ബി ജെ പി, എ എ പി അത്രമേല്‍ അടുപ്പം; ഇനിയടുക്കാന്‍ ഇടമില്ലെന്നതുവരെ

ബി ജെ പി, എ എ പി അത്രമേല്‍ അടുപ്പം; ഇനിയടുക്കാന്‍ ഇടമില്ലെന്നതുവരെ

എന്താണ് ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയം? അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ലാക്ക് സംബന്ധിച്ചുയര്‍ന്ന ചോദ്യം ആ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി (എ എ പി) രൂപവത്കരിച്ചപ്പോഴും പിന്തുടര്‍ന്നു. ഡല്‍ഹിയില്‍ ബി ജെ പിയെ തോല്‍പ്പിച്ച് തുടര്‍ച്ചയായി അധികാരത്തിലെത്തുമ്പോഴും സംഘപരിവാരത്തിന്റെ ബി ടീമാണോ ആം ആദ്മി പാര്‍ട്ടിയെന്ന ചോദ്യമുയര്‍ന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മൃദുഹിന്ദുത്വ രീതികള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ മടിക്കാതിരുന്നതോടെ ഈ ചോദ്യം കൂടുതല്‍ പ്രസക്തമാകുകയും ചെയ്തു. ഏറ്റവുമവസാനം ഗുജറാത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഒരു മുനിസിപ്പാലിറ്റിയിലെങ്കിലും കോണ്‍ഗ്രസിനെ പിന്തള്ളി എ എ പി രണ്ടാം സ്ഥാനത്തെത്തിയപ്പോഴും ബി ജെ പിയുടേതിന് സമാനമായ ചിന്താഗതിയുള്ള പാര്‍ട്ടി, കോണ്‍ഗ്രസിനെ ആദേശം ചെയ്ത് രണ്ടാമതെത്തുക എന്ന അജണ്ട നടപ്പാക്കപ്പെടുകയാണോ എന്ന സംശയം ഉയര്‍ന്നു. ഡല്‍ഹിയിലെ പാഠ്യപദ്ധതിയില്‍ കെജ്രിവാള്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി പറയുന്ന കാര്യങ്ങള്‍ ഈ സംശയം കുറേക്കൂടി ബലപ്പെടുത്തുന്നതാണ്.

ഭരണത്തില്‍ മികവ് കാട്ടുന്നുണ്ട് അരവിന്ദ് കെജ്രിവാളെന്നതില്‍ ഏതാണ്ടെല്ലാവരും യോജിക്കും. പൊലീസിന്റെ നിയന്ത്രണം കൈവശമുണ്ടെന്നത് മുതലാക്കി ബി ജെ പിയും നരേന്ദ്ര മോഡി സര്‍ക്കാറും ഞെരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ഒരു പരിധിവരെ മറികടക്കാന്‍ അരവിന്ദ് കെജ്രിവാളിനും കൂട്ടര്‍ക്കും സാധിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ച ഏത് വിധത്തിലാകണം, മറ്റിടങ്ങളിലേക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ എന്തു തന്ത്രം സ്വീകരിക്കണമെന്നതിനുള്ള ഉത്തരമാണ് ഡല്‍ഹിയില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പാഠ്യപദ്ധതയും മനീഷ് സിസോദിയയുടെ ബജറ്റ് പ്രസംഗവും. മൊഹല്ല ക്ലിനിക്കുകള്‍, കുടിവെള്ള വിതരണം കാര്യക്ഷമമാക്കല്‍, വൈദ്യുതി നിരക്ക് കുറയ്ക്കല്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള സൗജന്യങ്ങള്‍ എന്നിവയിലൂടെ ഡല്‍ഹിനിവാസികളെ ഒപ്പം നിര്‍ത്താന്‍ എ എ പി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പക്ഷേ, ഇത്തരം സൗജന്യങ്ങള്‍ എക്കാലത്തേക്കും തുടരാനാകില്ല. സൗജന്യങ്ങള്‍ക്കപ്പുറത്ത്, രാഷ്ട്രീയ ദര്‍ശനത്തിലൂടെ ജനത്തെ ഒപ്പം നിര്‍ത്താനാകണം. അതിന്റെ പാത, സംഘപരിവാരത്തിന്റെ ഹിന്ദുത്വ അജണ്ടയിലെ ചില അംശങ്ങളെ സ്വാംശീകരിക്കലാണെന്ന് അരവിന്ദ് കെജ്രിവാളും കൂട്ടരും കരുതുന്നു.
കേരളത്തിലെപ്പോലെ ഡല്‍ഹിയിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വലിയ തോതില്‍ മെച്ചപ്പെടുത്തുന്നുണ്ട്. അതൊരു പരിധിവരെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഡല്‍ഹിയില്‍ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കാത്തതും വലിയ വിഷയമായിരുന്നു. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നിശ്ചിത ദൂരപരിധിക്കുള്ളിലുള്ള സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ മാനേജ്‌മെന്റുകളെ നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് പോലും വന്നത്, ദീര്‍ഘകാലമായി രക്ഷിതാക്കള്‍ നടത്തിവന്ന നിയമയുദ്ധത്തിന് ഒടുവിലാണ്. സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുകയും അവിടെ ഭേദപ്പെട്ട പഠനനിലവാരം ഉറപ്പാക്കുകയും ചെയ്താല്‍ ഈ പ്രശ്നത്തിന് ഒട്ടൊരു പരിഹാരമാകും. അത് വോട്ടര്‍മാരെ വലിയ അളവില്‍ സര്‍ക്കാരിനോട് അടുപ്പിക്കും, അതുവഴി എ എ പിയോടും. അതിനുള്ള ശ്രമം പൂര്‍ത്തീകരണത്തോട് അടുക്കുമ്പോഴാണ് പാഠ്യപദ്ധതി പരിഷ്‌കാരത്തെക്കുറിച്ച് എ എ പി സംസാരിക്കുന്നത്. അതിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവന്നിട്ടില്ലെങ്കില്‍ക്കൂടി, ചില സൂചനകള്‍ എന്‍ ഡി ടി വിയുമായുള്ള അഭിമുഖത്തില്‍ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി നല്‍കുന്നുണ്ട്. ‘ദേശഭക്തി’യില്‍ ഊന്നുന്നതാകും പാഠ്യപദ്ധതിയെന്ന് അദ്ദേഹം പറയുന്നു. ‘ദേശഭക്തി’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നല്ല പൗരന്മാരും നല്ല മനുഷ്യരുമാക്കി മാറ്റാന്‍ ഉതകും വിധത്തിലുള്ളത് എന്ന മറുപടിയാണ് അദ്ദേഹം നല്‍കുന്നത്. സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറാന്‍ പഠിപ്പിക്കുകയും റിപ്പബ്ലിക്കിന്റെ സംവിധാനങ്ങളെ അനുസരിക്കാന്‍ പഠിപ്പിക്കുകയും കൂടിയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
വിശാലമായ അര്‍ഥത്തില്‍, തീവ്രഹിന്ദുത്വത്തിന്റെ അജണ്ടയും ഇതുതന്നെയാണ്. അതില്‍ നിന്ന് ഏതുവിധത്തിലാണ് എ എ പിയുടെ പാഠ്യപദ്ധതി ഭിന്നമാകുക എന്നചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രിയ്ക്ക് പ്രത്യേകിച്ച് വിശദീകരണമൊന്നുമുണ്ടായില്ല. പുതിയ പാഠ്യപദ്ധതിയെക്കുറിച്ചുള്ള സൂചനകള്‍ക്ക് പിറകെയാണ് ധനമന്ത്രി മനീഷ് സിസോദിയയുടെ ബജറ്റ് പ്രസംഗം വരുന്നത്. അതില്‍ പലകുറി ‘ദേശഭക്തി’ എന്ന പ്രയോഗമുണ്ടായി. ബാബരി മസ്ജിദ് നിലനിന്ന പ്രദേശത്ത്, സുപ്രീം കോടതി വിധിയുടെ ബലത്തില്‍ പണിതുയര്‍ത്തുന്ന രാമക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ അവിടെ ദര്‍ശനം നടത്താന്‍ സൗജന്യ പാക്കേജുകള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മനീഷ് സിസോദിയ പ്രഖ്യാപിച്ചു. ബജറ്റ് പ്രസംഗം നടത്താന്‍, ഡല്‍ഹി നിയമസഭയിലേക്ക് പുറപ്പെടും മുമ്പ്, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു സിസോദിയ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അരവിന്ദ് കെജ്രിവാള്‍ ആരംഭിച്ചതും ഹിനുമാന്‍ ക്ഷേത്രത്തില്‍ നിന്നായിരുന്നു.
ദേശഭക്തി എന്നത് ഹിന്ദുത്വ അജണ്ടയുടെ നടപ്പാക്കലാണെന്നാണ് സംഘപരിവാരത്തിന്റെ ദര്‍ശനം. ഹിന്ദുത്വ അജണ്ടയ്ക്ക് വിരുദ്ധമായത് മാത്രമല്ല ആ അജണ്ടയോടുള്ള വിയോജിപ്പ് പോലും അവരെ സംബന്ധിച്ച് രാജ്യവിരുദ്ധമോ ദേശവിരുദ്ധമോ ആണ്. അത്രയ്ക്ക് രൂക്ഷമായ നിലപാടിലേക്ക് പോകുന്നില്ലെങ്കിലും ഭൂരിപക്ഷ മതത്തിന്റെ ഇംഗിതങ്ങള്‍ തന്നെയാണ് എ എ പിയുടെ ‘ദേശഭക്തി’യുടെ അടിസ്ഥാനഘടകം. രാമക്ഷേത്ര നിര്‍മാണം റിപ്പബ്ലിക്കിന്റെ അജണ്ടയാണ്, സംഘപരിവാരത്തെ സംബന്ധിച്ച്. രാമക്ഷേത്ര ദര്‍ശനത്തിന് സൗകര്യമൊരുക്കുക എന്നത് റിപ്പബ്ലിക്കിന്റെ അജണ്ടയാണ്, എ എ പിയുടെ കാര്യത്തില്‍. രണ്ടും തമ്മില്‍ വലിയ അകലമില്ല തന്നെ.

റിപ്പബ്ലിക്കിന്റെ സംവിധാനങ്ങളെ അനുസരിക്കാന്‍ പഠിപ്പിക്കുക എന്നത് പാഠ്യപദ്ധതിയുടെ ലക്ഷ്യമായി എ എ പി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. റിപ്പബ്ലിക്കിന്റെ സംവിധാനങ്ങളെന്നാല്‍ നിലനില്‍ക്കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമായ സംവിധാനമെന്നാണ് അര്‍ഥം. മതനിരപേക്ഷ, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കായി രാജ്യത്തെ നിര്‍വചിക്കുന്നതാണ് ഭരണഘടന. മതനിരപേക്ഷത എന്ന അടിസ്ഥാന ആശയത്തോട് ഏതു വിധത്തിലാകും എ എ പിയുടെ ‘ദേശഭക്തി’ പ്രതികരിക്കുക എന്ന ചോദ്യമുണ്ട്. നിയമത്തിന് മുന്നില്‍ പൗരന്മാരൊക്കെ തുല്യരാണ് എന്ന ഭരണഘടനാവ്യവസ്ഥയോടോ? നാനാത്വത്തില്‍ ഏകത്വം, എല്ലാ വിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കുക, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങി ഇന്ത്യന്‍ യൂണിയനെ നിര്‍വചിക്കുന്ന മറ്റുപലതുമുണ്ട് ഭരണഘടനയില്‍. മേല്‍പ്പറയുന്ന ദര്‍ശനങ്ങളെയെല്ലാം, ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് തീവ്രഹിന്ദുത്വം മുന്നോട്ടുവെക്കുന്ന ‘ദേശഭക്തി’ പ്രവര്‍ത്തിക്കുന്നത്. അതില്‍ നിന്ന് ഏതുവിധത്തിലാണ് എ എ പിയുടെ ‘ദേശഭക്തി’ വേറിട്ടുനില്‍ക്കുക എന്നതില്‍ വ്യക്തതയില്ല.
ഇതേ ‘ദേശഭക്തി’യുടെ പേരുപറഞ്ഞാണ് ഭരണകൂടത്തെ വിമര്‍ശിക്കുകയോ ഏകാധിപത്യ നിലപാടുകളെ തള്ളിപ്പറയുകയോ ഫാഷിസ്റ്റ് അജണ്ടകളെ എതിര്‍ക്കുകയോ ചെയ്യുന്നവരെ തടവിലാക്കാന്‍ രാജ്യം ഭരിക്കുന്നവര്‍ ധൃഷ്ടരാകുന്നത്. അതിലൂടെ ഭിന്നാഭിപ്രായങ്ങളെയൊക്കെ ഇല്ലാതാക്കാനാണ് ശ്രമം. അതിനായി ഉപയോഗിക്കുന്നത് പാര്‍ലിമെന്റ് അംഗീകരിച്ച നിയമത്തിലെ വ്യവസ്ഥകള്‍ തന്നെയാണ്. റിപ്പബ്ലിക്കിന്റെ സംവിധാനങ്ങളെ അനുസരിക്കാന്‍ തയാറാകാത്തവര്‍ എന്ന പ്രതിച്ഛായയാണ് ഇവര്‍ക്കുമേല്‍ നരേന്ദ്രമോഡി സര്‍ക്കാരും സംഘപരിവാരവും അടിച്ചേല്‍പ്പിക്കുന്നത്. റിപ്പബ്ലിക്കിന്റെ സംവിധാനങ്ങളെ അനുസരിക്കാന്‍ പഠിപ്പിക്കുമ്പോള്‍, ഏതാണ്ട് വിധേയരായ ഒരു ജനതയെ വാര്‍ത്തെടുക്കുകയാണോ എ എ പിയുടെ ലക്ഷ്യമെന്ന് സംശയിക്കണം. അങ്ങനെയൊരു പുതുതലമുറ വന്നാല്‍ പിന്നെ അടിച്ചേല്‍പ്പിക്കേണ്ടി വരിലല്ലോ! ചിട്ടയില്‍ ജീവിക്കുന്ന, റിപ്പബ്ലിക്കിന്റെ സംവിധാനങ്ങളെന്ന് ഭരണകൂടം വിശദീകരിക്കുന്നതിനെയൊക്കെ അംഗീകരിക്കുന്ന, ചോദ്യങ്ങളുയര്‍ത്താന്‍ ത്രാണിയില്ലാത്ത ‘നല്ല ആണ്‍കുട്ടികളും’ ‘നല്ല പെണ്‍കുട്ടികളു’ മുണ്ടാകുകയാണോ ലക്ഷ്യമെന്ന് എ എ പിയാണ് വിശദീകരിക്കേണ്ടത്.
ഇതേ സംവിധാനങ്ങളാണ് ഇക്കാലത്തിനിടെ ജനതയിലെ വലിയൊരു വിഭാഗത്തെ മാറ്റിനിര്‍ത്തിയത്, മതത്തിന്റെയും ജാതിയുടെയുമൊക്കെ അടിസ്ഥാനത്തില്‍. മതനിരപേക്ഷ ജനാധിപത്യമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുമ്പോള്‍ തന്നെയാണ് അതിനെ ഇല്ലാതാക്കാനുള്ള പദ്ധതി രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) തയാറാക്കുകയും അത് നടപ്പാക്കാനുള്ള പ്രചാരണം ആരംഭിക്കുകയും ചെയ്തത്. അത് നടപ്പാക്കാനുള്ള രാഷ്ട്രീയാധികാരം നേടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ആസൂത്രിതമായ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് ധ്രുവീകരണത്തിന്റെ ആഴം കൂട്ടിയത്. അധികാരം നേടിയപ്പോള്‍, ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ അട്ടിമറിക്കുകയാണ് ബി ജെ പിയും സംഘപരിവാരവും ചെയ്തത്. ഇതിന്റെയൊരു ബദല്‍ പദ്ധതിയാണോ എ എ പി ആവിഷ്‌കരിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം.

അഭിപ്രായ സ്വാതന്ത്ര്യമെന്നത് റിപ്പബ്ലിക്കിന്റെ സംവിധാനങ്ങള്‍ അനുവദിച്ചുനല്‍കുന്ന ഒന്നാണെന്ന് പഠിച്ചു വളരുന്ന ഒരു തലമുറ, മതനിരപേക്ഷ ജനാധിപത്യമെന്നത് ദേശഭക്തിയോട് ചേര്‍ന്നുനില്‍ക്കുന്നതാകണമെന്ന് പഠിച്ചു വളരുന്ന ഒരു തലമുറ, നിയമത്തിനു മുന്നില്‍ പൗരന്‍മാരെല്ലാം തുല്യരാണെന്ന സങ്കല്‍പ്പം റിപ്പബ്ലിക്കിന്റെ സംവിധാനങ്ങള്‍ക്ക് വിധേയമാണെന്ന് പഠിച്ചുവളരുന്ന ഒരു തലമുറ – അത് അടിമകള്‍ക്ക് സമാനമായ ഒന്നായി മാറില്ലേ എന്ന സന്ദേഹം അപ്രസക്തമല്ല. രാമക്ഷേത്ര ദര്‍ശനത്തിന് പദ്ധതിയൊരുക്കുമെന്ന് പ്രഖ്യാപിക്കുന്ന ഭരണകൂടം, ന്യൂനപക്ഷങ്ങളുടെ ആരാധനാലായങ്ങളും ഇതര സ്വത്തുക്കളും അധിനിവേശത്തിന്റെ അടയാളങ്ങളാണെന്നും അതെപ്പോള്‍ വേണെങ്കിലും അക്രമാസക്തമായ മാര്‍ഗങ്ങളിലൂടെ പിടിച്ചെടുക്കാന്‍ സംഘടിത ഭൂരിപക്ഷത്തിന് അവകാശമുണ്ടെന്നും സ്ഥാപിച്ചെടുക്കുന്ന തീവ്രവര്‍ഗീയതയുടെ പിന്‍പാട്ടുകാര്‍ മാത്രമായി മാറുകയാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതും അത് നിലനിന്ന പ്രദേശത്തിന്റെ ഉടമസ്ഥാവകാശം ഹിന്ദുക്കള്‍ക്കാണെന്ന പരമോന്നത കോടതിയുടെ വിധിയും രാജ്യത്തെ ഏറ്റവും പ്രബലമായ ന്യൂനപക്ഷ വിഭാഗത്തെ വലിയ അളവില്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടതാണ്. അവിടെ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് പറയുമ്പോള്‍, ഈ ന്യൂനപക്ഷത്തിന് രാജ്യത്തു തന്നെ വലിയ വിലയൊന്നുമില്ലെന്ന് പറയാതെ പറയുകയാണ് എ എ പി. ഭൂരിപക്ഷാധിപത്യം അംഗീകരിച്ച് ജീവിക്കുക എന്നതു മാത്രമാണ് ന്യൂനപക്ഷങ്ങളുടെ വിധിയെന്നും.

എ എ പിയുടെ രൂപവത്കരണകാലത്ത് തന്നെ ഉയര്‍ന്ന സംശയങ്ങള്‍ ശരിവെക്കപ്പെടുകയാണ്. സംഘപരിവാരത്തിന്റെ രണ്ടാം നിരയെന്നതിലുപരി, അവരുടെ അജണ്ടകളെ വ്യവസ്ഥാപിത രീതികളിലുടെ നടപ്പാക്കിക്കൊണ്ട്, ബി ജെ പിയെ നിഷ്‌കാസനം ചെയ്യുക എന്ന് ലക്ഷ്യമിടുന്നവരെന്ന യാഥാര്‍ത്ഥ്യം പുറത്തുവരികയാണ്. മതനിരപേക്ഷ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളെയൊക്കെ ഇല്ലാതാക്കുക എന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കപ്പെട്ടാല്‍, ഒരേ അജണ്ടയെ ഭിന്നവിധത്തില്‍ പിന്തുണയ്ക്കുന്ന ഭരണ – പ്രതിപക്ഷങ്ങളുണ്ടാകുന്ന രാഷ്ട്രമായി ഒരുപക്ഷേ ഇന്ത്യന്‍ യൂണിയന്‍ മാറിയേക്കാം. അതുമൊരു സംഘപരിവാര്‍ അജണ്ട തന്നെയാകണം.

വി എസ് ദീപ

You must be logged in to post a comment Login