സങ്കീർണമാണ് താലിബാന്റെ രാഷ്ട്രീയ തത്വശാസ്ത്രം

സങ്കീർണമാണ് താലിബാന്റെ രാഷ്ട്രീയ തത്വശാസ്ത്രം

അഫ്ഗാനിസ്ഥാനില്‍ രണ്ടു ദശാബ്ദത്തിന് ശേഷം താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന താലിബാനില്‍ നിന്ന് മാറ്റമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ട്. അങ്ങനെ തോന്നുന്നുണ്ടോ?

വിദേശ നയത്തില്‍ താലിബാന് മാറ്റം വന്നിട്ടുണ്ട്. മറ്റു രാഷ്ട്രങ്ങളുമായി എന്‍ഗേജ് ചെയ്യാന്‍ തയാറാണ്. വിദേശനയത്തെ അവസരമായാണ് താലിബാന്‍ ഇത്തവണ ഉപയോഗിക്കുന്നത്. തൊണ്ണൂറുകളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ കരുത്തോടെയാണ് അവര്‍ അധികാരത്തില്‍ വന്നിരിക്കുന്നത്. തൊണ്ണൂറുകളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായി അവരുടെ കൈകളില്‍ ഉണ്ടായിരുന്നില്ല. ഇന്നങ്ങനെയല്ല, അഫ്ഗാന്‍ അവരുടെ കൈയിലാണ്. തീവ്രവാദികള്‍ക്ക് അഭയം നല്‍കില്ല എന്നത് നയമായി അവര്‍ പറയുകയും ചെയ്യുന്നുണ്ട്. ലോകരാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാകുമെന്നും. ഐ എസ് ഒരു ഭീഷണിയായി മുന്നിലുണ്ട്. അവരുമായുള്ള പോരാട്ടത്തില്‍ താലിബാനെ പങ്കാളിയായി പരിഗണിക്കുമെന്ന് പെന്റഗണ്‍ പറഞ്ഞിട്ടുണ്ട്. നയതന്ത്രബന്ധത്തില്‍ ഈ മാറ്റം കാണാം. ഈ മാറ്റം തന്ത്രപരമാണ്. താലിബാന്റെ മൗലികമായ തത്വശാസ്ത്രത്തില്‍, ആഭ്യന്തര സമീപനങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നതിന് നമ്മുടെ മുന്നില്‍ തെളിവുകളൊന്നുമില്ല. പുറംലോകവുമായിട്ടുള്ള ഇടപെടലുകളിലുള്ള മാറ്റമാണ് ആളുകള്‍ മാറ്റമായി കരുതുന്നത്. 90കളില്‍ അവര്‍ ചെയ്തതെല്ലാം തെറ്റാണെന്ന് താലിബാന്‍ ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. ഇത്തവണ അവര്‍ പറയുന്നത് കുറച്ചുകൂടി സ്വാതന്ത്ര്യം കൊടുക്കുമെന്നാണ്. അക്കാലത്ത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിന് അനുമതിയുണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. കോളജില്‍ പോകാന്‍ അനുവദിക്കുന്നുണ്ട്. ചെറിയ വിട്ടുവീഴ്ചകള്‍ നല്‍കുന്നുണ്ട്. അടിസ്ഥാനപരമായി യാതൊരു മാറ്റവും വന്നിട്ടില്ല.
അതായത് അഫ്ഗാനില്‍ അവർ അവരുടെ മുന്‍കാല നിലപാട് തുടരും. താലിബാന്‍ സര്‍ക്കാരിനെ നോക്കൂ. മുല്ല ഹിബതുള്ള അഖുന്ദ്‌സാദയാണ് സുപ്രീം ലീഡര്‍. തൊണ്ണൂറുകളില്‍ അത് മുല്ല ഉമറായിരുന്നു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രധാനമന്ത്രി കഴിഞ്ഞ സര്‍ക്കാരിലെ വിദേശമന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമാണ്. ഇപ്പോഴത്തെ ഡെപ്യൂട്ടി പ്രധാനമന്ത്രി എന്നു പറയുന്നത് താലിബാന്റെ സ്ഥാപകരില്‍ ഒരാളാണ്. ഹഖാനികള്‍ക്കാണ് ഇന്റീരിയര്‍ മിനിസ്ട്രിയുടെ ചുമതല നല്‍കിയിരിക്കുന്നത്. സിറാജുദ്ദീന്‍ ഹഖാനിക്ക്. അൽഖ്വയ്ദയുമായും ഐ എസുമായും അടുത്ത ബന്ധമുളളയാളാണ് അദ്ദേഹം. അല്‍ഖാഇദയുടെ നേതൃനിരയിലുള്ള വ്യക്തിയായാണ് സിറാജുദ്ദീന്‍ ഹഖാനിയെ 2021 ജൂണിലെ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അഫ്ഗാനിസ്ഥാന്റെ നാഷണല്‍ ഇന്റലിജന്‍സും പൊലീസും അര്‍ധ സൈനിക വിഭാഗവുമൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത് സിറാജുദ്ദീന്‍ ഹഖാനിക്കാണ്. താലിബാന്‍ മാറിയെന്ന് താലിബാനായിട്ട് പറഞ്ഞിട്ടില്ല. ഐഡിയോളജിയില്‍ മാറിയെന്ന് ഞാന്‍ കരുതുന്നില്ല. തിരഞ്ഞെടുപ്പില്‍ അവര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. ആക്ടിംഗ് സര്‍ക്കാര്‍ ആണ്, അതും കഴിഞ്ഞ തവണത്തെപ്പോലെ തന്നെ. തിയോക്രാറ്റിക് സര്‍ക്കാര്‍ വരും. അവരുടെ അജണ്ടകള്‍ നടപ്പാക്കും. താലിബാന്റെ ധാര്‍മികത ജനങ്ങളില്‍ അടിച്ചേല്‍പിക്കുക എന്നതാണ് ആ മന്ത്രിസഭയുടെ ജോലി. റെഫ്യുജീ മിനിസ്ട്രി കൊടുത്തിരിക്കുന്നത് ഖലീല്‍ ഹഖാനിക്കാണ്. അന്താരാഷ്ട്ര സംഘടനകള്‍ക്കും എന്‍ ജി ഒകൾക്കുമൊക്കെ നേരിട്ട് ഇടപെടേണ്ടിവരുന്ന മന്ത്രാലയമാണ് അത്. പ്രത്യേകിച്ച് അഫ്ഗാനില്‍നിന്ന് ഒരുപാട് പേര്‍ പുറംരാജ്യങ്ങളില്‍ പോയിട്ടുള്ളത് കൊണ്ടും വലിയ ബുദ്ധിമുട്ടിലൂടെ അഫ്ഗാന്‍ ജനങ്ങള്‍ കടന്നുപോകുന്നതു കൊണ്ടും. നിങ്ങള്‍ ഇടപെടേണ്ടത് ഹഖാനികളുമായാണ് എന്നാണ് താലിബാന്റെ സന്ദേശം. ഈ സൂചനകളൊക്കെ വെച്ചു നോക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മൗലികമായ മാറ്റം തീവ്ര, പഷ്തൂണ്‍ താലിബാന് വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല.

ഇതൊക്കെയാണെങ്കിലും മറ്റു രാഷ്ട്രങ്ങള്‍ക്ക് താലിബാനുമായി ഇടപെടേണ്ടി വരില്ലേ. ചൈനയും റഷ്യയും ഇറാനും തുര്‍ക്കിയുമൊക്കെ അംഗീകരിക്കുന്നു. താലിബാനെ അംഗീകരിക്കില്ല എന്ന് പറയുന്ന യൂറോപ്യന്‍ യൂണിയന്‍ പോലും അവരുമായി ഇടപെടുമെന്ന് പറയുന്നു. ദോഹ റൗണ്ട് ചര്‍ച്ചയിലൂടെ ഒരു ധാരണയുണ്ടാക്കി പിന്മാറുമ്പോള്‍ വരാന്‍ പോകുന്നത് താലിബാന്‍ ഭരണമായിരിക്കുമെന്ന ബോധ്യമുണ്ടായിരുന്നു അമേരിക്കക്ക്. അന്താരാഷ്ട്ര സമൂഹത്തിന് ഇവരുമായി എന്‍ഗേജ് ചെയ്യേണ്ടി വരും. അതിലൂടെ താലിബാന്‍ നയങ്ങളെ ലോക രാഷ്ട്രങ്ങള്‍ അംഗീകരിക്കുന്നു എന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാക്കില്ലേ?
താലിബാനുമായി എന്‍ഗേജ് ചെയ്യേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങളുടെ കൂടി ആവശ്യമാണ്. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഭീകരവാദത്തിനെതിരായ യുദ്ധം തുടങ്ങി, വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇപ്പോള്‍ അമേരിക്ക പിന്‍വാങ്ങി. എന്നിട്ട് അവിടെ ഭീകരവാദം പരാജയപ്പെട്ടോ. ഇല്ല. ഭീകരവാദം അവിടെ തന്നെയുണ്ട്. ഐ എസ് അവിടെയുണ്ട്. അൽഖ്വയ്ദയുണ്ട്. അമേരിക്കയാണ് പോയത്. അമേരിക്കക്കോ ബ്രിട്ടനോ ഫ്രാന്‍സിനോ ഒക്കെ ഭീകരതക്കെതിരെയുള്ള യുദ്ധം തുടരണമെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ഒരു പങ്കാളി വേണം. ഇന്ന് താലിബാനാണ് ഈ പങ്കാളി. അതുകൊണ്ട് ഈ രാജ്യങ്ങള്‍ക്ക് താലിബാനുമായി ഇടപെട്ടേ മതിയാകൂ. 1990ല്‍ താലിബാന്റെ ലയബിലിറ്റി എന്നത് പറയുന്നത് അൽഖ്വയ്ദയുമായുള്ള ബന്ധമായിരുന്നു. 1998ല്‍ അൽഖ്വയ്ദ അമേരിക്കന്‍ എംബസിയില്‍ ബോംബിട്ടത് മുതല്‍ താലിബാന്‍ ഐക്യരാഷ്ട്ര സഭയുടെയും മറ്റു രാജ്യങ്ങളുടെയും സമ്മര്‍ദത്തിലായിരുന്നു. ഇന്ന് താലിബാന്‍ അവരുടെ വിദേശനയം എന്‍ഗേജ്മെന്റിന്റെ പ്ലാറ്റ്ഫോം ആക്കി മാറ്റുകയാണ് ചെയ്യുന്നത്. തീവ്രവാദത്തിനെതിരെ പൊരുതണം എങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ വേണം എന്നതാണ് താലിബാന്റെ നരേറ്റീവ്. അടിസ്ഥാനപരമായി 20 കൊല്ലം കൊണ്ട് അമേരിക്കയാണ് മാറിയത്, താലിബാനല്ല. രണ്ടായിരത്തി ഒന്നില്‍ താലിബാനെ പുറത്താക്കാനാണ് അമേരിക്ക പോയതെങ്കില്‍ 2021ല്‍ അഫ്ഗാന്‍ വിട്ടുപോകുമ്പോള്‍ കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷക്ക് താലിബാന്റെ സഹകരണം തേടിയാണ് പോവുന്നത്.

ആഭ്യന്തരമായി എന്തു നിലപാടെടുത്താലും അന്താരാഷ്ട്ര സാഹചര്യങ്ങള്‍ താലിബാന് അനുകൂലമാകുമെന്നാണോ?
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഇടപെടല്‍ ലോകരാഷ്ട്രങ്ങളുടെ എന്‍ഗേജ്മെന്റിനെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഉദാഹരണത്തിന് സൗദി അറേബ്യയില്‍ നോക്കിയാല്‍ മതി. 1932ലാണ് ആധുനിക സൗദി അറേബ്യ ഉണ്ടാകുന്നത്. ബ്രിട്ടീഷുകാരുടെ സഹായത്തോടെ അബ്ദുല്‍ അസീസ് രാജാവ് അധികാരത്തിലെത്തി. രണ്ടു വര്‍ഷം മുമ്പ് മാത്രമാണ് അവിടെ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിത്തുടങ്ങുന്നത്.
1940 മുതല്‍ സൗദി അമേരിക്കന്‍ സഖ്യത്തിലാണ്. സൗദി അറേബ്യയിലെ അവകാശങ്ങളെ സംബന്ധിച്ച് ആര്‍ക്കും ആശങ്കകള്‍ ഉണ്ടായിരുന്നില്ലല്ലോ. അവിടെ ഇപ്പോഴും സ്ത്രീകള്‍ക്ക് പുറത്തിറങ്ങുന്നതിന് പുരുഷന്റെ തുണ വേണം. ഇതുതന്നെയാണ് താലിബാനും നടപ്പാക്കാന്‍ പോകുന്നത്. 1932 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ സൗദി അറേബ്യയിലെ ന്യൂനപക്ഷങ്ങളുടെയോ സ്ത്രീകളുടെയോ അവകാശങ്ങള്‍, സൗദി അറേബ്യയുമായി സഖ്യമോ കരാറോ ഉണ്ടാക്കുന്നതിന് മറ്റു രാഷ്ട്രങ്ങള്‍ക്ക് ഒരു തടസമായിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ ഇന്‍ക്ലുസീവ് സര്‍ക്കാര്‍ വേണം എന്നാണ് എല്ലാവരും പറയുന്നത്. സൗദി അറേബ്യയില്‍ ശിയാ വിഭാഗക്കാര്‍ ചെറുതല്ലാതെയുണ്ട്. എന്നിട്ടും ഒരു ശിയാ മിനിസ്റ്ററുണ്ടോ? അവിടെ എന്ത് ഇന്‍ക്ലുസീവ് സര്‍ക്കാര്‍ ആണ് ഉള്ളത്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. പക്ഷേ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകില്ല.
ഇന്ത്യ ഭരിക്കുന്നത് ബി ജെ പിയാണ്. മുസ്‌ലിംകളെ രാജ്യത്തു നിന്ന് ഒഴിവാക്കുന്നതിന് സി എ എ, എന്‍ ആര്‍ സി പോലെയുള്ളവ കൊണ്ടു വന്ന സര്‍ക്കാരാണിത്. ഹിന്ദുത്വ ഐഡിയോളജിയുള്ള ബി ജെ പി സര്‍ക്കാര്‍ ഒന്നിലധികം തവണ താലിബാനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ക്കൊന്നും ചര്‍ച്ച നടത്തുന്നതിന് താലിബാന്‍ നയം തടസമാകുന്നില്ല.

ഐ എസുമായുള്ള പോരാട്ടത്തിന് തങ്ങളുമായി സഹകരിക്കണമെന്നാണ് താലിബാന്‍ പൊസിഷന്‍. അതംഗീകരിക്കേണ്ടിവരുന്ന അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍. പക്ഷേ, ഐ എസിനെയും താലിബാനെയും താരതമ്യം ചെയ്യുമ്പോള്‍ അധികാരമുറപ്പിക്കുന്ന കാര്യത്തിലുള്ള നയവൈജാത്യം മാത്രമേ ഇവര്‍ക്കിടയിലുള്ളൂ. അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ വലിയ ഭിന്നതയില്ല എന്ന് കാണണ്ടേ?
ഐ എസ് ഒരു ട്രാന്‍സ് നാഷണല്‍ ടെററിസ്റ്റ് ഓര്‍ഗനൈസേഷനാണ്. സിറിയ, ഇറാഖ് അടിസ്ഥാനമാക്കിയാണ് ഐ എസ് വരുന്നത്. അവരുടെ അഫ്ഗാനിസ്ഥാനിലെ ബ്രാഞ്ചാണ് ഐ എസ് കെ പി. അഫ്ഗാന്‍ അവര്‍ക്ക് ഒരു വിലായതാണ്(State). ഇവിടെ ഇസ്‌ലാമിക ഭരണം കൊണ്ടുവരിക എന്നതാണ് അവരുടെ ലക്ഷ്യം.
താലിബാന്‍ സൂയിസൈഡ് ബോംബിംഗ് നടത്തിയിട്ടുണ്ട്, ഭീകരവാദ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്, തീവ്രവാദ സംഘടനയാണ് എന്നിങ്ങനെയെല്ലാം ഐ എസുമായും അൽഖ്വയ്ദയുമായും താലിബാനെ താരതമ്യം ചെയ്യാം. അടിസ്ഥാനപരമായി താലിബാന്‍ പഷ്തൂണ്‍ അഫ്ഗാന്‍ നാഷണലിസ്റ്റ് പ്രസ്ഥാനമാണ്. താലിബാന്‍ മറ്റൊരു രാജ്യത്ത് പോയിട്ട് അക്രമണം നടത്തില്ല. അവരുടെ രീതി അങ്ങനെയല്ല. അഫ്ഗാനുളളിലാണ് അവര്‍ പ്രവര്‍ത്തിക്കുക. അതിന്റെ ലോജിക് എന്നത് യഥാര്‍ത്ഥ അധികാരികള്‍ ഞങ്ങളാണ് എന്നതാണ്. അമേരിക്ക വന്നാണ് മുമ്പത്തെ സര്‍ക്കാരുണ്ടാക്കിയത്. ഞങ്ങള്‍ ഒരേ സമയം അമേരിക്കക്കെതിരെയും ഈ സര്‍ക്കാരിനെതിരെയും യുദ്ധം ചെയ്തു. ഇതിന്റെ ഭാഗമായി ഭീകരവാദ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. പട്ടാളക്കാരെ കൊലപ്പെടുത്തുകയും ബോംബെറിയുകയും ചെയ്തിട്ടുണ്ട്. അതിനെയൊന്നും അവര്‍ തള്ളിപ്പറയുന്നില്ല. അത്തരം ഭീകരമായ വഴികളിലൂടെയാണ് അവര്‍ അധികാരത്തിലെത്തിയത്. പക്ഷേ, അവരുടെ പ്രവര്‍ത്തനങ്ങള്‍ അഫ്ഗാന്‍ കേന്ദ്രീകൃതമാണ്. നേരെമറിച്ച് ഐ എസ് ആഗോള തീവ്രവാദ സംഘടനയാണ്. ഇതു രണ്ടിന്റെയും പ്രവര്‍ത്തനത്തില്‍ ഇത്തരമൊരു വ്യത്യാസമുണ്ട്. അടിസ്ഥാനപരമായി അധികാരം തന്നെയാണ് ഇവര്‍ തമ്മിലുള്ള പ്രശ്നം. താലിബാന്‍ ഐ എസിനെ ഭീഷണിയായിട്ടാണ് കാണുന്നത്. അഫ്ഗാനില്‍ മൊത്തം അവരുടെ ഖിലാഫത് സ്ഥാപിക്കുക എന്നതാണ് ഐ എസ് കെ പി ആഗ്രഹിക്കുന്നത്. സ്വാഭാവികമായും ഐ എസും താലിബാനും തമ്മില്‍ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഭിന്നതയുണ്ടായി. പൂര്‍വകാല ചരിത്രം നോക്കിയാല്‍ താലിബാന് എന്നും അടുത്ത ബന്ധമുണ്ടായിരുന്നത് അൽഖ്വയ്ദയുമായിട്ടാണ്. അൽഖ്വയ്ദയുടെ നേതാവ് സവാഹിരിയും മറ്റുള്ളവരും താലിബാന്‍ അമീര്‍ അഖുന്ദ് സാദക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അധികാരതര്‍ക്കത്തിനപ്പുറത്ത് ഇത്തരം സംഘടനകള്‍ തമ്മില്‍ ആശയവിനിമയങ്ങളുണ്ടാകും. അതുണ്ടാക്കാനിടയുള്ള ഭീഷണി?
താലിബാന് എല്ലാ തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടായിരുന്നു. അൽഖ്വയ്ദയുമായുള്ള ബന്ധം താലിബാന്‍ ഒരു കാലത്തും പൂര്‍ണമായും വിഛേദിച്ചിട്ടില്ല. താലിബാന്‍ കാണുന്നത് അഫ്ഗാനിസ്ഥാന്റെ യഥാര്‍ത്ഥ പ്രതിനിധികള്‍ തങ്ങളാണ് എന്നതാണ്. ഐ എസ് ആണ് ഇതിനെ ചോദ്യം ചെയ്യുന്നത്. അൽഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുദ്ധം ചെയ്യുന്നില്ല. ഐ എസാണ് അതു ചെയ്യുന്നത്. അതുകൊണ്ടാണ് ഐ എസിനെ പ്രധാന ഭീഷണിയായി കാണുന്നത്. ഇത്തവണ അവര്‍ അധികാരത്തിലിരിക്കുമ്പോള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് സമയമെടുത്ത് കാണേണ്ടതാണ്. ഇത്തരത്തിലുള്ള സംഘടനകളെയൊന്നും പിന്തുണക്കില്ലെന്നാണ് താലിബാന്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം തഹ്‌രീകെ താലിബാന്‍ പാകിസ്ഥാനും ഇവരുമൊക്കെ ഒരേ മദ്റസയില്‍ നിന്ന് വരുന്നവരാണ്. ദയൂബന്ദി മദ്റസയില്‍ നിന്നാണ് ഇവരുടെ ആവിര്‍ഭാവം. പാകിസ്ഥാനിലെ ജംഇയ്യതുല്‍ ഇസ്‌ലാം എന്ന സംഘടനയില്‍നിന്നാണ് റൂട്ട്. ഇവരില്‍ സലഫിസ്റ്റ് സ്വാധീനം കാണാം. മൗലാന അബുല്‍ അഅ്ലാ മൗദൂദിയുടെ സ്വാധീനവും കാണാം.

ദയൂബന്ദി മദ്റസ യാഥാസ്ഥിതിക നിലപാടുകള്‍ പിന്തുടര്‍ന്നിരുന്നു. പക്ഷേ, തീവ്രവാദ നിലപാടുകളെടുത്തതായി കാണാനാകില്ല. പക്ഷേ, അവിടെനിന്ന് താലിബാനിലേക്ക് വരുമ്പോള്‍ തീവ്ര നിലപാടുകളായി മാറുന്നു. ദയൂബന്ദി മദ്റസയിലേക്ക് സലഫിസം എപ്പോഴാണ് കയറി വരുന്നത്?
റബ്ബാനിയുടെയും അഹ്മദ് ഷാ മസൂദിന്റെയുമൊക്കെ പാര്‍ട്ടികള്‍ മുസ്‌ലിം കേന്ദ്രീകൃതമായ രാഷ്ട്രീയമായിരുന്നു. എങ്കിലും കുറേക്കൂടി ജനാധിപത്യം പറഞ്ഞിരുന്നവരാണ്. ഗുല്‍ബുദ്ദീന്‍ ഹിക്മതിയാരുടേത് തീവ്രവാദ നിലപാടും. ഇവര്‍ക്കൊപ്പം ഉസാമ ബിന്‍ ലാദന്‍ ഉള്‍പ്പെടെ നിരവധി അറബ് പോരാളികളുമുണ്ടായിരുന്നു. ദയൂബന്ദി മദ്റസ എന്നു പറയുന്നത് സലഫി മദ്റസ അല്ല. കൃത്യമായ ഒരു സലഫി സ്വാധീനം വരുന്നത് മുജാഹിദീന്റെ ഫണ്ടിംഗ് സമയത്താണ്. അമേരിക്കയും പാകിസ്ഥാനും സൗദി അറേബ്യയും കൂടിയാണ് മുജാഹിദുകളെ ഫണ്ട് ചെയ്തത്. സൗദി ഉള്‍പ്പെടെ മറ്റു രാഷ്ട്രങ്ങളില്‍ നിന്നും വന്ന് അഫ്ഗാനില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ യുദ്ധം ചെയ്യുക എന്ന ലക്ഷ്യത്തില്‍ വന്നവര്‍. ആ സംഘമാണ് റബ്ബാനിയുടെയും അഹ്മദ് മസൂദിന്റെയും കൂട്ടരെ തുണച്ചത്. 1980കളുടെ അവസാനത്തിലാണ് ഉസാമ ബിന്‍ ലാദന്‍ എത്തുന്നത്. മുല്ല ഉമറും മുല്ല ഹസനും മുല്ല ബരാദും എല്ലാം മുജാഹിദുകളുടെ നേതാക്കളായിരുന്നു. ഇവരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് സലഫി ആശയങ്ങളായിരുന്നു.
സിയാഉല്‍ ഹഖ് പ്രസിഡന്റായിരിക്കെ പാകിസ്ഥാനില്‍ ശരീഅതുവത്കരണം നടന്നു. മൗലാന മൗദൂദിയുടെ ആശയങ്ങളെ സിയ പിന്തുടര്‍ന്നിരുന്നുവല്ലോ. സിയയുടെ, പാകിസ്ഥാന്റെ പിന്തുണ, മൗദൂദി ആശയങ്ങളെക്കൂടി താലിബാനിലേക്ക് എത്തിച്ചു. ഒരു മിശ്രിതം. പൂര്‍ണമായും ഒരു സലഫി സംഘമല്ല താലിബാന്‍.

സലഫിസം, മൗദൂദിയുടെ ആശയങ്ങള്‍, സിയയുടെ ഏകാധിപത്യ ഭരണത്തിന്റെ സ്വാധീനം ഇതൊക്കെ എങ്ങനെയാണ് ഒരു പുതിയ സംഘത്തെ രൂപപ്പെടുത്തുന്നത്. ഇതിലെല്ലാത്തിലും വൈരുധ്യങ്ങളുമുണ്ടല്ലോ?
1992 മുതല്‍ 1996 വരെ വലിയൊരു സിവില്‍ വാറിലൂടെയാണ് അഫ്ഗാന്‍ കടന്നു പോകുന്നത്. റബ്ബാനിയും മസൂദുമായിരുന്നു അഫ്ഗാനില്‍ അധികാരത്തിലിരുന്നത്. അതുവരെ സോവിയറ്റ് കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ പോരാടിയത് അബ്ദുറഷീദ് ദോസ്തം, മസൂദ്, മുല്ല ഉമര്‍, മുല്ല ബരാദര്‍, ഹിക്മതിയാര്‍ എന്നിവരെല്ലാം ഒരുമിച്ചാണ്. എന്നാല്‍ അഫ്ഗാന്‍ ഭരണം വീണതിനുശേഷം ഭരണം പിടിച്ചത് താജിക്കുകള്‍ ആണ്. ഇത് സ്വാഭാവികമായും അവിടത്തെ പഷ്തൂണുകളെ സര്‍ക്കാരില്‍നിന്ന് അകറ്റി. ഇതില്‍ മസൂദും റബ്ബാനിയും ഇന്ത്യയുമായി ബന്ധമുള്ള ആളുകളായി പാകിസ്ഥാന്‍ കണ്ടു. പാകിസ്ഥാന്‍ അവരുടെ സ്വാധീനം വീണ്ടെടുക്കാനായി ഹിക്മതിയാരിനെ ആണ് നിയോഗിക്കുന്നത്. അദ്ദേഹമാണ് അവിടുത്തെ പഷ്ത്തൂണ്‍ വിഭാഗത്തിലെ വാര്‍ ലീഡര്‍.
ആ സമയത്താണ് കാണ്ഡഹാറില്‍ ആളുകളെ സംഘടിപ്പിച്ച് മുല്ല ഉമര്‍ രംഗത്തുവരുന്നത്. അങ്ങനെ മുല്ല ഉമര്‍ പുതിയ ഹീറോ ആയി. അവരുടെ മദ്റസകളില്‍ പഠിപ്പിച്ചിരുന്നത് സലഫിസം തന്നെയായിരുന്നു. അദ്ദേഹം മിലീഷ്യ ഗ്രൂപ്പ് ഉണ്ടാക്കുന്നു. ഹിക്മതിയാറിനു കാബൂള്‍ പിടിച്ചെടുക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് മുല്ല ഉമര്‍ ഹീറോ ആയി ഉയര്‍ന്നുവരുന്നത്. സലഫിസവും മൗദൂദിസവും ഒക്കെ വരുന്നത് ഇതില്‍ നിന്നാണ്. ഇവര്‍ ഉണ്ടാക്കിയ മിലീഷ്യ ഗ്രൂപ്പ് കാണ്ഡഹാറില്‍ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. അങ്ങനെയാണ് ഐ എസ് ഇവരെ പിന്തുണക്കാന്‍ തീരുമാനിക്കുന്നത്. പല ഗ്രൂപ്പുകളുടെ പോരാട്ടത്തില്‍ ഛിന്നഭിന്നമായ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് മുല്ല ഉമര്‍ വരുന്നത് എന്നതാണ് ശ്രദ്ധേയം.

കാബൂളില്‍ പ്രവാചകന്‍ ഉപയോഗിച്ചിരുന്ന പുതപ്പ് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് പുതച്ചാണ് കാണ്ഡഹാറിലെ പളളിക്ക് മുകളില്‍ മുല്ലാ ഉമര്‍ പ്രത്യക്ഷപ്പെടുന്നത്. ഈ പുതപ്പിനെ ഒരാത്മീയാധികാര ചിഹ്നമായിട്ടായിരിക്കും അവര്‍ കാണുന്നത്. അവിടെവെച്ച് ഞാനാണ് നിങ്ങളുടെ നേതാവ് എന്ന് അദ്ദേഹം വിളിച്ചു പറയുന്നുണ്ട്. മതം ഉപയോഗിച്ചുകൊണ്ട് ഉയര്‍ന്നുവരുന്ന ഇവരെ ഐ എസ് പിന്തുണക്കുകയും അങ്ങനെ 1994ല്‍ താലിബാന്‍ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. 1996 സെപ്തംബറില്‍ അവര്‍ കാബൂളില്‍ എത്തി.

ഈ ആശയധാരയിലെങ്ങനെയാണ് പൊളിറ്റിക്കല്‍ ഇസ്‌ലാം ചേരുക?
വഹാബിസം മോണോലിതിക് ആയ സംഗതിയല്ല. പൊളിറ്റിക്കല്‍ ഇസ്‌ലാമിന് സൗദി എതിരാണ്. രാജാവിന് മാത്രമേ സൗദിയില്‍ അധികാരമുള്ളൂ. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിട്ടുള്ള കരാറിന്റെ ഭാഗമായിട്ട് ഇപ്പോഴും ഇത് തുടര്‍ന്നു പോകുന്നു. വഹാബികള്‍ക്ക് അവരുടെ ആശയം പ്രചരിപ്പിക്കാന്‍ ഉള്ള അധികാരം സൗദി സര്‍ക്കാരും നല്‍കുന്നു. അതുകൊണ്ടാണ് കണ്‍സര്‍വേറ്റീവ് സൊസൈറ്റിയായി സൗദി ഇപ്പോഴും തുടരുന്നത്. അൽഖ്വയ്ദ പോലുള്ള സംഘടനകളെ നോക്കിക്കഴിഞ്ഞാല്‍ സലഫി ജിഹാദിസത്തിന്റെ ആശയം തന്നെയാണുള്ളത്. ഐ എസ് പോലുള്ള സംഘടനകളിലേക്ക് എത്തുമ്പോള്‍ സലഫിസം വയലന്റായി മാറി സലഫി ജിഹാദിസം രൂപപ്പെടുന്നു. താലിബാന്‍ എന്ന സംഘടനയിലേക്ക് വരുമ്പോള്‍ ഒരു ഫ്യൂഷന്‍ ആണ് നാം കാണുന്നത്. പ്രവാചകന്റെ പുതപ്പ് പുതച്ചുകൊണ്ടുവരിക എന്നുള്ളത് സലഫികള്‍ ചെയ്യുന്ന കാര്യമല്ല. അതില്‍ അവര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ താലിബാന്‍ പറയുന്നത് ഏറ്റവും ശുദ്ധമായ ഇസ്‌ലാമിക രീതിയില്‍ ജീവിക്കണം എന്നാണ്. അതുകൊണ്ടാണ് താടി വെട്ടാന്‍ പാടില്ല എന്നു പറയുന്നത്. ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നത്. അതേസമയം ഭരണത്തില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ സ്വാധീനം കാണാം. താലിബാന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ തത്വശാസ്ത്രം സങ്കീര്‍ണമാണ് എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ അത് യുണീക്ക് ആണ്. അത് സാധ്യമാണ് എന്നു കൂടി നാം മനസിലാക്കണം. വ്യത്യസ്തമായ രീതിയിലായിരിക്കും എന്നുമാത്രം. ഈജിപ്തിലെ സലഫികള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നുണ്ട്. മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമി പിന്നീട് തിരഞ്ഞെടുപ്പിനെ സ്വീകരിക്കുന്നു. ഇങ്ങനെ പല പരിണാമങ്ങളിലൂടെ അവര്‍ കടന്നു പോകുന്നുണ്ട്.

90കളിലെ അഫ്ഗാന്‍ ജനതയല്ല, 2021ല്‍ താലിബാനു മുന്നിലുള്ളത്. അതുകൊണ്ട് താലിബാന്‍ വേറൊരു തലത്തിലുള്ള പ്രതിരോധരീതി അഭിമുഖീകരിക്കേണ്ടി വരുമോ?
റസിസ്റ്റന്‍സ് ചെറിയ രീതിയില്‍ അവിടെയുണ്ട്. സ്ത്രീകള്‍ താലിബാനെതിരെ സമരം ചെയ്യുന്നത് നാം കണ്ടു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അഫ്ഗാനില്‍ ഒരു സിവില്‍ സൊസൈറ്റി വളര്‍ന്നു വന്നിട്ടുണ്ട്. പ്രശ്നം, ഏതു ഭരണകൂട രീതിയാണ് താലിബാന്റേത് എന്നതാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാല്‍ ഒരു രാഷ്ട്രീയ എതിരാളി ഇല്ല. രാഷ്ട്രീയ പ്രതിപക്ഷം ഉണ്ടായിരുന്നെങ്കില്‍ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാവും. ഏകാധിപത്യ രാഷ്ട്രങ്ങളില്‍ ഒക്കെ ഇത് നടക്കുന്നുണ്ട്. അഫ്ഗാനിലെ നഗരങ്ങളില്‍ ജീവിച്ചവര്‍ അനുഭവിച്ച ചെറിയ സ്വാതന്ത്ര്യങ്ങള്‍ പോലും ഇല്ലാതിരിക്കുമ്പോഴുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകാം. ഇതിനെ താലിബാന്‍ രൂക്ഷമായി നേരിടാനാണ് സാധ്യത. താലിബാനുമായി നല്ല ബന്ധമുണ്ടാക്കിയ ഇറാന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ നോക്കൂ. വളരെ രൂക്ഷമാണത്. ഹസാരെ ശിയാക്കളെ താലിബാൻ പൂര്‍ണമായും സര്‍ക്കാരില്‍ നിന്ന് പുറത്താക്കി.

33 പേരുടെ ഗവണ്‍മെന്റ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 30 പേര്‍ പഷ്ത്തൂണ്‍ ആണ്. രണ്ടുപേര്‍ താജിക്കും ഒരാള്‍ ഉസ്ബക്കും ആണ്. അഫ്ഗാന്‍ ജനസംഖ്യയുടെ 10 ശതമാനം ഹസാരെ ശിയാക്കള്‍ ആണ്. അവരെ പൂര്‍ണമായി അധികാരത്തില്‍ നിന്ന് പുറത്താക്കി. ഇറാന്റെ സമ്മര്‍ദം ഉണ്ടായിട്ടും ഇത് ചെയ്തു എന്ന് പറയുമ്പോള്‍ താലിബാന്റെ രാഷ്ട്രീയം വ്യക്തമാണ്.

സ്റ്റാൻലി ജോണി/ രാജീവ് ശങ്കരൻ
(തുടരും)

You must be logged in to post a comment Login