കുറ്റിച്ചിറയില്‍ നിന്ന് തമ്പാര്‍ മുഴങ്ങുന്നുണ്ട്

കുറ്റിച്ചിറയില്‍ നിന്ന് തമ്പാര്‍ മുഴങ്ങുന്നുണ്ട്

കുറ്റിച്ചിറ! കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശം. പടിഞ്ഞാറ് അറബിക്കടലും തെക്ക് കല്ലായി പുഴയും വടക്കുഭാഗത്ത് വെള്ളയില്‍ ഗ്രാമവും കിഴക്ക് കോഴിക്കോട് പട്ടണവുമാണ് കുറ്റിച്ചിറയുടെ അതിരുകള്‍.

എസ് കെ പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയില്‍ കുറ്റിച്ചിറയിലെ ജനങ്ങളെ വായിച്ചെടുക്കാം. തന്റേടികളായ പഴയ തറവാട്ടുകാരണവന്മാരുടെ പ്രതാപകാല പൈതൃകങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്ന തറവാടുകള്‍, ആയിരത്തോളം വര്‍ഷം പഴക്കമുള്ള, തലയുയര്‍ത്തി നില്‍ക്കുന്ന മൂന്ന് പള്ളികള്‍, ഇരുപതിലധികം മുറികളുള്ള വീടുകള്‍, അകത്തളങ്ങളില്‍ തന്നെ നീന്തല്‍ കുളങ്ങള്‍, വേഷം, ഭാഷ, ഭക്ഷണരീതി എല്ലാത്തിനും ഒരു കുറ്റിച്ചിറ രീതിയുണ്ട്. പലവഴിക്ക് നീങ്ങുന്ന ഇടവഴികള്‍… ആദ്യ കാഴ്ചയില്‍ തന്നെ കുറ്റിച്ചിറ കൊതിപ്പിക്കും.

റമളാന്‍ പകല്‍
നോമ്പു നോറ്റ പകലുകളില്‍ കുറ്റിച്ചിറ ധന്യമാണ്. പള്ളികളും വീടുകളും ഇലാഹീസ്മരണകളാല്‍ നിറയും. നോമ്പെത്തും മുമ്പേ തറവാടുകളും മസ്ജിദുകളും പെയിന്റടിച്ച് ഭംഗിയാക്കിയിട്ടുണ്ടാകും. തൊട്ടുകിടക്കുന്ന കോഴിക്കോട് മാറ്റങ്ങളോടൊപ്പം പോയെങ്കിലും പൗരാണിക പ്രതാപങ്ങളെ കൈവിടാന്‍ കുറ്റിച്ചിറയിലെ വീടുകളും പള്ളികളും തെരുവുകളും ഒരുക്കമായിരുന്നില്ല. പഴമ ഇന്നും നിലനിര്‍ത്തിപ്പോരുന്നു. സമീപത്തുള്ള വലിയ ചിറയുടെ പടവുകളിലിരുന്ന് ഇലാഹീ സ്മരണകളും കൊച്ചു വര്‍ത്തമാനങ്ങളുമായി നോമ്പ് പൂര്‍ത്തിയാക്കുന്നു. വെയില്‍ ചായുമ്പോള്‍ നോമ്പുതുറക്കാനുള്ള ഒരുക്കങ്ങള്‍ തകൃതി. നോമ്പ് തുറക്കാനായി ആണുങ്ങള്‍ പള്ളികളിലേക്ക്.

നോമ്പുതുറ
പള്ളിയുടെ ഒരുഭാഗത്ത് വലിയൊരു പാത്രമുണ്ടാവും. വീട്ടിലുണ്ടാക്കിയ പലഹാരങ്ങളുടെ ഒരോഹരി എല്ലാവരും കൊണ്ടുവെക്കും. കണ്ണച്ചത്തിരി, സമൂസ, കട്ലറ്റ്, പഴംനിറച്ചത്, ഉന്നക്കായ എല്ലാമുണ്ടാകും. മഗ്്രിബോടടുക്കുമ്പോഴേക്ക് വിഭവങ്ങളെല്ലാം മുറിച്ച് നിരത്തിവെക്കും. സമൃദ്ധമായ ഈ വിഭവങ്ങളുപയോഗിച്ച് നോമ്പ് തുറന്ന് മഗ്്രിബ് നിസ്‌കരിച്ചിട്ടാണ് എല്ലാവരും പുറത്തേക്കിറങ്ങുക. നന്നായി കഴിക്കാനുള്ള ഭക്ഷണങ്ങളുണ്ടാവും. ഭക്ഷണമില്ലാത്തതുകൊണ്ട് കുറ്റിച്ചിറയിലൊരാളും നോമ്പു തുറക്കാന്‍ പ്രയാസപ്പെടേണ്ടിവരില്ല. കാലങ്ങളായി തുടരുന്നതാണ് ഈ പതിവ്. ആകെക്കൂടി ഇതിലുണ്ടായ ഒരു മാറ്റം, ആവശ്യമായ വിഭവങ്ങള്‍ ഇപ്പോള്‍ കടകളില്‍ നിന്നു വാങ്ങുന്ന രീതിയിലേക്ക് ചില പള്ളികള്‍ മാറിയെന്നത് മാത്രമാണ്.

കണ്ണടക്കാത്ത രാത്രി
ജമാഅത്ത് പള്ളിയില്‍ ഇപ്പോഴും റമളാനിലെ രാത്രികളില്‍ ഖിയാമുല്ലൈല്‍(രാത്രി നിസ്‌കാരം) നടക്കുന്നുണ്ട്. പുലര്‍ച്ചെ രണ്ടരക്കാണ് ആരംഭിക്കുന്നത്. ജമാഅത്തായി നിസ്‌കരിക്കാനുള്ള സൗകര്യത്തിന് വേണ്ടി വിത്റാണ് നിസ്‌കരിക്കാറുള്ളത്. ദീര്‍ഘമായി റുകൂഉം സുജൂദും ചെയ്ത് പതിനൊന്ന് റക്അത്ത് നിസ്‌കരിക്കുമ്പോഴേക്ക് ഒരു മണിക്കൂറിലേറെയാകും. ‘മൂന്നരക്കെങ്കിലും പോയാലല്ലേ ദൂരെ നിന്ന് വന്നവര്‍ക്ക് അത്താഴത്തിന് വീട്ടിലെത്താനാവൂ’ പള്ളിയിലെ ഖതീബായ ബീരാന്‍ കുട്ടി ഫൈസി യെന്ന്.

അവസാന പത്തായാല്‍ ധാരാളം പേര്‍ ഇഅ്തികാഫിരിക്കാനെത്തും. ഖുര്‍ആന്‍ പാരായണവും മറ്റു ആരാധനകളുമായി വിശ്വാസികള്‍ ഇലാഹില്‍ ലയിക്കും. ഇത് കുറ്റിച്ചിറയുടെ നിത്യഹരിത കാഴ്ചയാണ്. ഉറക്കൊഴിഞ്ഞ് ദൈവാനുഗ്രഹം കാത്തിരിക്കുന്നവര്‍ ക്ഷീണം മാറ്റാനും ഉറക്കം വരാതിരിക്കാനും കാവയും തരിക്കഞ്ഞിയുമൊക്കെ ഓരോ വീട്ടില്‍ നിന്ന് പള്ളിയിലേക്കെത്തിക്കും. റമളാനല്ലാത്ത സമയങ്ങളിലും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പതിവായി നോമ്പനുഷ്ഠിക്കുന്ന സാധാരണക്കാരെ ധാരാളം കണ്ടിട്ടുണ്ടെന്ന് ഖതീബ്.

കോളുകൊണ്ടുവരല്‍
പുതിയാപ്പിളയുടെ തൃപ്തിക്കും സന്തോഷത്തിനും വേണ്ടി കുറ്റിച്ചിറക്കാര്‍ എന്തിനും സന്നദ്ധരാണ്. പുതിയാപ്ലയുടെ നോമ്പുതുറ സത്കാരത്തിന് ചങ്ങായിമാരെ എത്രപേരെയും കൂടെക്കൂട്ടാം. എല്ലാവര്‍ക്കും വേണ്ട ഭക്ഷണങ്ങളൊരുക്കിവെച്ച് കാത്തിരിക്കും. പുതിയാപ്പിളയുടെ വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ വിഭവസമൃദ്ധമായ കോളുകൊണ്ടുവരലുണ്ട്. കുടുംബക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള വിഭവങ്ങള്‍ ഒരുക്കിയിട്ടാണ് കൊടുത്തയക്കുക. കൊണ്ടുപോകേണ്ട വിഭവങ്ങള്‍ക്കും എണ്ണത്തിനുമൊക്കെ ചില ചിട്ടകളും കൃത്യമായ കണക്കുകളുണ്ട്. ആദ്യത്തെ പത്തില്‍ ബിരിയാണി, രണ്ടാമത്തെ പത്തില്‍ കോഴിനിറച്ചതും പത്തിരിയും, മൂന്നാമത്തെ പത്തില്‍ പലഹാരങ്ങള്‍ എന്നതാണ് നാട്ടുനടപ്പ്. നോമ്പുകാലത്ത് ഇങ്ങനെ വിഭവങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട് സ്ത്രീകളുടെ ആരാധനകള്‍ക്കുള്ള സമയമാകെ അടുക്കളയിലായിപ്പോകുന്നു എന്ന കാരണത്താല്‍ പലയിടത്തും നോമ്പിന് മുമ്പുതന്നെ കോളുകൊണ്ടുപോകല്‍ നടത്താറുണ്ട്.

തമാശ നിര്‍ത്തി
കുറ്റിച്ചിറക്കാര്‍ക്ക് നോമ്പുകാലത്ത് ഒരുദിവസം തമാശയായിരുന്നു. നിര്‍ധനരായ ആളുകള്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കും. സാധിക്കുന്നവര്‍ അവരെ സഹായിക്കും. ഈ ചടങ്ങാണ് ‘തമാശ’ എന്ന പേരില്‍ അറിയപ്പെടുന്നത്. അന്ന് ആഘോഷരാവാണ്. രാത്രിയില്‍ ആളുകള്‍ തീപ്പന്തം മേല്‍പ്പോട്ട് എറിയുന്നതും തെങ്ങിന്റെ മണ്ടക്ക് തീ പിടിക്കുന്നതും പതിവായിരുന്നു. പിന്നീട് കെട്ടിടങ്ങള്‍ വന്നതുകൊണ്ടും മറ്റു പലകാരണങ്ങളെക്കൊണ്ടും തമാശ നിര്‍ത്തിവെച്ചു. എന്നാലും പാവങ്ങളെ സഹായിക്കുന്ന ശീലം ആളുകളിന്നും തുടരുന്നുണ്ട്.

രാത്രിച്ചന്ത
തൊട്ടുമുമ്പുവരെ നോമ്പുകാല രാത്രികള്‍ക്ക് ഭക്ഷ്യമേളയുടെ രുചിയുണ്ടായിരുന്നു കുറ്റിച്ചിറയില്‍. കോഴിയും കാടയും വിവിധ രുചികളിലും കളറുകളിലും അണിഞ്ഞൊരുങ്ങിനില്‍ക്കും. മറ്റു ജില്ലകളില്‍ നിന്നുപോലും കുറ്റിച്ചിറയുടെ സ്വാദ് തേടി ആളുകള്‍ ഒഴുകുമായിരുന്നു. പുലര്‍ച്ചെ നാലു മണിവരെ ഈ ആഘോഷം നീളും. ഇപ്പോഴതില്ല. നാടിന്റെ സല്‍പ്പേരിനും നാട്ടുകാരുടെ സ്വസ്ഥജീവിതത്തിനും ഭീഷണിയാകുന്ന ഘട്ടം വന്നപ്പോള്‍ നാട്ടുകാര്‍ തന്നെ അതവസാനിപ്പിച്ചതാണ്. ആഘോഷം മാറിയെങ്കിലും മതപ്രഭാഷണങ്ങളും ഖുര്‍ആന്‍ ക്ലാസുകളും രാത്രി നിസ്‌കാരങ്ങളുമായി അവരിന്നും രാത്രിയെ പകലാക്കുന്നുണ്ട്.

വീടകത്തുമുണ്ട് വിശേഷം
മരുമക്കത്തായ സമ്പ്രദായമായതുകൊണ്ടു തന്നെ കുറ്റിച്ചിറയുടെ വീടകങ്ങളില്‍ സ്ത്രീകള്‍ക്ക് വലിയ സ്ഥാനമാണ്. അവിടെ അവരുടെ ഭരണമാണ്. സത്കാര പ്രിയരും പാചകകലകളില്‍ നിപുണരുമാണവര്‍. റമളാന്‍ കാലത്ത് കുറ്റിച്ചിറയിലെത്തിയ ആരും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കേണ്ടി വരില്ല. പാചകങ്ങള്‍ക്കിടയിലും ആരാധനയും പ്രാര്‍ഥനയും മറക്കാറില്ല. അല്ലെങ്കിലും ആവശ്യക്കാര്‍ക്കുള്ള അന്നം പാചകം ചെയ്യുന്നത് വലിയൊരു ആരാധനയല്ലേ? അസര്‍ നിസ്‌കാരം കഴിഞ്ഞാല്‍ പിന്നെ വിഭവമേളയാണ്. വീട്ടില്‍ ധാരാളം അംഗങ്ങളുള്ളതിനാല്‍ വിഭവത്തിന്റെ എണ്ണവും കൂടും. പള്ളിയിലേക്ക് കൊണ്ടു പോവാനുള്ളതും വീട്ടില്‍ കഴിക്കാനുള്ളതും ആണുങ്ങള്‍ക്ക് നിസ്‌കാരം കഴിഞ്ഞെത്തി കഴിക്കാനുള്ളതും പ്രത്യേകം തയാറാക്കും.

കുട്ടികളുടെ കടല്‍തീരയാത്ര
നോമ്പെടുത്തവരും അല്ലാത്തവരുമായ കുട്ടികളെ അസര്‍ നിസ്‌കാര ശേഷം കടല്‍തീരം കാണിക്കാന്‍ കൊണ്ടുപോകും. കടലോര പ്രദേശമായതിനാല്‍ ഇടയ്ക്കിടെ കാണുന്ന കടലിനെ വീണ്ടും കാണിക്കേണ്ട ആവശ്യമില്ല. പക്ഷേ, ആ യാത്രക്ക് ബഹുമുഖ ലക്ഷ്യങ്ങളുണ്ട്. അടുക്കളയില്‍ വിഭവമൊരുക്കല്‍ ആരംഭിച്ചിട്ടുണ്ടാവും. അവയുടെ വശ്യമായ രുചിയും മണവുമേറ്റ് നോമ്പുകാരായ കുട്ടികളുടെ നോമ്പിന് ‘ക്ഷതമേല്‍ക്കാന്‍’ സാധ്യതയുണ്ട്. വീട്ടിലെ അംഗങ്ങളെല്ലാം അടുക്കളയില്‍ സജീവമാകുമ്പോള്‍ കുട്ടികളെ നോക്കാനും അവരുടെ കുസൃതികള്‍ക്ക് കൂടെ നില്‍ക്കാനും സമയം കാണില്ല. അപ്പോള്‍ കടല്‍ കാണിച്ചാല്‍ പ്രശ്നങ്ങളൊക്കെ തീരും.

അത്താഴത്തിനൊരലാറം
അത്താഴത്തിനുണരാന്‍ കുറ്റിച്ചിറക്കാര്‍ കാത്തുവെച്ചിരുന്ന അലാറം തമ്പാറടിയുടെ മുഴക്കമായിരുന്നു. തമ്പാറടി ശബ്ദം കേള്‍ക്കുന്നതോടെ ഓരോവീടും വെളിച്ചത്തില്‍ കുളിക്കും. പിന്നെ ചോറും മാസിന്റെ ചമ്മന്തിയും കൂട്ടി അത്താഴം കഴിച്ച് നോമ്പെടുക്കും. മാസില്ലാതെ കുറ്റിച്ചിറക്കാര്‍ക്ക് അത്താഴമില്ല. ദ്വീപില്‍ നിന്ന് കൊണ്ടുവരുന്ന പ്രത്യേക രീതിയില്‍ ഉണക്കിയ സൂതയാണ് മാസ്. മാസ് തേങ്ങ ചേര്‍ത്തരച്ചാണ് ഈ പ്രത്യേക ചമ്മന്തിയുണ്ടാക്കുന്നത്.

ക്ലോക്കും ടൈംപീസും മൊബൈല്‍ഫോണും വ്യാപകമായതോടെ അത്താഴത്തിന്റെ അലാറം മുഴക്കുന്ന തമ്പാറടിയില്ല. റമളാന്‍ മാസപ്പിറ കണ്ടാലും ശവ്വാലമ്പിളി കണ്ടാലും മിശ്കാല്‍ പള്ളിയില്‍ നിന്ന് ഇപ്പോഴും ആഘോഷത്തിന്റെ തമ്പാര്‍ മുഴങ്ങും.

അന്‍വര്‍ ബുഖാരി കാരേപറമ്പ്

You must be logged in to post a comment Login