ആത്മാവിന്റെ ആനന്ദം

ആത്മാവിന്റെ ആനന്ദം

ഇസ്ലാമിലെ എല്ലാ ആരാധനകള്‍ക്കുമെന്ന പോലെ നോമ്പിനുമുണ്ട് ആത്മീയവും ഭൗതികവും വൈയക്തികവും സാമൂഹികവുമായ ഭിന്നമാനങ്ങള്‍. എങ്കിലും മുഖ്യമായും അത് ആത്മീയവും വ്യക്തിനിഷ്ഠവുമാണ്. നോമ്പ് നിര്‍ബന്ധമാക്കുന്നതിന്റെ ഉദ്ദേശ്യമായി ഖുര്‍ആന്‍ എടുത്തുപറഞ്ഞത് നിങ്ങള്‍ സൂക്ഷ്മത ഉള്ളവരാകുന്നതിന് വേണ്ടി എന്നാണ്. സൂമൂഹികമായ സദ്ഫലങ്ങള്‍ ഉല്‍പാദിപ്പിക്കുമ്പോഴും വ്യക്തിയാണ് ഇവിടെ ഊന്നല്‍. വ്യക്തിയെ ആത്മീയമായി പാകപ്പെടുത്തുകയാണ് വ്രതത്തിന്റെ പ്രഥമ ധര്‍മം. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള നേരിട്ടുള്ള ഉടമ്പടിയാണത്. പ്രകടന പരതയ്ക്ക് അതില്‍ പഴുതില്ല. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത് എന്ന ഖുദ്‌സീ ഹദീസ് ഇതു സുതരാം വ്യക്തമാക്കുന്നുണ്ട്. മൗനം, ധ്യാനം, മനനം ഇവയാണ് നോമ്പിന്റെ പ്രധാന അകമ്പടികള്‍. നാവിനെ പതിവിലേറെ സൂക്ഷിക്കാന്‍ റസൂലിന്റെ നിര്‍ദേശമുണ്ട്. നാവിനു പൂട്ടിട്ട് ഹൃദയത്തിലേക്ക് നോക്കാന്‍ അവസരമൊരുക്കുകയാണ് നോമ്പ്. നാവില്‍ തളിര്‍ക്കേണ്ടതും ചുണ്ടില്‍ വിരിയേണ്ടതും ദിക്‌റുകള്‍ മാത്രം. വഴക്കില്ല. വാക്കു തര്‍ക്കമില്ല. ശാസനയില്ല. വേണ്ടാത്തത് പറയുന്നവനോട് ഞാന്‍ നോമ്പുകാരനാണ് എന്ന് ഒഴിഞ്ഞു മാറണം. വയറു മാത്രമല്ല നാവും കണ്ണും ഹൃദയവും വ്രതത്തില്‍ പങ്കാളികളാണ്.
ദേഹത്തിനു ശിക്ഷയല്ല, ശിക്ഷണമാണ് നോമ്പ്. അവനവനിലെ/അവളവളിലെ മൃഗ തൃഷ്ണകളെ മെരുക്കി ഈശ്വരീയ ഭാവങ്ങളെ ഉണര്‍ത്തലാണത്. തിന്നാതെയും കുടിക്കാതെയും ഒരു പകല്‍. ഹൃദയത്തിന്റെ കണ്ണാടിയില്‍ അട്ടിപ്പേറായിപ്പോയ കന്‍മഷങ്ങള്‍ നീക്കം ചെയ്ത് മിനുസവും തെളിച്ചവുമുള്ളതാക്കി ആകാശത്തു നിന്നുള്ള ദൂതുകളെ സ്വീകരിക്കാന്‍ പ്രാപ്തമാക്കല്‍. ചിന്തകളില്‍ നിന്ന് ലൗകിക വ്യവഹാരങ്ങളെ പരമാവധി മാറ്റി നിര്‍ത്തി അലൗകികതയുടെ ആനന്ദം അനുഭവിച്ചറിയല്‍. ആത്മാവില്‍ സംഭവിക്കുന്ന ഒരു മാസ പ്രവര്‍ത്തനമാണത്. അതിന്റെ വഴികളെ കുറിച്ചാണ് ഇവിടെ ആലോചിക്കുന്നത്.

എന്തിലും ഏതിലും ആദ്യത്തെ നിറവ് നിയ്യത്തിന്റേതാണ്. പരിശുദ്ധമായ ഉദ്ദേശ്യം. എന്തിനു വേണ്ടി എന്ന നിശ്ചയ ദാര്‍ഢ്യം. ഉറപ്പ്, ബോധ്യം, ബോധപൂര്‍വമുള്ള, ഇച്ഛാശക്തിയോടെയുള്ള നോമ്പുപിടുത്തം. കൊല്ലംതോറുമുള്ള, യാന്ത്രികമായ ശീലം എന്ന നിലയിലല്ല. ദേഹത്തിലെ ഓരോ അണുവിനെയും കോശത്തെയും വിധാതാവിന്റെ ഹിതത്തോട് ചേര്‍ത്ത് നവൈതു (ഞാന്‍ നിശ്ചയിച്ചിരിക്കുന്നു) എന്നു നിനയ്ക്കുമ്പോള്‍ ദേഹവും ദേഹിയും നോമ്പിന്റെ വസന്തത്തെ സ്വീകരിക്കാന്‍ സ്വയം സജ്ജമാവുകയാണ്. ഉറക്കം ഉണര്‍വിന് അതോടെ വഴിമാറണം. മനസ്സിന്റെ ഉണര്‍ന്നിരിപ്പാണ് വ്രതം. മനസ്സിനെ ഉണര്‍ത്തുകയാണ് നിയ്യത്തിന്റെ ധര്‍മം.
ഉണരാത്ത മനസ്സേ നോമ്പില്‍ മുറിയുകയുള്ളൂ. മനസ്സിന്റെ അന്തക്കേടുകളോടുള്ള പോരാട്ടമാണ് നോമ്പ്. അതു മനസ്സിനെ പടച്ചട്ടയണിയിക്കുന്നു. നോമ്പ് പരിചയാണ് എന്നത് റസൂലിന്റെ(സ്വ) വാക്കാണ്. നോമ്പിന്റെ പടയങ്കിയണിഞ്ഞ മനസ്സ് വഴി മാറി സഞ്ചരിക്കുകയില്ല. നേര്‍വഴിയില്‍ ഉറച്ചു നില്‍ക്കാന്‍ നിയ്യത്തിനു ബലം വേണം. പ്രജ്ഞയില്‍ നിന്നൊഴുകുന്ന പ്രതിജ്ഞയാണത്.

വെറും പട്ടിണിയായിപ്പോവരുത് എന്ന് റസൂല്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട്. ചീത്ത വാക്കുരിയാടാതെ. ചീത്ത നോട്ടം നോക്കാതെ, കെട്ടതു കേള്‍ക്കാതെ, ഔദ്ധത്യത്തില്‍ നിഗളിക്കാതെ, അസൂയയില്‍ ഉരുകാതെ, പകയില്‍ പുകയാതെ, നല്ല വാക്കോതി, സ്‌നേഹം പകര്‍ന്ന്, ദേഷ്യമടക്കി, ദയയാല്‍ തളിര്‍ത്ത്, ഭക്തിയില്‍ നനഞ്ഞ്, കാരുണ്യമായി പെയ്ത് പട്ടിണിയെ പരിശുദ്ധമാക്കണം. സ്വഭാവത്തില്‍, ചെയ്തിയില്‍, പെരുമാറ്റത്തില്‍, ഇടപാടില്‍, നടപ്പില്‍, നില്പില്‍, ചൊല്ലില്‍ എല്ലാം പ്രതിഫലിക്കണം. നോമ്പിന്റെ വെളിച്ചം അവനവനേക്കാള്‍ അപരനെ പരിഗണിക്കാനാവണം. വാങ്ങാനല്ല, കൊടുക്കാനാവണം ഉത്സാഹം. മീതെയുള്ള കൈ ആണ് താഴെയുള്ളതിനേക്കാള്‍ ഉത്തമം എന്ന് റസൂല്‍(സ്വ). അയയണം, മുറുകരുത്. ദ്രോഹിച്ചവനോട് പൊറുക്കണം. കനിയുന്നവനാണ് കനിവിന് അര്‍ഹത. ഇതിനാണ് നോമ്പ് നോമ്പുകാരനെ/നോമ്പുകാരിയെ പാകപ്പെടുത്തേണ്ടത്.
സ്വയം പൂരിപ്പിക്കലാണ് നോമ്പ്. വിട്ട ഭാഗങ്ങള്‍ പൂരിപ്പിക്കുന്നതിനുള്ള പരീക്ഷാകാലം. എന്തൊക്കെയാണ് വിട്ടുപോയത് എന്ന് സ്വയം നോക്കി കണ്ടു പിടിക്കണം. എവിടെ നോക്കണം? അവനവനില്‍. എന്തൊക്കെ പോരായ്മകളുമായാണ് ഞാന്‍ ജീവിക്കുന്നത്? എന്തെല്ലാം കുറവുകളുണ്ട് സ്വന്തം ജീവിതത്തില്‍? ഓരോ നോമ്പും ഓരോ കുറവുകള്‍ നികത്തുന്നതിനാവുമ്പോള്‍ പൂര്‍ണതയിലേക്ക് അത്രയെങ്കിലും അടുക്കാന്‍ സാധിക്കും. ശീലങ്ങളെ, ശീലക്കേടുകളെ അതിനായി വിചാരണ ചെയ്യേണ്ടതുണ്ട്. കണക്കെടുപ്പു കാലമാണ് നോമ്പ്. കാലിയാക്കേണ്ടത് കാലിയാക്കണം. തേഞ്ഞുപോയത് പുതുക്കണം. അണഞ്ഞുപോയ തിരികള്‍ തെളിയിക്കണം. ഇരുണ്ട അറകള്‍ പ്രകാശിപ്പിക്കണം. അറിവുകള്‍ പുതുക്കണം. ഖുര്‍ആനിലേക്ക് ആഴ്ന്നിറങ്ങിയാല്‍ അകം തെളിയും. ധ്യാനപൂര്‍വമുള്ള മനനം അതിനാവശ്യമാണ്. അവനവന്റെ ഉണ്‍മയുടെ പൊരുള്‍ ബ്രഹ്മാണ്ഡത്തില്‍ തനിക്കുള്ള സ്ഥാനം, ജീവിതത്തിന്റെ നാനാര്‍ഥങ്ങള്‍, ബ്രഹ്മജ്ഞാനത്തിന്റെ അനന്തമായ അടരുകള്‍, ആശയങ്ങളുടെ ആകാശത്തു കൂടെയുള്ള പറക്കല്‍, മുത്തുകള്‍ പെറുക്കിയെടുത്തു കൊണ്ടുള്ള ആഴക്കടല്‍ സഞ്ചാരം. എങ്കില്‍ വിട്ട ഭാഗങ്ങള്‍ താനെ പൂരിപ്പിക്കപ്പെടും. കുറവുകള്‍ നികന്നു വരും. കാണാത്ത കാഴ്ചകള്‍ തെളിയും. കേള്‍ക്കാത്ത രാഗങ്ങള്‍ കേള്‍ക്കും. ആസക്തികളില്‍ നിന്നുള്ള വിടുതിയാണ് നോമ്പ്. നിരാസക്തി യോഗം എന്നു തന്നെ പറയാം. എത്ര ദാഹിക്കുമ്പോഴും കയ്യെത്തും അകലെയുള്ള പാനീയങ്ങളോട് വേണ്ട എന്നു പറയാനുള്ള പരിശീലനം. എത്ര വിശന്നാലും സമയമാകട്ടെ എന്ന് വിശപ്പിനെ ശാസിച്ചടക്കാനുള്ള തന്റേടം. ജീവിത കാമനകളെ കയറൂരി വിടാതിരിക്കാനുള്ള വിവേകം. സ്വശരീരത്തെ അവനവന്റെ വരുതിയില്‍ നിര്‍ത്താനുള്ള പരിശീലനം. സ്വയം ഗുരുവും ശിഷ്യനുമാവുന്ന കളരി. ഈ കളരിയുടെ പേരാണ് നോമ്പ്. ഉപഭോഗ തൃഷ്ണകളെ അടക്കി നിര്‍ത്താനും ത്യാഗത്തെ ജീവിതശൈലിയുടെ ഭാഗമാക്കാനും ക്ഷമിക്കാനും സഹിക്കാനും പൊറുക്കാനുമുള്ള ആത്മബലം ആര്‍ജിക്കാനുമാണ് നോമ്പ്. ആഗ്രഹങ്ങളുടെ കുതിരപ്പുറത്തേറി സവാരി ചെയ്യാന്‍ തത്രപ്പെടുന്ന മനസ്സിനെ കടിഞ്ഞാണിടും നോമ്പുകാലം.

പൈശാചിക പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനുള്ള കരുത്താണ് നോമ്പിന്റെ കരുതിവെപ്പ്. ബന്ധനസ്ഥനായ പിശാചിനെ അകത്തു കടക്കാന്‍ നോമ്പ് അനുവദിക്കുകയില്ല. നോമ്പിന്റെ ചങ്ങലകളിലാണ് പിശാചിനെ തളച്ചിടുന്നത്. ആ കെട്ടറുക്കാന്‍ പിശാചിന് സാധിക്കുന്നുവെങ്കില്‍ വ്രതത്തിന്റെ പാശം ദുര്‍ബലമാണ് എന്നര്‍ഥം. വിശ്വാസത്തിന്റെ, ഭക്തിയുടെ, മോഹമുക്തിയുടെ ഇഴയടുപ്പമുള്ള കയറിനെ ഭേദിക്കാന്‍ പിശാചിനാവുകയില്ല. പിരി ഉടയാതിരിക്കാനുള്ള ജാഗ്രതയാണ് വ്രതം. പ്രലോഭനങ്ങള്‍ക്കെതിരെയുള്ള ചിറയാണ് നോമ്പ്. പഞ്ചേന്ദ്രിയങ്ങളെ മുഴുന്‍ നോമ്പ് പ്രലോഭനങ്ങളില്‍ നിന്ന് രക്ഷിക്കുന്നു. അന്ന പാനീയങ്ങളുടെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുന്നത് പോലെ അനുവദനീയമായതിന്റെ പോലും പെരുപ്പങ്ങളില്‍ നിന്ന്, അതിരു കവിയലുകളില്‍ നിന്ന്, ആര്‍ഭാടങ്ങളില്‍ നിന്ന്, ധൂര്‍ത്തില്‍ നിന്ന്, പൊങ്ങച്ച പ്രകടനങ്ങളില്‍ നിന്ന്, കണ്ണഞ്ചിപ്പിക്കുന്ന സുഖലോലുപതകളില്‍ നിന്ന്, നോമ്പ് വിശ്വാസിയെ തടഞ്ഞു നിര്‍ത്തുന്നു. ഇത്ര മതി, ഈ ലോകം ഇത്രയേയുള്ളൂ എന്ന ഓര്‍മപ്പെടുത്തലാണ് വ്രതം.ഈ ബോധം മജ്ജയിലേക്ക് തറച്ചു കയറുന്ന നോമ്പുകാരന്‍ റമളാനിനു ശേഷവും പ്രലോഭനങ്ങളെ കരുതിയിരിക്കും.

കൃതജ്ഞതയാണ് നോമ്പ്. തന്നെ താനാക്കിയ, തനിക്കുള്ളതെല്ലാം തരാന്‍ ദയ കാണിച്ച നാഥനോടുള്ള കൃതജ്ഞത. വിശക്കുന്നവന്റെ വിശപ്പിലേക്ക് ദാഹിക്കുന്നവന്റെ ദാഹത്തിലേക്ക് വേദനിക്കുന്നവന്റെ വേദനയിലേക്ക് കരയുന്നവന്റെ ദുഃഖത്തിലേക്ക്, ഇല്ലാത്തവന്റെ ഇല്ലായ്മയിലേക്ക് അനുതാപത്തോടെ നോക്കുന്നതിനും അനുകമ്പയോടെ താദാത്മ്യം പ്രാപിക്കുന്നതിനും അവനവനെ ഒരുക്കുകയാണ് നോമ്പു കാലം. കരുണാമയനോടുള്ള കൃതജ്ഞതയായി അവനുള്ള വിഹിതം നിന്ദിതരുടെയും പീഡിതരുടെയും മുറിവുകള്‍ക്ക് സാന്ത്വനമായി തന്നിലൂടെ ഒഴുകാന്‍ മനസ്സിനെ വിശാലമാക്കുന്നു നോമ്പ്. എല്ലാ ഇടുക്കങ്ങളില്‍ നിന്നും ഉള്ള മോചനമാണ് നോമ്പ്. അതു തുറന്നിടുന്നത് വിശാലമായ ആകാശവും വിശാലമായ ഭൂമിയുമാണ്. അത്രമേല്‍ ഉദാരനാക്കും നോമ്പ് നിങ്ങളെ. അവനവന്റെ കണ്ണാടിയില്‍ ലോകത്തെ മുഴുവന്‍ നോമ്പ് പ്രതിഫലിപ്പിക്കുന്നു. ആ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ ലോകത്തെ അതിന്റെ യഥാര്‍ഥ രൂപത്തില്‍ കാണാന്‍ സാധിക്കുന്നു. ചമയങ്ങളില്ലാത്ത ലോകം ദുഃഖങ്ങളുടേതും ഖേദങ്ങളുടേതുമാണ്. ആ ലോകത്തെ ചേര്‍ത്തു നിര്‍ത്തലാണ് ജഗദീശ്വരനോടുള്ള കൃതജ്ഞത.

ധര്‍മത്തിന്റെയും സദാചാരത്തിന്റെയും പരിപൂര്‍ണതയിലേക്കുള്ള പ്രയാണമാണ് നോമ്പ്. നോമ്പിന്റെ ഓരോ നിമിഷവും നോമ്പുകാരെ വലുതാക്കുന്നു. മാലാഖമാരായിട്ടല്ലാതെ, മനുഷ്യരായിട്ടുതന്നെ ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങളുടെ വാഹകരാവാന്‍ നോമ്പിലൂടെ സാധിക്കുന്നു. ഉയര്‍ന്ന ധാര്‍മികതയാണ് നോമ്പ് പ്രവഹിപ്പിക്കുന്നത്. നിലയ്ക്കാത്ത ഊര്‍ജ പ്രവാഹമാണ് നോമ്പ്. അതു പകലിന്റെ കുതിപ്പും രാത്രിയുടെ കാവലുമാണ്.

നരക കവാടങ്ങള്‍ ബന്ധിതമാവുകയും സ്വര്‍ഗ കവാടങ്ങള്‍ തുറന്നിടുകയും ചെയ്യുന്ന നാളുകള്‍ എന്നതാണ് റമളാനെ കുറിച്ചു റസൂല്‍(സ്വ) നല്‍കിയിട്ടുള്ള ഏറ്റവും ഉജ്ജ്വലമായ രൂപകം. നോമ്പുകാരന്‍ തന്റെ മനസിനെയും ഗൃഹത്തെയും ആവാസ വ്യവസ്ഥയെയും മൊത്തത്തിലും സ്വര്‍ഗത്തിന്റെ ചീന്താക്കി മാറ്റുകയാണ് റമളാനില്‍. സ്‌നേഹപൂര്‍ണമായ അഭിവാദനങ്ങളാണ് അവന്‍ കേള്‍ക്കുക, കേള്‍പിക്കുക. നരകത്തിലെ ആക്രോശങ്ങള്‍ അവനില്‍ നിന്ന് പുറപ്പെടുകയോ അവന്റെ കര്‍ണപുടങ്ങളില്‍ അലയ്ക്കുകയോ ഇല്ല. നന്മയുടെ ദാരു മരങ്ങള്‍ പൂക്കളണിഞ്ഞ് സുഗന്ധം പരത്തി മനുഷ്യന്റെ പാര്‍പിടങ്ങളെ സ്വര്‍ഗത്തെ ഓര്‍മപ്പെടുത്തും. നരകത്തിന്റെ കയ്പും ചവര്‍പ്പും അവന്റെ രസമുകുളങ്ങളെ തീണ്ടുകയില്ല. സ്വര്‍ഗ കവാടത്തിലേക്കു നീളുന്ന ഒറ്റയടിപ്പാതയാണ് നോമ്പ്. റയ്യാന്‍ എന്ന വിശിഷ്ടാലങ്കാരങ്ങളുള്ള കവാടത്തിലാണ് അത് ചെന്നു നില്‍ക്കുക. വിശുദ്ധ മാലാഖമാര്‍ പുഞ്ചിരി തൂകി ഹസ്തദാനം ചെയ്ത് സ്‌നേഹാഭിവാദനങ്ങളോടെ നോമ്പുകാരനെ സ്വീകരിക്കും. ഓരോ നോമ്പുകാരുടെയും ഹൃത്തടം സ്വര്‍ഗീയ ഉദ്യാനമാകുന്നു. അനുരാഗപൂര്‍ണമായിരിക്കും അതില്‍ അവരുടെ ദിനരാത്രങ്ങള്‍. ഉടയ തമ്പുരാന് ഉടല്‍ സമര്‍പ്പിച്ച് ആഹ്‌ളാദ ഭരിതനായി അവന്‍ / അവള്‍ നോമ്പിലൂടെ സ്വയം നിറയുന്നു.

എ കെ അബ്ദുല്‍മജീദ്

You must be logged in to post a comment Login