ഇത് രാഷ്ട്രീയ പോരാട്ടമാണ് മുടി മുണ്ഡന നാടകമൊഴിവാക്കാം

ഇത് രാഷ്ട്രീയ പോരാട്ടമാണ് മുടി മുണ്ഡന നാടകമൊഴിവാക്കാം

ഈ ചൂണ്ടുവിരല്‍ നിങ്ങള്‍ വായിച്ചുതുടങ്ങുമ്പോഴേക്കും കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ മൂര്‍ധന്യത്തെ സ്പര്‍ശിച്ചിട്ടുണ്ടാകും. ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും അതിനെയെല്ലാം മുച്ചൂടും മുടിക്കാന്‍ നിലയെടുത്തുനില്‍ക്കുന്ന ഹിംസാത്മക വലതുപക്ഷത്തെയും കുറിച്ച് നിരന്തരം സംസാരിക്കുന്നവരാണല്ലോ നമ്മള്‍? അതിനാല്‍ത്തന്നെ ജനാധിപത്യത്തെയും അതിന്റെ പ്രകാശനസ്ഥാനങ്ങളില്‍ ഒന്നായ തിരഞ്ഞെടുപ്പിനെയും സംബന്ധിച്ച് നാം സംസാരിക്കേണ്ടിയിരിക്കുന്നു. പക്ഷേ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, എന്തിനെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത്?

ഈ കുറിപ്പ് നിങ്ങള്‍ വായിക്കുമ്പോഴേക്ക് അപ്രസക്തമായിത്തീരുന്ന ലതികാ സുഭാഷിന്റെ ശിരോ മുണ്ഡനത്തെക്കുറിച്ചോ? എങ്കില്‍ അതു പറഞ്ഞിട്ട് പോകാം. നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം എത്തിനില്‍ക്കുന്ന ഘോരമായ അശ്ലീലത്തിന്റെ പ്രകടനമായിരുന്നു ആ മുടിബലി. ലതികക്ക് യു ഡി എഫും കോണ്‍ഗ്രസും സീറ്റ് നിഷേധിച്ചതിലല്ല പക്ഷേ, അശ്ലീലം. നിങ്ങള്‍ക്കറിയും പോലെ കേരളത്തിലെ പൊതുരാഷ്ട്രീയ മണ്ഡലത്തില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം സ്ത്രീകളില്‍ ഒരാളാണ് ലതികാ സുഭാഷ്. ലതികക്ക് മുമ്പേ രാഷ്ട്രീയത്തില്‍ വന്ന, ഇപ്പോഴും ഡി സി സി തലത്തിലും ജില്ലാ പഞ്ചായത്ത് തലത്തിലും മാത്രം എത്തിപ്പെട്ട കെ ആര്‍ സുഭാഷാണ് ഭര്‍ത്താവ്. ലതിക മികച്ച നേതാവാണ്. അവിശ്രമം ജോലിചെയ്യുന്ന നേതാവ്. അതിനാലാണല്ലോ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി ലതിക അവരോധിതയായത്. അന്ന് ലതികയെക്കാള്‍ മൂപ്പും മുഴക്കവുമുള്ള നാല് സ്ത്രീകള്‍ ആ പദവിയിലേക്ക് കോട്ടയത്ത് തഴയപ്പെട്ടു. ആ സ്ത്രീകളെല്ലാം തദ്ദേശ രാഷ്ട്രീയത്തിലുണ്ട്. പിന്നീട് പലവട്ടം പലപദവികളില്‍ നാം ലതികാ സുഭാഷിനെ കണ്ടു. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലാണ് ഒടുവില്‍ അവരെയറിഞ്ഞത്. വി എസ് അച്യുതാനന്ദനെതിരെ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് യുദ്ധം നയിച്ചതും മറ്റാരുമല്ല. പക്ഷേ, ഒറ്റ സീറ്റിന് അവര്‍ ശിരോമുണ്ഡനം നടത്തി. കരഞ്ഞു. ഇടത്, വലതുമുന്നണികള്‍ തിരഞ്ഞെടുപ്പ് വേളയില്‍ സൗകര്യപൂര്‍വം മറക്കുന്ന സ്ത്രീനീതി എന്ന ആശയത്തെ മുന്നോട്ടു കൊണ്ടുപോകാനല്ല ലതികയുടെ മുടിബലി. ലതികാ സുഭാഷിന് സീറ്റ് ലഭിച്ചില്ല എന്ന ഒറ്റപ്പേരിലാണ്. നോക്കൂ, കേരളത്തിന്റെ തിരഞ്ഞെടുപ്പ് കാലം ചര്‍ച്ച ചെയ്ത ഒരു വിഷയം അതാണ് . അതിനാലാണ് നാം ഇപ്പോള്‍ ആ രാഷ്ട്രീയമല്ല സംസാരിക്കേണ്ടത് എന്ന് പറഞ്ഞത്.

കേരളത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ അതിപ്രധാനമായ ഒന്നാണ് 2021 ഏപ്രില്‍ ആറിലേത്. ഇതൊരു ആലങ്കാരിക പ്രസ്താവനയല്ല. മുന്‍പ് നടന്ന മുഴുവന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും ഈ തിരഞ്ഞെടുപ്പിനുള്ള പ്രധാനപ്പെട്ട ഒരു സവിശേഷത സാധാരണയില്‍ കവിഞ്ഞ രാഷ്ട്രീയം പറയാന്‍ അത് പ്രതിപക്ഷത്തെ നിര്‍ബന്ധിക്കുന്നു എന്നതാണ്. എന്താണ് സാധാരണയില്‍ കവിഞ്ഞ ആ രാഷ്ട്രീയം? അത് ലളിതമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാര്യമായ ഭരണവിരുദ്ധ തരംഗമോ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളോ ഇല്ലാതെ ഒരു ഭരണമുന്നണി തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. 1987-ലെ അപവാദം നമുക്ക് ഒഴിച്ചുനിര്‍ത്താം. രാജീവ് ഗാന്ധിയുടെ കൊലപാതകം സൃഷ്ടിച്ച ഉഗ്രമായ സഹതാപത്തിന്റെ കൊടുങ്കാറ്റിലാണ് ആ തിരഞ്ഞെടുപ്പ് ആടിയുലഞ്ഞത് എന്നോര്‍ക്കുക. 2011 ലെ തിരഞ്ഞെടുപ്പിലേക്ക് വരാം. സാമാന്യം ഭേദപ്പെട്ട, ജനപ്രിയമായ സര്‍ക്കാരാണ് അന്ന് ഭരണത്തില്‍. വി എസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രി. മാധ്യമപരിലാളന വേണ്ടുവോളം ലഭിച്ച നേതാവ്. പക്ഷേ, പാര്‍ട്ടിയും സര്‍ക്കാരും ക്രൂരമാം വിധം രണ്ടുതട്ടിലായിരുന്നു. വി എസ്- പിണറായി ദ്വന്ദം സൃഷ്ടിക്കപ്പെട്ടു. വി എസ് പരസ്യമായി പാര്‍ട്ടിയെ വെല്ലുവിളിച്ച സന്ദര്‍ഭം പോലുമുണ്ടായി. ചരിത്രത്തിലാദ്യമായി സി പി എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി. സംസ്ഥാന കമ്മിറ്റിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ചോര്‍ന്നു. ജനപ്രിയനായി വിരാജിക്കുന്ന വി എസിന് രണ്ടാമൂഴം വേണ്ടെന്ന് പാര്‍ട്ടി തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണം വി എസ് നയിക്കട്ടെ എന്ന് തീരുമാനമായി. വി എസിന്റെ മണ്ഡലമായ മലമ്പുഴയിലേക്ക് പാലക്കാട് ജില്ലാ കമ്മിറ്റിയംഗം പ്രഭാകരനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും പിന്നീട് കേരളം കണ്ട കാഴ്ചകള്‍. സംസ്ഥാനത്തെമ്പാടും പ്രകടനങ്ങള്‍. ഒരു കേഡര്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി അത് അണികളാല്‍ വെല്ലുവിളിക്കപ്പെട്ടു. ഒന്നോ രണ്ടോ ഇടത്തല്ല. കേരളമാകെ പ്രതിഷേധം ഉയര്‍ന്നു. സി പി എമ്മിന്റെ കാര്യത്തില്‍ പൊതുവേ നിശബ്ദരായിരുന്ന സി പി ഐ പോലും ഇതേ ആവശ്യം ഉയര്‍ത്തി. ഒടുവില്‍ സി പി എം കേന്ദ്രകമ്മിറ്റിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വി എസിന് സ്ഥാനാര്‍ഥിത്വം ലഭിച്ചു. ആ തിരഞ്ഞെടുപ്പില്‍ ഒട്ടാകെ നിശബ്ദമായ വി എസ് തരംഗം അലയടിച്ചു. ഫലം നാടകീയമായിരുന്നു. 68 സീറ്റ് എല്‍ ഡി എഫിന്, 72 സീറ്റ് യു ഡി എഫിന്. അഞ്ചുമണ്ഡലങ്ങളിലെ സി പി എം ഉള്‍പ്പാര്‍ട്ടിപ്പോരാണ് അന്ന് ഇടതുമുന്നണിയെ പരാജയപ്പെടുത്തിയത്.

2016 വരെ നീണ്ട യു ഡി എഫ് ഭരണം ഓര്‍ക്കുമല്ലോ? അത് നമ്മള്‍ സംസാരിക്കേണ്ടതില്ല. ഇക്കാലയളവില്‍ രാജ്യമൊട്ടാകെ മറ്റൊന്ന് സംഭവിച്ചത് നമുക്ക് വിസ്മരിക്കാനുമാവില്ല. അത് കോണ്‍ഗ്രസിന്റെ പതനമായിരുന്നു. ചരിത്രം പ്രവഹിക്കുന്നത് നമ്മള്‍ ആഗ്രഹിക്കും പോലെയല്ല എന്ന പ്രഖ്യാത വചനമുണ്ടല്ലോ? 2014-ല്‍ കോണ്‍ഗ്രസിനെ അമ്പേ തകര്‍ത്ത് മോഡിയുടെ വരവായി. ഇന്ത്യന്‍ ജീവിതത്തില്‍ നിന്ന് മതേതര ഇഴയടുപ്പം പൊട്ടിച്ചിതറാന്‍ തുടങ്ങി. ന്യൂനപക്ഷങ്ങള്‍ ചകിതരായി. അവര്‍ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതുമില്ല. ചക്കളത്തിപ്പോരും കുതികാല്‍ വെട്ടും മൂലം ആ മഹാപ്രസ്ഥാനം തകര്‍ന്നു. ആ തകര്‍ച്ചയുടെ ബാക്കി പത്രമായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ കണ്ട നെറികേടുകള്‍. ന്യൂനപക്ഷ സംരക്ഷണത്തിന് ചരിത്രപരമായി ബാധ്യസ്ഥരായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാകട്ടെ യു ഡി എഫ് ഭരണത്തില്‍ നിന്ന് കൊഴുപ്പൂറ്റാനുള്ള പാച്ചിലില്‍ ആയിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ കൊടിയ വികാസങ്ങളോട് അവര്‍ മുഖം തിരിച്ചു. ഇപ്പോള്‍ പൊളിച്ചു പണിത പാലാരിവട്ടം പാലം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഖബറുകളില്‍ ഒന്നാണ്. ജനതയെ ഒന്നടങ്കം വെറുപ്പിച്ചാണ് യു ഡി എഫ് 2016-ല്‍ അധികാരമൊഴിഞ്ഞത്. അപ്പോഴേക്കും വി എസ് ദുര്‍ബലനാവുകയും പിണറായി വിജയന്‍ പാര്‍ട്ടിയില്‍ അപ്രമാദിതനാവുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ശാരീരികമായും സംഘടനാപരമായും ദുര്‍ബലനായിക്കഴിഞ്ഞ വി എസിന് കൂടി സീറ്റ് കൊടുത്ത് ഉള്‍പ്പാര്‍ട്ടി പടലപ്പിണക്കങ്ങളെ ശമിപ്പിച്ചാണ് സി പി എമ്മും എല്‍ ഡി എഫും തിരഞ്ഞെടുപ്പിനെ നേരിട്ടത്. യു ഡി എഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെയായിരുന്നു പ്രചാരണായുധം. ജനത എല്‍ ഡി എഫിനൊപ്പം നിന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. 91 സീറ്റുകളുടെ പിന്‍ബലം.

ഇതെല്ലാം നമ്മള്‍ ഇപ്പോള്‍ ഓര്‍ക്കുന്നത് അത്തരം തിരഞ്ഞെടുപ്പുകളുടെ കാലം കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നിന്നുകൊണ്ടാണ്. കേരളം രൂപീകൃതമായതിന് ശേഷം നടന്ന മുഴുവന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും ഈ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കേണ്ടിയിരുന്നത് ആ കാലം കഴിയലാണ്. വിശദീകരിക്കാം.

ഇടത് വലത് മുന്നണികള്‍ പങ്കിട്ടെടുക്കുകയും ബി ജെ പിയും അവര്‍ തട്ടിക്കൂട്ടുന്ന മുന്നണിയും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയും ചെയ്യുന്ന ഒന്നായിരുന്നു പതിറ്റാണ്ടുകളായി കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. അത് നിശ്ചയമായും മത-ജാതി മുക്തമായ ഒന്നായിരുന്നില്ല. കേരളത്തിന്റെ മതേതര ജീവിതത്തില്‍ ഒരു പോറലുമേല്‍പ്പിക്കാതെ മത, ജാതി വ്യവഹാരങ്ങള്‍ സുഗമമായി സംഭവിക്കുന്ന ഒരിടമായിരുന്നു പോയകാല കേരളം. വിശ്വാസികള്‍ക്ക് മേല്‍ക്കൈ ഉള്ള ഏത് സമൂഹത്തിലുമെന്ന പോലെ വിശ്വാസികളുടെ നാനാതരം കൂട്ടായ്മകള്‍ അത്ര പ്രകടമായിട്ടല്ലെങ്കില്‍ പോലും തിരഞ്ഞെടുപ്പില്‍ അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെട്ടു. സ്വാഭാവികമായും അത് അധികാരം എന്ന സാമൂഹ്യ വിഭവത്തിലെ ജനസംഖ്യാപരമായ പങ്കാളിത്തം ഉറപ്പിക്കാന്‍ കൂടിയായിരുന്നു എന്ന് മനസിലാക്കാം. അതില്‍ അശ്ലീലമായ കടന്നേറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല, പക്ഷേ അധികാരപങ്കാളിത്തം എന്ന സാമൂഹിക ഫലത്തിന് മുന്നില്‍ ആ അശ്ലീലങ്ങള്‍ ക്ഷമിക്കപ്പെടാവുന്നതായിരുന്നു. ഉദാഹരണത്തിന് ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു പ്രദേശത്തെ സ്ഥാനാര്‍ഥി ആ വിഭാഗത്തില്‍ നിന്നുള്ള ആളാവണം എന്ന് ഒരു ക്രിസ്ത്യന്‍ സംഘടന ആവശ്യപ്പെട്ടു എന്നിരിക്കട്ടെ. ഉപരിപ്ലവ മതേതര വിചാരങ്ങളെ സംബന്ധിച്ച് അത് ജനാധിപത്യ വിരുദ്ധവും കയ്യേറ്റവും ആയി തോന്നാം. പക്ഷേ, പ്രാതിനിധ്യം എന്ന വിശാലാശയത്തിന് മേല്‍ അത് അപകടം ചെയ്യുന്ന ഒന്നല്ല. അതുപോലെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ജാതി മത സന്തുലനവും. തൊണ്ണൂറു ശതമാനം പേരും വിശ്വാസികളും ജാതി മത ബദ്ധരുമായ സമൂഹമാണ് കേരളം. എന്തെന്നാല്‍ കേരളീയ നവോത്ഥാനം ഒരിക്കലും ജാതി മത വിരുദ്ധമായ ഒന്നായിരുന്നില്ല. നമ്മുടെ സമൂഹത്തിന്റെ ആന്തരിക ബലങ്ങളില്‍ നാനാവിധ വിശ്വാസി സമൂഹങ്ങളുടെ സാന്നിധ്യമുണ്ട്. അതിനാല്‍ പോയ നാളുകളിലെ കേരള രാഷ്ട്രീയത്തിലെ മത ജാതി ഇടപെടലുകളെ പ്രാതിനിധ്യത്തിനായുള്ള ജനാധിപത്യ ശ്രമങ്ങളായാണ് മനസിലാക്കേണ്ടത്. അല്ലാതെയുള്ള മനസിലാക്കലുകള്‍ക്ക് ഒരു സാംഗത്യവും ഇല്ലെന്നല്ല. പക്ഷേ, അവയ്‌ക്കൊന്നും സാമൂഹിക ഫലമില്ല. സാമൂഹിക ഫലമാണ് ഒരു സമൂഹത്തെ ചലനാത്മകമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ മൂല്യമളക്കാനുള്ള ഉപാധിയായി വര്‍ത്തിക്കേണ്ടത്. ആ നിലയില്‍ ഉന്നത ജനാധിപത്യത്തിന്റെ ചില പ്രകാശങ്ങള്‍ പലനിലകളില്‍ കേരളത്തിന്റെ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായിരുന്നു എന്ന് മനസിലാക്കാം. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതകളും അഴിമതിയും വിചാരണ ചെയ്യുന്നതും വിഴുപ്പലക്കുന്നതുമെല്ലാം ജനാധിപത്യം എന്ന മഹാസൗന്ദര്യത്തിന് മുന്നിലെ മഞ്ഞ വെളിച്ചങ്ങളാണ്.

പക്ഷേ, കാര്യങ്ങള്‍ മാറുന്നു എന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ്. കാഴ്ചക്കാരായിരുന്ന സംഘപരിവാര്‍ കളം പിടിക്കാനുറച്ച് രംഗത്തുണ്ട് എന്നതല്ല കാരണം. മറിച്ച് സംഘപരിവാറിന്റെ സാന്നിധ്യം നമ്മുടെ തിരഞ്ഞെടുപ്പിന്റെ സാമൂഹിക ഊടും പാവും വലിയതോതില്‍ ദുര്‍ബലമാക്കിയിരിക്കുന്നു. അതിനാലാണ് രണ്ടിടത്ത് മത്സരിക്കുന്ന കെ സുരേന്ദ്രന്‍ അതിന്റെ പേരില്‍ വിമള്‍ശിക്കപ്പെടാത്തത്. ഉത്തരേന്ത്യന്‍ ഖാപ്പ് മാതൃകയിലുള്ള ജനാധിപത്യത്തില്‍ ചിരപരിചിതമായ ഒന്നാണല്ലോ ഒന്നിലേറെ മണ്ഡലങ്ങള്‍. ആ നിലപാട് കേരളത്തില്‍ സ്വീകരിക്കപ്പെടുന്നു. മറ്റൊന്ന് സംഘപരിവാര്‍ വോട്ടാക്കാന്‍ വേണ്ടി സൃഷ്ടിച്ച ചില ധ്രുവീകരണങ്ങളെ കണ്ണടച്ച് ഏറ്റെടുക്കാനുള്ള യു ഡി എഫ് നീക്കമാണ്. പിന്നീട് പിന്‍വലിച്ചു എങ്കിലും ഏറെപ്പേര്‍ കണ്ട യു ഡി എഫിന്റെ ശബരിമല വീഡിയോ നോക്കൂ. ഈ കുറിപ്പ് നിങ്ങളില്‍ എത്തും വരെ ആവര്‍ത്തിക്കാന്‍ പോകുന്ന ബഹുമുഖ നാടകങ്ങളുടെ പകര്‍പ്പാണത്. തുടര്‍ഭരണം എന്ന ഭീതിയില്‍ നിന്ന് കരകയറാന്‍ പ്രതിപക്ഷം പ്രയോഗിക്കുന്ന ഈ ഇരുതലവാളുകള്‍ കേരളം എന്ന ബൃഹത്തായ ആശയത്തിന് മേല്‍ ഏല്പിക്കാന്‍ പോകുന്ന മുറിവുകള്‍ വരും നാളുകളില്‍ നമുക്ക് എണ്ണിയെടുക്കാം.

സംഘപരിവാര്‍ പക്ഷേ, ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത് അവരുടെ ദേശീയനയമാണ്. കേരളം പിടിക്കാനുള്ള അവരുടെ അവസാനത്തെ തുറുപ്പ് വിഭജനത്തിന്റെ യുക്തിയാണ്. ദേശീയതലത്തില്‍ ആ യുക്തിക്കെതിരെ സമരമുഖത്താണ് ഇടതുപക്ഷവും പേരിനെങ്കിലും കോണ്‍ഗ്രസും. ആളോഹരി രാഷ്ട്രീയ സാക്ഷരതയില്‍ അങ്ങേയറ്റം മുന്നിലാണ് കേരളം. പിണറായിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം പ്രതിപക്ഷത്തിന്റെ മുന്നിലുണ്ട്. വീഴ്ചകളും കെടുകാര്യസ്ഥതകളും പേരിനുപോലുമില്ലാത്ത ഒന്നായിരുന്നില്ല ഈ സര്‍ക്കാര്‍. നിര്‍ഭാഗ്യവശാല്‍ അതൊന്നും പോയ അഞ്ചുവര്‍ഷങ്ങളില്‍ പ്രതിപക്ഷം മൈക്ക് കെട്ടിപ്പറഞ്ഞ വീഴ്ചകളല്ല. മറിച്ച് കേരളം എന്ന സാമ്പത്തികാശയത്തെ ദുര്‍ബലമാക്കുന്ന പലതും ഈ സര്‍ക്കാരില്‍ നിന്നുണ്ടായി. കിഫ്ബി കിഫ്ബി എന്ന മുറവിളിക്ക് പകരം വികസനം എന്ന അടിസ്ഥാന ആശയമെന്താണ് എന്ന് പ്രതിപക്ഷത്തിന് ചര്‍ച്ചക്ക് വെക്കാമായിരുന്നു. ഭരണഘടനാ വിരുദ്ധമായ മുന്നോക്ക സംവരണത്തെ ചര്‍ച്ചക്ക് വെക്കാമായിരുന്നു. അതൊന്നും ഉണ്ടായില്ല. ഉണ്ടാകുന്നില്ല. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച നിലപാടുകള്‍ പറയുന്നില്ല. കേന്ദ്ര ഭരണത്തിന് കീഴില്‍ കാണാതെ പോയ യുവാക്കളെ കുറിച്ച് പറയുന്നില്ല. ഒരു യുവ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ പുംഗവനെ അരിയിട്ട് വാഴിച്ച ആഭാസത്തരം മിണ്ടുന്നില്ല. മറിച്ചോ ഉത്തരേന്ത്യയില്‍ പയറ്റി പരാജയപ്പെട്ട മത-ജാതി രാഷ്ട്രീയത്തില്‍ അഭയം പ്രാപിക്കുന്നു.

സംഘപരിവാറാണ് ഈ തിരഞ്ഞെടുപ്പില്‍ കോളടിക്കുക. അവര്‍ ചിലപ്പോള്‍ സീറ്റുകള്‍ നേടിയേക്കില്ല. പക്ഷേ, അവരുണ്ടാക്കിക്കഴിഞ്ഞ ദൃശ്യതക്ക് വലിയ വില നല്‍കേണ്ടി വരിക കോണ്‍ഗ്രസാണ്.

ഇളക്കിമറിക്കാന്‍ പറ്റുന്ന, തരംഗത്തിന് പിന്നാലെ പായുന്ന ജനത അപ്രത്യക്ഷമായിക്കഴിഞ്ഞു. ഓരോ വ്യക്തികളും വിധികര്‍ത്താക്കളായിക്കഴിഞ്ഞ കാലമാണ്. അവരിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തി കേരളത്തില്‍ തിരഞ്ഞെടുപ്പ് മാമാങ്കങ്ങള്‍ നടന്നുകൂടാ. കാരണം ഏപ്രില്‍ ആറിന് ശേഷവും കേരളമുണ്ടാവണം. പെരുന്നാളിന് ഇറച്ചി വാങ്ങാന്‍ പോകുന്ന ഒരു മുസ്ലിം ബാലനെ കുത്തിക്കൊല്ലുന്ന നാടായി ഇത് മാറരുത്. അങ്ങനെ ആഗ്രഹിക്കുന്ന മൗദൂദിസ്റ്റുകളും അവരുടെ വിളയാട്ടം കണ്ട് ആനന്ദിക്കുന്ന സംഘപരിവാറും കളം വാഴാന്‍ ചീട്ട് തപ്പുന്നത് കാണണം. അത് തിരിച്ചറിയണം. ഫാഷിസത്തോട് ചെറുക്കാന്‍ മൂല്യത്തിന്റെ രാഷ്ട്രീയത്തിന് മാത്രമേ കഴിയൂ.

അത്തരം ഒരു മൂല്യവും മുന്നോട്ടു വെക്കാതെ താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മുടി മുണ്ഡന നാടകങ്ങളാവരുത് ഈ തിരഞ്ഞെടുപ്പിന്റെ ചിത്രം. നിശ്ചയമായും ഇത് രാഷ്ട്രീയ പോരാട്ടമാണ്. അതാകട്ടെ തീവ്രവലതുപക്ഷത്തെ ഇവിടെ വളര്‍ത്താതിരിക്കാനുള്ള ഒന്നായി മാറേണ്ടതുണ്ട്.

കെ കെ ജോഷി

You must be logged in to post a comment Login