‘ഹൂറുല്‍ഈന്‍’ പുരുഷന്മാര്‍ക്ക് മാത്രം മതിയോ?

‘ഹൂറുല്‍ഈന്‍’ പുരുഷന്മാര്‍ക്ക് മാത്രം മതിയോ?

സ്വര്‍ഗത്തില്‍ പുരുഷന്മാര്‍ക്ക് ‘ഹൂറുല്‍ ഈനി’നെ (സ്വര്‍ഗീയ സുന്ദരികള്‍) ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. പക്ഷേ, സ്ത്രീകള്‍ക്ക് സ്വര്‍ഗീയ സുന്ദരന്മാരെ ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നില്ല. പ്രതിഫലഭവനമായ സ്വര്‍ഗത്തില്‍ പോലും സ്ത്രീയോട് അനീതിയാണോ?

ഇസ്ലാമിനെതിരെയുള്ള ഒരു വിമര്‍ശനമാണിത്. പരിശോധിക്കാം. സ്ത്രീക്കും പുരുഷനും പ്രകൃത്യാ തന്നെ പെരുമാറ്റത്തിലും താല്‍പര്യങ്ങളിലും ചില വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിലൂടെ വിശദീകരിക്കാം. ഒരാള്‍ക്ക് യുവാവായൊരു മകനും യുവതിയായ മകളുമുണ്ടെന്നു കരുതുക. രണ്ടുപേരും അയാളെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തുവരുന്നു. അങ്ങനെയിരിക്കെ മകനെ സുന്ദരിയായ യുവതിയുമായി വിവാഹം നടത്താന്‍ പിതാവ് താല്‍പര്യപ്പെട്ടു. മകനോട് ഒന്നും മറച്ചുവെക്കാതെ തുറന്നുപറഞ്ഞു. പൊതുവേ ഒരു യുവാവിന്റെ പ്രതികരണം എന്തായിരിക്കും? ‘ഞാന്‍ തയാറാണ്, ഉപ്പയുടെ ഇഷ്ടം പോലെയാവട്ടെ!’ ഇതുതന്നെ ആ മകന്‍ പ്രതികരിച്ചു. സുന്ദരനായ ഒരു യുവാവിനോട് മകളുടെ വിവാഹവും നടത്തണമെന്ന് പിതാവ് മനസ്സില്‍ കണ്ടു. പക്ഷേ മകനോട് ചോദിച്ചതുപോലെ വിവാഹക്കാര്യം മകളോട് ചോദിക്കാന്‍ പിതാവിന് ചെറിയൊരു പ്രയാസം. ഏതൊരു പിതാവിന്റെയും പ്രയാസം. മറ്റൊന്നുമല്ല, അവള്‍ എങ്ങനെയാവും ഉള്‍ക്കൊള്ളുക? എങ്ങനെയാകും പ്രതികരിക്കുക? അധിക സ്ത്രീകളും ഒന്നും പ്രതികരിക്കില്ല. ചിലപ്പോള്‍ പിതാവിന്റെ അടുത്തുനിന്ന് എഴുന്നേറ്റുപോവുകയും ചെയ്യും. ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ സ്ത്രീയും പുരുഷനും ഒരുപോലെയല്ല എന്നതു തന്നെ കാരണം. അതുകൊണ്ടുതന്നെ പൊതുവേ മാതാപിതാക്കള്‍ വിവാഹക്കാര്യം മകനോട് തുറന്നുപറയുന്നതുപോലെ മകളോട് പറയാറില്ല. ചില സൂചനകളിലൂടെ മാത്രമേ പറയാറുള്ളൂ.

വ്യക്തിജീവിതത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും പ്രകൃതിപരമായ ഈ വ്യത്യാസം ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും പ്രയാസമില്ല. യഥാര്‍ത്ഥത്തില്‍, ബുദ്ധിമാനായ ഒരു പിതാവ് തന്റെ മകളോട് വിവാഹക്കാര്യം അറിയിക്കുന്ന രീതിശാസ്ത്രം എന്താണോ അതു തന്നെയാണ് അല്ലാഹുവും സ്വീകരിച്ചത്. കൃത്യമായി മനസ്സിലാക്കിയാല്‍ അതും ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാവില്ല.
പ്രകൃത്യാ സംബോധിതന് ഉള്‍ക്കൊള്ളാനുള്ള ശേഷി അനുസരിച്ചാണ് ഖുര്‍ആന്‍ സംവദിക്കാറുള്ളത്. മാന്യതയില്ലാതെ, സംബോധിതന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാതെ സംസാരിക്കാറില്ല. ഇഹലോകത്തോ പരലോകത്തോ വല്ലതും നല്‍കുമെന്ന് വാഗ്ദാനം ചെയ്യുമ്പോള്‍ ഒരുതരത്തിലും വിവേചനം കാണിക്കാറുമില്ല.
സ്വര്‍ഗത്തില്‍ പുരുഷനു വാഗ്ദാനം ചെയ്ത ‘ഹൂറുല്‍ ഈനി’നു തുല്യമായത് സ്ത്രീക്കും ലഭിക്കും. പക്ഷേ പുരുഷനു ലഭിക്കുമെന്ന് മാത്രമാണ് ഖുര്‍ആനില്‍ സ്പഷ്ടമായി പറഞ്ഞത്. കാരണം, ഉദാഹരണസഹിതം മുകളില്‍ വിശദീകരിച്ചതുപോലെ, ഇത്തരം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നത് സ്ത്രീയും പുരുഷനും ഒരുപോലെയല്ല എന്നതു തന്നെ.
എന്നാല്‍ പുരുഷനു ലഭിക്കുന്ന ഹൂറുല്‍ഈനിനു തുല്യമായത് സ്ത്രീക്കും നല്‍കുമെന്ന് സൂചനകളിലൂടെ ഖുര്‍ആന്‍ പറയുന്നുണ്ട്: ‘ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക് ദൂരെയല്ലാതെ സ്വര്‍ഗം സമീപസ്ഥമാക്കപ്പെടുന്നതാണ്. നന്നായി ഖേദിച്ചുമടങ്ങുകയും നിയമങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്ത -അദൃശ്യതയില്‍ പരമ കാരുണികനെ പേടിക്കുകയും വിനയാന്വിത ഹൃദയവുമായി വരികയും ചെയ്ത- നിങ്ങള്‍ക്കുള്ള വാഗ്ദത്ത സ്വര്‍ഗമിതാ! സമാധാനസമേതം നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക. ശാശ്വത നിവാസ ദിനമാണത്. തങ്ങളുദ്ദേശിക്കുന്നതെന്തും അവര്‍ക്കവിടെയുണ്ടാകും; നമ്മുടെയടുത്താകട്ടെ കൂടുതല്‍ നല്‍കാനുമുണ്ട്!'(ഖാഫ് 31-35).
ആഗ്രഹിക്കുന്നതെന്തും സ്ത്രീപുരുഷ ഭേദമന്യേ സ്വര്‍ഗത്തില്‍ ലഭിക്കുമെന്നര്‍ഥം. ‘സ്വര്‍ണത്തിന്റെ തളികകളും കോപ്പകളുമായി അവര്‍ വലംവെക്കപ്പെടും. മനസ്സുകള്‍ ആഗ്രഹിക്കുന്നതും നയനങ്ങള്‍ക്ക് ആസ്വാദ്യകരവുമായതൊക്കെയും അവിടെയുണ്ടാകും'(സുഖ്റുഫ് -71). യാതൊരു തരത്തിലുള്ള വിവേചനവും ഇല്ല.
ഇവിടെ ഒരു മറുചോദ്യം പ്രസക്തമാണ്. അറേബ്യയില്‍ ഖുര്‍ആന്‍ അവതരിക്കുന്ന സമയത്തെ സ്ത്രീകളുടെ പ്രകൃതവും സ്വഭാവവും നോക്കിയായിരിക്കില്ലേ ഖുര്‍ആന്‍ പറഞ്ഞത്. പാശ്ചാത്യ നാടുകളിലെ സ്ത്രീകള്‍ അങ്ങനെയല്ലല്ലോ. വിവാഹ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ ഒരു പ്രയാസവുമില്ലാത്ത എത്ര സ്ത്രീകളുണ്ട്! എന്നല്ല പലപ്പോഴും ജീവിതപങ്കാളിയെ സ്വയം കണ്ടെത്തി വിവാഹം തീരുമാനിക്കുന്ന രീതി അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും വ്യാപകമാണിപ്പോള്‍. മുകളിലുള്ള വിശദീകരണം ഈ സാഹചര്യത്തോട് എങ്ങനെ യോജിക്കും?
ഇതൊരു യാഥാര്‍ത്ഥ്യമാണെന്നത് ശരി തന്നെ. പക്ഷേ പാശ്ചാത്യന്‍ നാടുകളിലെ യുവതികളുടെ പരാജയത്തിന്റെ വലിയൊരു കാരണവും ഇത്തരം രീതികള്‍ തന്നെയാണ്. സ്ത്രീ വിവാഹം അന്വേഷിച്ച് അലയേണ്ടവളല്ല. വിവാഹാലോചനകള്‍ അവളിലേക്ക് വരികയാണ് വേണ്ടത്. പാശ്ചാത്യന്‍ നാടുകളിലെ വൈവാഹിക ജീവിതങ്ങള്‍ ഇന്ന് എവിടെ എത്തിനില്‍ക്കുന്നു? ഇഷ്ടമുള്ളവള്‍ ഇഷ്ടമുള്ളവനോടൊപ്പം പോകുന്ന നവ പാശ്ചാത്യന്‍ സംസ്‌കാരത്തില്‍ വിവാഹ ജീവിതത്തിന്റെ സത്ത എന്നോ ഇല്ലാതായിക്കഴിഞ്ഞു. 1997 ജനുവരിയില്‍ ന്യൂയോര്‍ക്ക് ടൈംസ് ‘വിവാഹം മരിച്ചു’ എന്ന പേരില്‍ ഒരു നീണ്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ലൈംഗികത ശമിപ്പിക്കാന്‍ മാത്രമുള്ള നിലവിലെ കുത്തഴിഞ്ഞ ജീവിതശൈലി കുട്ടികളിലും സ്ത്രീകളിലും വരുത്തിത്തീര്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാന്യമായ രീതിയില്‍ മാതൃത്വം അലങ്കരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് മുന്നിലുള്ള ഏകമാര്‍ഗം വിവാഹം ആണല്ലോ. വിവാഹം പുരുഷന് പ്രാരാബ്ദം വരുത്തുന്നതു കൊണ്ടും വിവാഹം ചെയ്യാതെ തന്നെ വികാരപൂര്‍ത്തീകരണത്തിന് സ്ത്രീകളെ ലഭിക്കുന്നതുകൊണ്ടും നല്ലൊരു ഭര്‍ത്താവിനെ ലഭിക്കല്‍ അവിടെ ദുഷ്‌കരമാണ്. അമ്മയാവാന്‍ ആഗ്രഹിച്ച പെണ്ണിന്റെ മുന്നില്‍ രണ്ടുമാര്‍ഗമാണ് പിന്നെയുള്ളത്. ഒന്ന്: തനിക്ക് പറ്റിയ ഇണയെ കണ്ടെത്തുകയും വിവാഹം ആവശ്യപ്പെടുകയും ചെയ്യുക. വിസമ്മതിച്ചാല്‍ രണ്ടാമത്തെ മാര്‍ഗം; ഇഷ്ടപ്പെടാതെ ഏതെങ്കിലും ഒരാളോട് വിവാഹത്തിന് തയാറാവുക!

സ്ത്രീ പുരുഷനെ അന്വേഷിച്ച് പോകാതെ പുരുഷന്‍ സ്ത്രീയെ അന്വേഷിക്കുന്ന സമൂഹത്തിലേ സാംസ്‌കാരിക കെട്ടുറപ്പ് കാണാന്‍ കഴിയൂ. എന്റെ ഒരു ബന്ധു അമേരിക്കയില്‍ സ്ഥിരതാമസക്കാരനായിരുന്നു. അവിടെനിന്നും ഒരു അമേരിക്കന്‍ യുവതിയെ വിവാഹം ചെയ്തു. വിവാഹച്ചെലവ് മുഴുവനും ഞാന്‍ വഹിച്ചുകൊള്ളാം എന്നു പറഞ്ഞുകൊണ്ട് ആ സ്ത്രീ അദ്ദേഹത്തോട് വിവാഹാലോചന നടത്തിയതാണത്രേ! വിവാഹശേഷം കുടുംബ സന്ദര്‍ശനത്തിനായി രണ്ടുപേരും സിറിയയിലേക്ക് തിരിച്ചു.

അമേരിക്കയില്‍നിന്നും തികച്ചും വ്യത്യസ്തമായ ജീവിതാന്തരീക്ഷമാണ് അവള്‍ക്ക് കാണാന്‍ കഴിഞ്ഞത്. സിറിയയില്‍ സ്ത്രീ ആഗ്രഹിക്കുന്നതു പോലെ അവള്‍ക്ക് വിവാഹാലോചനകള്‍ വരികയും അവള്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകളനുസരിച്ച് ആലോചനകള്‍ സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണെന്ന് അറിഞ്ഞപ്പോള്‍ അമേരിക്കന്‍ യുവതി ‘ഞാന്‍ നിങ്ങളോട് അങ്ങോട്ട് വന്ന് വിവാഹാലോചന നടത്തിയതാണെന്ന് കുടുംബത്തോട് പറയരുത്’ എന്ന് ഭര്‍ത്താവിനോട് രഹസ്യമായി പറഞ്ഞത്രേ.

ചുരുക്കത്തില്‍, സംബോധിതന്റെ മനോവികാരങ്ങള്‍ തൊട്ടറിഞ്ഞ് സംസാരിക്കുന്ന വേദഗ്രന്ഥമാണ് ഖുര്‍ആന്‍. മാന്യത കൈവിട്ടുകൊണ്ട് ആരെയെങ്കിലും വെറുതേ മാനസികമായി പ്രയാസപ്പെടുത്തുന്ന പ്രസ്താവനകള്‍ ഖുര്‍ആന്‍ നടത്തിയിട്ടില്ല.
ഇനിയും ബാക്കിനില്‍ക്കുന്ന ഒരു ചോദ്യമിതാണ്: പുരുഷന്മാര്‍ക്ക് ഹൂറുല്‍ ഈന്‍ ഉണ്ടെന്ന് വ്യക്തമായി പറഞ്ഞു. പകരം സ്ത്രീകള്‍ക്ക് അതേ രൂപത്തില്‍ ആരെയായിരിക്കും ലഭിക്കുക?

അത് വ്യക്തമായി പറയണം എന്നില്ല. ആഗ്രഹിക്കുന്നതെന്തും ലഭിക്കുമെന്ന് പറഞ്ഞുകഴിഞ്ഞു. ഇതു മാത്രമല്ലല്ലോ നാം അറിയാത്തതും ഖുര്‍ആന്‍ സ്പഷ്ടമായി പറയാത്തതും. പ്രവാചകര്‍ സ്വര്‍ഗത്തെ പറ്റി വിശേഷിപ്പിച്ചത് തന്നെ ഇങ്ങനെയാണ്: ‘അവിടെ ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനസ്സും ചിന്തിക്കാത്തതും ഉണ്ട്’. അതൊക്കെ ലഭിക്കാനായി വിശ്വാസം ശരിപ്പെടുത്തി നല്ലവിശ്വാസിയായി മരിക്കാന്‍ തയാറെടുക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്.

വിവര്‍ത്തനം: സിനാന്‍ ബഷീര്‍

സഈദ് റമളാന്‍ ബൂത്വി

You must be logged in to post a comment Login