തോല്‍ക്കാനായി മാത്രം കളിക്കുന്ന കളികള്‍

തോല്‍ക്കാനായി മാത്രം കളിക്കുന്ന കളികള്‍

‘എന്താണ് അമിത്ഷാക്കെതിരായ ആരോപണം? അമിത് ഷാ മകളെ മുസ്ലിംകള്‍ക്ക് കെട്ടിച്ചുകൊടുക്കണോ?”. നിങ്ങള്‍ കേട്ട് തള്ളിയ വാചകമാണെന്നറിയാം. കെ സുരേന്ദ്രനെപ്പോലെ ഒരാളുടെ വാര്‍ത്താസമ്മേളനങ്ങളില്‍ അദ്ദേഹം സ്ഥിരമായി പറയാറുള്ള ഇമ്മാതിരി വര്‍ത്തമാനങ്ങള്‍ക്ക് കാതുകൊടുക്കേണ്ട പംക്തിയല്ല ഇതെന്ന് നമുക്കറിയാം. ഉദ്ധാരണയോഗ്യമായ ഒന്നും അദ്ദേഹം നാളിതുവരെ പറഞ്ഞതായി നമുക്കോര്‍ക്കാന്‍ കഴിയുന്നുമില്ല. എങ്കിലും പക്ഷേ, ഈ വാചകത്തില്‍ ഈ പംക്തിക്ക് ഒരു കൗതുകമുണ്ട്. എന്തുകൊണ്ട് സംഘപരിവാര്‍ കേരളത്തില്‍ ഇതുവരെ തഴക്കാത്തത് എന്ന രാഷ്ട്രീയ ചോദ്യത്തിന്റെ ഉത്തരവുമുണ്ട്.
ആ ഉത്തരം പറയും മുന്‍പ് ത്രിപുരയെക്കുറിച്ച് വായിക്കാം. ബി ജെ പിയുടെ ത്രിപുരവിജയത്തിന്റെ കഥകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്. പക്ഷേ, കേരളം ഒരു തിരഞ്ഞെടുപ്പിലേക്ക് ധൃതിയില്‍ ഓടുന്ന ഇന്നാളുകളില്‍ അത് ഒരിക്കല്‍ക്കൂടി വായിക്കാം എന്ന് തോന്നുന്നു. പുനര്‍വായനകളാണല്ലോ പുതുപാഠങ്ങള്‍ തരിക. സുനില്‍ ദിയോദര്‍ എന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ച് 2018-ലെ ത്രിപുര പിടിത്തത്തിന്റെ പിറ്റേന്ന് നിങ്ങള്‍ വായിച്ചിട്ടുണ്ടാവാം. ഞാനിപ്പോള്‍ അയാളെ വീണ്ടും വായിക്കുകയാണ്. മിടുക്കനായ ഒരു ചെറുപ്പക്കാരനാണ് സുനില്‍. ആര്‍ എസ് എസ് ആണ്. ശ്രദ്ധിക്കുക, ആര്‍ എസ് എസ് ആണ്, ബി ജെ പി അല്ല. സുനിലിന്റെ പിതാവ് പത്രപ്രവര്‍ത്തകനാണ് മുംബൈയില്‍. അവിടത്തെ ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ ഒക്കെ ആയിരുന്നു. സംഘപരിവാറുകാരനാണ്. ആര്‍ എസ് എസ് ബന്ധവും സുനിലിന്റെ പബ്ലിക് റിലേഷന്‍ കഴിവുമൊക്കെ ബി ജെ പിക്ക് സ്വാഭാവികമായും അറിയാം. 2014-ല്‍ നരേന്ദ്ര മോഡി ഇന്ത്യ പിടിക്കാന്‍ കച്ചകെട്ടിയത് ഹിന്ദു ഹൃദയഭൂമി എന്ന് സംഘപരിവാര്‍ വിശേഷിപ്പിക്കുന്ന വാരാണസിയിലാണ്. ബിസ്മില്ലാഖന്റെയും വാരാണസി എന്ന് ഓര്‍ക്കാം. മോഡി അവിടെത്തുമ്പോള്‍ കെജ്രിവാളാണ് എതിരാളി. അരവിന്ദ് കെജ്രിവാള്‍ അന്ന് ഗര്‍ജിക്കുന്ന പോരാളിയാണ്. അതിന്റെ വിപരിണാമങ്ങള്‍ പോട്ടെ. വാരാണസിയില്‍ മോഡിയെ സഹായിക്കാന്‍ മാറ്റച്ചുരികയുമായി അന്ന് മോഡിയുടെ മേക്കറായിരുന്ന അമിത് ഷാ നിയോഗിക്കുന്നത് സുനിലിനെയാണ്. സുനിലിന് പക്ഷേ, വാരാണസിയില്‍ കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ല. അക്കാലത്ത് കോണ്‍ഗ്രസിനെ ജനങ്ങള്‍ വെറുത്തുകഴിഞ്ഞിരുന്നുവല്ലോ? വാരാണസിയില്‍ മോഡി ജയിച്ചു. പിന്നെ സുനില്‍ ഗുജറാത്തില്‍ ചെല്ലുന്നുണ്ട്, മഹാരാഷ്ട്രയില്‍ ചെല്ലുന്നുണ്ട്. അക്കാലമാകുമ്പോഴേക്കും സുനിലിനെ മാധ്യമങ്ങള്‍ നോട്ടമിടുന്നുണ്ട്. മഹാരാഷ്ട്രയില്‍ സി പി എമ്മിന് വേരുബലമുള്ള ഒരു മണ്ഡലം സുനില്‍ ഏറ്റെടുത്തു. അടിത്തട്ടുകളില്‍ പ്രവര്‍ത്തകരെ സൃഷ്ടിക്കുക, ശ്രദ്ധിക്കുക പ്രവര്‍ത്തകരെയാണ്. അണികളെയും ആള്‍ക്കൂട്ടത്തെയുമല്ല, ഇതിലായിരുന്നു അയാളുടെ ശ്രദ്ധ. അത് വിജയിച്ചു. അക്കാലമാകുമ്പോള്‍ അയാള്‍ മാധ്യമങ്ങളുടെ പ്രിയങ്കരനായി മാറുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളിലെ ഗ്വാഗ്വാകളില്‍ അയാള്‍ ചേര്‍ന്നില്ല. മറിച്ച് നിരന്തരം ലേഖനങ്ങള്‍ എഴുതുകയും അഭിമുഖങ്ങള്‍ അനുവദിക്കുകയും ചെയ്തു. അപ്പോഴെല്ലാം അയാള്‍ ഇന്ത്യന്‍ ദേശീയതയുടെ മുഖ്യശത്രുവായി സി പി എമ്മിനെ പ്രതിഷ്ഠിക്കാന്‍ ശ്രദ്ധിച്ചു. ആര്‍ എസ് എസിന്റെ മുഖ്യ ശത്രുക്കള്‍ ഹിറ്റ്ലര്‍ക്ക് ജൂതരെന്നപോലെ മുസ്ലിംകളും കമ്യൂണിസ്റ്റുകാരുമാണെന്ന് നിങ്ങള്‍ക്കറിയാം. ഈ സി പി എം വിരോധത്തിലെ ആത്മാര്‍ത്ഥത അന്നേക്ക് ഡല്‍ഹി വാഴാന്‍ തുടങ്ങിയിരുന്ന അമിത്ഷാ അതിവേഗം തിരിച്ചറിഞ്ഞു. അപ്പോള്‍ നിങ്ങള്‍ക്കറിയാം, കേരളത്തിലും ത്രിപുരയിലും മാത്രമാണ് സി.പി.എം ശക്തമായുള്ളത്. ബംഗാളിലെ ലോക്കല്‍ കമ്മിറ്റി ആഫീസുകളില്‍ ഹെഡ്ഗേവാറിന്റെ ചിത്രങ്ങള്‍ അകത്തേക്കും ലെനിന്റെ ചിത്രങ്ങള്‍ പുറത്തേക്കും പോകുന്ന കാലം.

സുനില്‍ ദിയോദര്‍ ത്രിപുരയിലെത്തി. അയാളെ അമിത്ഷാ അവിടേക്ക് നിയോഗിച്ചു. അന്ന് ത്രിപുരയില്‍ ബി ജെ പി ഇല്ല. വഴിപാട് പോലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. 90 ശതമാനം പേര്‍ക്കും കെട്ടിവെച്ച കാശ് പോകും. ആരും ജയിച്ചിട്ടില്ല. ഒരു നേമം പോലും അവിടെയില്ല. ആ തരിശ് ഭൂമിയിലേക്കാണ് സുനില്‍ എന്ന ആര്‍ എസ് എസ് മാനേജര്‍ എത്തുന്നത്. അയാള്‍ ത്രിപുരയില്‍ നിന്ന് മടങ്ങുമ്പോള്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിലാണ്. ഒറ്റവര്‍ഷം കൊണ്ട്. ഇന്ത്യാ ചരിത്രത്തില്‍ അതിന് മുന്‍പ് എന്‍ ടി രാമറാവു തരംഗത്തില്‍ ആന്ധ്രാപ്രദേശില്‍ മാത്രമാണ് അത്തരം ഒരത്ഭുതം നടന്നത്. ചരിത്രത്തിലെ റണ്ണറപ്പ് അങ്ങനെ ത്രിപുരയായി.

സുനില്‍ ചെയ്ത പണികള്‍ എഴതപ്പെട്ടിട്ടുണ്ട്. അയാള്‍ തൃണമൂലത്തിലേക്ക് ചെന്നു. ചെറുപ്പക്കാരെ പിടിച്ചു. അക്കാലം ത്രിപുരയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. അയാള്‍ അതേക്കുറിച്ച് പറഞ്ഞു. വിഘടനസ്വഭാവമുള്ള ഒരു ദുര്‍ബല പ്രാദേശിക കക്ഷിയെ കൂട്ടുപിടിച്ചു. അവര്‍ വിഘടനവാദം പടര്‍ത്തി മുന്നോട്ട് നീങ്ങി. ബി ജെ പി ജനങ്ങളുടെ പ്രശ്നങ്ങള്‍ മാത്രം പറഞ്ഞു. ചെറുപ്പക്കാര്‍ അയാള്‍ക്കൊപ്പം ചെന്നു. അവരെ മോഡിയുടെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ട് ഇടുവിച്ച് അയാള്‍ തീവണ്ടികളില്‍ പ്രചാരണത്തിനയച്ചു. പതിയെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ബി ജെ പിക്ക് വിശ്വാസ്യതയുള്ള പ്രവര്‍ത്തകര്‍ ഉണ്ടായി. വിശ്വാസ്യതയുള്ള പ്രവര്‍ത്തകര്‍ ഉണ്ടാവുകയല്ല, വിശ്വാസ്യതയുള്ളവരെ പ്രവര്‍ത്തകരാക്കുകയാണ് സുനില്‍ ചെയ്തത്. അങ്ങനെയാണ് ത്രിപുര എന്ന വമ്പന്‍ ചെങ്കോട്ടയില്‍ ബി ജെ പി കാവിക്കൊടി ഉയര്‍ത്തിയത്.

സുരേന്ദ്രനില്‍ നിന്ന് സുനില്‍ ദിയോദറിലേക്ക് പോകാനുള്ള മറ്റൊരു കാരണം ത്രിപുരയില്‍ അന്നത്തെ സി പി എം സര്‍ക്കാരിനെ ബി ജെ പി കേന്ദ്ര ഏജന്‍സികളെ വിട്ട് ഉപദ്രവിച്ചിട്ടല്ല പരാജയപ്പെടുത്തിയത് എന്ന് ചൂണ്ടിക്കാട്ടാന്‍ മാത്രമല്ല, വെറുപ്പിന്റെ ഭാഷയെ സമര്‍ഥമായി മറച്ച് വെച്ച് അടിസ്ഥാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും അതിനായി ആളെക്കൂട്ടിയുമാണ് ബി ജെ പി ത്രിപുര പിടിച്ചത് എന്ന് പറയാനാണ്. എന്തുകൊണ്ട് കേരളത്തില്‍ ബി ജെ പി സമീപഭാവിയില്‍ ഒന്നും ഇലക്ടറല്‍ ശക്തിയായി മാറില്ല എന്ന് ചൂണ്ടിക്കാട്ടാനാണ്. ചൂണ്ടുവിരല്‍ കൊണ്ടുള്ള ഒരു ചൂണ്ടിക്കാട്ടല്‍. പക്ഷേ, സുനിലിനെപ്പോലെ നല്ല രീതിയില്‍ സ്വയം മറയ്ക്കാന്‍ അറിയുന്ന ഒരാള്‍, സുരേന്ദ്രന്‍മാരെ അപ്രസക്തനാക്കി വന്നാല്‍ സി.പി.എമ്മും കേരളവും ജാഗ്രതകൂട്ടണമെന്ന് പറയാനുമാണ്. ഈ പറച്ചില്‍ കോണ്‍ഗ്രസിന് ബാധകമല്ല.
എന്തുകൊണ്ട് കോണ്‍ഗ്രസിന് ബാധകമല്ല എന്നാണോ? കേരളത്തിലെ കോണ്‍ഗ്രസ് കേരളത്തിലെ ബി ജെ പിയില്‍ നിന്ന് അത്രയൊന്നും വ്യത്യസ്തമല്ല എന്നതിനാലാണത്. അതൊരു സി പി എം ലോക്കല്‍ കമ്മിറ്റി പ്രസ്താവനയല്ലേ എന്ന് തോന്നാം. പക്ഷേ, അല്ല. കാരണം കേരളത്തിലെ ബി ജെ പിക്കും കേരളത്തിലെ കോണ്‍ഗ്രസിനും ചില പൊതുസമാനതകള്‍ ഉണ്ട്. അത് പറയാം.

രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം ഇപ്പോള്‍ ബി ജെ പിയാണ്. നേരത്തേ അത് കോണ്‍ഗ്രസായിരുന്നു. നേരത്തേ അത് കോണ്‍ഗ്രസായിരിക്കാന്‍ കാരണം ഇന്ത്യാ ചരിത്ത്രിലെ ഏറ്റവും സുപ്രധാനമായ സന്ദര്‍ഭത്തിന്റെ മിച്ചമൂല്യം ആര്‍ജിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിനാണ് എന്നതിനാലാണ്. എന്തായിരുന്നു ആ സുപ്രധാന സന്ദര്‍ഭം എന്ന് നമുക്കറിയാം. അത് ദേശീയ സ്വാതന്ത്ര്യ സമരമായിരുന്നു. ആ സ്വാതന്ത്ര്യ മുന്നേറ്റത്തിന്റെ മിച്ചമൂല്യമാണ് പില്‍ക്കാലത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. എന്നുവെച്ചാല്‍ നാം ഇന്ന് കാണുന്ന കോണ്‍ഗ്രസിന്റെ ഏതാനും തലമുറകള്‍ക്ക് അപ്പുറത്ത് ദേശീയ പ്രസ്ഥാനവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന കോണ്‍ഗ്രസിനെ കാണാം. തൊണ്ണൂറുകള്‍ വരെ അതുണ്ടായിരുന്നു. അതേപോലെയാണ് ബി ജെ പിയും. ദേശീയ പ്രസ്ഥാനത്തിന്റെ, ദേശീയ സ്വാതന്ത്ര്യ സമരമുന്നേറ്റത്തിന്റെ എതിര്‍വശത്തായിരുന്നു ഇന്നത്തെ ബി ജെ പിയുടെ മുന്‍തലമുറ. അവര്‍ അന്നത്തെ കോണ്‍ഗ്രസില്‍ നിന്ന് തികച്ചും വേറിട്ട മറ്റൊരു ധാര ആയിരുന്നു. ആ ധാര മറ്റൊരു ദേശീയതയെ, ഹിന്ദു പുരുഷ ദേശീയതയെ ആണ് മുന്നോട്ടുവെച്ചത്. ആ ദേശീയതയുടെ നടത്തിപ്പുകാരായിരുന്നു രാഷ്ട്രീയ സ്വയം സേവക സംഘം. അതില്‍ നിന്നാണ് ജനസംഘത്തിന്റെ വിത്ത് മുളക്കുന്നത്. എന്നാല്‍ അപ്പോഴും ദേശീയ രാഷ്ട്രീയത്തില്‍ വന്നുനിന്ന് രാഷ്ട്രീയം പറയാനും കോണ്‍ഗ്രസിന്റെ മിച്ചമൂല്യ വാഴ്ചയെ വിമര്‍ശിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷേ, കോണ്‍ഗ്രസ് അപ്പോഴേക്കും വടവൃക്ഷപദവി നേടിയിരുന്നു. അത്ര കനത്തതായിരുന്നു അവരുടെ കയ്യിലുള്ള പാരമ്പര്യം. പതിയെ ബി ജെ പി ചുവട് മാറ്റി. വാജ്പേയി അനന്തരയുഗത്തില്‍ തീവ്രദേശീയതയുടെ പുരുഷാവതാരമായി അവര്‍ അദ്വാനിയെ അവതരിപ്പിച്ചു. അപ്പോഴും അവര്‍ ജനാധിപത്യത്തിലെ രാഷ്ട്രീയ പ്രക്രിയകളെക്കുറിച്ച് പറഞ്ഞിരുന്നു. കാരണം ആ തലമുറയുടെ വേരുകള്‍ ദേശീയ പ്രസ്ഥാനത്തിന് എതിരേ നീങ്ങിയ അന്നത്തെ ഹിന്ദു ധാരയുടേതായിരുന്നു. പക്ഷേ, അദ്വാനി അസ്തമിക്കുകയും മോഡി ഉദിക്കുകയും ചെയ്തതോടെ ചരിത്രഭാരമില്ലാത്ത ഒരാള്‍ക്കൂട്ടമായി, സംഘടിതരായ ആള്‍ക്കൂട്ടമായി അവര്‍ മാറി. ആ ആള്‍ക്കൂട്ടത്തിന് രാഷ്ട്രീയം മനസിലാവില്ലെന്ന് മറ്റാരെക്കാള്‍ നന്നായി ആര്‍ എസ് എസിന് അറിയാമായിരുന്നു. മനുഷ്യന്‍ ബൈ ഡിഫോള്‍ട്ട് പരദൂഷണ പ്രേമിയും അപര വിദ്വേഷത്താല്‍ നയിക്കപ്പെടുന്നവനും ഹിംസയില്‍ ആനന്ദം കണ്ടെത്തുന്നവനുമാണല്ലോ? അതേ എന്നാണ് നരവംശ പഠനങ്ങളും സെമിറ്റിക് മതോല്‍ഭവ ചരിത്രങ്ങളും നമ്മെ പഠിപ്പിക്കുന്നത്. ആത്മീയത ഉള്‍പ്പടെയുള്ള ആധുനിക സ്ഥാപനങ്ങളാണ് അവനെ അതില്‍ നിന്ന് മുക്തനാക്കുന്നത്. അങ്ങനെയാണ് അവന്‍ സംസ്‌കാരമുള്ളവനാവുന്നത്. അങ്ങനെയാണ് അവന്‍ സിവിലൈസ്ഡ് ആകുന്നത്. പഴയ മട്ടിലെ പ്രാകൃത മനോനിലയിലേക്ക് പോകാതിരിക്കാനുള്ള വലിയ ആന്തരിക യുദ്ധം മനുഷ്യര്‍ നടത്തിപ്പോരാറുണ്ട്. അതില്‍ ജയിച്ചവരെ നാം സംസ്‌കാര സമ്പന്നര്‍ എന്ന് വിളിക്കും. എന്നാല്‍ ബാഹ്യമായ ഒരു തള്ളല്‍ ഉണ്ടായാല്‍, ഒരു ആള്‍ക്കൂട്ടത്തിന്റെ ആരവം ഉണ്ടായാല്‍, ഒരാള്‍ക്കൂട്ടത്തിന്റെ അനാഥാഹങ്കാരം ഉണ്ടായാല്‍ അവന്‍ പൊടുന്നനെ പഴയ മട്ടാവും. മോഡി യുഗത്തിലെ ബി ജെ പി പയറ്റിയത് ഈ കളിയാണ്. അവര്‍ രാഷ്ട്രീയം മാറ്റിവെച്ചു. വെറുപ്പിനെ പ്രചരിപ്പിച്ചു. അത് വിജയിച്ചു. 2014 മുതലുള്ള കുതിക്കല്‍ ആ വിജയത്തിന്റെ രഥത്തിലാണ്. കെ സുരേന്ദ്രന്‍ ആ തലമുറയുടെ നേതാവാണ്. മോഡി യുഗത്തിലെ ബി ജെ പിയിലാണ് അയാളുടെ പിറവി. അതിനാലാണ് തുടക്കത്തില്‍ ഉദ്ധരിച്ച ഒരു വാചകം അയാള്‍ക്ക് കേരളത്തില്‍ ഇരുന്ന് നിര്‍ലജ്ജം പറയാന്‍ കഴിയുന്നത്. അതിനാലാണ് ത്രിപുരയില്‍ സുനില്‍ കാണിച്ച മാജിക് കേരളത്തില്‍ ഉണ്ടാവില്ലെന്ന് നാം ആശ്വസിക്കുന്നത്. കാരണം കേരളീയ നവോത്ഥാനത്തിന് അതിശക്തമായ ആത്മീയ ധാരയും ഉണ്ടായിരുന്നു. ആ ധാരയുടെ ഗുണഫലമാണ് പ്രാകൃതത്വത്തിലേക്ക് കൂട്ടമായി മടങ്ങിയിട്ടില്ലാത്ത മലയാളി. ആ ധാര മനസിലാക്കാന്‍ കെ സുരേന്ദ്രന് കഴിഞ്ഞിട്ടില്ല.

മോഡിയുഗത്തിലെ ബി ജെ പിയാണ് വാസ്തവത്തില്‍ ചരിത്രപരമായിത്തന്നെ കേരളത്തിലെ കോണ്‍ഗ്രസ്. ദേശീയ പ്രസ്ഥാനവുമായി കേരളത്തിലെ കോണ്‍ഗ്രസിന് വലിയ ബന്ധമില്ല. ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ നിങ്ങള്‍ ഒറ്റക്കും തെറ്റക്കുമായി മാത്രമേ മലയാളിയെ കാണൂ. കേരളത്തിലെ കോണ്‍ഗ്രസില്‍ അന്നുണ്ടായിരുന്ന ഉജ്വലരായ ധിഷണാശാലികള്‍ കൂട്ടത്തോടെ സോഷ്യലിസ്റ്റുകളായെന്നും നമുക്കറിയാം. അവരാണല്ലോ പിന്നീട് കമ്യൂണിസ്റ്റുകാരായത്. അതിനാല്‍ ദേശീയ പ്രസ്ഥാനത്തിന്റെ മിച്ചമൂല്യം കയ്യിലുള്ള കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. പിന്നെ എന്താണ് കേരളത്തിലെ കോണ്‍ഗ്രസ്? അത് ആശയമില്ലാത്ത മനുഷ്യരുടെ കൂട്ടമാണ്. കമ്യൂണിസ്റ്റുകാരുടെ ജനാധിപത്യ വിരുദ്ധതയും ചരിത്രപരമായ അബദ്ധങ്ങളും മൂലം ലോട്ടറി അടിച്ച കൂട്ടമാണത്. ദേശീയ സ്വാതന്ത്ര്യ സമരവുമായി വിദൂരബന്ധമുള്ളവരുടെ തലമുറയുമായി പോലും കേരളത്തിലെ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു ബന്ധവുമില്ല. രാഷ്ട്രീയത്തെ വ്യക്തിഗത വിഭവ സമാഹരണത്തിനുള്ള നിക്ഷേപമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നത്. ഐഡിയോളജി ഇല്ലാത്തതിന്റെ പ്രശ്നമാണത്. അതിനാല്‍ അവര്‍ക്ക് കേരളം പിടിക്കാന്‍ സംഘപരിവാര്‍ വരുന്നതില്‍ അലോസരമുണ്ടാവില്ല. അത്തരത്തില്‍ സംഘപരിവാര്‍ കേരളം പിടിച്ചാല്‍ ത്രിപുരയില്‍ എന്നപോലെ കോണ്‍ഗ്രസ് മാഞ്ഞുപോകും എന്ന ഭയമില്ല.കാരണം വ്യക്തി എന്നതിനപ്പുറത്തേക്ക് പ്രസ്ഥാനം എന്ന വിചാരം ഐഡിയോളജിയില്‍ നിന്ന് മാത്രം ഉണ്ടാകുന്നതാണ്. കോണ്‍ഗ്രസിന് എന്താണ് ഐഡിയോളജി? സി പി എമ്മിനോടുള്ള എതിര്‍പ്പ് നിശ്ചയമായും ഐഡിയോളജി അല്ല. ഐഡിയോളജി ആശയം എന്ന വാക്കിന്റെ നിഷ്പന്നമാണ്.

അതിനാലാണ് കേന്ദ്രസര്‍ക്കാര്‍ കൂട്ടിലിട്ട് വളര്‍ത്തുന്ന രണ്ട് ഏജന്‍സികള്‍, ബംഗാളില്‍, തമിഴ്നാട്ടില്‍ എന്നപോല്‍, ഒട്ടുമേ നിയമപരമായല്ലാതെ, അധികാരത്തിന്റെ പരിധികള്‍ സമ്പൂര്‍ണമായി ലംഘിച്ച് കേരളത്തില്‍ വട്ടമിട്ട് പറക്കുമ്പോള്‍ അവര്‍ കൊത്തിപ്പറിക്കാന്‍ പോകുന്നത് തങ്ങളുടെ കൂടി നിലനില്‍പാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയാത്തത്. രാഷ്ട്രീയമായ തിരഞ്ഞെടുപ്പാണെങ്കില്‍ കൃത്യ ഇടവേളകളില്‍ തങ്ങള്‍ക്ക് ഊഴമുണ്ടല്ലോ എന്ന് അവര്‍ മനസിലാക്കാത്തത്. കസ്റ്റംസ് പോലെ അതിനിര്‍ജീവമായ ഒരു സംവിധാനം കേരളത്തിലെ ജനാധിപത്യ സര്‍ക്കാരിന് മേല്‍ തോന്നിയവാസവും തിരഞ്ഞെടുപ്പ് ചട്ടലംഘനവും നടത്തുന്നത് കണ്ടിട്ടും കൂടെക്കൂടുന്നത്.

പക്ഷേ, ഭയപ്പെടാനില്ല. അടിത്തട്ടിലേക്ക് കയറാനുള്ള വഴികള്‍ അടഞ്ഞുതന്നെ കിടപ്പാണ് കേരളത്തില്‍. പക്ഷേ, കോണ്‍ഗ്രസ് നിഷ്പ്രഭമാകുന്നതോടെ വഴിക്ക് പുറത്ത് ഭയപ്പെടുത്തുന്ന ആ നില്‍പ് തുടരും. ആ അശ്ലീലം ഓര്‍മിക്കാനാണ് വിമനസ്സോടെ കെ. സുരേന്ദ്രനെ ഉദ്ധരിച്ചത്.

കെ കെ ജോഷി

You must be logged in to post a comment Login