ആരാണ് കുത്തിത്തിരിപ്പുകാർ?

ആരാണ്  കുത്തിത്തിരിപ്പുകാർ?

പാലാരിവട്ടം പാലം നിര്‍മാണത്തിന്റെ കരാറുപ്പിച്ചതിന് കോഴയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന പത്തുകോടി രൂപ മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് എത്തിച്ച് വെളുപ്പിച്ചെടുത്തുവെന്നതാണ് ഒരു ആരോപണം. മറ്റൊന്ന് മലപ്പുറത്തെ അബ്ദുറഹിമാന്‍ നഗര്‍ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ നിക്ഷേപിച്ച മൂന്നരക്കോടി രൂപ കള്ളപ്പണമാണെന്നതും. ഇതില്‍ ആദ്യത്തേത് പ്രധാനമാകുന്നത്, കള്ളപ്പണ ഇടപാടിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയും ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം അലങ്കരിക്കുന്ന (യഥാര്‍ത്ഥത്തില്‍ തന്നെ അലങ്കരിക്കുക മാത്രമാണ്) ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തതുകൊണ്ടാണ്. പാലാരിവട്ടം പാലം നിര്‍മാണത്തിന് കരാറുറപ്പിക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ അധിപനായിരുന്ന വി കെ ഇബ്രാഹീം കുഞ്ഞാണ് പത്തുകോടി കോഴയായി വാങ്ങിയത് എന്നും അത് ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് കൈമാറിയത് എന്നും പറയുന്നു. അന്വേഷണത്തിലൂടെ കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതിനിയും സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്. പാലം നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് സംസ്ഥാന വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. വരവില്‍ കവിഞ്ഞ സ്വത്ത് കൈമാറ്റം ചെയ്തുവെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള നിക്ഷേപത്തെക്കുറിച്ചും, ആ ബാങ്കിലെ നിക്ഷേപവും മറ്റുഇടപാടുകളും സംബന്ധിച്ചുയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും അന്വേഷണങ്ങള്‍ നടക്കുന്നു.

“ചന്ദ്രിക’ ദിനപ്പത്രത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണം ഹൈദരലി തങ്ങളെ വലിയ സമ്മര്‍ദത്തിലാക്കിയെന്നും മുമ്പേയുള്ള അസുഖം രൂക്ഷമാക്കാന്‍ കാരണമായെന്നുമാണ് മകനും യൂത്ത് ലീഗിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങള്‍ ആരോപിക്കുന്നത്. ഇത്തരം ഇടപാടുകള്‍ക്കൊക്കെ പിന്നില്‍ വര്‍ഷങ്ങളായി പാര്‍ട്ടിയുടെ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണെന്നും ആ നിലയ്ക്ക് പിതാവിനെ ഇ ഡി ചോദ്യംചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചതില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് പങ്കുണ്ടെന്നുമാണ് മുഈനലി പറഞ്ഞുവെക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി ഏതാണ്ട് ഏകാധിപത്യരീതിയില്‍ പാര്‍ട്ടിയുടെ കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തതിന്റെ ഫലമാണ് മുസ്‌ലിം ലീഗെന്ന പാര്‍ട്ടി ഇപ്പോഴെത്തി നില്‍ക്കുന്ന അവസ്ഥയെന്നും അതിന്റെ തുടര്‍ച്ചയാണ് ഹൈദരലി തങ്ങള്‍ ഇപ്പോഴനുഭവിക്കുന്ന അനാരോഗ്യമെന്നും മുഈനലി തങ്ങള്‍ പറയുന്നു. ആ തുറന്നുപറച്ചില്‍ മുസ്‌ലിം ലീഗിനെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു. പ്രശ്‌നം ഏതുവിധത്തില്‍ പരിഹരിക്കണമെന്ന് ആലോചിക്കാന്‍ ഉടന്‍ നേതൃയോഗം ചേരുകയും ലീഗിന്റെ ആസ്ഥാനത്ത് ലീഗിന്റെ അഭിഭാഷക വിഭാഗത്തിന്റെ നേതാവായ അഹമ്മദ് ഷാ നടത്തിയ വാര്‍ത്താ സമ്മേളനത്തിലേക്ക് മുഈനലി തങ്ങളെത്തി ഇതൊക്കെ പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയെന്ന് വിലയിരുത്തുകയും മുഈനലിയെ അസഭ്യം പറഞ്ഞ ലീഗ് പ്രവര്‍ത്തകനെ പാർട്ടിയിൽനിന്നൊഴിവാക്കുകയും ചെയ്തു. അതുവഴി പ്രതിസന്ധിക്കൊരു അയവുണ്ടാക്കുകയാണ് ലീഗ് നേതൃത്വം ചെയ്തത്. മുഈനലിയുടെ തുറന്നുപറച്ചില്‍ ശരിയായില്ലെന്ന് പാണക്കാട് കുടുംബം തന്നെ വിലയിരുത്തിയെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ അസാന്നിധ്യത്തില്‍, ആ ചുമതല വഹിക്കുന്നുവെന്ന് കരുതപ്പെടുന്ന ലീഗിന്റെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറയുകയും ചെയ്തു. തന്റെ വാര്‍ത്താ സമ്മേളനത്തെ ഉപയോഗിക്കാന്‍ പാര്‍ട്ടിയുടെ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുവാകാനില്ലെന്ന് മുഈനലി തങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമത്തില്‍ കുറിക്കുക കൂടി ചെയ്തതോടെ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തത്കാലത്തേക്കൊരു വെടിനിര്‍ത്തലായിട്ടുണ്ട്.

ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് എത്തിയ പത്തുകോടി രൂപയോ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റയ്ക്ക് പാര്‍ട്ടിയെ നിയന്ത്രിക്കുന്നുവെന്നതോ ആണോ യഥാര്‍ത്ഥത്തില്‍ മുസ്‌ലിം ലീഗ് നേരിടുന്ന പ്രശ്‌നം? പാണക്കാട് കുടുംബത്തിലെ ഒരംഗം, ഹൈദരലി തങ്ങളുടെ മകനിതൊക്കെ തുറന്നുപറഞ്ഞുവെന്നതുമാണോ യഥാര്‍ത്ഥ പ്രശ്‌നം? അതോ മുസ്‌ലിം ലീഗിന്റെയും അതുവഴി യു ഡി എഫിന്റെയും രാഷ്ട്രീയത്തെ പുറമെ നിന്ന് ഹൈജാക്ക് ചെയ്യാന്‍ നടക്കുന്ന ശ്രമങ്ങളാണോ? ആ ശ്രമങ്ങളുടെ മറ്റൊരധ്യായമാണോ മുഈനലിയുടെ വാര്‍ത്താ സമ്മേളനത്തിലൂടെ തുറക്കപ്പെട്ടത്?

മുസ്‌ലിം ലീഗ് അവര്‍ തന്നെ വിശദീകരിക്കുന്നതുപോലെ മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളെ പ്രത്യേകമായി അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്ന മതനിരപേക്ഷ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. അതേതാണ്ട് അങ്ങനെ തന്നെയാണുതാനും. സമുദായത്തിന്റെ പ്രശ്‌നങ്ങളെ സവിശേഷമായി അഭിമുഖീകരിക്കുമ്പോള്‍ തന്നെ അത് വര്‍ഗീയമായി മാറരുതെന്ന നിര്‍ബന്ധബുദ്ധി ലീഗ് നേതൃത്വം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് ആ പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. അതിലൊരു മാറ്റമുണ്ടാക്കാന്‍ പാകത്തിലൊരു അധിനിവേശത്തിന് നടന്ന ശ്രമങ്ങളുടെ ബാക്കിയാണ് ഇന്ന് മുസ്‌ലിം ലീഗ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. അതിന്റെ തുടര്‍ച്ചയായി വേണം മുഈനലിയുടെ തുറന്നുപറച്ചിലിനെയും കാണാന്‍. കാര്യങ്ങളെ പൂര്‍ണമായും മനസിലാക്കാതെ, അധിനിവേശ അജണ്ടയുടെ കരുവാകുകയായിരുന്നു മുഈനലിയെന്ന് സംശയിക്കണം. അത് മനസിലാകണമെങ്കില്‍ കേരളത്തിലെ രാഷട്രീയത്തില്‍ പ്രായോഗികതലത്തില്‍ നടന്ന ചിലത് പരിശോധിക്കേണ്ടതുണ്ട്.

രംഗം ഒന്ന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
കേന്ദ്രത്തില്‍ ബി ജെ പിക്കൊരു ബദലുണ്ടാകണമെങ്കില്‍, കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്ന ലളിത ഗണിതം മതനിരപേക്ഷ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കേരളത്തിലെ വോട്ടര്‍മാര്‍, വിശിഷ്യാ ന്യൂനപക്ഷം നേരത്തെ നിശ്ചയിച്ചിരുന്നു. അതുമനസിലാകാത്ത ഏക കക്ഷി കോണ്‍ഗ്രസായിരുന്നു. അതുകൊണ്ട് തന്നെ സ്ഥാനാർഥികളെ നിശ്ചയിച്ചപ്പോള്‍ കൈവിറച്ചു. വടകര പോലെ ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളില്‍ പ്രത്യേകിച്ചും. ഏറ്റവുമൊടുവില്‍ മത്സരത്തിന് തയാറായി കെ മുരളീധരനെത്തിയപ്പോള്‍ ഏറ്റെടുക്കാന്‍ മുന്നില്‍ നിന്നവരില്‍ ജമാഅത്തെ ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമുണ്ടായിരുന്നു. സംഘടനാ സംവിധാനത്തെ പരമാവധി ചലിപ്പിച്ച് വടകര ഉള്‍പ്പെടെ മലബാറിലെ ലോക്‌സഭാ സീറ്റുകളില്‍ അവര്‍ യു ഡി എഫിന് വേണ്ടി പണിയെടുത്തു. അല്ലെങ്കില്‍ ഉറപ്പായിരുന്ന ജയം 20ല്‍ 19 എന്ന മട്ടില്‍ പൊലിപ്പിച്ചപ്പോള്‍ വിജയത്തിനുള്ള കാരണക്കാര്‍ തങ്ങള്‍ കൂടിയെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം വടകരയില്‍ ജയിച്ച കെ മുരളീധരനുള്‍പ്പെടെയുള്ളവര്‍ ഏറ്റെടുത്തു.

രംഗം രണ്ട് തദ്ദേശ തിരഞ്ഞെടുപ്പ്
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവകാശവാദത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മുസ്‌ലിം ലീഗുള്‍ക്കൊള്ളുന്ന യു ഡി എഫുമായി ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍പാര്‍ട്ടി സഖ്യമുണ്ടാക്കുന്നു. അതുവരെയുള്ള ലീഗിന്റെ നിലപാടനുസരിച്ചാണെങ്കില്‍ ഒരിക്കലും സാധ്യമല്ലാത്ത സഖ്യം. ലീഗിനെ സര്‍വാത്മനാ പിന്തുണയ്ക്കുന്ന ഇ കെ വിഭാഗം സുന്നികള്‍ക്കും അതിന്റെ നേതാക്കള്‍ക്കും ഒരിക്കലും ദഹിക്കാത്ത ഒന്ന്. ആ സഖ്യത്തിന് കാര്‍മികനായത് പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിനെയും യു ഡി എഫിനെയും പരാജയപ്പെടുത്താന്‍ രൂപപ്പെട്ട സാമ്പാര്‍ മുന്നണികള്‍ ഇക്കുറിയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ ന്യായം. സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കള്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയെങ്കിലും തിരഞ്ഞെടുപ്പു രംഗത്ത് അത് യാഥാര്‍ത്ഥ്യമായിരുന്നു. ജമാഅത്ത് – വെല്‍ഫെയര്‍ സഖ്യം പരമ്പരാഗത വോട്ടുബാങ്കിലുണ്ടാക്കാന്‍ ഇടയുള്ള നഷ്ടം മുന്നിൽകണ്ട് ചില കടുത്ത നിലപാടുകള്‍, ഹാഗിയ സോഫിയ വിഷയത്തില്‍ സാദിഖലി തങ്ങള്‍ നേരിട്ട് ലേഖനമെഴുതുന്നതുള്‍പ്പെടെ, മുസ്‌ലിം ലീഗ് നേതൃത്വം അക്കാലത്ത് എടുത്തിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, സഖ്യം പ്രത്യേകിച്ച് ഗുണമൊന്നും ചെയ്തില്ലെന്നാണ് ലീഗ് നേതൃത്വത്തിന് ബോധ്യപ്പെട്ടത്. പരമ്പരാഗത വോട്ടുബാങ്കില്‍ ചെറിയ വിള്ളലുകള്‍ അതുണ്ടാക്കിയെന്നും. യു ഡി എഫിനെ സംബന്ധിച്ചാണെങ്കില്‍, ലീഗിന് സ്വാധീനമില്ലാത്ത മേഖലകളില്‍ മുന്നണിയുടെ വോട്ട് നഷ്ടപ്പെടാനും ഈ സഖ്യം കാരണമായി.

രംഗം മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പ്
വെല്‍ഫെയര്‍ സഖ്യവും തീവ്രനിലപാടുകളും തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ നഷ്ടം ബോധ്യപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി, അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കരുതെന്ന ലക്ഷ്യത്തോടെ അനുനയ ശ്രമങ്ങള്‍ തുടങ്ങി. ക്രിസ്ത്യന്‍ മത മേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് തെറ്റിദ്ധാരണകള്‍ നീക്കുക എന്നതായിരുന്നു ആദ്യ പടി. തദ്ദേശ തിരഞ്ഞെടുപ്പിനപ്പുറത്തേക്ക് വെല്‍ഫെയര്‍ ബന്ധം വളരരേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു കുഞ്ഞാലിക്കുട്ടി. അപ്പോഴേക്കും ലീഗിന്റെ കോണിയിലൂടെ, അക്കാലം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുമായി ബാന്ധവമുറപ്പിച്ചിരുന്നു ജമാഅത്ത് – വെല്‍ഫെയര്‍ നേതൃത്വം. എല്‍ ഡി എഫ് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതിനപ്പുറം പ്രതിപക്ഷ പ്രവര്‍ത്തനമില്ലെന്ന് ധരിച്ച ചെന്നിത്തലയുടെ അജണ്ട നിശ്ചയിക്കാന്‍ അവര്‍ക്ക് എളുപ്പം സാധിച്ചു. പത്ര – ദൃശ്യ മാധ്യമ രംഗത്തെ സാന്നിധ്യം ഇതിനായി ജമാഅത്ത് – വെല്‍ഫെയര്‍ നേതൃത്വം ഉപയോഗിക്കുകയും ചെയ്തു. രമേശ് ചെന്നിത്തല ദിനേന നടത്തിയിരുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ വിഷയമാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ജമാഅത്ത് മാധ്യമങ്ങളില്‍ മുന്‍കൂര്‍ വാര്‍ത്തയായി. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗ്, അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചവര്‍ പരോക്ഷമായി യു ഡി എഫ് നേതൃത്വത്തിന്റെ അജണ്ട നിശ്ചയിക്കുന്ന സ്ഥിതി വന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ ഭരണ സാധ്യത, വിവിധ സര്‍വേകള്‍ പ്രവചിച്ചപ്പോഴും യു ഡി എഫ് അധികാരത്തിലെത്തുമെന്ന വിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ യത്‌നിച്ചു ജമാഅത്ത് – വെല്‍ഫെയര്‍ നേതൃത്വവും അതിന്റെ മാധ്യമങ്ങളും. അതില്‍ രമിച്ചുപോയി ലീഗുൾപെട്ട യു ഡി എഫ് നേതൃത്വം.

രംഗം നാല് നിയമസഭാ തിരഞ്ഞെടുപ്പാനന്തരം
അഞ്ചാണ്ട് കൂടുമ്പോള്‍ ഭരണം മാറുക എന്ന പതിവ് സംഭവിക്കാതിരുന്നപ്പോള്‍ തുടര്‍ച്ചയായി രണ്ട് ടേം അധികാരത്തിന് പുറത്തിരിക്കേണ്ടിവരിക എന്ന വലിയ പ്രതിസന്ധിയിലാണ് യു ഡി എഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസും ലീഗും, അകപ്പെട്ടത്. അതിന്റെ ആഘാതം ആദ്യമുണ്ടായത് കോണ്‍ഗ്രസിലാണ്. നേതൃമാറ്റമെന്ന ആവശ്യം ശക്തിപ്പെട്ടു. പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശനും കെ പി സി സി അധ്യക്ഷസ്ഥാനത്ത് കെ സുധാകരനും എത്തി. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിന് തൊട്ടുപിറകെ വര്‍ഗീയവാദവുമായി ഒരു വിധത്തിലുള്ള സന്ധി ചെയ്യലുമുണ്ടാകില്ലെന്ന് വി ഡി സതീശന്‍ പ്രഖ്യാപിച്ചു. ഏതാണ്ടതേ നിലപാട് പിന്നീട് കെ സുധാകരനുമെടുത്തു. വര്‍ഗീയവാദ സംഘടനകളുമായി സന്ധിയില്ലെന്നത് പ്രത്യക്ഷത്തില്‍ ഹിന്ദുത്വ വര്‍ഗീയവാദത്തെക്കുറിച്ചാണെന്ന് തോന്നിപ്പിച്ചുവെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെക്കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ആ പ്രസ്താവന. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കായ ക്രിസ്തീയ വിഭാഗത്തിന്റെ വിശ്വാസം വീണ്ടെടുക്കണമെങ്കില്‍ അത് അനിവാര്യമാണെന്ന ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സതീശന്‍ സംസാരിച്ചത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെന്ന നിലയ്ക്ക് വലിയ തിരിച്ചടിയുണ്ടായില്ലെങ്കിലും നാലു സീറ്റിന്റെ നഷ്ടവും ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചയും ലീഗിനെയും ചിന്താക്കുഴപ്പത്തിലാക്കി. പരമ്പരാഗത വോട്ടു ബാങ്കില്‍ വിള്ളലുണ്ടാകുന്നത്, പുതിയ ചങ്ങാത്തത്തിന്റെ ഫലമാണെന്ന തോന്നല്‍ കൂടുതല്‍ ശക്തമായി.

കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന് ബൂസ്റ്റ്
ലീഗിന്റെ അജണ്ടകള്‍ തീരുമാനിച്ച്, അതിന്റെ അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി ജമാഅത്ത് അജണ്ടയിലേക്ക് നയിക്കുക, അതുവഴി യു ഡി എഫിലെ സ്വാധീനം വര്‍ധിപ്പിക്കുക എന്ന തന്ത്രം ഇനിയങ്ങോട്ട് നടപ്പില്ലെന്ന തിരിച്ചറിവില്‍, ഇത്രയും കാലം കുഞ്ഞാലിക്കുട്ടി വഴി നടത്തിയിരുന്ന ശസ്ത്രക്രിയ കുഞ്ഞാലിക്കുട്ടി വിരുദ്ധരിലൂടെ നടത്തുക എന്നതിലേക്ക് ജമാഅത്തിനെ മാറ്റിച്ചിന്തിപ്പിച്ചു. പലകാരണങ്ങളാല്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തായ കെ എം ഷാജിയുടെ (മുന്‍കാലത്ത് ജമാഅത്തെ ഇസ്‌ലാമിയെയും എസ് ഡി പി ഐയെയുമൊക്കെ നിശിതമായി വിമര്‍ശിച്ചിരുന്നയാള്‍) അണികളുടെ വികാരം തിരിച്ചറിയാന്‍ ലീഗ് നേതൃത്വം തയാറാകണമെന്ന അഭിമുഖം പുറത്തുവരുന്നത് ജമാഅത്ത് മാധ്യമങ്ങളിലൂടെയാണെന്നത് ശ്രദ്ധിക്കണം. കോണ്‍ഗ്രസിലുണ്ടായതു പോലൊരു തലമുറ മാറ്റം ലീഗിലുമുണ്ടാകണമെന്ന സന്ദേശം പ്രബോധനത്തിലുള്‍പ്പെടെ നീണ്ട ക്യാപ്‌സൂളുകളായി. അതിന്റെയൊക്കെ തുടര്‍ച്ചയിലാണ് നാലു ദശകമായി പാര്‍ട്ടിയെ നിയന്ത്രിക്കുന്നതും അതിന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതും കുഞ്ഞാലിക്കുട്ടിയാണെന്നുമുള്ള തുറന്നുപറച്ചില്‍. പാര്‍ട്ടി ഇപ്പോഴെത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിക്കൊക്കെ കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് വരുത്തുമ്പോള്‍ തലമുറ മാറ്റമെന്ന ആശയത്തിനാണ് പ്രാമുഖ്യം ലഭിക്കുന്നത്.

മുഈനലി, അറിഞ്ഞോ അറിയാതെയോ പുറപ്പെടുവിച്ചത്, ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ അഭിപ്രായമാണ്. ആ അഭിപ്രായം രൂപപ്പെടുത്തിയെടുക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ജമാഅത്തെ ഇസ്‌ലാമിയുമാണ്. എന്തിനാണ് ഈ ഭിന്നത വളര്‍ത്തിയെടുക്കുന്നത് എന്നചോദ്യം സ്വാഭാവികമാണ്. ലീഗിന്റെ അജണ്ടകളെ ജമാഅത്ത് തീരുമാനിക്കുമ്പോള്‍ ലീഗണികളില്‍ അവരുടെ ആശയങ്ങള്‍ കൂടുതല്‍ സ്വാധീനം ചെലുത്തും. കാലക്രമേണ, അണികളിൽ മാറ്റമുണ്ടാകുമെന്നാകും പ്രതീക്ഷ. അതുമല്ലെങ്കില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായി ലീഗിലൊരു പിളര്‍പ്പുണ്ടായാല്‍ അതിന്റെ ഗുണഫലമെടുക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നാകും കണക്കുകൂട്ടല്‍. ലീഗ് ശോഷിച്ചാല്‍ സമുദായാംഗങ്ങളുടെ സ്വാഭാവിക രാഷ്ട്രീയ അഭയകേന്ദ്രമാകാം. അപ്പുറത്ത് സി പി ഐ (എം) ദുര്‍ബലമായാല്‍ ദളിത് – പിന്നാക്ക വിഭാഗങ്ങളുടെ ആശ്രയ കേന്ദ്രവുമാകാം. അങ്ങനെ വന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാം. ഇതാണ് ജമാഅത്തെ ഇസ്‌ലാമിയിലെ നാദാപുരം ചേരിയിലെ മലര്‍പ്പൊടിക്കാരുടെ സ്വപ്‌നം. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള പല ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ലീഗിന് അജണ്ട നിശ്ചയിച്ചു കൊടുക്കുക എന്നത്. അതില്‍ ഇതിനകം പലവട്ടം അവര്‍ വിജയിച്ചു. പുതിയ വിജയങ്ങള്‍ക്ക് ദാഹിക്കുന്നുമുണ്ട് അവര്‍.
കുഞ്ഞാലിക്കുട്ടി പക്ഷമോ വിരുദ്ധ പക്ഷമോ ശരി എന്നതിനപ്പുറത്ത്, മുസ്‌ലിം ലീഗിന്റെ കാര്യം ആ പാര്‍ട്ടിയുടെ നേതൃത്വം തീരുമാനിക്കുക എന്നതാണ് പ്രധാനം. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അതിന് വലിയ പ്രാധാന്യവുമുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അത് ഈ രണ്ടുപക്ഷവും തിരിച്ചറിയുന്നില്ല. അധികാരമോഹത്താല്‍, അശക്തരുടെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ട് വിശ്വസിച്ച് കൂടെ നിന്ന സമുദായത്തിലെ വലിയ വിഭാഗത്തെ വഞ്ചിക്കുകയാണ് കുഞ്ഞാലിക്കുട്ടി നേരത്തെ ചെയ്തത്, ഇപ്പോള്‍ വിരുദ്ധപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്. വിപ്ലവം സാധ്യമല്ലാത്തതിനാല്‍ ജനകീയ ജനാധിപത്യ വിപ്ലവമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലൈനെടുത്തത് പോലെ ഹുകൂമത്തെ ഇലാഹി തത്കാലം മാറ്റിവെച്ച് ജനാധിപത്യ സമ്പ്രദായത്തെ സ്വീകരിച്ച ജമാഅത്തെ ഇസ്‌ലാമി, അവിടെ സ്വാധീനമുറപ്പിക്കാന്‍ സ്വീകരിക്കുന്ന ഗൂഢതന്ത്രങ്ങളെക്കൂടി തിരിച്ചറിഞ്ഞുവേണം മുസ്‌ലിം ലീഗ് അവരുടെ തിരുത്തല്‍ പ്രക്രിയക്ക് തുടക്കമിടാന്‍. ഇല്ലെങ്കില്‍ അന്തച്ഛിദ്രം ലീഗില്‍ മാത്രമാകില്ല, കേരളീയ സമൂഹം ഇപ്പോഴും ആദരിക്കുന്ന ഒരു കുടുംബത്തില്‍ കൂടിയായിരിക്കും.

ബിനോജ് സുകുമാരൻ

You must be logged in to post a comment Login