കൊവിഡില്‍ തളരുന്ന രാജ്യം

കൊവിഡില്‍ തളരുന്ന രാജ്യം

ഈ കുറിപ്പ് എഴുതുമ്പോള്‍ നിശബ്ദമായ എന്റെ പരിസരത്തെ ആംബുലന്‍സുകളുടെ സൈറണ്‍ ഇടക്കിടെ ശബ്ദമുഖരിതമാക്കുന്നു. കൊവിഡ് ബാധിച്ച് പ്രാണവായുവിനായി കേഴുന്നവരെയും വഹിച്ച് പാഞ്ഞുപോകുന്ന ആംബുലന്‍സുകള്‍ രാപകലില്ലാതെ അപായമണി മുഴക്കുകയാണ്. കിടത്തിചികിത്സ നല്‍കാന്‍ ഇടമില്ലാത്തതിനാല്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര പലപ്പോഴും രോഗികളുടെ അന്ത്യയാത്രയാകുന്നു. ദൈനംദിന ജീവിത സാഹചര്യങ്ങളെ തന്നെ തൊട്ടു തൊട്ടില്ലെന്ന വിധം ആ മാരക വൈറസ് പിന്തുടരുകയാണ്. ജനിതക വ്യതിയാനം എന്ന അടവിലൂടെ വൈദ്യശാസ്ത്രത്തെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു കൊവിഡ്. മരണനിഴല്‍ പിന്തുടരുന്ന മനുഷ്യര്‍ ജീവനും കൈയില്‍പിടിച്ച് നെട്ടോട്ടമോടുന്ന നിസ്സഹയാവസ്ഥ. ഇന്ന് കാണുന്നയാളെ നാളെ കാണാനാകുമോ, അതോ നമ്മള്‍ തന്നെ ജീവനോടെ ഉണ്ടാകുമോ എന്ന സന്ദേഹവും ആശങ്കയും നാടാകെ ഭീതി വിതക്കുന്നു . മരുന്നും പ്രാണവായുവും കിട്ടാനില്ല. ഒരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ രാജ്യതലസ്ഥാനത്തെ ജീവിതം വലിയ വെല്ലുവിളിയായി മാറുകയാണ്.

ഡല്‍ഹിയുടെ എന്നത്തെയും സ്വകാര്യ അഹങ്കാരമായിരുന്നു സമ്പന്നവും ശക്തവുമായ ആരോഗ്യമേഖല. കണക്കെടുത്താല്‍ എയിംസ് അടക്കം രാജ്യാന്തര നിലവാരമുള്ള ചെറുതും വലുതുമായ ആയിരത്തിലധികം ആശുപത്രികള്‍. ആംആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്ഥാപിച്ച മൊഹല്ല ക്ലിനിക്കുകള്‍ വേറെ. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സമസ്ത മേഖലകളും പകച്ചു നിന്നപ്പോള്‍ താങ്ങാകേണ്ട ആശുപത്രികള്‍ ആദ്യ ഘട്ടത്തില്‍ തന്നെ തളര്‍ന്നു വീഴുന്നതാണ് കണ്ടത്. കൊവിഡിന്റെ ഒന്നാംതരംഗം വീശിയപ്പോള്‍ തന്നെ സ്തംഭിച്ച ആരോഗ്യ രംഗം ആ ആഘാതത്തില്‍ നിന്ന് കരകയറിയില്ലെന്നു വേണം കരുതാന്‍. രോഗികള്‍ നിറഞ്ഞതോടെ ജീവന്‍ രക്ഷാസംവിധാനങ്ങള്‍ പാളി. വെന്റിലേറ്ററുകളും, തീവ്രപരിചരണ വിഭാഗങ്ങളും മതിയാകാതെയായി. ഓക്‌സിജന്‍ സിലിണ്ടറുകള്‍ കിട്ടാനില്ല. സിലിണ്ടറുകള്‍ കിട്ടാനായി ജനങ്ങള്‍ പരക്കം പായുന്ന പതിവ്കാഴ്ചയാണെവിടെയും. ഉറ്റവര്‍ക്ക് പ്രാണവായുവിനായി ഓക്‌സിജന്‍ ഫില്ലിംഗ് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ തിക്കിത്തിരക്കുന്ന ദുരവസ്ഥയും കാണേണ്ടി വരുന്നു.
ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്ന മയൂര്‍ വിഹാര്‍ കേരളത്തിന്റെ ഒരു പരിച്ഛേദമാണ്. മലയാളികള്‍ ഏറെയുള്ള പ്രദേശം. വേണമെങ്കില്‍ ഒരു കുടിയേറ്റ പ്രദേശമെന്ന് തന്നെ വിളിക്കാം. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഡല്‍ഹി പുകഞ്ഞപ്പോള്‍ ആ വിഷമൊന്നും ഏല്‍ക്കാത്ത അപൂര്‍വം സ്ഥലങ്ങളിലൊന്ന്. എന്നാല്‍ കൊവിഡ് വെല്ലുവിളിയായപ്പോള്‍ മറ്റു പ്രദേശങ്ങളെയെന്നപോലെ മയൂര്‍വിഹാറും പകച്ചുനിന്നു. ഒന്നാംതരംഗത്തില്‍ ഡല്‍ഹിയില്‍ ആദ്യ രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിലൊന്നായിരുന്നു മയൂര്‍വിഹാര്‍. ആദ്യ തരംഗത്തില്‍ നിരവധി പേര്‍ മരിച്ചതോടെ മലയാളികളില്‍ പലരും ഇവിടെ നിന്ന് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്തു. രണ്ടാംതരംഗം കൂടിയായതോടെ പ്രതിസന്ധിയുടെ ആഴം കൂടി. പ്രതിദിനം അഞ്ചോ ആറോ മലയാളികളുടെ മരണവിവരം അയച്ചു തരുന്നു മലയാളി അസോസിയേഷന്‍ സാരഥികളിലൊരാളായ ചന്ദ്രന്‍. ഈ ലേഖനം എഴുതുന്നതിനിടയില്‍ ഇന്നത്തെ വിവരവുമായി അദ്ദേഹത്തിന്റെ വിളി വന്നു.നിര്‍വികാരതയോടെ തുടങ്ങിയ സംസാരത്തിനിടക്ക്, താനും കൊവിഡ് ബാധിതനായെന്നും പ്രായാധിക്യത്തിനൊപ്പം ഈ വെല്ലുവിളി കൂടി എങ്ങനെ തരണം ചെയ്യുമെന്നറിയില്ലെന്നും പറഞ്ഞപ്പോള്‍ ഒന്ന് പകച്ചു.

ഡല്‍ഹിയില്‍ മാത്രമല്ല ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. ഓക്‌സിജന്‍ കിട്ടാതെ ശിശുക്കള്‍ മരിച്ചതിലൂടെ കുപ്രസിദ്ധി നേടിയ ഉത്തര്‍പ്രദേശ് കൊവിഡ് പ്രതിസന്ധിയിലും പ്രാണവായു ഇല്ലാതെ വീഴുകയാണ്. സമാനരീതിയില്‍ ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളിലൊന്ന് എന്റെ ബന്ധുവിന്റേതായിരുന്നു. രാമക്ഷേത്രം നിലവില്‍ വരുന്നതോടെ ഇന്ത്യയിലെ തന്നെ വലിയ ടൗണ്‍ഷിപ്പാകുമെന്ന് യോഗി ആദിത്യനാഥ് വീമ്പ് പറയുന്ന അയോധ്യയില്‍. ചെറിയ പനി ശ്വാസംമുട്ടിലേക്ക് വഴിമാറി. ആശുപത്രിയിലെത്തിച്ചെങ്കിലും ഓക്‌സിജന്‍ കിട്ടാതെ കഴിഞ്ഞ 21ന് 66 കാരിയായ വല്യമ്മ മരണത്തിന് കീഴടങ്ങി. വ്യക്തിപരമായ നഷ്ടത്തില്‍ ആ സാഹചര്യത്തെ അനുഭവിച്ചറിഞ്ഞയാള്‍ എന്ന നിലക്ക് കൂടിയാണ് ഉത്തര്‍പ്രദേശിലെ ചിത്രം വിവരിച്ചത്. രാജസ്ഥാനിലും, ഗുജറാത്തിലും, പഞ്ചാബിലുമൊക്കെ സമാനസാഹചര്യമാണ് കാണുന്നത് .

രോഗബാധയുടെയും മരണത്തിന്റെയും പുതിയ കണക്കുകള്‍ പറയുമ്പോള്‍ , പ്രേക്ഷകരുമായി വിശദാംശങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍ എന്ന് ഇതിനൊരറുതി എന്ന ചോദ്യം പല കുറി സ്വയം ചോദിച്ചു കഴിഞ്ഞു. ഏപ്രില്‍ അഞ്ചിന് ഒരു ലക്ഷം കടന്ന രോഗബാധ ഈ മാസം കഴിയുമ്പോഴേക്കും നാല് ലക്ഷത്തിലേക്ക് നീങ്ങുകയാണ്. മരണസംഖ്യയും പരിധികളില്ലാതെ കുതിക്കുന്നു. അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ ശുഭകരമായ വാര്‍ത്തകള്‍ കേട്ട് തുടങ്ങുകയുള്ളൂവെന്നാണ് എയിംസ് ഡയറക്ടറും കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ.രണ്‍ദീപ് ഗുലേറിയ പറയുന്നത്. ഓരോ ദിവസവും രോഗബാധയുടെ പുതിയ ഉയരത്തിലേക്ക് പോകുന്ന ഈ തരംഗം എപ്പോള്‍ താഴുമെന്ന് കൃത്യമായി പറയാന്‍ കേന്ദ്രസര്‍ക്കാരിനോ, ആരോഗ്യമന്ത്രാലയത്തിനോ കഴിയുന്നില്ല. മരണനിരക്ക് ഉയര്‍ന്നതോടെ ശ്മശാനങ്ങള്‍ നിറയുന്നതാണ് മറ്റൊരു നിസ്സഹായത. സംസ്‌കാരത്തിനായി കാത്തു കിടക്കുന്ന മൃതദേഹങ്ങള്‍ മിക്ക ശ്മശാനങ്ങള്‍ക്ക് മുന്നിലെയും ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. ഡല്‍ഹിയിലെ നിഗംബോധ് ഘട്ട് അടക്കമുള്ള ശ്മശാനങ്ങളില്‍ തീ അണയുന്നതേയില്ല.
എവിടെ, ആര്‍ക്കാണ് പിഴച്ചത്? കേന്ദ്രത്തിന് പാളിച്ച പറ്റിയെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങള്‍. രോഗനിയന്ത്രണത്തിന് അനുവദിച്ച ഫണ്ട് സംസ്ഥാനങ്ങള്‍ ഉപയോഗിച്ചില്ലെന്ന് കേന്ദ്രം. പക്ഷേ കൊവിഡ് ഒന്നാംതരംഗം വഴിമാറി നിന്ന കുറച്ചു കാലം പാഴാക്കി കളഞ്ഞതില്‍ ചെറുതല്ലാത്ത ഉത്തരവാദിത്തം കേന്ദ്രത്തിന് ഉണ്ട്. നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിക്കാനും വാക്‌സിന്‍ ഗുരുവാകാനും പ്രധാനമന്ത്രി ശ്രമം നടത്തുമ്പോള്‍ വരാനിരിക്കുന്ന ദുരന്ത നാളുകളെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ മുന്‍പിലുണ്ടായിരുന്നുവെന്നതാണ് വസ്തുത. വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച സിറോ സര്‍വ്വേ റിപ്പോര്‍ട്ടും അതുണ്ടാക്കാവുന്ന ദുരന്തത്തെ കുറിച്ചും അറിയാഞ്ഞിട്ടാണോ ഓക്‌സിജന്‍ കയറ്റുമതിയിലും വാക്‌സിന്‍ കയറ്റുമതിയിലും ഒരു തത്വദീക്ഷയുമില്ലാത്ത നിലപാട് കേന്ദ്രം സ്വീകരിച്ചതെന്ന ചോദ്യം ഏറെ പ്രസക്തമാണ്. പരസ്പരമുള്ള പഴിചാരലുകളും വിഴുപ്പലക്കലുകളും ഭരണാധികാരികള്‍ തുടരുമ്പോള്‍ പ്രാണവായുവിനായി ജനം കേഴുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ ,ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ ആത്മപ്രശംസകള്‍ക്ക് അവധി നല്‍കി ചില്ലുമേടകളില്‍ നിന്ന് നമ്മുടെ ഭരണാധികാരികള്‍ പുറത്തു വരുമോയെന്നതാണ് ചോദ്യം.

(ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ
റിപ്പോര്‍ട്ടറാണ് ലേഖകന്‍)

Binu Raj

You must be logged in to post a comment Login