ഗാന്ധിജി എന്തുകൊണ്ട് മുസ്‌ലിം ചര്‍ച്ചകളില്‍ വന്നില്ല?

ഗാന്ധിജി എന്തുകൊണ്ട് മുസ്‌ലിം ചര്‍ച്ചകളില്‍ വന്നില്ല?

വര്‍ഷത്തിലൊരിക്കല്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി കടന്നുപോകുമ്പോള്‍ മാത്രം ഓര്‍മയിലേക്ക് വരുന്ന ഒരു വിരുന്നുകാരനാണ് മഹാത്മജി. ഇന്ത്യന്‍ വര്‍ത്തമാനകാലാവസ്ഥയില്‍ ഗാന്ധിജി ഇങ്ങനെ ചുരുങ്ങിപ്പോയതില്‍ അദ്ഭുതപ്പെടാനില്ല. സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ പോലും മഹാത്മജി തലസ്ഥാന നഗരിയില്‍ ഉണ്ടാവണമെന്ന് നെഹ്‌റു മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെയുള്ള അരുമശിഷ്യന്മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നതായി എവിടെയും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യലബ്ധിയോടെ രാഷ്ട്രപിതാവായി അവരോധിക്കപ്പെട്ടതുപോലും ഒരു ദേശീയബിംബമായി ഒതുക്കിനിര്‍ത്താനുള്ള കോണ്‍ഗ്രസ് പദ്ധതിയുടെ ഭാഗമായിരുന്നുവത്രെ. എന്നാല്‍, ഇവിടെ ചര്‍ച്ച അതല്ല. മുസ്‌ലിംകള്‍ സ്വതന്ത്ര്യ ഇന്ത്യയില്‍ ഗാന്ധിജിയോട് എങ്ങനെ കടപ്പെട്ടിരിക്കുന്നുവെന്ന വ്യത്യസ്തമായ ഒരന്വേഷണം എന്തുനിഗമനത്തിലെത്തിക്കുമെന്നതാണ്. ഗാന്ധിജി ജീവിച്ചതും രക്തസാക്ഷ്യം വരിച്ചതും മറ്റു നേതാക്കളില്‍നിന്ന് ഭിന്നമായ ഒരു ലക്ഷ്യത്തിന് വേണ്ടിയാണ്. ഹിന്ദു-മുസ്‌ലിം മൈത്രി ഗാന്ധിജിയുടെ രാഷ്ട്രീയത്തിന്റെ ആധാരശിലയായിരുന്നു. നാഥുറാം ഗോഡ്സെ എന്ന കൊടും മതഭ്രാന്തന്റെ വെടിയേറ്റ് വീണുമരിക്കുന്നതുപോലും മുസ്‌ലിംകള്‍ക്കുവേണ്ടി നിലകൊണ്ടു എന്ന അപരാധം ചാര്‍ത്തപ്പെട്ടാണ്. ഗാന്ധിജിയെ പോലെ മുസ്‌ലിം ഇഷ്യൂ രാഷ്ട്രീയായുധമാക്കിയ ഒരു ഹിന്ദുനേതാവ് വേറെ ഉണ്ടായിരുന്നില്ല. മുസ്‌ലിംകളെ ദേശീയ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുനടത്തിക്കാന്‍ അദ്ദേഹം കാണിച്ച ഔല്‍സുക്യമാണ് ഖിലാഫത്- നിസ്സഹകരണ പ്രസ്ഥാനത്തെ ഒരു ചരിത്രസന്ധിയില്‍ മുന്നോട്ടുനയിച്ചത്. മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള സര്‍വേന്ത്യാ മുസ്‌ലിം ലീഗാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ ആധികാരിക വക്താക്കളെന്ന് ഗാന്ധിജി അംഗീകരിച്ചിരുന്നില്ല. പാകിസ്ഥാന്‍ വാദത്തോട് യോജിപ്പില്ലാത്ത മുസ്‌ലിം ചേരിയെ സൃഷ്ടിച്ചെടുക്കുന്നതില്‍ ഗാന്ധിജിയുടെ വ്യക്തിത്വവും രാഷ്ട്രീയ കാഴ്ചപ്പാടും വഹിച്ച പങ്ക് ആഴത്തില്‍ പഠനമര്‍ഹിക്കുന്ന വിഷയമാണ്. 1940-50 കാലഘട്ടത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ കൈകാര്യം ചെയ്ത വിഷയമാണ്.
എന്നിട്ടും ഗാന്ധിജി മുസ്‌ലിം രാഷ്ട്രീയ വ്യവഹാരങ്ങളിലേക്കോ ധൈഷണിക സംവാദങ്ങളിലേക്കോ അര്‍ഹിക്കുംവിധം കയറിവരാത്തത് എന്തുകൊണ്ടാണ്? രാഷ്ട്രപിതാവ് എന്ന നിലയില്‍ അത്യുന്നതിയില്‍ പ്രതിഷ്ഠിച്ചുവെക്കുന്നതിലപ്പുറം ഇരുപതാം നൂറ്റാണ്ട് ആഗോളരാഷ്ട്രീയം മാറ്റിയെഴുതപ്പെടുകയും ഇസ്‌ലാമിക ലോകം രാഷ്ട്രീയമായി ശിഥിലീഭവിക്കുകയും ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗധേയം തന്നെ തിരുത്തിക്കുറിക്കുകയും ചെയ്ത ഒരു കാലസന്ധിയായിരുന്നു. അന്ന് ചരിത്രപരമായ റോള്‍ കൈകാര്യം ചെയ്ത ഒരു രാഷ്ട്രീയ മനീഷിയുടെ ചിന്തയും രാഷ്ട്രീയവും മുസ്‌ലിംകള്‍ക്ക് എത്രകണ്ട് ഗുണം ചെയ്തുവെന്നോ ദോഷകരമായി ഭവിച്ചുവെന്നോ ചര്‍ച്ച ചെയ്യാന്‍ ആരും ധൈര്യപ്പെടാറില്ല. അതിനുള്ള ബുദ്ധിപരമായ വൈഭവമോ രാഷ്ട്രീയമായ അന്തരീക്ഷമോ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ലഭ്യമായിരുന്നില്ല എന്നതാവാം കാരണങ്ങളിലൊന്നായി എടുത്തുപറയാനുണ്ടാവുക. ഗാന്ധിജിയെ മാറ്റിനിറുത്തിക്കൊണ്ടുള്ള മുസ്‌ലിം പഠനങ്ങളും അക്കാദമിക ചര്‍ച്ചകളുമാണ് കൂടുതലായി നടന്നതെന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എഴുതപ്പെട്ട ചരിത്രപുസ്തകങ്ങളിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാക്കാം. അതേസമയം, അതിര്‍ത്തിക്കപ്പുറത്ത് വിരചിതമായ രാഷ്ട്രീയ , ചരിത്രരേഖകളിലെല്ലാം ഗാന്ധിജി നിശിതമായി വിശകലനം ചെയ്യപ്പെടുന്നുണ്ട്. ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗിനോടുള്ള കോണ്‍ഗ്രസിന്റെ നയനിലപാടുകളില്‍നിന്ന് വ്യത്യസ്തമായ ഒരു സമീപനം ഗാന്ധിജിക്കു സ്വീകരിക്കാന്‍ സാധ്യമായിരുന്നില്ല എന്ന ഒരു ഭാഷ്യം നിലവിലുണ്ട്. അതേസമയം, മുസ്‌ലിംകളുടെ പ്രശ്‌നം വരുമ്പോള്‍ ഗാന്ധിജിയുടെ ഉറച്ച നിലപാടുകള്‍ കോണ്‍ഗ്രസിനെ വല്ലാതെ സ്വാധീനിച്ചിരുന്നുവെന്ന വീക്ഷണഗതി മനപ്പൂര്‍വം വിസ്മരിക്കപ്പെടുന്നു. ബ്രിട്ടീഷുകാരുമായുള്ള രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഹിന്ദുക്കള്‍ക്ക് സമാനമായ ഒരു കക്ഷിയായി മുസ്‌ലിംകള്‍ പരിഗണിക്കപ്പെടേണ്ടതില്ല എന്ന വീക്ഷണഗതി കോണ്‍ഗ്രസില്‍ രൂഢമൂലമായിരുന്നു. പലപ്പോഴും ഹിന്ദുവലതുപക്ഷത്തിന്റെ ദുസ്വാധീനം കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ മുഴച്ചുകാണാമായിരുന്നു. അതില്‍നിന്ന് വ്യത്യസ്തമായി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് ഗാന്ധിജി മാത്രമായിരുന്നു (ബാബാ സാഹെബ് അംബേദ്കര്‍ ഈ വിഷയത്തില്‍ അങ്ങേയറ്റം മുസ്‌ലിം തത്പരനാണ് എന്നൊരു ധാരണ പൊതുവെ വേരൂന്നിയിട്ടുണ്ട്. ആ വശം പിന്നീട് വിശകലനം ചെയ്യാം) മുഹമ്മദലി ജിന്നയോട് പോരാടി മുസ്‌ലിം പ്രശ്‌നത്തിന് പരിഹാരമാവാമെന്ന് ഗാന്ധിജിക്ക് മൂഢവിശ്വാസമുണ്ടായിരുന്നില്ല. നിശിതമായ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മധ്യേ ജിന്നയെ ആദരിക്കാനും കൂടെ കൊണ്ടുനടക്കാനും ഗാന്ധിജി കാണിച്ച തന്ത്രജ്ഞത വര്‍ഗീയ വിസ്‌ഫോടനം തടയാനുള്ള അടവ് നയത്തിന്റെ ഭാഗമായിരുന്നു. ഒരു ഘട്ടത്തില്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഗാന്ധിജി മുസ്‌ലിം ലീഗിന്റെ രാജ്യവിഭജന അജണ്ടക്ക് മുന്നില്‍ കീഴടങ്ങിയപ്പോള്‍, അതുവരെ മഹാത്മജിയുടെ മഹത്വങ്ങളില്‍ വിശ്വാസമര്‍പ്പിച്ച മൗലാനാ അബുല്‍കലാം ആസാദിന്റെ മനസ്സില്‍പോലും സന്ദേഹങ്ങള്‍ കുമിഞ്ഞുകൂടാന്‍ ഇടവന്നു. സ്വാതന്ത്ര്യത്തിന്റെ പുലരിയിൽ വര്‍ഗീയതേരോട്ടങ്ങളുടെ പടനിലമായി അതിര്‍ത്തികളും തലസ്ഥാന നഗരിയും മാറിയപ്പോഴാണ് ഹിന്ദു-മുസ്‌ലിം സഹവര്‍ത്തിത്വത്തിലും പാരസ്പര്യത്തിലും പ്രതീക്ഷകളര്‍പ്പിച്ച ഗാന്ധിജിയുടെ ദൈന്യത മുറ്റിനില്‍ക്കുന്ന മുഖം ലോകം കണ്ടത്. മഹാത്മജിയുടെ കഥ കഴിക്കാന്‍ ഗോഡ്സെ നിരത്തിയ വാദങ്ങളുടെ മറുപക്ഷത്ത് മുസ്‌ലിംകളെയായിരുന്നു പ്രതിഷ്ഠിച്ചത് എന്ന് മുസ്‌ലിംകള്‍ മറന്നുപോകുന്നു. ആധുനികലോകം കണ്ട ഞെട്ടിപ്പിക്കുന്ന ആ രക്തസാക്ഷ്യം മുസ്‌ലിംകളെ വല്ലാതെ മാനസികമായി ഉലച്ചതായി എവിടെയും കാണുന്നില്ല. ഗാന്ധിജിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും യഥാവിധി മനസ്സിലാക്കുന്നതിലും അപഗ്രഥിക്കുന്നതിലും എന്തുകൊണ്ട് മുസ്‌ലിംകള്‍, ചുരുങ്ങിയത് ധൈഷണിക വിഭാഗമെങ്കിലും പരാജയപ്പെട്ടുവെന്ന ചോദ്യത്തിന് പുതുതലമുറയെങ്കിലും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

മുസ്‌ലിംസമ്പര്‍ക്കത്തിന്റെ ഗാന്ധിയന്‍ അനുഭവങ്ങള്‍
ദക്ഷിണാഫ്രിക്കയിലെ രണ്ടു പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങള്‍ പഠിപ്പിച്ചതെന്തോ അതിലൂടെ രാഷ്ട്രീയ അരങ്ങേറ്റം നടത്താന്‍ ഗാന്ധിജി തീരുമാനിച്ചപ്പോള്‍ ഹിന്ദു- മുസ്‌ലിം ഐക്യം എന്ന ഏക അജണ്ട ഉയര്‍ത്തിപ്പിടിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ തുടക്കം കുറിച്ച ദേശീയ പ്രസ്ഥാനത്തിന്റെ ചലനങ്ങള്‍ ദൂരെനിന്ന് നോക്കിക്കണ്ട ഗാന്ധിജി അതിലേക്ക് സാമുദായിക ഐക്യത്തെ ഒരു അവിഭാജ്യഘടകമായി സന്നിവേശിപ്പിക്കുന്നതാണ് പിന്നീട് കാണാന്‍ കഴിയുന്നത്. ദസറയും ഈദും ദീപാവലിയുമൊക്കെ മതസൗഹാർദം പോഷിപ്പിക്കാനുള്ള ഉപാധിയായി വിനിയോഗിച്ച ഗാന്ധി, 1907ല്‍ സൂറത്തില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലേക്ക് അയച്ച ട്രാന്‍സ്വാള്‍ ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്റെ പ്രതിനിധികള്‍ മുഴുവനും മുസ്‌ലിംകളാണ് എന്ന കാര്യം ഗോപാല കൃഷ്ണ ഗോഖലെക്ക് എഴുതുന്നത് വളരെ താല്‍പര്യത്തോടെയാണ്. “”ഞങ്ങള്‍ ഇവിടെ നടത്തുന്ന പോരാട്ടം ഒന്നാമതായി എല്ലാവരും ഇന്ത്യക്കാരാണെന്നും ഹിന്ദു, മുസ്‌ലിം, പാര്‍സി, തമിഴ് പരിഗണന അതിനുശേഷമേ വരുന്നുള്ളൂവെന്നുമെന്നുള്ള ചിന്ത വളര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്ന് ആദ്യമായി ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ ഇവിടെനിന്ന് അയക്കുന്ന പ്രതിനിധികളെല്ലാം മുസ്‌ലിംകളാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ഈ വിഷയത്തില്‍ ഞാന്‍ വ്യക്തിപരമായി സന്തുഷ്ടനാണ്. ദക്ഷിണാഫ്രിക്കയുമായി ബന്ധമുള്ള മറ്റനവധി മുസ്‌ലിംകളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം നാട്ടിലാണുള്ളതെന്ന് തോന്നലുണ്ടാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമല്ലോ. ഹിന്ദു-മുസ്‌ലിം സൗഹാര്‍ദം സൂറത്ത് സമ്മേളനത്തിന്റെ സവിശേഷതയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.” 1909ല്‍ ലണ്ടന്‍ സന്ദർശനവേളയില്‍ മുസ്‌ലിം ലീഗിന്റെ ലണ്ടന്‍ ബ്രാഞ്ച് പ്രസിഡന്റായിരുന്ന അമീര്‍ അലിയെ കാണാന്‍ ഗാന്ധിജി പ്രത്യേക താല്‍പര്യം കാണിച്ചു. മിന്‍േറാ മോര്‍ലി ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി പ്രവിശ്യാ നിയമനിര്‍മാണ സഭകളില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക ഇലക്ട്രേറ്റ് ഉണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ ശക്തമായി അതിനെ എതിര്‍ത്തപ്പോഴും ഗാന്ധിജി ബ്രിട്ടീഷ് നീക്കത്തില്‍ അപാകത കണ്ടില്ല എന്ന് മാത്രമല്ല, അതിനെ ന്യായീകരിക്കുന്ന നിലപാടിലാണ് ഉറച്ചുനിന്നത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് തിരിച്ചുവന്നതിനുശേഷമുള്ള നാലുവര്‍ഷവും ഗാന്ധിജി ഊന്നല്‍ നല്‍കിയത് ഹിന്ദു, മുസ്‌ലിം ഐക്യത്തിലായിരുന്നു. രാഷ്ട്രീയരംഗപ്രവേശത്തിനുള്ള ഒരു വാഹനമായാണ് അദ്ദേഹം ആ വശത്തെ കണ്ടത്. മുസ്‌ലിം മനസ്സുകളെ എങ്ങനെ വശീകരിക്കാം എന്നതില്‍ ഊന്നിയ ചിന്തകളാണ് ഗാന്ധിജിയുടെ ഉറക്കം കെടുത്തിയത്. സത്യഗ്രഹം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനുള്ള ആയുധമാണെങ്കില്‍ പടക്കളം തീര്‍ക്കേണ്ടത് സാമുദായിക സൗഹൃദത്തിന്റെ ഇന്ധനം കൊണ്ടാവണമെന്ന് ഗാന്ധിജിയുടെ മനസ്സ് ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. ഹിന്ദു- മുസ്‌ലിം മൈത്രിയെ കുറിച്ച് എല്ലാവരും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അടിത്തട്ടിലെ യാഥാർത്ഥ്യം മറ്റൊന്നാണെന്ന് തന്റെ സെക്രട്ടറി മഹാദേവ് ദേശായിയുടെ മുന്നില്‍ അദ്ദേഹം മനസ്സ് തുറക്കുന്നുണ്ട്. ദേശായി അത് രേഖപ്പെടുത്തിവെച്ചത് വായിക്കുക:
“”We (Hindus ) can win over the Muslims this very day, if we are sufficiently imbued with the that spirit of brotherly love. But it is difficult to predict just now the time when Hindus will rise to that height -സാഹോദര്യ സ്‌നേഹം വേണ്ടത്ര സ്വാംശീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ ഏതു നിമിഷവും മുസ്‌ലിം മനസ്സ് നമുക്ക് കീഴടക്കാന്‍ സാധിക്കും . പക്ഷേ ഹിന്ദുക്കള്‍ ആ വിതാനത്തിലേക്ക് ഉയരുമെന്ന് പ്രവചിക്കാന്‍ പ്രയാസമുണ്ട്.”

ഹൈന്ദവ ഭൂരിപക്ഷത്തിന്റെ ആ മനോനിലയാണ് ഗാന്ധിജിയുടെ “മുസ്‌ലിം പരീക്ഷണങ്ങള്‍ക്ക്’ മുന്നില്‍ വിഘ്‌നങ്ങള്‍ തീര്‍ത്തത്. ഗാന്ധിജിയും ജിന്നയും വരുന്നത് നരേന്ദ്രമോഡിക്കും അമിത്ഷാക്കും പിറവി നല്‍കിയ ഗുജറാത്തില്‍നിന്നാണ്. തന്റെ ശൈശവവും ബാല്യവും കൗമാരവും ഏതു മൂശയിലാണ് വാര്‍ത്തെടുക്കപ്പെട്ടത് എന്ന് “സത്യാന്വേഷണ പരീക്ഷണങ്ങളില്‍’ ഗാന്ധിജി വിവരിക്കുന്നുണ്ട്. മുസ്‌ലിമായ ബാല്യകാല സുഹൃത്ത് വഴിവിട്ട ശീലങ്ങളിലേക്ക് വഴിതെറ്റിച്ചതോ കൗമാരത്തിന്റെ കാമനകള്‍ ജീവിതനിമിഷങ്ങളെ അശുദ്ധമാക്കിയതോ മറച്ചുവെക്കാന്‍ തുനിയാതെ, സത്യസന്ധമായി തന്റെ കാലഘട്ടത്തോട് സംവദിച്ച ഗാന്ധിജി മുസ്‌ലിം വിദ്വേഷി ആയിരുന്നില്ല. നാട്ടിലെ വക്കീല്‍ പണിയില്‍ താല്‍പര്യം കാണിക്കാതെ, ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറുന്നതുപോലും ഒരു മുസ്‌ലിം വാണിജ്യപ്രമുഖന്റെ കേസുകള്‍ നോക്കിനടത്താനാണ്. ആഗോളരാഷ്ട്രീയ സംഭവവികാസങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കുന്നതും ഒന്നാം ലോകയുദ്ധം കടന്നുപോയ വഴികളില്‍ തകര്‍ന്നടിഞ്ഞ ഉസ്മാനിയ ഖിലാഫതിന്റെ ഭാവിയെ കുറിച്ച് മുസ്‌ലിം ലോകം പങ്കുവെച്ച ഉത്കണ്ഠകളെ ഉൾക്കൊള്ളാൻ മുന്നോട്ടുവന്നതും ഗാന്ധിജിയുടെ രാഷ്ട്രീയചിന്തകള്‍ക്ക് ഊടും പാവും നല്‍കുകയാണ്. ഹിന്ദു- മുസ്‌ലിം ഐക്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഔല്‍സുക്യമാണ് ഖിലാഫത് പ്രസ്ഥാനത്തിന്റെ പ്രചോദനകേന്ദ്രമായി മാറാനും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അജണ്ട മാറ്റിപ്പണിയാനും ഗാന്ധിജിയെ പ്രേരിപ്പിക്കുന്നത്. 1921-22 കാലഘട്ടത്തിന്റെ ദേശീയ രാഷ്ട്രീയം ഒരു വഴിത്തിരിവ് സൃഷ്ടിക്കുന്നത് ഇവിടെയാണ്. മുഗിള സാമ്രാജ്യത്തിന്റെ പതനം സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് മുക്തമാവാത്ത ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പൂര്‍ണ തകര്‍ച്ച കൂടി താങ്ങാനാവില്ല എന്ന് വന്നപ്പോള്‍ ഗാന്ധിജി ഖിലാഫത് കാഹളം മുഴുക്കിയത് മുസ്‌ലിംകളുടെ വികാരം മാനിച്ചാണ്. കടുത്ത എതിര്‍പ്പുകള്‍ക്ക് അത് വഴിവെച്ചു. അങ്ങെവിടെയോ കിടക്കുന്ന തുര്‍ക്കി ഖലീഫക്ക് വേണ്ടി ഇന്ത്യയില്‍ മുറവിളി കൂട്ടുന്നതിന്റെ അസാംഗത്യത്തെ കുറിച്ച് മുഹമ്മദലി ജിന്ന പോലും മുറുമുറുത്തപ്പോള്‍ കോണ്‍ഗ്രസിലെ തീവ്രവലതുപക്ഷം ഗാന്ധിജിയുടെ നീക്കങ്ങളെ പുച്ഛിച്ചുതള്ളി. സര്‍ ജാഥുനാഥ് സര്‍ക്കാരിനെ പോലുള്ള ചരിത്രകാരന്മാര്‍ ചരിത്ര വസ്തുതകള്‍ മുന്നില്‍വെച്ച് ഗാന്ധിജി നടത്തുന്നത് അനാവശ്യമായ ഇടപെടലുകളാണെന്ന് സമര്‍ഥിക്കാന്‍ ശ്രമങ്ങള്‍ നടത്തി. യാഥാസ്ഥിതികനായ മുഗിള രാജാവ് ഔറംഗസീബ് പോലും തുര്‍ക്കി രാജാവിനെ അംഗീകരിച്ചിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ ജാഥുനാഥ് സര്‍ക്കാര്‍ വിഷയത്തെ തീര്‍ത്തും മതകീയ കണ്ണോടെ അവതരിപ്പിച്ചത് ഇങ്ങനെ:
“”In short the theory that the Muslim ruler of Turkey is the spiritual head of all Muhammadens is a creation of late nineteenth century, and merely a result of the growth of a political pan -Islamic movement as a natural reaction against steady absorption of all sovereign Muslim States by the Christians”- തുര്‍ക്കിയിലെ മുസ്‌ലിം ഭരണാധികാരി ലോകത്തിലെ മുഴുവന്‍ മുസ്‌ലിംകളുടെയും ആത്മീയ തലവനാണ് എന്ന സിദ്ധാന്തം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ഉണ്ടാക്കിയതാണെന്നും മുസ്‌ലിം രാജ്യങ്ങളെ ക്രിസ്ത്യാനികള്‍ ഒന്നൊന്നായി വിഴുങ്ങുമ്പോഴുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് പാന്‍ ഇസ്‌ലാമിക പ്രക്ഷോഭമെന്നും ചുരുക്കം. മുഗിള സാമ്രാജ്യത്തിന്റെ അസ്തമയത്തിനു ശേഷമാണ് ഉസ്മാനിയ്യ തുര്‍ക്കി ഇന്ത്യന്‍ മുസ്‌ലിംകളുടെ ആത്മീയ- രാഷ്ട്രീയ ഭാവനകളില്‍ ഒറ്റപ്പെട്ട തുരുത്തായി രൂപം കൊള്ളുന്നത്. ബ്രിട്ടീഷ് ഭരണകൂടം ആദ്യമൊന്നും ഈ മനോഗതിയെ ഭയപ്പെട്ടിരുന്നില്ല. സാറിസ്റ്റ് റഷ്യക്കെതിരായ തുര്‍ക്കിയുടെ നിരന്തര പോരാട്ടം ബ്രിട്ടീഷ് മേധാവിത്വത്തിന് അനുഗുണമായ വിദേശനയമായിരുന്നു. എന്നാല്‍ സാമ്രാജ്യത്വത്തിന്റെ പുതിയ പടപ്പുറപ്പാട് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇസ്‌ലാമിക ലോകത്താണെന്ന തിരിച്ചറിവ് ആഗോളമുസ്‌ലിംകളെ പടിഞ്ഞാറന്‍ വിരുദ്ധ പോരാളികളാക്കി മാറ്റിയെടുത്തു. 1881ല്‍ ടുണീഷ്യ, ഫ്രഞ്ച് മേല്‍ക്കോയ്മക്ക് കിഴീലായി. 1882ല്‍ ഈജിപ്ത് ബ്രിട്ടീഷ് അധീനതയില്‍ വന്നു. 1885ല്‍ എരിത്രിയ ഇറ്റലി കീഴടക്കി. 98ല്‍ സുഡാന്‍ ബ്രിട്ടീഷ് കാല്‍ക്കീഴിലായി. ബാല്‍ക്കനില്‍ സെര്‍ബുകളുടെയും റുമാനിയക്കാരുടെയും ബള്‍ഗേറിയന്മാരുടെയും ഉപദേശീയതകള്‍ കലാപക്കൊടി ഉയര്‍ത്തിയത് യൂറോപ്പിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു. ദക്ഷിണ-പൂര്‍വ യൂറോപ്പിലെ വിസ്‌ഫോടനാവസ്ഥ തുര്‍ക്കിയോടുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ ആഭിമുഖ്യം വര്‍ധിപ്പിക്കുകയും ബ്രിട്ടീഷ് വിരുദ്ധ വികാരം ആളിക്കത്തുകയും ചെയ്ത ചരിത്രസന്ധിയിലാണ് ഖിലാഫത് പ്രസ്ഥാനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആഞ്ഞുവീശുന്നത്. 1911ല്‍ ബാൾക്കൻ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഉത്തരാഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ദക്ഷിണ-പൂര്‍വ യൂറോപ്പ് എന്നീ മേഖലകളില്‍ തുര്‍ക്കി ഖിലാഫതിന്റെ തകര്‍ച്ചയെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ ആശങ്ക വിതക്കുന്നുണ്ടായിരുന്നു. ഇന്ത്യയില്‍ അബുല്‍ കലാം ആസാദിന്റെ അല്‍ഹിലാലും, മുഹമ്മദലി ജൗഹറിന്റെ കോമ്രേഡ്, ഹംദര്‍ദ് മാസികകളും സഫര്‍ അലി ഖാന്റെ സമീന്ദാറും അതിന്റെ അലയൊലി ഇന്ത്യന്‍ മുസ്‌ലിംകളിലേക്ക് അപ്പപ്പോള്‍ എത്തിക്കുന്നുണ്ടായിരുന്നു. തുര്‍ക്കിയെ ഛിന്നഭിന്നമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നുരഞ്ഞുപൊങ്ങിയ രോഷം ഏകീകൃത ഫത്്വ വഴി പുറത്തുവന്നപ്പോള്‍ അതിന്റെ മൂന്‍നിരയിലുണ്ടായിരുന്നത് അക്കാലത്തെ പ്രമുഖ മുസ്‌ലിം പണ്ഡിതന്മാരും സാദാത്തുക്കളുമായിരുന്നു. മുഹമ്മദലി, ശൗക്കത്തലി സഹോദരന്മാര്‍ ഇന്ത്യയൊട്ടുക്കും സഞ്ചരിച്ച് തുര്‍ക്കിക്കനുകൂലമായ വികാരമുണര്‍ത്തി. 1920ഓടെ സെന്‍ട്രല്‍ ഖിലാഫത് കമ്മിറ്റി നിസ്സഹകരണ പ്രസ്ഥാനവുമായി ശക്തമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചപ്പോള്‍ ഗാന്ധിജി നേതൃത്വം ഏറ്റെടുത്തു. ഖിലാഫത് പ്രക്ഷോഭം കോണ്‍ഗ്രസിന്റെ കൂടി പ്രസ്ഥാനമായി വളര്‍ന്നു. 1915ല്‍ ഇന്ത്യയില്‍ തിരിച്ചുവന്നശേഷം ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്ക് ഗാന്ധിജി നടന്നുനീങ്ങുന്നത് നിസ്സഹകരണ പ്രക്ഷോഭത്തിലൂടെയാണ്. അവിടെയാണ് ഖിലാഫത് സമരങ്ങളിലൂടെ പുതിയൊരു ട്വിസ്റ്റ് ഉടലെടുക്കുന്നത്. ഖിലാഫത് നിലനിര്‍ത്താനുള്ള ഒരു വിഭാഗം മുസ്‌ലിംകളുടെ അടങ്ങാത്ത മോഹം പൂവണിഞ്ഞില്ല എന്നു മാത്രമല്ല, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നിറഞ്ഞ പ്രതികരണങ്ങള്‍ക്ക് ഇടംവെക്കുകയും ചെയ്തു. 1921ലെ മലബാര്‍ സമരങ്ങളും 1925ല്‍ ആര്‍.എസ്.എസിന്റെ പിറവിയുമൊക്കെ 1920കളില്‍ കെട്ടഴിഞ്ഞുവീണ സംഭവപരമ്പരകളില്‍ ചിലതാണ്. ആഗോളമുസ്‌ലിംകളെ ഏറെ വേദനിപ്പിച്ച ഖിലാഫതിന്റെ വിപാടനം ഒരു ദുഃഖയാഥാർത്ഥ്യമായി പുലര്‍ന്നപ്പോഴേക്കും “വികാരത്തള്ളിച്ചയില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ തുറന്നുവിട്ട അക്രമസംഭവങ്ങളെ’ തള്ളിപ്പറഞ്ഞുകൊണ്ട് ഗാന്ധിജി കോണ്‍ഗ്രസിന്റെ മറ്റൊരു മുഖം തുറന്നുകാട്ടിക്കഴിഞ്ഞിരുന്നു.

പാകിസ്ഥാന്‍വാദവും ഗോഡ്സെയും
1937ന് ശേഷമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചാല്‍ കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ സാധിക്കില്ല എന്ന വിചാരഗതി മുസ്‌ലിം ലീഗുകാരില്‍ പ്രബലമാകുന്നത്. ആ വര്‍ഷം നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ ലീഗിനേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള പ്രവിശ്യകളില്‍ മുസ്‌ലിം ലീഗിന് മതിയായ പ്രാതിനിധ്യം നല്‍കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു കാണിച്ച വൈമനസ്യമാണ് ഒത്തൊരുമിച്ചുള്ള പ്രയാണം അസാധ്യമാണെന്ന ചിന്താഗതി വളര്‍ത്തിയത്. ഈ വിഷയത്തില്‍ അബുല്‍കലാം ആസാദ് നടത്തിയ ഒത്തുതീര്‍പ്പിന്റെയും മധ്യസ്ഥതയുടെയും മാര്‍ഗത്തില്‍ നെഹ്‌റുവിന്റെ കടുംപിടുത്തം സംഗതി വഷളാക്കി. ഈ ഘട്ടത്തില്‍ വാര്‍ധയില്‍ ചെന്ന് ഗാന്ധിജിയുടെ ഇടപെടലിന് സമ്മര്‍ദം ചെലുത്തിയിട്ടും തന്റെ പരിശ്രമങ്ങള്‍ വിജയിച്ചില്ല എന്ന് ആസാദ് “ഇന്ത്യ വിന്‍സ് ഫ്രീഡം’ എന്ന ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്. തന്റെ ശവത്തില്‍ ചവിട്ടിയല്ലാതെ ഇന്ത്യയുടെ വിഭജനം സാധ്യമല്ലെന്ന് ഒരുവേള വെട്ടിത്തുറന്നു പറഞ്ഞ ഗാന്ധിജിക്ക് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വിഭജനത്തിന് തലയാട്ടേണ്ടിവന്നത് ഇന്ത്യാ ചരിത്രത്തിലെ വലിയൊരു ദുരന്തമാണ്. കാബിനറ്റ് മിഷന്റെ ശിപാര്‍ശകള്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും അംഗീകരിച്ചിട്ടും നെഹ്‌റുവിന്റെ ഭാഗത്തുനിന്നുണ്ടായ ബുദ്ധിശൂന്യമായ പ്രസ്താവനകളാണ് എല്ലാം അട്ടിമറിച്ചതെന്ന് ആസാദ് കുറ്റപ്പെടുത്തുന്നത് വ്യക്തിവൈരാഗ്യം കൊണ്ടായിരുന്നില്ല. ഭരണഘടന നിര്‍മാണ സഭക്ക് കാബിനറ്റ് മിഷന്‍ നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്യാന്‍ അധികാരമുണ്ടായിരിക്കുമെന്ന നെഹ്‌റുവിന്റെ അവധാനത തൊട്ടുതീണ്ടാത്ത വാക്കുകളില്‍ പിടിച്ചാണ് കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ബ്രിട്ടീഷു‌കാര്‍ ഇവിടെയുള്ളപ്പോള്‍ തന്നെ വാക്ക് മാറ്റിപ്പറയാന്‍ മുതിരുന്നവരെ മുന്നില്‍നിറുത്തി മുസ്‌ലിംകളുടെ ഭാഗധേയം വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും ജിന്ന ശഠിച്ചത്. ഈ ഘട്ടമാകുമ്പോഴേക്കും മഹാത്മജിയുടെ നേതൃത്വം ഒമ്പതുകോടി വരുന്ന മുസ്‌ലിംകള്‍ക്ക് വേണ്ടി എന്തു ചെയ്തു എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം വ്യത്യസ്തമാവാം. ഗാന്ധിജി മനസ്സിരുത്തിയിരുന്നുവെങ്കില്‍ രാജ്യവിഭജനം തന്നെ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യന്‍ അബുല്‍കലാം ആസാദ് തന്നെ സമ്മതിക്കുന്നുണ്ട്. ലോകഭൂപടം മാറ്റിയെഴുതിയ ചരിത്ര സംഭവങ്ങളുടെ പിന്നില്‍ ഏതെങ്കിലുമൊരാളുടെ ബുദ്ധിമോശമോ അതിസാമര്‍ഥ്യമോ പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്ന് പറയാറുണ്ട്. ഇന്ത്യക്ക് സംഭവിച്ച ദുരന്തവും അമ്മട്ടിലുള്ളതാണ്. 1947 ജൂണ്‍ 14ന് ചേര്‍ന്ന എ ഐ സി സി യോഗത്തില്‍ 29 അംഗങ്ങള്‍ രാജ്യവിഭജന പ്രമേയത്തെ പിന്താങ്ങിയപ്പോള്‍, ഗാന്ധിജി ഇടപെട്ടിട്ടും 15പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ കൈയാല്‍ രാജ്യം വെട്ടിമുറിക്കപ്പെടുന്ന ഒരു സാഹസത്തിന് നെഹ്‌റുവും ഗാന്ധിജിയും ആസാദുമൊക്കെ മൂകസാക്ഷികളായത് ചരിത്രത്തിലെ വല്ലാത്ത വൈരുധ്യമാവാം.

രാജ്യവിഭജനം തുറന്നുവിട്ട ജാനൂസിന്റെ കവാടത്തിലൂടെയാണ് ലോകചരിത്രത്തിലെ ഭയാനകമായ കൂട്ട നരഹത്യയും അഭയാര്‍ഥി പ്രവാഹവും സംഭവിക്കുന്നത്. ഗാന്ധിജി എന്ന അപൂര്‍വ വ്യക്തിത്വത്തിന്റെ ജീവിതനിയോഗം കണ്ട് ലോകം അമ്പരന്ന ദിനരാത്രങ്ങള്‍! മതം തിരിച്ച് ലക്ഷങ്ങളെ കൊന്നൊടുക്കിയ വര്‍ഗീയഭ്രാന്തന്മാരുടെ മുന്നില്‍ കൂപ്പുകൈയോടെ സമാധാനത്തിന് കേണപേക്ഷിച്ച ആ വയോധികന്‍ ഭൂമുഖത്ത് ജീവിച്ചില്ലായിരുന്നുവെങ്കില്‍ മൊത്തം ജനസംഖ്യയുടെ പകുതിയെങ്കിലും ശവക്കൂമ്പാരമായി തീരാന്‍ മാത്രം വര്‍ഗീയാഗ്‌നി ആളിക്കത്തുന്നുണ്ടായിരുന്നു അന്ന്. നവഖാലിയിലും അമൃതസറിലും പാനിപ്പത്തിലും ഓടിയെത്തി അക്രമികളുടെ മുന്നില്‍ തലകുനിച്ചുനിന്ന ആ മനുഷ്യനെ കണ്ടാണ് കൊലയാളികളില്‍ പലരും കൊലക്കത്തി വലിച്ചെറിഞ്ഞത്. സ്വാതന്ത്ര്യത്തിന്റെ ആഹ്‌ളാദം 48 മണിക്കൂറേ നീണ്ടുനിന്നുള്ളൂ. കിഴക്കന്‍ പഞ്ചാബില്‍ ഹിന്ദുക്കളും സിഖുകാരും ചേര്‍ന്ന് മുസ്‌ലിംകളെ, സ്ത്രീകളെയും കൈക്കുഞ്ഞുങ്ങളെയുമടക്കം അറുകൊല ചെയ്തു. പടിഞ്ഞാറന്‍ പഞ്ചാബിലാകട്ടെ ഹിന്ദുക്കളെയും സിഖുകാരെയും അതിക്രൂരമായി കൊന്നൊടുക്കി വയലുകളിലും തോടുകളിലും വലിച്ചെറിഞ്ഞു. ലാഹോറിലേക്കും കറാച്ചിയിലേക്കുമുള്ള തീവണ്ടി ബോഗികള്‍ മയ്യിത്തുകള്‍ കൊണ്ട് നിറച്ചപ്പോള്‍ പാകിസ്ഥാനില്‍നിന്ന് അട്ടാരി വഴി വന്ന ബോഗികളെല്ലാം ജഡങ്ങള്‍ കുമിഞ്ഞുകൂടി. ആദ്യമൊക്കെ ഡല്‍ഹി സമാധാനപൂര്‍ണമാണെങ്കിലും അഭയാര്‍ഥി പ്രവാഹവും മൃതശരീരങ്ങളുടെ ഒഴുക്കും മഹാനഗരത്തെയും നരകമാക്കി. പള്ളികള്‍ പിടിച്ചടക്കി അഭയാര്‍ഥികളെ കൊണ്ട് നിറച്ചു. ഗാന്ധിജി എന്ന മനുഷ്യസ്‌നേഹിയുടെ ഇടപെടലുകളുണ്ടാവുന്നത് ഈ ഘട്ടത്തിലാണ്. 1949 ജനുവരി 12ന് ഗാന്ധിജി നിരാഹാരത്തിന് തുടക്കമിട്ടു. നിരപരാധികളുടെ ജീവനും ധനമാനാദികളും സംരക്ഷിക്കുന്നതില്‍ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ കാണിക്കുന്ന അലംഭാവമാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചത്. പട്ടേലിന് അറിയാമായിരുന്നു തനിക്കെതിരെയാണ് മഹാത്മജിയുടെ സമരമെന്ന്. നിരാഹാരമിരിക്കാന്‍ മാത്രം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഗാന്ധിജിയുടെ നീക്കം കണ്ടാല്‍ തോന്നുക മുസ്‌ലിംകളെ കൊന്നൊടുക്കുന്നത് താനാണെന്നുമെന്ന് പട്ടേല്‍ പരാതിപ്പെട്ടു. ഗാന്ധിജിയുടെ പ്രതികരണം കൃത്യമായിരുന്നു. “ഞാന്‍ ചൈനയിലല്ല; ഡല്‍ഹിയില്‍ തന്നെയാണ്. കണ്ണിന്റെ കാഴ്ചയും കാതിന്റെ കേള്‍വിശക്തിയും നഷ്ടപ്പെട്ടിട്ടില്ല എനിക്ക്. എന്റെ കണ്ണിനെയും കാതിനെയും അവിശ്വസിക്കണമെന്നും മുസ്‌ലിംകള്‍ക്ക് യാതൊരു പരാതിയുമില്ലെന്നും പറഞ്ഞാല്‍ എന്നെ ആര്‍ക്കും ബോധ്യപ്പെടുത്താന്‍ കഴിയില്ല.’ സമ്മർദങ്ങള്‍ക്കൊടുവില്‍ ആറ് വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാവരും തയാറാണെങ്കില്‍ മാത്രമേ താന്‍ വ്രതം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശഠിച്ചപ്പോള്‍ പട്ടേലിന് തന്റെ ഗുരുവിന്റെ മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു.

ഗാന്ധിജിയെ ഭൂമുഖത്തുനിന്ന് എത്രയും പെട്ടെന്ന് യാത്രയാക്കണമെന്ന് ഹിന്ദുമതഭ്രാന്തന്മാര്‍ തീരുമാനിക്കുന്നത് ഇതോടെയാണ്. രാഷ്ട്രപിതാവിന്റെ കഥ കഴിക്കാന്‍ 1936 തൊട്ട് പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കാന്‍ അവസരം കാത്തിരുന്നവർ അവസാന തീരുമാനമെടുത്ത ഘട്ടമാണിത്. എന്തുകൊണ്ട് മഹാത്മജിയെ താന്‍ വെടിവെച്ചുകൊന്നുവെന്ന് ഷിംല കോടതിയില്‍ ഗോഡ്സെ വികാരഭരിതനായി വിവരിക്കുന്ന രംഗമുണ്ട്. 1949 മേയ് 5ന് നടത്തിയ ആ പ്രസംഗത്തില്‍ ഗാന്ധിജി മുസ്‌ലിംകളോട് കാണിച്ച സ്‌നേഹവും മമതയും പിന്തുണയും ദേശസ്‌നേഹിയായ തന്നെപ്പോലുള്ളവര്‍ക്ക് കണ്ട്‌സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല എന്നാണ് ഗോഡ്സെ ബോധിപ്പിക്കുന്നത്. ദേശീയ ഭാഷ തിരഞ്ഞെടുക്കുന്നത് മുതല്‍ പാകിസ്ഥാന് ഇന്ത്യന്‍ ഖജനാവില്‍നിന്ന് അവരുടെ ഓഹരി കൈമാറുന്ന കാര്യത്തില്‍ വരെ ഗാന്ധി കാണിച്ച ഉദാരതയാൽ അദ്ദേഹം മരണം അര്‍ഹിക്കുന്നുണ്ട് എന്ന് ഗോഡ്സെ വാദിച്ചു. ഗാന്ധിജിയില്ലാത്ത ഇന്ത്യക്ക് പാകിസ്ഥാനോടും മുസ്‌ലിംകളോടും പ്രതികാരം ചെയ്യാന്‍ പ്രാപ്തിയുണ്ടാകുമെന്നും സൈനികമായി മികച്ച നിലവാരത്തിലെത്താന്‍ സാധിക്കുമെന്നുമുള്ള ഉറച്ചവിശ്വാസമാണത്രെ കൊന്നൊടുക്കാൻ പ്രേരിപ്പിച്ചത്.
അതേ, മഹാത്മജിയുടെ രക്തസാക്ഷിത്വം മുസ്‌ലിംകളെയും പാകിസ്ഥാനെയും അംഗീകരിക്കാനും മാനിക്കാനുമുള്ള തീരുമാനത്തിന്റെ ശിക്ഷയായിരുന്നു. ഗാന്ധിജിക്ക് അറിയാമായിരുന്നു അന്നത്തെ രാഷ്ട്രീയ കൊടുംചൂടില്‍ വര്‍ഗീയവാദികള്‍ തന്നെ വേട്ടയാടാന്‍ പിറകെ ഓടുന്നുണ്ടെന്ന്. എന്നിട്ടും തന്റെ ജീവിതനിയോഗത്തില്‍നിന്ന് പിന്മാറിയില്ല. ഒരു ഹിന്ദുതന്നെ ആ മഹാത്മാവിന്റെ ജീവനെടുത്തപ്പോള്‍ മൗണ്ട് ബാറ്റണ്‍ ആശ്വാസം പൂണ്ടത് ഗാന്ധിജിയുടെ ഘാതകൻ ഒരു മുസ്‌ലിമായിരുന്നില്ലല്ലോ എന്നോര്‍ത്താണ്. അപ്പോഴും തങ്ങള്‍ക്ക് വേണ്ടി ജീവനര്‍പ്പിച്ച ഒരു വലിയ മനുഷ്യനെ കുറിച്ച് മുസ്‌ലിംകള്‍ ഗാഢമായി ചിന്തിച്ചുവോ? സംശയമാണ്. കൃതഘ്‌നത എന്നല്ലാതെ ഈ മനോഭാവത്തെ എങ്ങനെ വിശേഷിപ്പിക്കും?

Kasim Irikkoor

You must be logged in to post a comment Login