന്ന കുറ്റം ചുമത്തി. തെളിവൊന്നുമില്ലാതിരുന്നിട്ടും ജാമ്യം നിഷേധിച്ച് ജയിലിലിട്ടു. ജനുവരി 28ന് ഇരുപത്തൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ആ കലാകാരന്‍ കഴിഞ്ഞ 28 ദിവസമായി തടങ്കലിലാണ്. മധ്യപ്രദേശിനു പുറത്ത് ഉത്തര്‍പ്രദേശ് പൊലീസും മുനവ്വറിനെ കാത്തിരിക്കുകയാണ്.

കൊടുംകുറ്റവാളിയൊന്നുമല്ല, മുനവ്വര്‍ ഫാറൂഖി. ആളുകൂടുന്നയിടങ്ങളില്‍ തമാശ പറയുകയാണ് ജോലി. സ്വാഭാവികമായും അതിനിടയില്‍ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കളിയാക്കും. ജാതിയെയും മതത്തെയും വിമര്‍ശിച്ചെന്നുവരും. നിഷ്‌കളങ്കമായ തമാശകളുടെ പേരില്‍, അതും നടന്നിട്ടില്ലാത്ത പരിപാടിയുടെ പേരില്‍ ഈ യുവാവിനെ ശിവരാജ് സിങ് ചൗഹാന്റെ പൊലീസ് ജയിലിലടച്ചെങ്കില്‍ അതിന് ഒരൊറ്റ കാരണമേയുള്ളൂ. അയാളുടെ പേര് മുനവ്വര്‍ ഫാറൂഖി എന്നതാണ്, എന്നതു മാത്രം. മുനവ്വറിനെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് സംഘപരിവാറിന്റെ ബൃഹദ് പദ്ധതിയുടെ ഭാഗമാണെന്ന് ‘ദ പ്രിന്റി’ ല്‍ എഴുതിയ ലേഖനത്തില്‍ സൈനബ് സിക്കന്ദര്‍ അഭിപ്രായപ്പെടുന്നു. ഹിന്ദുക്കള്‍ അവഹേളിക്കപ്പെടുന്നുവെന്ന പ്രതീതി വളര്‍ത്തി ഭൂരിപക്ഷ വികാരം ഇളക്കിവിട്ട് മുസ്ലിം സമുദായത്തെ വരുതിയില്‍ നിര്‍ത്തുക എന്നതാണത്.

പുതുവത്സരദിനത്തില്‍, ഇന്ദോറിലെ ഒരു ഭക്ഷണശാലയില്‍ ഹാസ്യകലാപ്രകടനം നടത്താനെത്തിയതായിരുന്നു മുനവ്വര്‍. പരിപാടി തുടങ്ങുന്നതിനുമുമ്പു തന്നെ കാണികളില്‍ ചിലര്‍ ബഹളംവെക്കാന്‍ തുടങ്ങി. ഹിന്ദുരക്ഷക് സംഘടന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ഇറങ്ങിയത്. ബി ജെ പി എം എല്‍ എ മാലിനി ലക്ഷ്മണ്‍ സിങ്ങിന്റെ മകന്‍ ഏകലവ്യ സിങ് ഗൗര്‍ ആയിരുന്നു സംഘടനയുടെ നേതാവ്. പരിപാടിയുടെ റിഹേഴ്സലിനിടയില്‍ മുനവ്വര്‍ ഹിന്ദു ദേവതമാര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരേ അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതു കേട്ടെന്നും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ബഹളമുണ്ടാക്കിയവരെയല്ല, മുനവ്വറിനെയാണ് അറസ്റ്റു ചെയ്തത്. ഗൗറിന്റെ പരാതിയില്‍ കേസെടുക്കുകയും ചെയ്തു. അവിടെ പരിപാടി അവതരിപ്പിക്കാനിരുന്ന അഞ്ചു കലാകാരന്മാരെക്കൂടി മുനവ്വറിനൊപ്പം കസ്റ്റഡിയിലെടുത്തു.
അന്നത്തെ പരിപാടിയില്‍ മുനവ്വര്‍ ഹിന്ദു ദേവതമാരെ അവഹേളിച്ചു സംസാരിച്ചാല്‍ കാണികള്‍ അക്രമാസക്തരാകും എന്നതുകൊണ്ടാണ് അറസ്റ്റുചെയ്തത് എന്ന് ഇന്ദോര്‍ പൊലീസ് പറയുന്നു. മുനവ്വര്‍ അന്നവിടെ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് പൊലീസ് മേധാവി വിജയ് ഖത്രി വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുമതത്തെയോ ദൈവങ്ങളെയോ അദ്ദേഹം അവഹേളിച്ചതിന് തെളിവൊന്നുമില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. പക്ഷേ, റിഹേഴ്സലിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നു പരാതിയുണ്ട്. പരാതിയെ സാധൂകരിക്കുന്ന പരാമര്‍ശങ്ങള്‍ മുനവ്വറിന്റെ പഴയ വീഡിയോകളിലുണ്ടെന്നും പൊലീസ് പറയുന്നു. ക്രമസമാധാന നില ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ടെന്നതാണ് അറസ്റ്റിന് ഖത്രി നല്‍കുന്ന ന്യായീകരണം.
അതിലും വിചിത്രമായിരുന്നു കോടതിയുടെ കാര്യം. കുറ്റം ചെയ്തതിന് തെളിവൊന്നും ഇല്ലാതിരുന്നിട്ടും കോടതി രണ്ടുതവണ മുനവ്വറിന് ജാമ്യം നിഷേധിച്ചു. ക്രമസമാധാന നില സംരക്ഷിക്കേണ്ടതുണ്ട് എന്നതായിരുന്നു ഇവിടെയും ന്യായം. ജാമ്യാപേക്ഷ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റുമ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്ദോര്‍ ബെഞ്ചിലെ ജസ്റ്റിസ് രോഹിത് ആര്യ അഭിപ്രായപ്പെട്ടത് ഇത്തരക്കാരെ വെറുതെ വിടാന്‍ പാടില്ലെന്നാണ്. നിങ്ങളെന്തിനാണ് മറ്റുള്ളവരുടെ മതവിശ്വാസത്തിനു മേല്‍ അനാവശ്യ സ്വാതന്ത്ര്യമെടുക്കുന്നത് എന്ന് മുനവ്വറിനോട് ചോദിച്ച ജഡ്ജി ജാമ്യാപേക്ഷ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അഭിഭാഷകനോട് ആരായുകപോലും ചെയ്തു. ഈ കേസില്‍ മുന്‍വിധി വ്യക്തമാക്കിയ ജസ്റ്റിസ് രോഹിത് ആര്യയുടെ ബെഞ്ചില്‍ നിന്ന് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ സാകേത് ഗോഖലേ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുകയാണ്. കോടതി എന്തു പറഞ്ഞാലും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പിന്റെ ദുരുപയോഗവും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണ് മുനവ്വറിനെതിരായ കേസെന്ന് സിദ്ധാര്‍ഥ് ശിവകുമാര്‍ ‘ലൈവ് ലോ’യില്‍ എഴുതിയ ലേഖനം വ്യക്തമാക്കുന്നു.

മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചാലും മുനവ്വര്‍ പുറത്തിറങ്ങില്ലെന്ന് ഉറപ്പാക്കാനെന്നോണമാണ് ഉത്തര്‍പ്രദേശ് പൊലീസ് രംഗത്തെത്തിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന പഴയൊരു കേസ് പൊടിതട്ടിയെടുത്ത് മുനവ്വറിനെതിരെ അലാഹാബാദ് ഹൈക്കോടതിയില്‍നിന്ന് വാറന്റ് സമ്പാദിച്ച യു പി പൊലീസ് അതേ വാറന്റ് ഇന്ദോര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ‘മേരാ പിയാ ഘര്‍ ആയാ ഓ രാമ്ജി…’ എന്ന പഴയ സിനിമാപ്പാട്ടിനെപ്പറ്റി ഒരു വീഡിയോയില്‍ മുനവ്വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രീരാമനെ അവഹേളിക്കുന്നതാണ് എന്ന പരാതിയിലായിരുന്നു കേസ്. പ്രതിയുടെ വിലാസം കിട്ടാതിരുന്നതിനെത്തുടര്‍ന്നായിരുന്നത്രെ ഇത്രനാള്‍ തുടര്‍നടപടി എടുക്കാതിരുന്നത്. തിരിച്ചുവരവില്‍ മിതവാദിയെന്ന പ്രതിഛായ കളഞ്ഞ് യോഗി ആദിത്യനാഥിന്റെ ശൈലിയിലേക്കു നീങ്ങുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ പൊലീസും സാക്ഷാല്‍ ആദിത്യനാഥിന്റെ പൊലീസും ചേര്‍ന്ന് ഒരു യുവ കലാകാരന്റെ ജീവിതം ചവിട്ടിമെതിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

സ്റ്റാന്റപ് കോമഡി എന്ന ഹാസ്യകലാപ്രകടനത്തിന്റെ ലോകത്ത് ഏറെ വൈകി എത്തിയയാളാണ് മുനവ്വര്‍ ഫാറൂഖി. ഗുജറാത്തിലെ ജുനാഗഢില്‍നിന്ന് പത്താം വയസ്സില്‍ മുംബൈയിലെ ഡോംഗ്രിയിലേക്ക് കുടിയേറിയ മുനവ്വര്‍ ജീവിക്കാനായി പല ജോലികളും ചെയ്ത ശേഷമാണ് കലാപ്രകടനത്തിലേക്ക് കടന്നത്. ഗുജറാത്ത് വംശഹത്യക്കാലത്ത് വീടു നശിപ്പിക്കപ്പെട്ടതോടെ നാടുവിടേണ്ടി വന്ന മുനവ്വറിന് വര്‍ഗീയ വിദ്വേഷം ഇളക്കിവിട്ടാലുള്ള പ്രശ്നങ്ങളെപ്പറ്റി നന്നായി അറിയാം. ഒരു മതത്തെയും കളിയാക്കാറില്ലെന്നും ചിരിയുണര്‍ത്തുക എന്നതു മാത്രമാണ് തന്റെ ലക്ഷ്യമെന്നും മുനവ്വര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ബാന്ദ്രയിലും അന്ധേരിയിലുമെല്ലാം ചെറു ചടങ്ങുകളില്‍ അഞ്ചോ പത്തോ മിനിറ്റു നീളുന്ന ചിരിയരങ്ങ് അവതരിപ്പിച്ചുപോന്ന ഈ കലാകാരന്‍ ലോക്ഡൗണ്‍കാലത്ത് തയാറാക്കിയ വീഡിയോകളിലൂടെയാണ് മറ്റു സംസ്ഥാനങ്ങളിലും പ്രശസ്തനാകുന്നതും ഇന്ദോര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് ക്ഷണം ലഭിക്കുന്നതും. ആ പ്രശസ്തി തന്നെയാണ് ഇപ്പോള്‍ മുനവ്വറിന് വിനയായതും.

പൊലീസ് വര്‍ഗീയകലുഷമായ ജനക്കൂട്ടത്തിന് കൂട്ടുനില്‍ക്കുകയെന്ന അപകടം ഇന്ത്യയില്‍ നേരത്തെ തന്നെ സംഭവിച്ചതാണെങ്കിലും മുനവ്വറിന്റെ വിഷയത്തില്‍ നീതിന്യായസംവിധാനംകൂടി അതേ പാത പിന്തുടര്‍ന്നിരിക്കുകയാണെന്ന് ‘ദ സ്‌ക്രോളി’ല്‍ എഴുതിയ ലേഖനത്തില്‍ ശുഐബ് ഡാനിയല്‍ അഭിപ്രായപ്പെടുന്നു. ന്യൂനപക്ഷ സമുദായാംഗമാണെന്ന കാരണത്താല്‍ ആള്‍ക്കൂട്ടവും പൊലീസും കോടതിയും ഒരു കലാകാരനെ വേട്ടയാടുമ്പോള്‍ വസ്തുതകളും തെളിവുകളും അപ്രസക്തമാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മതനിന്ദക്കുറ്റം അസ്ഥാനത്ത് ചുമത്തപ്പെട്ട ഈ സംഭവം മുഴുവനാളുകളെയും അസ്വസ്ഥരാക്കേണ്ടതാണെന്ന് ‘ഇന്ത്യന്‍ എക്‌സ് പ്രസ്’ ദിനപത്രത്തില്‍ സഞ്ജയ് രജൗറ എഴുതുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണോ ഇതെന്ന് ഭയക്കേണ്ടിയിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എസ് കുമാര്‍

You must be logged in to post a comment Login