സൂഫിവായനകളിലെ പൂർണചന്ദ്രൻ

സൂഫിവായനകളിലെ പൂർണചന്ദ്രൻ

“മുഅ്മിന്‍ നഹി ജോ സാഹിബേ ലൗലാക് നഹി'(ലൗലാകിന്റെ സഹചാരിയല്ലെങ്കില്‍ അയാള്‍ വിശ്വാസിയല്ല). റസൂലിനെ(സ്വ) ഇഖ്ബാല്‍ പരിചയപ്പെടുത്തുന്നത് “സാഹിബേ ലൗലാക്’ എന്ന പ്രയോഗത്തിലൂടെയാണ്. റസൂലിനെ(സ്വ) അറിഞ്ഞവരും അനുകരിച്ചവരും അനുരാഗപൂർവം ആവിഷ്‌കരിച്ചവരും ഏറെയുണ്ട്. എന്നാല്‍ ആത്മീയതയുടെ അനുഭവതലത്തില്‍ നിന്ന് റസൂലിനെ ആസ്വദിച്ചവരാണ് സൂഫികള്‍. അവരുടെ ആത്മീയഅനുഭവങ്ങളില്‍നിന്ന് പ്രഭാവമായി പകർന്നുവന്നതാണ് അവരുടെ പ്രകീര്‍ത്തനങ്ങളും രചനകളും. പ്രപഞ്ചത്തിലാകമാനം അടയാളപ്പെടുന്ന റസൂൽ സാന്നിധ്യത്തിന്റെ പര്യായം പോലെയാണ് സാഹിബെ ലൗലാക് എന്ന് ബാലെ ജിബ്്രീലില്‍ റസൂൽ(സ്വ) കടന്നുവരുന്നത്. നിയമസംഹിതകളുടെയും സിദ്ധാന്തങ്ങളുടെയും ലോകത്തുനിന്ന് റസൂലിനെ വായിക്കുകയും ജീവിത ചിട്ടകളെ അവതരിപ്പിക്കുകയും ചെയ്യുന്നത് ഒരു പ്രാഥമികവായനയാണ്. ദൂതന്‍ നിര്‍വഹിച്ച ദൗത്യത്തില്‍ നിന്നുകൊണ്ടുള്ള ഒരു പഠനമാണത്.

അവിടെ ചിലപ്പോള്‍ റസൂല്‍ എന്ന വിലാസത്തില്‍ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും മുത്തുനബി കടന്നുവരുന്നത്. എന്നാല്‍ കാരുണ്യവാനായ അല്ലാഹു അവന്റെ സൃഷ്ടി സാകല്യത്തില്‍ കാരുണ്യത്തിന്റെ കവാടമായി നിശ്ചയിച്ച അനുഗ്രഹ പാത്രത്തെയാണ് സൂഫി വായിക്കുന്നത്. ഫരീദുദ്ദീന്‍ അത്വാര്‍ മന്തിഖുത്ത്വൈറില്‍ മനുഷ്യാവസ്ഥകളുടെ സൗകുമാര്യതയിലേക്ക് സൃഷ്ടി സൗന്ദര്യങ്ങളുടെ വൈവിധ്യമവതരിപ്പിച്ച് റസൂലിനെ പ്രമേയമാക്കുന്നതായാണ് വായിക്കാന്‍ കഴിയുന്നത്. സൂഫികൾക്ക് അനുകരണം (ഇത്തിബാഅ്) കരുതിക്കൂട്ടിയുള്ള ഒരു അനുഷ്ഠാനത്തിനപ്പുറം പ്രേമപാത്രത്തോടുള്ള സംലയനമാണ്. റസൂലിനെ അറിയാനും അവതരിപ്പിക്കാനും ആധ്യാത്മിക ജ്ഞാനികള്‍ ശ്രദ്ധയൂന്നുന്ന ചില പ്രമേയങ്ങള്‍ ഇങ്ങനെ വായിക്കാം.

ആദികാരണം
ഏതാണ്ടെല്ലാ സൂഫിശ്രേഷ്ഠരും പ്രപഞ്ചത്തിന്റെ ആദികാരണമായി റസൂലിനെ(സ്വ) അവതരിപ്പിക്കുന്നു. “അങ്ങ് ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ പ്രപഞ്ചത്തെ പടക്കുമായിരുന്നില്ല’ എന്ന ആശയം നല്‍കുന്ന ഖുദ്‌സിയ്യായ ഹദീസിന്റെ ഓരം പറ്റിയുള്ള വായനയാണത്. കാമുകിയെ ഹൃദയത്തിലേറ്റി നടക്കുന്ന കാമുകന് കാണുന്നതിലെല്ലാം കാമുകിയുടെ മുഖം എന്നപോലെ പ്രപഞ്ചത്തില്‍ എവിടെ നോക്കിയാലും പ്രവാചകപ്രഭയെ അനുഭവിക്കുന്ന അനുരാഗിയുടെ പ്രമാണമാണത്.
ജലാലുദ്ദീന്‍ റൂമിയും ഫഖ്‌റുദ്ദീന്‍ റാസിയും പ്രപഞ്ചത്തെ ദർശിച്ചതിന്റെ വൈവിധ്യത്തില്‍ നിന്ന് ഇതു ബോധ്യമാകും. പ്രമാണങ്ങളും നിദാനങ്ങളും നിരത്തി സംവാദാത്മകമായി പ്രപഞ്ചത്തെ വായിക്കുകയാണ് ഇമാം റാസി. സ്‌നേഹപാത്രത്തിന് സ്രഷ്ടാവ് കനിഞ്ഞേകിയ സമ്മാനങ്ങളുടെ സൗന്ദര്യം ആസ്വദിക്കുകയാണ് റൂമി.
When you see love
with all your heart
You shall find its
echoes in the universe
പ്രപഞ്ചസൃഷ്ടിപ്പിന്റെ ആമുഖമായി നബിപ്രഭയെ അല്ലാഹു നിശ്ചയിച്ചു എന്നത് സൂഫിയുടെ മുന്നില്‍ ഒരു സംവാദത്തിന്റെ പ്രമേയമേയല്ല. മറിച്ച് അനുഭവത്തിന്റെയും ആസ്വാദനത്തിന്റെയും ഭാഗമാണ്.
If light is in your heart, you will find your way from, happy is the moment when we sit together with two forms of two faces, yet one soul
റൂമിയുടെയും സമാനമായ ലോകത്ത് ജീവിക്കുന്നവരുടെയും വരികളെ ഈ അടിസ്ഥാനത്തില്‍ വേണം വായിച്ചെടുക്കാന്‍.
ശാദുലി ആത്മീയധാരയിലെ ശ്രേഷ്ഠഗുരുവാണ് ഇമാം ബൂസ്വീരി(റ). അനുരാഗ ലോകത്തെ സമസ്ത രചനകളെയും മറികടന്ന് ഹൃദയങ്ങളെയും പാരായണങ്ങളെയും കീഴ്‌പ്പെടുത്തിയ നബിസ്‌നേഹ കാവ്യമാണല്ലോ ബുര്‍ദ. മുപ്പത്തിമൂന്നാം വരിയില്‍ ലോകത്തിന്റെ നിമിത്തമായ റസൂൽ ഈ ലോകത്തെ അനുഗ്രഹങ്ങളില്‍ എങ്ങനെ ആകൃഷ്ടരാകും എന്ന ആശയം പകര്‍ന്നുതരുന്നു. ആസക്തികളുടെ ലോകത്തുനിന്ന് റസൂൽ(സ്വ) മുക്തമാണെന്ന് പറയാന്‍ “ആദികാരണം’ എന്ന നബി വിശേഷണത്തെ പ്രമാണമാക്കുകയാണ് ഇമാം ബൂസ്വീരി(റ) ചെയ്യുന്നത്. മനുഷ്യനുവേണ്ടിയാണ് അല്ലാഹു എല്ലാം സൃഷ്ടിച്ചത് എന്ന ആശയം വിശ്രുതമാണല്ലോ. സമ്പൂർണ മനുഷ്യന്‍ അഥവാ അല്‍ഇന്‍സാനുല്‍ കാമില്‍ ആയ റസൂലിനോട് ഈ പ്രമേയത്തെ ചേര്‍ത്തുവായിക്കുകയാണ് ആത്മജ്ഞാനികള്‍ നിര്‍വഹിച്ചത്. ലോകങ്ങള്‍ക്കു മുഴുവന്‍ കാരുണ്യമായിട്ടല്ലാതെ അങ്ങയെ നിയോഗിച്ചിട്ടില്ല എന്ന ഖുര്‍ആനിക ആശയം കൂടി ചേർത്തുവായിച്ചാല്‍ കാര്യം വ്യക്തമാകുന്നു.

ആദികാരണം എന്ന ആശയത്തെ അതിമനോഹരമായി കുറഞ്ഞ അക്ഷരങ്ങളില്‍ അവതരിപ്പിക്കുകയായിരുന്നു ഉമറുല്‍ ഖാഹിരി. അല്ലഫല്‍ അലിഫ് എന്ന കവിതയുടെ ആറാം വരി ഇങ്ങനെയാണ്.

ജൂദു മന്‍ ജാദല്‍ വുജൂദ
വുജൂദുഹു ജാദല്‍ ജവാ
ജംഅന്‍ വ ഫര്‍ഖന്‍ ബഅ്ദ
ജംഇല്‍ ജംഇ ലി രിജാലി ജാല്‍
(സൃഷ്ടിലോകത്തിന്റെ മുഴുവന്‍ അസ്തിത്വത്തിനു നിമിത്തം ആരാണോ അതേ വ്യക്തിയുടെ ദാനമാണ് ഏതവസ്ഥയിലും ശ്രേഷ്ഠപുരുഷന്മാരില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്).
പ്രപഞ്ചാധിപനായ അല്ലാഹു സ്രഷ്ടാവും റസൂൽ(സ്വ) സൃഷ്ടിയും മറ്റേതു സൃഷ്ടികളുടെയും പ്രഥമ കാരണമായി പടച്ചവന്‍ തന്നെ നിശ്ചയിച്ച ശ്രേഷ്ഠ പ്രമേയവും എന്ന നിലയിലാണ് ആധ്യാത്മികലോകം റസൂലിനെ(സ്വ) വായിക്കുന്നത്.

നൂർ മുഹമ്മദ്
റസൂലിന്റെ പ്രകാശത്തെ പ്രമേയമാക്കാത്ത ആത്മജ്ഞാനികളില്ല. പവിത്രതയുടെ പാരമ്യതയില്‍ നിന്ന് അനുരാഗപാത്രത്തെ സ്വീകരിക്കുന്ന ഒരു മനോഗതി ഈ വായനയെ ആകമാനം സ്വാധീനിച്ചിരിക്കുന്നു. മനുഷ്യത്വത്തിനപ്പുറത്തെ ഒരു പ്രകാശത്തെയല്ല സൂഫി അവതരിപ്പിച്ചത്. മനുഷ്യാവസ്ഥയുടെ പൂർണതയിലെത്തിയ പരിശുദ്ധവ്യക്തിത്വത്തെയാണ് അവര്‍ കണ്ടത്.

റൂമി മസ്‌നവിയില്‍ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഞാനും നിങ്ങളെപ്പോലെ തമസ്സിലായിരുന്നു. സൂര്യപ്രകാശത്തിനോട് ചേര്‍ത്തുനോക്കുമ്പോള്‍ ഞാന്‍ ഇരുട്ടിലാണ്. ആത്മാവുകളുടെ ലോകത്ത് ഞാന്‍ പ്രകാശത്തിലും.’ കേവലമായ പദാവലികളും വാചകാർഥങ്ങളും മാനദണ്ഡമാക്കി വായിക്കേണ്ടതല്ല റൂമിയുടെയും സര്‍റാജിന്റെയും ശംസേ തബ്‌റേസിന്റെയും അല്‍കലാബാദിയുടെയും വരികള്‍. ചൈതന്യത്തെ ആസ്വദിച്ച് ആത്മാവില്‍നിന്ന് നിര്‍ഭവിച്ച പൊരുളുകള്‍ മുന്‍നിര്‍ത്തിയേ വായിക്കാനാകൂ.

പ്രവാചകപ്രഭയെ പ്രാഥമികമായി സ്വീകരിക്കാന്‍ ഹദീസ് വചനങ്ങള്‍ ഏറെയുണ്ട്. ജാബിറിന്റെ(റ) നിവേദനവും ഈ വിഷയത്തില്‍ പ്രസിദ്ധമാണ്. എന്നാല്‍ പ്രണയപാത്രത്തിന്റെ സുന്ദരമുഖത്തെ അതിന്റെ ഉന്നതാവസ്ഥയില്‍ നിന്ന് അനുഭവിച്ചവരുടെ ആഖ്യാനങ്ങളെ കയ്യേറ്റം നടത്തുന്നത് പൊരുള്‍ അറിയാത്തതുകൊണ്ടാണ്. പ്രപഞ്ചാശ്രമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന റസൂൽ സാന്നിധ്യത്തിന്റെ പാരമ്യതയായിട്ടാണ് അത്വാര്‍ തിരുപ്രഭയെ അവതരിപ്പിക്കുന്നത്.

സംലയനം
പ്രവാചകപാഠങ്ങളിലുള്ള അത്യഗാധമായ നിരീക്ഷണങ്ങളില്‍ വ്യാപൃതരാകുന്നതിനു പകരം പ്രവാചകരെ ഹൃദയാവരിക്കുകയാണ് സൂഫി ചെയ്യുന്നത്. നിയമങ്ങളുടെ ബലാബലങ്ങളിലേക്കുള്ള ആലോചനകളെക്കാള്‍ ഹൃദയപാത്രത്തിന്റെ ചലനങ്ങളും അവസ്ഥകളുമാണ് സൂഫിയെ സ്വാധീനിച്ചത്.

Do not grieve he will not
become lost to thee
Hay but the whole world
will lost in him

ബാല്യകാലത്തു തന്നെ പിരിഞ്ഞുപോകുന്നതില്‍ കണ്ണീര്‍ പൊഴിക്കുന്ന പോറ്റുമ്മ ബീവിഹലീമയെ ആശ്വസിപ്പിക്കുകയാണ് റൂമി ഈ വരികളില്‍ നിര്‍വഹിക്കുന്നത്.
ബനൂസഅ്ദിലെ റസൂലിന്റെ(സ്വ) ബാല്യകാല ജീവിതത്തെ ഹൃദയത്തിലേറ്റി പരിസരങ്ങളുടെ വികാരങ്ങളെക്കൂടി അതിലേക്ക് ഉൾച്ചേർത്തുകയാണ് റൂമി ചെയ്യുന്നത്.

നബിജീവിതത്തിന്റെ ആനന്ദങ്ങളില്‍ ലയിച്ചുചേരുകയും പരീക്ഷണങ്ങളില്‍ മനം തകര്‍ന്നു നൊമ്പരപ്പെടുകയും ചെയ്യുന്ന ലോകമാണ് സൂഫികളുടേത്.
മിഅ്‌റാജിനെ പ്രമേയമാക്കാത്ത ഒരു സൂഫിയെയും കാണാനാവില്ല. ആധ്യാത്മിക അനുശീലനങ്ങളിലൂടെയും ആത്മദാനപരമായ നബിസ്‌നേഹത്തിലൂടെയും ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു സാധകന് മിഅ്‌റാജ് ഒരു ഗൈഡായിട്ടാണ് ഭവിക്കുന്നത്. പ്രണയപാത്രത്തിന്റെ ഏറ്റവും സന്തോഷകരമായ സഞ്ചാരത്തില്‍ ആത്മാവുകൊണ്ട് ഒപ്പം ചേരുകയാണ് അനുരാഗി ചെയ്യുന്നത്. ഈ യാത്രയില്‍ പ്രണയകേന്ദ്രത്തിന്റെ ഓരോ വാക്കും തേനില്‍ പൊതിഞ്ഞ മധുമൊഴിയായിട്ടാണ് സൂഫി നുകരുന്നത്.

ഓരോ ചലനങ്ങളെയും കാമുകിയുടെ മൃദുല ചലനങ്ങളെക്കാള്‍ കൗതുകങ്ങളോടെയും ഉന്മാദത്തോടെയുമാണ് അനുഭവിക്കുന്നത്. അവയെല്ലാം ആത്മാവ് ഊരിമാറ്റി അക്ഷരങ്ങള്‍ മാത്രമാക്കിവെച്ച് വായിക്കാനൊരുങ്ങിയാല്‍ എന്തു ലഭിക്കാനാണ്? ഉമറുല്‍ ഖാളി സ്വല്ലല്‍ ഇലാഹു എന്ന കവിതയില്‍ മിഅ്റാജിനെ ആധ്യാത്മികമായി അവതരിപ്പിക്കുന്നു. അത്യുന്നതങ്ങളില്‍ പ്രപഞ്ചാധിപന്റെ സവിശേഷമായ വിജ്ഞാനലോകത്ത് മുദരിസായി വാഴ്ത്തപ്പെടുന്ന തിരുനബിക്ക് മുന്നില്‍ വിനീതമായി നിന്ന് ഇങ്ങനെ പറഞ്ഞു. “ഐനന്‍ മുദരിസ മസ്ജിദില്ലാഹുതി..’
ഇമാം അഹ്മദ് റസാഖാന്‍ ബറേല്‍വി ഹദാഇഖേ ബഖ്ശീഷില്‍ ആകാശവും ഭൂമിയും തമ്മിലുള്ള ഒരു സംഭാഷണത്തെ കാല്പനികമായി അവതരിപ്പിക്കുന്നുണ്ട്. ആകാശത്തിന് ഒരുപാട് അവകാശവാദങ്ങള്‍, എന്റെ പക്കലാണ് സൂര്യചന്ദ്രാദികള്‍ എന്നിങ്ങനെ അത് തുടര്‍ന്നു. എല്ലാം ശരി. എന്റെ മാറിടത്തിലാണ് റസൂൽ വിശ്രമിക്കുന്നത്. ഇതോടെ ആകാശത്തിന്റെ എല്ലാ അവകാശവാദങ്ങളും നിഷ്പ്രഭമാകുന്നു. ഭൂമിയില്‍ വിശ്രമിക്കുന്ന റസൂലിനോടുള്ള വിനയം കാരണമാണ് ആകാശത്തിന്റെ മുതുക് വളഞ്ഞുപോയത് എന്നു കൂടിയാകുമ്പോള്‍ ആഖ്യാനം ഏറെ മനോഹരമാകുന്നു.

റസൂലിനെ ഹൃദയാവരിച്ച ഒരു മികച്ച അനുരാഗിയുടെ ആശയപ്പകര്‍പ്പാണിത്. ഇവ വായിച്ചറിയാന്‍ പ്രണയത്തിൽ മുങ്ങിയ ഒരു ഹൃദയത്തിനല്ലാതെ എങ്ങനെയാണ് സാധിക്കുക?

പവിത്രതയുടെ പര്യായമായി റസൂലിനെ കാണുകയാണ് അബുല്‍ ഹസന്‍ അല്‍ കാക്കൂറവി. തന്റെ തൂലിക കൊണ്ട് നബികീര്‍ത്തനം മാത്രമേ എഴുതൂ എന്ന ശാഠ്യമാണ് അദ്ദേഹം പുലര്‍ത്തിയത്. ഏതു തലത്തിലായിരുന്നു അബുൽഹസൻ റസൂലിനെ മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നത് എന്നതിന്റെ മാപിനിയാണീ ശാഠ്യം. മദീനയിലെത്തിയ സൂഫികള്‍ റസൂലിനെ ആത്മാന്തരങ്ങളില്‍ ദര്‍ശിക്കുകയും ഓരോ മണല്‍ത്തരിയിലും നബിസാന്നിധ്യത്തിന്റെ പ്രഭാവം അനുഭവിക്കുകയും ചെയ്തു. മദീനയുടെ അതിര്‍ത്തി കടന്നപ്പോഴേക്കും ആദരവുകൊണ്ട് ബോധക്ഷയം സംഭവിച്ച ഉമറുല്‍ ഖാളി മലബാറില്‍ നിന്ന് റസൂലിനെ അനുഭവിച്ച സാത്വികനാണ്. റൗളയുടെ മുന്നില്‍നിന്ന് വിശുദ്ധ ഖബറിടത്തിലേക്ക് നോക്കി “തൂ സിന്‍ദാ ഹേ…’ എന്നാവര്‍ത്തിച്ച് പറഞ്ഞ അഹ്മദ് രിളാഖാന്‍ ആത്മദാനം നല്‍കി പ്രണയം സ്വീകരിച്ച അനുരാഗിയാണ്. ഖാജാ മുഈനുദ്ദീന്‍(റ) അതാഉര്‍റസൂല്‍ (തിരുദൂതരുടെ സമ്മാനം) എന്ന വിലാസം നേടിയത് പ്രണയതന്ത്രികള്‍ കോർത്തുവെച്ച് മദീനയില്‍ എത്തിയപ്പോഴാണ്.
പ്രവാചകശ്രേഷ്ഠരെ അനുഭവിച്ച സൂഫിധ്യാനികളില്‍ നിന്ന് റസൂലിനെ വായിക്കുകയും അതില്‍ ചിലത് പകര്‍ത്തുകയും ചെയ്തു ആന്‍മേരി ഷിമ്മല്‍. കൂട്ടത്തില്‍ ഇങ്ങനെയൊന്ന് വായിക്കാം. പേര്‍ഷ്യന്‍ കവി സനാഈയുടെ വരികള്‍ക്ക് ഇംഗ്ലീഷ് പരാവര്‍ത്തനം നല്‍കുകയായിരുന്നു അവർ.

To speak any word
but your name is error
To sing artistic prayer but for you
Is shame, is shame!
തെറ്റ്, തെറ്റ്!
അവിടുത്തെ നാമം അല്ലാതെ
മറ്റൊരു നാമം മൊഴിയുന്നത്.
നാണക്കേട്, നാണക്കേട്!
അവിടുത്തെയല്ലാത്ത ഒരു
പ്രകീര്‍ത്തനം.
എല്ലാം തങ്ങള്‍ക്ക് ദാനം ചെയ്തിരിക്കുന്നുവെന്നതിന്റെ മറ്റൊരു പ്രയോഗമാണിത്. നിരന്തരമായി ഒപ്പം ചേരുകയും കൂടെ സഞ്ചരിക്കുകയും ഔദ്യോഗിക സ്വകാര്യ ജീവിതങ്ങളില്‍ ഒത്തുകൂടുകയും ചെയ്ത സഹചാരിയായിരുന്ന ഉമര്‍(റ) നബിസ്‌നേഹത്തിന്റെ അമരമായ നിവേദനങ്ങള്‍ നിര്‍വഹിച്ച വ്യക്തിത്വം.
അവിടുന്ന് ശാരീരികമായി റസൂലിന്റെ (സ്വ) സാന്നിധ്യം അനുഭവിച്ചു, അനുകരിച്ചു. അധ്യാപനങ്ങള്‍ ശ്രവിച്ചു. അതേകാലത്ത് യമനില്‍ നിന്ന് അകക്കണ്ണ് കൊണ്ട് റസൂലിനെ(സ്വ) കണ്ടയാളായിരുന്നു ഉവൈസുല്‍ ഖര്‍നി. രണ്ടുപേരുടെയും അനുരാഗാവിഷ്‌കാരങ്ങള്‍ക്ക് വേറിട്ട മാനങ്ങളും സൗന്ദര്യങ്ങളുമുണ്ട്. ഇവ ഉള്‍ക്കൊള്ളുമ്പോള്‍ ബാനത്ത് സുആദിലെ കാമുകിയും ഹദീസില്‍ പരാമര്‍ശിച്ച അല്‍ബദ്‌റുത്താമ്മും (പൂർണചന്ദ്രന്‍) ഒരുമിച്ച് കടന്നുവരുന്നു.
ഇമാം റബ്ബാനി അക്ബറിനെതിരെ പ്രതിരോധം തീര്‍ത്തപ്പോള്‍ ഉയര്‍ത്തിയ അഹദിന്റെ ധ്വനികളിലെയെല്ലാം അഹ്മദീയ സൗന്ദര്യം അറിയണമെങ്കില്‍ റബ്ബാനിയുടെ ഹൃദയത്തെ അലങ്കരിച്ച ആധ്യാത്മിക പ്രണയത്തെ തിരിച്ചറിയാനാകണം.

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി

You must be logged in to post a comment Login