കാരണം, അവർ റസൂലിന്റെ മക്കളാണ്

കാരണം, അവർ റസൂലിന്റെ മക്കളാണ്

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ മരണപ്പെട്ടുപോയ തേനു മുസ്‌ലിയാരെക്കുറിച്ച് ചെറുപ്പത്തില്‍ ഉമ്മ ധാരാളം കഥകള്‍ പറഞ്ഞുതരുമായിരുന്നു. മലപ്പുറം ജില്ലയിലെ കൂരിയാട്ടുകാരനായ തേനു മുസ്‌ലിയാര്‍ കേരളത്തിലെ അറിയപ്പെട്ട സൂഫിവര്യനും പണ്ഡിതനുമാണ്. ഉമ്മയുടെ കുടുംബവുമായി അഗാധമായ ബന്ധമുണ്ടായിരുന്ന അദ്ദേഹം ശിഷ്യന്മാര്‍ അഹ്്ലുബൈത്താണെങ്കില്‍ അവരുടെ പിന്നിലേ നടക്കൂവത്രെ. അഹ്്ലുബൈത്തിൽപെട്ട ശിഷ്യന്മാരുടെ ബാഗും കുടയുമെല്ലാം ചിലപ്പോള്‍ തന്റെ തലയിലും പിരടിയിലും ചുമക്കുകയും ചെയ്യും. കാരണമൊന്നും ആരും ചോദിക്കില്ല. ചോദിക്കേണ്ട ആവശ്യവും അക്കാലത്തില്ലായിരുന്നു. ഇതുകേട്ട് വളര്‍ന്ന ഞാനും അനുജനും പലപ്പോഴും സഹപാഠികളായ തങ്ങളുട്ടികളുടെ കുടയും പുസ്തകവുമെല്ലാം സ്‌കൂളില്‍ നിന്നും മടങ്ങുമ്പോള്‍ ചുമക്കാന്‍ മത്സരിച്ചു. അവര്‍ അതേൽപിക്കാന്‍ വിമുഖത കാണിക്കുമെങ്കിലും ധാരാളം ശ്രമങ്ങള്‍ നടന്നുവെന്നു പറയാം. മദ്‌റസകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുപോലും ഇതുതന്നെയാണ് പഠിച്ചത്. അമുസ്‌ലിം അധ്യാപകരടക്കം തങ്ങന്മാര്‍ക്ക് പ്രത്യേകമൊരു ബഹുമാനം നല്‍കി. മജ്മഇല്‍ പഠിച്ചപ്പോള്‍ അക്കാലത്ത് കൂടെ ഒരു സയ്യിദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെല്ലാവരും അദ്ദേഹത്തെ സ്നേഹിക്കാൻ മത്സരിച്ചു. മർകസിലെത്തിയപ്പോള്‍ ആയിരക്കണക്കിനു വിദ്യാർഥികള്‍ക്കിടയില്‍ സയ്യിദുമാരെ കണ്ടെത്തി പ്രത്യേകം സ്‌നേഹവും ആദരവും നല്‍കി. അവർക്ക് കാന്തപുരം ഉസ്താദ് നല്‍കുന്ന സ്‌നേഹം നേരിട്ടുകണ്ടപ്പോള്‍ എന്റെ സ്‌നേഹമൊന്നും നൂറയലത്തുപോലുമെത്തിയിട്ടില്ലെന്ന് ബോധ്യപ്പെടാന്‍ അധികം സമയം വേണ്ടിവന്നില്ല. പിന്നീട് മദീനത്തുന്നൂറിലും ശേഷം നോളേജ് സിറ്റിയിലും തങ്ങന്മാര്‍ ശിഷ്യന്മാരായി വന്നപ്പോള്‍ മറ്റനേകം ശിഷ്യന്മാര്‍ക്കിടയില്‍ അവരെ വേറിട്ടുനിര്‍ത്താന്‍ മനസ്സിന് ഒരു കാരണവും ആവശ്യമില്ലായിരുന്നു; അവര്‍ സയ്യിദുമാരാണെന്നതല്ലാതെ.

ഇത് ഒറ്റപ്പെട്ട അനുഭവമായിരിക്കില്ല. കഴിഞ്ഞ ഒന്നര സഹസ്രാബ്ദമായി മുസ്‌ലിം ഉമ്മത്തിലെ ഓരോരുത്തരുടെയും ആത്മവികാരങ്ങള്‍ ഇതില്‍ നിന്നും ഭിന്നമായിരിക്കാന്‍ സാധ്യത വിരളമാണ്. ലോക രാഷ്ട്രങ്ങളിലൂടെ, പുസ്തകത്താളുകളിലൂടെ, ചരിത്രശേഷിപ്പുകളിലൂടെ, ഗ്രാമ ദൈന്യതകളിലൂടെ, നഗര ജാഡകളിലൂടെ, മറ്റനേകം അനുഭവസാക്ഷ്യങ്ങളിലൂടെ സഞ്ചരിച്ചാല്‍ ബോധ്യപ്പെടുന്ന വസ്തുതയും മറ്റൊന്നല്ല. ലോകത്ത് ഒരു രാഷ്ട്രത്തിലെ മുസ്‌ലിം ജനതയും അന്നാട്ടിലെ അഹ്്ലുബൈത്തിനു പ്രത്യേക സ്ഥാനം നൽകാതിരുന്നിട്ടില്ല. അവരെ വ്യത്യസ്ത പേരിട്ട് സമൂഹത്തില്‍ പ്രത്യേക സ്ഥാനം നല്‍കി ആദരിക്കുന്നു. അവരില്‍ നിന്നും പ്രധാനികള്‍ മരണപ്പെട്ടുപോയാല്‍ മറ്റാര്‍ക്കുമില്ലാത്ത ഖുബ്ബകള്‍ സ്ഥാപിക്കുന്നു. പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും അറുതിവരാന്‍ അവരെ സമീപിക്കുന്നു. ജീവിതത്തിന്റെ ഓരോ പടവിലും അവരുടെ പ്രാർഥന തേടുന്നു; എന്തിനേറെ, വീട്ടില്‍ ആദ്യമായി ഒരു വാഴക്കുല പഴുത്താല്‍ അത് നാട്ടിലെ പ്രധാന സയ്യിദിനുള്ളതാണ്. ജനിച്ചുവീണ കുട്ടിയുടെ വായില്‍ ആദ്യമായി മധുരം നല്‍കുന്നത് സയ്യിദാണ്. വീട്ടിലേക്ക് ആദ്യമായി കാലെടുത്തുവെച്ച് പ്രവേശനാഘോഷം നടത്തുന്നത് സയ്യിദാണ്. മക്കളുടെ നിക്കാഹിനു നേതൃത്വം നല്‍കുന്നത് സയ്യിദാണ്. മക്കള്‍ക്ക് ആദ്യമായി അക്ഷരജ്ഞാനം നല്‍കുന്നത് സയ്യിദാണ്. കച്ചവടവും കൃഷിയും മറ്റെല്ലാ നല്ലകാര്യങ്ങളും ഉദ്ഘാടനം ചെയ്തുതരുന്നത് സയ്യിദാണ്. നമുക്കിടയില്‍ അപൂർവം ചിലരെങ്കിലും ഇതെല്ലാം മറന്നിട്ടുണ്ടെങ്കിലും ലോകരാഷ്ട്രങ്ങളില്‍ ഇത് നിത്യകാഴ്ചകളാണ്. മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ എണ്ണമറ്റ രാഷ്ട്രങ്ങളില്‍.
ഇതിനൊന്നും കാരണമന്വേഷിക്കേണ്ട ദുരവസ്ഥ നാളിതുവരെ മുസ്‌ലിം സമൂഹത്തിനു വന്നുഭവിച്ചിട്ടില്ല. ഒരാള്‍, ഒരു സമൂഹം മറ്റൊരാളെ സ്‌നേഹിക്കുന്നതിന്റെ കാരണമന്വേഷിക്കുന്നതും സ്‌നേഹിക്കരുതെന്ന് പറയുന്നതുമാണ് രണ്ടാംതരമെന്ന് എല്ലാവര്‍ക്കുമറിയാം. സ്‌നേഹം നിലയ്ക്കാത്ത ഉറവയാണ്. അത് തലമുറയില്‍ നിന്നും തലമുറയിലേക്ക് സംവേദനം ചെയ്യപ്പെടുന്നതാണ്. സ്നേഹത്തെ സംഹരിക്കാനാകില്ല. അതിന് നാശവും സംഭവിക്കില്ല. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും മാറിമാറി വന്നാലും ഒരല്പംപോലും തേയ്മാനം സംഭവിക്കാത്ത അക്ഷയഖനിയാണ്. ആസ്വദിച്ചവര്‍ക്കുമാത്രം വിലയറിയുന്നതും അല്ലാത്തവര്‍ക്കെല്ലാം ഭ്രാന്തായി തോന്നുകയും ചെയ്യുന്ന പ്രപഞ്ചത്തിലെ അത്യപൂർവ പ്രതിഭാസവുമാണ്. അഹ്്ലുബൈത്തിനോട്, അഥവാ പുണ്യനബിയുടെ (സ്വ) മക്കളോട് മുസ്‌ലിം ഉമ്മത്തിലെ കോടാനുകോടി മനുഷ്യര്‍ എക്കാലവും കാണിക്കുന്ന ഈ അനിർവചനീയ സ്‌നേഹത്തെ മറ്റെങ്ങനെയാണ് അവതരിപ്പിക്കാനാവുക..!

എങ്ങനെയാണോ പുന്നാരനബി (സ്വ) മുസ്‌ലിം ജനകോടികളുടെ ഹൃദയാന്തരങ്ങളിലെ എക്കാലത്തെയും ഏറ്റവും മൂല്യമുള്ള നിർവൃതിയായത്, അങ്ങനെത്തന്നെയായിരുന്നു അവിടുത്തെ മക്കളും ഹൃദയങ്ങള്‍ കീഴടക്കിയത്. അഥവാ അതാരും കുത്തിനിറച്ചതായിരുന്നില്ല; വിശ്വാസിയുടെ അകതാരിലേക്ക് പരപ്രേരണകളില്ലാതെ ആ സ്നേഹം കയറിക്കൂടുകയായിരുന്നു. ഈമാന്‍ കൂടുന്നതിനനുസരിച്ച് ഈ സ്‌നേഹവും വർധിച്ചു. ആ സ്‌നേഹത്തിനുമുന്നില്‍ പലര്‍ക്കും ജീവിതം നഷ്ടപ്പെട്ടു. കണ്ണുകള്‍ കലങ്ങിമറിഞ്ഞ് പൊട്ടക്കണ്ണുകളായി. ഹൃദയങ്ങള്‍ പൊട്ടി ഭ്രാന്തന്മാരായി. പരിസരം മറന്ന് ലോകമാകെ അലഞ്ഞു. ഇതെല്ലാം കാലദേശ വ്യത്യാസമില്ലാതെ, മറ്റാര്‍ക്കും ഊഹിക്കാന്‍പോലുമാകാതെ എക്കാലവും നടന്നുകൊണ്ടിരിക്കുന്നു.
മുസ്‌ലിം ഉമ്മത്തിന്റെ മൊത്തം ഈമാനികദൃഢത കൈമുതലാക്കിയ അബൂബക്കര്‍ സിദ്ദീഖ് (റ) പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം! എന്റെ കുടുംബത്തെക്കാള്‍ എനിക്കിഷ്ടം പുന്നാരനബിയുടെ(സ്വ) കുടുംബത്തെയാണ്”(ബുഖാരി:3713). മറ്റൊരിക്കല്‍ സിദ്ദീഖ് (റ) തന്നെ പറഞ്ഞു: “മുഹമ്മദ് നബിയെ (സ്വ) നിങ്ങള്‍ തങ്ങളുടെ അഹ്്ലുബൈത്തില്‍ തിരയുകയും കാണുകയും ചെയ്യുക ”. (ബുഖാരി: 3712) എന്തുകൊണ്ട് അഹ്്ലുബൈത്ത് എന്നതിനുള്ള ഉത്തരംകൂടിയാണ് ഈ വചനങ്ങള്‍.

മാനുഷികതയുടെ ഏറ്റവും വലിയ പൂര്‍ത്തീകരണമാണ് നബി (സ്വ). സ്വന്തം മക്കളോടും പേരമക്കളോടും അങ്ങേയറ്റം വാത്സല്യവും സ്‌നേഹവുമുണ്ടാവുക എന്നത് മാനുഷിക നന്മയുടെ പ്രകാശനമാണ്. അത് പൂര്‍ണാർഥത്തില്‍ നബി (സ്വ) യില്‍ സമ്മേളിച്ചു. നൂറുകണക്കിന് ഹദീസുകളിലായി അഹ്്ലുബൈത്തിനെക്കുറിച്ച് നബി (സ്വ) വാചാലമായി. അതെല്ലാം ഈ പരിശുദ്ധശ്രേണിയുടെ ശ്രേഷ്ഠത അടയാളപ്പെടുത്തുന്നതും മുസ്‌ലിം ഉമ്മത്തിന് മാര്‍ഗദര്‍ശകവുമാണ്. ജീവിതത്തിന്റെ അവസാനയാമങ്ങളില്‍ ലക്ഷക്കണക്കിന് സ്വഹാബികളുമായി അറഫയിലേക്ക് പുറപ്പെട്ട നബി (സ്വ) വഴിയില്‍വെച്ച് ഒരു പ്രഭാഷണം നടത്തി. അതിലെ ചില വരികള്‍ ഇങ്ങനെ: “ഓ ജനങ്ങളേ, ഞാനൊരു മനുഷ്യനാണ്. അല്ലാഹുവിന്റെ ദൂതന്‍ എന്നെ വിളിക്കാനടുത്തിരിക്കുന്നു. ഞാനതിനു ഉത്തരം നല്‍കുകയും ചെയ്യും. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് രണ്ടു പ്രധാന കാര്യങ്ങള്‍ ഇവിടെ ഉപേക്ഷിച്ചാണ് യാത്ര തിരിക്കുക. ഒന്ന് അല്ലാഹുവിന്റെ കിതാബാണ്. അതില്‍ വെളിച്ചവും സന്മാർഗവുമുണ്ട്. അത് നിങ്ങള്‍ മുറുകെപ്പിടിക്കണം. മറ്റൊന്ന് എന്റെ അഹ്്ലു ബൈത്താണ്. എന്റെ അഹ്്ലു ബൈത്തിന്റെ കാര്യത്തില്‍ അല്ലാഹുവിനെ ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കുന്നു.-ഇത് നബി (സ്വ) മൂന്ന് പ്രാവശ്യം പറയുകയും ചെയ്തു”. (മുസ്‌ലിം- 2408 ) അഹ്്ലുബൈത്തിന്റെ കാര്യത്തില്‍ അല്ലാഹുവിനെ ഓർമിപ്പിക്കുന്നുവെന്നതിനർഥം തീര്‍ച്ചയായും അവരോട് കാണിക്കുന്ന ചെറിയൊരു ബുദ്ധിമുട്ട് പോലും അല്ലാഹു ഇഷ്ടപ്പെടില്ലെന്നു തന്നെ. മറ്റൊരു ഹദീസ് ഇങ്ങനെ: “നിങ്ങള്‍ അല്ലാഹുവിനെ പ്രിയം വെക്കുക. കാരണം അവനാണ് നിങ്ങള്‍ക്ക് ഈ അനുഗ്രഹങ്ങളെല്ലാം തന്നത്. അല്ലാഹുവിനെ പ്രിയം വെക്കുന്ന കാരണത്താല്‍ നിങ്ങള്‍ എന്നെ പ്രിയം വെക്കുക. എന്നെ പ്രിയം വെക്കുന്ന കാരണത്താല്‍ എന്റെ അഹ്്ലുബൈത്തിനെയും നിങ്ങള്‍ സ്‌നേഹിക്കുക”(തുര്‍മുദി). വീണ്ടും നബി (സ്വ) പറഞ്ഞു: “”നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് രണ്ടു പ്രതിനിധികളെ ഇവിടെ ഉപേക്ഷിക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥം. പിന്നെ എന്റെ കുടുംബമായ അഹ്്ലുബൈത്തും. അവരിരുവരും അന്ത്യനാള്‍ വരെ ഇവിടെനിന്നും പിരിയുന്നതല്ല”(മുസ്‌നദ് അഹ്മദ്). മറ്റൊരു ഹദീസില്‍ നബി (സ്വ) പറഞ്ഞത് ഇങ്ങനെ: “നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളവര്‍ എനിക്ക് ശേഷം എന്റെ അഹ്്ലുബൈത്തിനു ഏറ്റവും കൂടുതല്‍ ഗുണം ചെയ്തവരാണ്”(മജ്മഉ സ്സവാഇദ്).
ലോകമാകെ ദീന്‍ വളര്‍ന്നത് പ്രധാനമായും അഹ്്ലുബൈത്ത് കാരണമായിരുന്നു. അഹ്്ലുബൈത്തിനു മുസ്‌ലിം മനസ്സുകളില്‍ കിട്ടുന്ന അനിതരസാധാരണമായ ബഹുമാനം ഉമവിയ്യ ഖലീഫമാരില്‍ പലരെയും ഭീതിയിലാഴ്ത്തിയപ്പോള്‍ അവരെ നിഷ്‌കരുണം അക്രമിക്കാന്‍ തുടങ്ങി. ഇത് മദീനയില്‍നിന്നുള്ള കൂട്ട പലായനത്തിലാണ് കലാശിച്ചത്. നബി (സ്വ) മക്കയില്‍ നിന്നും മദീനയിലെത്തിയത് ദീനീപ്രബോധനത്തിലും വളര്‍ച്ചയിലും വലിയ ഗുണം ചെയ്തതുപോലെ അഹ്്ലുബൈത്തിന്റെ പലായനവും ലോകം മൊത്തം ഇസ്‌ലാം വ്യാപിക്കാന്‍ നിദാനമായി. ഓരോ നാടിന്റെയും ആത്മീയവും ഭൗതികവുമായ നേതൃത്വം അഹ്്ലുബൈത്തിനെ ഏല്‍പ്പിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തു. കേരളക്കരയില്‍വരെ അങ്ങനെയാണ് ദീനിന് മുന്നേറ്റമുണ്ടായത്. ഒരു നാട്ടില്‍-അതൊരു കൊച്ചുഗ്രാമമാണെങ്കില്‍ പോലും-അഹ്്ലുബൈത്തില്ലെങ്കില്‍ ഐശ്വര്യം കുറയുമെന്ന് ജനങ്ങളെല്ലാം വിശ്വസിക്കുകയും അനുഭവവേദ്യമാകുകയും ചെയ്തു. ഇത് ഓരോ ഗ്രാമത്തിന്റെയും നാടിന്റെയും മതപരമായ മുന്നേറ്റത്തില്‍ അഹ്്ലുബൈത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു. ഇങ്ങനെ നാടിന്റെയും നാട്ടുകാരുടെയും ഏറ്റവും വലിയ അഭയകേന്ദ്രവും അഹ്്ലുബൈത്താവുകയായിരുന്നു.

പ്രസിദ്ധമായ ഒരു ഹദീസിലൂടെ നബി (സ്വ) സമൂഹത്തെ ഇത് ബോധ്യപ്പെടുത്തി: “”അറിയുക..! നിങ്ങള്‍ക്കിടയില്‍ എന്റെ അഹ്്ലുബൈത്തിന്റെ ഉപമ നൂഹ് നബിയുടെ ജനതക്കിടയില്‍ ഇറങ്ങിയ കപ്പല്‍ പോലെയാണ്. കപ്പലില്‍ കയറിയവരെല്ലാം രക്ഷപ്പെട്ടു. കപ്പലില്‍ കയറാതെ മാറിനിന്നവരെല്ലാം മുങ്ങിമരിച്ചു”. വലിയൊരു സന്ദേശമാണ് ഈ ഹദീസ് നല്‍കുന്നത്. അഹ്്ലുബൈത്തിനെ പിടിക്കാത്തവരും അവരെ രക്ഷാമാര്‍ഗമായി സ്വീകരിക്കാത്തവരുമെല്ലാം പരാജയം രുചിച്ചറിയുമെന്നുതന്നെ ഈ ഹദീസ് പഠിപ്പിക്കുന്നു. വ്യക്തികളായാലും സംഘടനകളായാലും ഇത് ബാധകമാണ്. കപ്പലില്‍ കയറാതെ അഹങ്കാരം നടിച്ചവര്‍ നശിച്ചതുപോലെ അഹ്്ലുബൈത്തിനോട് കെറുവ് കാണിച്ച് മുഖം തിരിക്കുന്നവര്‍ തീര്‍ച്ചയായും ഭയപ്പെടേണ്ടിയിരിക്കുന്നു. പാണ്ഡിത്യംകൂടിയുള്ള അഹ്്ലുബൈത്താണെങ്കില്‍ ദീനീ വിഷയങ്ങളിലും മറ്റെല്ലാ കാര്യങ്ങളിലും അവരെ പിന്തുടരാം. അല്ലെങ്കില്‍, അവരെ ആദരിക്കാനും ബഹുമാനിക്കാനും മറക്കരുത്. അവരെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്. ചീത്തവിളിക്കുകയോ പരുഷമായി നോക്കുക പോലുമോ ചെയ്യരുത്. ഒരുപക്ഷേ നമുക്കിഷ്ടമില്ലാത്ത കാര്യങ്ങളാണ് അവര്‍ ചെയ്യുന്നതെങ്കില്‍ പോലും അവരുടെ അനിഷ്ടം സമ്പാദിക്കരുത്. ഇതിനെല്ലാം കാരണം ഒന്നുമാത്രമാണ്-അവര്‍ നബി (സ്വ) യുടെ മക്കളാണ്.

സ്‌നേഹിക്കണം, ആദരിക്കണം എന്നെല്ലാം പറയുന്നതും പഠിപ്പിക്കുന്നതും ഒരു തെറ്റായി കാണുന്ന ചിലരെങ്കിലുമുണ്ട്. ഉമ്മയെയും ഉപ്പയെയും മുതിര്‍ന്നവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും വേണമെന്ന് പറയുമ്പോൾ മുഖം ചുളിക്കാത്തവര്‍ നബിയുടെ (സ്വ) കുടുംബത്തെ സ്‌നേഹിക്കണമെന്ന് പറയുമ്പോള്‍ മുഖം ചുളിക്കുന്നത് തീര്‍ച്ചയായും ഈമാനിന്റെ പ്രശ്‌നമാണ്. സ്‌നേഹിതന്റെ മക്കളോട് സ്‌നേഹമുണ്ടാവുക പ്രകൃതിപരമല്ലേ; ആ സ്‌നേഹം വരുന്നില്ലെങ്കില്‍ അത്തരക്കാരുടെ മനസ്സില്‍ സ്‌നേഹനിധിയായ മുത്ത്‌നബി (സ്വ) കുടികയറിയിട്ടുണ്ടോ എന്നുമാത്രമേ ചിന്തിക്കേണ്ടതുള്ളൂ. ഇഷ്ടപ്പെട്ടവരുടെ ഇഷ്ടജനങ്ങളോട് ഇഷ്ടമുണ്ടായില്ലെങ്കില്‍ മനസില്‍ അദ്ദേഹത്തോടുള്ള ഇഷ്ടത്തിന് ആഴമില്ല എന്നുമാത്രമേ മനസ്സിലാക്കേണ്ടതുള്ളൂ. അതുകൊണ്ടുതന്നെ തീര്‍ച്ചയായും അഹ്്ലുബൈത്തിനോടുള്ള വിശ്വാസം ഈമാനികമാണ്. മനസില്‍ ഈമാനുള്ളതിന്റെ വലിയ അടയാളങ്ങളിലൊന്ന്. ഖുര്‍ആന്‍ തന്നെ ഇതുണര്‍ത്തി: “നബിയേ, അങ്ങ് പറയുക.! ഞാന്‍ നിങ്ങളോട് ഒരു കൂലിയും ആവശ്യപ്പെടുന്നില്ല-എന്റെ കുടുംബത്തെ സ്‌നേഹിക്കണമെന്നല്ലാതെ’.
ശിയാക്കള്‍ കാണിക്കുന്ന പേക്കൂത്തുകള്‍ മുന്‍നിര്‍ത്തി അഹ്്ലുബൈത്തിനോടുള്ള സ്‌നേഹത്തെ നിസാരവത്കരിക്കുന്നവരുമുണ്ട്. ലോകത്ത് അഹ്്ലുബൈത്തിനു ഏറ്റവും കൂടുതല്‍ അപകടം വിതച്ചത് ശിയാക്കളായിരുന്നുവല്ലോ. കർബലയിലേക്ക് ഹുസൈന്‍ (റ)നെ ക്ഷണിച്ചതും വഞ്ചിച്ച് കൊല്ലാന്‍ നേതൃത്വം നല്‍കിയതും ശിയാക്കളായിരുന്നു. അലി (റ) ഭരണം നടത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമം സൃഷ്ടിച്ചതും ഇവരായിരുന്നു. ശിയാക്കളില്‍ ചിലര്‍ അലിയെ (റ) ദൈവമാക്കി. മറ്റുചിലര്‍ നബി തന്നെയാക്കി. സ്വഹാബത്തിനെ മൊത്തം കാഫിറുകളാക്കി. ഇങ്ങനെ നൂറുകൂട്ടം മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് മതത്തെ നശിപ്പിച്ച ശിയാക്കളോട് തുലനം ചെയ്ത് അഹ്്ലുബൈത്തിനെ സ്‌നേഹിക്കരുതെന്ന് പറയുന്നത് എത്രമാത്രം വിചിത്രമാണ്.

അവസാനമായി, അഹ്്ലുബൈത്തിനെ സ്വന്തം താല്പര്യങ്ങള്‍ക്ക് മാത്രം ദുരുപയോഗം ചെയ്ത്, മനസില്‍ തീരെ സ്‌നേഹം നല്‍കാതെ കൊച്ചാക്കുന്നവരും പരിഹസിക്കുന്നവരും ചീത്തവിളിക്കുന്നവരും അറിയാനായി മുഹമ്മദ് അബ്ദു യമാനി തന്റെ പ്രസിദ്ധ പുസ്തകത്തിന്റെ ആദ്യവരികളായി നല്‍കിയത് ഇവിടെ ഉദ്ധരിക്കാം: “നിങ്ങള്‍ നിങ്ങളുടെ തലമുറക്ക് അല്ലാഹുവിന്റെ റസൂലിന്റെ കുടുംബത്തോടുള്ള സ്‌നേഹം പഠിപ്പിക്കുക; അവര്‍ റസൂലിന്റെ മക്കളാണെന്ന് പഠിപ്പിക്കുക, അവര്‍ റസൂലിന്റെ സ്‌നേഹനിധികളാണെന്ന് പഠിപ്പിക്കുക, അവര്‍ റസൂലിന്റെ സ്വന്തക്കാരാണെന്ന് പഠിപ്പിക്കുക, അവരെ സ്‌നേഹിക്കുന്നവര്‍ നബിയെയാണ് സ്‌നേഹിക്കുന്നതെന്ന് പഠിപ്പിക്കുക, അവരെ ആദരിക്കുന്നവര്‍ നബിയെയാണ് ആദരിക്കുന്നതെന്ന് പഠിപ്പിക്കുക, അവര്‍ക്ക് പ്രതാപം നല്‍കുന്നവര്‍ നബിക്കാണ് പ്രതാപം നല്‍കുന്നതെന്ന് പഠിപ്പിക്കുക, അവരോട് ബന്ധം സ്ഥാപിക്കുന്നവര്‍ നബിയോടാണ് ബന്ധം സ്ഥാപിക്കുന്നതെന്ന് പഠിപ്പിക്കുക, അവരോട് ഇഷ്ടം കാണിക്കുന്നവര്‍ നബിയോടാണ് ഇഷ്ടം കാണിക്കുന്നതെന്നും പഠിപ്പിക്കുക…. നബി കുടുംബത്തെ സ്‌നേഹിക്കുന്നത് നിര്‍ബന്ധമാണെന്ന് നിങ്ങള്‍ നിങ്ങളുടെ തലമുറയെ പഠിപ്പിക്കൂ… അവരെ സ്‌നേഹിക്കല്‍ മതത്തിന്റെ അടിസ്ഥാനകാര്യങ്ങളില്‍ പെട്ടതാണെന്ന് പഠിപ്പിക്കൂ, അവരോട് കാണിക്കുന്ന ചെറിയൊരു അനാദരവ് പോലും വലിയ തെറ്റാണെന്ന് പഠിപ്പിക്കൂ…കാരണം അവര്‍ നബിയുടെ മക്കളാണെന്ന് ഈ തലമുറയിലെ ഓരോരുത്തരും മനസ്സിലാക്കട്ടെ.”

ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login