ഇന്ത്യൻ സ്വാതന്ത്ര്യം: ബരാക് വാലിയുടെ ഭാഗധേയം

ഇന്ത്യൻ സ്വാതന്ത്ര്യം: ബരാക് വാലിയുടെ ഭാഗധേയം

സമകാലിക ചര്‍ച്ചകള്‍, ഗവേഷണങ്ങള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, അസമിലെ സിവില്‍ സൊസൈറ്റി പ്രഭാഷണം എന്നിവയെല്ലാം മൂന്നു ബരാക് വാലി ജില്ലകളായ കാച്ചര്‍, കരിംഗഞ്ച്, ഹൈലകണ്ഡി എന്നിവിടങ്ങളില്‍ താമസിക്കുന്ന വലിയ വിഭാഗം മുസ്‌ലിംകളെത്തൊട്ട് അവ്യക്തമാണ്. ചരിത്രവും സംസ്‌കാരവും “അസം’ ജനതയെക്കുറിച്ചുള്ള സര്‍ക്കാര്‍ പഠനങ്ങളും ബരാക് താഴ്‌വരയില്‍ ഏകദേശം 3 ദശലക്ഷം ആളുകള്‍ താമസിക്കുന്നുവെന്നതും ഈ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് മുസ്‌ലിംകളാണെന്നതും അവഗണിക്കുന്നു. ചോദ്യം ഇതാണ്: ബരാക് താഴ്‌വരയിലെ ജനങ്ങള്‍ ഇന്ന് അസമിന്റെ ഭാഗമല്ലേ, ബരാക് താഴ്‌വര അസമിന്റെ അവിഭാജ്യഘടകമാണെന്ന് അവകാശപ്പെടുന്നതോടൊപ്പം വലിയ ഒരു ജനസംഖ്യയെയും അവരുടെ ചരിത്രത്തെയും അവഗണിക്കാന്‍ നമുക്ക് കഴിയുമോ? ഒരു പ്രത്യേക യൂണിയന്‍ ടെറിട്ടറി പദവി, അല്ലെങ്കില്‍ സാമ്പത്തിക വികസന സമിതി, ബരാക് താഴ്‌വരയിലെ ജനങ്ങളോടുള്ള മറ്റ് വിവേചനങ്ങള്‍ക്കിടയില്‍ അത്തരം അവഗണന ചൂണ്ടിക്കാട്ടി താഴ്‌വരയ്ക്ക് “സംസ്ഥാനത്തിനുള്ളിലെ സംസ്ഥാനം’ എന്ന പദവിയുടെ നിരന്തരമായ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ട്. ബരാക് താഴ്‌വരയിലെ താഴ്ന്ന നിലയിലുള്ള അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക വികസനവും ഒരു കേന്ദ്രഭരണ പ്രദേശമെന്ന പദവിക്കുവേണ്ടി മുറവിളി കൂട്ടുന്നു.

ബരാക് താഴ്‌വരയിലെ മുസ്‌ലിംകളുടെ ചരിത്രം
1303 എ ഡിയില്‍ സിക്കന്ദര്‍ ഖാന്‍ ഖാസി സില്‍ഹെത് കീഴടക്കിയതോടെ ബരാക് താഴ്്വരയിലെ മുസ്‌ലിംകളുടെ ചരിത്രം ആരംഭിച്ചതായി പറയപ്പെടുന്നു. ബംഗാള്‍ സുല്‍ത്താന്‍ ഷംസുദ്ദീന്‍ ഫിറോസ്ഷായുടെ അനന്തരവനായ സിക്കന്ദര്‍ ഖാന്‍ ഖാസിയുടെ രാഷ്ട്രീയ ജൈത്രയാത്ര യുദ്ധത്തിനു ശേഷം സില്‍ഹെത്തിലേക്ക് മുസ്‌ലിം കുടിയേറ്റം വർധിച്ചു. സില്‍ഹെത്തിന്റെ കീഴടക്കലിനു ശേഷം തുര്‍ക്കിഷ്, അഫ്ഗാന്‍, അറബി നാടുകളില്‍ നിന്നുള്ള മുസ്‌ലിംകളുടെ വലിയ ഒരു സംഘം താഴ്്വരയില്‍ താമസമാക്കി, ബംഗാളിലെയും ഉത്തരേന്ത്യയിലെയും മറ്റു മുസ്‌ലിംകളും താഴ്്വരയില്‍ താമസിക്കാന്‍ തുടങ്ങി. മുസ്‌ലിംസേനയ്ക്കൊപ്പം വന്ന സൂഫിസന്യാസിയായ ഹസ്രത്ത് ശാഹ്ജലാലിന്റെ സ്വാധീനം മൂലം ഹിന്ദുമതത്തിലെയും ഗോത്രഭാഗങ്ങളിലെയും നിരവധി ആളുകള്‍ ഇസ്‌ലാം മതം സ്വീകരിച്ചു. വാസ്തവത്തില്‍ സില്‍ഹെത്തിന്റെ രാഷ്ട്രീയജയം തെക്കന്‍ അസമില്‍ മുസ്‌ലിം ഭരണം വ്യാപിപ്പിക്കാന്‍ കാരണമായി. ദിമാസ-കചാരി രാജ്യത്തിലെ രാജാവിനെപ്പോലുള്ള പ്രാദേശിക ഭരണാധികാരികള്‍ മുസ്‌ലിം കര്‍ഷകരെയും പട്ടാളക്കാരെയും വ്യാപാരികളെയും ബരാക് താഴ്്വരയില്‍ നിന്നും ബംഗാളില്‍ നിന്നും തങ്ങളുടെ പ്രദേശത്തേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചതിന്റെ തെളിവുകള്‍ ഉണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഇന്നത്തെ അസമിലെ ബരാക് താഴ്്വരയെ ചുറ്റിപ്പറ്റിയുള്ള സുര്‍മാവാലിയുടെ സംഭാവന തര്‍ക്കരഹിതമാണ് ഈ താഴ്‌വരയില്‍ താമസിക്കുന്ന മുസ്‌ലിംകള്‍ ജനസംഖ്യയുടെ ഏറ്റവും വലിയ വിഭാഗമായി മാറുന്നതിനാല്‍ സ്വാതന്ത്ര്യസമരത്തില്‍ അവരുടെ പങ്ക് നിഷേധിക്കാനാവില്ല. ബ്രിട്ടീഷുകാര്‍ക്ക് അധികാരം നഷ്ടപ്പെട്ടതിനാല്‍ മുസ്‌ലിംകളായിരുന്നു ബ്രിട്ടീഷ് ഭരണത്തിന്റെ നേരിട്ടുള്ള ഇരകള്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ താഴ്‌വരയില്‍ ആരംഭിച്ച സ്വാതന്ത്ര്യത്തിനായുള്ള വിവിധ പ്രസ്ഥാനങ്ങളുടെ മുഖ്യഘടകമായിരുന്നു ഇവര്‍.

സുര്‍മാവാലി രാഷ്ട്രീയസമ്മേളനം
1857 ലെ ലഹളക്ക് ശേഷമുള്ള പ്രത്യാഘാതങ്ങളും ബ്രിട്ടീഷുകാര്‍ക്ക് എതിരെയുള്ള ജനങ്ങളുടെ നേരിട്ടുള്ള അക്രമണവും 1885-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപവത്കരണത്തിന് കാരണമായി. സുര്‍മാതാഴ്്വരയില്‍ കോണ്‍ഗ്രസിന് പിന്തുണയുണ്ടായിരുന്നുവെങ്കിലും ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം ആളുകളും “സ്വരാജ് സമിതി’ യിലേക്കും പിന്നീട് ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെ നേതൃത്വത്തിലുള്ള “സ്വരാജ് പാര്‍ട്ടി’യിലേക്കുമാണ് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടത്. ലിയാഖത്ത് ഹുസൈനെപ്പോലുള്ള മുസ്‌ലിം നേതാക്കളും ഈ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു. 1906 ല്‍ സ്ഥാപിതമായ “സുര്‍മ ഉപത്യക രജ്നൈറ്റിക് സമ്മേളന്‍'(സുര്‍മാവാലി പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ്) ഈ മേഖലയിലെ ജനകീയ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രതിനിധാനമായിരുന്നു. ഈ സംഘടനയുടെ കുടക്കീഴില്‍ കാമിനി കുമാര്‍ ചന്ദ, സുന്ദരി മോഹന്‍ ദാസ് തുടങ്ങിയ നേതാക്കള്‍ മൗലാന ഷൗക്കത്ത് ഹുസൈനെപ്പോലുള്ള താഴ്്വരയിലെ മുസ്‌ലിം നേതാക്കളുമായി കൈകോര്‍ത്തു.

ബരാക്്വാലിയിലെ ഖിലാഫത്ത് പ്രസ്ഥാനം
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കീഴില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ബരാക് താഴ്്വരയിലെ മുസ്‌ലിംകളും പങ്കെടുക്കുകയുണ്ടായി. സി ആര്‍ ദാസിന്റെ അധ്യക്ഷതയില്‍ 1921 മാര്‍ച്ച് 7 ന് മൗലവിബസാറിലെ ജുഗിദഹാറില്‍ സുര്‍മാവാലി പ്രൊവിന്‍ഷ്യല്‍ ഖിലാഫത്ത് സമ്മേളനം നടന്നു. ഗ്രാമങ്ങളില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരങ്ങള്‍ സംഘടിപ്പിക്കാനും ശക്തമായ സന്നദ്ധസേനയെ സൃഷ്ടിക്കാനും സമ്മേളനത്തില്‍ തീരുമാനമെടുത്തു.
മറുവശത്ത് താഴ്്വരയിലെ മുസ്‌ലിം നേതാക്കള്‍ പ്രദേശത്തെ കര്‍ഷക, തൊഴിലാളി പ്രസ്ഥാനങ്ങളെയും സംഘടിപ്പിച്ചു. കാച്ചര്‍ ജില്ലാ കൃഷിക്കാരുടെ സമ്മേളനം (കാച്ചര്‍ ജില്ലാ കര്‍ഷക കണ്‍വെന്‍ഷന്‍) 1931 ല്‍ കാച്ചറില്‍ വെച്ച് നടക്കുകയും ഖാന്‍ സാഹിബ് റാഷിദ് അലി ലസ്‌കര്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. 1939 ല്‍ കരിംഗഞ്ച് സബ്ഡിവിഷന്‍ ഫാര്‍മേഴ്സ് കണ്‍വെന്‍ഷന്‍ തെഗാരിയയില്‍ കരിംഗഞ്ചിലെ ബാരൈഗ്രാമിന് സമീപം നടന്നു.

മുസ്‌ലിം നേതാക്കളുടെ പങ്ക്
ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് ബരാക് താഴ്‌വരയില്‍ നിന്നുള്ള മുസ്‌ലിംകളുടെ പങ്കിനെക്കുറിച്ചുള്ള മുന്‍കാല ചര്‍ച്ചകള്‍ പലപ്പോഴും സുര്‍മാവാലിയുടെ മൊത്തത്തിലുള്ള ഭൂമിശാസ്ത്രപരമായ അടയാളപ്പെടുത്തലിൽ മുങ്ങിപ്പോയിരുന്നു. നിര്‍ഭാഗ്യവശാല്‍, ചരിത്രത്തിലെ സമകാലിക രചനകളില്‍ നിന്ന് സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകളുടെ സംഭാവനകളെ തുടച്ചുനീക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാജ്യചരിത്രങ്ങളില്‍ മുസ്‌ലിംകള്‍ ഒരു “സ്വത്വപ്രതിസന്ധി’ അല്ലെങ്കില്‍ “അസ്തിത്വപ്രതിസന്ധി’ അനുഭവിക്കുന്നുണ്ട്. ഇത് മുസ്‌ലിംകള്‍ ഈ രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ലേ എന്ന ഒരു ചോദ്യം അവരുടെ മനസില്‍ ഉയര്‍ത്തുന്നുണ്ട്. ഇതേ ചോദ്യം മറ്റ് സമുദായങ്ങളുടെ മനസിലും ഉണ്ടായേക്കാം, ഇന്ത്യയിലെ സ്വാതന്ത്ര്യത്തിനായുള്ള ഒരു സമുദായത്തിന്റെയോ ഗ്രൂപ്പിന്റെയോ സംഭാവനകള്‍ ചരിത്രങ്ങളില്‍ നിന്ന് വളച്ചൊടിക്കുകയോ ഇല്ലാതാക്കുകയോ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അത് സാധുവായ ഒരു ചോദ്യം തന്നെയാണ്. ബരാക് താഴ്‌വരയില്‍ നിന്നോ കരിംഗഞ്ചില്‍ നിന്നോ ഉള്ള കുറച്ച് മുസ്‌ലിം നേതാക്കളെ ഉയര്‍ത്തിക്കാണിക്കുന്നത് സ്വാതന്ത്ര്യസമരത്തിലുണ്ടായിരുന്ന ഈ പ്രദേശത്തെ മുസ്‌ലിംകളുടെ മൊത്തം സംഭാവനയെക്കുറിച്ച് പൂർണമായ ഒരു ചിത്രം നല്‍കുന്നില്ല.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരങ്ങളില്‍ ബരാക് താഴ്‌വരയില്‍ നിന്നുള്ള മുസ്‌ലിംകളുടെ പങ്ക് ഇന്ന് ചരിത്രത്തിന്റെ മറന്നുപോയ ഒരു അധ്യായമാണ്. സ്വാതന്ത്ര്യാനന്തര മുഖ്യധാരാ അസമീസ് സമൂഹവും അസമിലെ ബംഗാളി സംസാരിക്കുന്ന മറ്റു ജില്ലകളില്‍ നിന്നുള്ള കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ (ഈ ജില്ലകളില്‍ പലതും ഇപ്പോള്‍ ബംഗ്ലാദേശിലാണ്) ബരാക്്വാലി മുസ്‌ലിംകള്‍ പരാജയപ്പെട്ടു. എന്നിരുന്നാലും, സുര്‍മ താഴ്്വരയിലെ മുസ്‌ലിംകള്‍ വഹിച്ച പങ്കിനെ അവഗണിക്കുകയാണെങ്കില്‍ അസമിലെ മുസ്‌ലിംകളുടെ സമഗ്രമായ ചരിത്രം ഒരിക്കലും പൂര്‍ത്തിയാവുകയില്ല. എന്നിരുന്നാലും, ആധുനിക രചനകളിലും ദേശീയവാദ വ്യവഹാരങ്ങളിലും ബരാക് വാലി മുസ്‌ലിംകളോടുള്ള ഈ അവഗണന ഗവേഷണത്തിന്റെ അഭാവവും വിഭവങ്ങളുടെ ലഭ്യതക്കുറവും കാരണമാകാം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ബരാക് വാലി മുസ്‌ലിംകളുടെ പങ്ക് ഉള്‍പ്പെടുത്തുന്നതിനായി സമീപഭാവിയില്‍ സമഗ്രമായ ചര്‍ച്ചയും കൂടുതല്‍ ഗവേഷണങ്ങളും സംഭവിക്കുമെന്ന് നമുക്കാശിക്കാം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ കാശിപുരിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ പബ്ലിക് പോളിസിയുടെയും സർക്കാരിന്റെയും ചെയർപേഴ്സൺ ആണ് ലേഖകൻ. 2019-2021ൽ അതേ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡീൻ ആയും സേവനം ചെയ്തിട്ടുണ്ട്.

കടപ്പാട്: അക്കാദമിയ
വിവര്‍ത്തനം: മിദ്‌ലാജ് തച്ചംപൊയില്‍

You must be logged in to post a comment Login