വര്‍ഗീയതയല്ല വികസനമാണ് പ്രധാനം

വര്‍ഗീയതയല്ല വികസനമാണ് പ്രധാനം

പതിനഞ്ചാം കേരള നിയമസഭയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. സഭയില്‍ ഏതു മുന്നണിക്കാണ് ഭൂരിപക്ഷമെന്നറിയാനുള്ള കാത്തിരിപ്പാണിനി. ഹിതം നേടിയെടുക്കാന്‍ എന്താണ് രാഷ്ട്രീയ സംവിധാനങ്ങള്‍ ജനങ്ങളുടെ മുമ്പാകെ വെച്ചത് എന്നതും അത് കേരളീയ സമൂഹത്തില്‍ എന്ത് ആഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്നതും ഒരുപക്ഷേ, ഈ ഫലത്തിലൂടെ മനസിലാകും. ഇടത് – ഐക്യ മുന്നണികളെ മാത്രമേ ഇവിടെ പരിഗണിക്കുന്നുള്ളൂ. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ അധികാരത്തിലേറാനുള്ള സാധ്യത തീരെയില്ലാത്തതിനാലും വര്‍ഗീയ വിദ്വേഷം വളര്‍ത്തി അധികാരം പിടിക്കുക എന്ന മിനിമം പരിപാടിയല്ലാതെ മറ്റൊന്നുമില്ലാത്തതിനാലും അവരെ പരിഗണിക്കുന്നില്ല. പക്ഷേ, ഈ രണ്ട് മുന്നണികളുടെയും തന്ത്രങ്ങള്‍ സംഘപരിവാരത്തിന് വേരോട്ടമുണ്ടാക്കുന്നത് കാണാതിരിക്കുന്നുമില്ല.

തിരഞ്ഞെടുപ്പിന്റെ പതിവ് ചിട്ടവട്ടങ്ങളൊക്കെ പൂര്‍ത്തിയാക്കിയിരുന്നു ഇരു മുന്നണികളും. ഭരണത്തില്‍ തുടര്‍ന്നാലും ഭരണം തിരികെപ്പിടിച്ചാലും നടപ്പാക്കാന്‍ പോകുന്ന പരിഷ്‌കാരങ്ങള്‍ വിശദീകരിച്ചുള്ള പ്രകടനപത്രികകള്‍ അവതരിപ്പിക്കുകയും ചെയ്തു. പത്രിക രൂപവത്കരിക്കുന്നതിന് വിവിധ വിഭാഗങ്ങളുമായുള്ള ആശയ വിനിമയത്തിന് സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സമയം കണ്ടെത്തുകയും ചെയ്തു. സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള വലുതും ചെറുതുമായ തര്‍ക്കങ്ങള്‍, സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍, പ്രതിഷേധങ്ങള്‍ ഒക്കെ മുറ പോലെ നടന്നു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ ജാതി, മത, ലിംഗ പരിഗണനകളൊക്കെ മുന്നണികളും അവയിലെ പാര്‍ട്ടികളും കണക്കിലെടുത്തു. ചില സമുദായങ്ങള്‍ നിര്‍ണായകമാകുന്ന മണ്ഡലങ്ങളില്‍ ആ സമുദായാംഗത്തെ തന്നെ മത്സരിപ്പിക്കുക എന്ന പതിവിലും മാറ്റമൊന്നുമുണ്ടായില്ല. വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം നിയമസഭയില്‍ ഉറപ്പാക്കുക എന്നത് പ്രധാനമാകയാല്‍ അതേക്കുറിച്ചും അഭിപ്രായ വ്യത്യാസമില്ല. ഇതിനൊക്കെ ശേഷം നിരത്തിയ സ്ഥാനാര്‍ഥികളുടെ മേന്മയും മികവും പ്രകടന പത്രികകളില്‍ വാഗ്ദാനം ചെയ്യുന്നവയുടെ കനവും മികവും ഒക്കെ പരിശോധിച്ചും പോയ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിലെ ഗുണദോഷങ്ങള്‍ വിലയിരുത്തിയും വോട്ടു ചെയ്യാനാണോ ജനങ്ങളോട് ഇടത് – ഐക്യ മുന്നണികളും അവയിലെ ഘടകകക്ഷികളും ആവശ്യപ്പെട്ടത് എന്ന ചോദ്യം പ്രധാനമാണ്. നയനിലപാടുകളിലെ മാറ്റം പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കാനാണോ ആവശ്യപ്പെട്ടത് എന്നതും. രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ ഇനിയുള്ള നാളുകളില്‍ സ്വയം ചോദിക്കേണ്ട ചോദ്യവുമിതാണ്.

അഞ്ചാണ്ട് പുറത്തിരുന്നശേഷം, ഭരണം മാറുക എന്ന പതിവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ രംഗത്തെത്തിയ കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന ഐക്യജനാധിപത്യ മുന്നണി ഊന്നിയത് ശബരിമലയിലെ ആരോപിക്കപ്പെടുന്ന ആചാര ലംഘനത്തിലാണ്. തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം കലങ്ങിമറിഞ്ഞ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനൊടുവില്‍ സൈന്യാധിപസ്ഥാനത്ത് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടി, പ്രചാരണ രംഗത്തേക്കിറങ്ങുന്നത്, പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമലയിലെ ആചാരം ലംഘിച്ച്, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയത് ഉന്നയിച്ചുകൊണ്ടാണ്. തൊട്ടുപിറകെ, ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് കരട് ബില്ല് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ നിയമനിര്‍മാണം അസാധ്യമാണെന്ന വസ്തുത മുന്നിലിരിക്കെയാണ് ഈ നടകം അരങ്ങേറിയത്. പിന്നീടിങ്ങോട്ടുള്ള ദിനങ്ങളില്‍ ശബരിമല സജീവ വിഷയമാക്കി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കിണഞ്ഞ് ശ്രമിച്ചിരുന്നു. അതിന്റെ കലാശമാണ് വോട്ടെടുപ്പ് ദിനത്തില്‍ കണ്ടത്.

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി, നടപ്പാക്കുക എന്നത് ഏതൊരു സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണ്. അത് നിറവേറ്റാന്‍ ശ്രമിച്ചതോ നിറവേറ്റിയതോ ആണ് ആചാര ലംഘനമായി സംഘപരിവാരവും കോണ്‍ഗ്രസും ഒരുപോലെ വിശേഷിപ്പിച്ചത്. പന്തളം കൊട്ടാരത്തിന്റെയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മുന്‍കൈയില്‍ ആരംഭിച്ച നാമജപഘോഷയാത്രയിലെ ആളെണ്ണം കണ്ട്, അതിലൊരു സുവര്‍ണാവസരം സംഘപരിവാരവും അക്കാലം ബി ജെ പിയുടെ പ്രസിഡന്റായിരുന്ന പി എസ് ശ്രീധരന്‍ പിള്ളയും ദര്‍ശിക്കുകയും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഹിന്ദുക്കളില്‍ വലിയൊരു വിഭാഗത്തെ വൈകാരികമായി ചൂഷണം ചെയ്ത് സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാനാകുമോ എന്ന ശ്രമം കോണ്‍ഗ്രസും തുടങ്ങുന്നത്. ഇല്ലാത്ത ആചാരത്തിന്റെ പേരില്‍ സംഘടിപ്പിക്കപ്പെടുന്നവര്‍, വൈകാതെ സംഘപരിവാരത്തിന്റെ ആലയിലാകും ചെന്നുചേരുക എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കാതിരിക്കുകയോ മനസ്സിലായിട്ടും താത്കാലികലാഭം മുന്‍ നിര്‍ത്തി അതിന് ശ്രമിക്കുകയോ ചെയ്തു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റില്‍ വിജയിച്ചതോടെ, ‘ആചാര സംരക്ഷണം’ ഫലം കണ്ടുവെന്ന വിലയിരുത്തലിലേക്ക് അവരെത്തി. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബി ജെ പി വീണ്ടും അധികാരത്തില്‍ വരുന്നതിനോട് യോജിപ്പില്ലാത്ത മതനിരപേക്ഷ ചിന്താഗതിക്കാരായ ഭൂരിപക്ഷം മലയാളികള്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ തീരുമാനിച്ചതാണെന്ന യഥാര്‍ത്ഥ രാഷ്ട്രീയം അവര്‍ കണ്ടില്ല. അതിന്റെ തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആചാര സംരക്ഷണം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസും യു ഡി എഫും തീരുമാനിച്ചത്. സന്നിധാനം അശുദ്ധമാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പിരക്കണമെന്ന് ‘ആദര്‍ശധീരനായ’ എ കെ ആന്റണി വിലപിക്കുന്ന അശ്ലീലം നമ്മള്‍ കണ്ടത് അതുകൊണ്ടാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വി, ആചാര ലംഘനം മൂലമെന്ന അബദ്ധ ധാരണയില്‍ സി പി ഐ എമ്മും ഇടതുപക്ഷവും ചെന്നുപെട്ടിരുന്നു. നാട്ടില്‍ നടന്നത്, മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണമാണെന്ന് തിരിച്ചറിയാനുള്ള നാഭീനാള ബന്ധം ജനങ്ങളുമായില്ലാതായതിന്റെ ഫലമയിരുന്നു അത്. ശബരിമല വിശദീകരിക്കാന്‍ സി പി ഐ(എം) നേതാക്കള്‍ നടത്തിയ ഗൃഹസന്ദര്‍ശന പരിപാടികളും ഈ തിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന തീരുമാനത്തില്‍ നിന്ന് മാറി ഖേദപ്രകടനം നടത്തിക്കൊണ്ട്, കടകംപള്ളി സുരേന്ദ്രന്‍ ആചാര സംരക്ഷണത്തിനൊപ്പമെന്ന ധ്വനിയുണ്ടാക്കിയതും അതിന്റെ തുടര്‍ച്ചയായി വേണം കാണാന്‍. ചുരുക്കത്തില്‍, സംഘപരിവാരത്തിന് വേരോട്ടമുണ്ടാക്കാന്‍ പാകത്തില്‍ കോണ്‍ഗ്രസ് ഉപയോഗിക്കുമ്പോള്‍ അതിന് സാധൂകരണം നല്‍കും പോലെയായി കടകംപള്ളിയുടെ ഖേദപ്രകടനവും അതേത്തുടര്‍ന്ന് ആ പാര്‍ട്ടിയില്‍ നിന്ന് തന്നെയുണ്ടായ ഇതര പ്രതികരണങ്ങളും. ഏറ്റവുമൊടുവിലാണെങ്കിലും അയ്യപ്പനും ദേവഗണങ്ങളും ഇടതു സര്‍ക്കാരിനൊപ്പമാണെന്ന് പറയേണ്ടി വരുന്നു, നവോത്ഥാന നായകനായി കേരളം നിറഞ്ഞ പിണറായി വിജയന്. ഒന്നും പറയാതെ പോയാല്‍ ശബരിമലയില്‍ മറുപടിയില്ലാതെ പിണറായി എന്ന ബ്രേക്കിംഗ് ന്യൂസുകളിലൂടെ ആചാര സംരക്ഷണ അജണ്ടകളുടെ പതാകവാഹകരായി മാധ്യമങ്ങളെത്തുമെന്ന തിരിച്ചറിവ് കൂടിയാകണം ആ പ്രതികരണത്തിലേക്ക് നയിച്ചിട്ടുണ്ടാകുക. എന്തായാലും അതും മതനിരപേക്ഷ സ്വഭാവത്തില്‍ ഊന്നുന്ന മലയാളിയുടെ രാഷ്ട്രീയബോധത്തെ പ്രതിലോമകരമായി സ്വാധീനിക്കുന്ന ഒന്നായി മാത്രമേ വരുന്നുള്ളൂ.
ഇതിനൊപ്പമാണ് ക്രിസ്തീയ വിഭാഗത്തില്‍ സ്വാധീനമുറപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ സംഘപരിവാരം ആരംഭിച്ച വ്യാജങ്ങളുടെ പ്രചാരണത്തെ, താത്കാലിക ലാഭത്തിനുപയോഗിക്കാന്‍ സി പി ഐ എമ്മും ഇടതുപക്ഷവും ശ്രമിച്ചോ എന്ന സംശയം. സംഘപരിവാരം നിര്‍മിച്ച വ്യാജങ്ങളില്‍ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ‘ലവ് ജിഹാദാ’യിരുന്നു. അതടക്കമുള്ള വെറുപ്പിന്റെ വിത്തുകള്‍ അവരുടേതായ രീതിയില്‍ പരോക്ഷമായി പ്രചരിപ്പിക്കുന്നതിനിടെയാണ് ഇടത് മുന്നണിയുടെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതാവ് ജോസ് കെ മാണി, അതുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി രംഗപ്രവേശം ചെയ്യുന്നത്. സമുദായത്തെ ഭിന്നിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രചാരണത്തെ തള്ളിപ്പറയാന്‍ തെല്ലിട മടി കാട്ടേണ്ട ആവശ്യമില്ലാത്ത പിണറായി വിജയന്‍, ജോസ് കെ മാണി പറഞ്ഞത് എന്താണെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞൊഴിയുമ്പോള്‍, പരിവാറിന്റെ പ്രചാരണങ്ങളില്‍ എന്തോ കഴമ്പുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുകയാണ്. ക്രൈസ്തവരാണ് പ്രഥമ ലക്ഷ്യമെങ്കിലും അതിന്റെ ആഘാതം, ഹിന്ദുക്കളുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുണ്ടാകുക സ്വാഭാവികം. ഇവിടെ വ്യക്തമായ അഭിപ്രായം പറയാന്‍ രമേശ് ചെന്നിത്തലയെപ്പോലുള്ളവരും തയാറായില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രിസ്തീയ വിഭാഗങ്ങള്‍ അകന്നത് പരിഹരിക്കാന്‍ പിന്നീടെടുത്ത ഭഗീരഥ പ്രയത്നം പാഴിലാകാതിരിക്കാനുള്ള കരുതല്‍ കാണിച്ചു ചെന്നിത്തലയെപ്പോലുള്ളവര്‍.

ഇടതുപക്ഷത്തു നിന്ന് കാനം രാജേന്ദ്രനും കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂരും മാത്രമായിരിക്കും, സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതാണ് ലവ് ജിഹാദ് പോലുള്ള പ്രചാരണങ്ങളെന്നും അതിനെ അംഗീകരിക്കുന്നില്ലെന്നും പരസ്യമായി പറഞ്ഞത്. അതില്‍ കാനത്തിനും തരൂരിനും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാം. ജോസ് കെ മാണി സൃഷ്ടിക്കാന്‍ ശ്രമിച്ച സാധ്യതയെ ഇല്ലാതാക്കേണ്ടത് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ രാഷ്ട്രീയ ആവശ്യമാണ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിജയത്തില്‍ മുസ്ലിം ന്യൂനപക്ഷം വഹിക്കുന്ന പങ്ക് തരൂരിന് പ്രധാനവും. ലവ് ജിഹാദില്‍ അഭിപ്രായം പറഞ്ഞവരും അതിനെ തള്ളിപ്പറഞ്ഞവരും പ്രാഥമികമായി മുന്നില്‍ക്കണ്ടത് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് ചുരുക്കം.

ഇവ്വിധമാണോ തിരഞ്ഞെടുപ്പ് അജണ്ടകള്‍ നിശ്ചയിക്കേണ്ടതും പിന്തുടരേണ്ടതുമെന്ന് ആലോചിക്കേണ്ട ഉത്തരവാദിത്വമുണ്ട് രാഷ്ട്രീയ നേതാക്കള്‍ക്ക്. ജാതിയും മതവും വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുള്ള ധ്രുവീകരണവുമൊക്കെ മുന്‍ കാലങ്ങളിലും കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിച്ചിട്ടുണ്ട്. ലീഗ് ബന്ധം വേണമെന്ന ആവശ്യമുന്നയിച്ച് ബദല്‍ രേഖയുണ്ടാക്കിയതിന് എം വി രാഘവനെന്ന തലപ്പൊക്കമുള്ള നേതാവിനെയും അതേ തലപ്പൊക്കമുണ്ടായിരുന്ന പി വി കുഞ്ഞിക്കണ്ണന്‍, സി കെ ചക്രപാണി തുടങ്ങിയവരെയും പുറത്താക്കിയതിന് ശേഷം 1987ല്‍ സി പി ഐ (എം) തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വര്‍ഗീയകക്ഷികളുടെ സാന്നിധ്യമില്ലാത്ത മുന്നണി എന്ന പ്രചാരണമാണ് നടത്തിയത്. ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് അന്ന് ഇടതു മുന്നണിയെ അധികാരത്തിലെത്തിച്ചത് എന്ന് പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടു. നാലു വര്‍ഷത്തിനിപ്പുറം ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ വിജയം നേടുമ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് നിശ്ചയിച്ച അജണ്ട സദ്ദാം ഹുസൈനായിരുന്നു. അതിലൂടെയും സൃഷ്ടിച്ചത് ധ്രുവീകരണം തന്നെയാണ്. കെ കരുണാകരനും, എ കെ ആന്റണിയും മുഖ്യമന്ത്രിമാരായ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും യു ഡി എഫും തരാതരം പോലെ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും കേരളത്തിന്റെ പൊതുവിലുള്ള മതനിരപേക്ഷ മനസ്സിനെ് പോറലേല്‍പ്പിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ ഇപ്പോഴും ബി ജെ പിയ്ക്ക് വേരാഴ്ത്താനാകാത്ത ഭൂമിയായി കേരളം നിലകൊള്ളുന്നത്. വോട്ടര്‍മാരില്‍ 48 ശതമാനം വരും ന്യൂനപക്ഷങ്ങളെന്നത് പരിഗണിക്കാതെയല്ല ഇത് പറയുന്നത്.

ആ മതനിരപേക്ഷ മനസ്സില്‍ വിള്ളലുണ്ടാക്കാന്‍ പാകത്തില്‍ സംഘപരിവാരം പ്രചാരണം നടത്തുകയും മോഡി – അമിത് ഷാ ദ്വന്ദ്വം രാജ്യത്തിന്റെ പ്രതീകങ്ങളായി വ്യാജമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ധ്രുവീകരണങ്ങള്‍ക്ക് ശ്രമിക്കുമ്പോഴുണ്ടാകുന്ന അപകടം ഇടത് – ഐക്യ മുന്നണികളും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടികളും സവിശേഷമായി പഠിക്കേണ്ടതാണ്. അതിന് ഏറ്റവും നല്ല അവസരം ഇതാണ്. ഇപ്പോ പഠിച്ചില്ലെങ്കില്‍ പിന്നെ ചിലപ്പോ പഠിക്കേണ്ടി വരില്ല എന്ന അവസ്ഥയില്‍ കാര്യങ്ങളെത്തി നില്‍ക്കുന്നു. ക്ഷേമ പദ്ധതികളിലും വികസനത്തിലും ഊന്നി തിരഞ്ഞെടുപ്പിനെ നേരിടുക എന്നതായിരുന്നു സി പി ഐ എമ്മിന്റെയും ഇടതു മുന്നണിയുടെയും തീരുമാനമെന്നതും ഒട്ടൊക്കെ അവരതില്‍ ഉറച്ചുനിന്നുവെന്നതും മറക്കുന്നില്ല. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ നിരത്താന്‍ രമേശ് ചെന്നിത്തല ആവത് ശ്രമിച്ചതും കണക്കിലെടുക്കുന്നു. പക്ഷേ, കളം നിറഞ്ഞത് ശബരിമലയായിരുന്നു, ലവ് ജിഹാദ് പോലുള്ള വിഷ പ്രചാരണങ്ങളുമായിരുന്നു. അറിയാതെയും അറിഞ്ഞും അതിന് ഊര്‍ജമേകുകയും ചെയ്തു പ്രധാന മുന്നണികളും അതിന്റെ നേതാക്കളും. അതിന്റെ വലിയ ഉത്തരവാദി, മൃദു ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ച് രാജ്യത്ത് സംഘപരിവാരത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി, അവരാല്‍ നിഷ്‌കാസനം ചെയ്യപ്പെട്ട്, ഇപ്പോള്‍ നിലനില്‍പ്പിന് ഒരിഞ്ച് ഇടമന്വേഷിച്ച് അലയുന്ന കോണ്‍ഗ്രസും അതിന്റെ മുതിര്‍ന്ന നേതാക്കളുമായിരുന്നുവെന്നതാണ് വലിയ ദുരന്തം.
തിരഞ്ഞെടുപ്പ് എല്‍ ഡി എഫിന്റെ തുടര്‍ ഭരണത്തിനാണ് വിധിയെഴുതുന്നതെങ്കില്‍, കെ സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനുമൊക്കെ പ്രവചിച്ചത് പോലെ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് പോകാം. അവരുടെ അജണ്ടകള്‍ നേരത്തെ തന്നെ ഏറ്റെടുത്തിരുന്നുവെന്നത് കൊണ്ട് പ്രത്യേകിച്ചൊരു പ്രയാസം നേരിടേണ്ടിവരില്ലെന്നത് മെച്ചമായി കാണുകയുമാകാം.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login