പരിസ്ഥിതിയെ പരിഗണിക്കാത്ത രാഷ്ട്രീയ അജണ്ടകള്‍

പരിസ്ഥിതിയെ പരിഗണിക്കാത്ത രാഷ്ട്രീയ അജണ്ടകള്‍

കേന്ദ്ര ഭവന, നഗര കാര്യ മന്ത്രാലയം തയാറാക്കിയ ക്ലൈമറ്റ് സ്മാര്‍ട് സിറ്റീസ് അസസ്മെന്റ് ഫ്രെയിംവര്‍ക്ക് (സി എസ് സി എ എഫ്) കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥ സൗഹൃദ നഗരങ്ങളുടെ റേറ്റിംഗില്‍ കേരളത്തിലെ പ്രധാന പട്ടണങ്ങളായ തിരുവനന്തപുരവും കൊച്ചിയും പിറകില്‍ പോയിരിക്കുന്നു. 126 നഗരങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടി 9 നഗരങ്ങള്‍ മുന്നിലെത്തിയപ്പോള്‍ കേരളത്തിലെ നഗരങ്ങള്‍ക്ക് 2 സ്റ്റാര്‍ മാത്രമാണ് കരസ്ഥമാക്കാനായത്.

നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ടും നയങ്ങള്‍ കേന്ദ്രീകരിച്ചും കൊണ്ടുവന്ന മാറ്റങ്ങളാണ് പ്രധാനമായും വിലയിരുത്തിയിട്ടുള്ളത്. അഞ്ച് പ്രധാന മേഖലകളിലായി 28 സൂചികകളെ അടിസ്ഥാനമാക്കിയാണ് റേറ്റിംഗ് നിശ്ചയിച്ചത്. അതില്‍ ജലവിനിയോഗം, മാലിന്യ സംസ്‌കരണം എന്നീ മേഖലകളില്‍ കൊച്ചിക്കും തിരുവനന്തപുരത്തിനും ഒരു സ്റ്റാര്‍ മാത്രമേയുള്ളൂ എന്നത് കേരളത്തിലെ പരിസ്ഥിതി പ്രബുദ്ധതയെ വെല്ലുവിളിക്കുന്നുണ്ട്.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും നേതൃത്വംനല്‍കേണ്ടത് സര്‍ക്കാരുകള്‍ ആകണം. വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കുമൊക്കെ സാധ്യമാകുന്നത് സര്‍ക്കാരിനെ സഹായിക്കലോ, സര്‍ക്കാരിന്റെ പോരായ്മ നികത്തലോ മാത്രമായിരിക്കും. എസ് എസ് എഫിന്റെ നേതൃത്വത്തില്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച പരിസ്ഥിതി സാക്ഷരതാ സാമയികം 30ന് സമാപിക്കുമ്പോള്‍ പ്രധാനമായും പങ്കുവെക്കപ്പെട്ട ആശയം പരിസ്ഥിതി രാഷ്ട്രീയ അജണ്ടകളിലേക്ക് കടന്നുവരണം എന്നതാണ്. മരം നട്ടുള്ള ഉദ്ഘാടനങ്ങള്‍ക്കപ്പുറം രാഷ്ട്രീയ നിലപാടുകളും നയങ്ങളും തന്നെയാണ് പരിസ്ഥിതി അതിജീവനത്തെ നിര്‍ണയിക്കുന്നത്. പരിസ്ഥിതിക്ക് വേണ്ടി ധവളപത്രം ഇറക്കുകയും പരിസ്ഥിതി മുന്‍ഗണനകള്‍ എന്തൊക്കെയായിരിക്കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതുമുണ്ട്.

കൊവിഡ് കാലം ഓക്സിജന്റെ വില മനുഷ്യര്‍ ശരിക്കും അനുഭവിച്ച സമയമാണ്. ഓക്സിജനില്ലെങ്കില്‍ ഒരു ജീവിവര്‍ഗത്തിനും നിലനില്‍പ്പില്ലെന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷേ, അങ്ങനെയൊരു അവസ്ഥ സംജാതമാകുമെന്ന് സ്വപ്നത്തില്‍ പോലും ആരും നിനച്ചിരുന്നില്ല. പ്രാണവായുവിന്റെ വില മനസിലാക്കിയെങ്കിലും അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഓക്സിജന്‍ ഉല്പാദിപ്പിക്കുന്ന മരങ്ങള്‍ ഇപ്പോഴും യഥേഷ്ടം വെട്ടിനശിപ്പിക്കുന്നത് അതുകൊണ്ടാണ്. റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥതമൂലം സമീപകാലത്തുണ്ടായ വ്യാപക മരംമുറി വിരല്‍ചൂണ്ടുന്നത് ഇപ്പോഴും പാഠംപഠിക്കാന്‍ തയാറായിട്ടില്ലെന്ന് തന്നെയാണ്. മരം നട്ടതു കൊണ്ട് വനത്തിന് പകരമാകില്ലെന്ന അടിസ്ഥാന തത്വം വിസ്മരിക്കപ്പെടുന്നു എന്നത് വേദനാജനകമാണ്. മണ്ണിനോടും മരത്തിനോടും മനുഷ്യന് ഉണ്ടാകേണ്ട കടപ്പാടുകള്‍ ഓര്‍മപ്പെടുത്താന്‍ ഇനിയും ചിപ്കോ പ്രസ്ഥാനങ്ങള്‍ ഇവിടെ വേണ്ടിവരും. പരിസ്ഥിതിക്കായി വലിയ പോരാട്ടങ്ങള്‍ നടത്തിയ സുന്ദര്‍ലാല്‍ ബഹുഗുണമാര്‍ പുനര്‍ജനിക്കേണ്ടതുണ്ട്. ലോക ശ്രദ്ധ പിടിച്ചുപറ്റിയ ചിപ്കോ സമരരീതികള്‍ പുനരാവിഷ്‌കൃതമാകണം.

ഹിമാലയന്‍ മേഖലയിലെ സമൃദ്ധമായ വനസമ്പത്തില്‍ കണ്ണുവെച്ച തടി വ്യവസായ കമ്പനികള്‍ വന്‍തോതില്‍ മരങ്ങള്‍ മുറിച്ചു കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണല്ലോ ചിപ്കോ പ്രസ്ഥാനം ആരംഭിക്കുന്നത്. അധികൃതര്‍ അതിനാവശ്യമായ ഒത്താശകളും ചെയ്തുനല്‍കി. മരങ്ങള്‍ നഷ്ടപ്പെട്ടതോടെ ഫലഭൂയിഷ്ടമായ മണ്ണ് കുത്തിയൊലിച്ചുപോയി. ഇത് കൃഷിയെ ബാധിച്ചു. കുടിവെള്ളം കിട്ടാതായി. അപ്രതീക്ഷിത പ്രളയങ്ങള്‍ ഉണ്ടായി. 1970ല്‍ ഉണ്ടായ പ്രളയത്തില്‍ ഇരുന്നൂറിലധികം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 1977ലും 78ലുമെല്ലാം ഹിമാലയന്‍ മേഖലയില്‍ അത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ വനവിഭവങ്ങള്‍ കൊള്ളയടിച്ചതിന്റെ അനന്തരഫലം.

ഈ ചരിത്രം കേരളത്തിനുള്ള വലിയ മുന്നറിയിപ്പാണ്. രണ്ടു മഹാപ്രളയങ്ങളില്‍ ഉലഞ്ഞുനില്‍പ്പാണ് നമ്മുടെ സംസ്ഥാനം. ഇനിയുള്ള കാലത്ത് കാലാവസ്ഥയായിരിക്കും നമ്മുടെ വികസന അജണ്ടകളെ മുന്നോട്ടു കൊണ്ടുപോവുക. പരിസ്ഥിതിയെ ശ്രദ്ധിച്ച് കൈകാര്യംചെയ്തില്ലെങ്കില്‍ പ്രത്യാഘാതം അതിഭീകരമാകും.
പ്രവാചകന്‍(സ്വ) യുദ്ധത്തിന് പോകുന്ന പടയാളികളോട് നല്‍കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനമായ ഒന്ന് മരം മുറിക്കരുത് എന്നാണ്. യുദ്ധത്തില്‍ നിഗ്രഹം പാപമല്ല എന്നാണ് പൊതുവേ പറയാറുള്ളത്. അനീതിയും യുദ്ധക്കളത്തില്‍ നീതീകരിക്കപ്പെടാറുണ്ട്. എന്നിട്ടും പരിസ്ഥിതിയെ ദ്രോഹിക്കരുത് എന്ന് മുഹമ്മദ് നബി(സ്വ) ഉത്തരവിടുന്നു. പരിസ്ഥിതിയെ പരിഗണിച്ച്, പരിണയിച്ച് ജീവിച്ച പ്രവാചകരുടെ പരിസ്ഥിതിബോധമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയൊരു പാരിസ്ഥിതികാവബോധം സൃഷ്ടിക്കപ്പെട്ടാലാണ് പരിസ്ഥിതി സംരക്ഷണം സാധ്യമാകുക.

എസ് എസ് എഫ് നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലാണ് സഞ്ചരിക്കുന്നത്. ഒരു മാസത്തെ പരിസ്ഥിതി സാക്ഷരത സാമയികം അവസാനിക്കുകയാണ്. പരിസ്ഥിതി പഠനം ലക്ഷ്യംവെച്ച് ഗ്രീന്‍ കഫെ, ഇസ്ലാം-പരിസ്ഥിതി വിഷയത്തില്‍ ഗ്രീന്‍ ടോക്, പരിസ്ഥിതി സൗഹൃദ ആശയങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ക്ഷണിച്ച് നടത്തിയ ഹരിത ഭാവന മത്സരം, പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഗ്രീന്‍ ബൂത്ത് സ്ഥാപിക്കല്‍, സര്‍ക്കാരുമായി സഹകരിച്ച് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ചേര്‍ന്ന പരിസ്ഥിതി സഭകള്‍, മാലിന്യനിര്‍മാര്‍ജന മാര്‍ഗങ്ങള്‍ വീടുകളില്‍ സ്ഥാപിക്കുന്ന ഗ്രീന്‍ ഡേ, ഫലവൃക്ഷ തൈകള്‍ വീട്ടിലും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിക്കുന്ന നാളേക്കൊരു തണല്‍ പദ്ധതി തുടങ്ങിയവ കാമ്പയിന്‍ കാലയളവില്‍ നടന്നു. ഇതൊരു വിരാമമല്ല. പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ഊര്‍ജം സംഭരിക്കലാണ്. നിര്‍ജീവമായ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളുമല്ലല്ലോ പരിസ്ഥിതി സംരക്ഷണത്തിനാവശ്യം. സജീവമായ ഇടപെടലുകള്‍ തന്നെയാണ്. പരിസ്ഥിതി ബോധം സാമൂഹ്യ ബോധമായി രൂപപ്പെടുകയും അത് സംസ്‌കാരത്തിന്റെ ഭാഗമായി മാറുകയും ചെയ്തെങ്കിലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. അതിന് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുക തന്നെ വേണം.

‘ദുരമൂത്തു നമ്മള്‍ക്ക്
പുഴ കറുത്തു.
ചതി മൂത്തു നമ്മള്‍ക്ക്,
മല വെളുത്തു.
തിര മുത്തമിട്ടൊരു
കരിമണല്‍ തീരത്ത്-
വരയിട്ടു നമ്മള്‍
പൊതിഞ്ഞെടുത്തു.
പകയുണ്ട് ഭൂമിക്ക്,
പുഴകള്‍ക്കു, മലകള്‍ക്കു,
പുക തിന്ന പകലിനും
ദ്വേഷമുണ്ട്.’

പ്രകൃതിക്ക് പകയുണ്ടെന്നും പ്രകോപിപ്പിച്ചാല്‍ മനുഷ്യരാശിയെ അത് മുച്ചൂടും നശിപ്പിക്കുമെന്നുമാണ് കവി മുന്നറിയിപ്പ് നല്‍കുന്നത്.
പ്രളയം, വൈറല്‍പനികള്‍, വരള്‍ച്ച… പ്രകൃതി പലപ്പോഴായി സൂചനകള്‍ തന്നുകൊണ്ടേയിരിക്കുന്നുണ്ട്. അവ അവഗണിക്കാനാണ് ഭാവമെങ്കില്‍ ‘ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി.’ എന്ന കവിവാക്യം പുലരാന്‍ അധികനാള്‍ വേണ്ടിവരില്ല.

കെ ബി ബഷീര്‍
(സെക്രട്ടറി, SSF കേരള)

You must be logged in to post a comment Login