അഭിപ്രായത്തിന് കൂച്ചുവിലങ്ങ്

അഭിപ്രായത്തിന് കൂച്ചുവിലങ്ങ്

ഒടുവിലിതാ ഐക്യരാഷ്ട്രസഭയും നരേന്ദ്രമോഡി സര്‍ക്കാറിനെതിരേ വിമര്‍ശനമുന്നയിച്ചിരിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഇന്ത്യയുടെ പുതിയ ഐ ടി. ചട്ടം മനുഷ്യാവകാശ ലംഘനമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗത്തിലെ വിദഗ്ധര്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. പൗരാവകാശങ്ങളും രാഷ്ട്രീയവകാശങ്ങളും സംരക്ഷിക്കാനുള്ള രാജ്യാന്തര പ്രഖ്യാപനത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ല ഇന്ത്യയിലെ പുതിയ ചട്ടങ്ങളെന്ന് കഴിഞ്ഞയാഴ്ച യു.എന്‍. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നിരീക്ഷണത്തില്‍ യു.എന്‍. വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കാനും നീക്കംചെയ്യാനും കമ്പനികളെ ബാധ്യസ്ഥരാക്കുന്ന ചട്ടം അഭിപ്രായസ്വാതന്ത്ര്യം അട്ടിമറിക്കുമെന്നും സ്വകാര്യത ഹനിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഇതേപ്പറ്റി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററുമായി മോഡി സര്‍ക്കാര്‍ നേരിട്ട് ഏറ്റുമുട്ടുകയും ട്വിറ്ററിനും വാട്‌സാപ്പിനും മറ്റും നിരോധനം വന്നേക്കുമെന്ന് ഊഹാപോഹങ്ങള്‍ പ്രചരിക്കുകയും ചെയ്യുന്നതിനിടയിലാണ് ഈ പ്രതികരണം എന്നതാണ് ശ്രദ്ധേയം. ട്വിറ്ററില്‍ നിന്ന് കേന്ദ്രസര്‍ക്കാറിനു നേരിട്ട തിരിച്ചടിയില്‍നിന്നും ട്വിറ്റര്‍ ഓഫീസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ ഉയര്‍ന്ന അന്താരാഷ്ട്ര പ്രതിഷേധത്തില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ കേന്ദ്രം സൃഷ്ടിച്ച പുകമറയായിരുന്നു നിരോധന വാര്‍ത്തയെന്ന് വ്യക്തമായിക്കഴിഞ്ഞു. പുതിയ ഐ ടി ചട്ടപ്രകാരം സമൂഹമാധ്യമങ്ങളെ നിരോധിക്കാനുള്ള അധികാരമൊന്നും കേന്ദ്രത്തിനില്ല. നിരോധനം വരുമെന്ന ഭീഷണി മുഴക്കി സമൂഹമാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാറിന്റെ ശ്രമം. ഉപയോക്താവിനെ ശാക്തീകരിക്കാനെന്നു പറഞ്ഞുകൊണ്ടുവരുന്ന ചട്ടങ്ങള്‍ ഭരണകൂടത്തെയാണ് ശക്തിപ്പെടുത്താന്‍ പോകുന്നത്. ഭരണകൂടവും ടെക് ഭീമന്മാരുമായുള്ള ബന്ധം മെച്ചപ്പെടുത്തി, ആത്യന്തികമായി അഭിപ്രായസ്വാതന്ത്യത്തിനും പൗരന്റെ സ്വകാര്യതയ്ക്കും കൂച്ചുവിലങ്ങിടുക എന്നതാണ് സര്‍ക്കാറിന്റെ പദ്ധതി. അതിനെ അല്‍പമെങ്കിലും ചെറുക്കാന്‍ ശ്രമിച്ചു എന്നതാണ് ട്വിറ്റര്‍ ചെയ്ത കുറ്റം.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെപ്പറ്റിയുള്ള ട്വീറ്റുകള്‍ ഫെബ്രുവരിയില്‍ ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി ‘ലൈക്’ ചെയ്തതോടെയാണ് സര്‍ക്കാര്‍ അവര്‍ക്കെതിരേ തിരിയുന്നത്. ട്വിറ്ററിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്ന നടപടിയാണ് ഇതെന്നായിരുന്നൂ കേന്ദ്രസര്‍ക്കാറിന്റെ വിമര്‍ശം. ട്വിറ്റര്‍ അക്കൗണ്ട് അംഗീകാരമുള്ളതാണെന്ന് കാണിക്കുന്ന വെരിഫൈഡ് ബാഡ്ജ് സംഘപരിവാര്‍ ബന്ധമുള്ള പലരുടെയും പേജില്‍ നിന്നും നീക്കം ചെയ്തതായിരുന്നു അടുത്ത പ്രകോപനം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതും ഇങ്ങനെ തിരിച്ചടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘപരിവാറിന്റെ വക്താവായ നടി കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കുകയും ചെയ്തു. അതിനു പിന്നാലെ, പുതിയ ഐ ടി ചട്ടത്തിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് കത്തയച്ചു. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി വരുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സര്‍ക്കാറില്‍നിന്നുള്ള നടപടി ഭയന്ന് പലരുടെയും അഭിപ്രായങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തേണ്ടിവരുന്നുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് ട്വിറ്റര്‍ തിരിച്ചടിച്ചത്. കേന്ദ്ര നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് ട്വിറ്റര്‍ അഭിപ്രായപ്പെട്ടു.

ട്വിറ്ററുമായി തുറന്ന യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് മെയ് 25ന് ഡല്‍ഹി പൊലീസ് അവരുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസില്‍ നോട്ടീസ് നല്‍കുന്നതിനാണ് മെയ് 25ന് പൊലീസ് എത്തിയത്. കൊവിഡ് മഹാമാരിയുടെ സമയത്ത് മോഡി സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ഇറക്കിയെന്ന് കാണിച്ച് ബി ജെ പി വക്താവ് സംപിത് പത്ര മെയ് 18ന് ട്വിറ്റര്‍ സന്ദേശമിട്ടിരുന്നു. പത്രയുടെ ട്വീറ്റിലുള്ള രേഖകള്‍ വ്യാജമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇതോടെ, പത്രയുടെ ട്വീറ്റിനെ ട്വിറ്റര്‍ വ്യാജസന്ദേശങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി. ടൂള്‍ കിറ്റിനെപ്പറ്റി ബി.ജെ.പിക്കാരായ ഷെഫാലി വൈദ്യ, പ്രിതി ഗാന്ധി, വിനയ് സഹസ്രബുദ്ധേ, ചാരു പ്രഗ്യ തുടങ്ങിയവരിട്ട സന്ദേശങ്ങള്‍ക്കും വ്യാജ വാര്‍ത്തെയന്ന മുദ്ര ചാര്‍ത്തി. ഈ നടപടി പിന്‍വലിക്കണമെന്നും ടൂള്‍ കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നേയുള്ളൂ എന്നും കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു. അതിന്റെ തുടര്‍ച്ചയായിരുന്നു ഓഫീസ് റെയ്ഡ്.

ഉത്തര്‍പ്രദേശില്‍, ഗാസിയാബാദിലെ ലോനിയില്‍ മര്‍ദ്ദനമേറ്റ മുസ്‌ലിം വയോധികന്റെ വീഡിയോ ദൃശ്യം പങ്കുവെച്ചതിന്റെ പേരില്‍ യു പി പൊലീസ് എടുത്ത കേസായിരുന്നു അടുത്തത്. ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് തന്നെ തല്ലിച്ചതച്ചത് എന്നാണ് സൂഫി അബ്ദുസ്സമദ് എന്നയാള്‍ വീഡിയോയില്‍ പറയുന്നത്. എന്നാല്‍, സംഭവത്തില്‍ മതവിദ്വേഷമൊന്നുമില്ലെന്നും വ്യാജ ഏലസ്സു വിറ്റതിനാണ് ചില യുവാക്കള്‍ ചേര്‍ന്ന് സമദിനെ അടിച്ചതെന്നുമാണ് ഗാസിയാബാദ് പൊലീസിന്റെ വിശദീകരണം. സമൂഹത്തില്‍ വര്‍ഗീയവിദ്വേഷം സൃഷ്ടിക്കാനായി തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ച് എട്ടുപേര്‍ക്കെതിരേ യു പി പൊലീസ് കേസെടുത്തു. പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ റാണാ അയ്യൂബ്, സബാ നഖ്്വി, മുഹമ്മദ് സുബൈര്‍ എന്നിവരും മൂന്ന് കോണ്‍ഗ്രസ് നേതാക്കളും വാര്‍ത്താപോര്‍ട്ടലായ ദ വയറും, ട്വിറ്ററും കേസില്‍ പ്രതികളാണ്. മൊഴി നല്‍കാനെത്തണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനീഷ് മഹേശ്വരിക്ക് പൊലീസ് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഗാസിയാബാദ് പൊലീസിന്റെ വാദം ശരിയല്ലെന്നും സൂഫി അബ്ദുസ്സമദ് ഏലസ്സു വില്‍ക്കാറില്ലെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ കേസുമായി മുന്നോട്ടുപോവുകയാണ്. സംഭവവുമായി ബന്ധപ്പെട്ട 50 ട്വീറ്റുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വന്നതായി ട്വിറ്റര്‍ പിന്നീട് അറിയിച്ചു.

ഫേസ്ബുക്കും ഗൂഗിളും മറ്റും കേന്ദ്രനിയമം അംഗീകരിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ മാത്രമാണ് ഇടഞ്ഞുനില്‍ക്കുന്നത് എന്നുമാണ് കേന്ദ്രം പറയുന്നത്. ഐ ടി ചട്ടത്തിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ട്വിറ്ററിനുള്ള മധ്യവര്‍ത്തി ഉത്തരവാദിത്വ സുരക്ഷ അഥവാ ഇന്റര്‍മീഡിയറി ലയബിലിറ്റി സുരക്ഷ കേന്ദ്രം എടുത്തുകളഞ്ഞു. ഇന്റര്‍മീഡിയറി ലയബിലിറ്റിക്ക് ഐ ടി നിയമങ്ങളില്‍ സുപ്രധാന സ്ഥാനമുണ്ട്. ടെലികോം സേവന ദാതാവ്, സെര്‍ച്ച് എഞ്ചിനുകള്‍, ഓണ്‍ലൈന്‍ പെയ് മെന്റ് സൈറ്റുകള്‍, ഫെയ്‌സ്ബുക്കും ട്വിറ്ററും പോലുള്ള പ്ലാറ്റുഫോമുകള്‍ എല്ലാം ഇന്റര്‍മീഡിയറികളാണ്. ഇവയുപയോഗിച്ച് മൂന്നാമതൊരാള്‍ എന്തെങ്കിലും ചെയ്തുവെന്നതിന്റെ ഉത്തരവാദിത്വം കമ്പനി മേധാവിക്കില്ല എന്നതാണ് ഇന്റര്‍മീഡിയറി ലയബിലിറ്റി സുരക്ഷ. അതായത്, ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പലരും കണ്ടന്റ് അപ് ലോഡ് ചെയ്യും. അതിന്റെയെല്ലാം ഉത്തരവാദിത്വം ആ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനല്ല. ഐ ടി ചട്ടത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ഈ സുരക്ഷ നഷ്ടമാകും എന്നാണ് സര്‍ക്കാരിന്റെ വാദം.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഐ ടി ചട്ടത്തില്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണുള്ളത്. ഒന്ന് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് എന്ന ഭാഗം. അത് ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളെ ബാധിക്കുന്ന ഒന്നാണ്. മാധ്യമങ്ങളിലെ ഉള്ളടക്കം നീക്കംചെയ്യാന്‍ ആവശ്യപ്പെടാനുള്ള അധികാരമടക്കം കേന്ദ്രത്തിന് നല്‍കുന്നതാണ് ഈ ചട്ടം എന്ന് ചൂണ്ടിക്കാട്ടി ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഡിപ്പെന്‍ഡന്റ് ജേണലിസം ഇതിനെതിരേ കേസു കൊടുത്തിട്ടുണ്ട്. രണ്ടാമത്തേത് ട്രേസബിലിറ്റി, അതായത് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനെ ബ്രേക്ക് ചെയ്യാനുള്ള ചട്ടമാണ്. നമ്മളയയ്ക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം മെസ്സേജിങ് കമ്പനികള്‍ മനസിലാക്കിയിരിക്കണം എന്നതാണ് ട്രേസബിലിറ്റി എന്ന ആവശ്യത്തിന്റെ കാതല്‍. മൂന്നാമത്തേത്, പ്ലാറ്റ്‌ഫോം നിയന്ത്രണത്തിനുവേണ്ടിയുള്ള ചട്ടങ്ങളാണ്. അത് ടെക് ഭീമന്മാരെ നിയന്ത്രിക്കാനുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി 26ന് കൊണ്ടുവന്ന ചട്ടങ്ങള്‍ക്ക് നിയമപരമായ അടിത്തറയൊന്നുമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടിയാലോചനകളൊന്നും നടത്തിയിട്ടല്ല ഇവ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ കോടതിയില്‍ ഇവ നിലനില്‍ക്കാന്‍ സാധ്യത കുറവാണ്. നിയമം നടപ്പാക്കുക എന്നതിലുപരി ഈ ടെക്ഭീമന്മാരെ നിയന്ത്രിക്കാന്‍ കഴിയുന്നിടത്തോളം ശക്തരാണ് തങ്ങളെന്ന് കാണിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

നരേന്ദ്ര മോഡിയെ അധികാരത്തിലേറ്റിയ 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മണ്ണിലിറങ്ങിയെടുത്തതിനെക്കാള്‍ കൂടുതല്‍ ബി ജെ പി പ്രവര്‍ത്തകര്‍ പണിയെടുത്തത് ട്വിറ്ററിലാണ് എന്ന് പറയാറുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്കുമേല്‍ ചെളിവാരിയെറിയാനും അവരെ തേജോവധം ചെയ്യാനും ആ തിരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങളാണ് ബി ജെ പി ഉപയോഗിച്ചത്. രാഷ്ട്രീയാവശ്യങ്ങള്‍ക്കുവേണ്ടി സമുഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്ന വിദ്യ ഏറ്റവും നന്നായി അറിയാവുന്നത് ബി ജെ പിക്കായിരുന്നു. ഇത് ഏകപക്ഷീയമായി തുടരുന്നിടത്തോളം കാലം ബി ജെ പിക്ക് സമൂഹമാധ്യമങ്ങളെപ്പറ്റി പരാതിയൊന്നുമില്ലായിരുന്നു. പക്ഷേ, കഥ മാറി. സമൂഹമാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ വൈദഗ്ധ്യം നേടിക്കഴിഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളെയെല്ലാം ചൊല്‍പ്പടിയിലാക്കിയ കേന്ദ്ര സര്‍ക്കാരിന് സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാന്‍ കഴിയുന്നില്ല. വിമര്‍ശകര്‍ സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത് ബി ജെ പി ക്യാമ്പില്‍ സൃഷ്ടിച്ച പരിഭ്രാന്തിയാണ് ഇപ്പോള്‍ ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അടിസ്ഥാന കാരണം.

എസ് കുമാര്‍

You must be logged in to post a comment Login