ഹിജ്റയുടെ പാഠങ്ങളും ഉത്തമസമൂഹത്തിന്റെ അനുഭവങ്ങളും

ഹിജ്റയുടെ പാഠങ്ങളും  ഉത്തമസമൂഹത്തിന്റെ  അനുഭവങ്ങളും

മനുഷ്യരുടെ ദുരിതങ്ങൾക്ക് പരിഹാരമായി മഹാത്മാക്കളായ ചിന്തകന്മാർ പല വഴികളും ആലോചിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ, വിവിധ കാലങ്ങളിലായി പല ദർശനങ്ങളും രാഷ്ട്രീയവ്യവസ്ഥിതികളും രൂപപ്പെടുകയുണ്ടായി. ഓരോന്നും അവയ്ക്കുമുമ്പുള്ളവയുടെ പോരായ്മകൾ പരിഹരിക്കുന്നുവെന്ന് അവകാശപ്പെട്ടു. പക്ഷേ, ശാന്തിയും സമാധാനവും കളിയാടുന്ന ഒരു ലോകം സ്ഥാപിക്കാൻ അവയ്ക്കൊന്നും കഴിഞ്ഞില്ല. ശാസ്ത്രം വളർന്നുവെങ്കിലും അതിന്റെ ഗുണഫലം എല്ലാ മനുഷ്യർക്കും അനുഭവിക്കാനായില്ല. ശാസ്ത്രമുന്നേറ്റം പല പരിഷ്കാരങ്ങൾക്കും കാരണമായെങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നാൾക്കുനാൾ വർധിച്ചുവന്നു.

മനുഷ്യർക്കിടയിൽ നീതിയും നിയമവും നടപ്പാവുന്നതും സമത്വവും സാഹോദര്യവും സംജാതമാവുന്നതും സ്വപ്നം കണ്ട ദാർശനികന്മാരെല്ലാം പരാജയപ്പെട്ടു. വിരചിതമായ രാഷ്ട്രമീമാംസാ ഗ്രന്ഥങ്ങളെല്ലാം വിഫലങ്ങളായി. ആധുനിക ജനാധിപത്യ സമ്പ്രദായം ഒരുപാട് പ്രതീക്ഷകൾ ഉയർത്തിയിരുന്നു. ജനാധിപത്യമെന്നാൽ ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകുന്ന, അദൃശ്യരെ ദൃശ്യരാക്കുന്ന, സാമാന്യജനങ്ങൾക്ക് സ്വന്തം വിധി നിർണയിക്കാൻ അവസരം നൽകുന്ന ഒരു വ്യവസ്ഥിതിയാണ് എന്ന് നാം കരുതി. പക്ഷേ, അതെല്ലാം വ്യാമോഹങ്ങൾ മാത്രമായിരുന്നു. എപ്പോഴും മുടന്തൻ കാലുകളിലായിരുന്നു ജനാധിപത്യത്തിന്റെ നടപ്പ്. സമ്പന്നനും അധികാരം കയ്യാളുന്നവനും തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് ജനാധിപത്യവ്യവസ്ഥിതിയെ പരുവപ്പെടുത്തി. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളിൽ വർണവെറിയും വംശമേൽക്കോയ്മയും സ്ഥാനമുറപ്പിച്ചു.

വളരെ പരിമിതമായ അർഥത്തിൽ മാത്രമാണ് മാനവരാശിക്ക് ജനാധിപത്യം അനുഭവിക്കാൻ കഴിയുന്നത്. അതുതന്നെ, വംശീയതയുടെയും നിയോഫാഷിസത്തിന്റെയും വലിയ ഭീഷണി നേരിടുന്നു. ജനായത്ത സമ്പ്രദായത്തെ കഴുത്തുഞെരിച്ചുകൊല്ലാൻ തക്കം പാർത്തിരിക്കുകയാണ് ഇന്ത്യയിലും ലോകമെമ്പാടും ശക്തിയാർജിച്ച് വരുന്ന തീവ്രവലതുപക്ഷം. ജനാധിപത്യത്തിന്റെ കൊടിയടയാളമായി കൊണ്ടാടപ്പെടുന്ന തിരഞ്ഞെടുപ്പുസമ്പ്രദായം പോലും ഇന്ന് പ്രഹസനമായി മാറിയിരിക്കുന്നു. ജനഹിതമല്ല, ഇവന്റ് മാനേജ്മെന്റുകളുടെ ഗിമ്മിക്കുകളാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് അജണ്ടകൾ നിശ്ചയിക്കുന്നത്. പഴയ ഗ്രീക്ക് നാട്ടുരാജ്യങ്ങളിലെ ജനാധിപത്യ പരീക്ഷണങ്ങളുടെ സൈദ്ധാന്തികനായിരുന്ന പ്ലേറ്റോ തന്നെ ജനാധിപത്യ സമ്പ്രദായത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. രാഷ്ട്രീയ നേതൃത്വം സാമാന്യജനതയുടെ വൈകാരികദൗർബല്യങ്ങൾ ചൂഷണം ചെയ്ത് അധികാരമുറപ്പിക്കുന്ന അവസ്ഥയെ പ്ലേറ്റോ ഭയപ്പെട്ടിരുന്നു. അധികാരമോഹികളും സ്വാർഥമതികളുമായ നേതാക്കൾ ജനാധിപത്യത്തിന്റെ അന്തസ്സത്ത തകർക്കുമെന്ന പ്ലേറ്റോയുടെ നിരീക്ഷണം ശരിവെക്കുന്നതാണ് വർത്തമാനകാല യാഥാർത്ഥ്യങ്ങൾ.
ജനാധിപത്യത്തിന്റെ ആന്തരദൗർബല്യങ്ങൾ മുതലെടുത്തുകൊണ്ടാണ് കുത്തകമുതലാളിത്തം വളർന്നുപന്തലിച്ചത്. അധ്വാനിക്കാത്തവൻ അധ്വാനിക്കുന്നവനെ ചൂഷണം ചെയ്യുന്ന നീതിരഹിതമായ വ്യവസ്ഥയാണ് മുതലാളിത്തം. ഈ വ്യവസ്ഥക്കുകീഴിൽ, മഹാഭൂരിപക്ഷത്തിനും യാതനാപൂർണമായ ജീവിതം നയിക്കേണ്ടിവരുന്നു. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരണമെന്ന് ആഗ്രഹിച്ച മനുഷ്യസ്നേഹികളായ ചിന്തകന്മാർ ബദൽമാർഗങ്ങൾ ആരാഞ്ഞുകൊണ്ടിരുന്നു. അങ്ങനെയാണ് സോഷ്യലിസം, കമ്മ്യൂണിസം തുടങ്ങിയ പരികല്പനകളുണ്ടാവുന്നത്. സോഷ്യലിസ്റ്റ് ചിന്തകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത് ജർമൻ ചിന്തകനായ കാൾമാർക്സായിരുന്നു. അദ്ദേഹത്തിന്റെ ദർശനങ്ങൾ താരതമ്യേന ശാസ്ത്രീയവും യുക്തിഭദ്രവുമായി വാഴ്ത്തപ്പെട്ടു. മാർക്സിന്റെ “കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ ലോകത്തിനുമുന്നിൽ ഒരു പുതിയ രാഷ്ട്രീയദർശനം അവതരിപ്പിച്ചു. മാനവചരിത്രം സോഷ്യലിസവും കടന്ന് കമ്മ്യൂണിസത്തിലെത്തിച്ചേരുന്നതും ലോകത്തെ ഭരണകൂടങ്ങൾ തന്നെ കൊഴിഞ്ഞുപോവുന്നതും മാർക്സ് സ്വപ്നം കണ്ടിരുന്നു. മുതലാളിത്തത്തെ തകർത്ത്, അധ്വാനിക്കുന്നവരുടേത് മാത്രമായ ഒരു ഭരണകൂടം ഉണ്ടാകും എന്നതാണ് മാർക്സിസ്റ്റ് വിഭാവന. പക്ഷേ, സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ ഒരു നൂറ്റാണ്ടു കാലം പോലും പിടിച്ചുനിൽക്കാനാകാതെ പരാജയപ്പെട്ട് പിൻവാങ്ങുന്നത് നാം കാണുകയുണ്ടായി. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിൽ നിലവിൽവന്നത്, തൊഴിലാളി വർഗ സർവാധിപത്യത്തിനു പകരം ഭരണകൂട സർവാധിപത്യമായിരുന്നു.
ജനാധിപത്യം, സോഷ്യലിസം, കമ്മ്യൂണിസം തുടങ്ങിയ ആശയഗതികൾക്ക് അതിന്റെ ആദിമവിശുദ്ധി നഷ്ടപ്പെട്ടുപോയത് എന്തുകൊണ്ടാണ്? ഈ പ്രത്യയശാസ്ത്രങ്ങൾക്കൊന്നും മനുഷ്യന്റെ പ്രകൃതത്തെയും മനോഭാവങ്ങളെയും പരിവർത്തനപ്പെടുത്താൻ കഴിഞ്ഞില്ല എന്നതുതന്നെ കാരണം. കുറച്ചധ്വാനിച്ച് കൂടുതൽ സുഖിക്കുക എന്നതാണല്ലോ മനുഷ്യന്റെ സഹജസ്വഭാവം. അതുമാറി, മനുഷ്യൻ ത്യാഗിയും നിസ്വാർഥനും ആവണമെങ്കിൽ അവന്റെ മനോഭാവങ്ങളിൽ കാതലായ മാറ്റങ്ങൾ സംഭവിക്കണം. നിയമങ്ങൾ അടിച്ചേൽപ്പിച്ചോ ദണ്ഡനമുറകൾക്ക് വിധേയമാക്കിയോ മനുഷ്യന്റെ മനോഭാവങ്ങളെ മാറ്റാൻ കഴിയില്ല.
മനുഷ്യമനസ്സിനെ പാകപ്പെടുത്തണമെങ്കിൽ അവന്റെ ആത്മാവിനെ സ്പർശിക്കുന്ന ദർശനങ്ങൾ വേണം. ഭൗതിക പ്രത്യയശാസ്ത്രങ്ങൾക്കൊന്നും അതിനുള്ള ശേഷിയുണ്ടായിരുന്നില്ല. ജനാധിപത്യവും സോഷ്യലിസവും മഹത്തായ ആശയങ്ങളാണ് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, പ്രയോഗിക്കപ്പെട്ടപ്പോൾ മനുഷ്യസാകല്യത്തെ സമഗ്രമായി ഉൾകൊള്ളാൻ അവയ്ക്കു കഴിഞ്ഞില്ല. ഏതു വ്യവസ്ഥിതിയിലും സമ്പത്തിന്റെയും അധികാരത്തിന്റെ കയ്യാളരായ ഒരു ന്യൂനപക്ഷം മഹാഭൂരിപക്ഷത്തെയും ജീവിതദുരിതങ്ങളുടെ അഗാധഗർത്തങ്ങളിലേക്ക് തള്ളിവീഴ്ത്തുന്നു എന്നതാണ് എന്നത്തെയും അനുഭവം.
ജന്മനാ ആധിപത്യവാസനയുള്ളവനാണ് മനുഷ്യൻ. മറ്റുള്ളവർക്കുമേൽ അധികാരം സ്ഥാപിക്കാനും സുഖിച്ച് ജീവിക്കാനും അവൻ സദാ കൊതിക്കുന്നു. അധികാരം നേടുന്നതിനും സുഖലോലുപനായി ജീവിക്കുന്നതിനും സമ്പത്ത് വേണം. സുഖസങ്കല്പം വർധിക്കുംതോറും ധനമോഹവും കൂടും. ധനസമ്പാദനത്തിനായി ഏതു ഹീനമാർഗവും ചിലപ്പോൾ മനുഷ്യൻ അവലംബിക്കുന്നത് അതുകൊണ്ടാണ്. അങ്ങനെ, മനുഷ്യന്റെ അധികാരാസക്തികൾക്കും സ്വാർഥമോഹങ്ങൾക്കും മുന്നിൽ ഭൗതിക പ്രത്യയ ശാസ്ത്രങ്ങൾ തലകുനിച്ചുപോവുന്നു. മനുഷ്യമോചനം വാഗ്ദത്തം ചെയ്ത എല്ലാ രാഷ്ട്രീയ ദർശനങ്ങളെയും സ്വാർഥതാല്പര്യങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനം ചെയ്യാനും പ്രയോഗിക്കാനും മനുഷ്യൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇവിടെയാണ് പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം അന്ത്യപ്രവാചകർ(സ്വ) സാധിച്ച ആത്മീയവിപ്ലവത്തിന്റെയും സാമൂഹിക വിമോചനത്തിന്റെയും പ്രസക്തിയും പ്രാധാന്യവും നാം അത്ഭുതത്തോടെ കാണുന്നത്. മരുഭൂവാസികളായ ഒരു നാടോടിസമൂഹത്തെ മഹത്തായ ഒരു വിശ്വാസ പ്രമാണത്താൽ പ്രചോദിതരാക്കി, ഒരു മാതൃകാസമൂഹത്തെ പ്രവാചകർ(സ്വ) രൂപപ്പെടുത്തിയെടുത്ത വിധം ചരിത്രത്തിലെ എക്കാലത്തെയും വലിയ വിസ്മയമാണ്.
ഒരു സമൂഹത്തെ ഒന്നടങ്കം വിശാലഹൃദയരും നിസ്വാർഥമതികളുമാക്കുന്ന സാമൂഹികവിപ്ലവം നയിക്കാൻ തിരുദൂതർക്കല്ലാതെ മറ്റാർക്ക് കഴിഞ്ഞിട്ടുണ്ട്! ത്യാഗികളും സമർപ്പിതരുമായ ഒരു ആദർശസമൂഹത്തിന്റെ രൂപപ്പെടലിനു പിന്നിൽ ചാലകശക്തിയായി വർത്തിച്ചത് വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ വിശ്വാസമായിരുന്നു. പരമാധികാരിയായ ഏകദൈവത്തിനുമുന്നിൽ എല്ലാവരും സമന്മാരാണ് എന്ന പാഠം മനുഷ്യന്റെ മനോഭാവങ്ങളെയും പ്രകൃതത്തെത്തന്നെയും മാറ്റിപ്പണിതു. അല്ലാഹുവിന്റെ പ്രതിനിധികളായിട്ടാണ് മനുഷ്യൻ ഭൂമിയിൽ ജീവിക്കേണ്ടത്. സ്രഷ്ടാവിന്റെ വിശേഷഗുണങ്ങൾ- സ്നേഹം, കാരുണ്യം, വിട്ടുവീഴ്ച തുടങ്ങിയവ- അംശാംശമായി സ്വാംശീകരിക്കുന്നവർക്ക് മാത്രമേ ദൈവത്തിന്റെ പ്രതിനിധികളായിരിക്കാൻ അർഹതയുള്ളൂ; അവർക്കുമാത്രമേ ദൈവസന്നിധിയിൽ സ്വീകാര്യതയുള്ളൂ. ഇസ്‌ലാമിന്റെ മഹത്തായ ഈ ആശയങ്ങൾ കഠിനഹൃദയങ്ങളെ തരളിതമാക്കി, ശത്രുക്കൾ മിത്രങ്ങളായി, രക്തസാക്ഷിത്വം ആഹ്ലാദകരമായി; “അന്യജീവനുതകി സ്വജീവിതം ധന്യമാ’ക്കുന്നതിന് വിശ്വാസികൾ പരസ്പരം മത്സരിച്ചു. അന്ത്യപ്രവാചകർ(സ്വ) അധികാരത്തിന്റെ ശക്തി ഉപയോഗിച്ചോ ഭൗതികപ്രലോഭനങ്ങൾ വഴിയോ ആയിരുന്നില്ല മനുഷ്യരുടെ മനസ്സ് കീഴടക്കിയത്. തിരുനബി(സ്വ) സമൂഹത്തിന് തൗഹീദിന്റെ ദിവ്യാനുഭൂതികൾ പകർന്നുകൊടുത്തു. വിശ്വാസികളുടെ ഹൃദയങ്ങൾക്കുമേൽ ആദർശത്തിന്റെ കയ്യൊപ്പുചാർത്തി, അവരെ ആത്മീയമായി സംസ്കരിച്ചു.

മാനവചരിത്രത്തിൽ മറ്റൊരിക്കലും സംഭവിച്ചിട്ടില്ലാത്ത മഹാവിസ്മയമായി സാമൂഹികചിന്തകർ വിലയിരുത്തുന്ന ഒരു മാതൃകാസമൂഹത്തെ സൃഷ്ടിക്കുന്നതിനും ഒരു ആദർശരാഷ്ട്രഘടന സ്ഥാപിക്കുന്നതിനും നിമിത്തമായത് പ്രവാചകരുടെ ഹിജ്റയായിരുന്നു. ലോകത്ത് ഇതുപോലെ ക്രാന്ത ദർശിത്വവും ആസൂത്രണ മികവുമുള്ള മറ്റൊരു പലായനമില്ല! ഓറിയന്റലിസ്റ്റുകൾ എഴുതിപ്പിടിപ്പിച്ചതുപോലെ ഹിജ്റ ഒരു ഒളിച്ചോട്ടമോ പിൻവാങ്ങലോ ആയിരുന്നില്ല. അടഞ്ഞ മനസ്ഥിതിയും ദുശ്ശാഠ്യങ്ങളും വെച്ചുപുലർത്തുന്നവരായിരുന്നു മക്കക്കാർ. അതിനെക്കാൾ ഇസ്‌ലാമികസമൂഹത്തിന്റെ സംസ്ഥാപനത്തിന് പറ്റിയത് യസ്്രിബിന്റെ മണ്ണാണ് എന്ന് പ്രവാചകർ(സ്വ) തിരിച്ചറിഞ്ഞു. ഭൂമിശാസ്ത്രവും സാമൂഹികവും രാഷ്ട്രീയവുമായ പല കാരണങ്ങളും അതിനുപിന്നിലുണ്ടായിരുന്നു. ഇസ്‌ലാമിക പ്രബോധനം ഒട്ടും സുഗമമായിരുന്നില്ല, മക്കയിൽ. പക്ഷേ, ദൗത്യനിർവഹണത്തിന്റെ പരിപൂർണ വിജയത്തിന് വേണ്ടി മുത്തുനബിയുടെ(സ്വ) കണ്ണും കരവും നിരന്തരം പ്രപഞ്ചനാഥനിലേക്കുയരുന്നുണ്ടായിരുന്നു. അതിനുള്ള ഉത്തരമായിട്ടാണ് പലായനത്തിനുള്ള അനുമതി ലഭിക്കുന്നത്.

ഗത്യന്തരമില്ലാത്ത ഒരു സന്ദർഭത്തിൽ പൊടുന്നനെ മനസ്സിലുദിച്ച ഒരാശയമല്ല ഹിജ്റ. കൃത്യമായ ആസൂത്രണങ്ങളും ആലോചനകളും അതിനു പിറകിലുണ്ട്. ഇസ്‌ലാം പ്രചരിപ്പിക്കുന്നതിനും വേരുപിടിപ്പിക്കുന്നതിനും വളക്കൂറുള്ള മണ്ണായി യസ്്രിബ് മാറി. വിഗ്രഹപൂജയുടെയും ആഭ്യന്തര ശൈഥില്യങ്ങളുടെയും ഊഷരസ്ഥലിയായ മക്കയിൽ സ്വപ്രയത്നം പാഴാക്കിക്കളയുന്നതിനുപകരം പ്രബോധനം സഫലമാവുന്ന ഒരിടമായിരുന്നു പുണ്യറസൂൽ(സ്വ) കണ്ടെത്തിയത്. ഹജ്ജ് വേളയിൽ മക്കയിലെത്തുന്ന പല ദേശങ്ങളിലെ, വിവിധ ഗോത്രങ്ങളുടെ പ്രതിനിധിസംഘങ്ങൾക്ക് അവിടുന്ന് തൗഹീദ് പകർന്നുകൊടുത്തു. അവരുടെ സ്വദേശങ്ങളിൽ സത്യവിശ്വാസം സ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

പ്രവാചകത്വലബ്ധിയുടെ പതിനൊന്നാം വർഷം യസ്്രിബിൽ നിന്നുള്ള ഒരു പ്രതിനിധിസംഘത്തെ അല്ലാഹു മക്കയിലേക്ക് നിയോഗിച്ചു. നബിതിരുമേനി(സ്വ) അവർക്ക് തൗഹീദ് പകർന്നുകൊടുത്തു. അവരുടെ മനം തെളിഞ്ഞു; ഹൃദയാനുഭൂതികൾ ആനന്ദാശ്രുക്കളായി വർഷിച്ചു. ഇസ്‌ലാമിക സന്ദേശങ്ങളുമായി അവർ സ്വദേശത്തേക്ക് മടങ്ങി. അതുകഴിഞ്ഞ് ഒരു വർഷമായി, യസ്്രിബിൽനിന്ന് മറ്റൊരു സംഘം കൂടി പ്രവാചകരുമായി സന്ധിച്ചു. ഔസ്, ഖസ്റജ് ഗോത്രങ്ങളിലെ പന്ത്രണ്ട് പ്രമുഖരുടെ ഒരു സംഘമായിരുന്നു അത്. ഇപ്പോൾ അവരെത്തിയത് ഇസ്‌ലാമിന്റെയും പ്രവാചകരുടെയും സംരക്ഷണം ഏറ്റെടുത്ത് ഉടമ്പടി ചെയ്യാൻ വേണ്ടിയാണ്. ഇസ്‌ലാമികാദർശ പ്രചാരണത്തിനായി മക്കയിൽനിന്ന് ഒരു പ്രതിനിധിയെ- മിസ്അബുബ്നു ഉമൈർ- പ്രവാചകർ(സ്വ) അങ്ങോട്ടയക്കുകയും ചെയ്തു. മിസ്അബ് അവിടെ പ്രബോധനത്തിൽ വ്യാപൃതനായി. യസ്്രിബിലെ പ്രകൃതി അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ഖുർആൻ പരായണം കേട്ട് കോരിത്തരിച്ചു.
ബഹുദൈവ വിശ്വാസികളുടെ കുടിലനേത്രങ്ങൾ അടയുകയും അവരുടെ കഠിനഹൃദയങ്ങൾ അബോധത്തെ പുൽകുകയും ചെയ്ത ഒരർധരാത്രി, തൗഹീദിന്റെ അനുഭൂതികൾ അനുഭവിച്ച് തുടിക്കുന്ന ഹൃദയവുമായി യസ്്രിബിൽനിന്നുള്ള ഒരു സംഘം, എഴുപത്തിമൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും- ഒറ്റയ്ക്കും തറ്റയ്ക്കും, പാത്തും പതുങ്ങിയും നബി സവിധമണഞ്ഞു. അവർ അന്ത്യദൂതരുമായി(സ്വ) മഹത്തായ സന്ധിയിൽ ഒപ്പുവെച്ചു. യുദ്ധത്തിലും സമാധാനത്തിലും ഇസ്‌ലാമിനും പ്രവാചകനും വേണ്ടി നിലകൊള്ളുമെന്ന് അവർ ദൃഢനിശ്ചയം ചെയ്തു. ആ സംഘത്തിൽനിന്ന് പന്ത്രണ്ട് പേരെ ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനുവേണ്ടി പ്രവാചകർ(സ്വ) തിരഞ്ഞെടുത്തു. ഇവിടെ, അന്ത്യദൂതരുടെ സമർഥമായ പ്രബോധനതന്ത്രം തെളിഞ്ഞുകാണാം. ഇസ്‌ലാം, വിദേശത്തുനിന്ന് കെട്ടിയിറക്കപ്പെട്ടതോ വിദേശീയർ പ്രതിനിധാനം ചെയ്യുന്നതോ ആയി യസ്്രിബുകാർക്ക് തോന്നാതിരിക്കാൻ വേണ്ടിയാണ് അവിടുന്ന്, അവരിൽനിന്നുതന്നെ നായകന്മാരെ തിരഞ്ഞെടുത്തത്.
പ്രവാചകരുടെ അനുമതിയോടെ, അനുയായികൾ ഒറ്റയായി യസ്്രിബിലേക്ക് പലായനം ചെയ്യുന്നുണ്ടായിരുന്നു. കണ്ടുകൊണ്ടിരുന്ന പല മുസ്‌ലിംകളെയും പൊടുന്നനെ കാണാതാവുന്നത് ശത്രുക്കളുടെ ശ്രദ്ധയിൽ പെട്ടു. ആദ്യം അവരത് കാര്യമാക്കിയില്ല. പക്ഷേ, എതിരാളികൾ ഓരോരുത്തരായി നാടുവിടുകയാണ് എന്നറിഞ്ഞപ്പോൾ ഖുറൈശികൾക്ക് ഭയമായി. മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടി നാടും വീടും ഉപേക്ഷിക്കുന്നവർ അപകടകാരികളായേക്കാമെന്ന് അവർക്കുതോന്നി. ഓരോ വിശ്വാസിയുടെയും തിരോധാനം ഞെട്ടലോടെയാണ് മുശ്്രിക്കുകൾ കണ്ടത്. ഓരോ പലായനത്തിലും അപ്രതിരോധ്യമായ തിരിച്ചുവരവിന്റെ ഭീഷണി നിഴലിക്കുന്നുണ്ടെന്ന് അവർ കരുതി. പ്രശ്നത്തിന്റെ ഗൗരവം ചർച്ച ചെയ്യുന്നതിനുവേണ്ടി ഖുറൈശീ പ്രമാണിമാർ യോഗം ചേർന്നു. പ്രവാചകരെ വധിക്കുക മാത്രമാണ് തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണിക്കു പ്രതിവിധിയെന്ന് തീരുമാനമായി. പക്ഷേ, തങ്ങൾ ആഗ്രഹിക്കുന്നത് നടപ്പാക്കുക അത്ര എളുപ്പമല്ല. മക്കയിലെ പ്രബലരാണ് ഹാശിം കുടുംബം. സ്വന്തം രക്തം ചിന്തിയാൽ അവർ അടങ്ങിയിരിക്കില്ല. നബി ഘാതകന്റെ ഗോത്രത്തെ അവർ തകർക്കും. പക്ഷേ മുശ്്രിക്കുകളുടെ കുബുദ്ധിയിൽ ഒരു വഴി തെളിഞ്ഞു. എല്ലാ ഗോത്രങ്ങളും ചേർന്ന് മുഹമ്മദിനെ വകവരുത്താം എന്ന് അവർ നിശ്ചയിച്ചു. നായകന്റെ മരണത്തോടെ തൗഹീദിന്റെ അന്ത്യം സംഭവിക്കുമെന്ന് അവർ കണക്കുകൂട്ടി. പക്ഷേ, പ്രപഞ്ചനാഥന്റെ അലംഘനീയമായ തീരുമാനം അതായിരുന്നില്ല.
പലായനത്തിനുള്ള അനുമതിയുമായി സന്ദേശവാഹകർ വരുന്നതും കാത്തിരുന്ന പ്രവാചകർ(സ്വ) ശിഷ്യന്മാരുടെ യാത്രയ്ക്കുവേണ്ട നിർദേശങ്ങൾ നല്കിയും മേൽനോട്ടം വഹിച്ചും മക്കയിൽതന്നെ കഴിയുകയായിരുന്നു. അവസാനം, മാനവചരിത്രത്തിലെ വലിയ വഴിത്തിരിവായി മാറിയ ആ ദിവ്യസന്ദേശം വന്നു: “പുറപ്പെട്ടുകൊള്ളുക.’
യസ്്രിബിന്റെ ശാദ്വലഭൂമി പ്രവാചകരുടെ പാദസ്പർശനമേറ്റ് പുളകിതമാവാൻ വെമ്പിനിൽക്കുകയായിരുന്നു. യസ്്രിബിലെ കാറ്റിനും കിളികൾക്കും മണൽത്തരികൾക്കും എന്തെന്നില്ലാത്ത ഒരുത്സാഹം. യസ്്രിബിലെത്താൻ തിരുഹൃദയവും ഉത്സുകമായിരുന്നു. പക്ഷേ, അവിടുന്ന് ധൃതിപ്പെട്ടില്ല; അല്ലാഹുവിന്റെ കല്പനക്കായി കാത്തിരുന്നു.

ഒരുപാട് പാഠങ്ങളാണ് ഹിജ്റ. പ്രവാചകർ തന്റെ ദീർഘദൃഷ്ടിയും ധിഷണാശേഷിയും ഹിജ്റയുടെ വിജയത്തിനായി പ്രയോജനപ്പെടുത്തി. മനുഷ്യന്റെ വ്യക്തിപരമായ കഴിവുകൾ പരമാവധി പ്രയോഗിച്ചു കൊണ്ടുതന്നെയാവണം, അല്ലാഹുവിന്റെ സഹായം നേരിട്ട് കാംക്ഷിക്കുന്നത് എന്നതാണ് ഹിജ്റ നൽകുന്ന ഒരു പാഠം. നബിയുടെ(സ്വ) ഹിജ്റക്കായുള്ള സജ്ജീകരണങ്ങളും, വിജയകരമായും സുരക്ഷിതമായും അത് നിർവഹിച്ച വിധവും എത്ര സമർഥവും തന്ത്രപരവുമായിരുന്നുവെന്ന് ഓർക്കണം.

ഹിജ്റയുടെ ഓരോ ചുവടുവയ്പും കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടിരുന്നു. ഖുറൈശികൾ അശ്രദ്ധരാവാൻ സാധ്യതയുള്ള നിശീഥിനിയുടെ അന്ത്യയാമങ്ങളാണ്, പുറത്തുകടക്കാൻ തിരുനബി(സ്വ) തിരഞ്ഞെടുത്തത്. ശത്രുക്കൾ, തിരഞ്ഞുനടന്ന് നിരാശരാവാനും അലസരാവാനും വേണ്ടി മൂന്നുനാൾ സൗർ ഗുഹയിൽ കഴിഞ്ഞു.
സാധാരണ ഉപയോഗിക്കപ്പെടാത്ത ഒരു ദുർഘടവീഥിയിലൂടെ പ്രയാണം പുനരാരംഭിച്ചു. മിഅ്റാജിന്റെ ഒറ്റ രാത്രിയിൽ അനന്തവിസ്തൃതമായ വാനലോകത്തിന്റെ കിളിവാതിലുകൾ തിരുദൂതർക്ക് തുറന്നുകൊടുത്ത അല്ലാഹുവിന്, ആ പൂമേനിയെ നിഷ്പ്രയാസം യസ്്രിബിലെത്തിക്കാവുന്നതാണ്. പക്ഷേ, മനുഷ്യന് അല്ലാഹു നൽകിയ കഴിവുകളെക്കുറിച്ചും അത് വിനിയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരേണ്ട ആവശ്യകതയെക്കുറിച്ചും മാനവരാശിക്ക് നൽകുന്ന സൂചനകൾ ഹിജ്റയിലുണ്ട്.

ഭീഷണമായ ദിനരാത്രങ്ങളാണ് കഴിഞ്ഞുപോയത്. വേട്ടപ്പട്ടികളെപ്പോലെ ശത്രുക്കൾ ഘ്രാണിച്ചുനടക്കുകയാണ്. പക്ഷേ, ശത്രുവേതാളങ്ങൾക്ക് മുത്തുറസൂലിനെ കണ്ടെത്തുക സാധ്യമല്ല. അവിടുന്ന് അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. യസ്്രിബിലെത്തിയ ആ രണ്ട് പുണ്യാത്മാക്കളെ തക്ബീർധ്വനികളോടെ വിശ്വാസികൾ വരവേറ്റു. യസ്്രിബുകാർക്കത് സൗഭാഗ്യങ്ങളുടെ സുദിനമായിരുന്നു. ആനന്ദാശ്രുക്കളോടെ അവർ പരസ്പരം കെട്ടിപ്പുണർന്നു. പ്രവാചകരുടെ ദിവ്യപ്രകാശം അവരുടെ ഹൃദയഭിത്തികളിൽ പ്രതിധ്വനിച്ചു.

അനതിവിദൂര ഭാവിയിൽ സംഭവിക്കാനിരിക്കുന്ന സുസംഘടിതവും അനുഗ്രഹീതവുമായ ഇസ്‌ലാമിക സമൂഹത്തിന്റെ വിളംബരമായിരുന്നു, ആ വരവും ആ സ്വീകരണവും. മനുഷ്യചേതനയെ പ്രചോദിപ്പിക്കുന്ന അനിർവചനീയമായ ഒരനുഭവമായിരുന്നു അത്. ചിന്താപരവും വൈകാരികവുമായ ഉജ്ജ്വല മുഹൂർത്തങ്ങളുടെ സന്നിവേശമാണ് ഹിജ്റ. പ്രവാചകശ്രേഷ്ഠരുടെ ദീർഘദർശനങ്ങൾ, അല്ലാഹുവുമായുള്ള അഗാധബന്ധം, പ്രപഞ്ചനാഥനോടുള്ള തീവ്രമായ അനുരാഗം, പ്രാർഥനകളിൽ നിറഞ്ഞുതുളുമ്പുന്ന ഭക്തിയും സമർപ്പണവും എല്ലാം ചേർന്ന് ഹിജ്റയുണ്ടായി. അതുകൊണ്ട് ഹിജ്റ, കേവലാർഥത്തിലുള്ള ഒരു പലായനമല്ല.
നിർഭയമായ പ്രബോധനത്തിനും സമൂഹത്തിന് ആത്മീയശിക്ഷണം നല്കുന്നതിനുമുള്ള അവസരം മദീനയിൽ പ്രവാചകർക്ക് ലഭിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ചരിത്രത്തെ വിസ്മയം കൊള്ളിച്ച ഒരു മാതൃകാ സമൂഹത്തെ വാർത്തെടുക്കാൻ അവിടുത്തേക്ക് കഴിഞ്ഞു. “ലോക ചരിത്രത്തിലെ അനുഗൃഹീതരായ ജനനായകർക്ക് നാഗരികകേന്ദ്രങ്ങളിലോ വൈജ്ഞാനികവും രാഷ്ട്രീയവുമായി സംഘടിതമായ രാജ്യങ്ങളിലോ ജനിക്കുകയും പ്രവർത്തിക്കുകയും ചെയ്തു എന്ന ആനുകൂല്യമുണ്ടായിരുന്നു. എന്നാൽ മുഹമ്മദ് നബി ഈ ആനുകൂല്യമൊന്നുമില്ലാതെയാണ് സാമൂഹിക- രാഷ്ട്രീയ രംഗത്ത് മഹാവിപ്ലവങ്ങൾ സൃഷ്ടിച്ചത്’ എന്ന് മൈക്കിൾ എച്ച് ഹാർട്ട് വിലയിരുത്തുന്നു.

മാനവികമായ ആദർശങ്ങളത്രയും ഒരു വിശ്വാസപ്രമാണമായി മാത്രമല്ല, ആത്മീയാനുഭൂതിയായും പരിവർത്തനം ചെയ്യാൻ കഴിഞ്ഞതുകൊണ്ടാണ് സാഹോദര്യവും സമത്വവും പൂക്കുന്ന ഒരു സാമൂഹ്യക്രമം പടുത്തുയർത്താൻ പ്രവാചകർക്ക് കഴിഞ്ഞത്. “ഇസ്‌ലാമിന്റെ അനുപമവും ശ്രദ്ധേയവുമായ വിജയത്തിന് കാരണം അതിൽ അന്തർലീനമായ സമത്വബോധവും വിമോചനതൃഷ്ണയുമായിരുന്നു’’വെന്ന് എം എൻ റോയ് അഭിപ്രായപ്പെടുന്നു.
ലോകചരിത്രത്തിലെ ഇതര സൈനികനീക്കങ്ങളും ഇസ്‌ലാം നേടിയ ദിഗ്വിജയങ്ങളും താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. മറ്റു പടയോട്ടങ്ങൾ മരണവും നാശവുമായിരുന്നു ലോകത്ത് വിതച്ചത്. എന്നാൽ ഇസ്‌ലാം കടന്നുചെന്നിടങ്ങളിലെല്ലാം ശാസ്ത്രവും വിജ്ഞാനവും തഴച്ചുവളർന്നു. ഇസ്‌ലാമിക ഭരണത്തിനു കീഴിൽ തത്വചിന്തയും ഇതര വിജ്ഞാനശാഖകളും വ്യാപിച്ചതിന്റെ മൗലിക കാരണം ഇസ്‌ലാമികാദർശങ്ങളുടെ സവിശേഷതകൾ തന്നെയായിരുന്നു. അറിയാനും ആരായാനും ഇസ്‌ലാം മനുഷ്യനെ പ്രേരിപ്പിക്കുന്നു. അറിവും അധികാരവും തേടിയുള്ള പുരോഗതിയുടെ സൂക്ഷ്മപാതയിൽ ഒരു സമൂഹത്തെ മുന്നോട്ടുനയിക്കാൻ മുഹമ്മദിന് കഴിഞ്ഞു എന്ന് ദാർശനികനായ ഓക്്ലെ പറയുന്നത് ശരിയാണ്.
മനുഷ്യപുരോഗതി ലക്ഷ്യംവെച്ച് രൂപപ്പെട്ട ഭൗതികപ്രസ്ഥാനങ്ങൾ ഒന്നടങ്കം പരാജയപ്പെട്ടിടത്ത് ഇസ്‌ലാമിന് എങ്ങനെ വിജയം നേടാൻ കഴിഞ്ഞു എന്ന ചോദ്യം പ്രസക്തമാണ്. ഇസ്‌ലാം മനുഷ്യസത്തയെ പുനർനിർവചിക്കുകയും മനോഭാവങ്ങളെ പരിവർത്തിപ്പിക്കുകയു ചെയ്തു എന്നതാണ് ലളിതമായ ഉത്തരം. ഉയർന്ന സ്വഭാവശുദ്ധി, മികച്ച ലക്ഷ്യബോധം, ഉദാത്തമായ ആത്മീയത തുടങ്ങിയ സവിശേഷതകളാൽ നയിക്കപ്പെട്ടവരായിരുന്നു പ്രവാചകരുടെ അനുയായികൾ. അവരുടെ പ്രവർത്തനങ്ങളിലും ചിന്തകളിലും ഒരിക്കലും സ്വാർഥമോഹങ്ങളുടെ കറ പുരണ്ടിരുന്നില്ല. മുഹാജിറുകൾക്കും അൻസ്വാറുകൾക്കുമിടയിൽ മൊട്ടിട്ടു പുഷ്പിച്ച അഗാധമായ ആത്മീയബന്ധത്തെ മാനവികതയുടെ വസന്തകാലം എന്നല്ലാതെ മറ്റെന്താണ് പറയുക! നോക്കൂ, അൻസ്വാറുകൾ അവരുടെ സമ്പത്തിൽ മുഹാജിറുകൾക്കും അവകാശം നൽകുന്നു. എന്തിന്, സ്വന്തം ഭാര്യമാരെ ബന്ധം വേർപ്പെടുത്തി ആദർശസഹോദരന്മാരുടെ കൈകളിലേൽപിക്കാൻ അവർ സന്നദ്ധരാവുന്നു. തൗഹീദിന്റെ പരമാനന്ദം അനുഭവിക്കുന്നവരുടെ മനസ്സിൽ സ്വാർത്ഥചിന്തകൾക്ക് സ്ഥാനമെവിടെ?

ഇസ്‌ലാമിക ഭരണകൂടത്തിൽ അനുയായികൾക്കും നേതൃത്വത്തിനുമിടയിൽ പൂർണവിശ്വാസം നിലനിന്നിരുന്നു. പ്രവാചകർക്കും അനുചരന്മാർക്കുമിടയിൽ നിലനിന്നുപോന്ന അഗാധമായ സ്നേഹവും വിശ്വാസവും മറ്റൊരിടത്തും നാം കാണുന്നില്ല. ശത്രുക്കൾ ശരിക്കും തോറ്റുപോയത് ഈ സ്നേഹബന്ധത്തിന് മുന്നിലായിരുന്നു. സാഹോദര്യങ്ങളിലും സമത്വത്തിലും അധിഷ്ഠിതമായിരുന്നു ഇസ്‌ലാമികസമൂഹം. തിരുനബി(സ്വ) അങ്ങേയറ്റം ലളിതമായി ജീവിക്കുന്നു, അനുയായികൾക്കൊപ്പം ജോലി ചെയ്യുന്നു; വിറകുവെട്ടാനും കിടങ്ങ് കുഴിക്കാനും അനുയായികൾക്കൊപ്പം ചേരുന്നു! ചരിത്രത്തിൽ മറ്റെവിടെയുണ്ട് ഇതുപോലൊരു മാതൃക. ഒന്നാം ഖലീഫ അബൂബക്കറിന്റെ ജീവിതലാളിത്യവും ആദർശഗരിമയും വാക്കുകളിൽ ഒതുക്കാവുന്നതല്ല. സദാ കർമനിരതവും ആത്മാർഥതയുടെ മൂർത്തരൂപവുമായിരുന്നു ആ ധന്യജീവിതം. അനീതിക്കെതിരെ നീതിയുടെ പക്ഷത്ത് ഉറച്ചുനിന്നവരായിരുന്നു മറ്റു ഖലീഫമാരും. ഇസ്‌ലാമികാദർശങ്ങളിലൂടെ, അത്രമേൽ ഹൃദയവിശുദ്ധി അവർ നേടിയിരുന്നു.

അല്ലാഹുവിന്റെ വാൾ എന്ന് വിശേഷിപ്പിക്കപ്പെട്ട ഖാലിദുബ്നു വലീദിന്റെ(റ) വാക്കുകളിൽനിന്ന്, തിരുനബി(സ്വ) അനുയായികളിൽ വരുത്തിയ ഹൃദയസംസ്കരണവും മാനസികപരിവർത്തനവും വായിച്ചെടുക്കാം. ആ ധീരപടയാളി മരണം കാത്തുകിടക്കുമ്പോൾ സ്വന്തമായി ഉണ്ടായിരുന്നത് ഒരു കുതിരയും ഒരു വാളും ഒരേയൊരു സേവകനുമായിരുന്നു. ഇസ്‌ലാമിന് ദിഗ്വിജയങ്ങൾ സമ്മാനിച്ച ധീരനായ പോരാളിയാണതെന്നോർക്കണം. ഖാലിദ്(റ) പറയുന്നു: “സിറിയയുടെ കൗതുകങ്ങളിലോ ഐഹിക ലോകത്തിന്റെ ആഹ്ലാദങ്ങളിലോ എനിക്ക് താല്പര്യമില്ല. അല്ലാഹുവിന്റെയും പ്രവാചകരുടെയും പ്രീതി മാത്രമാണ് എന്റെ ലക്ഷ്യം’’. ഇത് ഓരോ വിശ്വാസിയുടെയും ചിന്തയും ബോധ്യവുമായിരുന്നു. അവരുടെ മനോവികാരങ്ങളും മനോഭാവങ്ങളും ആ വിധം പരിവർത്തനപ്പെട്ടിരുന്നു. മുത്തുറസൂൽ (സ്വ) അവിടുത്തെ ജീവിതം തന്നെ അതിന് ഉദാത്തമാതൃകയായി കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ടി കെ മൊയ്തു വേളം

You must be logged in to post a comment Login