കശ്മീരില്‍ മഞ്ഞുരുക്കുകയല്ല, നിലമൊരുക്കുകയാണ് സംഘപരിവാര്‍

കശ്മീരില്‍ മഞ്ഞുരുക്കുകയല്ല, നിലമൊരുക്കുകയാണ് സംഘപരിവാര്‍

” Kashmir may remain a ‘Spanish Ulser’. I have not found an Indian familiar with the Peninsular War’s drain on Napoleaon’s manpower and treausre: and I sometimes feel that Ministers are loath to contemplate such a development in the case of Kashmir-I feel they still would prefer to think that the affair is susceptible of of settlement, in a short decisive campaign, by a sledge hammer blows by vastly superior Indian forces which should be ‘thrown’ into Kashmir”

കശ്മീരിന്റെ ഭാവിയെക്കുറിച്ച് വിഭജനാനന്തര ഇന്ത്യയില്‍ ഗൗരവമാര്‍ന്ന ചര്‍ച്ചക്ക് തുടക്കമിട്ടപ്പോള്‍ ബ്രിട്ടീഷ് ജനറലാണ് ‘സ്പാനിഷ് അള്‍സറി’നെ കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. നെപ്പോളിയന്‍ ബോണാപാര്‍ട്ടിന്റെ വിജയാരവങ്ങളോടെയുള്ള പടയോട്ടത്തിനു മുന്നില്‍ ആദ്യമായി പ്രതിരോധം തീര്‍ത്ത സ്‌പെയിന്‍ ‘അള്‍സറായി’ മാറിയപ്പോഴാണ് ആ പ്രയോഗം തന്നെ ആഗോളരാഷ്ട്രീയ പദാവലിയില്‍ കയറിവന്നത്. കശ്മീര്‍ താഴ്്വര ഒരിക്കലും ചികില്‍സിച്ചു മാറ്റാനാവാത്ത പുണ്ണായി മാറി, നീറ്റലുകള്‍ മാത്രം സമ്മാനിക്കുമെന്ന ബ്രിട്ടീഷ് സേനാനായകന്റെ പ്രവചനം അക്ഷരംപ്രതി പുലര്‍ന്നു. അതാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം കൊണ്ടാടാനിരിക്കുമ്പോഴും താഴ്്വര ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്. ജൂണ്‍ 24ന് 16 രാഷ്ട്രീയ നേതാക്കളെ പ്രധാനമന്ത്രി മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹിയിലേക്ക് ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ താഴ്്വരയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള നല്ലൊരു ചുവടുവെപ്പായി രാഷ്ട്രീയനിരീക്ഷകരും മാധ്യമങ്ങളും കൊട്ടിഘോഷിച്ചെങ്കിലും ആ ദിശയില്‍ ഒന്നും സംഭവിച്ചില്ല എന്ന് നേതാക്കളുടെ വാക്കുകളില്‍നിന്ന് മനസ്സിലാക്കാനായി. കശ്മീര്‍ വിഷയത്തില്‍ ഇപ്പോഴും ജയിച്ചുനില്‍ക്കുന്നത് ആര്‍.എസ്.എസും ഹിന്ദുത്വവാദികളുമാണ്. കശ്മീരിന്റെ സവിശേഷ പദവി എടുത്തുകളഞ്ഞിട്ട് ആഗസ്ത് 5ന് രണ്ടുവര്‍ഷം തികയുകയാണ്. 2019 ആഗസ്ത് 5ന്റെ നടപടികളിലൂടെ ഭരണഘടനയെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും നിഷ്‌കരുണം അട്ടിമറിച്ചപ്പോള്‍, അന്നുയര്‍ന്ന വിലാപങ്ങളും മുറവിളികളും പയ്യെ പയ്യെ കെട്ടമര്‍ന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ മോഡി-അമിത് ഷാ പ്രഭൃതികളെ നിര്‍ബന്ധിച്ചത് പ്രതിപക്ഷത്തിന്റെ സമ്മര്‍ദതന്ത്രങ്ങളോ താഴ്്വരയിലെ മുഖ്യധാരപാര്‍ട്ടികളുടെ ബുദ്ധിപൂര്‍വമായ നീക്കങ്ങളോ അല്ല. കശ്മീര്‍ വിഷയം ആഗോളതലത്തില്‍ ചൂടാറാതെ നില്‍ക്കുമ്പോഴുള്ള ആഗോള സമ്മര്‍ദം അവഗണിക്കാന്‍ പറ്റുന്നതല്ല. അഫ്ഗാനില്‍നിന്ന് യു.എസ് സേന പിന്മാറുന്നതോടെ സംജാതമാകുന്ന സങ്കീര്‍ണാവസ്ഥയില്‍ ജമ്മു-കശ്മീരില്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന ഉത്കണ്ഠകളും കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ ‘സൗമനസ്യ’ത്തിന് പിന്നിലുണ്ടാവാം. കശ്മീര്‍ ഒരിഞ്ചുമുന്നോട്ടുപോയില്ല എന്നല്ല കൂടുതല്‍ സങ്കീര്‍ണവും രാജ്യത്തെ ജനായത്ത വ്യവസ്ഥക്കുമുന്നില്‍ ഉത്തരമില്ലാത്ത ചോദ്യവുമായി മാറിയിക്കുന്നു. അതേസമയം, കശ്മീരികളുമായി ഇന്ത്യന്‍ ഭരണകൂടം ചരിത്രത്തിന്റെ നിര്‍ണായക സന്ധിയില്‍ ഏര്‍പ്പെട്ട കരാറുകളും ധാരണകളും പിച്ചിച്ചീന്തിയ 2019ലെ കാടന്‍ ചുവടുവെപ്പ് ഒരിക്കലും ഇനി തിരുത്തപ്പെടാന്‍ പോകുന്നില്ല എന്ന സന്ദേശം ലോകത്തിന് തന്നെ കൈമാറിയ അവസ്ഥയാണ്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന 370ാം ഖണ്ഡികയും സവിശേഷ സ്വത്തവകാശം പ്രദാനം ചെയ്യുന്ന 35എ അനുച്ഛേദവും പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് യോഗം ഒരക്ഷരം മിണ്ടിയില്ല എന്നാണ് നാമറിഞ്ഞത്. ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കാന്‍ പോകുന്നുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രതീക്ഷകള്‍ കൈമാറിയെങ്കിലും ഹിന്ദുത്വ സര്‍ക്കാരിനു മുന്നില്‍ അത്തരമൊരു അജണ്ട ഇപ്പോള്‍ ഇല്ല എന്ന് പരോക്ഷമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കാം എന്ന അഴകൊഴമ്പന്‍ നയമാണ് തുടരുന്നത്. മോഡിക്കും അമിത് ഷാക്കും വേണ്ടത് ആര്‍.എസ്.എസിന്റെ സുപ്രധാനമായ ഒരു അജണ്ടയുടെ പ്രയോഗവത്കരണമാണ്. അസംബ്ലി മണ്ഡലങ്ങള്‍ പുനഃസംഘടിപ്പിച്ച് ബി.ജെ.പി അധികാരം പങ്കുവെക്കുന്ന ഒരു സംവിധാനം ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തില്‍കവിഞ്ഞ്, താഴ്്വരയുടെ ഹൃദയവികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ബി ജെ പി സര്‍ക്കാര്‍ തയാറല്ല. തങ്ങളുടെ അജണ്ടക്കൊത്ത് താഴ്്വരയിലെ മുഖ്യധാര പാര്‍ട്ടികളെ തങ്ങളോടൊപ്പം നിറുത്തുക എന്നതിനപ്പുറം സമവായത്തിന്റെയോ രാഷ്ട്രീയവിട്ടുവീഴ്ചയുടെയോ മാര്‍ഗം ഹിന്ദുത്വവാദികളുടെ ചിന്തയിലേക്ക് കടന്നുവരുന്നുപോലുമില്ല എന്നാണ് ഡല്‍ഹിലെ സര്‍വകക്ഷി യോഗത്തിന്റെ നടപടികളില്‍നിന്നും വായിച്ചെടുക്കേണ്ടത്.

ഗുപ്കാര്‍ സഖ്യം എന്ന രാഷ്ട്രീയഭ്യാസം
ആര്‍ എസ് എസും മോഡി സര്‍ക്കാരും നെയ്‌തെടുത്ത മുസ്ലിം വിരുദ്ധ കശ്മീര്‍ നയം ഭരണഘടനാപരമായ അട്ടിമറിയിലേക്ക് നയിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയ ഒരു പേരാണ്’ഗുപ്കാര്‍ സഖ്യം’ എന്നത്. ശ്രീനഗറിലെ ഗുപ്കാര്‍ റോഡിലുള്ള ഫാറൂഖ് അബ്ദുല്ലയുടെ വസതിയില്‍ കൂടിയിരുന്ന് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ അംഗീകരിച്ച ഒരു പ്രഖ്യാപനത്തോടെയാണ് ആ പേര് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്നത്. 2019 ആഗസ്ത് ആദ്യവാരം തന്നെ താഴ്്വരയില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നുണ്ട് എന്ന് മണത്തറിഞ്ഞ പി ഡി പി നേതാവ് മെഹബൂബ മുഫ്തി മറ്റു നേതാക്കളെ നേരിട്ട് സമീപിച്ച് ഉത്കണ്ഠകള്‍ പങ്കുവെച്ചതോടെയാണ് ഇമ്മട്ടിലൊരു നേതൃസംഗമം തന്നെ സാധ്യമാകുന്നത്. സാധാരണ അന്തരീക്ഷത്തില്‍ പരസ്പരം ഏറ്റുമുട്ടുകയും കടിച്ചുകീറുകയും ചെയ്യുന്ന അഞ്ചു പാര്‍ട്ടികള്‍- നാഷനല്‍ കോണ്‍ഫറന്‍സ്, പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, അവാമി നാഷനല്‍ കോണ്‍ഫറന്‍സ്, സി.പി.എം, ജമ്മു-കശ്മീര്‍ പീപ്പ്ള്‍സ് മൂവ്‌മെന്റ് എന്നിവയും കോണ്‍ഗ്രസും ഒരുമിച്ചിരുന്ന് കശ്മീരിന്റെ അസ്തിത്വവും സ്വത്വവും സ്വയംഭരണാധികാരവും സവിശേഷ പദവിയും പരിരക്ഷിക്കാന്‍ പൊരുതുമെന്നും സംസ്ഥാനത്തെ വിഭജിക്കുകയും 370, 35എ അനുച്ഛേദങ്ങള്‍ റദ്ദാക്കാനോ മാറ്റം വരുത്താനോ ഉള്ള നീക്കങ്ങളെ എതിര്‍ക്കുമെന്നും തീരുമാനിക്കുകയായിരുന്നു. 2020 ഒക്ടോബര്‍ 15ന് സഖ്യം ഔപചാരികമായി മൂര്‍ത്തഭാവം പ്രാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അതിലുണ്ടായിരുന്നില്ല. ജമ്മുവിലെയും കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെമേലുള്ള അധിനിവേശമായാണ് ആഗസ്ത് 5ന്റെ നടപടിയെ സഖ്യം കണ്ടത്. സവിശേഷാധികാരം പുനഃസ്ഥാപിക്കണമെന്ന മുറവിളി ഉച്ചത്തിലുയര്‍ന്നു കേട്ടത് സഖ്യത്തിലൂടെയായിരുന്നു. മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല , ഉമര്‍ അബ്ദുല്ല തുടങ്ങിയ മൂന്ന് മുഖ്യമന്ത്രിമാര്‍ തൊട്ട് എണ്ണമറ്റ നേതാക്കള്‍ക്ക് 8-13മാസം വരെ തടവില്‍ കഴിയേണ്ടിവന്നപ്പോള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താഴ്്വര കേവലം ഒരു തടവറയായാണ് അനുഭവപ്പെട്ടത്. സഞ്ചാര സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും പൂര്‍ണമായി നിഷേധിക്കപ്പെട്ട മാസങ്ങള്‍ താഴ്്വരയുടെ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരധ്യായമാണ്. ദേശീയ സുരക്ഷാനിയമത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളെ അറസ്റ്റ് ചെയ്ത് തുറുങ്കില്‍ പാര്‍പ്പിച്ചത്. ആ നിലക്ക്, രണ്ടുവര്‍ഷം മുമ്പ് കവര്‍ന്നെടുത്ത അവകാശങ്ങള്‍ തിരിച്ചുകിട്ടാനുള്ള പോംവഴികളെ കുറിച്ചായിരുന്നു സഖ്യം ഗൃഹപാഠം നടത്തി ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്നത്. ആ ദിശയില്‍ മൂര്‍ത്തമായ ഒന്നും സംഭവിച്ചില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
യോഗാനന്തരം വിവിധ കക്ഷികള്‍ വ്യത്യസ്ത സ്വരത്തിലാണ് സംസാരിക്കുന്നത്. താഴ്്വരയുടെ സവിശേഷ പദവി പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് കൂടുതലായി ആരും ഉരിയാടുന്നില്ല. സംസ്ഥാന പദവി തിരിച്ചുകിട്ടിയേക്കാമെന്ന് മാധ്യമങ്ങള്‍ പറയുമ്പോഴും ഭരണകൂടം അര്‍ഥഗര്‍ഭമായ മൗനത്തിലാണ്. മണ്ഡലങ്ങള്‍ പുനഃക്രമീകരിച്ച് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി അധികാരം കാവിരാഷ്ട്രീയക്കാരുടെ കൈകളിലെത്തിക്കുക എന്ന ഏക അജണ്ടയിലൂന്നിയുള്ള കരുനീക്കങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ആ പദ്ധതിയെ തോല്‍പിക്കാനുള്ള ഐക്യബോധമോ ഇച്ഛാശക്തിയോ ഗുപ്കാര്‍ സഖ്യത്തിന് എന്നല്ല ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഇല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. പ്രത്യേക പദവി തിരിച്ചുപിടിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസും പീപ്പിള്‍സ് കോണ്‍ഫറന്‍സും താല്‍പര്യമേ കാട്ടുന്നില്ല എന്ന ആരോപണമാണ് നാഷണല്‍ കോണ്‍ഫറന്‍സ് ഉയത്തിയിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ എതിര്‍ത്തില്ല എന്ന് മറക്കേണ്ട. ജനവികാരം മാനിക്കുന്നുവെന്ന് പറയുന്നവര്‍ തന്നെ പുകമറക്കു പിന്നില്‍ വൃത്തികെട്ട കളി നടത്തുന്നുണ്ട്. മെഹബൂബ മുഫ്തി ഭരണകൂട ഭീകരതക്കെതിരെയാണ് ഉറക്കെ ശബ്ദിക്കുന്നത്. ഡല്‍ഹി ചര്‍ച്ചയില്‍ പങ്കെടുത്തത് അധികാര രാഷ്ട്രീയം ലാക്കാക്കിയല്ലെന്നും സാമാന്യജനത്തിന് സ്വതന്ത്രമായി ശ്വസിക്കാനും അഭിപ്രായം പറയാനും സാധിക്കാത്ത കാലത്തോളം അര്‍ഥവത്തായ സംഭാഷണങ്ങള്‍ക്ക് അവസരമൊരുങ്ങില്ലെന്നും മെഹബൂബ വാദിക്കുന്നു. ഒരുവേള ബി.ജെ.പിയെ കൂട്ടുപിടിച്ച് താഴ്്വര ഭരിച്ച പാര്‍ട്ടിയാണ് അവരുടേത്. പക്ഷേ, ആര്‍.എസ്.എസ് പദ്ധതി നിര്‍ദാക്ഷിണ്യം നടപ്പാക്കിയപ്പോള്‍ അനുതാപത്തിന്റെ ഒരു നോട്ടംപോലും ഹിന്ദുത്വ ഭരണകൂടത്തില്‍നിന്ന് അനുഭവിക്കാനായില്ല. മാതാവിനെ തേടി അലഞ്ഞ മെഹബൂബെയുടെ പുത്രി ഉന്നത നീതിപീഠത്തെ സമീപിച്ചപ്പോഴും അവഹേളനമാണ് കേള്‍ക്കേണ്ടിവന്നത്. ദുരിതാനുഭവങ്ങള്‍ മെഹബൂബയെ മാറിച്ചിന്തിപ്പിച്ചോ എന്ന് അറിയാനിരിക്കുന്നേയുള്ളൂ. ജമ്മു-കശ്മീരിലെ ജനങ്ങളുമായുള്ള ‘ഡല്‍ഹിയുടെ അകലവും'( ഡല്‍ഹി കീ ദൂരി ) ‘മാനസിക അകലവും’ (ദില്‍ ദി ദൂരി) കുറച്ചുകൊണ്ടുവരേണ്ടതുണ്ടെന്ന് ഡല്‍ഹി യോഗത്തില്‍ പ്രധാനമന്ത്രി മോഡി ഊന്നിപ്പറഞ്ഞത്രെ. എന്നാല്‍ ഇത് ഡല്‍ഹി ഭരിക്കുന്നവരുടെ ബാധ്യതയാണെന്നും ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാതെ ഒരു തരത്തിലുള്ള പുരോഗതിയും ഈ വഴിക്കു ഉണ്ടാവില്ലെന്നും മെഹബൂബ ആണയിടുന്നു. അതേസമയം, താഴ്്വരയുടെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗഭാക്കാവാന്‍ തയാറല്ലെന്നും മുഫ്തിയുടെ പുത്രി ആവര്‍ത്തിക്കുന്നു. പക്ഷേ, ഭരണകൂടവും സൈന്യവും മെനഞ്ഞെടുക്കുന്ന രാഷ്ട്രീയ ചക്രവ്യൂഹത്തില്‍നിന്നും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ പറ്റാത്ത വിധം സങ്കീര്‍ണമായി കിടക്കുന്ന കശ്മീര്‍ രാഷ്ട്രീയത്തില്‍ ഒരു നേതാവിനും നാളെയെ കുറിച്ച് ഒരുറപ്പും നല്‍കാനാവില്ല എന്നതാണ് നേര്. ആ യഥാര്‍ത്ഥ്യത്തിനപ്പുറം, ഇന്ത്യയുടെ പൊതുമനസ് വായിച്ചെടുത്താണ് തങ്ങള്‍ 370ാം ഖണ്ഡിക എടുത്തുകളഞ്ഞതിനെ പിന്തുണക്കുന്നതെന്ന് പറയുമ്പോള്‍ എന്താണ് കോണ്‍ഗ്രസ് എന്ന് നാം ഒരിക്കല്‍ കൂടി തിരിച്ചറിയുന്നു.

ബി.ജെ.പി നേടാന്‍ പോകുന്നത്
2019 ആഗസ്ത് 5ന് നടപ്പാക്കിയ ഹിന്ദുത്വ അജണ്ട തിരുത്തുക എന്ന ഉദ്ദേശ്യത്തോടെയാവും മോഡി സര്‍ക്കാര്‍ കശ്മീര്‍ വിഷയത്തില്‍ മുന്നോട്ടുപോവുക എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് ആര്‍.എസ്.എസിനെ അറിയില്ല എന്നേ പറയാനുള്ളൂ. സ്വതന്ത്ര ഇന്ത്യയില്‍ ആര്‍.എസ്.എസും അതിന്റെ പ്രഥമ രാഷ്ട്രീയ രൂപമായ ഭാരതീയ ജനസംഘവും ആദ്യമായി എടുത്തുപയോഗിച്ച വര്‍ഗീയ സമസ്യ കശ്മീരായിരുന്നു. ഭൂരിപക്ഷം വരുന്ന കശ്മീരി മുസ്ലിംകളെ ഡോഗ്രാ ഹിന്ദു മഹാരാജാക്കന്മാര്‍ നൂറ്റാണ്ടുകളോളം ഭരിച്ചിട്ടും ഉലയാത്ത മതസൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാരമ്പര്യത്തെ തച്ചുടക്കാനായിരുന്നു തുടക്കം തൊട്ട് സംഘ്പരിവാര്‍ ശ്രമിച്ചത്. രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തിന്റെമേല്‍ രാഷ്ട്രീയാധിപത്യം സ്ഥാപിച്ച് പകരം വീട്ടുക എന്ന സങ്കുചിത അജണ്ടയുമായാണ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ജനസംഘം പ്രവര്‍ത്തിച്ചത്. അദ്ദേഹം കാഴ്ചവെച്ച മതാന്ധതയെയും വര്‍ഗീയ രാഷ്ട്രീയത്തെയും അടിസ്ഥാനപരമായി നേരിട്ട ജവഹര്‍ലാല്‍ നെഹ്‌റു അന്തരീക്ഷം വര്‍ഗീയമയമാക്കാനുള്ള ആര്‍ എസ് എസ് നീക്കത്തെ എതിര്‍ത്തപ്പോഴാണ് മുഖര്‍ജിയുടെ അറസ്റ്റും തുടര്‍ന്ന് ജയിലില്‍ വെച്ച് മരണവും സംഭവിക്കുന്നത്. പാകിസ്ഥാനുമായി യോജിച്ച് ‘കിഴക്കന്‍ സ്വിറ്റ്‌സര്‍ലാന്‍ഡായി’ മാറാനുള്ള അമേരിക്കന്‍ സ്വപ്നപദ്ധതി പോലും കാല് കൊണ്ട് തട്ടിമാറ്റി ഇന്ത്യയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കശ്മീര്‍ സിംഹം ശൈഖ് അബ്ദുല്ലയുടെ ദൃഢനിശ്ചയമാണ് താഴ്്വരയുടെ ഭാഗധേയം നിര്‍ണയിച്ചത്. അന്നു മുതല്‍ക്ക് കശ്മീരിനെ ഛിന്നഭിന്നമാക്കാനും കശ്മീരികളെ അടിമളാക്കി വെച്ച് രണ്ടാംകിട പൗരന്മാരായി തരം താഴ്ത്താനും ശ്രമിക്കുന്നുണ്ടായിരുന്നു. പ്രത്യേക പദവി എടുത്തുകളയുക എന്നത് നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ഭവനില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപം കൊടുത്ത പദ്ധതിയാണ്. ലോകമനഃസാക്ഷിയെ നിശബ്ദമാക്കി നിറുത്തി മോഡി സര്‍ക്കാര്‍ അത് നടപ്പാക്കി. താഴ്്വരയിലെ ജനം പ്രതിഷേധിക്കാനും തെരുവിലിറങ്ങാനും ഒരവസരം കിട്ടിയാല്‍ കൈകാലുകളില്‍ കേന്ദ്രസര്‍ക്കാര്‍ വരിഞ്ഞുമുറുക്കിയ അധികാരത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിനും അന്തസ്സാര്‍ന്ന ജീവിതത്തിനുമായി പടപൊരുതുമെന്ന് സംഘ്പരിവാറിന് അറിയാം. കൊവിഡ് -19 മഹാമാരിയുടെ വരവ് ബി.ജെ.പിനേതൃത്വത്തിന് അനുഗ്രഹമായി മാറിയപ്പോള്‍ വീടകങ്ങളില്‍ ഡബ്ള്‍, ട്രിപ്പിള്‍ ലോക്ഡൗണിന്റെ പേരില്‍ ജയിലിലകപ്പെട്ട അവസ്ഥയായിരുന്നു. എത്രനാള്‍ ഇത് തുടരും എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം തേടിയുള്ള കുടില പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നത്.
പാര്‍ലമെന്റ്, അസംബ്ലി മണ്ഡലങ്ങളുടെ പുനഃക്രമീകരണം 2002ല്‍ ഫാറൂഖ് അബ്ദുല്ല സര്‍ക്കാര്‍ 2026വരെ നിര്‍ത്തിവെച്ചതായിരുന്നു. എന്നാല്‍, 2019ലെ ജമ്മു-കശ്മീര്‍ റിഓര്‍ഗനൈസേഷന്‍ ആക്ടിലെ പാര്‍ട്ട് 5ലെ വ്യവസ്ഥ അനുസരിച്ച് ഡിലിമിറ്റേഷന്‍ കമ്മീഷന്‍ രംഗത്തു വരുകയായിരുന്നു. മുമ്പ് മണ്ഡലം അതിര്‍ത്തി പുനര്‍നിര്‍ണയം നടന്നത് ജമ്മു-കശ്മീര്‍ ഭരണഘടനയുടെയും 1957ലെ ജനപ്രാതിനിധ്യനിയമങ്ങളിലെയും വ്യവസ്ഥകള്‍ക്കനുസരിച്ചായിരുന്നു. 22വര്‍ഷത്തിനു ശേഷം 1994-95ലാണ് അവസാനമായി ഡീലിമിറ്റേഷന്‍ പൂര്‍ത്തിയാക്കിയത്. 76 അസംബ്ലി സീറ്റുകള്‍ 87ആയി അതോടെ വര്‍ധിപ്പിച്ചു. ജമ്മു മേഖലയില്‍ 5സീറ്റ് കൂടിയപ്പോള്‍ 32 ഉള്ളത് 37ആയി. കശ്മീര്‍ താഴ്്വരയില്‍ 42, 46 ആയും ഉയര്‍ന്നു. ലഡാക്കില്‍ രണ്ട് നാലായി. 2019ല്‍ സംസ്ഥാന പദവി എടുത്തുകളയുകയും ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായി മാറുകയും ചെയ്തതോടെ നിയമസഭയൂടെ അംഗബലം 87ല്‍ നിന്ന് 83 ആയി ചുരുങ്ങി. ജസ്റ്റിസ് രഞ്ജന്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള അതിര്‍ത്തി പുനര്‍നിര്‍ണയ കമ്മീഷന്റെ നേതൃത്വത്തില്‍ 2001ലെ സെന്‍സസ് പ്രകാരം 7 സീറ്റുകള്‍ അധികമായി ഉണ്ടാക്കി അംഗബലം 90 ആയി നിര്‍ത്താനാണ് നീക്കം തുടങ്ങിയത്. കമ്മീഷന്‍ അംഗങ്ങളായി താഴ്്വരയിലെ ലോക്‌സഭാ മെമ്പര്‍മാരും നാഷനല്‍ കോണ്‍ഫറന്‍സിന്റെ മൂന്ന് പ്രതിനിധികളും ബഹിഷ്‌കരണം തുടരുകയാണ്. 2019ലെ നിയമനിര്‍മാണം ചോദ്യം ചെയ്തു സുപ്രീംകോടതിയില്‍ നൂറിലേറെ ഹര്‍ജികള്‍ നിലവിലുള്ളപ്പോള്‍, വിവാദ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം പുനഃക്രമീകരണം നടത്തുന്നത് കോടതിയലക്ഷ്യമാണെന്നാണ് അവരുടെ വാദം. അതിര്‍ത്തിപുനര്‍നിര്‍ണയത്തിലൂടെ ബി ജെ പിക്ക് വ്യക്തമായ മേധാവിത്തം നേടാനാവില്ലെങ്കിലും തങ്ങളുടെ ഛിന്നപദ്ധതി നടപ്പാക്കി എന്ന പ്രചാരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. പ്രത്യേക പദവി എടുത്തുകളഞ്ഞ സ്ഥിതിക്ക് അതിന്റെ മുഴുവന്‍ ഗുണവും കിട്ടണമെങ്കില്‍ തങ്ങള്‍ക്ക് അനുകൂലമാം വിധം ‘തിരിമറി’ നടത്തേണ്ടതുണ്ടെന്നാണ് സംഘ്പരിവാറിന്റെ ഉള്ളിലിരിപ്പ്.

ഇത്തരം ചൊട്ടുവിദ്യകളൊന്നും തന്നെ താഴ്്വരയില്‍ നിലനില്‍ക്കുന്ന അരാജകത്വവും കശ്മീരികളുടെ മനസ്സില്‍ കുമിഞ്ഞുകൂടിയ ഭരണകൂട വിരുദ്ധ വികാരവും കുറച്ചുകൊണ്ടുവരാന്‍ പര്യാപ്തമല്ല എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? പ്രശ്‌നം സൃഷ്ടിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അങ്ങനെ സൃഷ്ടിക്കപ്പെടുന്ന വിഷമവൃത്തത്തില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവരുക പ്രയാസമാണ്. കശ്മീര്‍ ‘അള്‍സറായി’ കാലാകാലം തുടരണമെന്ന് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നു. അവിടുത്തെ പൗരന്മാരില്‍ 97.16 ശതമാനം മുസ്ലിംകളായിപ്പോയി എന്ന ഏക കാരണത്താല്‍!

KASIM IRIKKOOR

You must be logged in to post a comment Login