ഇത് കേരളമാണ്, ബിഷപ്പ് ആഗ്രഹിക്കുന്ന ഒരു പിളര്‍പ്പും ഇവിടെ ഉണ്ടാകില്ല

ഇത് കേരളമാണ്, ബിഷപ്പ് ആഗ്രഹിക്കുന്ന  ഒരു പിളര്‍പ്പും ഇവിടെ ഉണ്ടാകില്ല

“”അമുസ്‌ലിംകളായവരെ, പ്രത്യേകിച്ച് യുവജനങ്ങളെ, മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചുകളയുന്ന രീതിയെ ആണ് നാര്‍ക്കോട്ടിക് അഥവാ ഡ്രഗ് ജിഹാദ് എന്നു നമ്മള്‍ സാധാരണ പറയുന്നത്. വര്‍ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്നു കച്ചവടങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എന്നത് വ്യക്തമാണല്ലോ. തീവ്രനിലപാടുകാരായ ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീം പാര്‍ലറുകള്‍, മധുരപാനീയ കടകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്‌ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു എന്നത് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.”
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

ഈ വാചകങ്ങള്‍ മാഞ്ഞുപോകാത്തവണ്ണം ഇവിടെ സൂക്ഷിക്കേണ്ടതുണ്ട്. മനുഷ്യരാശിയുടെ സുദീര്‍ഘമായ ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളില്‍ പലരില്‍ നിന്നായി പുറപ്പെട്ട കൊടുംവാക്കുകളുടെ ഗണത്തില്‍ നമുക്കിത് ചേര്‍ത്തുവെക്കേണ്ടതുണ്ട്; കേരളം ജീവിക്കുന്ന ജീവിതത്തെ നെടുകെപ്പിളര്‍ത്താനുള്ള വമ്പന്‍ പദ്ധതികളുടെ ആമുഖം എന്ന നിലയില്‍.

“മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്ത് നിര്‍ത്തുന്നത്’ എന്ന ചോദ്യമോര്‍ക്കുന്നോ? അധികാരം അതിന്റെ ഇരുതലമൂര്‍ച്ചയാല്‍ ഇല്ലാതാക്കിയ തന്റെ മകനെ ഓര്‍ത്ത് ഒരച്ഛനില്‍ നിന്ന് പുറപ്പെട്ട വിലാപമാണത്. മകനെവിടെ എന്ന് അലഞ്ഞലഞ്ഞു തളര്‍ന്ന് അതിനിസ്സഹായമായി മരിച്ചുപോയ പ്രൊഫസര്‍ ഈച്ചരവാരിയരുടെ ചോദ്യം. പാലാ ബിഷപ്പിന്റെ ആസൂത്രിതമായ വാക്കുകള്‍ പുറത്തുവന്ന ദിവസം ഞാന്‍ ആ ചോദ്യം ഓര്‍മിച്ചു. അതെന്തിന് ഓര്‍ക്കുന്നു എന്നു വിചാരപ്പെടുകയും ചെയ്തു. മറ്റൊരു സന്ദര്‍ഭത്തില്‍, മറ്റൊരിടത്ത് പുറപ്പെട്ട ഈ വിലാപവാക്യവും പാലാ ബിഷപ്പിന്റെ പ്രസ്താവനയും തമ്മിലെന്ത്? പ്രത്യക്ഷത്തില്‍ ഒന്നുമില്ല. പക്ഷേ, ചില വാക്കുകള്‍ അങ്ങനെയാണ്. മഹാസ്ഫോടനങ്ങളെ ഗര്‍ഭത്തില്‍ വഹിക്കും അവ. അതു സൃഷ്ടിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ നിന്ന് കുതറി കാലത്തിലൂടെ സഞ്ചരിക്കും. അധികാരമുറപ്പിക്കാനും അതിന്റെ വിഹിതങ്ങള്‍ കുടിച്ച് വറ്റിക്കാനും ഇറങ്ങിപ്പുറപ്പെട്ട ദുരധികാരികളാണ് ഈച്ചരവാരിയരുടെ മകനെ കൊന്നുകളഞ്ഞത്. മായ്ചുകളയപ്പെട്ട മകന് നീതി കിട്ടാനായി അലഞ്ഞാണ് പ്രൊഫസര്‍ മരിച്ചുപോയത്. പതിറ്റാണ്ടിനിപ്പുറവും നീതി മറഞ്ഞുനില്‍പാണ്. അനീതിയില്‍ വെന്തുപോകുന്ന മുഴുവന്‍ മനുഷ്യരുടെയും ആത്മകഥയായി ആ വാക്കുകള്‍ തികട്ടുന്നത് അതിനാലാണ്. പാലാ ബിഷപ്പിന്റെ കൊടും വാക്കുകള്‍ കേരളത്തിലെ മുഴുവന്‍ മുസ്‌ലിം ചെറുപ്പക്കാരോടുമുള്ള തിരുത്താനാവാത്ത അനീതിയാണ്. അവരെ തോരാമഴയത്ത് നനഞ്ഞു വിറക്കാന്‍ പറഞ്ഞയക്കലാണ്. “”നിങ്ങളെന്തിനാണ് ഈ മുസ്‌ലിം യുവാക്കളെ ഇങ്ങനെ വേട്ടയാടുന്നത്?” “”നിങ്ങളെന്തിനാണ് ഈ സമുദായത്തിലെ മനുഷ്യരെ ഇങ്ങനെ തീ കൊളുത്തുന്നത്?” “”നിങ്ങളെന്തിനാണ് നിങ്ങളോട് നേര്‍ക്കുനേര്‍ വന്നിട്ടില്ലാത്ത, നിങ്ങളോട് ഒളിഞ്ഞുപോലും ഇടഞ്ഞിട്ടില്ലാത്ത, നിങ്ങളോട് ഒരിക്കലും കൊരുത്തിട്ടില്ലാത്ത ഈ വിശ്വാസികളെ ഇങ്ങനെ അപമാനിക്കുന്നത്?” ഒരിക്കലും ആരും ഉത്തരം പറയാത്ത ചില ചോദ്യങ്ങള്‍ കൂടി ചേര്‍ന്നതാണ് നാം ജീവിക്കുന്ന കാലത്തിന്റെ കഥ.

ഫാഷിസ്റ്റുകള്‍ ക്രിസ്ത്യാനികളെ പിടികൂടുകയാണ്. ഗ്രഹാം സ്റ്റെയിന്‍സിനോടും സ്റ്റാന്‍ സ്വാമിയോടും കന്ധമാലിലെ മനുഷ്യരോടും ചെയ്ത പോലെ കൊന്നുകളയാനല്ല. കൊല്ലിക്കാനും പിളര്‍ത്താനുമാണ്. ഇര ആയുധമായി മാറുന്ന കാഴ്ച. അതില്‍ അത്ഭുതപ്പെടാനില്ല. ഫാഷിസം പിളര്‍പ്പിന്റെ പ്രത്യയശാസ്ത്രമാണ്. അതു മനുഷ്യരെ വിഭജിച്ചാല്‍ മാത്രം പ്രയോഗക്ഷമമാകുന്ന ഒന്നാണ്. മനുഷ്യര്‍ ഇടകലരുന്നിടങ്ങളില്‍ ഫാഷിസം സാധ്യമാവില്ല. ഇന്ത്യന്‍ ഫാഷിസത്തിന്റെ ആദ്യലക്ഷ്യം മുസ്‌ലിം അപരവത്കരണമാകുന്നത് അങ്ങനെയാണ്. എന്തുകൊണ്ട് മുസ്‌ലിം എന്നതിന് ഹിന്ദു-മുസ്‌ലിം വിശ്വാസ ധാരകളുടെ ഭിന്നത ഒന്നുമല്ല പ്രേരണ. മറിച്ച് സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ ആധുനിക ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്ത ഒന്നാണ് മുസ്‌ലിം എന്നതാണ്. ആധുനിക ഇന്ത്യയുടെ രൂപപ്പെടല്‍ ബ്രിട്ടീഷ് അധിനിവേശത്തിന് എതിരായ അതിന്റെ സമരങ്ങളില്‍ നിന്നാണല്ലോ? ആ സമരങ്ങളാണ് ഇന്ത്യയെ നിര്‍ണയിച്ചതും കണ്ടെത്തിയതും. ഇന്ത്യ എന്ന ആശയം മതേതരവും ബഹുസ്വരവുമായി തഴച്ചത് ആ സമരങ്ങളിലൂടെയാണ്. ആര്യസമാജവും ബ്രഹ്മസമാജവും പോലുള്ള ബ്രാഹ്മണിക് ഹിന്ദു നരേറ്റീവുകള്‍ക്ക് ആധുനിക ഇന്ത്യ എന്ന ആശയത്തെ രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന് ഓര്‍ക്കണം. അങ്ങനെ കഴിഞ്ഞിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നായേനെ. ബ്രാഹ്മണിക് മേധാവിത്തം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളായി മാത്രമേ അവയെല്ലാം എണ്ണപ്പെട്ടുള്ളൂ. മറിച്ച് ദേശീയ പ്രസ്ഥാനമാവട്ടെ നാനാമത ധാരകളെ ആഴത്തില്‍ പ്രതിനിധാനം ചെയ്തു. നിശ്ചയമായും മുസ്‌ലിം ആ ധാരയിലെ പ്രധാന പ്രവാഹമായിരുന്നു. ബ്രിട്ടന്‍ ആസൂത്രണവും കാര്‍മികത്വവും വഹിച്ച വിഭജനത്തിന് ഇന്ത്യ എന്ന ആശയത്തിലെ മുസ്‌ലിം ധാരയെ തരിമ്പും സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ല. വിഭജനാനന്തരവും മുമ്പെന്നതിനെക്കാള്‍ ശക്തമായി ആ പ്രവാഹം ഇന്ത്യയെ മറ്റു ധാരകള്‍ പോലെ ജ്വലിപ്പിച്ചു.

ചരിത്രവശാല്‍ ഇന്ത്യയിലെ ക്രിസ്തുമതം ആധുനികഇന്ത്യയെ രൂപീകരിച്ച ഈ ധാരയിലെ സജീവ പ്രവാഹമായിരുന്നില്ല. അതിന്റെ ഒരു കാരണം അന്നത്തെ പ്രധാനപ്പെട്ട ഇന്ത്യന്‍ സഭകള്‍ ബ്രിട്ടീഷ് അനുകൂലമായിരുന്നു എന്നതാണ്. അതൊരു രഹസ്യമല്ല. ആ അനുകൂലനത്തിന് ചരിത്രപരമായ/ മതപരമായ കാരണങ്ങള്‍ ഉണ്ട് താനും. അതിനെ ഒരു അപരാധമായി ഇന്ന് വിലയിരുത്തുന്നതിലും അര്‍ഥമില്ല.
ഇന്ത്യയിലെയും സവിശേഷമായി കേരളത്തിലെയും ക്രിസ്ത്യന്‍ സഭകളുടെ പൊതുസവിശേഷതകളില്‍ ഒന്ന് സ്ഥാപനപരമായ സുഗമതക്ക് വേണ്ടി മാത്രമുള്ള രാഷ്ട്രീയ ഇടപെടലാണ്. പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ നടത്തുന്ന കുത്തിത്തിരിപ്പുകളെ മാറ്റിനിര്‍ത്തിയാല്‍ വിശ്വാസി മുസ്‌ലിം സംഘടനകളുടെയും നിലപാട് അങ്ങനെത്തന്നെയാണ്. ചരിത്രപരമായി സാഹോദര്യമുള്ള മതവിഭാഗങ്ങളാണ് ഇരുകൂട്ടരും എന്നതുമോര്‍ക്കാം. അബ്രഹാമില്‍ നിന്നാണല്ലോ പുറപ്പാട്. ഇനി അതൊന്നുമോര്‍ത്തില്ലെങ്കിലും ഒരു സംഘര്‍ഷത്തിനും സാധ്യതയില്ലാതെ രണ്ടു വിധത്തില്‍ വിശ്വാസജീവിതവുമായി മുന്നോട്ടുപോകുന്ന രണ്ടു വിഭാഗങ്ങള്‍ എന്ന നിലയില്‍ ശാന്തമായി നില്‍ക്കുന്ന ഒന്നായിരുന്നു കേരളത്തിലെ ക്രിസ്ത്യന്‍-മുസ്‌ലിം വിശ്വാസജീവിതം. സൗഹൃദത്തിന്റെ കാട്ടിക്കൂട്ടലുകളോ വിയോജിപ്പിന്റെ കടന്നാക്രമണങ്ങളോ കണ്ടെടുക്കാനാവാത്തവിധം സമാന്തരമായി സഞ്ചരിക്കുന്ന ഒന്ന്. ആ സമാന്തരതയുടെ ശാന്തതക്കുമേലാണ് വെള്ളിടി പോലെ ബിഷപ്പിന്റെ വാക്കുകള്‍ പെയ്യുന്നത്. അതാകട്ടെ ഒരു ദീര്‍ഘകാല പദ്ധതിയുടെ ആവിഷ്‌കാരവുമാണ്. ആ പദ്ധതിയുടെ പ്രായോജകര്‍ ആരെന്നതില്‍ സംശയമേതുമില്ല-സംഘപരിവാറാണ്. ആ പദ്ധതി നടത്തിപ്പിനായുള്ള കോടാലിയാകാന്‍ പാലാ ബിഷപ്പിനെയും സഹജീവികളെയും പ്രേരിപ്പിക്കുന്നതാകട്ടെ കേരളത്തിലെ ക്രിസ്ത്യാനികള്‍ സ്ഥാപനപരമായി അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും. അധികാരവുമായി പങ്കുചേര്‍ന്നല്ലാതെ നിലനില്‍ക്കാനാവുന്ന ഒരു ഘടനയല്ല കേരളത്തിലെ കത്തോലിക്കാസഭയുടേത്. കേരളത്തില്‍ ഇടത് തുടര്‍ഭരണമാണല്ലോ? ഇപ്പോഴത്തെ നിലയില്‍ ബംഗാള്‍ മാതൃകയില്‍ അത് തുടര്‍ന്നാലും അത്ഭുതമില്ല. കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കാനുള്ള കെ സുധാകരന്റെ പരിശ്രമങ്ങള്‍ മെലിഞ്ഞ ആനയെ തൊഴുത്തില്‍ കെട്ടാനുള്ള പണിയാണ്. കേന്ദ്രത്തിലും ഏറെനാള്‍ വാഴുക ബി ജെ പിയാവും. സ്വാഭാവികമായും ഇടതുപക്ഷവുമായി ഒരു ചാര്‍ച്ച സഭക്ക് സാധ്യമല്ല. അതിന്റെ കാരണവും ചരിത്രപരമാണ്. അപ്പോള്‍ നിങ്ങള്‍ക്ക് കാര്യം പിടികിട്ടിയല്ലോ?
ഹിന്ദു-മുസ്‌ലിം പിളര്‍പ്പും മുസ്‌ലിംവിരുദ്ധതയും മാത്രമാണ് സംഘപരിവാറിന്റെ രാഷ്ട്രീയ മൂലധനം. അത് കേരളത്തില്‍ പച്ച തൊട്ടില്ല ഇതുവരെ. പിടിപ്പത് ശ്രമിച്ചിട്ടും സാധ്യമാകാതിരുന്ന ആ ഹിന്ദു-മുസ്‌ലിം പിളര്‍പ്പ് ആരെയാണ് രാഷ്ട്രീയമായി ഇച്ഛാഭംഗത്തിലാഴ്ത്തിയതെന്ന് മനസിലായല്ലോ? മുസ്‌ലിം അപരവത്കരണത്തിനുള്ള കേരളത്തിലെ ശ്രമങ്ങളെ വിശ്വാസി മുസ്‌ലിം നേതൃത്വവും വിശ്വാസികളും ചേര്‍ന്ന് എത്രയോ വട്ടം നിഷ്ഫലമാക്കിയിരിക്കുന്നു. അതിന് ഒരുപാട് കാരണങ്ങളുണ്ട്. കേരളത്തിന്റെ സാമ്പത്തിക ജീവിതത്തില്‍ ആഴത്തില്‍ പടര്‍ന്ന ഒന്നുകൂടിയാണ് ഹിന്ദു-മുസ്‌ലിം സൗഹാര്‍ദം. എഴുപതുകളില്‍ തളിര്‍ക്കുകയും തൊണ്ണൂറുകളോടെ തഴക്കുകയും ചെയ്ത പ്രവാസജീവിതമാണ് കേരളത്തിന്റെ സാമ്പത്തിക അടിയുറപ്പ്. ഈ സൗഹാര്‍ദത്തിന്റെ നാനാതരം പ്രകാശനങ്ങളില്‍ ഒന്നാണ് പ്രവാസം. വ്യാപാരമെന്നത് സാംസ്‌കാരികതയുടെയും സാമൂഹികതയുടെയും കൂടി അടിപ്പടവാണല്ലോ? അതിനാല്‍ തന്നെ മുസ്‌ലിമിനെ ഹിന്ദുവില്‍ നിന്ന് അടര്‍ത്തി അപരവത്കരിച്ച് കേരളത്തില്‍ വളരാനാവില്ല എന്ന് സംഘപരിവാരത്തിന് എപ്പഴോ ബോധ്യമായതാണ്. ചരിത്രമാണല്ലോ വര്‍ത്തമാനത്തിന്റെ വികാരങ്ങളുടെ പോലും പ്രഭവകേന്ദ്രം. കേരളത്തിന്റെ ചരിത്രത്തിലെമ്പാടും പരസ്പരം വേരാഴ്ത്തി പടര്‍ന്നവരാണല്ലോ മുസ്‌ലിംകളും ഹിന്ദുക്കളും. അതിനാല്‍ത്തന്നെ തീർപ്പു കല്‍പിക്കപ്പെട്ട ആ ചരിത്രം മനുഷ്യരുടെ സജീവ ഓര്‍മകളില്‍ ജ്വലിക്കുന്ന കാലത്തോളം ഒരു ഹിന്ദു-മുസ്‌ലിം പിളര്‍പ്പിന് സാമ്പത്തിക തലത്തിലോ വൈകാരികമായോ കേരളത്തില്‍ വലിയ സാധ്യതകള്‍ ഇല്ല. ഇസ്‌ലാമിനെ തെറ്റായി വായിച്ചും വ്യാഖ്യാനിച്ചും കലപില കൂട്ടുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാമിനോട് പത്തടി അകലം സൂക്ഷിക്കാന്‍ കേരളം മടിക്കാറുമില്ല. താലിബാനെ വിസ്മയമായിക്കണ്ട ജമാഅത്തെ ഇസ്‌ലാമിയോടുള്ള സമീപകാല പ്രതികരണം ഉദാഹരണമാണ്. വ്യത്യസ്തമായിരുന്നില്ല കേരളത്തിലെ കത്തോലിക്കാസഭകളുടെ നിലപാടും. പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ ജോസഫ് എന്ന അധ്യാപകന്റെ കൈ വെട്ടിയ സംഭവം ഓര്‍ക്കുക. കേരളം ഒന്നടങ്കം ഒരേ സ്വരത്തില്‍ അതിനെ അപലപിച്ചു. അക്രമിക്കപ്പെട്ടയാളുടെ മതം വിഷയത്തെ സ്പര്‍ശിച്ചതേയില്ല. ഇതെല്ലാം ചരിത്രപരമായി രൂപപ്പെട്ടു വന്ന ഒരു ജീവിതക്രമത്തിന്റെ പ്രകടനങ്ങളാണ്.
കാര്യങ്ങള്‍ പക്ഷേ, ക്രമത്തില്‍ മാറാന്‍ തുടങ്ങി. ഹിന്ദു-മുസ്‌ലിം പിളര്‍പ്പ് കേരളത്തില്‍ അസാധ്യമെന്നറിഞ്ഞ സംഘപരിവാര്‍ മറ്റൊരു പിളര്‍പ്പിന് സാധ്യതകള്‍ തേടി. അപ്രവേശിതം എന്ന് അവര്‍ കരുതിയിരുന്ന സഭാ കവാടങ്ങളില്‍ അവര്‍ മുട്ടാന്‍ തുടങ്ങി. ക്രിസ്ത്യാനികളും മുസ്‌ലിംകളും കമ്മ്യൂണിസ്റ്റുകാരും ദേശശത്രുക്കളാണെന്ന് വിധിച്ച ഒരു സംഘടനയായിട്ടും അവര്‍ മുട്ടിവിളി തുടര്‍ന്നു. അപ്പോഴേക്കും സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ത്യയില്‍ മാറാന്‍ തുടങ്ങി. 1947 ആഗസ്ത് 15 ലെ പ്രഭാതം മുതല്‍ കേരളത്തിലെ സഭകള്‍ ഒട്ടിനിന്ന പ്രസ്ഥാനം കോണ്‍ഗ്രസായിരുന്നു. അധികാരത്തിലും കോണ്‍ഗ്രസായിരുന്നല്ലോ? കേരളത്തിലാകട്ടെ കമ്യൂണിസ്റ്റുകാരുമായി ഒരു സഹവാസമോ സംഭാഷണമോ വിശ്വാസപരവും സ്ഥാപനപരവുമായ കാരണങ്ങളാല്‍ അവര്‍ക്ക് അസാധ്യമായിരുന്നു. അതിനാല്‍ തന്നെ കോണ്‍ഗ്രസായിരുന്നു അവരുടെ തിരഞ്ഞെടുപ്പ്. പില്‍ക്കാലത്ത് കോണ്‍ഗ്രസ് പിളര്‍ന്ന് അനേകം കേരള കോണ്‍ഗ്രസുകള്‍ ഉണ്ടായപ്പോഴും ജലത്തില്‍ മത്സ്യമെന്ന പോല്‍ സഭകള്‍ കേരള കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും കൂട്ടിപ്പിടിച്ച് അതില്‍ നീന്തി. സ്ഥാപനപരം മാത്രമായിരുന്നു സഭകളുടെ താല്‍പര്യം എന്നതിനാല്‍ ആ ജലജീവിതം കേരളത്തിന്റെ മതേതര -ബഹുസ്വര ജീവിതത്തെ ഒട്ടും തന്നെ അലോസരപ്പെടുത്തിയുമില്ല.

കാര്യങ്ങള്‍ പിന്നെയും മാറി. കോണ്‍ഗ്രസ് സ്വയംകൃതാനര്‍ഥമായി അമ്പേ തകര്‍ന്നു. ബി ജെ പി സ്ഥിരഭരണത്തിന്റെ സൂചനകള്‍ എമ്പാടും നല്‍കി രണ്ടാം വട്ടവും അധികാരമേറി. കേരളം കമ്മ്യൂണിസ്റ്റുകാര്‍ അക്ഷരാര്‍ഥത്തില്‍ പിടിച്ചു. സ്ഥാപനപരമായ അതിജീവനം സഭകള്‍ക്ക് പ്രശ്നമായി. അധികാരത്തിന്റെ തണലില്‍ തഴച്ച സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലായ്മയുടെ വെയില്‍ താങ്ങാനാവില്ല. ആ നിസ്സഹായത അധികാരനദിയിലെ അവരുടെ നീന്തലുകളെ സാരമായി ബാധിച്ചു. ലോകമാകെ ക്രൈസ്തവസഭകള്‍ വന്‍ പ്രതിസന്ധികള്‍ നേരിട്ട കാലവുമാണ്. ലൈംഗികതയില്‍ ഉള്‍പ്പടെയുള്ള മുന്‍നിലപാടുകള്‍ തള്ളേണ്ടി വന്നു. അതും സ്വാഭാവികമാണ്. പരമാധികാരമാണ് സഭയുടെ അടിത്തറ. പള്ളിയാണ് അതിന്റെ കേന്ദ്രം. അതുകൊണ്ടാണ് സഭകളെ സ്ഥാപനപരം എന്ന് ഈ കുറിപ്പില്‍ ആവര്‍ത്തിച്ചു വിശേഷിപ്പിച്ചത്. അതൊരു നിന്ദാ വാചകമല്ല. സ്ഥാപനവുമായി ബന്ധപ്പെട്ട് മാത്രം പ്രാക്ടീസ് ചെയ്യാവുന്ന ഒരു ഘടനയാണ് ക്രിസ്തു മതത്തിന്റേത്. സഭ സ്ഥാപനമാണ്. മാര്‍പാപ്പ അധിപനാണ്. ഇസ്‌ലാമില്‍ നിന്നും ഹിന്ദുവില്‍ നിന്നും എല്ലാം അവരെ വ്യത്യസ്തമാക്കുന്നതും അതാണ്. പള്ളിയല്ലല്ലോ ഇസ്‌ലാമിന്റെ അടിത്തറ, സഭകളുമല്ല. പക്ഷേ, പത്രോസ് എന്ന പാറമേല്‍ പണിത സഭയാണ് ക്രിസ്ത്യാനിറ്റിയുടെ ആധാരം.
സ്ഥാപനം എന്നത് അധികാരവും സമ്പത്തുമായി മാത്രം ബന്ധപ്പെട്ട് വികസിക്കുന്ന ഒന്നാണ്. അതാണ് അതിന്റെ ജൈവ ഘടനയും. വിശ്വാസമാണ് അതിന്റെ ആദ്യ മൂലധനം. ഈ വിശ്വാസത്തില്‍ ലോകവ്യാപകമായി വന്‍ തകര്‍ച്ചകളെ സഭക്ക് നേരിടേണ്ടി വന്നു. കല്ലേല്‍ കൊത്തിയ കല്‍പനകളെ കാലം പഴകിക്കുമല്ലോ. അത് സംഭവിച്ചു. കാലവും ലോകവും മാറി. സൂര്യവെളിച്ചമെന്നപോല്‍ സത്യങ്ങള്‍ വെളിപ്പെട്ടു. കല്ലേല്‍ കൊത്തിയ പലതും സഭക്ക് ഇളക്കിമാറ്റേണ്ടി വന്നു. ആ ഇളക്കിമാറ്റല്‍ സഭാ ഭിത്തികളെ വിറപ്പിച്ചു. ലോകമാകെ വിശ്വാസി നഷ്ടം എന്ന പ്രതിഭാസത്തെ സഭക്ക് അഭിമുഖീകരിക്കേണ്ടി വന്നു. പള്ളികളില്‍ ആളില്ലാതായി. വരുമാനമില്ലാതായി. പ്രതിസന്ധികളായി. പള്ളികള്‍ പൂട്ടിപ്പോയി. സഭാ കല്‍പനകള്‍ കാറ്റില്‍ പറന്നു. തീയില്‍ വെന്തു.

കേരളത്തിലും സ്ഥിതികള്‍ മാറി. അധികാരത്തര്‍ക്കങ്ങള്‍ തെരുവിലേക്കെത്തി. അപ്രമാദിത്വമുണ്ടായിരുന്ന പള്ളിനാഥന്മാരായ വികാരികള്‍ അപഥസഞ്ചാരങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലും ജയില്‍ക്കൂട്ടിലുമായി. റോബിന്‍ മുതല്‍ ഫ്രാങ്കോ വരെ പട്ടിക നീണ്ടു. കന്യാമഠങ്ങളില്‍ ആളില്ലാതായി. കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി. അഭയയുടെ നിലവിളി കേരളമാകെ പരന്നു. സഭാമനുഷ്യര്‍ ജയിലില്‍ കിടക്കുന്നു. സ്ഥാപനപരമായ ലക്ഷ്യങ്ങളോടെ ഏര്‍പ്പെടുത്തിയ പുരോഹിതരുടെ ലൈംഗികജീവിത നിഷേധം കീറാമുട്ടിയായി. മാറിയ കാലം തുറുകണ്ണന്‍ കാലമാണ്. പല വികാരികളും നഗ്നരാക്കപ്പെട്ടു. സഭ നാലാള്‍ മുന്നില്‍ അപമാനിതമായി. പള്ളിത്തര്‍ക്കങ്ങളിലെ തെരുവുയുദ്ധങ്ങള്‍ വിശ്വാസികളെ മടുപ്പിച്ചു. ഇനി പിടിച്ചുനില്‍ക്കല്‍ പ്രയാസമാണെന്ന് സഭാനാഥന്മാര്‍ക്ക് തോന്നാന്‍ തുടങ്ങി.
ക്രൈസ്തവരുടെ പ്രവാസവും പ്രതിസന്ധികളെ നേരിട്ടു. ഇതര വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ക്രൈസ്തവരുടെ പ്രവാസം യൂറോപ്പും അമേരിക്കയുമായി കെട്ടുപിണഞ്ഞതാണ്. അവിടങ്ങളിലെ വിശ്വാസ നഷ്ടവും സാമ്പത്തിക തകര്‍ച്ചയും കേരള ക്രൈസ്തവരെ ബാധിച്ചു. യൂറോപ്പിലും അമേരിക്കയിലും പടര്‍ന്നു പിടിച്ച ഇസ്‌ലാമോഫോബിയ സന്ദേശങ്ങളായി കേരളീയ ക്രൈസ്തവഭവനങ്ങളിലും പെയ്തു തുടങ്ങി. അസ്വസ്ഥതകള്‍ മുറുകി. ക്രൈസ്തവരുടെ മതജീവിതം സഭയെ പരിഗണിക്കാതാവുന്ന പ്രവണതയും വളര്‍ന്നു. വിശ്വാസികള്‍ സഭയെ കണക്കിലെടുക്കാത്ത അവസ്ഥകള്‍ ഉണ്ടായി.

ഇതും പറയണം. ഇപ്പോള്‍ പാലാ ബിഷപ്പും കയ്യാളുകളും അപമാനിക്കാന്‍ ഇറങ്ങിത്തിരിച്ച മുസ്‌ലിം സമൂഹം വിശ്വാസപരമായി കൂടുതല്‍ മതത്മകമാകുന്ന പ്രവണതയും ഉണ്ടായി. പൗരത്വ പ്രതിസന്ധിയും രൂക്ഷമായ അപരവത്കരണവും അവരെ വിശ്വാസത്തിലേക്ക് കൂടുതല്‍ വഴി നടത്തി. പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളെ കള്ളനാണയങ്ങള്‍ എന്നുകണ്ട് അവര്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങി. വിശ്വാസികള്‍ വിശ്വാസത്തിലേക്ക് കൂടുതല്‍ ബലത്തോടെ വന്നു. അരക്ഷിതത്വം അവരുടെ ദൈവവിചാരത്തെ ഉച്ഛസ്ഥായിയില്‍ ആക്കി. വിശ്വാസജീവിതത്തിന് സ്ഥാപനങ്ങള്‍ വേണ്ട എന്നതിനാല്‍, അവരിലേക്ക് ചുരുങ്ങി ആചരിക്കല്‍ സാധ്യമാണ് എന്നതിനാല്‍ കൊവിഡ് അടച്ചിടല്‍ പോലും ഇസ്‌ലാം പ്രാക്ടീസിനെ തരിമ്പും ബാധിച്ചില്ല. വിശ്വാസത്തിലേക്കുള്ള ഈ വികാസം അവരുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ തിളക്കമുള്ളതാക്കി. അവരുടെ ബിസിനസുകള്‍ തളര്‍ന്നില്ല.

ഇതാണ് മുസ്‌ലിം സമുദായത്തോടുള്ള സാമ്പത്തിക അസഹിഷ്ണുതയായി പരിണമിച്ചത്. ആ അസഹിഷ്ണുതയാണ് പാലാ ബിഷപ്പില്‍നിന്ന് പുറപ്പെട്ടത്. ഇസ്‌ലാമിന്റെ ഒരു വിശുദ്ധ പരികല്‍പനയെ ഇസ്‌ലാം വിരുദ്ധമായ ഒരു വൃത്തികെട്ട വാക്കിലേക്ക് കൂട്ടിക്കെട്ടുന്നതിലേക്ക് ആ അസഹിഷ്ണുത വളര്‍ന്നു. കേന്ദ്ര സര്‍ക്കാരും കോടതിയും തള്ളിയ ലൗ ജിഹാദിനെ ഏറ്റെടുക്കാന്‍ നടത്തിയ ശ്രമം പരിഹാസ്യമായി പൊളിഞ്ഞപ്പോഴാണ് ലഹരിയെ കൂട്ടുപിടിച്ചത്. ഒരു മതവിശ്വാസത്തിന്റെ കാമ്പിനെ അക്രമിക്കല്‍. ശിക്ഷാര്‍ഹമായ മതനിന്ദ. അതിലുപരി മുസ്‌ലിംകള്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങളെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം. കേരളമല്ലേ ഇത്? സക്കറിയ എഴുതുന്നു: “”വളരെ കാലം മുമ്പ് പലസ്തീനിലൂടെ പ്രസംഗം പറഞ്ഞു നടന്ന ഒരു ചെറുപ്പക്കാരനെ ബിഷപ്പ് മറന്നെന്നു തോന്നുന്നു. അദ്ദേഹമാണ് നിങ്ങളുടെ ബ്രാന്‍ഡ് നെയിം. അദ്ദേഹം പറഞ്ഞ ചില വാക്കുകളെങ്കിലും ഓര്‍മിച്ചിരുന്നെങ്കില്‍ ഇത്രയും കടുത്ത പദങ്ങള്‍ നമ്മുടെ സഹപൗരരെപറ്റി ബിഷപ്പ് പറയില്ലായിരുന്നു. യേശു എന്ന ആ ചെറുപ്പക്കാരന്‍ പറഞ്ഞ ഒരു കാര്യം ഇതാണ്:

“”നീ ബലിപീഠത്തിങ്കല്‍ കാഴ്ച അര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് പിണക്കമുണ്ട് എന്ന് അവിടെ വച്ച് ഓര്‍മിക്കയാണെങ്കില്‍, കാഴ്ചവസ്തു ബലിപീഠത്തിന്റെ മുമ്പില്‍ വച്ചിട്ട് പോകുക: ആദ്യം നിന്റെ സഹോദരനുമായി രമ്യപ്പെടുക; പിന്നീട് വന്നു കാഴ്ച അര്‍പ്പിക്കുക” (മത്തായി, 5, 2325.). ബിഷപ്പ് എന്നും ബലിപീഠത്തിങ്കല്‍ കാഴ്ചയര്‍പ്പിക്കുന്ന ആളാണ്താനും.

ഇതും മുസ്‌ലിം ചെറുപ്പക്കാര്‍ സഹിക്കും. തലതാഴ്ത്തി, അഗാധമായൊരു വിതുമ്പല്‍ ഉള്ളില്‍ കുരുക്കി അവര്‍ ജീവിതം തുടരും. പാലാ ബിഷപ്പും സഹജീവികളും സംഘപരിവാരവും കൊതിക്കുന്ന ഒരു പിളര്‍പ്പും ഇവിടെ ഉണ്ടാവില്ല. പരമതവിദ്വേഷത്താല്‍ പൈശാചികനായി മാറിയ ഒരു ഫാഷിസ്റ്റ് കഠാരയാഴ്ത്തിയപ്പോള്‍ താണു പോയ ജുനൈദിന്റെ ശിരസ്സും അവന്റെ ഇളം ചോരവീണ് കുതിര്‍ന്ന പെരുന്നാള്‍ കുപ്പായവും കണ്ടപ്പോള്‍ തലകുനിച്ച അതേ വേദനയോടെ ബിഷപ്പിന്റെ വാക്കുകളെയും മറക്കട്ടെ. പൊറുക്കട്ടെ. അവരുടെ മതം അവര്‍ക്കതിന് കരുത്തു നല്‍കുമായിരിക്കും. പക്ഷേ, വിശ്വാസികളും അവിശ്വാസികളും ഇടകലര്‍ന്ന മതേതര കേരളം ഈ ജല്‍പനത്തോട് എങ്ങനെയാണ് വരും നാളുകളില്‍ പ്രതികരിക്കുക? മലയാളി മുസ്‌ലിമിനെ നിങ്ങള്‍ എന്തിന് ഈ പെരുമഴയത്താക്കി വാതിലടക്കാനൊരുങ്ങി എന്ന് കേരളം എഴുന്നേറ്റുനിന്ന് ചോദിക്കില്ലേ? അപ്പോള്‍ ബിഷപ്പ് എന്തു മറുപടി പറയും?

കെ കെ ജോഷി

You must be logged in to post a comment Login