രാജ്യത്തിനുള്ളിലെ അതിര്‍ത്തികള്‍

രാജ്യത്തിനുള്ളിലെ അതിര്‍ത്തികള്‍

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കേ, 2000ല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മിസോറാം സംസ്ഥാനത്തിന് കേന്ദ്രം 182.45 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചത്. വടക്കു കിഴക്കന്‍ മേഖലയിലെ ഏറ്റവും ശാന്തമായ സംസ്ഥാനമായി തുടരുന്നതിനുള്ള സമ്മാനമായിരുന്നൂ ഈ “സമാധാന ബോണസ്’. രണ്ടു പതിറ്റാണ്ടു നീണ്ട വിഘടന പ്രവര്‍ത്തനങ്ങളുടെ ചോരപുരണ്ട ചരിത്രമുള്ള മിസോറാം ശാന്തിയുടെയും സമാധാനത്തിന്റെയും പാതയില്‍ നിലയുറപ്പിച്ചതിനുള്ള പാരിതോഷികം. മിസോ വിമോചനപ്പോരാട്ടവേളയില്‍ മ്യാന്‍മര്‍ കാടുകളില്‍ കഴിഞ്ഞ് ഒളിപ്പോരു നയിച്ച സൊറംതാംഗയായിരുന്നു അപ്പോള്‍ മിസോറാം മുഖ്യമന്ത്രി. പഴയ ഗറില്ലാ നേതാവ് അപ്പോഴേയ്ക്ക് ശാന്തിയുടെ പതാകാവാഹകനായിക്കഴിഞ്ഞിരുന്നൂ. ഔപചാരികമായൊരു കരാറിലൂടെ വിഘടനവാദവും രക്തച്ചൊരിച്ചിലും പൂര്‍ണമായി അവസാനിപ്പിക്കാനായ ഏക സംഭവമായിരിക്കും മിസോറാമിലേത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്കിപ്പുറം അയല്‍ സംസ്ഥാനവുമായി രക്തരൂഷിതമായി ഏറ്റുമുട്ടിയതിന്റെ പേരില്‍ മിസോറാം വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഇതേ സൊറംതാംഗയാണ് അവിടത്തെ മുഖ്യമന്ത്രി. അസം പൊലീസുമായി നാട്ടുകാരും മിസോറാം പൊലീസും ഏറ്റുമുട്ടിയപ്പോള്‍ ആറ് അസം പൊലീസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. പത്ത് നാട്ടുകാര്‍ ഉള്‍പ്പെടെ 60 പേര്‍ക്ക് പരിക്കേറ്റു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സര്‍മയ്‌ക്കെതിരെ മിസോറാം കൊലപാതക ശ്രമത്തിന് കേസെടുത്തു. അസം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കേസ് ചുമത്തി. മിസോറാം എം പിയ്ക്കെതിരെ അസം പൊലീസും കേസെടുത്തു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് അസം-നാഗാലാന്‍ഡ് അതിര്‍ത്തികളിലെ സംഘര്‍ഷങ്ങളില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ രണ്ടു സംസ്ഥാനങ്ങള്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലും ഉപരോധവും വെടിവെപ്പും മരണവും പരസ്പരം കേസെടുക്കല്‍ നാടകവുമെല്ലാം കഴിഞ്ഞ് ഇപ്പോള്‍ രമ്യതാ ശ്രമത്തിലാണ് ഇരു സംസ്ഥാനങ്ങളുടെയും നേതാക്കള്‍. കേന്ദ്ര ഇടപെടലില്‍ തല്‍ക്കാലിക വെടിനിര്‍ത്തല്‍.
അതിര്‍ത്തിനിര്‍ണയത്തെച്ചൊല്ലി മിസോറാമില്‍ പടരുന്ന തര്‍ക്കങ്ങള്‍ സംസ്ഥാന രൂപവത്കരണത്തെക്കാള്‍ പഴക്കമുണ്ട്. പഴയ ലുഷായ് മലനിരകളും അസമിലെ കച്ചാര്‍ താഴ്‌വരയ്ക്കുമിടയില്‍ അതിര്‍ത്തി രേഖ വരച്ച ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ലുഷായ് ഗോത്രനേതാക്കള്‍ പ്രതിഷേധവുമായിറങ്ങിയതാണ്. ഇന്ത്യ സ്വതന്ത്രമായതോടെ മിസോ ദേശീയത വിഘടനവാദത്തിന്റെ സ്വഭാവം ആർജിച്ചു. വടക്കു കിഴക്കേ മുനമ്പില്‍ മ്യാന്‍മറിനും ബംഗ്ലാദേശിനുമിടയിലായി കിടക്കുന്ന ഈ മേഖലയില്‍ നാഗാ വിമോചനപ്പോരാട്ടത്തില്‍നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് 1960കളിലാണ് അസ്വസ്ഥത പടരാന്‍ തുടങ്ങിയത്. മിസോ ദേശീയ മുന്നണി (എം എന്‍ എഫ്) എന്ന പേരില്‍ സായുധ സംഘമായും പിന്നെ രാഷ്ട്രീയ പാര്‍ട്ടിയായും അതു മാറി. മിസോകള്‍ക്കു പ്രത്യേക രാജ്യം വേണമെന്ന ആവശ്യമുയര്‍ത്തി 1966ല്‍ സംഘടന കലാപം തുടങ്ങി. രണ്ടു പതിറ്റാണ്ടിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ അവരുമായി ഒത്തുതീര്‍പ്പിലെത്തി. അടുത്ത വര്‍ഷം, 1987ല്‍ അസമില്‍ നിന്നു മുറിച്ചെടുത്ത ഭൂഭാഗവുമായി മിസോറാം സംസ്ഥാനം നിലവില്‍ വന്നു. ലുഷായ് ഗോത്ര മേഖലകളെല്ലാം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നു പറയുന്ന മിസോ നേതാക്കള്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അന്നേ അംഗീകരിച്ചിരുന്നില്ല. അതിനു മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് ലുഷായ് മലനിരകളുടെ അതിര്‍ത്തി നിര്‍ണയം രണ്ടു തവണ നടന്നിട്ടുണ്ട്. 1875ലും 1933ലും. രണ്ടാമത്തെ അതിര്‍ത്തിയാണ് മിസോറാം സംസ്ഥാനത്തിന് ആധാരമാക്കിയത്. 1875ലെ അതിര്‍ത്തിയാണ് ആധാരമാകേണ്ടതെന്ന് മിസോറാം ആവശ്യപ്പെടുന്നു.

ഇപ്പോഴത്തെ അസം-മിസോറാം അതിര്‍ത്തിക്ക് 164 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇരുപക്ഷത്തെയും ആറ് ജില്ലകള്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്നു. ലുഷായ് മലനിരകളോടു ചേര്‍ന്നുള്ള കച്ചാര്‍ താഴ്‌വരയെ കാലങ്ങളായി തങ്ങളുടെ കൃഷിയിടമായാണ് മിസോ ജനത കാണുന്നത്. ഇവിടത്തെ 500 ചതുരശ്ര മൈല്‍ വരുന്ന കാട്ടുപ്രദേശത്തെ സംരക്ഷിത വനമേഖയായി പ്രഖ്യാപിച്ചുകൊണ്ട് അസം നിയമം കൊണ്ടുവന്നത് മിസോ നേതാക്കള്‍ അംഗീകരിച്ചില്ല. കച്ചാറിലെ വനമേഖലയ്ക്കുള്ളില്‍ ഒട്ടേറെ ലുഷായ് ഗ്രാമങ്ങളുണ്ട്. ഇവരെ കൈയേറ്റക്കാരായാണ് അസം സര്‍ക്കാര്‍ കണക്കാക്കുന്നത്. കുടിയൊഴിപ്പിക്കലും സംഘര്‍ഷങ്ങളും ഇവിടെ പതിവാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അസം ഉദ്യോഗസ്ഥര്‍ മിസോകളുടെ കുടിലുകള്‍ക്ക് തീയിട്ടതിനെച്ചൊല്ലി വലിയ സംഘര്‍ഷമുണ്ടായതാണ്. അതിര്‍ത്തിത്തര്‍ക്കത്തെ തന്റെ രാഷ്ട്രീയ അപ്രമാദിത്വം ഉറപ്പിക്കാനുള്ള അവസരമാക്കി മാറ്റാന്‍ പുതിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സര്‍മ പദ്ധതിയിട്ടതോടെയാണ് സംഘര്‍ഷത്തിന് പുതിയ മാനങ്ങള്‍ കൈവന്നത്.
അമിത് ഷായുടെ പ്രതിപുരുഷനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കാവിയുടുപ്പിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത ഹിമന്ത അതിര്‍ത്തിത്തര്‍ക്കത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി, വനസംരക്ഷണത്തിന് 4,000 കമാന്‍ഡോകളുടെ ബറ്റാലിയനുണ്ടാക്കി, സായുധ വാഹനത്തില്‍ പരേഡ് നടത്തി പ്രകോപനം സൃഷ്ടിച്ചു. അസം സായുധ പൊലീസും കരിംഗഞ്ച് വനപാലകരും അതിര്‍ത്തി ലംഘിച്ച് മിസോറാമിലെ വൈരങ്‌തേ ഗ്രാമത്തില്‍ അതിക്രമിച്ചു കയറി. അതിര്‍ത്തിയിലെ കൊലാസിബിലെ ചില മേഖലകള്‍ അസമിന്റെ പരിധിയിൽപെടുന്നുവെന്നാണ് ഹിമന്ത സര്‍ക്കാരിന്റെ അവകാശവാദം. വൈരങ്‌തേയില്‍ സി ആര്‍ പിഎഫിന്റെ സഹായത്തോടെ ക്യാംപ് നിര്‍മിക്കാന്‍ അസം പൊലീസ് നടത്തിയ ശ്രമങ്ങളാണ് പുതിയ സംഘര്‍ഷത്തിന് വഴിവെച്ചത്. അസം പൊലീസിന്റെ നീക്കത്തെ ഗ്രാമീണരും മിസോ പൊലീസും ചേര്‍ന്ന് ചെറുത്തപ്പോള്‍ വെടിവെപ്പും രക്തച്ചൊരിച്ചിലുമുണ്ടായി. സില്‍ചര്‍ മേഖല സ്തംഭിപ്പിച്ച് അസം പരിശോധനകളും ഉപരോധവും ഏര്‍പ്പെടുത്തി. ലൈലാപുരില്‍ ലോറികള്‍ കെട്ടിക്കിടന്നു. മുഖ്യധാരാ ഇന്ത്യയുമായി ബന്ധപ്പെടുന്നതിന് അസമിലെ പാതകള്‍ ഉപയോഗിക്കുന്ന മിസോറാം ഫലത്തില്‍ സാമ്പത്തിക ഉപരോധത്തിനു കീഴിലായി. ദേശീയപാത വഴി വണ്ടി പോയില്ലെങ്കില്‍ പട്ടിണി കിടന്ന് ചാകുമെന്ന കാര്യം മിസോറാം ഓര്‍ക്കണമെന്ന് അസമിലെ ബി ജെ പി നിയമസഭാഗം കൗശിക് റായി വെല്ലുവിളിച്ചു.

കാര്യങ്ങള്‍ തീര്‍ത്തും വഷളായപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷാ ഇടപെട്ടത്. അദ്ദേഹം സമവായത്തിന് സമ്മര്‍ദം ചെലുത്തി. അമിത് ഷായ്ക്ക് ഏറ്റവും വേണ്ടപ്പെട്ടയാളാണ് അസം മുഖ്യമന്ത്രി ഹിമന്ത. മിസോറാമിലെ സൊറംതാംഗയുടെ എം എന്‍ എഫ് ആകട്ടെ എന്‍ ഡി എയിലെ ഘടകകക്ഷിയാണ്. സംസ്ഥാനത്തെ എതിര്‍കക്ഷി കോണ്‍ഗ്രസ് ആണെന്നതും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി ചേര്‍ന്നു നില്‍ക്കുകയെന്നതാണ് വടക്കു കിഴക്കന്‍ മേഖലയിലെ പ്രാദേശികകക്ഷി സര്‍ക്കാരുകളുടെ പൊതു നയം എന്നതുമാണ് എം എന്‍ എഫിനെ ബി ജെ പിയുടെ പാളയത്തിലെത്തിച്ചത്. പക്ഷേ, മിസോ ദേശീയതയുടെ പ്രശ്‌നം വരുമ്പോള്‍ സൊറംതാംഗയ്ക്ക് ബി ജെ പിയെ തള്ളിപ്പറയേണ്ടിവരും. എന്തായാലും അമിത് ഷായുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഹിമന്തയ്ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ കേസുകള്‍ മിസോറാം പിന്‍വലിച്ചു. മിസോറാം എം പി വന്‍ലാല്‍വെനയ്ക്ക് എതിരായ കേസ് അസമും പിന്‍വലിച്ചു. സംഘര്‍ഷത്തെക്കുറിച്ച് എന്‍ ഐ എ അന്വേഷണം വേണമെന്ന ഹിമന്തയുടെ ആവശ്യം മിസോറാമിന് ദഹിച്ചിട്ടില്ല. മിസോറാമുമായി മാത്രമല്ല, അരുണാചലുമായും മേഘാലയയുമായും നാഗാലാന്‍ഡുമായും അസമിന് അതിര്‍ത്തിത്തര്‍ക്കമുണ്ട്. അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ തങ്ങളെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ മിസോറാം പൊലീസ് ചെയ്തതുപോലെ കയ്യുംകെട്ടി അതിര്‍ത്തിയില്‍ നോക്കിനില്‍ക്കാനോ സന്ധി സംഭാഷണത്തിനു പോകാനോ തയാറാവില്ലെന്നും നേരിടേണ്ട പോലെ നേരിടുമെന്നും പറഞ്ഞത് മേഘാലയിലെ ബി ജെ പി മന്ത്രി സന്‍ബോര്‍ ഷൂലേയാണ്.

ബി ജെ പിയുടെ സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്യുന്ന ബൃഹദ് പദ്ധതികള്‍ക്ക് തടസ്സമാകുമെന്ന ആശങ്ക കേന്ദ്രത്തിനുണ്ട്. ത്രിപുര പിടിക്കാനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളെ ബി ജെ പിയുമായി അടുപ്പിക്കാനും വേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും നടപ്പാക്കിയതും ഹിമന്തയുടെ നേതൃത്വത്തിലാണ്. എന്‍ ഡി എയുടെ വടക്കുകിഴക്കന്‍ പതിപ്പായ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ(എന്‍ ഇ ഡി എ) കണ്‍വീനര്‍ ആണ് കോണ്‍ഗ്രസ് വിട്ടുവന്ന ഹിമന്ത. ഇവിടത്തെ ഏതു സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങള്‍ക്കു പിറകിലും ഹിമന്തയുടെ കൈകളുണ്ടായിരുന്നു. അമിത് ഷായ്ക്ക് വേണ്ടി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഹിമന്ത ഇപ്പോള്‍ അസം മുഖ്യമന്ത്രിയാണ്. അസമിന് മാത്രം വേണ്ടിയുള്ള കളികളിലൂടെയേ അവിടെ അദ്ദേഹത്തിന് അധികാരം ഉറപ്പിക്കാനാവൂ. അതിനുവേണ്ടി കളിച്ച കളികളാണ് മിസോറാം അതിര്‍ത്തിയില്‍ ചോരചിന്താന്‍ കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അസം മുഖ്യമന്ത്രിയെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്രത്തിന്റെ പ്രതിപുരുഷനായി അവരോധിക്കാനുള്ള നീക്കം ആരുടെയും മേല്‍ക്കോയ്മ അംഗീകരിക്കാന്‍ തയാറല്ലാത്ത ഗോത്രനേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ കെട്ടടങ്ങിയ വിഘടനാവാദം വീണ്ടും മുളപൊട്ടുന്നതിലേക്കായിരിക്കും അതു നയിക്കുക.

എസ് കുമാര്‍

You must be logged in to post a comment Login