ഈ ശവപ്പറമ്പുകളില്‍ നമ്മള്‍ എന്താണ് കാണുന്നത്?

ഈ ശവപ്പറമ്പുകളില്‍ നമ്മള്‍ എന്താണ് കാണുന്നത്?

എന്താണ് നമ്മള്‍ സംസാരിക്കേണ്ടത്? മനുഷ്യര്‍, വെറും മനുഷ്യരായി മരിച്ചുപോകുന്നു. മരണങ്ങളിലെ മഹാദൈന്യ മരണം തൊട്ടടുത്ത നിമിഷം താന്‍ മരിച്ചുപോകുമെന്ന പൂര്‍ണബോധ്യത്തോടെ, മരണത്തിന്റെ കാലൊച്ചകള്‍ കേട്ട് ഭയന്ന് , അയ്യോ എന്ന് അലറിവിളിക്കാന്‍ ത്രാണിയില്ലാതെ മരിച്ചുപോകുന്ന മരണമാണ്. അത്രനാള്‍ താന്‍ സ്വതന്ത്രമായി ശ്വസിച്ച പ്രാണവായു, തനിക്ക് ചുറ്റും അതേമട്ടില്‍ ഉണ്ടായിട്ടും അതൊരിറ്റ് വലിച്ചെടുക്കാന്‍ ഉള്ളാന്തി നടത്തുന്ന പിടച്ചിലിനോളം ദൈന്യം മറ്റെന്തിനുണ്ട്? എത്ര നിസ്സാരരാണ് നാം എന്ന നടുക്കുന്ന അറിവിന് മേലേക്ക് പകച്ച് വിറച്ചുവീഴുന്നതിനോളം ഭയാനകം മറ്റെന്തുണ്ട്. ഇന്ത്യ എന്ന മഹാരാഷ്ട്രം അതു കാണുകയാണ്. അന്ത്യനാളുകളില്‍ എന്നപോല്‍ ഈ രാജ്യത്തിന് ശ്വാസം മുട്ടുകയാണ്. മനുഷ്യരുടെ നാഗരികതകള്‍ സംസ്‌കാരം എന്ന് ആദ്യം കണ്ടത് ഷോഡശ സംസ്‌കാരത്തെയാണ്; മരിച്ചവരെ സംസ്‌കരിക്കുന്നതിനെ. മതകീയങ്ങളായ സംസ്‌കാര ചടങ്ങുകള്‍ ഒരു മനുഷ്യന്‍ ഭൂമി വിട്ടുപോവുന്ന മഹത്തായ ചടങ്ങാണ്. അത്യാദരപൂര്‍വം ആ ജീവനെ പറഞ്ഞയക്കാനാണ് സര്‍വമതങ്ങളും നമ്മെ പഠിപ്പിച്ചത്. മതകീയമല്ലാത്ത സംസ്‌കൃതികളിലും വ്യത്യസ്തമല്ല. മനുഷ്യരെ ആദരിക്കുന്നവര്‍ക്ക് മരിച്ചവരെ അപമാനിക്കാനാവില്ല. ഈ രാജ്യം അതും ചെയ്യുകയാണ്. മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. അതൊന്നു കത്തിച്ചുകളയാന്‍, സംസ്‌കരിക്കാന്‍ മരിച്ചവരുടെ ഉറ്റവര്‍ ദിവസം മുഴുവന്‍ വരിനില്‍ക്കുന്നു. മരിച്ചവരെ കുറിച്ച് ഭരണകൂടങ്ങള്‍ കള്ളം പറയുന്നു.

നോക്കൂ പുതിയ ഇന്ത്യയുടെ പ്രഭവഭൂമിയായ ഗുജറാത്തില്‍ മരിച്ചവരെ കുറിച്ച് കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് മഹേഷ് ലങ്ക എഴുതിയത് ദ ഹിന്ദുവില്‍ ഇങ്ങനെ വായിക്കാം. ഗുജറാത്ത് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രാലയം അവരുടെ ബുള്ളറ്റിനിലൂടെ ഞായറാഴ്ച, ഏപ്രില്‍ 25 ന്, പുറത്തുവിട്ട മരണസംഖ്യ 157 ആണ്. 24-ന് 152. നുണയായിരുന്നു അത്. അഹമ്മദാബാദിലെ 1200 ബെഡുകളുള്ള കൊവിഡ് ആശുപത്രിയില്‍ നിന്ന് മാത്രം ആ ദിവസങ്ങളില്‍ നൂറ് മുതല്‍ 125 വരെ മൃതദേഹങ്ങള്‍ പുറത്തേക്കുവിട്ടിരുന്നു. നോക്കൂ, അഹമ്മദാബാദില്‍ മാത്രമാണിത്. സൂറത്തിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് ആ ദിവസങ്ങില്‍ 67 മൃതദേഹങ്ങള്‍ പുറത്തേക്ക് വിട്ടു. സൂറത്തിലെ തന്നെ SMIMER ആശുപത്രിയില്‍ നിന്ന് 34. കച്ച് ജില്ലയില്‍ മാത്രം ആ ദിവസങ്ങളില്‍ നൂറിലധികം പേര്‍ മരിച്ചു. കച്ച് ജില്ലയുടെ ആസ്ഥാനമായ ഭുജില്‍ സംസ്‌കരിക്കാന്‍ സൗകര്യം ഇല്ലാഞ്ഞ് മൃതദേഹങ്ങള്‍ സമീപത്തെ ശുകപുര്‍ ഗ്രാമത്തിലേക്ക് വാരിക്കൊണ്ടുപോയി. പ്രാദേശിക ദിനപത്രങ്ങളിലെ ചരമപേജുകള്‍ മരിച്ചവരെകൊണ്ട് നിറഞ്ഞുകവിയുന്നു. ഇത്രയുമാണ് മഹേഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചുപോയ ആ മനുഷ്യരെ ഭരണകൂടം എന്താണ് ചെയ്തത്?

മരവിച്ചുപോവുന്ന നാളുകളിലാണ് നാമിപ്പോള്‍. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് കാണുകയായിരുന്നു. താടി നീട്ടിയിട്ടുണ്ട് പ്രധാനമന്ത്രി. രാജര്‍ഷിയെന്നും പ്രജാപതിയെന്നുമെല്ലാം സ്വയം അടിക്കുറിപ്പെഴുതാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ. പോയ ഏഴാണ്ടുകളായി നാം കണ്ടുശീലിച്ച നാടകങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു ആ കോണ്‍ഫറന്‍സ്. പൊടുന്നനെയാണ് ക്ഷീണിതമായ ആ മുഖം സ്‌ക്രീനില്‍ വന്നത്. അരവിന്ദ് കെജ്രിവാള്‍. അയാള്‍ കരയുകയാണ്. കൈകൂപ്പുകയാണ്. എന്റെ നാടിന് ശ്വാസം മുട്ടുന്നു. എന്തെങ്കിലും ചെയ്യൂ എന്നാണ് കെജ്രിവാള്‍ വിലപിച്ചത്. പ്രധാനമന്ത്രിക്ക് പക്ഷേ, തന്റെ ഹിന്ദുത്വയെ തങ്ങളുടെ അതിവിശാലവും ക്രൂദ്ധവുമായ മൂക്കിനു താഴെനിന്ന് കാലങ്ങളായി വെല്ലുവിളിക്കുന്ന ഒരു രാഷ്ട്രീയ പ്രതിയോഗി മാത്രമായിരുന്നു അപ്പോഴും കെജ്രിവാള്‍. സമ്മേളനം സംപ്രേഷണം ചെയ്തതിന് മാപ്പുചോദിപ്പിച്ചു പ്രജാപതി.
ഡല്‍ഹി നമ്മുടെ രാഷ്ട്രത്തിന്റെ സിരാകേന്ദ്രമാണ്. തീരെ ചെറിയ അധികാരങ്ങള്‍ മാത്രമുള്ള ഒരു സാമന്ത സംസ്ഥാനമാണ് ഡല്‍ഹി. സമസ്താധികാരങ്ങളും സമസ്ത സന്നാഹങ്ങളുമുള്ള നാട്. മനുഷ്യര്‍ പ്രാണവായുവിനായി പിടഞ്ഞോടുന്ന പ്രേതനഗരമാണിപ്പോള്‍ ഡല്‍ഹി. നോക്കൂ പ്രാണവായു പൂഴ്ത്തിവെക്കുന്നവരുടെ നഗരത്തെ ഏറ്റവും കഠിനമായ സാഹിത്യം പോലും നാളിതുവരെ ഭാവന ചെയ്തിട്ടില്ല. പക്ഷേ, ഡല്‍ഹിയില്‍ അത് സംഭവിക്കുന്നു. മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍, ഈ കുറിപ്പെഴുതുന്ന എന്റെ വാതിലിനു വെളിയില്‍ ഏതു നിമിഷവും പിടികൂടാനാഞ്ഞ് വൈറസ് കാത്തു നില്‍ക്കുമ്പോള്‍, രാഷ്ട്രീയം പറഞ്ഞുകൂടാത്തതാണ്. പക്ഷേ, മനുഷ്യരെ ഇങ്ങനെ മരിക്കാന്‍ വിടുന്ന, മരിക്കാതിരിക്കാനുള്ള വഴികളില്‍ ലാഭത്തിന്റെ കാരമുള്ളുകളും കമ്പിവേലികളും വിതറുന്ന ഒരു ഭരണകൂടം എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന് പറയാതെ വയ്യ. പക്ഷേ, അതിന് മുന്‍പ് നാം ഒരു മനുഷ്യനെ ഓര്‍ക്കുകയാണ്. മനുഷ്യന്‍ എത്ര മഹത്തായ പദം എന്ന് ഏറ്റവും ആദരവോടെ നമ്മെ ഓര്‍മിപ്പിച്ച ഒരാളെക്കുറിച്ചാണ് ഇപ്പോള്‍ പറയേണ്ടത്. ഏത് അധീശ ആശയങ്ങള്‍ എത്ര ഹിംസാത്മകമായി നാടുവാണാലും കെടുകാര്യസ്ഥതയും ലാഭക്കൊതിയും കോര്‍പറേറ്റ് കങ്കാണിസവും ചേര്‍ന്ന് നാടിനെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ഒരുങ്ങുമ്പോഴും ആ മനുഷ്യനെ പോലെ അവിടിവിടെയായി തെളിയുന്ന ചെറുവെട്ടങ്ങള്‍ നമുക്ക് പ്രതീക്ഷ തരുന്നുണ്ട്. പ്യാരേഖാന്‍ എന്നാണ് അയാളുടെ പേര്. പില്‍ക്കാലം സ്നേഹം വിളമ്പുന്ന മഹത്വത്തിലേക്ക് തങ്ങളുടെ മകന്‍ വളരട്ടെ എന്ന് പ്രാര്‍ഥിച്ചാവണം നാഗ്പൂരിനടുത്ത തജ്ബഗ് എന്ന ചേരിയില്‍ ഒറ്റമുറിക്കട നടത്തിയിരുന്ന, അതീവ ദരിദ്രമായി ജീവിതം തള്ളിനീക്കിയിരുന്ന ആ മാതാപിതാക്കള്‍ മകന് പ്യാരേഖാന്‍ എന്ന് പേരിട്ടത്. നാഗ്പൂരാണ് പ്യാരേഖാന്റെ ദേശം എന്നത് മറക്കരുത്. അതെ, നാഗ്പൂര്‍. രാഷ്ട്രീയ സ്വയം സേവക സംഘത്തെ, സംഘപരിവാരത്തെ, നാടിനാകെ ശ്വാസം മുട്ടിയപ്പോള്‍ കുംഭമേളയിലേക്ക് അര്‍ധനഗ്നനായി എത്തിയ ആഭ്യന്തരമന്ത്രിയെ ഒക്കെ ഓര്‍ക്കാം. നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഓറഞ്ച് കച്ചവടക്കാരനില്‍ നിന്ന് നാനൂറ് കോടിയുടെ ആസ്ഥിയുള്ള ട്രാന്‍സ്പോര്‍ട്ട് ബിസിനസുകാരനായി വളര്‍ന്ന പ്യാരേഖാന്‍, തനിക്ക് ജീവിതം നല്‍കിയ ഭാഗ്യങ്ങളില്‍ ഒരു ഭാഗം പ്രാണവായു എത്തിക്കാന്‍ നീക്കിവെച്ചു. 400 മെട്രിക് ടണ്‍ ഓക്സിജനാണ് ആ മനുഷ്യന്‍ ആശുപത്രികളില്‍ എത്തിച്ചത്. 85 ലക്ഷം രൂപയാണ് അതിന്റെ ചെലവ്. അത് തന്റെ സകാത്താണെന്ന് ആ മനുഷ്യന്‍ പറഞ്ഞപ്പോള്‍ അയാളുടെ മതം കൂടി ആദരിക്കപ്പെടുകയായിരുന്നു. നോക്കൂ, മതം ആദരിക്കപ്പെടുന്നു. പ്രാണവായുവിന് കണക്ക് പറയില്ല എന്ന ആ മനുഷ്യന്റെ വാക്കുകള്‍ ഒരു പ്രഖ്യാപനമാണ്. അത് വിശാലമായി ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ്. മഹാമാരികള്‍ക്ക് അത് വൈറസാകട്ടെ, ദുരധികാരമാകട്ടെ മനുഷ്യനാണ് മറുപടി എന്ന് പ്രഖ്യാപിക്കുന്നു പ്യാരേഖാന്‍.

മറ്റൊരാളെ ഓര്‍ക്കണം ഈ ശ്വാസം മുട്ടുന്ന കാലത്ത്. ഡോക്ടര്‍ പ്രദീപ് ബിജല്‍വാന്‍. മരിച്ചുപോയി. കൊവിഡ് കൊണ്ടുപോയി. ശ്വാസം മുട്ടിയാണ് ഡല്‍ഹിയിലെ അനേകം നിസ്വര്‍ക്കൊപ്പം പ്രദീപ് ബിജല്‍വാനും മരിച്ചുപോയത്. കഴിഞ്ഞ ഇരുപത് കൊല്ലത്തിലേറെയായി ഡല്‍ഹിയിലെ നിരാലംബരുടെയും തെരുവ് തെണ്ടികളുടെയും ഡോക്ടരായിരുന്നു. തെരുവോരങ്ങളും മരച്ചുവടുകളുമായിരുന്നു പ്രദീപ് ബിജല്‍വാന്റെ ആശുപത്രി. മുന്നിലെത്തുന്ന മനുഷ്യരെ സൗജന്യമായി ചികില്‍സിച്ചു. അതായിരുന്നു പ്രദീപ് ബിജല്‍വാന് ജീവിതം. പോയ ഏതാനും ആഴ്ചകളായി ഡല്‍ഹിയില്‍ വീടില്ലാത്തവര്‍ക്കായുള്ള കൊവിഡ് ചികിത്സാലയത്തില്‍ സൗജന്യ ചികിത്സയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു മഹാനായ ആ ഡോക്ടര്‍. ആബാലവൃദ്ധം നിസ്വര്‍ ആ ശരണാലയത്തില്‍ ചികില്‍സ തേടിയെത്തി. രാപ്പകല്‍ അദ്ദേഹം അവര്‍ക്കൊപ്പം നിന്നു. മരുന്നും സാന്ത്വനവും നല്‍കി. കൊവിഡ് കാലത്തിന്റെ തേജസുറ്റ മുഖമായി അദ്ദേഹം മാറി. കൊവിഡ് ഒടുവില്‍ അദ്ദേഹത്തെയും ചുറ്റിവരിഞ്ഞു. ഡല്‍ഹിക്ക് സുപരിചിതനായ ആ ഡോക്ടര്‍ക്ക് ഡല്‍ഹിയിലെ ഒരു ആശുപത്രിയിലും അഭയം കിട്ടിയില്ല. പ്രാണവായുവിനായി പരക്കം പാഞ്ഞ മനുഷ്യര്‍ക്കിടയില്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുവീണു പ്രദീപ് ബിജല്‍വാന്‍. മരണമായിരുന്നോ അത്? നിശ്ചയമായും അല്ല. കൊലപാതകമായിരുന്നു. പ്രവചിക്കപ്പെട്ട, പ്രതീക്ഷിക്കപ്പെട്ട രണ്ടാം തരംഗത്തിനായി ഒരു മുന്നൊരുക്കവും നടത്താതെ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിട്ട ഭരണകൂടങ്ങള്‍ നടത്തിയ കൊലപാതകം.

മരണമുഖത്തെ രണ്ട് മനുഷ്യരെക്കുറിച്ച് പറഞ്ഞുവല്ലോ? പ്യാരേഖാനും പ്രദീപ് ബിജല്‍വാനും. അവരെ അതിന് പ്രേരിപ്പിച്ച മനോനില ഒട്ടും വൈയക്തികമായ ഒന്നല്ല. മനുഷ്യരുടെ മനോനിലകളും ചെയ്തികളും നിയന്ത്രിക്കുന്നത് അവര്‍ കടന്നുപോകുന്ന കാലവും ജീവിതവും അവര്‍ക്കുമേല്‍ സൃഷ്ടിക്കുന്ന, അവരില്‍ രൂപപ്പെടുത്തുന്ന ചില ബലങ്ങളാണ്. കാരുണ്യത്താല്‍ പ്രചോദിതരാകാന്‍ അവരെ പ്രേരിപ്പിക്കുന്നത് സാമൂഹികമായ അവരുടെ നിലയാണ്. അതിനാലാണ് മഹാമാരിയെന്നാല്‍ ധനാര്‍ജനത്തിനും പൂഴ്ത്തിവെപ്പിനുമുള്ള അവസരമല്ല മറിച്ച് ഉള്ളത് പങ്കുവെക്കലാണ് എന്ന് പ്യാരേഖാന്‍ തീരുമാനിച്ചത്. നിസ്വരുടെ കണ്ണുകളില്‍ തെളിയുന്ന പ്രകാശമാണ് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നത് എന്ന് പ്രദീപ് തിരിച്ചറിഞ്ഞു. നിര്‍ഭാഗ്യവശാല്‍ നേര്‍വിപരീതമാണ് ഇന്ത്യാഭരണകൂടത്തിന്റെ മനോനില. ആ മനോനിലയാകട്ടെ ആ ഭരണകൂടങ്ങളെ സൃഷ്ടിച്ച പ്രത്യശാസ്ത്രത്തിന്റെ അടിസ്ഥാനസ്വഭാവമാണ്.
ഒന്നാം കൊവിഡ് കാലമോര്‍ക്കുക. പൊറാട്ട് നാടകങ്ങളുടെ അയ്യര് കളികളാല്‍ സമൃദ്ധമായിരുന്നു അക്കാലം. പാട്ടകൊട്ടലും ദീപം തെളിക്കലും ഒരു മുന്നൊരുക്കവുമില്ലാത്ത ലോക്ഡൗണും. മഹാമാരികളുടെ ലോകചരിത്രം ആവര്‍ത്തിക്കുന്ന തരംഗങ്ങളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിരുന്നു. കൊവിഡിനെ കയ്യൂക്കിനാല്‍ പിടിച്ചുകെട്ടി എന്ന ഗീര്‍വാണങ്ങള്‍ മാത്രമാണ് ഭരണകൂടത്തില്‍ നിന്നും അതിന്റെ നായകനായ നരേന്ദ്രമോഡിയില്‍ നിന്നും ഉണ്ടായത്. കൊവിഡ് തരംഗമായി പടര്‍ന്നാല്‍ എന്തു ചെയ്യണം എന്നതിന് ഒരു രൂപരേഖയും കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയില്ല. ദേശീയ ദുരന്തമാണ് മഹാമാരികള്‍. ദേശീയ സര്‍ക്കാരാണ് മുന്നിട്ടിറങ്ങേണ്ടത്. ഒന്നുമുണ്ടായില്ല. മാമാങ്കലീലകളാല്‍ ഭരണകൂടം ജനതയുടെ കണ്ണുകെട്ടി.

നാമിപ്പോള്‍ കടന്നുപോകുന്ന ഭയാനകമായ വാക്സിന്‍ പ്രതിസന്ധി നോക്കുക. നമുക്കറിയാം ലോകമാകെയുള്ള കൊവിഡ് രോഗികളുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. വാക്സിനാണ് ഇപ്പോള്‍ സാധ്യമായ ഏക പ്രതിരോധം. ഇന്നാട്ടിലെ ജനതയെ മുഴുവനായി വാക്സിനേറ്റ് ചെയ്യല്‍ അതിഭീമമായ പ്രക്രിയ ആണ്. വികേന്ദ്രീകൃതമായ അധികാരത്താല്‍ അത് സാധ്യമാക്കാന്‍ കഴിയും. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും ഭരത് ബയോടെക്കിന്റെ കോവാക്സിനുമാണ് നമുക്ക് ലഭ്യമായത്. ഭാരിച്ച ദൗത്യമാണ് വാക്സിനേഷന്‍. അതാകട്ടെ സമ്പൂര്‍ണമായി ഭരണകൂടം നിര്‍വഹിക്കേണ്ട ബാധ്യതയുമാണ്. കാരണം ആരോഗ്യമെന്നത് അവകാശമാണ്. മാത്രവുമല്ല വാക്സിനേഷന് ഒരാള്‍ വിധേയനാകേണ്ടത് അയാളുടെ വ്യക്തിപരമായ സുരക്ഷയുടെ പ്രശ്നമല്ല. മറിച്ച് രാഷ്ട്രത്തിന്റെ ആരോഗ്യ സുരക്ഷയുടെ ആവശ്യമാണ്. അതിനാലാണ് ഇന്ത്യ നാളിതുവരെ എല്ലാ വാക്സിനേഷനുകളും സൗജന്യവും നിര്‍ബന്ധിതവുമാക്കിയത്. അങ്ങനെ വിഭാവനം ചെയ്യാന്‍ മറ്റൊരു കാരണം അക്കാല ഭരണകൂടങ്ങളുടെ മാനവികവും ജനാധിപത്യപരവുമായ സമീപനമാണ്. ഇപ്പോഴിതാ മെഡി ഭീമന്‍മാരുടെ കഴുത്തറപ്പന്‍ മല്‍സരത്തിന് ഇന്ത്യന്‍ ജനതയെ യാതാരു അറപ്പുമില്ലാതെ മോഡി ഭരണകൂടം എറിഞ്ഞുനല്‍കിയിരിക്കുന്നു. ലോകത്ത് ഒരിടത്തുമില്ലാത്ത വില നല്‍കാന്‍ ജനത നിര്‍ബന്ധിതമായിരിക്കുന്നു. പലനിലകളില്‍ നട്ടെല്ലൊടിഞ്ഞ സമൂഹം വാക്സിനേഷനോട് സാമ്പത്തിക കാരണത്താല്‍ പുറം തിരിഞ്ഞാല്‍ ഇന്ത്യ ഒരിക്കലും കോവിഡ് മുക്തമാവില്ല എന്ന് മനസിലാക്കണം. പ്രാണവായുവിന് ഞാന്‍ വിലയിടില്ലെന്ന പ്യാരേഖാന്റെ വാക്കുകള്‍ നാം മറക്കരുത്. ഫാഷിസം കോര്‍പറേറ്റിസത്തിന്റെ സന്തതിയാണെന്ന് നമുക്കറിയാം. ഇറ്റാലിയന്‍ ഫാഷിസത്തിന്റെ കാര്‍മികനായ മുസോളിനി അത് പറഞ്ഞുവെച്ചിട്ടുമുണ്ട്.
പ്യാരേഖാന്റെ മനോനില സൈറസ് പൂണെവാല എന്ന കോര്‍പറേറ്റില്‍ നിന്ന് പ്രതീക്ഷിക്കുക വയ്യ.പക്ഷേ, 3000 കോടി മുന്‍കൂറായി നല്‍കി, ജ്ഞാനപരമായ കരാറുകള്‍ക്കും വാങ്ങലുകള്‍ക്കും ഇടനില നിന്ന് രാജ്യം ഒറ്റക്കെട്ടായി സൃഷ്ടിച്ചതാണ് കോവിഷീല്‍ഡ്. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനേകയുമാണ് സ്ഷ്ടാക്കള്‍. അതുണ്ടാക്കുന്ന പണിയാണ് പൂണെവാലയുടേത്. അതിനുള്ള ചെലവിനാണ് 3000 കോടി മുന്‍കൂര്‍ നല്‍കിയത്. ഒരു ഡോസ് 150 രൂപക്ക് നല്‍കിയാലും സിറം കമ്പനിക്ക് ലാഭമായിരിക്കും ഉണ്ടാവുക എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, അവര്‍ അത് ചെയ്തില്ല. തോന്നിയ മട്ടില്‍ വില നിശ്ചയിച്ചു. നോക്കൂ, വാക്സിനാണ്.

ജ്യതാല്‍പര്യത്തിനുള്ള മരുന്നാണ്. രാജ്യത്തെ നിലനിര്‍ത്താനുള്ള ആയുധമാണ്. കേന്ദ്രം അനങ്ങിയില്ല. സ്വകാര്യ മേഖല, സംസ്ഥാന സര്‍ക്കാറുകള്‍, കേന്ദ്രസര്‍ക്കാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്ക് മൂന്ന് തരം വില. ഈ മൂന്ന് തരം വിലയും ലോകത്തെ മറ്റിടങ്ങളിലേക്കാള്‍ വളരെ കൂടുതല്‍. തോന്നിയ പോലുള്ള ഈ വിലയിടലിനെ ആരോഗ്യകരമായ വിപണി മല്‍സരമെന്നാണ് ബി.ജെ.പി നേതാക്കള്‍ വിശേഷിപ്പിച്ചത്. മന്ത്രി വി. മുരളീധരന്റെ വാക്കുകള്‍ നമ്മള്‍ മലയാളത്തിലും കേട്ടു. വരാനിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. മെയ് 1 മുതല്‍ വാക്സിന്‍ അര്‍ഹരുടെ പ്രായ പരിധി 18 ആവുകയാണ്. 60 കോടി ആളുകള്‍ വാക്സിന്‍ തേടും. പത്തിലൊന്നുപോലും കയ്യിലില്ല.
നാമെന്ത് സംസാരിക്കണം എന്നാലോചിച്ചാണ് തുടങ്ങിയത്. ശുഭപ്രതീക്ഷയുടെ വാക്കുകള്‍ പറഞ്ഞ് അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. പ്രതീക്ഷയെങ്കിലും നിലച്ചുപോകരുതല്ലോ? പക്ഷേ, കഴിയുന്നില്ല. വലതുപക്ഷ ഭരണകൂടത്തിന് മനുഷ്യവിരുദ്ധമായിരിക്കാന്‍ മാത്രമേ കഴിയൂ. അത് അവരുടെ ജനിതക പ്രശ്നമാണ്. അതിന് വാക്സിനേഷനില്ല. ഉള്ളത് അയ്യാണ്ടില്‍ സാധ്യമാകുന്ന കുത്തിവെപ്പാണ്. അതിലും പ്രതീക്ഷയില്ല. ഭരണകൂടത്തിനൊപ്പം മനുഷ്യരും ഫാഷിസ്റ്റുകളാകാന്‍ മല്‍സരിക്കുന്ന കാലമാണ്. നല്ലതെഴുതി വിടപറയാന്‍ കഴിയുന്ന കാലം വരട്ടെ എന്നാഗ്രഹിക്കാം.

കെ കെ ജോഷി

You must be logged in to post a comment Login