വിശ്വാസത്തിന്റെ പ്രചോദനം ലോകത്തിന്റെ നെറുകയില്‍

വിശ്വാസത്തിന്റെ പ്രചോദനം ലോകത്തിന്റെ നെറുകയില്‍

ഇസ്‌ലാമിക ചരിത്രം മത-രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളാല്‍ സമ്പന്നമാണ്. ചരിത്രത്തിലെ വ്യത്യസ്തമായ മേഖലകളില്‍ അവരുടെ സംഭാവനകള്‍ അടയാളപ്പെട്ടു കിടപ്പുണ്ട്. പ്രവാചക വചനങ്ങള്‍ രേഖപ്പെടുത്താനും നിയമാനുസൃതം കൈമാറാനും പുരുഷന്മാരെക്കാള്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് സ്ത്രീകള്‍. സൂഫിസത്തിന്റെ ആഴങ്ങളിലും വികാസങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്തിയവരും അവരുടെ കൂട്ടത്തിലുണ്ട്. പാരമ്പര്യ വിശ്വാസാദര്‍ശങ്ങളും വേഷവിധാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് അവര്‍ വിദ്യാഭ്യാസ-ധൈഷണിക രംഗങ്ങളില്‍ സ്വന്തം ഭാഗധേയം നിര്‍വഹിച്ചത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാക്ഷരതാവിസ്ഫോടനത്തിന്റെ ഭാഗമായി പുരുഷ- സ്ത്രീ ഭേദമന്യേ പൊതുവിദ്യാഭ്യാസ രംഗവും തുറന്ന തൊഴിലവസരങ്ങളും മുസ്‌ലിം സ്ത്രീകളിലും വലിയ മാറ്റങ്ങളുണ്ടാക്കി. പ്യൂ റിസര്‍ച്ച് സെന്ററിന്റെ അഭിപ്രായത്തില്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മതവിഭാഗമാണ് മുസ്‌ലിംകള്‍. സാമ്പത്തികമായും സാംസ്‌കാരികമായും രാഷ്ട്രീയമായുമുള്ള മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചക്കുള്ള പ്രധാനകാരണം, മുസ്‌ലിം സമൂഹങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെയും വികാസത്തില്‍ മുസ്‌ലിം സ്ത്രീകള്‍ വഹിക്കുന്ന അനല്‍പമായ പങ്കാണ്. ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ പരിശീലിക്കുന്ന മതവിദ്യാഭ്യാസം നിമിത്തമാകുന്നുണ്ട്. ഉചിതമായ മതപരിശീലനത്തിലൂടെ സ്വഭാവസംസ്‌കരണം നേടുകയും അതുവഴി സകല മേഖലകളിലും അവര്‍ വിശ്വാസം ആർജിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ മറ്റു മേഖലകളിലെന്ന പോലെ വ്യക്തിപരമായും സാമുദായികമായും സ്വന്തം വിശ്വാസ ജീവിതത്തിന്റെ ഉടമസ്ഥാവകാശവും ഉത്തരവാദിത്വവും അവകാശപ്പെടാന്‍ അർപ്പണബോധമുള്ളവരും സര്‍ഗാത്മകമായ വികാസം പ്രാപിച്ചവരുമാണെന്ന് ഇതിനകം മുസ്‌ലിം സ്ത്രീകള്‍ തെളിയിച്ചിട്ടുണ്ട്. മുസ്‌ലിം ഐഡന്റിറ്റി എന്നതിലുപരി ഇസ്‌ലാമിലെ വിശ്വാസം മുഖേനയാണ് അവര്‍ക്കിതു സാധ്യമാകുന്നത്.

ഹിജാബും സ്ത്രീകളും
ഹിജാബിന് പല മാനങ്ങളുണ്ട്. വ്യക്തിത്വവും ജീവിക്കുന്ന ചുറ്റുപാടുമനുസരിച്ച് മതഭക്തിയുടെ ചിഹ്നമായും സ്വത്വത്തിന്റെ പ്രതീകമായും സ്ത്രീയവകാശങ്ങളുടെ കവചമായും ഫാഷനായും ഹിജാബിന് ഇടമുണ്ട്. ആഗോളതലത്തില്‍, സ്ത്രീകള്‍ക്ക് അവരുടെ ശരീരം മറയ്ക്കാനുള്ള വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശം ഹിജാബോഫോബിയയിലും ഇസ്‌ലാമോഫോബിയയിലും വേരൂന്നിയ വിവാദ വിഷയമായി മാറിയിരിക്കുന്നു. മുസ്‌ലിം സ്ത്രീകള്‍ ഹിജാബ്, നിഖാബ് അല്ലെങ്കില്‍ ബുര്‍ഖ ധരിക്കുന്നത് സമീപകാലത്ത് മതപരവും സാംസ്‌കാരികവുമായ ശത്രുതയ്ക്ക് കാരണമായിട്ടുണ്ട്.

അറബിയില്‍ ഹിജാബ് എന്നാല്‍ മറ എന്നാണ്. അപരന്റെ കാഴ്ചയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കലാണ് ഹിജാബിന്റെ പ്രഥമ ദൗത്യം. സ്ത്രീകള്‍ മൂടുപടം ധരിക്കുന്ന രീതിക്ക് ഏറെ പഴക്കമുണ്ട്. ബിസി 2500 വരെ, സ്ത്രീകള്‍ മൂടുപടം ധരിച്ചിരുന്നതായി രേഖകളിലുണ്ട്. വിവിധ സമൂഹങ്ങളില്‍ മാന്യമായ വസ്ത്രധാരണം ശീലമാക്കിയവരും ചരിത്രത്തിലുണ്ട്. പുരാതന മെസൊപ്പൊട്ടേമിയ, ബൈസന്റൈന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍ ദേശങ്ങളിലെ സ്ത്രീകളും പല സാമ്രാജ്യങ്ങളുടെ അധിപകളും മാന്യതയുടെ അടയാളമായി മൂടുപടം ധരിച്ചിരുന്നു. ഇസ്‌ലാം മതം, യഹൂദമതം, ക്രിസ്തുമതം എന്നീ മൂന്ന് അബ്രഹാമിക വിശ്വാസങ്ങളില്‍ അര്‍പ്പണബോധമുള്ള നിരവധി സ്ത്രീകള്‍ മൂടുപടം വസ്ത്രത്തിന്റെ ഭാഗമായി തിരഞ്ഞെടുത്തിരുന്നു.

ഇസ്‌ലാമില്‍ ഹിജാബിന്റെ യഥാര്‍ത്ഥ ലക്ഷ്യം ദൈവത്തോടുള്ള സ്ത്രീയുടെ വ്യക്തിഗത ബന്ധം ശക്തിപ്പെടുത്തുകയാണ്. ഇത് ആഴത്തിലുള്ളൊരു വൈയക്തിക തിരഞ്ഞെടുപ്പാണ്. എളിമയോടെ ജീവിക്കുക എന്ന അല്ലാഹുവിന്റെ കല്‍പന നിറവേറ്റാനുള്ള ഒരു മാര്‍ഗമായി സ്ത്രീകള്‍ ഹിജാബിനെ കാണുന്നുണ്ട്.
ഇത് സ്ത്രീയുടെ ഒരവകാശമാണ്, നിസ്സാരമായി കാണേണ്ടതല്ല. ഈ അദൃശ്യമായ എളിമയില്‍ പല സ്ത്രീകളും ആശ്വാസവും സുരക്ഷിതത്വവും കണ്ടെത്തുന്നുണ്ട്. മൂടുപടം ധരിച്ച് പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് പുരുഷന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലേക്ക് സഞ്ചരിക്കുമ്പോള്‍ പോലും കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. ഖുര്‍ആന്റെ ആശയം ഗ്രഹിക്കാം: “പ്രവാചകരേ, നിങ്ങളുടെ ഭാര്യമാരോടും പുത്രിമാരോടും വിശ്വാസികളുടെ സ്ത്രീകളോടും അവരുടെ മൂടുപടം താഴ്ത്തിയിടാന്‍ പറയുക. അതാണ് അവര്‍ക്ക് കൂടുതല്‍ അനുയോജ്യവും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മുന്‍കരുതലും. അല്ലാഹു മാപ്പരുളുന്നവനും കരുണാനിധിയുമാണ്.’ ഹിജാബ് ധരിക്കുന്നത് പൊതുസ്ഥലത്ത് ലൈംഗികാതിക്രമങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നു. ഹിജാബ് ധരിക്കുന്നവര്‍ സ്വശരീരം കൂടുതല്‍ വിലമതിക്കുന്നതാണെന്ന കാഴ്ചപ്പാടുള്ളവരാണ്. വസ്ത്രത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രഹേളികയെ അവര്‍ പരിഗണിക്കുന്നേയില്ല. പുരോഗമനം എന്നു പേരിട്ട വിവസ്ത്രതയെ സ്വീകരിക്കുന്നത് മാന്യമായ രീതിയല്ല എന്ന നിഗമനത്തിലാണ് അവരുള്ളത്. ശരീരം തുറന്നിട്ടവര്‍ക്കു മാത്രമേ സാമൂഹ്യ പരിഷ്‌കരണത്തിലും ലോക വ്യവഹാരങ്ങളിലും ഇടമുള്ളൂ എന്ന കുയുക്തികളൊന്നും ഹിജാബിനെ സ്നേഹിക്കുന്നവര്‍ക്കില്ല. ശരീരം പൂര്‍ണമായി മറച്ചു കൊണ്ടു തന്നെ സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇടപെടാമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ശോഭിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഹിജാബോഫോബിയയില്‍ വേരൂന്നിയ “അടിച്ചമര്‍ത്തലിന്റെ’ ആഖ്യാനങ്ങള്‍ പരക്കെ പ്രത്യക്ഷപ്പെട്ടിട്ടും പുരുഷ നോട്ടത്തിന്റെ പ്രയോജനത്തിനായി മാത്രം പരസ്യമായി ശരീര ഭാഗങ്ങള്‍, അതെത്ര നിസാരമായ ഭാഗമാണെങ്കിലും, പ്രദര്‍ശിപ്പിച്ച് വസ്ത്രം ധരിക്കുന്നത് വിമോചനത്തിന് തുല്യമല്ലെന്ന് പല സ്ത്രീകളും വിശ്വസിക്കുന്നു.

ആഗോളശ്രദ്ധയില്‍
മുസ്‌ലിം സ്ത്രീകള്‍ക്ക് പാരമ്പര്യമായ അതേ വേഷവിധാനത്തില്‍ തന്നെ കൂടുതല്‍ ആഗോളശ്രദ്ധ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഹിജാബ് ധാരണം കൂടുതല്‍ സാംസ്‌കാരിക അംഗീകാരം നേടുന്നുണ്ട്. ഒളിംപിക്സ് വേദിയില്‍ ശരീരം പ്രദര്‍ശിപ്പിക്കാത്ത വസ്ത്രമേ ധരിക്കൂ എന്നു പ്രഖ്യാപിച്ച ജര്‍മന്‍ വനിത അത്്ലറ്റുകള്‍ സമീപകാല മാതൃകയാണ്. കോണ്‍സ്റ്റബിള്‍ സീന അലി അടുത്തിടെ ന്യൂസിലാന്റിലെ ആദ്യത്തെ ഹിജാബീ പൊലീസ് ഓഫീസര്‍ ആയി ചരിത്രം സൃഷ്ടിച്ചു. യുകെയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായപ്പോള്‍ റാഫിയ അര്‍ഷാദ് ഒരു ട്രയല്‍ബ്ലേസറായിരുന്നു. എന്‍സിഎഎ ഡിവിഷന്‍ ബാസ്‌കറ്റ്ബോളിലെ ആദ്യത്തെ ഹിജാബി കളിക്കാരിയായി മാറി ബില്‍ഖിസ് അബ്ദുല്‍ ഖാദിര്‍. പാശ്ചാത്യ ഫാഷന്‍ ക്യാമ്പയിനിലെ ആദ്യത്തെ ഹിജാബി മോഡലായി മരിയ ഇദ്രിസി പേരെടുത്തു.

കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്മാരായ നിരവധിയാളുകളുടെ പേരുകള്‍ മനസിലുണ്ടാവും. പക്ഷേ, ആദ്യ വ്യക്തിഗത കമ്പ്യൂട്ടര്‍ രൂപകല്‍പ്പന ചെയ്ത മറിയം “അല്‍-ആസ്ട്രോലാബിയ’ അല്‍-ഇജ്‌ലിയയെ ആരും ഓര്‍ത്തെന്നു വരില്ല. പത്താം നൂറ്റാണ്ടില്‍ സിറിയയില്‍ ജനിച്ചുവളര്‍ന്ന അല്‍-ഇജ്‌ലിയ പിതാവില്‍ നിന്ന് ഡിസൈന്‍ വിദ്യകള്‍ പഠിച്ചു. “അല്‍-ആസ്ട്രോലാബിയ’ എന്ന വിളിപ്പേര് യാദൃഛികമല്ല. സൂര്യന്റെയും ഗ്രഹങ്ങളുടെയും സ്ഥാനം നിര്‍ണയിക്കുന്നതിനുള്ള നൂതന ഉപകരണമായിരുന്നു അവരുടെ ഒറ്റ കൈകൊണ്ട് നിര്‍മിച്ച ആസ്ട്രോലാബ്. ജ്യോതിശാസ്ത്രത്തിലെ നിസ്തുലമായ സംഭാവനകള്‍ അവരുടെ പേരിലുണ്ട്. അലെപ്പോയിലെ ഭരണാധികാരി സെയ്ഫ് അല്‍ ദാവ്്ലയാണ് മരിയയെ നിയമിച്ചത്.

മുസ്‌ലിം വനിത ശാസ്ത്രജ്ഞരില്‍ അല്‍- ഇജ്്ലിയ ഒറ്റയ്ക്കല്ല. എ ഡി 859-ല്‍ ഫാത്തിമ അല്‍-ഫിഹ്‌രി ലോകത്തിലെ ആദ്യത്തെ സര്‍വകലാശാലയായ അല്‍ ഖറവിയ്യീന്‍ മൊറോക്കോയിലെ ഫേസില്‍ സ്ഥാപിച്ചു. ഇത് മുസ്‌ലിം ലോകത്തെ പ്രമുഖ ബൗദ്ധിക കേന്ദ്രമായി വികസിച്ചു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഉന്നത വിദ്യാഭ്യാസ സമുച്ഛയമായി ഇന്നും ഇത് പ്രവര്‍ത്തിക്കുന്നു.

2015 ല്‍, ശാസ്ത്രലോകത്തിന്റെ ശ്രദ്ധ രാജകുമാരി നോറ ബിന്‍ അബ്ദുറഹ്മാന്‍ സര്‍വകലാശാലയിലെ സൗദി വിദ്യാര്‍ഥിനികളിലേക്ക് തിരിഞ്ഞു. ബെഡൂര്‍ അല്‍-മഗ്‌രിബി, മഹാ അല്‍-ഖഹ്താനി, തെക്ര അല്‍- ഉതൈബി എന്നിവര്‍ സെന്‍സറി ന്യൂറോപ്പതി പ്രശ്നങ്ങളുള്ള രോഗികളില്‍ ഇന്ദ്രിയ പുനരധിവാസത്തിനും ഉത്തേജനത്തിനുമുള്ള ഉപകരണം കണ്ടുപിടിച്ചു. അതേസമയം, അല്‍-മഗ്‌രിബിയും അല്‍-ഖഹ്താനിയും ആളുകള്‍ക്ക് സെറിബ്രല്‍ അന്ധതക്കുള്ള ഗ്ലാസുകള്‍ രൂപകല്‍പ്പന ചെയ്തു. ഈജിപ്ഷ്യന്‍ വംശജയായ ഡോ. തഹീന അമേര്‍ നാസയിലെ പ്രഗത്ഭയായ ടെക്നോളജിസ്റ്റാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും, എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും, വിര്‍ജീനിയയിലെ നോര്‍ഫോക്കിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റും നേടി, അമേര്‍ വ്യോമ ഗവേഷണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു.

മക്കയിലെ പ്രശസ്ത ശാസ്ത്രജ്ഞയാണ് ഡോ. ഹയാത്ത് സിന്ധി. കൂടാതെ മിഡില്‍ ഈസ്റ്റില്‍ നിന്ന് ബയോടെക്നോളജിയില്‍ പിഎച്ച്ഡി നേടിയ ആദ്യ വനിതയും അവരാണ്. ആഗോള ആരോഗ്യ പരിപാലനത്തിലെ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന അവര്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും സ്ഥാപിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് എന്റര്‍പ്രൈസ് കോംപറ്റീഷനില്‍ തന്റെ സംഘടനക്കായി ഒരു ലക്ഷം ഡോളര്‍ നേടിയെടുത്തിട്ടുണ്ട്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പത്തു മില്യന്‍ ഡോളറും ഗ്രാന്റായി നേടുകയുണ്ടായി. 2018 ല്‍, ഹയാത്ത് സിന്ധി ബിബിസിയുടെ ലോകത്തെ 100 പ്രചോദനാത്മകവും സ്വാധീനമുള്ളതുമായ സ്ത്രീകളുടെ പട്ടികയില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.

സ്ത്രീ ശാക്തീകരണത്തിന് സംഭാവന ചെയ്യുകയും വരുംതലമുറകള്‍ക്ക് നല്ല ഭാവി സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്ത കഴിവുള്ള മുസ്‌ലിം സ്ത്രീ ശാസ്ത്രജ്ഞരില്‍ ചിലരെ മാത്രമാണ് പരാമര്‍ശിച്ചത്. മുസ്‌ലിം സ്ത്രീകളുടെ വൈജ്ഞാനികമായ ഉയര്‍ച്ചക്ക് മതം എന്തെങ്കിലും സഹായകമാകുന്നുണ്ടോ എന്ന ചോദ്യത്തിന് സിന്ധിയുടെ മറുപടി: “എന്റെ നാട്ടില്‍ ഞാന്‍ വളര്‍ന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. ഉന്നത വിദ്യാഭ്യാസത്തിന് എന്നെ കൂടുതല്‍ പ്രചോദിപ്പിച്ചത് എന്റെ സംസ്‌കാരവും കുടുംബവും വിശ്വാസവുമായിരുന്നു. എന്റെ വിശ്വാസങ്ങളില്‍ ഒന്നുപോലും പഠനത്തിന് വിഘാതമായിട്ടില്ല’ എന്നായിരുന്നു.

അവലംബം: മുസ്‌ലിം വേൾഡ് ലീഗ് ജേണൽ

You must be logged in to post a comment Login