മരണമുഖത്ത് പകച്ചുനില്‍ക്കുകയാണ് മോഡി സര്‍ക്കാര്‍

മരണമുഖത്ത് പകച്ചുനില്‍ക്കുകയാണ് മോഡി സര്‍ക്കാര്‍

ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീനിലെ തബ്‌ലീഗ് മര്‍കസ് പള്ളിയില്‍ പരമാവധി 50പേര്‍ക്ക് നിസ്‌കാരത്തിന് ഹൈക്കോടതി അനുമതി നല്‍കിയപ്പോള്‍ അതൊരു ദേശീയ വാര്‍ത്താശകലമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ കൊവിഡ് വ്യാപനത്തിനിടയില്‍ അടച്ചുപൂട്ടിയ പള്ളിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകളെ നിസ്‌കരിക്കാന്‍ അനുവദിച്ചൂകൂടാ എന്ന കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും ദുശ്ശാഠ്യം തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. കൊവിഡുമായി ഒത്തുപോകാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നിലപാടില്‍ ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് എവിടെയും പറയുന്നില്ല. എന്നാല്‍, നിസാമുദ്ദീന്‍ മര്‍കസില്‍ മാത്രം പ്രാര്‍ഥന പാടില്ല എന്ന അധികൃതരുടെ നിലപാടില്‍ വ്യക്തതയില്ല എന്ന് നീതിപീഠം എടുത്തുകാട്ടുമ്പോഴും, കഴിഞ്ഞവര്‍ഷം മര്‍കസിനെതിരെ നടന്ന വ്യാപകവും ആസൂത്രിതവുമായ കുപ്രചാരണങ്ങളില്‍ കടിച്ചുതൂങ്ങുകയാണ് ഹിന്ദുത്വ ഭരണകൂടവും ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയും. കൊവിഡിന്റെ വ്യാപനമല്ല ഇവര്‍ക്ക് പ്രശ്‌നം. തബ്‌ലീഗ് ജമാഅത്തും അവരെക്കുറിച്ചുള്ള വിഷലിപ്തമായ പ്രചാരണവും തന്നെയാണ് ഇപ്പോഴും ഇവരെ നയിക്കുന്നത്. ആരും മറന്നിട്ടില്ല, അന്ന് സംഘ്പരിവാറും മുസ്ലിം വിരുദ്ധ വര്‍ഗീയത ഊതിക്കത്തിക്കുന്ന മാധ്യമങ്ങളും നടത്തിയ പ്രചണ്ഡമായ ദുഷ്പ്രചാരണങ്ങള്‍. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടമായിരുന്നു അത്. മര്‍കസില്‍ മാര്‍ച്ച് 10നു ശേഷം നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളടക്കമുള്ളവര്‍ മുഴുവന്‍ കൊവിഡ്-19 പോസിറ്റീവാണെന്ന വ്യാജറിപ്പോര്‍ട്ട് പരന്നപ്പോള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും അങ്ങോട്ടുതിരിഞ്ഞു. മര്‍കസ് അടച്ചുപൂട്ടുകയും താടി നീട്ടിവളര്‍ത്തിയ, തൊപ്പി ധാരികളായ തബ്‌ലീഗുകാരെ പൊലീസ് സ്റ്റേഷനനിലേക്ക് കൂട്ടം കൂട്ടമായി കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ലോകമാകെ പ്രചരിപ്പിക്കുകയും ചെയ്തു. ചിലരെ ആശുപത്രികളിലേക്കും ഭൂരിപക്ഷത്തെ ജയിലിലേക്കുമായിരുന്നു കൊണ്ടുപോയത്. വിദേശത്തുനിന്ന് വന്ന ഏതാനും തബ്‌ലീഗു പ്രവര്‍ത്തകര്‍ക്കായി പൊലീസും രഹസ്യാന്വേഷണ വിഭാഗവും രാജ്യമൊട്ടുക്കും അരിച്ചുപെറുക്കി. കൊവിഡ് പോസിറ്റീവായി കണ്ടെത്തിയവരെ മാസങ്ങളോളം ജയിലിലടച്ചു. കുറ്റമെന്തെന്നല്ലേ, ടൂറിസ്റ്റ് വിസയില്‍ വന്ന് നാടാകെ കൊറോണ വൈറസ് പരത്തി എന്നതുതന്നെ. പീഡനം തുടര്‍ന്നപ്പോള്‍ നീതിപീഠങ്ങള്‍ ഭരണകൂടത്തോട് ചോദിച്ചു; ഇത് വല്ലാത്തൊരു ശിക്ഷയാണല്ലോ; മറ്റേതെങ്കിലും രാജ്യത്ത് ഇത് സംഭവിക്കുമോ? ഭൂരിഭാഗത്തെയും കോടതി നിരുപാധികം വിട്ടയച്ചു.

തബ്‌ലീഗ് പ്രവര്‍ത്തകര്‍ നേരിട്ട പീഡനങ്ങളും അവഹേളനങ്ങളും കാരാഗൃഹവാസവുമല്ല യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചത്. കൊവിഡിന്റെ പേരില്‍ തബ്‌ലീഗ് ജമാഅത്തിനെ മറയാക്കി അരങ്ങേറിയ ഇസ്ലാമോഫോബിയയും മുസ്ലിം ഭത്സനവും ഇസ്ലാംവിരുദ്ധ ശക്തികളുടെ ക്ഷുദ്ര അജണ്ട തുറന്നുകാട്ടി. ഹിന്ദുത്വവാദികളും ഒരു വിഭാഗം മുഖ്യധാരാമാധ്യമങ്ങളും ചേര്‍ന്ന് മാസങ്ങളോളം വിദ്വേഷത്തിന്റെയും വൈരത്തിന്റെയും വൈറസുകള്‍ പരത്തുകയായിരുന്നു നാടെങ്ങും. ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളില്‍ ഇരകളുടെ പക്ഷത്തുനിന്ന് സംസാരിക്കേണ്ടവര്‍ ശത്രുക്കളെ പോലെ പെരുമാറി. ന്യൂനപക്ഷകാര്യാലയ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്്വി അന്ന് തുറന്നടിച്ചത് നാം മറന്നിട്ടില്ല. ” ഇത് തബ്‌ലീഗുകാര്‍ ചെയ്ത താലിബാനി അപരാധമാണ്.സൂക്ഷ്മതക്കുറവ് കൊണ്ട് സംഭവിച്ചതല്ല ഇത്. കടുത്ത കുറ്റകൃത്യമാണ് ഇവര്‍ ചെയ്തത്. രാജ്യം മുഴുവന്‍ കൊറോണക്കെതിരെ പോരാടുമ്പോള്‍, ഇതിന് മാപ്പ് കൊടുക്കാന്‍ പറ്റില്ല.” ”കൊവിഡ്-19 പരത്തുന്നത് ഭീകരപ്രവര്‍ത്തനമാണ്. രോഗം പരത്തുന്നവര്‍ രാജ്യദ്രോഹികളാണ്”- കര്‍ണാടകയിലെ ബി ജെ പി എം എല്‍ എ എം പി രേണുകാചാര്യ പൊട്ടിത്തെറിച്ചു. ഇങ്ങനെ രോഗം പരത്തുന്നവരെ വെടിവെച്ചുകൊല്ലുന്നത് പോലും തെറ്റല്ല- മാര്‍ച്ച് 9, 10 തീയതികളില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പലരും കൊവിഡ് ടെസ്റ്റിന് വിധേയമാകുന്നില്ല എന്ന തെറ്റായ റിപ്പോര്‍ട്ട് മുന്നില്‍വെച്ചായിരുന്നു ഈ രോഷപ്രകടനം. മുഖ്യമന്ത്രി യെദ്യൂരപ്പ, ബി ജെ പി നേതാക്കള്‍ ഒരു സമൂഹത്തെ മൊത്തത്തില്‍ വട്ടംതിരിഞ്ഞ് ആക്രമിക്കുന്നതിന് എതിരെ പരസ്യമായി രംഗത്തുവന്നിട്ടും ഫലമുണ്ടായില്ല. ബി ജെ പി കര്‍ണാടക ജനറല്‍ സെക്രട്ടറി അരവിന്ദ് ലിംബാവാലി എന്നിട്ടും പറഞ്ഞത് ടെസ്റ്റിന് തയാറാവാത്ത തബ്‌ലീഗുകാരെ പിടിച്ച് ജയിലിലടക്കണമെന്നാണ്. ‘അവരുടെ ഉദ്ദേശ്യത്തില്‍ സംശയമുണ്ട്. സര്‍ക്കാരിന് മോശം പേരുണ്ടാക്കാന്‍ വേണ്ടി മനഃപൂര്‍വം രോഗം പരത്തുന്നതാവാം’ എന്നായിരുന്നു അരവിന്ദിന്റെ ആക്രോശം. നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷന് തൊട്ടുമുമ്പില്‍ സ്ഥിതി ചെയ്യുന്ന ബംഗ്‌ളാവാലി മസ്ജിദ് മര്‍കസ് നിസാമുദ്ദീനില്‍ കൊവിഡ് ലോക്ഡൗണ്‍ തുടങ്ങുന്നതിന് എത്രയോ മുമ്പേ തബ്‌ലീഗ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു; വിവിധ രാജ്യങ്ങളില്‍നിന്നും വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്നും. തങ്ങളുടെ മൂക്കിന് താഴെ ആയിരക്കണക്കിനാളുകള്‍ ഒരുമിച്ചുകൂടുന്നത് കണ്ടിട്ടും പൊലിസോ അധികൃതരോ മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയോ ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ ചെയ്തിരുന്നില്ല. മാര്‍ച്ച് 30നാണ് പൊലീസ് മര്‍കസ് വളയുന്നത്. 2346പേരെ മര്‍കസില്‍നിന്ന് പുറത്തേക്ക് കൊണ്ടുവന്നു. 536പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1810പേരെ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തുനിന്ന് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 110പേര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് തമിഴ്‌നാട് അധികൃതര്‍ അറിയിച്ചപ്പോള്‍ അഞ്ചുപേര്‍ മരിച്ചതായി തെലങ്കാനയും വെളിപ്പെടുത്തി. ഇതോടെയാണ് രാജ്യം മുഴുവന്‍ കൊവിഡ് പരത്താന്‍ തബ്‌ലീഗുകാര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കയാണെന്ന പ്രചാരണം കൊഴുക്കുന്നതും ‘കൊറോണ ജിഹാദി’നെതിരെ അര്‍ണബ് ഗോസ്വാമിമാര്‍ യുദ്ധം പ്രഖ്യാപിച്ചതും. പിന്നീട് ശകാരവും അസഭ്യവും രാജ്യത്തെ മുഴുവന്‍ മുസ്ലിംകള്‍ക്കുമെതിരെ ആയി. കുറ്റകരമായ ഗൂഢാലോചന ചാര്‍ത്തുന്ന ഐ പി സി 120ബി അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് ഡല്‍ഹി പൊലീസ് മര്‍കസ് അധികൃതര്‍ക്കും തബ്‌ലീഗുകാര്‍ക്കുമെതിരെ കേസെടുത്തതോടെ , രാജ്യത്ത് പെരുകുന്ന കൊവിഡ് കേസുകളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഈ വിഭാഗത്തിന്റെ തലയില്‍ ചാര്‍ത്തി. തബ്‌ലീഗുകാര്‍ മര്‍കസില്‍ സംഗമിച്ചില്ലായിരുന്നുവെങ്കില്‍ രാജ്യത്ത് കൊറോണ മഹാവ്യാധിയേ ഉണ്ടാകുമായിരുന്നില്ല എന്ന തരത്തിലുള്ള വാദങ്ങളാണ് ചാനല്‍ ചര്‍ച്ചകളില്‍ കേട്ടത്.
ഗൗരവമേറിയ ഒരു വസ്തുത എല്ലാവരും വിട്ടുകളഞ്ഞു. ആഗോളതലത്തില്‍ കൊവിഡ് വ്യാപിച്ചുതുടങ്ങിയ ഘട്ടത്തില്‍ തന്നെ നിരീക്ഷണവും പരിശോധനയും കര്‍ക്കശമാക്കിയിരുന്നുവെങ്കില്‍ വിദേശത്തുനിന്ന് വരുന്നവരെ ക്വാറന്റയിനില്‍ പാര്‍പ്പിച്ച് രോഗവ്യാപനം തടയാമായിരുന്നു. ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് പാപഭാണ്ഡം തബ്‌ലീഗുകാരുടെ ചുമലില്‍ വെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതും അതിനിടയില്‍ ഇസ്ലാംവിരുദ്ധ ജല്പനങ്ങളിലൂടെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കിയതും. ഫെബ്രുവരി 27മുതല്‍ മാര്‍ച്ച് ഒന്ന് വരെ മലേഷ്യയിലെ ക്വാലാലമ്പൂരില്‍ ചേര്‍ന്ന തബ്‌ലീഗ് രാഷ്ട്രാന്തരീയ സംഗമത്തില്‍ 1500 വിദേശികളടക്കം 16,000 പേര്‍ പങ്കെടുത്തപ്പോള്‍ മലേഷ്യയില്‍ അന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 673 കൊവിഡ് പോസിറ്റീവ് കേസില്‍ മൂന്നില്‍ രണ്ടും സമ്മേളനനഗരിയുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതൊന്നും കണക്കിലെടുക്കാതെയാണ്, വിദേശികള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്. പതിവുപോലെ ടൂറിസ്റ്റ് വിസയില്‍ എത്തിയവരെ, പിന്നീട് മതപ്രബോധന കുറ്റം ചുമത്തി ജയിലലടച്ചു.

രംഗവേദി ഹരിദ്വാറിലേക്ക് മാറുമ്പോള്‍
മര്‍കസില്‍ കെട്ടഴിഞ്ഞുവീണ സംഭവവികാസങ്ങള്‍ക്ക് ഒരു വര്‍ഷം തികയുമ്പോഴാണ് കൊവിഡിന്റെ രണ്ടാംവരവും അതിശീഘ്രമായ വ്യാപനവും ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച മഹാമാരിയുടെ വിളയാട്ടം ഒരിക്കല്‍ക്കൂടി നമ്മുടെ പ്രതികരണശേഷിയും സഹനമനോഭാവവും ചിന്താപരമായ സങ്കുചിതത്വവും തുറന്നുകാട്ടുന്നതായി. 2021 ഏപ്രില്‍ പിറന്നതോടെ രോഗവ്യാപനത്തിന്റെ അതിരൂക്ഷതയിലേക്ക് സൂചന നല്‍കുന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു. പക്ഷേ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ ശ്രദ്ധ ഊന്നിയപ്പോള്‍ കൊവിഡിന്റെ മേല്‍പ്പോട്ട് കുതിച്ച ഗ്രാഫ് ആരും ശ്രദ്ധിച്ചില്ല. ആ കുതിപ്പ് എവിടെ എത്തിയെന്ന് പരിശോധിക്കുമ്പോള്‍ ഏപ്രില്‍ 19ന് രാജ്യത്ത് 24 മണിക്കൂറിനകം 2.74 ലക്ഷമായി. പ്രതിദിന മരണം 1620. മൊത്തം ആക്ടീവ് കേസുകള്‍: 19.23ലക്ഷം. ഇതുവരെയുള്ള മൊത്തം കൊവിഡ് കേസുകള്‍: 1.5കോടി. മൊത്തം മരണം: 1.78ലക്ഷം. ഇതേ പോക്കുപോയാല്‍ ഈ കുറിപ്പ് അച്ചടിച്ചുവരുമ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം 5 ലക്ഷം കവിഞ്ഞേക്കാം. പ്രതിദിന മരണ സംഖ്യ അയ്യായിരവും. രണ്ടുകോടി ജനം രോഗബാധിതരാവുന്ന അവസ്ഥ. മൊത്തം മരണം 2ലക്ഷമാവാന്‍ വൈകില്ല. വസ്തുനിഷ്ഠമായ കണക്ക് എത്രയോ കൂടുതലായിരിക്കുമെന്നും കൊവിഡ് ആളിപ്പടര്‍ന്ന മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥനങ്ങളില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് സത്യവുമായി പുലബന്ധമില്ലെന്നും മാധ്യമങ്ങള്‍ തന്നെ ഓരോ പ്രദേശവും സന്ദര്‍ശിച്ച് വിളിച്ചുപറയുന്നു. ശവങ്ങള്‍ കുന്നുകൂടുമ്പോള്‍ സംസ്‌കരിക്കാനാവാതെ കൂട്ടമായി കത്തിക്കുന്ന ഭീകരകാഴ്ചയും മൃതദേഹവുമായി ബന്ധുക്കള്‍ ടോക്കണ്‍ എടുത്തു കാത്തുകിടക്കുന്ന ദുരന്തവും മുഖ്യധാര മീഡിയ തമസ്‌കരിച്ചു. അതിനിടയിലാണ് ഉത്തരഖണ്ഡിലെ ഹരിദ്വാറില്‍ 12വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കുംഭമേള വന്നണഞ്ഞത്. പാപങ്ങള്‍ കഴുകിക്കളയുന്ന ‘ഷാഹീ സ്‌നാന’ത്തിനായി 30ലക്ഷം പേര്‍ ഒഴുകിയെത്തിയപ്പോള്‍ രാജ്യം കൊറോണ എന്ന മഹാമാരിയെ മറന്നു എന്നു മാത്രമല്ല, ഗംഗയുടെ തീരം ഹോട്ട്‌സ്‌പോട്ടായി മാറുകയാണെന്ന താക്കീതുകള്‍ ഏപ്രില്‍ 18വരെ ആരും ചെവിക്കൊണ്ടില്ല. ഹരിദ്വാര്‍ സ്ഥിതി ചെയ്യുന്ന ഉത്തരഖണ്ഡില്‍ ഏപ്രില്‍ 4ന് മൊത്തം കൊവിഡ് കേസ് 837 ആയിരുന്നു. ഏപ്രില്‍ 12, 14, 17 തീയതികളില്‍ ‘ഷാഹീ സ്‌നാന്‍’ കഴിഞ്ഞതോടെ രോഗികളുടെ എണ്ണം 13, 546 ആയി ഉയര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റു വി വി ഐ പികളും ഗംഗയില്‍ മുങ്ങിക്കുളിച്ച് ‘പാപമോചനം’ തേടുന്ന ചിത്രങ്ങള്‍ കണ്ട് ലോകം അമ്പരന്നു. നഗ്‌ന, അര്‍ധനഗ്‌ന സന്ന്യാസിമാര്‍ ഗംഗാ തീരത്ത് കെട്ടിപ്പൊക്കിയ ആയിരക്കണക്കിന് തമ്പുകളില്‍ ആഴ്ചകളോളം കഴിച്ചുകൂട്ടി, ‘പുണ്യസ്‌നാന’ത്തിനായി പ്രവഹിക്കുന്നതും ലോകം അദ്ഭുതത്തോടെ കണ്ടു. അവര്‍ക്ക് പൊലീസ് ഒരുക്കിയ രക്ഷാകവചം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. കുംഭമേള കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും നടക്കുക എന്ന് പരസ്യം ചെയ്തു ലോകത്തെ മാടിവിളിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിറാത്ത് സിങ് റാവത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല. ശരീരത്തില്‍ ഒരു കഷണം ശീലയില്ലാതെ പതിനായിരങ്ങള്‍ ഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ മത്സരിക്കുമ്പോള്‍ എന്തു മാസ്‌ക്, എന്ത് സാമൂഹിക അകലം! ഹരിദ്വാറിലെ മുഖ്യ പുരോഹിതന്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടും ആരും കുലുങ്ങിയില്ല. മലയാളികളടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ വാരാണസിയും അഹമ്മദാബാദും മഹാരാഷ്ട്രയും സന്ദര്‍ശിച്ച് അവിടങ്ങളില്‍ മരിച്ചുവീഴുന്ന കൊവിഡ് രോഗികളുടെ ബാഹുല്യത്തിന്റെ ഭീകര ചിത്രം ലൈവായി വാര്‍ത്തയെത്തിച്ചിട്ടും ഒരൊറ്റ ബി ജെ പിക്കാരനും കുലുങ്ങിയില്ല. മുഖ്യധാരാമാധ്യമങ്ങള്‍ക്ക് ഈ വിഷയത്തില്‍ അന്തിച്ചര്‍ച്ച വേണമെന്ന് തോന്നിയില്ല. ഡല്‍ഹി മര്‍കസില്‍ കഴിഞ്ഞ വര്‍ഷം ‘കൊവിഡ് ജിഹാദി’നെ കുറിച്ച് ഗീര്‍വാണം മുഴക്കിയവര്‍ ഇന്ന് ഹരിദ്വാറിലെ ഭീകരാവസ്ഥ കാണുന്നില്ലേ എന്ന് ചോദ്യവുമായി പ്രജ്ഞാമിശ്ര എന്ന ചാനല്‍ പ്രവര്‍ത്തക രംഗത്തുവന്നതും (അവര്‍ ദാരുണമായി കൊല്ലപ്പെട്ടു എന്ന വ്യാജ വാര്‍ത്ത പിറ്റേന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുകയുണ്ടായി) മലയാളി സിനിമ നടി പാര്‍വതി തിരുവോത്ത് മര്‍കസിന്റെ പേരില്‍ കണ്ണീര്‍ വാര്‍ത്തവര്‍ എന്തേ കുംഭമേളയിലെ കൊവിഡ് വ്യാപനത്തെക്കുറിച്ച് മൗനം ദീക്ഷിക്കുന്നതെന്നു ചോദിച്ചതും ചിലരെങ്കിലും റിപ്പോര്‍ട്ട് ചെയ്തു. അപ്പോഴും അമിത് ഷാ പറയുന്നത് കേട്ടില്ലേ, കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെങ്കില്‍ റമളാന്‍ വ്രതം ശരിയാവില്ലെന്ന്. അതുകൊണ്ടാണത്രെ, 28 ലക്ഷം ജനങ്ങള്‍ ഗംഗാ തീരത്ത് സംഗമിക്കുകയും വേണ്ടത്ര കൊവിഡ് രോഗികളെ സൃഷ്ടിക്കുകയും ചെയ്ത ശേഷം മേളയില്‍ ഇനി പ്രതീകാത്മക കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് നിര്‍ദേശിച്ചത്.

പ്രാണവായു നല്‍കാന്‍ പരക്കം പായുന്ന സര്‍ക്കാര്‍

എന്തുകൊണ്ട് കൊവിഡ് ഇമ്മട്ടില്‍ രാജ്യത്തെ ശ്വാസം മുട്ടിച്ചു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ: കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ കെടുകാര്യസ്ഥതയും ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിന്റെ പേരിലുള്ള പ്രീണന സമീപനവും ദീര്‍ഘദൃഷ്ടിയുടെ അഭാവവും. കൊവിഡ് വ്യാപനം കൂട്ടാന്‍ സാധ്യതയുള്ള എല്ലാ ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നതിനു പകരം ബംഗാള്‍ പിടിച്ചെടുക്കാനുള്ള ത്വരയില്‍ ആയിരങ്ങള്‍ പങ്കെടുത്ത എത്രയോ റാലികളില്‍ നരേന്ദ്രമോഡിയും അമിത് ഷായും അമിതാവേശത്തോടെ ഭാഗവാക്കായി. കുംഭമേളയിലേക്ക് ലക്ഷങ്ങളെ സ്വാഗതം ചെയ്ത ഉത്തരഖണ്ഡ് ബി ജെ പി സര്‍ക്കാര്‍ പ്രോട്ടോകോള്‍ പാലിക്കുന്ന കാര്യത്തില്‍ അണുമണിത്തൂക്കം ആത്മാര്‍ഥത കാട്ടിയില്ല. ആയിരങ്ങളെ രോഗം പിടികൂടിയപ്പോള്‍, മേള കഴിഞ്ഞ് തിരിച്ചുവരുന്നവരെ ടെസ്റ്റ് നടത്തിയേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പോലും നിബന്ധന വെച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും ആയിരങ്ങള്‍ മരിച്ചുവീഴുകയും പതിനായിരങ്ങള്‍ രോഗികളായി തെരുവോരങ്ങളില്‍ കഴിയേണ്ട അവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തപ്പോഴും ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ പിടിച്ചെടുക്കാനുള്ള അത്യാര്‍ത്തിയിലായിരുന്നു. ഏപ്രില്‍ 19ന് 24പര്‍ഗാന ജില്ലയില്‍ ഷാ നടത്തിയ റാലി കാണാന്‍ തടിച്ചുകൂടിയത് പതിനായിരങ്ങള്‍. ഇതില്‍ എത്രപേര്‍ കൊറോണ വൈറസിനെ വാരിപ്പുണര്‍ന്നുവെന്ന് വരുംദിവസങ്ങളില്‍ അറിയാം. ബംഗാള്‍ പര്യടനം റദ്ദാക്കി അല്‍പമെങ്കിലും പക്വത കാണിച്ചത് രാഹുല്‍ ഗാന്ധിയാണ്. ജീവന്റെ വിലയുള്ള ജാഗ്രത സാഹചര്യം നമ്മോട് ആവശ്യപ്പെടുമ്പോള്‍, കൊവിഡ് മാനദണ്ഡങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാന്‍ മനുഷ്യസ്‌നേഹികള്‍ ഓര്‍മപ്പെടുത്തുമ്പോള്‍ ആചാരസംരക്ഷണത്തിന്റെ പേര് പറഞ്ഞ്, ദുശ്ശാഠ്യവുമായി നീങ്ങുന്ന കാഴ്ച ആരെയാണ് ഞെട്ടിക്കാത്തത്? തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്തണമെന്നും പൂരാഘോഷങ്ങള്‍ ഇക്കുറി ഒഴിവാക്കണമെന്നുമുള്ള അഭ്യര്‍ഥന മാനിക്കാന്‍ സംഘാടകര്‍ ആദ്യം കാണിച്ച വൈമനസ്യം നമ്മുടെ പൊതുബോധത്തിന്റെ പ്രതിലോമപരതയാണ് തുറന്നുകാട്ടിയത് . കേരളത്തില്‍ ഇതാദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 18,257ആയി ഉയര്‍ന്ന സാഹചര്യത്തിലാണീ അഭ്യര്‍ഥനയെന്ന യാഥാര്‍ത്ഥ്യം മറക്കുകയാണ് മതാചാരങ്ങളുടെ പേരില്‍ ‘ബിസിനസ് ‘ ലക്ഷ്യമിടുന്നവര്‍. പൂരം ദൈവശാസ്ത്രപരമായ തന്ത്രവിധികളുടെ ഭാഗമല്ലെന്നും ശക്തന്‍ തമ്പുരാന്‍ നാന്ദികുറിച്ച ഒരാഘോഷം മാത്രമാണതെന്നും മനസിലാക്കിയിട്ടും അതിനെ ഹിന്ദുമതത്തോട് കൂട്ടിക്കെട്ടി ചടങ്ങുകള്‍ മുടങ്ങുന്നത് വലിയ പാപമായി ചിത്രീകരിക്കുന്നത് കേരളം പോലുള്ള പ്രബുദ്ധസമൂഹത്തിന് കരണീയമല്ലെന്ന് ഓര്‍മിപ്പിക്കേണ്ടിവന്നു.
കൊവിഡിന്റെ രണ്ടാം വ്യാപനത്തില്‍ മോഡി സര്‍ക്കാര്‍ നേരിട്ട രണ്ടു പ്രതിസന്ധി പ്രത്യേകം ശ്രദ്ധേയമാണ്. ഒന്ന് മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമം. രണ്ട്, കൊവിഡ് വാക്‌സിനു വേണ്ടിയുള്ള പരക്കം പാച്ചില്‍. ഉത്തരേന്ത്യയിലെ പല പ്രമുഖ ആശുപത്രികളും രോഗികളെ മടക്കിയയച്ചത് ഓക്‌സിജന്‍ സിലിണ്ടറിന്റെ കടുത്ത ക്ഷാമം മൂലമാണ്. പ്രാണവായു ലഭിക്കാതെ കണ്‍മുമ്പില്‍ വെച്ച് ഉറ്റവരും ഉടയവരും മരിക്കേണ്ടിവരുന്ന കാഴ്ചക്ക് സാക്ഷിയായ എത്രയോ പേര്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായപ്പോള്‍ പ്രധാനമന്ത്രിക്ക് വിദഗ്ധരുടെ യോഗം വിളിച്ചുകൂട്ടേണ്ടിവന്നു. 138കോടി ജനങ്ങള്‍ ജീവിക്കുന്ന ഒരു മഹത്തായ ജനാധിപത്യ ശക്തിയുടെ ‘കരുത്തുറ്റ’ പ്രധാനമന്ത്രി മഹാരോഗത്തിന്റെ പോര്‍മുഖത്ത് അടിയന്തര യോഗം വിളിച്ചിരിക്കുന്നത് പ്രാണവായു വേണ്ടവിധം വിതരണം ചെയ്യാന്‍ എന്താണ് പോംവഴി എന്നാരായാനാണെന്ന് അറിയുമ്പോഴാണ് നാം ആരുടെ മുന്നിലാണ് തോല്‍ക്കുന്നതെന്ന ചോദ്യം ഉയരുന്നത്. കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ ആവശ്യമായി വന്നപ്പോള്‍ സ്റ്റീല്‍ വ്യവസായ മേഖലയില്‍നിന്നുള്ളവരെ കൂടി പങ്കെടുപ്പിക്കേണ്ടിവന്നു. എല്ലാറ്റിനുമൊടുവില്‍ എടുത്ത തീരുമാനം ‘ആമസോണ്‍’ വഴിയോ മറ്റോ ആവശ്യത്തിന് സിലിണ്ടറുകള്‍ സംഘടിപ്പിക്കാമെന്നാണ്. കൊടിയ അനാസ്ഥയുടെയും ദീര്‍ഘദൃഷ്ടിയില്ലായ്മയുടെയും കഥ കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കാനുണ്ട്. 21ദിവസം കൊണ്ട് കൊറോണവൈറസിനെ തോല്‍പിക്കാമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ് നമ്മുടേത്. എന്നാല്‍, ഇന്ന് ശ്വാസം കിട്ടാതെ മരിക്കുന്നവര്‍ക്ക് പ്രാണവായു നല്‍കാനുള്ള സംവിധാനം പോലും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജില്ലാ ആശുപത്രികളോട് ചേര്‍ന്ന് സ്ഥാപിക്കാന്‍ തിരുമാനിച്ചിട്ട് ഒരു വര്‍ഷമായി. ഇതിനകം സ്ഥാപിച്ചത് 11എണ്ണം മാത്രം. ബാക്കി എവിടെ വരെ എത്തി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. സാമ്പത്തിക ഞെരുക്കമാണത്രെ 200കോടിയുടെ പദ്ധതി വൈകാന്‍ കാരണം. 3000കോടി രൂപ ചെലവിട്ട് പട്ടേല്‍ പ്രതിമ പണിത മോഡിക്കാണ് 200കോടി രൂപ സ്വരൂപിക്കാന്‍ പ്രയാസം. പി എം കെയറില്‍നിന്ന് നല്‍കിയ ഫണ്ടാണത്രെ ഇപ്പോള്‍ ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യത്തിന് സ്റ്റോക്കില്ലാത്തതുകൊണ്ട് എണ്ണമറ്റ കുഞ്ഞുങ്ങള്‍ മരിച്ചത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടായ ഗൊരഖ്പൂരിലാണ്. ഒടുവില്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം കീശയില്‍നിന്ന് പണമെടുത്ത് സിലിണ്ടറുകള്‍ വാങ്ങിയ കുറ്റത്തിന് ഡോ. കഫീല്‍ ഖാന്‍ എന്ന മനുഷ്യസ്‌നേഹിയെ തുറുങ്കിലടച്ചത് ലോകം മറന്നിട്ടില്ല.

കൊവിഡ് വാക്‌സിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടി എന്ന അവകാശപ്പെട്ട മോഡി സര്‍ക്കാര്‍ ഇന്ന് ലോകത്തിനു മുന്നില്‍ കൈ നീട്ടുകയാണ്. വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്ത് ‘ലോകത്തിന്റെ ഫാര്‍മസി’ പട്ടം നെറ്റിയില്‍ ചാര്‍ത്തിയ ഇന്ത്യ വാക്‌സിന്‍ ക്ഷാമം കൊണ്ട് ലക്ഷങ്ങളെ മരണവക്രത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കയാണ്. വാക്‌സിന്റെ വിഷയത്തില്‍ ലോകത്തിലെ സൂപ്പര്‍ പവര്‍ എന്ന് ബ്രസീല്‍ പ്രധാനമന്ത്രി ബൊല്‍സനാറോ വിശേഷിപ്പിച്ച മോഡിയുടെ ഇന്ത്യക്ക് ഇന്ന് റഷ്യയുടെയും നാളെ ചൈനയുടെയും മുന്നില്‍ കൈനീട്ടേണ്ടിവരുമെന്ന് തന്നെയാണ് രോഗത്തിന്റെ അതിവേഗത്തിലുള്ള വ്യാപനം മുന്നറിയിപ്പ് നല്‍കുന്നത്. വാക്‌സിന്‍ വിഷയത്തില്‍ ബുദ്ധിപൂര്‍വമുള്ള ചുവടുവെപ്പല്ല നാം നടത്തിയത്. പല അന്താരാഷ്ട്ര കമ്പനികളെയും പടിക്കു പുറത്തുനിറുത്തി. ഭാരത് ബയോടെക് ലിമിറ്റഡിന്റെ കൊവാക്‌സിനെ കുറിച്ച് അധികൃതര്‍ അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തി. മൂന്നാം ഘട്ട പരീക്ഷാ ഫലം വരുന്നതിന് മുമ്പ് തന്നെ നാം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്തു ‘ഹൈപ്പര്‍ നാഷനലിസവും’ ധാര്‍ഷ്ട്യവും തുറന്നുകാട്ടി. മറ്റിടങ്ങളില്‍ അംഗീകാരം നേടിയെടുത്ത ഫിസര്‍ ഇന്‍കോ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തുടങ്ങിയവ പെട്ടെന്ന് കടത്തിവിട്ടില്ല. സ്വകാര്യ വാക്‌സിന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചുരുങ്ങിയ വിലക്ക് വാക്‌സിന്‍ വാഗ്ദാനം ചെയ്തിട്ടും സ്വകാര്യ മാര്‍ക്കറ്റില്‍നിന്ന് ആട്ടിയോടിച്ചു. മോഡിസര്‍ക്കാരിന്റെ ഹുങ്ക് ബൂമറാങ്ങായി തിരിച്ചടിച്ചപ്പോഴാണ് സര്‍വത്ര വാക്‌സിന്‍ ക്ഷാമം നേരിട്ടത്. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കുപോലും കൊവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാനാവുന്നില്ല എന്ന പരമാര്‍ഥത്തിന് മുന്നില്‍ ഉത്തരമില്ലാതെ വിദഗ്ധര്‍ കുഴങ്ങുന്നു.

ശത്രുരാജ്യങ്ങളോട് പടപൊരുതേണ്ട സമയത്ത് മിസൈല്‍ കാണാതായ ഭരണാധികാരിയുടെ വിഭ്രാന്താവസ്ഥയിലാണ് നരേന്ദ്രമോഡി ഇന്ന്. കൊവിഡിനെ ഫലപ്രദമായി നേരിട്ടു എന്ന് വ്യാജപ്രചാരണത്തിലൂടെ ജനമനസ്സുകള്‍ കീഴടക്കി രണ്ടാമൂഴത്തിലെ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് മോഡി അത്യപൂര്‍വമായ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്.

Kasim Irikkoor

You must be logged in to post a comment Login