ശ്വാസംമുട്ടാത്തവര്‍ ആരുണ്ടിവിടെ?

ശ്വാസംമുട്ടാത്തവര്‍ ആരുണ്ടിവിടെ?

പ്രാണവായു കിട്ടാതെ നൂറുകണക്കിനാളുകള്‍ ഉത്തരേന്ത്യയിലെ വിവിധ ആശുപത്രികളില്‍ മരിച്ചുവീണ ഏപ്രില്‍ മൂന്നാം വാരത്തില്‍ കേരളീയരുടെ ആകുലത മൂര്‍ധന്യതയിലെത്തിയത് സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് ആശുപത്രിക്കിടക്കയില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ നടുക്കുന്ന വാര്‍ത്ത കേട്ടാണ്. യു പിയിലെ ഹാഥ്‌റസില്‍ ദളിത് യുവതി സവര്‍ണ യുവാക്കളാല്‍ അതിക്രൂരമായി ബലാല്‍സംഗത്തിനിരയാവുകയും ഒടുവില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തപ്പോള്‍ യോഗിആദിത്യനാഥ് സര്‍ക്കാര്‍ രാവിന്റെ മറവില്‍ ജഡം കത്തിച്ചാമ്പലാക്കി തെളിവുകള്‍ തേച്ചുമായ്ച്ചുകളയാന്‍ നടത്തിയ ഹീനശ്രമങ്ങള്‍ക്കിടയില്‍ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു എന്ന കുറ്റത്തിനാണ് സിദ്ദീഖ് കാപ്പനും കൂട്ടുകാരും യു പി പൊലിസിന്റെ വലയിലകപ്പെടുന്നത്. കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ. ഡബ്ല്യൂ.ജെ.യു) ഡല്‍ഹി യൂനിറ്റിന്റെ ജന.സെക്രട്ടറി കൂടിയാണ് സിദ്ദീഖ് എന്നോര്‍ക്കണം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനാണ് ഇദ്ദേഹമെന്നും ഹാഥറസില്‍ കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് അങ്ങോട്ടേക്ക് പുറപ്പെട്ടതെന്നും അതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ആരോപിച്ച് യു എ പി എ ചുമത്തി ഏഴുമാസമായി തുറുങ്കിലടക്കപ്പെട്ട സിദ്ദീഖ് കാപ്പന്‍ ഇപ്പോള്‍ മലയാളികളുടെ മനസ്സാക്ഷിക്കു മുന്നില്‍ ചോദ്യചിഹ്നമായി മാറിയത് കൊവിഡ് രോഗിയായ അദ്ദേഹം മഥുര കെ വി എം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനുഭവിക്കുന്ന യാതനാപൂര്‍ണമായ നിമിഷങ്ങളുടെ നേര്‍സാക്ഷ്യം ഭാര്യ റൈഹാനയില്‍നിന്ന് കേട്ടപ്പോഴാണ്. കട്ടിലില്‍ ചങ്ങലക്കിട്ട നിലയിലാണെത്ര ഈ ‘തീവ്രവാദി’ ആശുപത്രിയില്‍ കഴിയുന്നത്. മലമൂത്രവിസര്‍ജനത്തിനു പോലും അനുമതി നല്‍കാത്തതുകൊണ്ട് കിടന്നിടത്ത് എല്ലാം നിര്‍വഹിക്കേണ്ട വേദനാജനകമായ അവസ്ഥയെ കുറിച്ച് കേള്‍ക്കേണ്ടിവരുമ്പോള്‍ മനുഷ്യത്വത്തിന്റെ കണിക ശേഷിക്കുന്ന ആര്‍ക്കാണ് സഹിക്കാനാവുക? എല്ലാവരും ഒറ്റക്കെട്ടായി സുപ്രീംകോടതിയോടും കേന്ദ്രസര്‍ക്കാരിനോടും യു പി ഗവണ്‍മെന്റിനോടും ആവശ്യപ്പെട്ടത് ഈ മനുഷ്യനോട് അല്‍പം ദയ കാട്ടണമെന്നാണ്. സിദ്ദീഖിനെ കുറ്റമുക്തനാക്കണമെന്നോ ജാമ്യം അനുവദിക്കണമെന്നോ അല്ല, മഹാമാരിയില്‍നിന്ന് ജീവന്‍ രക്ഷിക്കാന്‍ വിദഗ്ധ ചികില്‍സ നല്‍കണമെന്നും ബന്ധനത്തില്‍നിന്ന് മോചിപ്പിക്കണമെന്നും മാത്രമാണ് പല കോണുകളില്‍നിന്നും മുറവിളി കൂട്ടമായി ഉയര്‍ന്നത്. രാഷ്ട്രീയ-സാമൂഹിക, മത-മാധ്യമ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഒരേ സ്വരത്തില്‍ ഇമ്മട്ടിലൊരാവശ്യം മുന്നോട്ടുവെച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് യു പി മുഖ്യമന്ത്രിക്ക് കത്തെഴുതി; ‘എയിംസി’ല്‍ വിദഗ്ധ ചികില്‍സ നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്. കാപ്പന്‍ കൊവിഡ്മുക്തനാണെന്നും ജയിലിലേക്കു തന്നെ മാറ്റിയെന്നും യു പി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച വാര്‍ത്തയാണ് ഇന്നേരത്ത് പുറത്തുവരുന്നത്. വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്റെ വാദത്തെ മറികടക്കാനുള്ള ധൃതിപ്പെട്ട നീക്കങ്ങളാണിതെന്ന് വ്യക്തമാണ്.

റിപ്പോര്‍ട്ടര്‍ ടി വിയില്‍ കാപ്പന്‍ വിഷയവുമായി ബന്ധപ്പെട്ട സംവാദത്തിനിടയില്‍ രാഹുല്‍ ഈശ്വര്‍, റൈഹാനയെ ഓര്‍മിപ്പിച്ച സുപ്രധാനമായ മൂന്നു കാര്യങ്ങളിലൊന്ന് സിദ്ദീഖിന്റെ രാഷ്ട്രീയമായിരുന്നു.പാര്‍ശ്വവത്കൃത മുസ്ലിം -ദളിത് -കീഴാള കൂട്ടായ്മയുടെ രാഷ്ട്രീയം കൊണ്ടുവന്ന് കമ്യൂണല്‍ ഇഷ്യൂ ഉണ്ടാക്കാനാണ് നിങ്ങളുടെ ഭര്‍ത്താവ് ശ്രമിച്ചത്. ആ പരിപാടി നിര്‍ത്താന്‍ പറയണം. അത് ഇവിടെ വിലപ്പോവില്ല. അതിനുകാരണം ബ്യൂറോക്രസിയിലും ഡീപ്പ് സ്റ്റേറ്റിലും ഭൂരിഭാഗവും ഉളളത് ഞങ്ങളുടെ ആളുകളാണ്. അതുകൊണ്ട് തന്നെ, ഒരുകാലത്തും അത്തരമൊരു രാഷ്ട്രീയം ഇവിടെ ഉയര്‍ന്നുവരാന്‍ അനുവദിക്കില്ല. അതിനു ശ്രമിച്ചതുകൊണ്ടാണ് അബ്ദുന്നാസര്‍ മഅ്ദനിക്ക് ഇത്രയും നാള്‍ ജയിലില്‍ കിടക്കേണ്ടിവന്നത്. ആ അനുഭവം നിങ്ങളുടെ ഭര്‍ത്താവിന് വരാതിരിക്കാന്‍, സിദ്ദീഖിന്റെ കേസ് സുപ്രീംകോടതിയില്‍ ചന്ദ്രചൂഡിന്റെ ബെഞ്ചില്‍ എത്തിക്കുകയും സവര്‍ണനായ ഒരു വക്കീലിനെ കൊണ്ട് വാദിപ്പിക്കുകയും വേണം”. രാഹുല്‍ ഈശ്വര്‍ എന്ന ഹിന്ദുത്വവാദിയുടെ ആക്രോശങ്ങള്‍ക്ക് ഞാന്‍ വില കല്‍പിക്കാറില്ലെങ്കിലും ഇപ്പറഞ്ഞതില്‍ ചില യാഥാര്‍ത്ഥ്യങ്ങളുണ്ടെന്ന് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെയാണ് പറയുന്നത് ഹിന്ദുത്വ ഫാഷിസം ഉല്‍പാദിപ്പിക്കുന്ന വിദ്വേഷപ്രത്യയശാസ്ത്രം എടുത്തുപ്രയോഗിക്കുന്ന കൊടുംക്രൂരതകളുടെ ഇരകളുടെ പ്രതിനിധാനമാണ് സിദ്ദീഖ് കാപ്പന്‍ എന്ന് പറയുന്നത്. അബ്ദുന്നാസര്‍ മഅ്ദനിയില്‍നിന്ന് സിദ്ദീഖ് കാപ്പനിലേക്ക് എത്തുമ്പോള്‍ വ്യത്യാസം സ്ഥലവും സദര്‍ഭവും മാത്രം. പത്തുവര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന് നരകയാതന അനുഭവിച്ച ശേഷം കോടതി വെറുതെ വിട്ട, മഅ്ദനി എന്ന അംഗവിഹീനന്‍ ബംഗ്ലൂരിലെ അഗ്രഹാര ജയിലിലെത്തുന്നത് തീര്‍ത്തും വ്യാജമായ ഒരാരോപണത്തിന്റെ പേരിലാണെന്ന് മനസ്സിലാക്കാത്തവരുണ്ടോ നമുക്കിടയില്‍. പക്ഷേ, എന്നിട്ടും മഅ്ദനിക്കു വേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാത്തവിധം മഅ്ദനിയുടെമേലുള്ള തീവ്രവാദിമുദ്രയോട് പൊതുസമൂഹം രാജിയായി. അതിനെ വെല്ലുവിളിക്കാതിരിക്കുകയാണ് സുരക്ഷിതം എന്ന് മനസ്സിലാക്കിയ മഅ്ദനിയുടെ അനുയായികള്‍ പോലും പിന്നീട് വേട്ടക്കാരുടെ പിന്നാലെ നടക്കാന്‍ ശീലിച്ചു. ഭരണകൂട ഭീകരതക്കു മുന്നില്‍ നിസ്സഹാരായരായി കീഴ്‌പ്പെടാന്‍ ഒരുങ്ങിയെന്ന് ചുരുക്കം. മഅ്ദനിക്കുവേണ്ടി ശബ്ദിച്ചാല്‍ പൊതുസമൂഹത്തിനിടയില്‍ ഒറ്റപ്പെടും എന്ന വിചാരഗതി പഠിപ്പിച്ച സമുദായപാര്‍ട്ടി ആ പേര് പോലും ഉച്ചരിക്കാതിരിക്കാന്‍ അണികളെ പരിശീലിപ്പിച്ചെടുത്തു. എന്നിട്ടും ഈ മനുഷ്യനെ ഇങ്ങനെ ജയിലിലിട്ട് എന്തിന് ശിക്ഷിക്കുന്നുവെന്ന് ചോദിച്ചത് പരമോന്നത നീതിപീഠമാണ്. പക്ഷേ, ജയിലില്‍നിന്ന് തുറന്നുവിടാന്‍ നീതിന്യായ വ്യവസ്ഥക്ക് പോലും സാധിക്കാത്ത വിധം രാജ്യത്തിന്റെ വ്യവസ്ഥിതി കരാളരൂപം പൂണ്ടിരുന്നു. അതുകൊണ്ടാണ് സിദ്ദീഖ് കാപ്പനു വേണ്ടി വാദിക്കാനോ മരണവക്രത്തില്‍ കഴിയുന്ന ആ യുവാവിനോട് അല്‍പമെങ്കിലും മനുഷ്യത്വം കാട്ടണമെന്ന് ആവശ്യപ്പെടാനോ സംഘ്പരിവാറിന്റെ ഹിംസാത്മക രാഷ്ട്രീയത്തെ കുറിച്ച് നല്ല ബോധമുള്ളവര്‍ പോലും മുന്നോട്ടുവരാതിരുന്നത്. ജനവിരുദ്ധവും മനുഷ്യാവകാശലംഘനങ്ങളുടെ അടിത്തറയില്‍ നിര്‍മിച്ചെടുത്തതുമായ ഒട്ടനവധി നിയമങ്ങള്‍ ഭരണകൂടം എടുത്തുപയോഗിക്കുമ്പോള്‍, അതിലടങ്ങിയ ജനാധിപത്യവിരുദ്ധത തൊട്ടുകാണിക്കാന്‍ പോലും സാധിക്കാത്തവിധം മുഖ്യധാര അവയോട് സമരസപ്പെടുന്നു എന്ന ഭീകരാവസ്ഥ മുന്‍കാലങ്ങളില്‍ അരങ്ങേറിയ വംശഹത്യകളുടെ (ജെനോസൈഡ് ) ചരിത്രത്തിലേ നമ്മള്‍ വായിച്ചിട്ടുണ്ടാവൂ. യു എ പി എ എന്ന കരിനിയമത്തിനും എന്‍ ഐ എ എന്ന ദേശീയ ന്യൂനപക്ഷവിരുദ്ധ സേനക്കും മൂര്‍ച്ചയുള്ള പല്ലും നഖവും പിടിപ്പിക്കാനുള്ള നിയമനിര്‍മാണം പാര്‍ലമെന്റില്‍ നടന്നപ്പോള്‍ ഇന്ന് കാപ്പനു വേണ്ടി അലമുറയിടുന്ന പാര്‍ട്ടികള്‍ മിക്കതും കൈപൊക്കി അംഗീകാരം നല്‍കുകയായിരുന്നുവെന്ന് വിസ്മരിക്കരുത്. ജനാധിപത്യസംവിധാനം ഉപയോഗിച്ച് പൗരാവകാശത്തിന്റെ അവസാനത്തെ ജീവകോശത്തെയും കരിച്ചുകളയുന്ന വ്യവസ്ഥിതി പ്രതിഷ്ഠിച്ചപ്പോഴാണ് പ്രാണവായു കിട്ടാതെ ആയിരങ്ങള്‍ തെരുവുകളില്‍ ഊര്‍ധന്‍ വലിച്ചതെന്ന് മറക്കാതിരിക്കുക. അപ്പോഴും മനുഷ്യനന്മയില്‍ അവസാന പ്രതീക്ഷ അര്‍പ്പിച്ച ആഗോളജനായത്തം അവസരത്തിനൊത്തുയര്‍ന്നു. ഒന്നാം നമ്പര്‍ ശത്രുവായി നാം വിശ്വസിച്ചുപോന്ന പാകിസ്ഥാനില്‍നിന്ന് ഓക്‌സിജനുമായി ട്രക്കുകള്‍ അതിര്‍ത്തിക്കരികെ വന്നുനിന്നു; അനുമതി കാത്ത്. ഇത് കളിയല്ല, ഇന്‍സാനിയത്തിന്റെ പതാക പാറിപ്പറപ്പിക്കേണ്ട അപൂര്‍വ നിമിഷമാണെന്ന് പാക് ക്രിക്കറ്റ് താരം ശുഐബ് അക്തര്‍ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ഇമ്രാഖാന്‍ സര്‍ക്കാര്‍ സഹായവാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നു. സൗദി അറേബ്യയില്‍നിന്ന് ഓക്‌സിജനും ക്രയോജനിക്ക് ടാങ്കുകളും വ്യോമയാന വിമാനത്തില്‍ ഡല്‍ഹിയില്‍ കുതിച്ചെത്തി. യു എ ഇ സഹായഹസ്തവുമായി ഇന്ത്യക്കാരോടുള്ള മമത ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചുകൊണ്ട് ബുര്‍ജ് ഖലീഫയെ ഇന്ത്യന്‍ ത്രിവര്‍ണപതാക കൊണ്ട് മൂടിപ്പുതപ്പിച്ച് കൊവിഡിനു മുന്നില്‍ വാവിട്ടുകരയുന്ന 138കോടി ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിശുദ്ധ മസ്ജിദുല്‍ ഹറാമിലെ തറാവീഹ് നിസ്‌കാരത്തില്‍ മുഖ്യഇമാം അബ്ദുറഹ്മാന്‍ സുദൈസി ഇന്ത്യക്കാരുടെ മേല്‍ വന്നുപതിച്ച മഹാമാരിയില്‍നിന്ന് രക്ഷിക്കാന്‍ കണ്ഠമിടറി, മനമുരുകി പ്രാര്‍ഥിച്ചു . ആ പ്രാര്‍ഥന കേട്ട് ലോകം വിതുമ്പി. അവിടെയാണ് മോഡി-അമിത് ഷാ പ്രഭൃതികള്‍ വിതച്ചുകൊയ്ത വിദ്വേഷത്തിന്റെ രാഷ്ട്രീയം പരാജയം സമ്മതിച്ചത്. ജനാധിപത്യമെന്നത് അഞ്ചുകൊല്ലം കൂടുമ്പോള്‍ അരങ്ങേറുന്ന വോട്ടെടുപ്പ് ഉല്‍സവത്തിന്റെ പേരല്ല; മറിച്ച് മനുഷ്യര്‍ക്ക് മാന്യവും അന്തസ്സാര്‍ന്നതുമായ ജീവിതം ഉറപ്പാക്കുന്ന വ്യവസ്ഥിതിയുടെ രത്‌നച്ചുരുക്കമാണെന്ന് തിരിച്ചറിഞ്ഞ സന്ദര്‍ഭമാണിത്.

ജനാധിപത്യം പുകമറയായിപര്യവസാനിക്കുമ്പോള്‍
ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തുകഴിഞ്ഞാല്‍പിന്നെ ഭരണഘടനാസ്ഥാപനങ്ങള്‍ തങ്ങളുടെ ദാസ്യവൃത്തി ചെയ്യാന്‍ മുട്ടിട്ടിഴയുമെന്ന് സ്വേച്ഛാധിപതികള്‍ക്കറിയാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ജുഡീഷ്യറിയുടെയും സമീപകാല ചെയ്തികളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഇത്രമാത്രം അഹങ്കാരികളും താന്തോന്നികളുമാക്കിയത്. കൊവിഡിന്റെ രണ്ടാം തരംഗം അതിമാരക വിപത്തായി മാറാന്‍ കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണെന്ന് ചെന്നെ ഹൈകോടതിയുടെ വിമര്‍ശനം അമ്പരപ്പോടെയാണ് രാജ്യം ശ്രവിച്ചത്. കാരണം, സമീപകാലത്തൊന്നും ന്യായാസനത്തില്‍നിന്ന് ഇമ്മട്ടില്‍ മര്‍മത്തില്‍ ചെന്ന് തറക്കുന്ന ആര്‍ജവമുള്ള, സത്യഭരിതമായ വിമര്‍ശനമുണ്ടായിട്ടില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇറങ്ങിക്കളിക്കാന്‍ പാകത്തില്‍ തിരഞ്ഞെടുപ്പ് ഗോദ തുറന്നുകൊടുക്കുന്നതില്‍ ഇലക്ഷന്‍ കമ്മീഷന് തെല്ലും സങ്കോചമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഗുജറാത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ഡല്‍ഹിയിലും കൊവിഡ് രോഗികളെ വഹിച്ചുള്ള ആംബുലന്‍സുകള്‍ ആശുപത്രികളുടെ മുന്നില്‍ നിരനിരയായി നില്‍ക്കുമ്പോളും ക്രിമിറ്റേറിയങ്ങളും ചുടുകാടും ജഡങ്ങള്‍ കൊണ്ട് നിറഞ്ഞുകവിയുമ്പോഴും മോഡിയും അമിത്ഷായും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് പശ്ചിമബംഗാള്‍ ഭരണം പിടിച്ചെടുക്കാന്‍ മുഖകവചം വലിച്ചെറിഞ്ഞ് രണ്ടും കല്‍പിച്ചിറങ്ങിയത്. കൊവിഡ് രണ്ടാം തരംഗത്തിന് മുഖ്യകാരണം പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പാണെന്ന് ഇന്ന് ഏതാണ്ടെല്ലാവരും ഒരു നിഗമനത്തിലെത്തിയിരിക്കുകയാണ്. എട്ട് ഘട്ടങ്ങളിലായി മമത ബാനര്‍ജിയുടെ നാട്ടില്‍ ഇലക്ഷന്‍ ഷെഡ്യൂള്‍ ചെയ്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ ബി ജെ പിക്ക് വോട്ട് ക്യാന്‍വാസ് ചെയ്യാന്‍ പരമാവധി ദിവസങ്ങള്‍ അനുവദിച്ചുകൊടുക്കുകയായിരുന്നു ഇലക്ഷന്‍ കമ്മീഷന്‍. 34ദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് കാമ്പയിന്‍ രാജ്യചരിത്രത്തില്‍ ഇതാദ്യമായിരിക്കാം. തൃണമുല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ സാവധാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തി ബി ജെ പിയുടെ സംഘടനാപരിമിതികളെ അതിജീവിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സഹായിക്കുകയായിരുന്നു. അതേസമയം, ബി ജെ പി ശക്തികേന്ദ്രങ്ങളില്‍ പെട്ടെന്ന് തന്നെ പോളിങ് പൂര്‍ത്തിയാക്കി. ഒന്നാം ഘട്ട പോളിങ്ങിന്റെ ഒരാഴ്ച മുമ്പ് മൊത്തം കൊവിഡ് കേസുകള്‍ 3,380 ആയിരുന്നു. എന്നാല്‍ ഏപ്രില്‍ 26ന് ഏഴാം ഘട്ട പോളിങ് പൂര്‍ത്തിയായപ്പോള്‍ അത് 94, 949 ആയി ഉയര്‍ന്നു. പ്രതിദിന കേസുകള്‍ 383ല്‍നിന്ന് 15, 992 ആയി വര്‍ധിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ബംഗാളില്‍ കൊവിഡ് നിയന്ത്രണാതീതമായിരുന്നു. തിരഞ്ഞെടുപ്പ് കാമ്പയിന്‍ തുടങ്ങിയതോടെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞു. ജനക്കൂട്ടം തെരുവിലറങ്ങി കൊവിഡ് യഥേഷ്ടം കൊടുക്കുകയും വാങ്ങുകയും ചെയ്തു. ഈ കര്‍മത്തിന് നേതൃത്വം കൊടുത്തത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് എന്നതാണ് എടുത്തുപറയേണ്ടത്. വിവിധ ഘട്ടങ്ങളിലായി ക്രമീകരിച്ച തിരഞ്ഞെടുപ്പ് ഒന്നിച്ചുനടത്തി കൊവിഡ് വ്യാപനം തടയണമെന്ന മമത ബാനര്‍ജിയുടെ അഭ്യര്‍ഥന ഇലക്ഷന്‍ കമ്മീഷന്‍ ചെവിക്കൊണ്ടില്ല. എട്ട് ഘട്ടങ്ങളായി നടക്കട്ടെ എന്ന ബി ജെ പിയുടെ ആജ്ഞയാണ് കമ്മീഷന്‍ നടപ്പാക്കിയത്. രോഗവ്യാപനത്തിന് രംഗമൊരുക്കിയ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന ചെന്നൈ ഹൈകോടതിയുടെ രോഷം ഒരു മഹാദുരന്തത്തോടുള്ള നീതിപീഠത്തിന്റെ സത്യസന്ധമായ പ്രതികരണമാണെന്ന് തിരിച്ചറിയാതെ പോവരുത്.

എപ്രില്‍ 17ന്റെ തിരഞ്ഞെടുപ്പ് റാലി കഴിഞ്ഞപ്പോള്‍ മോഡി ആഹ്ലാദപൂര്‍വം പറയുകയാണ്; തന്റെ ജീവിതത്തില്‍ ഇത്ര വലിയ ജനക്കൂട്ടത്തെ താന്‍ കണ്ടിട്ടില്ലെന്ന്. ”നിങ്ങള്‍ ബി ജെ പിയുടെ ശക്തി തെളിയിച്ചു. ഏത് ഭാഗത്തുനോക്കിയാലും ജനക്കൂട്ടം. നിങ്ങള്‍ അദ്ഭുതമാണ് സൃഷ്ടിച്ചത്.” കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് ജനം തെരുവിലേക്കിറങ്ങുന്നതു കണ്ട് ആനന്ദിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ട് അമ്പരന്ന ‘ദി ഗാര്‍ഡിയന്‍’ പ്രതിനിധി പിറ്റേന്ന് എഴുതി: ‘ഭരണവ്യവസ്ഥ തകര്‍ന്നതോടെ ഇന്ത്യ കൊവിഡിന്റെ നരകത്തിലേക്ക് ആപതിച്ചിരിക്കുന്നു’. അപ്പോഴും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ പ്രധാനമന്ത്രി മോഡിയെ ‘മഹാമാനവ്’ (സൂപ്പര്‍മാന്‍) ആയും ‘പോരാളി’യായും വാഴ്ത്തുകയായിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടുന്ന പ്രധാനമന്ത്രി, രാജ്യത്തോടൊപ്പം അദ്ദേഹത്തിന്റെ ഹൃദയമിടിക്കുകയാണെന്നും ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്നത് അദ്ദേഹത്തിന് സഹിക്കാനാവില്ലെന്നും ശാസ്ത്രീയാടിത്തറയുള്ള തന്ത്രങ്ങളിലൂടെ കൊവിഡിനെ കാര്യക്ഷമമായി പിടിച്ചുകെട്ടാന്‍ ഇച്ഛാശക്തിയോടെ അധ്വാനിക്കുകയാണെന്നും ഹര്‍ഷന്‍ വര്‍ധന്‍ തള്ളിവിട്ടു. ഒരു ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ഹൃദയമിടിക്കുന്ന മോഡിയുടെ കണ്‍മുമ്പില്‍ വെച്ച് ആയിരക്കണക്കിന് മനുഷ്യര്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുമ്പോഴും തന്റെ പ്രതിച്ഛായാനിര്‍മിതിയില്‍ മാത്രം ശ്രദ്ധ ഊന്നുന്ന ഒരു ഭരണാധികാരി ഒരിക്കലെങ്കിലും ഒരു വിദഗ്ധസംഘത്തെ വിളിച്ചുകൂട്ടി രാജ്യമകപ്പെട്ട പ്രതിസന്ധിയില്‍നിന്ന് എങ്ങനെ കര കയറാമെന്ന് കൂട്ടായി ചിന്തിക്കാന്‍ ഹൃദയവിശാലത കാട്ടിയിട്ടുണ്ടോ? ഇല്ല എന്നിടത്താണ് രാജ്യം ഇന്നഭിമുഖീകരിക്കുന്ന സകല പ്രശ്‌നങ്ങളുടെയും മര്‍മം. ജനാധിപത്യം എന്നത് കൂടിയാലോചനയിലൂടെയുള്ള ഭരണക്രമമാണ്. ആര്‍ എസ് എസ് പ്രത്യയശാസ്ത്ര മൂശയില്‍ രൂപപ്പെടുത്തിയെടുത്ത മനോഘടനക്ക് ജനാധിപത്യരീതികളോട് ചതുര്‍ഥിയാണ്. ആ നിഷേധാത്കമനിലപാടാണ് പോയ ഒരുവര്‍ഷത്തെ കൊവിഡ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ അല്‍പം തെളിച്ചമുള്ള നയനിലപാടുകളുമായി മുന്നോട്ടുപോവുന്നതില്‍നിന്ന് മോഡി സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്.

ചരിത്രം മറിച്ചുനോക്കാത്തവര്‍
കഴിഞ്ഞ ഏപ്രിലില്‍ കൊവിഡ് മഹാവ്യാധി പടര്‍ന്നുപിടിച്ച ഘട്ടത്തില്‍ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ, ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ഒരു ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുന്നില്‍ ചില നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന അത്യപൂര്‍വ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധികളാണെങ്കിലും മുന്‍ ധനകാര്യമന്ത്രിമാരുടെ ഉപദേശങ്ങള്‍ സാമ്പത്തിക വിഷയങ്ങളില്‍ തേടുന്നതില്‍ മടിക്കരുത്. വിഷയത്തില്‍ അവഗാഹം സിദ്ധിച്ച മുന്‍ ധനകാര്യ സെക്രട്ടറിമാര്‍ക്കും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണമാര്‍ക്കും വിദഗ്ധ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും. അതുപോലെ വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള പണ്ഡിതന്മാരുടെയും വിദഗ്ധരുടെയും സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ അമാന്തിക്കരുത്. എന്നാല്‍, ആ ദിശയില്‍ ഒരു ചെറിയ കാല്‍വെപ്പ് പോലും നടത്തിയില്ല എന്നല്ല, ‘ഹാവാര്‍ഡില്‍ അല്ല ഹാര്‍ഡ് വര്‍ക്കിലാണ് ( I believe in Hard Work, Not Haward ) തനിക്ക് വിശ്വാസമെന്ന് പറഞ്ഞ് രാമചന്ദ്രഗുഹയുടെ നിര്‍ദേശത്തെ പരിഹസിക്കുകയായിരുന്നു മോഡി. മറ്റുള്ളവരുടെ ഉപദേശമോ ക്രിയാത്മക നിര്‍ദേശമോ സ്വീകരിക്കുന്നതില്‍ അദ്ദേഹത്തെ തടഞ്ഞുനിറുത്തുന്നത് കൊടിയ അഹങ്കാരവും തന്‍പ്രമാണിത്തവുമാണ്. ആഗോള രാഷ്ട്രീയ കാര്യങ്ങളില്‍ അഗാധ പരിജ്ഞാനമുള്ള ജവഹര്‍ലാല്‍ നെഹ്‌റു, 1960കളില്‍ ശീതസമരം കൊടുമ്പിരിക്കൊണ്ട ഒരു ഘട്ടത്തില്‍, സി. രാജാഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് പാശ്ചാത്യരാജ്യങ്ങളിലേക്കയച്ചത്. 1971ല്‍ കിഴക്കന്‍ പാകിസ്ഥാനിലെ പട്ടാളനടപടിക്കു ശേഷം ഇന്ത്യയിലേക്ക് അഭയാര്‍ഥിപ്രവാഹമുണ്ടായപ്പോള്‍ ലോകരാഷ്ട്രങ്ങളെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിന് ഇന്ദിരാഗാന്ധി ചുമതലപ്പെടുത്തിയത് ജയപ്രകാശ് നാരായണനെ ആയിരുന്നു. 1994ല്‍ കശ്മീര്‍ പ്രശ്‌നം കത്തിയാളിയ ഒരു സന്ദര്‍ഭത്തില്‍ പി വി നരസിംഹറാവു ഐക്യരാഷ്ട്രയിലേക്ക് ഒരു സംഘത്തെ അയച്ചത് എ ബി വാജ്‌പേയിയുടെ നേതൃത്വത്തിലാണ്. ഇതാണ് ഭരണനൈപുണി! ഇതാണ് ജനാധിപത്യത്തിന്റെ അന്തസത്ത. എല്ലാം തന്റെ പേരിലും തന്റെ ബ്രാന്‍ഡ് നിര്‍മിതിയിലും ഒതുങ്ങണമെന്ന ചെറിയ ബുദ്ധിയാണ് രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് സര്‍ദാര്‍ പട്ടേലില്‍നിന്ന് കവര്‍ന്നെടുത്ത് നരേന്ദ്രമോഡി സ്റ്റേഡിയമായി മാറ്റിയെടുക്കാന്‍ പ്രേരിപ്പിച്ചത്. അതുപോലെ, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തന്റെ ചിത്രം മുദ്രണം ചെയ്തിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ ഒരുമ്പെട്ടത്. സ്വന്തം പ്രതിച്ഛായയില്‍ അഭിരമിക്കുന്ന ഒരു സ്വേച്ഛാധിപതിയുടെ കഴിവുകേടും ദീര്‍ഘദൃഷ്ടിയില്ലായ്മയും ജനാധിപത്യനിരാസപരമായ നിലപാടുകളുമാണ് കൊവിഡ് രണ്ടാം തരംഗം ഇത്ര സങ്കീര്‍ണമാക്കിയത്. അതോടെ ലോകത്തിനു മുന്നില്‍ നാണംകെട്ട മോഡിയും സംഘ്പരിവാറും ശ്രദ്ധ മറ്റൊരു വഴിക്കു തിരിച്ചുവിടാന്‍ ഏത് കുതന്ത്രവും പ്രയോഗിച്ചുകൂടായ്കയില്ല.

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പെരുത്തും പഠിപ്പിച്ചു. ഈ മഹാമാരിയുടെ ആദ്യ കുതിപ്പിനെ കുറിച്ച് വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അത് പുച്ഛിച്ചുതള്ളിയ അന്നത്തെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അതേ ഗതികേടാണ് നരേന്ദ്രമോഡിയെ കാത്തിരിക്കുന്നത്. ‘ലോകത്തിന്റെ ഫാര്‍മസി’യാണ് ഇന്ത്യ എന്ന വീരസ്യത്തോടെ ഇവിടെ ഉല്‍പാദിപ്പിച്ച വാക്‌സിനുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് മേനി നടിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് രാജ്യമിന്ന് അനുഭവിക്കുന്നത്. സാര്‍വത്രിക സൗജന്യ വാക്‌സിന്‍ എന്ന ഉദാത്ത ആശയത്തെ കുഴിച്ചുമൂടിയ മോഡിയും സംഘവും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നില്‍ കഴുത്തറപ്പന്‍ കൊള്ളക്ക് വാതില്‍ തുറന്നുകൊടുത്തിരിക്കയാണ്. സാധാരണക്കാര്‍ക്ക് വാക്‌സിന്‍ അപ്രാപ്യമാവുംവിധം അവ വിപണിക്കു വിട്ടുകൊടുത്തതോടെ കോര്‍പറേറ്റ് ശക്തികളുടെ ദാസ്യന്മാരാണ് തങ്ങളെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ഉത്തരേന്ത്യയിലാകെ അണയാതെ കത്തുന്ന അഗ്‌നികുണ്ഠങ്ങളില്‍നിന്നുയരുന്ന പുകച്ചുരുള്‍ ആര്‍ എസ് എസിന്റെ വര്‍ഗീയഹോമങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. പ്രാണവായുവിനു വേണ്ടി പരക്കംപായുന്ന ഇതേ ജനതയാണ് ഇന്നലെ ഇക്കൂട്ടരെ അധികാരത്തിലേറ്റിയത്. ഈ മഹാദുരന്തത്തിന്റെ ഏക ഗുണഫലം; ഹിന്ദുത്വയുടെ പ്രതിരോധ മാര്‍ഗത്തിനപ്പുറം ഇക്കൂട്ടര്‍ക്ക് ഒന്നുമറിഞ്ഞുകൂടാ എന്ന് സാമാന്യജനം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നതാണ്. വിഭജന-വിദ്വേഷ പ്രത്യയശാസ്ത്രം തീര്‍ക്കുന്ന പ്രതിരോധത്തിന്റെ പ്രത്യാഘാതമാണ് രാജ്യവാസികള്‍ ഇന്ന് അനുഭവിച്ചുതീര്‍ക്കുന്നത്. തിരുത്താന്‍ പറ്റാത്ത വിധം പ്രാകൃതവും ശാസ്ത്രവിരുദ്ധവും മനുഷ്യത്വനിരാസത്തിലധിഷ്ഠിതവുമാണ് ആര്‍ എസ് എസ് വിഭാവന ചെയ്യുന്ന സദ്ഭരണം. എത്ര നേരത്തെ ഇക്കൂട്ടരെ അധികാരത്തില്‍നിന്ന് പുറന്തള്ളാന്‍ സാധിച്ചുവോ അത്രയും ഈ രാജ്യത്തിന് നല്ലത്! എല്ലാവര്‍ക്കും ശ്വാസംമുട്ടുന്ന ഒരു ദുര്‍ഭരണമാണ് നമ്മെ ഭരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങി എന്നത് നിസ്സാര കാര്യമല്ല.

KASIM IRIKKOOR

You must be logged in to post a comment Login