അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ ആരാധനാനിമഗ്നരായ കാലം

അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ ആരാധനാനിമഗ്നരായ കാലം

കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ദുബൈയിലെ നായിഫിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നവര്‍ക്ക് കഴിഞ്ഞ റമളാനും പെരുന്നാളും മറക്കാനാകാത്ത അനുഭവമായിരുന്നു. പകലുകള്‍ക്ക് സമാനമായ രീതിയില്‍ രാത്രിയില്‍ പോലും ജനനിബിഡമായിരുന്ന തെരുവുകളില്‍ മനുഷ്യരെക്കാണാതെ വിജനമായിക്കിടന്ന രംഗം ഹൃദയഭേദകമായിരുന്നു.
കൊവിഡിന് മുമ്പ് ഇവിടത്തെ റമളാന്‍കാലം ആളുകളുറങ്ങാത്ത, അങ്ങാടികളുറങ്ങാത്ത, പള്ളിവാതിലുകളടയാത്ത നാളുകളായിരുന്നു. ഒളിമങ്ങാത്ത ആരവം തന്നെയായിരുന്നു. റമളാന്‍ രാത്രികളില്‍ പുലരുവോളം തുറന്നിട്ടിരിക്കുന്ന പള്ളികളില്‍ വിശ്വാസികള്‍ തിങ്ങിനിറഞ്ഞിരിക്കും. മിക്ക പള്ളികളിലും വ്യത്യസ്ത സമയങ്ങളിലായുള്ള തറാവീഹ് നിസ്‌കാരങ്ങള്‍ ഉണ്ടാകും. രാത്രി ഒരുമണിക്ക് തറാവീഹ് ഉള്ള പള്ളികളും ഉണ്ട്. ജോലി കഴിയുന്നതിനനുസരിച്ചുകൊണ്ട് വിശ്വാസികള്‍ പള്ളികളിലേക്ക് നിസ്‌കാരത്തിനായി ഓടിയെത്തും. പള്ളികളില്‍ സുഭിക്ഷമായ നോമ്പുതുറയുണ്ടാകും. ഒരു പാത്രത്തില്‍ നിന്ന് പല ഭാഷക്കാര്‍ ഒന്നിച്ചിരുന്ന് നോമ്പ് തുറക്കുന്നത് കണ്‍കുളിപ്പിര്‍ക്കുന്ന ദൃശ്യമായിരുന്നു.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പള്ളികളുടെ കവാടങ്ങള്‍ റമളാനു മുമ്പേതന്നെ അടക്കപ്പെട്ടിരുന്നു. റമളാനില്‍ പള്ളികള്‍ തുറന്നെങ്കില്‍ എന്ന് വിശ്വാസികള്‍ അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. പള്ളികളില്‍നിന്ന് അഞ്ച് നേരവും വാങ്ക് ഉയരും. ഫര്‍ള് നിസ്‌കാരങ്ങള്‍, ജുമുഅ, തറാവീഹ്, നോമ്പുതുറ ഇതെല്ലാം റൂമുകളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഓരോ ബാച്ചിലര്‍ റൂമുകളും ഓരോ പള്ളികളായി പരിവര്‍ത്തിക്കപ്പെട്ടു. അവിടെ നിസ്‌കാരങ്ങള്‍ക്ക് ഇമാമത്ത് നില്‍ക്കാനും മറ്റു കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അവരില്‍നിന്നുതന്നെ ഒരാള്‍ നിയമിക്കപ്പെട്ടു.
കൊവിഡിനു മുമ്പ്, പെരുന്നാളിന്റെ അന്ന് പുലര്‍ച്ചെ മുതല്‍തന്നെ ജനങ്ങളുടെ പള്ളിയിലേക്കുള്ള പ്രവാഹം ആരംഭിക്കും. വ്യത്യസ്ത രാജ്യക്കാര്‍ പുതുവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് മുസല്ലയും കയ്യില്‍ പിടിച്ചു പള്ളിയിലേക്ക് നീങ്ങുന്ന അത്യന്തം ആനന്ദിപ്പിക്കുന്ന കാഴ്ച. മുകളിലെ ഫ്ളാറ്റുകളില്‍നിന്ന് താഴേക്ക് നോക്കുമ്പോള്‍ കാണുന്ന ജനങ്ങളുടെ ഒഴുക്ക് മനസ്സിന് നല്‍കുന്ന ആനന്ദം വിവരണാതീതമാണ്. പെരുന്നാള്‍ നിസ്‌കാരത്തിനുവേണ്ടി കൂടുതല്‍ മലയാളികളും നായിഫിലെ സര്‍ഊനി പള്ളിയില്‍ എത്തിച്ചേരാനാണ് ശ്രമിക്കുക. നാട്ടുകാരെയും കൂട്ടുകാരെയും ഒരുമിച്ചു കാണാന്‍ കഴിയുന്ന വിശേഷ സന്ദര്‍ഭം കൂടിയായിരുന്നു പെരുന്നാള്‍ സുദിനം.
പള്ളിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിനു തടയിട്ടുകൊണ്ട് ജീവിതത്തില്‍ ആദ്യമായി റൂമില്‍ പെരുന്നാള്‍ നിസ്‌കരിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. പള്ളികളില്‍നിന്ന് ഇമാമിന്റെ തക്ബീറുകള്‍ മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. അതുകേട്ട് റൂമുകളില്‍ ശ്വാസം പിടിച്ചിരിക്കുന്ന അനേകായിരം വിശ്വാസികളുടെ അകം പിടക്കുന്നുണ്ടായിരുന്നു. റൂമിലെ ഹാളുകളിലും ബില്‍ഡിങ്ങിന്റെ ടെറസുകളിലും പെരുന്നാള്‍ നിസ്‌കാരത്തിനുവേണ്ടിയുള്ള പായകള്‍ വിരിച്ചു സജ്ജമാക്കി. പുതുവസ്ത്രങ്ങള്‍ അണിയാതെയും സുഗന്ധങ്ങളുടെ അകമ്പടിയില്ലാതെയുമാണ് ചെറിയ പെരുന്നാളിന് അണിനിരന്നത്. ജീവിതത്തില്‍ അതുവരെ ഖുതുബ കേള്‍ക്കുക മാത്രം ചെയ്ത പലര്‍ക്കും ഖുതുബ നിര്‍വഹിക്കാനുള്ള അവസരം കൂടിയായിരുന്നു കഴിഞ്ഞ ചെറിയ പെരുന്നാള്‍. വാട്‌സ്ആപ്പ് വഴി എത്തിയ ഖുതുബയുടെ ക്രമവും വചനവുമൊക്കെ നേരത്തേ നോക്കിവെച്ചു. റൂമുകളില്‍ ലഭ്യമായ സാമഗ്രികളുപയോഗിച്ച് മിമ്പറുണ്ടാക്കി. കയ്യില്‍ ചെറിയ വടിക്കഷ്ണങ്ങള്‍ പിടിച്ചുകൊണ്ട് ആദ്യമായി ഖുതുബ നിര്‍വഹിക്കാന്‍ പലര്‍ക്കും അവസരമുണ്ടായി. അതിന്റെ അനുഭൂതി ഇപ്പോഴും ബാക്കി നില്‍ക്കുന്നു. ഖുതുബ നിര്‍വഹിക്കുന്നവരുടെയും പെരുന്നാള്‍ നിസ്‌കാരങ്ങളുടെയും ഫോട്ടോകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മിന്നിമറിഞ്ഞു.

പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്കുശേഷവും പള്ളിക്കു പുറത്തുനിന്ന് ഫോട്ടോ എടുക്കാറുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ പെരുന്നാളിന് സ്വന്തം കൂട്ടുകാരെ ഒന്ന് ആലിംഗനം ചെയ്യാന്‍ പോലും സാധിക്കാതെ അകന്നുനില്‍ക്കാനായിരുന്നു വിധി. പള്ളിയില്‍നിന്ന് ഇറങ്ങിയാല്‍ വ്യത്യസ്ത ഇടങ്ങളില്‍ വിപുലമായി നടത്താറുണ്ടായിരുന്ന ഈദ് സംഗമങ്ങള്‍ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കുവയ്പിനുള്ള അവസരം ആയിരുന്നു. അതെല്ലാം ഓണ്‍ലൈനുകളിലേക്ക് ക്രമീകരിക്കപ്പെട്ടു. കുടുംബ സന്ദര്‍ശനത്തിന് പകരമായി കുടുംബക്കാരോടും കൂട്ടുകാരോടും നാട്ടുകാരോടും ഫോണ്‍ വിളിയിലൂടെ സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കാന്‍ പെരുന്നാളിന്റെ നല്ലൊരു സമയം ഓരോ പ്രവാസിയും മാറ്റിവെക്കുമായിരുന്നു. നാട്ടിലെ പ്രിയപ്പെട്ടവരോട് ഉള്ളുതുറന്നു സംസാരിക്കുന്ന പെരുന്നാന്നാളില്‍ ഫോണ്‍കോളുകള്‍ക്ക് പഴയ മധുരമൊന്നും ഉണ്ടായിരുന്നില്ല. പെരുന്നാള്‍ ഒഴിവുദിനങ്ങളിലെ സന്ദര്‍ശന കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടന്നു. ദുബൈയില്‍നിന്ന് അബൂദാബിയിലേക്കും മറ്റു എമിറേറ്റുകളിലേക്കുമുള്ള പെരുന്നാള്‍ യാത്രകളെല്ലാം സ്തംഭിച്ചു. പെരുന്നാളിന്റെ അന്ന് മുത്തുനബിയുടെ മദ്ഹ് പാടുന്ന ‘പെരുന്നാള്‍ താളം’ എന്ന ഓണ്‍ലൈന്‍ പരിപാടി എല്ലാവര്‍ക്കും വലിയൊരു ആശ്വാസമായിരുന്നു. കഴിഞ്ഞ ചെറിയ പെരുന്നാള്‍ സുദിനം തികച്ചും പ്രാര്‍ഥനാനിര്‍ഭരമായ നിമിഷങ്ങളിലൂടെയും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയുമാണ് കഴിഞ്ഞുപോയത്.

പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് റൂമില്‍ ഇരിക്കുന്ന കൂട്ടുകാരന്‍ നൗഫല്‍ കുനിയിലിന്റെ ഫോണിലേക്ക് അപരിചിതനായ ഒരാള്‍ വിളിച്ചുകൊണ്ട് കുറച്ചു ഭക്ഷണം കൊടുത്തുവിടുന്നുണ്ട് എന്ന് പറഞ്ഞു. മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനുള്ള വിധത്തില്‍ പാക്ക് ചെയ്ത ഭക്ഷണപ്പൊതികള്‍ കുറച്ചധികം ഉണ്ടായിരുന്നു. കൊവിഡ് കാലത്തെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന നൗഫലിന്റെ നമ്പര്‍ അപരിചിതന്‍ തേടിപ്പിച്ചതാകാം. കുറച്ചു കഴിയുമ്പോഴേക്കും ഭക്ഷണമെത്തി. പെരുന്നാളിന് ഓരോ റൂമുകളിലും നല്ല ഭക്ഷണം തന്നെ ഉണ്ടാക്കുമല്ലോ, ഈ ഭക്ഷണപ്പൊതികള്‍ മറ്റുള്ളവര്‍ക്ക് ആവശ്യമായി വരുമോ എന്ന ആശങ്കയുണ്ടായിരുന്നു. റമളാനില്‍ സ്ഥിരമായി ഭക്ഷണം വാങ്ങിയിരുന്നവരുടെ നമ്പറുകളില്‍ ഒന്ന് വിളിച്ചുനോക്കി. സത്യത്തില്‍ അവര്‍ ആ വിളിക്കുവേണ്ടി കാത്തിക്കുകയായിരുന്നു. അടുപ്പ് പുകയാത്ത റൂമുകളില്‍ നിന്ന് അവര്‍ ഓടിയെത്തി. ഭക്ഷണപ്പൊതികള്‍ സ്വീകരിച്ചു മടങ്ങി. അവരുടെ മുഖത്ത് തെളിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ആ ഭക്ഷണം അവര്‍ക്ക് ലഭിച്ചില്ലായിരുന്നെങ്കില്‍ പെരുന്നാളിന്റെ സന്തോഷനാളില്‍ പോലും ഒട്ടിയ വയറുമായി കഴിയുമായിരുന്നു.

കൊവിഡ് പോസിറ്റീവ് ആയിട്ടും റൂമില്‍തന്നെ എട്ടും പത്തും ആളുകളോടൊപ്പം കഴിയേണ്ടിവന്നവര്‍ക്ക് പെരുന്നാള്‍ സമാഗതമായപ്പോള്‍ ഉണ്ടായ മനസിന്റെ വിങ്ങല്‍ എങ്ങനെയാണ് പറഞ്ഞറിയിക്കുക. ലോക്ഡൗണിനുമുമ്പ് വിസിറ്റ് വിസയില്‍ എത്തിച്ചേര്‍ന്ന പല കുടുംബങ്ങളും ഭക്ഷണക്കിറ്റിനുവേണ്ടി കാത്തിരിക്കേണ്ട അവസ്ഥയിലായിരുന്നു. ഭര്‍ത്താവ് കൊവിഡ് വന്നു ആശുപത്രിയില്‍ കഴിയുമ്പോള്‍ മക്കളുമായി ഭീതിയോടെ കഴിയുന്ന ഒരു സ്ത്രീയുടെ പെരുന്നാളിലെ വേദന എത്രയായിരിക്കും. കഴിഞ്ഞ റമളാനില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പ്രഖ്യാപിച്ച 10 മില്യണ്‍ ഭക്ഷണം നല്‍കുന്ന കാമ്പയിനിലൂടെ എല്ലാവര്‍ക്കും ആഹാരം ലഭിച്ചു.

ഒന്നു പുറത്തിറങ്ങാന്‍ പോലുമാകാതെ കഴിഞ്ഞിരുന്ന മനുഷ്യര്‍ക്ക് തുണയും സഹായവുമേകി സന്നദ്ധസേവകര്‍ കര്‍മനിരതമായിരുന്നു. റമളാനിലെ ശക്തമായ ചൂടിലും കൊവിഡ് ഭീതിയിലും സന്നദ്ധസേവകര്‍ ഭക്ഷണവും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. വ്യത്യസ്ത കേന്ദ്രങ്ങളില്‍ നൂറുകണക്കിന് പേര്‍ ദുബൈ പൊലീസിനോടൊപ്പം ഹെല്‍ത്ത് സെന്ററുകളില്‍ വളണ്ടിയര്‍മാരായി സേവനം ചെയ്തു. ട്രാഫിക് നിയന്ത്രണങ്ങളില്‍ പൊലീസിനോടൊപ്പം പങ്കാളികളായി. ഫ്ളാറ്റുകളിലും വില്ലകളിലും ഷോപ്പുകളിലും കയറി കൊവിഡ് സര്‍വേ എടുത്തു. അങ്ങനെ രാജ്യത്തിന്റെ സംരക്ഷണത്തിനും അതിജീവനത്തിനും വേണ്ടി റമളാന്‍ ദിനരാത്രങ്ങളും പെരുന്നാള്‍ സുദിനവുമെല്ലാം മാറ്റിവെച്ചു. ഈ വര്‍ഷം 100 മില്യണ്‍ ഭക്ഷണ കാമ്പയിന്‍ ആണ് പ്രഖ്യാപിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ നാടിന്റെയും ഭരണാധികാരികളുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും തണലില്‍ ഓരോ പ്രവാസിയും സന്തോഷഭരിതരും സുരക്ഷിതരുമാണ്. ആ യാഥാര്‍ത്ഥ്യമാണ് ഓരോ പ്രവാസിയെയും ഇവിടെ തുടരാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.

ഫൈസല്‍ സി എ

You must be logged in to post a comment Login